Sunday, 27 August 2023

പ്രൗഢം പ്രസ്ഥാനം

ഇസ്ലാം ഒരു ജമാഅയാണ്. ഒരു കൂട്ടം. ഒറ്റപ്പെട്ടുള്ള ജീവിതം ഒരു മുസ്ലിമിനെ സംബന്ധിച്ചെടുത്തോളം തീര്‍ത്തും അന്യമാണെന്ന് പറയാം. ഒരു കൂട്ടത്തോടൊപ്പം ചേര്‍ന്നിരിക്കുമ്പോൾ മാത്രമാണ്‌ ഒരു മുസല്‍മാന്റെ ജീവിതം പൂര്‍ണ്ണമാകുന്നത്. നമസ്കാരം, ജുമ, ഹജ്ജ്, സമൂഹ നോമ്പ് തുറ തുടങ്ങിയ മിക്ക ഇസ്ലാമിക കര്‍മ്മങ്ങളിലും മതത്തിന്റെ ഈ സമൂഹിക പ്രസക്തി വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും.

അതിനാൽ തന്നെ, തന്റെ വ്യക്തിപരമായ സ്വഭാവ സംസ്കരണത്തോടൊപ്പം തങ്ങളുടെ ചുറ്റുമുള്ള സമൂഹത്തിന്റെ സംസ്കരണവും ഒരു മുസ്ലിമിനെ സംബന്ധിച്ചെടുത്തോളം അനിവാര്യമാണ്. അതൊരു ശക്തമായ ബാധ്യതയാണ് എന്ന് പറയുന്നതാണ് കൂടുതൽ ഉത്തമം. കാരണം, സമൂഹത്തിന്റെ സംസ്കരണത്തിൽ വന്ന പാകപ്പിഴവ് കാരണമാണ് ഇന്ത്യ ഇന്ന്‌ എത്തിപ്പെട്ടിരിക്കുന്ന ഈ ദുര്യോഗം എന്ന് വേണമെങ്കിൽ പറയാം. അതുമൂലം, സാധാരണക്കാരെ എന്ന പോലെ വിശ്വാസികളും കടുത്ത പീഢനങ്ങൾ സഹിക്കേണ്ടി വരുന്നു (nrc, ഏക സിവില്‍ കോഡ്, ബാബരി). അഥവാ, മുസ്ലീങ്ങള്‍ സമൂഹിക സംസ്കരണം എന്ന തങ്ങളുടെ ബാധ്യതയിൽ നിന്നും മാറി നിന്നാൽ സമൂഹത്തിനുള്ളിലെ മാലിന്യം അവര്‍ക്കെതിരായും വന്നുഭവിക്കുമെന്ന് ചുരുക്കം.

നബി ചരിത്രത്തിലേക്കൊന്നെത്തി നോക്കാം,

തന്റെ പ്രാർത്ഥന കാര്യങ്ങൾ യഥേഷ്ടം അനുഷ്ഠിക്കാൻ മക്ക മുശ്രിക്കുകളിൽ നിന്നും സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യപ്പെട്ട റസൂല്‍ ആ വാഗ്ദാനം സ്വീകരിച്ച് വീട്ടില്‍ ചടഞ്ഞ് കൂടി ഇരിക്കുകയായിരുന്നില്ലല്ലോ ചെയതത്. അക്കാലത്തെ, ഓരോ സൂക്കുകളിലും ചന്തകളിലും തന്റെ പ്രബോധന പ്രവര്‍ത്തനവുമായി കറങ്ങി നടക്കുകയും അതുമൂലം തുല്യതയില്ലാത്ത പീഢനങ്ങളദ്ദേഹം സഹിക്കേണ്ടി വരികയും ചെയ്തു എന്ന് ചരിത്രത്തിൽ കാണാൻ സാധിക്കുന്ന സംഗതിയാണ്. എന്തിനേറെ പറയുന്നു... 'ജനങ്ങൾക്കിടയിൽ ഇറങ്ങി നടക്കുകയും, ഭക്ഷണം കഴിക്കുകയും ചെയ്യുന്നൊരു പ്രവാചകനോ' എന്ന് അക്കാലത്തെ സാധാരണക്കാർ നബിയെ നോക്കി പറയുന്ന സാഹചര്യം പോലും അന്നുണ്ടായി. അഥവാ, വ്യക്തി സംസ്കരണത്തോടൊപ്പം സമൂഹത്തിലേക്കിറങ്ങി ചെന്ന് അതിന്റെ സംസ്കരണം കൂടി അവിടുന്ന് നിര്‍വ്വഹിച്ചു എന്ന് കാണാൻ കഴിയുന്നു.

ഇനി സമകാലിക ഇന്ത്യയുടെ സമൂഹിക സാഹചര്യത്തിലേക്കൊന്നെത്തി നോക്കാം

നിലവില്‍ രാജ്യത്ത് നടമാടി കൊണ്ടിരിക്കുന്ന അതിഭീകരമായ അനീതികളും നീതി നിഷേധവും, വര്‍ഗ്ഗീയത, അഴിമതി, തെരുവ് ആക്രമണ, പീഢന കഥകൾ തുടങ്ങിയ സകല തിന്മകളും അഥവാ, അനിസ്ലാമിക സാഹചര്യങ്ങളും അധികാരം കൈയാളുന്നവരുടെ കെടുകാര്യസ്ഥത മൂലമാണ് സംഭവിക്കുന്നത് എന്നൊരു ഒഴുക്കൻ മട്ടില്‍ നമുക്ക് പറയാൻ കഴിയുമെങ്കിലും, ഒരു മുസ്ലിമതിനെ നോക്കി കാണേണ്ടത് അവ്വിധമാണോ...?

മനുഷ്യന്‍ ഇടപെടുന്ന മേഖലകളിലെ മത മൂല്യങ്ങളുടെ അഭാവമല്ലെ അതിന്റെ പിന്നിലെ യഥാർത്ഥ കാരണം...

ചരിത്രത്തിൽ നിന്നും ഒരു ചെറിയ ഉദാഹരണം പറയാം... ടിപ്പു സുല്‍ത്താന്റെ മലബാര്‍ അധിനിവേശത്തിന് മുന്നേ മനുഷ്യത്വം ലവലേശം തീണ്ടാത്ത സവർണ്ണ ജനതയില്‍ നിന്നും പീഡനങ്ങള്‍ അനുഭവിച്ച് വരുന്ന, വര്‍ണ്ണ വ്യവസ്ഥ കൊണ്ട്‌ പൊറുതിമുട്ടിയ ഒരു ജനതയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ, സുല്‍ത്താന്റെ വരവോട് കൂടി സ്ത്രീകളുടെ മാറുമറക്കൽ നിയമം, അടിമത്ത നിരോധന നിയമം, വ്യവസ്ഥാപിതമായ ഭൂവിനിയോഗം, നീതിയിലധിഷ്ഠിതമായ നികുതി സമ്പ്രദായം തുടങ്ങിയ മനുഷ്യത്വപരമായ നിയമങ്ങളിലൂടെ അദ്ദേഹം ഇവിടെ നടപ്പിൽ വരുത്താൻ ശ്രമിച്ചത്‌ ഇസ്ലാമിക മൂല്യങ്ങള്‍ തന്നെയായിരുന്നു. ഇസ്ലാം മുന്നോട്ട് വെക്കുന്ന ക്ഷേമ രാഷ്ട്ര സങ്കല്‍പ്പങ്ങളിലെ ചില ശാഖകളാണവയെന്ന് ഓറിയന്റെലിസ്റ്റുകളായ ചരിത്രകാരന്മാര്‍ പോലും അതിനെ വരെ വിലയിരുത്തിയിട്ടുണ്ട്. പലപ്പോഴും, നീതി, മൂല്യം, അവകാശം, ആശ്വാസം തുടങ്ങിയ വാക്കുകളുടെ പര്യായം കൂടിയാണ്‌ ഇസ്ലാം മുന്നോട്ട് വെക്കുന്ന രാഷ്ട്ര സങ്കല്‍പ്പം എന്ന് കാണാൻ കഴിയുന്നു. അഥവാ, ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ നീതിയുടെ, സ്നേഹത്തിന്റെ ഒരു വെളിച്ചം രൂപപ്പെട്ടാൽ അവിടെ പുലരുന്നത് ഇസ്ലാമിന്റെ വെളിച്ചം കൂടിയാണ്‌. എന്നാൽ, കണ്ണടച്ച് ഇസ്ലാമിനെ ആക്രമിക്കുന്നവരായ ചില തൽപ്പര കക്ഷികളാണ് ഇസ്ലാമിന്റെ ഈ സമൂഹിക ബാധ്യതകളെ പൈശാചിക വത്കരിച്ചുകൊണ്ട് അതിനെ ജനമനസുകളില്‍ നിന്നും അകറ്റി മാറ്റാൻ ശ്രമിച്ചത്‌. സ്വന്തം സ്വാർത്ഥ താല്‍പര്യങ്ങളുടെ പ്രായോഗികതക്ക് ഇസ്ലാമിന്റെ മാനുഷിക മുഖം തടസ്സമാകുന്നു എന്ന ചിന്തയില്‍ നിന്നാണ് അത്തരം പ്രചാരണങ്ങളുമായി അവർ രംഗത്തിറങ്ങിയത് എന്ന് പറയാം.

1492 ഓടെ തീര്‍ത്തും അശക്തമായ ഇസ്ലാമിക് സ്പെയിനിന്റെ തകര്‍ച്ചയോട് കൂടിയാണ്‌ ക്രിസ്റ്റഫര്‍ കൊളംബസ്സ് തന്റെ കോളനി തേടിയുള്ള യാത്രക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതും തുടർന്ന് അമേരിക്കയെ കണ്ടെത്തുകയും ചെയ്യുന്നത്. അന്നേവരെ അടിമത്ത ദിവാസ്വപ്നങ്ങൾക്കൊരു വിലങ്ങു തടിയായി യൂറോപ്പിൽ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്ന മുസ്ലിം സ്പെയിന്റെ തകര്‍ച്ച നടന്ന അതേ വര്‍ഷം തന്നെ യൂറോപ്പ്യൻ സാമ്രാജ്യത്വ ശക്തികൾ അവരുടെ സുദീര്‍ഘമായ അധിനിവേശ യാത്രക്ക് തുടക്കം കുറിച്ചിട്ടുണ്ടെങ്കിൽ അതിൽ നിന്നും ഇസ്ലാം മുന്നോട്ട് വെക്കുന്ന നീതിയുടെ രാഷ്ട്രീയത്തിന്റെ വ്യാപ്തി തിരിച്ചറിയാന്‍ സാധിക്കുന്നു.

പറഞ്ഞ്‌ വരുന്നത് ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ ചില അപചയങ്ങളെ കുറിച്ചാണ്. കൂടാതെ, ബ്രിട്ടീഷ് കാലം മുതൽ തുടങ്ങിയതും ഇന്നും തുടര്‍ന്ന് വരുന്നതുമായ ഇന്ത്യൻ പൊതു രംഗത്തെ ചില കീഴ്‌വഴക്കങ്ങളെ കുറിച്ച് പറയാം,

മനുഷ്യ സ്ത്രീകളുടെ പച്ച ഇറച്ചി വില്‍പ്പനക്ക് വച്ചിരിക്കുന്ന ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ചുവന്ന തെരുവുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. ഇന്ന്‌ വേശ്യാവൃത്തി ഈ രാജ്യത്ത് നിയമ വിധേയമായ മട്ടാണ്‌. ഇടുങ്ങിയ ചുവന്ന ഗല്ലികളിലെ ചെറിയ മുറികള്‍ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വിഐപി സ്യൂട്ട് വരെയുള്ള ഇത്തരം കേന്ദ്രങ്ങള്‍ നിശ്ചിത ഫീസ് സര്‍ക്കാരിലേക്കൊടുക്കിയാൽ ആര്‍ക്കും തുറക്കാന്‍ കഴിയുമെന്നുള്ളതാണ് സത്യം.

മദ്യ വ്യവസായത്തെ കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ. രാജ്യത്തിന്റെ അഭ്യന്തര വരുമാനത്തിന്റെ ഒരു പ്രധാനഭാഗം കടന്ന് വരുന്നത് ഇസ്ലാം സ്പര്‍ശിക്ക പോലും ചെയ്യുന്നത്‌ വിലക്കിയ അബ്കാരി വരുമാനത്തിൽ നിന്നാണ്. നാടൻ ചെത്ത് തൊഴിലാളികൾ മുതൽ വന്‍കിട മദ്യ നിര്‍മ്മാണ കമ്പനികള്‍ വരെ മദ്യ വില്‍പനയീലൂടെ സമ്പാദിക്കുന്ന ശതകോടികളുടെ വരുമാനത്തിന്റെ ഒരു ഭാഗം സര്‍ക്കാരിലേക്ക് നികുതിയായും മറ്റും നല്‍കുന്നു. അത് വാങ്ങി ഉപയോഗിച്ച് പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടാതെ സകല തോന്നിവാസങ്ങളും ചെയത് വന്ന് സാധാരണക്കാരും അതിന്റെ ഭാഗമാകുന്നു.

രാജ്യത്തിന്റെ പലിശ വരുമാനത്തിന്റെ വ്യാപ്തി വമ്പിച്ചതാണ്. ഒരു കേന്ദ്ര ബാങ്കിനു കീഴിലുള്ള ആയിരക്കണക്കിന് ബാങ്കുകളിൽ കൂടി ദാരിദ്ര നാരായണന്മാരായ സാധാരണക്കാർ തൊട്ട് വലിയ വലിയ കമ്പനികളിൽ നിന്നു വരെ ഈടാക്കുന്ന കനത്ത പലിശയാണ് ഈ രാജ്യത്തിന്റെ മുഖ്യ വരുമാന സ്രോതസ്സ് എന്ന് പറയാം. ജപ്തി പോലുള്ള കൊടും ക്രൂരതകളിലുടെ വഴിയാധാരമാക്കുന്ന പാവങ്ങളുടെ നെഞ്ചില്‍ കയറി നേടുന്ന വരുമാനം വേറെയും ഈ നിധിയിലേക്കെത്തുന്നു.

കൂടാതെ, പുകയില ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെയുള്ള അറിയുന്നതും അറിയാത്തതുമായ അനേകം മനുഷ്യ വിരുദ്ധ വരുമാനങ്ങള്‍ വേറെയും രാജ്യത്തിന്റെ ഖജനാവിലേക്കൊഴുകുന്നു. നമുക്ക് ലഭിക്കുന്ന ഹജ്ജ് സബ്സിഡിയാകട്ടെ, പെൻഷനാകട്ടെ, ശമ്പളമാകട്ടെ എന്തിലും ഏതിലും മേല്‍ പലിശയുടേയും മദ്യത്തിന്റേയും വേശ്യലയങ്ങളുടേയും ഗന്ധമില്ലാതെ നമുക്ക് ലഭിക്കുന്നില്ല എന്നുള്ളതൊരു നഗ്ന സത്യമാണ്. ഇത് കേവലം മുസ്ലീങ്ങളെ മാത്രമല്ല ദോഷമായി ബാധിക്കുന്നത്. രാജ്യത്ത് ഇന്ന്‌ നടമാടി കൊണ്ടിരിക്കുന്ന കടുത്ത രാഷ്ട്രീയ സാഹചര്യങ്ങളായാലും, പലിശാർദ്ദിത സമ്പത്തായാലും, മദ്യമായാലും അതീ രാജ്യത്തെ ഓരോ പൗരനേയും സാരമായി ബാധിക്കുന്നുണ്ട്. രാജ്യത്തെ ഓരോ വീടകങ്ങേളേയും വലിയ അളവിലത് ബാധിക്കുന്നു. അനേകം കുടുംബങ്ങളെ അത് കടക്കെണിയിലേക്കും കൂട്ട ആത്മഹത്യയിലേക്കും നയിക്കുന്നു. ആരോഗ്യം നശിപ്പിക്കുന്നു. ശുദ്ധ സമ്പത്തിന്റെ അവശ്യകതതയെ കുറിച്ച് ഇസ്ലാമിനോളം വാചാലമായ മറ്റൊരാശയം വേറെയുണ്ടോ. പലിശയുമായി എന്തെങ്കിലും തരത്തിൽ ബന്ധപ്പെടുന്നവർ സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിന് തുല്യമാണന്നത് പറഞ്ഞു വെക്കുന്നു. കൂടാതെ, സകല തിന്മയുടേയും മാതാവാണ് മദ്യമെന്ന കാര്യവും പറയുന്നത് ഇസ്ലാം തന്നെ. എന്നാൽ, ഇതെല്ലാം അറിയുന്നവര്‍ എന്ന നിലയില്‍ വീണ്ടും വീണ്ടും ആ പണം ഒരാശങ്കയുമില്ലാതെ ഉപയോഗിക്കുന്നവർ എന്ന നിലയിലും, ഈ രാഷ്ട്രീയ സാഹചര്യത്തെ നിസ്സംഗോചം നോക്കി നില്‍ക്കുന്നവർ എന്ന നിലയിലും എങ്ങനെയാണ് ഒരു മുസ്ലിമിതിനെ നോക്കി കാണേണ്ടത്...?

ഇത്തരം സാഹചര്യങ്ങൾ നിങ്ങളെ ഒരുതരത്തിലും അസ്വസ്ഥമാക്കുന്നില്ലേ...?

ഇനി അസ്വസ്ഥത മാത്രമാണങ്കിൽ അതുകൊണ്ടെന്തുകാര്യം. ഇതിൽ നിന്നും മോചനം നേടാൻ അറിവില്ലാത്ത ആ ജനതയെ സഹായിക്കേണ്ട ഉത്തരവാദിത്തം നമ്മിലല്ലേ കുടികൊള്ളുന്നത്. ലോകത്തിന്റെ വെളിച്ചമാണീ മതം എന്ന് നിങ്ങള്‍ക്കുറപ്പുണ്ടങ്കിൽ ഇരുട്ടില്‍ തപ്പുന്ന ആ ജനതയെ സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയല്ലാതെ മറ്റെന്താണ്. ഇനി നാമൊരു ചെറിയ സംഗമാണെങ്കിൽ കൂടി കാര്യങ്ങൾ ജനങ്ങൾക്ക് കഴിയുന്ന വിധം പരിചയപ്പെടുത്തി നൽകാൻ മാത്രമാണല്ലോ ദൈവം നമ്മോട് കൽപ്പിച്ച് ചിരിക്കുന്നത്. ഇസ്‌ലാമിന്റെ അവര്‍ഗീയവും മാനവികവും വിമോചനാത്മകവുമായ മുഖം രാജ്യനിവാസികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കണം. കൂട്ടിച്ചേര്‍ക്കലുകളോ വെട്ടിക്കുറക്കലുകളോ ഇല്ലാതെ... പ്രവാചകന്മാര്‍ പഠിപ്പിച്ച ഇസ്‌ലാമിനെ തനിമയോടും കാലഘട്ടത്തിന്റെ ഭാഷയിലും ശൈലിയിലും പൂര്‍ണതയോടും കൂടി പരിചയപ്പെടുത്തണം. രാജ്യത്തെ ഭൂരിപക്ഷം വരുന്ന അമുസ്‌ലിംകളില്‍ മതിപ്പുളവാക്കും വിധത്തിലും, ഖിലാഫത്തിന്റെ പതനമുള്‍പ്പെടെയുള്ള പല കാരണങ്ങളാല്‍ അപകര്‍ഷബോധത്തിനടിപ്പെട്ട മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസം പകരുന്ന തരത്തിലുമായിരിക്കണം ഇസ്‌ലാമിനെ പുനരവതരിപ്പിക്കേണ്ടത്.

എന്നിരുന്നാലും, ഇത് സംബന്ധിച്ച് നാം ചെയത് വരുന്ന ചില കാര്യങ്ങളെ കുറിച്ച് പറയാം.

1- എല്ലാം തിന്മകളാണന്നറിഞ്ഞ് നിര്‍ബന്ധിതാവസ്ഥ എന്ന ആനുകൂല്യം പറ്റി ജീവിതം ജീവിച്ചു തീര്‍ക്കാം.
2- കഴിയാവുന്ന തരത്തിൽ അതിൽ നിന്നൊക്കെ മാറി നിന്ന് ഒരു തരത്തിൽ പറഞ്ഞാലൊരു ഒറ്റപ്പെട്ട ജീവിതം ജീവിച്ചു തീര്‍ക്കാം.
3- ലഭിക്കുന്നതിൽ ഇസ്ലാം വിലക്കിയ മാലിന്യങ്ങളുണ്ടന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അത്തരം സമ്പത്ത്‌ വരുന്നതില്‍ നിന്നും, അത്തരമൊരു വ്യവസ്ഥിതിയെ നിലനിര്‍ത്തുന്നതിൽ നിന്നും പരമാവധി വിട്ടു നിന്ന്, ഇസ്ലാമിക മൂല്യങ്ങള്‍ക്ക് അനുസൃതവും മനുഷ്യത്വപരമായ അതിന്റെ ബദലുകളെ ജനങ്ങൾക്കിടയിൽ പ്രബോധനം ചെയ്യാം.

ജമാഅത്തെ ഇസ്ലാമി തിരിഞ്ഞെടുത്തത് മൂന്നാം ഓപ്ഷനാണ്. അതുപ്രകാരം സര്‍ക്കാര്‍ ജോലിയില്‍ നിന്നും അതിന്റെ പ്രവര്‍ത്തകർ വിട്ടു നിന്നു, മേല്‍ വ്യവസ്ഥിതി സ്ഥാപിക്കാനുള്ള നടപടി ക്രമം എന്ന നിലയില്‍ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. കൂടാതെ, ഇസ്ലാമിക് ബാങ്ക്, സംഖടിത സകാത്ത് തുടങ്ങി സകലർക്കും തുല്യത വിളംബരം ചെയ്യുന്ന ഇസ്ലാമിന്റെ കാലഘട്ടാതീതമായി അടയാളങ്ങളെ അത് പ്രബോധനം ചെയതു. ജനാതിപത്യ, മതേതരത്വ, ദേശിയത മൂല്യങ്ങളിലെ ചില അപചയങ്ങളെ കുറിച്ചത് മുന്നറിയിപ്പു നല്‍കി. ആ മുന്നറിയിപ്പിൽ ഇന്ന്‌ രാജ്യത്ത് നടമാടി കൊണ്ടിരിക്കുന്ന സമകാലിക ഫാസിസത്തേയും അത് ദീര്‍ഘ വീക്ഷണം ചെയ്തിരുന്നു. എന്നാൽ, വലിയ അളവില്‍ ഈ സമൂഹമത് ചെവി കൊള്ളാത്തതിന്റെ ഫലമാണ്‌ രാജ്യത്തെ ദളിതുകളുൾപ്പെടെയുള്ള സാധാരണ ജനങ്ങൾ അനുഭവിച്ച് വരുന്ന കടുത്ത സാഹചര്യങ്ങൾ രൂപപ്പെട്ടത്. എന്നാൽ, ഇസ്ലാമിക പ്രസ്ഥാനം പ്രബോധനം ചെയ്തത് ഞാൻ മേലെ പറഞ്ഞുവെച്ച... ഏതൊരു മുസ്ലിമിനും അല്ലെങ്കിൽ ഏതൊരു സാധാരണക്കാരനും സുവ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന തെളിമയാര്‍ന്ന ആശയങ്ങളെ മാത്രമാണ്‌. ഒരു കമ്യൂണിസ്റ്റിന് തൊഴിലാളി വര്‍ഗ്ഗം സിദ്ധാന്തമോ മതരാഹിത്യമോ പ്രചരിപ്പിക്കാൻ അവകാശമുള്ളത് പോലെ, ഒരു ക്രൈസ്തവന് യേശുവിന്റെ സ്വര്‍ഗ്ഗരാജ്യ സ്വപ്നങ്ങളെ പ്രബോധനം ചെയ്യാൻ അവകാശമുള്ളത് പോലെ ഒരു മുസ്ലിമിന് അവരുടെ ആശയവും ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളെ 'മതരാഷ്ട്രവാദം' എന്ന് വിളിച്ച് കാടടച്ച് വെടിവെക്കാനാണ് ചിലര്‍ ശ്രമിച്ചത് എന്ന് കാണുവാന്‍ കഴിയും.

പറഞ്ഞ്‌ വരുന്നത് എന്തെന്നാല്‍. ഞാന്‍ മുകളില്‍ പറഞ്ഞ്‌ വെച്ച സമകാലീക ഇന്ത്യൻ സമൂഹിക രാഷ്ടീയ സാഹചര്യത്തോട് ഒരു നിലക്കും കലഹിക്കാതെ പൂര്‍ണ്ണ മനസ്സോടെ അതിനെ തൃപ്തിപ്പെട്ട് ജീവിക്കുന്നത് ഒരു മുസ്ലിമിനെ സംബന്ധിച്ചെടുത്തോളം തെറ്റ് തന്നെയാണെന്ന വസ്തുതയാണ്. എങ്കിലും, അതിന്റെ പേരില്‍ ഇവിടെ ആരെയും മുശ്രിക്കാക്കാനുള്ള ഉദ്യമമൊന്നും ഒരുകാലത്തും ഇസ്ലാമിക പ്രസ്ഥാനം ചെയ്തിട്ടില്ല.

ഇത് ഇന്ത്യയാണ്. ഇതൊരു മതേതര രാജ്യമാണ് എന്നൊക്കെയുള്ള ന്യായം പറയുന്നവർ ഒന്ന് മനസ്സിലാക്കുക, ഇവിടെ അന്യന്റെ ജീവനിൽ വാളോങ്ങാൻ ആരും പറഞ്ഞിട്ടില്ല. ജമാഅത്തെ ഇസ്ലാമി പറഞ്ഞിട്ടില്ല... പ്രവാചകൻ പറഞ്ഞിട്ടില്ല. ഇസ്ലാമിന്റെ പേരില്‍ ഒരു ജീവനിലും ഒരു പിടി മണ്ണ് വാരിയിടിൻ ഇവിടെ ആരും പറയുന്നില്ല. അവരുടെ ക്ഷേത്രങ്ങള്‍ തകര്‍ത്ത് ഇസ്ലാമിനെ സ്ഥാപിക്കാനോ, അവരുടെ മക്കളെ നിര്‍ബന്ധപൂർവ്വം മതത്തിലേക്ക് ചേര്‍ക്കാനോ പറയുന്നില്ല. ലോകത്തിന്റെ സകല ദുഖങ്ങൾക്കും പരിഹാരമായി നമ്മുടെ കൈവശമുള്ള ദീനുല്‍ ഇസ്ലാം എന്ന പ്രത്യയശാസ്ത്രത്തിന്റെ സമൂഹിക ഉത്തരവാദിത്തത്തിന്റെ ഗുണഫലം ഓരോ മനുഷ്യരിലേക്കും എത്തിക്കുക എന്നല്ലാതെ... അവർ അവരുടെ മതത്തില്‍ നിന്നുകൊണ്ട് തന്നെ അത് ആസ്വദിക്കട്ടെ... ആവശ്യമെങ്കിൽ മാത്രം സ്വമനസ്സാലെ അത് സ്വീകരിക്കട്ടെ, അതിൽ പ്രവേശിക്കട്ടെ. ലോകത്തിനുള്ള വെളിച്ചമായി അഖില ലോക രക്ഷിതാവ് അവന്റെ പ്രവാചകന്മാരിലൂടെ നല്‍കിയ നിയമങ്ങളെ മാലോകർക്ക് പരിചയപ്പെടുത്തി നല്‍കുകയെങ്കിലും ഈ കെട്ട കാലത്ത് നമ്മൾ ചെയ്യേണ്ടതല്ലെ. അല്ലാതെ, 'ഗ്രന്ഥം ചുമക്കുന്ന കഴുതകളെന്ന്' ഖുര്‍ആൻ വിശേഷിച്ഛവരെപ്പോലെ നമ്മൾ മാറിത്തീരുകയാണോ വേണ്ടത്. അഥവാ, ഈ ബദൽ ആശയങ്ങളെ മറച്ചു പിടിക്കുന്നവര്‍ ദൈവത്തോട് മാത്രമല്ല. ഈ രാജ്യത്തെ ജനതയോട് ചെയ്യുന്നത് കടുത്ത അപരാധമാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. അതും, സ്വന്തം വിശ്വാസങ്ങളെ, ആശയങ്ങളെ ഉള്‍കൊണ്ട് ജീവിക്കാനും, അതിനെ പ്രചരിപ്പിക്കാനും ഈ രാജ്യത്തിന്റെ ഭരണഘടന നമുക്കൊരോരുത്തർക്കും ഉറപ്പ് നല്‍കുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ.

ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു സംഗതിയാണ് മേല്‍ ആശയം അഥവാ, ഇസ്ലാമിന്റെ മേല്‍ സമഗ്രതയെ വിളംബരം ചെയ്യുന്ന ഒരു കൂട്ടം എന്ന നിലയില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഇന്നു വരെയുള്ള ചരിത്രം. എകദേശം എഴുപതഞ്ചിൽപ്പരം വര്‍ഷങ്ങളായി ഈ രാജ്യത്ത് പ്രവർത്തിക്കുന്ന ഈ സംഗം ഒരു മനുഷ്യനെ പോലും ഉപദ്രവിച്ചതായി നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. രാജ്യത്ത് നൂറോളം വര്‍ഗ്ഗീയ സംഘർഷങ്ങൾ നടന്നതിൽ ഏതെങ്കിലും സംഘട്ടനത്തിൽ അതിന്റെ പേര്‌ പരാമര്‍ശിച്ചതായി നിങ്ങൾ കണ്ടിട്ടുണ്ടോ. എന്നാൽ, അത്തരം സ്ഥലങ്ങളില്‍ ശാന്തി മന്ത്രവുമായി അത് കടന്ന് ചെന്നിട്ടുണ്ട്. അവിടെ നിസ്സീമമായ സേവന പ്രവര്‍ത്തനങ്ങളർപ്പിച്ചിട്ടുമുണ്ട്. ഇന്നും അതേ വഴിയിലത് മുന്നേറുന്നു. ഇത് വെറുതെ ഒരുദിവസം സാധ്യമായതല്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. മറിച്ച്, മനുഷ്യൻ തന്റെ വ്യക്തിപരമായ സംസ്കാരം ഉറപ്പിക്കുന്നതോടൊപ്പം മതത്തിന്റെ സമൂഹിക ഉത്തരവാദിത്തം ഉയർത്തി പിടിച്ചതുകൊണ്ട് വന്നു ചേർന്നതാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. രാജ്യം നിലകൊള്ളുന്ന മഹിത മൂല്യങ്ങളുടെ സംരക്ഷണത്തിന് ജാഗ്രതയോടെ കാവലിരിക്കാനും ഇന്ത്യന്‍ ജനത അഭിമുഖീകരിക്കുന്ന ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സങ്കുചിത വിഭാഗീയതകള്‍ക്കതീതമായി ജനങ്ങളുടെ കൂടെ നില്‍ക്കാനും ജമാഅത്തിന് പ്രചോദനവും കരുത്തും നല്‍കുന്നത് പ്രസ്ഥാനത്തിന്റെ ആദര്‍ശം അഥവാ ഇസ്‌ലാമാണ്. മഹാരഥന്മാരായ പ്രവാചകന്മാരുടെ കര്‍മമാതൃകകളാണ് പ്രവൃത്തിപഥത്തില്‍ ജമാഅത്തിന്റെ വഴിവെളിച്ചം.

1946 ഏപ്രില്‍ 26, പാറ്റ്‌നയില്‍ ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഗാന്ധിജി ഇങ്ങനെ എഴുതി...

”ഞാന്‍ ഇന്നലെ ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനത്തില്‍ സംബന്ധിച്ചു. അത് സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷ യാചിക്കുന്ന സാധുക്കളുടേതല്ല. നന്മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ചനീചത്വങ്ങള്‍ തുടച്ചുനീക്കുകയും നിങ്ങള്‍ ദൈവദാസരാണെങ്കില്‍ ദൈവത്തിന്റെ കല്‍പനകള്‍ അനുസരിക്കൂ എന്ന് ജനങ്ങളോട് പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം...”
(സര്‍ച്ച്‌ലൈറ്റ്, പാറ്റ്‌ന 1946 ഏപ്രില്‍ 27)

ജമാഅത്തെ ഇസ്‌ലാമി നിര്‍വഹിക്കുന്ന ദൗത്യത്തിന്റെ നാല് മൗലിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാരസമ്പൂര്‍ണമായ നിരീക്ഷണമാണ് ഗാന്ധിജി അന്ന് നടത്തിയത്.

1- നന്മ പ്രചരിപ്പിക്കുക.
2- മനുഷ്യരെ സേവിക്കുക.
3- ഉച്ചനീചത്വം തുടച്ചുനീക്കുക.
4- ദൈവത്തിന്റെ സന്ദേശം പ്രബോധനം ചെയ്യുക.

ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ സരളവും സംക്ഷിപ്തവും എന്നാല്‍ സമഗ്രവുമായി പ്രതിഫലിപ്പിക്കുന്നതിയിരുന്നു ഗാന്ധിജിയുടെ ആ വരികള്‍. രാജ്യം സാമുദായിക സംഘര്‍ഷങ്ങളുടെയും വിഭജനത്തിന്റെയും പ്രക്ഷുബ്ധാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ പോലും കൃത്യമായി മനസ്സിലാക്കാന്‍ കഴിയും വിധം സുവ്യക്തവും സുതാര്യവുമായിരുന്നു ജമാഅത്തിന്റെ ആദര്‍ശവും പ്രവര്‍ത്തനങ്ങളുമെന്നത്‌ അടയാളപ്പെടുത്തുന്നു. രാജ്യം ജമാഅത്തെ ഇസ്‌ലാമിയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സാക്ഷ്യം കൂടിയാണ് രാഷ്ട്രപിതാവിന്റെ മേല്‍ വാക്കുകള്‍.

ഇന്ത്യാ മഹാരാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷിതത്വവും സംരക്ഷിക്കാനും ജനാധിപത്യവും മതേതരത്വവും കാത്തുരക്ഷിക്കാനും ശാന്തിയും സമാധാനവും ഉറപ്പുവരുത്താനും ജാഗ്രത പുലര്‍ത്തുകയും കര്‍മനിരതമാവുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. നമ്മുടെ രാജ്യം പ്രതിസന്ധികളെ അഭിമുഖീകരിച്ച ചരിത്ര സന്ദര്‍ഭങ്ങളില്‍ ആ പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യനിവാസികള്‍ക്കൊപ്പം നിന്ന് പൊരുതിയ ജമാഅത്ത്, രാജ്യത്തിന്റെ മഹിത മൂല്യങ്ങളുടെ സംരക്ഷണത്തിനായി പ്രയ്തനിക്കുകയും ജനങ്ങളുടെ നന്മയും ക്ഷേമവും ലക്ഷ്യം വെച്ചുകൊണ്ടുള്ള കര്‍മമാതൃകകള്‍ വിജയകരമായി നടപ്പിലാക്കുകയും ചെയ്തുകൊണ്ടാണ് ചരിത്രത്തെ നയിച്ചത്. അവിഭക്ത ഭാരതത്തിലെ ആറു വര്‍ഷങ്ങളും സ്വതന്ത്ര ഇന്ത്യയിലെ അറുപത്തിരണ്ട് ആണ്ടും നീളുന്ന ജമാഅത്തിന്റെ ചരിത്രം അതാണ് രേഖപ്പെടുത്തുന്നത്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ നടന്ന സ്വാതന്ത്ര്യസമരത്തിന് സയ്യിദ് മൗദൂദി നല്‍കിയ സംഭാവനകള്‍, സാമുദായിക തീവ്രവാദത്തിനും ദ്വിരാഷ്ട്രവാദത്തിനുമെതിരെ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച ശക്തവും ശ്രദ്ധേയവുമായ നിലപാടുകള്‍, രാജ്യം രണ്ടായി പിളര്‍ന്നപ്പോള്‍ വിഭജനത്തിന്റെ മുറിവുണക്കാനും കലാപ ബാധിതര്‍ക്ക് ആശ്വാസമെത്തിക്കാനും വേണ്ടി ജമാഅത്ത് നടത്തിയ പരിശ്രമങ്ങള്‍ എന്നിവ രാജ്യത്തിന് വേണ്ടി ജമാഅത്ത് നിര്‍വഹിച്ച ചെറുതെങ്കിലും മഹത്തായ സേവനങ്ങളുടെ ഒരു ഭാഗമാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ അറുകൊല ചെയ്ത അടിയന്തരാവസ്ഥക്കെതിരെ ജനാധിപത്യാവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നടത്തിയ പോരാട്ടം, ഇന്ത്യന്‍ മതേതരത്വത്തെ പ്രതിസന്ധിയിലാഴ്ത്തിയ വര്‍ഗീയ ഫാഷിസത്തിനെതിരെ മതേതര മൂല്യങ്ങളുടെ നിലനില്‍പിനും മതസൗഹാര്‍ദം ശക്തിപ്പെടുത്താനും വേണ്ടി നടത്തിയ സക്രിയവും ചടുലവുമായ ഇടപെടലുകള്‍ എന്നിവ അതിന്റെ ഭാഗമാണ്.

സ്വതന്ത്ര ലബ്ദിയുടെ അദ്യ ദശകങ്ങളിലാണ് ഞാന്‍ മുകളില്‍ പറഞ്ഞു വെച്ച തീരുമാനം പ്രസ്ഥാനം കൈക്കൊള്ളുന്നത്. എന്നാൽ, അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളുമായി സംവദിക്കാനായി പ്രസ്ഥാനത്തിന്റെ കൂടിയാലോചന സംവിധാനങ്ങളുടെ തീരുമാന പ്രകാരമാണ് സമൂഹത്തില്‍ നല്ല മാറ്റങ്ങൾ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന തീരുമാനമത് കൈക്കൊള്ളുന്നത്. പക്വമായ രാഷ്ട്രീയ നിലപാടുകൾ, നിസ്വാര്‍ത്ഥമായ ജനസേവനം, സമൂഹത്തിലെ താഴേക്കടയിലുള്ളവരെപ്പോലും പരിഗണിക്കുന്ന സമര സന്നദ്ധത, മദ്യനിരോധനം, ആരോഗ്യകരമായ സാമ്പത്തിക വിനിമയങ്ങളുടെ പ്രോത്സാഹനം തുടങ്ങിയ ഉയർന്ന മൂല്യങ്ങള്‍ പലപ്പോഴും ഇസ്ലാമിക മൂല്യങ്ങള്‍ കൂടിയാണല്ലോ. അഥവാ, ഒരേസമയം ദൈവനിഷേധ പ്രസ്ഥാനമാകാതിരിക്കുകയും പ്രത്യയശാസ്ത്രപരവും ആശയപരവും പ്രവര്‍ത്തന മികവുകൊണ്ടും മാനുഷിക മൂല്യങ്ങള്‍ക്ക് ഉയർന്ന പരിഗണന നല്‍കുന്നവർക്ക് പിന്തുണ കൊടുക്കുക എന്നതുമാണ് പ്രസ്ഥാനം അതുകൊണ്ട്‌ ഉദേശിച്ചത്. അതുപ്രകാരം ക്ഷേമ രാഷ്ട്ര നിര്‍മ്മിതി എന്ന ഉയർന്ന സമൂഹിക സങ്കല്‍പ്പത്തോടൊപ്പം യാത്ര ചെയ്യാൻ അതിന്‌ സാധ്യമാകുന്നു. അത്തരത്തില്‍, രാഷ്ട്രീയ മേഖല ക്രിമിനലിസത്തിന്റെ പിടിയിലമര്‍ന്നുകൊണ്ടിരുന്ന ആശങ്കാജനകമായ സന്ദര്‍ഭത്തിലാണ് മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്ന മുദ്രാവാക്യത്തിന്റെ തണലിലാണത് വോട്ട് രേഖപ്പെടുത്താൻ തീരുമാനിക്കുന്നതും, ഉയർന്ന രാഷ്ട്രീയ നിലപാടുകളുമായി കടന്ന് വന്ന വെല്‍ഫയര്‍ പാർട്ടി ഓഫ് ഇന്ത്യയെ അത് പിന്തുണക്കാൻ തീരുമാനിക്കുന്നതും. കൂടാതെ, രാജ്യം മുൾമുനയിൽ നിന്ന സാഹചര്യങ്ങളിലൊക്കെയും വളരെ പക്വമായി അത് അതിന്റെ വോട്ട് വിനിയോഗിച്ച് വന്നു. കരാളമായ അടിയന്തിരാവസ്ഥക്ക് ശേഷമുണ്ടായ പ്രത്യേകം സാഹചര്യം മുതൽ, ഇന്ത്യയെ കൊന്ന് തിന്നുകൊണ്ടിരിക്കുന്ന ബിജെപി ഫാസിസ്റ്റുകൾക്കെതിരെ നടന്ന ഏറ്റവും ഒടുവിലത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വരെ അത് അതിന്റെ വോട്ട് കാര്യക്ഷമമായി ഉപയോഗിച്ചു എന്ന് കാണാൻ സാധിക്കും.

ഇത് പറയുമ്പോൾ അടിവരയിട്ട് പറഞ്ഞ്‌ കൊള്ളട്ടെ. ഞാൻ മുകളില്‍ പറഞ്ഞ് വെച്ച എല്ലാ തരം അനിസ്ലാമിക സമ്പ്രദായങ്ങളോടുമുള്ള അകമഴിഞ്ഞ പിന്തുണയോ ഇനിമേൽ അത് സ്വീകാര്യമാണന്നോ അല്ല അതിന്റെ ഉദ്ദേശം. മലിനമായി കിടക്കുന്ന ഒരു വ്യവസ്ഥയിലേക്ക് ഇറങ്ങി ചെന്നുകൊണ്ട് അത് വൃത്തിയാക്കി എടുക്കുന്നതിനുള്ള ഒരു എളിയ ശ്രമം. അത്തരം ലക്ഷ്യവുമായി ആര് രംഗത്തിറങ്ങിയാലും അവരെ പിന്തുണക്കാൻ കാണിക്കുന്ന നിസ്വാര്‍ത്ഥമായ മനസ്സ്. വ്യവസ്ഥിത അനിസ്ലാമികം അഥവാ മനുഷ്യ വിരുദ്ധമാണെന്ന ഉത്തമ ബോധ്യം മനസ്സിലുറപ്പിച്ച് അതിൽ നിന്നും വിട്ടു നില്‍ക്കുന്നതുപോലെ തന്നെ പ്രാധാന്യമേറിയതാണ് അതിനെ സാംസ്കരിക്കാനിറങ്ങുന്നതും, അതോടൊപ്പം ക്ഷേമരാഷ്ട്ര നിര്‍മ്മിതിക്കായി പ്രവർത്തിക്കുന്നവർക്കുള്ള പിന്തുണ നല്‍കുന്നതും. അതിനാലാണ് അടിയന്തിരാവസ്ഥക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ കോൺഗ്രസ്സിനെതിരായി പ്രസ്ഥാനം വോട്ട് ചെയ്തതും... ഏറ്റവും ഒടുവില്‍ മോഡിക്കെതിരെ നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലത് ബിജെപിക്കെതിരെ കോൺഗ്രസ്സിനോടൊപ്പം നിലയുറപ്പിച്ചതും. ഇന്നും ഫാസിസ്റ്റ് ചേരിയിലെ നിറസാന്നിധ്യമായി എല്ലാ ആശയധാരകളുമായും അത് സഹകരിച്ചു വരുന്നു.

No comments:

Post a Comment