ഇസ്‌ലാമിൽ ജാതിഭേദങ്ങളുണ്ടോ? ഇല്ല എന്നാണ് ഒറ്റയടിക്ക് പറയാൻ കഴിയുക. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ശക്തമായ ജാതിയിലധിഷ്ഠിതമാണ് ഇന്നത്തെ ഇസ്‌ലാമെന്ന് നമുക്ക് ബോദ്ധ്യമാകും. ലോക ഇസ്‌ലാമിനെ മൊത്തമായെടുത്ത് അതിൻ്റെ ആദ്യകാല ചരിത്രങ്ങളും അദ്ധ്യാപനങ്ങളും പഠനവിധേയമാക്കിയാൽ ഇസ്‌ലാം തീർത്തും ജാതിമുക്തമാണെന്ന് മാത്രമല്ല അതിനെതിരെ ശക്തമായി നിലപാടെടുത്ത മതം കൂടിയാണന്ന് നമുക്ക് മനസ്സിലാകും. എന്നാൽ, കേരള സാമൂഹിക മണ്ഡലത്തിലേക്ക് വന്നാൽ ചിത്രം മറ്റൊന്നാണ്. കേരളത്തിലെ കഴിഞ്ഞ കാലത്തെ സവിശേഷ സാമൂഹിക സാഹചര്യത്തിനോടൊപ്പം ഒഴുകിയത് കൊണ്ട് തന്നെ അതിൻ്റേതായ പലവിധത്തിലുള്ള കൂട്ടിച്ചേർക്കലുകളും കേരളീയരുടെ ഇസ്‌ലാമിക വീക്ഷണങ്ങളിലും വന്നതായി കാണാൻ സാധിക്കും. കർമ്മശാസ്ത്രപരമായി ശക്തമായ അച്ചടക്കവും മറ്റ് കൂടിച്ചേരലുകളെ അകറ്റികൊണ്ടുള്ള നിതാന്ത ജാഗ്രതയും വച്ചുപുലർത്തുമ്പോൾ തന്നെ ഹിന്ദുമതങ്ങളിൽ നിന്നുള്ള പലജാതി ആചാരാനുശ്ഠാനങ്ങളും കേരളത്തിലെ ഇസ്‌ലാമിക വിശ്വാസ ധാരയുമായി കൂടിക്കലർന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ നിന്നാണ് അത്യന്തം അപകടകരമായ ജാതി ചിന്തകളും ഇസ്‌ലാമിൽ തലപൊക്കപ്പെട്ടത്. യഥാർത്ഥ ഇസ്ലാമിക വിശ്വാസ രൂപകങ്ങളാണ് അതെല്ലാമെന്ന് തെറ്റിദ്ധരിച്ച് അതിനെ നിലനിർത്തിപ്പോരുമ്പോഴും ഒരു സെമിറ്റിക് ലോക മതമെന്ന നിലയിൽ ഇസ്‌ലാമിൽ എന്തുകൊണ്ട് കേരളത്തിൽ മാത്രമായി ഇങ്ങനെയുള്ള അനാചാരങ്ങളെന്ന് ചിന്തിക്കുന്നവരെയും ഇന്ന് സർവ്വ സാധാരണമായി കാണാൻ സാധിക്കും.
പ്രവാചക കുടുംബമായ ബനൂ ഖുറൈശിലെ ഹാഷിം കുടുംബം അഥവാ സയ്യിദ് കുടുംബമാണ് ഇസ്‌ലാമിക ജാതി വ്യവസ്ഥയിലെ ഒരറ്റമെങ്കിൽ മറ്റൊരറ്റം ഇസ്‌ലാമിലെ പ്രധാന മതചടങ്ങുകളായ ചേലാകർമ്മം, നവജാത ശിശുവിന്റെ ആദ്യത്തെ തലമുണ്ഡനം തുടങ്ങി സാധാരണ മുടിവെട്ടലുകളെല്ലാം നിർവഹിക്കുന്ന ഒസ്സാന്മാരുമാണ്. ഇവർക്ക് രണ്ടുപേർക്കുമിടയിലെ സാധാരണ വിശ്വാസികളെയെല്ലാം മൂന്നാം ജാതിയായും കാണാം. ആധുനിക കാലത്തെ ജാതിവ്യവസ്ഥയെ പോലെ ഇവർ തമ്മിലും നേരിട്ടുള്ള സംഭാഷണം, സൗഹൃദം, സഹകരണം, തുടങ്ങിയവയൊക്കെ ഉണ്ടെങ്കിലും ആ പരിധിക്കപ്പുറം പരസ്പരം കല്യാണം കഴിക്കുവാനോ മറ്റു രീതിയിൽ കുടുംബ ബന്ധം സ്ഥാപിക്കാനോ ഇവർ ശ്രമിക്കാറില്ല. സയ്യിദുമാർ അഥവാ തങ്ങന്മാർ എന്ന വിഭാഗം പ്രവാചകന്റെ കുടുംബ പാരമ്പരയാണെന്ന് അവകാശപ്പെടുന്നത് കൊണ്ട് തന്നെ ഹിന്ദുമതത്തിൽ ബ്രാഹ്മണ വിഭാഗങ്ങൾക്ക് നൽകുന്നത് പോലുള്ള ഒരുന്നത സ്ഥാനം ഇവർക്കും നൽകിയതായി കാണാം. ആത്മീയ സ്ഥാനീയരെന്ന പേരിൽ തികഞ്ഞ വിനയത്തോടും ഭക്ത്യാദരവോടും കൂടി മാത്രം അവരെ കാണുമ്പോൾ ക്ഷുരകർ അഥവാ ഒസ്സാന്മാരെ അവരുടെ ജോലിയുമായി ബന്ധപ്പെടുത്തി താഴ്ന്നവരായി കണ്ട് അകറ്റി നിർത്താനാണ് സാധാരണ ശ്രമിക്കാറ്.
ജാതി എന്നാൽ 'ജനനം' എന്നർത്ഥം. പ്രാചീന ഗ്രന്ഥങ്ങളിൽ വളരെ അപൂർവമായി മാത്രമേ ജാതിയെക്കുറിച്ച് സൂചിപ്പിക്കുന്നുള്ളൂ. ജാതി വർണ്ണത്തിൽനിന്നും വ്യക്തമായി വ്യത്യാസപ്പെട്ടിരിക്കുന്നു. വർണ്ണം നാലേയുള്ളൂ. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നിവ. എന്നാൽ, ജാതികൾ ആയിരത്തിൽ കൂടുതലുണ്ട്. ചിലർ ജാതി ഒരു തൊഴിൽ സംബന്ധമായ വിഭജനമാണെന്ന് കരുതുന്നുവെങ്കിലും യഥാർത്ഥത്തിൽ ജാതി അതിൻ്റെ അംഗത്തെ അയാൾ ജനിച്ച 'ജാതി തൊഴിലിൽ' നിന്നും മാറി മറ്റൊരാൾ തൊഴിൽ ചെയ്യുന്നതിൽ നിന്നും വിലക്കുന്നില്ലെന്ന് പ്രശസ്ത സമൂഹിക ശാസ്‌ത്രജ്ഞൻ ജിനിൽ ഫ്ലാവർ നിരീക്ഷിക്കുന്നു. എങ്കിലും, തങ്ങളുടെ തൊഴിലുമായി ബന്ധപ്പെടുത്തി സാമൂഹിക മണ്ഡലത്തിൽ ഓരോരുത്തരുടെയും സ്ഥാനമുറപ്പിക്കൽ കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ നാടുകളിലുണ്ടായിരുന്ന ഒരേർപ്പാടാണ്. അതിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ആദിവാസി വിഭാഗങ്ങളിലെല്ലാം വെത്യാസ്ഥ രൂപത്തിൽ ജാതി നിലനിന്നു വരുന്നു. ഇവരിൽ വ്യക്തമായ ഒരു ക്രമം ജാതിയുടെ കാര്യത്തിൽ കാണാൻ കഴിയില്ല. കേരളത്തിലെ സാമൂഹിക വ്യവസ്ഥയിലേക്ക് വരുമ്പോൾ നമ്പൂതിരി, തമ്പുരാൻ തുടങ്ങിയവർ മേൽത്തട്ടിലും നായർ, മേനോൻ, പിള്ള തുടങ്ങിയ അനേകം വിഭാഗങ്ങൾ തുടർന്നും തിയ്യർ, പറയർ, ചെറുമർ തുടങ്ങിയ ധാരാളം ജാതികളെ താഴെയായും കാണാം. അതിലെ ആദ്യത്തെ രണ്ട് വിഭാഗങ്ങൾ യഥാക്രമം പൗരോഹിത്യത്തിലും ഭരണത്തിലും ഏർപ്പെട്ടു വരുമ്പോൾ രണ്ടാം വിഭാഗം യുദ്ധം ചെയ്യുവാൻ മേൽജാതിയെ സഹായിക്കുന്നത് മുതൽ കച്ചവടോദ്യോഗ തലത്തിലും സേവനം ചെയ്ത് വരുന്നതായും കാണാം. മേല്‍ജാതിക്കാർക്കിടയിൽ തീർത്തും അകറ്റി നിർത്തപ്പെട്ടവരായിട്ടാണ് മൂന്നാം വിഭാഗത്തെ കണ്ടിരുന്നത്. കൃഷിയും അതിനോടനുബന്ധിച്ച നാടൻ പണികളുമാണ് അവർ ചെയ്തുവന്നിരുന്നത്. അത്തരം തൊഴിലുമായി ബന്ധപ്പെട്ട കായികാധ്വാനങ്ങളുടെ പ്രയാസങ്ങൾ കൂടാതെ നിരന്തരം ചൂഷണത്തിന് വിധേയമായിക്കൊണ്ടിരുന്നവരിയിരുന്നു അവർ. ഒരു മുസ്ലിമിനെ സംബന്ധിച്ച് വിശുദ്ധ ഗ്രന്ഥത്തിലെ അധ്യാപനങ്ങളും പ്രവാചകന്‍ തിരുമേനിയുടെ ചര്യയും ഉപദേശങ്ങളുമാണ് മറ്റെന്തിനേക്കാളും പ്രാധാന്യം. അത് പ്രകാരം നാട്ടുനടപ്പും പ്രാദേശികമായ മാമൂലുകളുമൊക്കെ മാറ്റി വച്ചുകൊണ്ട് ഈ വിഷയത്തിൽ ഇസ്‌ലാമിന് എന്താണ് പറയാനുള്ളത് എന്ന് നോക്കാം.
തങ്ങന്മാർ യഥാർത്ഥത്തിൽ പ്രവാചകന്റെ പാരമ്പരയോ?
പ്രവാചകൻ മരിക്കുമ്പോൾ അദ്ദേഹത്തിന് ആൺ കുട്ടികളാരും തന്നെ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. തന്റെ പിതാവിന്റെ സഹോദരൻ അബീത്വാലിബിന്റെ മകൻ അലിയിബ്‌നു അബീത്വാലിബിന് വിവാഹം ചെയ്തു നൽകിയ ഫാത്തിമ സുഹ്‌റ എന്നിവരുടെ മക്കൾ പരമ്പരയെയാണ് റസൂലിന്റെ പരമ്പരയെന്ന് പറഞ്ഞ് വരുന്നത്. യഥാർത്ഥത്തിൽ നബി തങ്ങളുടെ പിതാവിന്റെ അനിയൻ അബീത്വാലിബ് ബിൻ അബ്ദുൽ മുത്ത്വലിബിന്റെയോ അലിയിബ്‌നു അബീത്വാലിബിന്റെയോ പിന്മുറയാണവരെന്നാണ് ചരിത്രം പഠിച്ചാൽ നമുക്ക് ബോദ്ധ്യമാവുക. ഈ പരമ്പരയിലെ ആദ്യകാല കണ്ണിയും പ്രവാചകപുത്രി ഫാത്ത്വിമ സുഹ്റയുടെ മക്കളുമായ ഹസൈൻ, ഹുസൈൻ എന്നിവരുടെ പിതാവ് അലിയും പിന്നെ അദ്ദേഹത്തിൻ്റെ പിതാവ് അബീത്വാലിബിലേക്കും ആ കുടുംബത്തെ ചേർക്കുന്നതിന് പകരം അലിയുടെ ഭാര്യയിലേക്കും അതുവഴി നേരെ പ്രവാചകനിലേക്കും അഥവാ ഭാര്യ പിതാവിലേക്കും കൂട്ടിച്ചേർത്തതായാണ് ഇവിടെ കാണാൻ കഴിയുക. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം പിതാവ് വഴിക്കുള്ള ബന്ധങ്ങൾക്ക് വലിയ പ്രാധാന്യമാണ് ചരിത്രകാലം മുതലേ അത് നൽകി വരുന്നത്. അതിനാലാണ് അറബ് നാമങ്ങളുടെ കൂടെ പിതാവിന്റെയും പിതാവിന്റെ പിതാവിന്റെയുമൊക്കെ നാമം ചേർത്ത് വിളിക്കപ്പെടുന്നത്. അത് പ്രകാരം എത്ര കാലഘട്ടങ്ങൾക്ക് പിന്നിലും തങ്ങളുടെ പൂർവികരെ എളുപ്പത്തിൽ അവർക്ക് കണ്ടെത്തുവാൻ സാധിക്കുന്നു. അതിനെ പൊതുവിൽ 'സനദ്' എന്നാണ് പറയുന്നത്. അത് മാത്രവുമല്ല, സാധാരണ നമുക്കിടയിൽ നിലവിലുള്ള; പെണ്മക്കളുടെ കൂടെ ഭർത്താവിന്റെ നാമം ചേർക്കുന്ന പരിപാടിയെയും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അഥവാ അവിടെയും ഉയർത്തപ്പെടുന്നത് പിതാവ് വഴിക്കുള്ള മനുഷ്യപരമ്പരകളുടെ നിലനില്‍പ്പിന്റെയും ബന്ധങ്ങളുടേയും ദൃഢതയെയാണ്. എന്നാൽ, 'തങ്ങൾ' വിഷയത്തിൽ ഇസ്‌ലാമിന്റെ ശക്തമായ ഈ നിലപാട് തലകുത്തി നിർത്തപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.
പ്രവാചകന്റെ മരണ ശേഷം, 'ഖുലഫാഉ റാശിദീങ്ങൾ' അഥവാ സച്ചരിതരായ ഖലീഫമാരായി അറിയപ്പെടുന്ന 4 ഭരണാധികാരികളുടെ കാലത്ത് അന്നത്തെ മുസ്ലിം ജനസമാജത്തിൽ രൂപപ്പെട്ട ഒരു രാഷ്ട്രീയ പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ ഈ വിഷയത്തിന്റെ അപകടം എത്രത്തോളമാണെന്ന് നമുക്ക് ബോധ്യമാകും. അന്ന് ഭരണം മുന്നോട്ടു കൊണ്ടുപോകുവാനുള്ള അവകാശം പ്രവാചക കുടുംബത്തിന് മാത്രമാണെന്ന പേരിൽ 'ഷിയത്തു അലി' അഥവാ, അലിയിബ്നു അബീത്വാലിബിന്റെ പാർട്ടിക്കാർ പ്രത്യക്ഷപ്പെടുകയും അതൊരു വമ്പിച്ച രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് കാരണമാവുകയും ചെയ്തതായി ചരിത്രത്തിൽ കാണാം. അതിൻ്റെ ബാക്കിപത്രമായാണ് മൂന്നാം ഖലീഫ ഉസ്മാൻ ഇബ്നു അഫ്ഫാന്റെ വധം വരെ സംഭവിച്ചത്. നേത്യത്വം നല്‍കാനുള്ള അവകാശം പ്രവാചക കുടുംബത്തിന് മാത്രമാണെന്ന് അവകാശ വാദത്തെയാണ് അന്ന് വിശ്വാസികള്‍ ചോദ്യം ചെയ്തതെന്ന് സാരം.
തന്റെ പ്രവർത്തികൾ അഥവാ സുന്നത്തുകള്‍ ജീവിതത്തിൽ പകർത്തുന്നവരും യഥാർത്ഥ ദൈവമായ അല്ലാഹുവിനെ കറകളഞ്ഞ മനസ്സോടെ അനുസരിക്കുന്നവരും മാത്രമാണ് തന്റെ അനുയായികളെന്നും അവരും താനും ഇരുവിരലുകൾ പോലെ ആയിരിക്കുമെന്നും പറയുന്ന കൂട്ടത്തിൽ പ്രവാചകൻ തന്റെ കുടുംബത്തിന് മാത്രമായി അതിൽ പ്രത്യേക ആനുകൂല്യങ്ങളിൽ ചിലത് ലഭിക്കുമെന്ന് പറയുകയുണ്ടായിട്ടില്ല. മാത്രമല്ല, കാലങ്ങള്‍ക്ക് മുമ്പേ തീർത്ഥാടന കേന്ദ്രമായിരുന്ന മക്കയിലെ വിശുദ്ധ കഅബയുടെ നിയന്ത്രണാധികാരം കുത്തകയാക്കി വച്ചിരുന്ന ബനൂ ഖുറൈശ് കുടുംബത്തിൽ നിന്നും എഡി 630 ജനുവരി 11 ന് പ്രവാചകനും അനുയായികളും നിയന്ത്രണാധികാരം ഏറ്റെടുക്കുകയും(മക്കാ വിജയം) തുടർന്ന് ആദ്യമായി കഅബക്ക് മുകളിൽ കയറി ബാങ്ക് കൊടുക്കാൻ പ്രവാചകൻ നിയോഗിച്ചത് ഒരു ആഫ്രിക്കൻ അടിമയായിരുന്ന ബിലാൽ ഇബ്നു റബാഹിനെയായിരുന്നു. ശേഷം കഅബാലയത്തിന്റെ താക്കോൽ നല്‍കിയതാകട്ടെ തന്റെ കുടുംബത്തിൽ നിന്നും ബനൂശൈബ ഗോത്ര പ്രതിനിധിക്കും. പിന്നീട്, മരണാസന്നനായി കിടന്നിരുന്ന അവസരത്തിൽ തന്റെ പിൻഗാമിയായി രാജ്യത്തെ നയിക്കാൻ പ്രവാചകൻ ആഗ്രഹം പ്രകടിപ്പിച്ചതാകട്ടെ തന്റെ സുഹൃത്തും ഭാര്യാ പിതാവുമായ അബൂബക്കർ (റ)വിനേയും. തന്റെ കുടുംബങ്ങളും രക്ത ബന്ധുക്കളും തന്റെ അനുയായി വൃത്തത്തില്‍ നിൽക്കുമ്പോഴായിരുന്നു പ്രവാചകന്റെ ഈ നടപടികളെന്ന് പ്രത്യേക പ്രസ്താവ യോഗ്യമാണ്. അഥവ, അവിടെയൊന്നും പ്രവാചകന്‍ കുലീനമായ തന്റെ കുടുംബത്തിന്റെ മഹിമയായിരുന്നില്ല ഉയർത്തി പിടിച്ചത്. മറിച്ച്, നിസ്വാർത്ഥമായ ദൈവഭക്തിക്കും കഴിവിനും മാത്രമായിരുന്നു എന്ന് സാരം.
ലോകത്ത് ഇന്ന് പ്രവാചക കുടുംബം ശക്തമായി നിലനിൽക്കുന്നതും അവരുടെ പാരമ്പര്യമാവകാശപ്പെടാൻ കഴിയുന്നവരും അറേബ്യയിലുടനീളമുള്ള ഖുറൈശ് കുടുംബങ്ങളാണ്. മക്ക, മദീന തുടങ്ങിയ പ്രദേശങ്ങൾ തൊട്ട് സൗദി അറേബ്യ മുതൽ മിക്ക അറബ് നാടുകളിലും അവരുടെ സാന്നിധ്യം കാണാൻ കഴിയും. എന്നാൽ, അവർക്കിടയിലൊന്നും കാണാത്ത വിവിധ തരത്തിലുള്ള മാമൂലുകളും അനുഷ്ഠാനങ്ങളുമാണ് കേരളത്തിലെ പ്രവാചക കുടുംബമെന്ന് അവകാശപ്പെടുന്നവർ കാട്ടിക്കൂട്ടുന്നത്. അവരോടുള്ള ഈ അമിതമായ ഭക്ത്യാദരവിന്റെ ഫലമായി സമൂഹത്തിൽ അവർക്ക് ഉന്നത സ്ഥാനം തരപ്പെടുകയും അവർ പോലുമറിയാതെ ഒരു ജാതിയെപ്പോലെയോ ജാതിയായോ മാറ്റപ്പെടുകയും ചെയ്തതായാണ് ഇവിടെ കാണാൻ കഴിയുക. അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറത്ത് 'തങ്ങൾ വിഭാഗങ്ങൾക്ക്' മാത്രമായി സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം. അതിനെ ലോക ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ സംഭവമായിതന്നെ കാണാം. എല്ലാവരും പഠിക്കേണ്ടതും അനുഷ്ഠിക്കേണ്ടതും ഒരേ കർമ്മങ്ങൾ തന്നെയായിരിക്കെ തങ്ങന്മാർക്കായി പ്രത്യേക സ്ഥാപനം തുറന്നത് അവരെ ചിലത് അധികമായി പഠിപ്പിക്കേണ്ടതിനല്ല എന്ന് വ്യക്തമാണ്. മറിച്ച് പുരാതന കാലത്തെ ബ്രാഹ്മണ വിദ്യാഭ്യാസ സമ്പ്രദായ ശൈലിയിൽ സാധാരണക്കാരിൽ നിന്നും വ്യതിരിക്തരാണ് അവരെന്ന് വരുത്തി തീർത്ത് ജാതിവേരുറപ്പിക്കാൻ മാത്രമാണതെന്ന് പറയേണ്ടി വരും.
കേരളം സമൂഹത്തിൽ ജാതിഭേദം അതിൻ്റെ പരമകാഷ്ഠയിൽ കത്തിനിന്നിരുന്ന കാലഘട്ടത്തിൽ ഒരു താഴ്ന്ന ജാതിക്കാരന് തന്റെ ജീവിത നിലവാരത്തിൽ ഒരു മാറ്റത്തിന് സാധ്യമാകണമെങ്കിൽ അന്നത്തെ സാഹചര്യത്തിൽ ഒരൊറ്റ മാർഗമേ അവര്‍ക്കു മുന്നിലുണ്ടായിരുന്നുള്ളൂ. മതം മാറുക. അത് ഇസ്‌ലാമിലേക്കാകുമ്പോൾ പ്രതാപത്തോടെ തന്നെ തുടർന്നുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ അവര്‍ക്ക് സാധിക്കുമിയിരുന്നു. അന്നേവരെ അവർക്ക് മുന്നിൽ നിന്നും വെട്ടിമാറ്റിയ വഴികളിലൂടെ അവർക്ക് നടക്കാനാകുന്നു.. അവർക്ക് മുന്നിൽ കൊട്ടിയടച്ച വാതിലുകള്‍ തുറക്കപ്പെടുന്നു.. മേൽജാതിക്കാരൻ വരുമ്പോൾ നിശ്ചിത അളവിൽ വിട്ടുനിൽക്കേണ്ട നിയമത്തിൽ നിന്നും മാറി മേൽ ജാതിക്കാരനൊത്ത് തന്നെ അവർക്ക് നടക്കാനും സംസാരിക്കാനും സാധ്യമാകുന്നു. മറ്റ് മതങ്ങളെ അപേക്ഷിച്ച് ജാതിചിന്തകൾ തീരെ കാണാത്ത ഇസ്‌ലാമിൽ അവർ വിമോചകനെ കണ്ടപ്പോൾ തന്നെ ഇസ്‌ലാമിലെ ജാതി ചിന്തകൾക്ക് തുടക്കം കുറിച്ചതും മേല്‍ സാഹചര്യത്തില്‍ നിന്നായിരുന്നു എന്നുള്ളതാണ് യാഥാർഥ്യം. ഇത്തരമൊരു സമൂഹിക പശ്ചാത്തലത്തില്‍ നിന്നു തന്നെയാണ് ഒസ്സാൻ വിഭാഗവും ഒരു ജാതിയായി രൂപപ്പെട്ടത്. ഭൂമിയിലുള്ള അനേകം തൊഴിലുകൾക്കിടയിലെ ഒന്ന് മാത്രമാണ് മുടിമുറിക്കലും അതിനോടനുബന്ധിച്ച മറ്റു ജോലികളും. എന്നാൽ ഒരു തയ്യൽക്കാരനോ വൈദ്യനോ ആശാരിയോ അനുഭവിക്കാത്ത ഒരു വിവേചനം ഒസ്സാന്മാർ അനുഭവിക്കുന്നുവെങ്കിൽ അത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇസ്‌ലാം മതത്തിലികുമ്പോൾ പ്രത്യേകിച്ചും. ഹിന്ദു വിഭാഗങ്ങൾക്കിടയിലുണ്ടായിരുന്ന പഴയ ജാതിഭേദങ്ങൾ ചരിത്രത്തിന്റെ കടം വീട്ടൽ പോലെ മാഞ്ഞു തീരെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സവിശേഷ കാലഘട്ടത്തിലും കേരളത്തിലെ മുസ്ലിം നാമധാരികൾ 'തനിമയോടെ' ഇത്തരം ചിന്തകളെ നിലനിർത്തിക്കൊണ്ടുപോകുന്നത് വേദനാജനകമാണ്.
സ്വജാതി വിവാഹം
ജാതി പാരമ്പര്യമായി നിലനിൽക്കുന്ന ഒന്നാണെന്നും അതിനാൽ തന്നെ സ്വജാതി വിവാഹങ്ങളെ പാടുള്ളൂ എന്നുമാണ് പൊതുവെ സമൂഹത്തില്‍ കരുതപ്പെടുന്നത്. അത്തരം ചിന്തകൾ എവിടെ രൂപപ്പെടുന്നുവോ അവിടെ ജാതി രൂപപ്പെടുന്നു എന്ന് സാരം. അതിനാൽ തന്നെ ഇതൊരു ശരിയായ ഏർപ്പാടാണെന്ന് പറയാൻ കഴിയില്ല. പ്രശസ്ത സമൂഹിക ചരിത്രകാരിയായ സൂസൻ ബേലീയുടെ വാക്കുകളിൽ ജാതിയുടെ ഒരു പ്രധാന സ്വഭാവം അതിലെ അംഗങ്ങളുടെ ഇടയിലെ സ്വജാതിവിവാഹമാണ് എന്ന് സമര്‍ത്ഥിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തിൽ ജനിച്ച മിക്ക ആളുകളും സ്വാഭാവികമായി അവരുടെ ജനിച്ച ജാതിയിൽനിന്നു തന്റെ പങ്കാളിയെ പ്രതീക്ഷിക്കുന്നു.
വിവാഹം പോലുള്ള അവസരങ്ങളിൽ ഒസ്സാൻ കുടുംബത്തിൽ നിന്നും ഒരു ബന്ധത്തിന് സമ്മതം മൂളാൻ നമുക്കിടയിൽ എത്ര പേർക്കുണ്ട് ധൈര്യം? എത്ര സയ്യിദ് കുടുംബങ്ങൾ ഒസ്സാൻമാരിൽ നിന്നോ ഒസ്സാൻ ഇതര വിഭാഗങ്ങളിൽ നിന്നോ വിവാഹം കഴിക്കാൻ തയ്യാറാകും. നിങ്ങൾ നിങ്ങൾക്കിടയിലെ സത്യവിശ്വാസികളും വിശ്വാസിനികളുമായ പവിത്രമതികളെ വിവാഹം ചെയ്യുക എന്നതിനപ്പുറം ഒസ്സാന്മാർ ഒസ്സാന്മാരെയും എന്റെ കുടുംബങ്ങൾ അവരെയും മാത്രം തേടികൊൾകയെന്ന് ഒരിക്കലും പ്രവാചകന്‍ പറയുകയുണ്ടായില്ലല്ലോ. അദ്ദേഹം വിവാഹം കഴിച്ചതാകട്ടെ ഹാഷിം കുടുംബമെന്നോ ഖുറൈശിന്നോ നോക്കിയായിരുന്നില്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. അക്കാലത്തെ ആവശ്യങ്ങളെ മുന്‍നിർത്തി യുദ്ധങ്ങളിൽ പങ്കെടുത്ത് മരണപ്പെട്ടവരുടെ അനാഥമാക്കപ്പെട്ട ഭാര്യമാരെയും മറ്റുമൊക്കെയായിരുന്നു ആ മഹാനുഭാവൻ വിവാഹം വരിച്ചത്. രക്തവിശുദ്ധിയുടെ പേരിൽ വിവാഹങ്ങളെ വിലക്കുന്നവരറിയുന്നുണ്ടോ പ്രവാചകന്‍ തിരുമേനിയുടെ ഈ വിഷയത്തിലെ ചര്യയെയും നിലപാടുമൊക്കെ.
ജ്യോതിറാവു ഫൂലെ പറയുന്നു പക്ഷി മൃഗാതികളിൽ ജാതി സമ്പ്രദായം നിലനിൽക്കുന്നില്ല. മനുഷ്യരിൽ മാത്രമെന്തിനാണ് ഇത്തരം ചിന്തകളെന്ന്. തൊഴിൽ ജാതിയെ ഉണ്ടാക്കുന്നില്ല. ജാതികൾ തൊഴിലുകളും നിർണ്ണയിക്കുന്നില്ല. അശുദ്ധമായ ജോലികൾ ചെയ്യുന്ന ഒരാൾ താഴ്ന്ന ജാതിയാകുന്നില്ല. അനുശ്ഠാന കർമ്മങ്ങൾ, പ്രവർത്തി എന്നിവ ഒരാളെയും ഉയർത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. സമൂഹത്തിൽ ചില വിഭാഗങ്ങള്‍ പ്രത്യേക ചതുരത്തിനകത്ത് തന്നെ നിർത്തപ്പെടുന്നതിനുള്ള പ്രധാന കാരണം മനുഷ്യ ബന്ധങ്ങൾ രൂപപ്പെടുന്നതിനുള്ള മാർഗമായ വിവാഹം പോലുള്ള കാര്യങ്ങളിലെ തിരഞ്ഞെടുപ്പാണ് എന്ന് കാണാം. അതിനാൽതന്നെ ഇസ്‌ലാമിലെ ജാതി ചിന്തകൾ നുള്ളിക്കളയാൻ എല്ലാ അപ്രഖ്യാപിത വിഭാഗങ്ങളും പരസ്പരം വിവാഹം കഴിക്കുകയും അതുവഴി കുടുംബബന്ധങ്ങൾ രൂപപ്പെടുത്തുകയും ചെയ്യപ്പെടേണ്ടതുണ്ട്. അപ്രകാരം രക്തമഹിമയെ വഴിയിൽ കളഞ്ഞ് ഒത്തൊരുമയോടെ മുന്നോട്ടുപോകാൻ നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു.





അജ്ഞാതനായ ഈ സുഹൃത്തിനു ഒരു ബിഗ് സല്യൂട്ട്
ReplyDeleteവളരെ നന്ദി സുഹൃത്തേ... Thanks lot
ReplyDeleteഞാനും ഇസ്ലാമാണ് എന്നാൽ കള്ള തങ്ങന്മാരെ അംഗീകരിക്കുന്നില്ല
ReplyDeletethanks lot to react...
ReplyDelete