Sunday, 10 February 2019

ബിന്യാമീനും ബിനാലേയും

ബിന്യാമീൻ
വിശ്വവിഖ്യാത സാഹത്യകാരൻ ബിന്യാമീൻ തന്റെ ഒരനുഭവം മാധ്യമം പത്രത്തിലെ
കോളത്തിൽ വിവരിക്കുന്നുണ്ട്.

അദ്ദേഹം ഏതോ ഒരു വിദേശ രാജ്യത്തായിരുന്നു. അവിടെ വെച്ച് കൊച്ചിയിൽ നടന്നു വരാറുള്ള ബിനാലെയെക്കുറിച്ച് ഒരു യൂറോപ്പുകാരൻ അദ്ദേഹത്തോട് ചോദിച്ചുവത്രെ.

"കൊച്ചിയില്‍ ബിനാലേയോ? ഞാനത് ഇതുവരെ കണ്ടിട്ടില്ല" അദ്ദേഹം ആ യൂറോപ്പുകാരന് ഉത്തരം നൽകി.

സ്വന്തം നാടായിട്ടുപോലും കൊച്ചി ബിനാലെ കാണാൻ കൂട്ടാക്കാത്തതിന്റെ പേരിൽ ബിന്യാമിനോടയാൾ വല്ലാതെ അത്ഭുദപ്പെട്ടന്നാണ് കഥ. ഒടുവില്‍, കൊച്ചിയിലെ വരുന്ന ബിനാലെയെങ്കിലും കണ്ടിരിക്കണമെന്ന് അപേക്ഷിച്ചാണ് അവർ പിരിഞ്ഞത് എന്നുള്ളതാണ് ആ സംഭവം.

ബിനാലെ...

ഞാൻ പറഞ്ഞ്‌ വരുന്നത് ബിനാലെയെക്കുറിച്ചാണ്...

അത് കലകളുടെയൊരു മഹാമേളനമാണ്. ഓരോ മേഖലകളിലും കഴിവു തെളിയിച്ച കലാകാരന്മാരുടെ അദ്ഭുത സൃഷ്ടികൾ കാഴ്ച്ചക്കാരെ കാത്തിരിക്കുന്ന പ്രൗഢയിടം. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും അവർ തങ്ങളുടെ സൃഷ്ടികളുമായി കടന്ന് വരുന്നു. ഒട്ടുമേ സാമ്പത്തിക ലക്ഷ്യം മുന്നില്‍ കാണാതെ തികച്ചും നിസ്വാര്‍ത്ഥമായി തന്റെ കഴിവിനെ ലോകം കാണുന്നതും പുഞ്ചിരി തൂകി അംഗീകരിക്കുന്നതും മാത്രമാണവരുടെ ലക്ഷ്യമെന്നെനിക്ക് തോന്നിയിട്ടുണ്ട്.

പൂരപ്പറമ്പിലൂടെ നടക്കുന്നൊരു കുഞ്ഞിന്റെ ലാഘവത്തോടെ വേണം ബിനാലെ കാണാനിറങ്ങാൻ. എങ്കിലേ, എന്താണന്ന് പോലുമറിയാത്ത ആ സര്‍ഗ്ഗ കഴിവുകളെ കാണുമ്പോൾ അത്ഭുതത്തോടെ അതിലേക്കൊന്ന് തിരിഞ്ഞ് നോക്കിനെങ്കിലും നമുക്ക് സാധ്യമാവുകയുള്ളത്രേ...

മണ്ണ്, കമ്പി, ചായം, കല്ല്, വെളിച്ചം, ഇരുമ്പ്, പ്ലാസ്റ്റിക്, വസ്ത്രം തുടങ്ങി ഈ ഭൂമിക്ക് മുകളിലുള്ള എന്തും അവർക്ക് വഴങ്ങുന്നു. മനോഹരമായ കലാ സൃഷ്ടിയായത് മാറുന്നു.

ആക്രി സാധനങ്ങളും ഒരു അത്യാകർശക വസ്തുവാണത്രെ...

ഏതോ രാജ്യത്തെ ഏതോ തെരുവിൽ വൃത്തിഹീനമായൊരു സ്ഥലത്തെ കുപ്പ തൊട്ടിയില്‍ അനേകം മാലിന്യ കൂമ്പാരങ്ങൾക്ക് നടുവിലുപേക്ഷിക്കപ്പെട്ട എതാനും ആക്രി സാധനങ്ങൾക്ക് മുന്നില്‍ ഈയുള്ളവൻ എത്ര സമയമാണ് അത്ഭുദത്തോടു കൂടി നിന്നിട്ടുള്ളതെന്ന് നിങ്ങള്‍ക്കറിയുമോ. 

അഥവാ, ആക്രി സാധനങ്ങള്‍ക്കുമുണ്ടത്രെ സൗന്ദര്യം. ഷാർജ ബിനാലെയിലെ ഒരു അത്യാകർശക കാഴ്ച്ചയായിരുന്നു മനോഹരമായൊരു ശില്‍പമായി മാറിയ കുറേ ആക്രി സാധനങ്ങള്‍.

അന്ന് ഷാർജ ബിനാലെയുടെ 12ആം എഡിഷനിലാണ് ഞാനത് കണ്ടത്. ലോക ഭൂപടത്തിൽ സ്വന്തമായൊരിടം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ദുബായിയുടെ ശ്രദ്ധ പതിയാത്തൊരിടമാണ് ബിനാലെ എന്ന് തോന്നുന്നു. 12 വര്‍ഷങ്ങളായി വളരെ അന്തസ്സോടെ ഷാര്‍ജ അത് നടത്തികൊണ്ടിരിക്കുന്നു എന്ന് കേട്ടപ്പോൾ വല്ലാത്ത ആശ്ചര്യമാണെനിക്ക് തോന്നിയത്.

ജീവിത്തിലെ ആദ്യ ബിനാലെ ആയിരുന്നു. അതിനാല്‍ തന്നെ അതിന്റേതായ എല്ലാ സംഭ്രമവും മനസ്സിലുണ്ടായിരുന്നു. ബിനാലെ മുറ്റത്തെത്തും വരേക്കും എന്താണി ബിനാലെ എന്ന ചോദ്യമെന്നെ നിരന്തരം അലട്ടി കൊണ്ടിരുന്നു.

അന്ന്... ഷാർജയുടെ കായലോരത്തന്ന് നിറയെ നൗകകളുടെ നിരകളായിരുന്നു. തനി മരനിർമിതമായ നാടൻ മത്സ്യബന്ധന ബോട്ടുകളും കടത്ത് തോണികളും മുതൽ കറ്റമരൻ പോലുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഉല്ലാസ ജല വാഹനങ്ങൾ വരെ. കായലിനക്കരെയാണങ്കിൽ നിരനിരയായി നില്‍ക്കുന്ന വലിയ താഴികക്കുടങ്ങളോടുകൂടിയ സര്‍ക്കാര്‍ മന്ദിരങ്ങളുടെ കാഴ്ച്ചയാണ്. വലിയ എടുപ്പുകൾക്ക് മുകളില്‍ ഖുബ്ബയും അതിന്‌ മുകളില്‍ പാറി പറക്കുന്ന ദേശീയ പതാകയും കാണാം.

ഷാർജയിൽ വലിയ ഖുബ്ബ കാണുന്ന കെട്ടിടങ്ങളൊന്നും പള്ളിയാണന്ന് തെറ്റിദ്ധരിക്കരുതെന്ന് പ്രവാസം തുടങ്ങുന്ന കാലത്തൊരിക്കൽ ഒരു സുഹൃത്ത് പറഞ്ഞതാണ് ഞാനപ്പോൾ ഓര്‍ത്തത്.

ബിനാലെ നടക്കുന്നത് പഴയ ഷാർജയുടെ മതിൽ കെട്ടിനകത്താണ്. ഷാർജയിലെ ജനത കിതച്ചും കുതിച്ചും ജീവിതപാത രൂപപ്പെടുത്തിയ ഇടം. ഇന്ന് ആ പുരാതന ഭാവനങ്ങളൊക്കെയും കഴിഞ്ഞ കാലത്തിന്റെ ആഢ്യത്തത്തോടെ നിൽക്കുകയാണ്. ആ ചരിത്രമുറങ്ങിക്കിടക്കുന്ന കെട്ടിടങ്ങളിലാണ് ഷാർജ ബിനാലെ സംവിധാനിച്ചിരിക്കുന്നത്. അവയെ എല്ലാം ഉള്ളിൽ സംരക്ഷിച്ച് മലമ്പാമിനെപ്പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഷാർജ നഗരമതിലും.

നഗരമതിലുകൾ...

നഗര മതിലെന്നത് പൗരാണിക നാഗരിക സമൂഹങ്ങളുടെ ഒരു ശെെലിയാണ്. ശത്രുക്കളിൽനിന്നും നാടിനെ സംരക്ഷിക്കാനായുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകളുടെ സ്ഥാനമാണവിടെ അവകൾ നിർവ്വഹിക്കുന്നത്. അക്കാലത്ത് നിലവിലുള്ള സർവ്വ സൗകര്യങ്ങളുമായി രാജ്യത്തിന്റെ കാവൽ സെെനികർ നിലയുറപ്പിച്ചു നിന്നിരുന്ന ഇത്തരം നഗര മതിലുകൾക്ക് ഉദാഹരണങ്ങളാണ് ഡമാസ്കസിലും ജറൂസലമിലുമൊക്കെയുള്ള ചരിത്രമുറങ്ങി കിടക്കുന്ന മതിലുകൾ. അത്തരം മതിലുകള്‍ക്കുള്ളിലായിരുന്നു രാജ്യമെന്ന സംവിധാനം പോലും അന്ന് നിലവിലുണ്ടായിരുന്നത്. തന്റെ രാജ്യമേത് എന്ന് ചോദിക്കുമ്പോള്‍ നഗര മതിലിന്റെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് കൈ ചൂണ്ടിക്കാണിച്ച ഒരു തലമുറ ഇവിടെ കഴിഞ്ഞ് പോയിരിക്കുന്നു എന്ന് ചുരുക്കം.

പണ്ടെന്നോ ഷാർജയിലെ ഒരു കുടുംബം സകല ആഢ്യത്തത്തോടെയും വസിച്ചിരുന്ന ഒരു ഗൃഹത്തിലേക്കാണ് ഞാനാദ്യം കടന്ന് ചെന്നത്. ഒരുപക്ഷേ, ഇതിന്റെ ഇന്നത്തെ പിന്‍ഗാമികൾ ആധുനിക സൗകര്യങ്ങളൊക്കെയുള്ള ഏതെങ്കിലും വലിയ വീട്ടിലേക്ക് താമസം മാറിക്കാണും. ആ വീടിന്റെ ഭാഗമായിരുന്ന ചില എടുപ്പുകളുടെ അസ്തിവാരവും നെടുംപുരയുമൊക്കെ അവിടെ കാണാൻ കഴിയും. ധാരാളം മുറികളുള്ള ആ പുരാഭവത്തിലുള്ള കൊത്തുപണികളൊക്കെയും പരുക്കവും എന്നാൽ കമനീയവുമായിരുന്നു. പുരാതനത്വത്തിന്റെ ചുളിവുകൾ പരിഹരിക്കുന്നതിനായി ധാരാളം കൂട്ടിചേര്‍ക്കലുകൾ ഇപ്പോഴും അവിടെ നടന്നുവരുന്നുണ്ട്. വീണ്ടെടുപ്പിന്റെ പാതയിലാണ് ആ ഗൃഹമെന്ന് തോന്നുന്നു. കാവിപോലെ തോന്നിക്കുന്ന ഒരു തരം ചുവപ്പിൽ കറുപ്പ് കലര്‍ന്ന മിശ്രിതം കൊണ്ടാണ് നിലം മെഴുകിയിരിക്കുന്നത്. വീടിനകത്ത് കാറ്റ് പ്രവേശിക്കുന്നതിനുള്ള പാരമ്പര്യ അറബ് രീതിയായ ബർജീലിന്റെ അവശിഷ്ടങ്ങളും ഞാനവിടെ കണ്ടു.

ബർജീൽ...

എസിപോലുള്ള സൗകര്യങ്ങൾ അറബ് നാടുകളില്‍ എത്തുന്നതിന് മുമ്പ്‌ അറേബ്യൻ വീടകങ്ങളില്‍ തണുപ്പ് നിലനിര്‍ത്താന്‍ ഉപയോഗിച്ചിരുന്ന സംവിധാനമാണീ ബർജീൽ. കെട്ടിടങ്ങൾക്ക് മുകളിലേക്കുയർത്തി നിർമ്മിക്കുന്ന ചതുരാകൃതിയിലുള്ള ഭിത്തികള്‍ തുറന്ന ഒരെടുപ്പും അതിനുള്ളിൽ തലങ്ങനേയും വിലങ്ങനേയുമുള്ള ഓരോ പാളികളുമാണതിന്റെ രൂപം. പുറത്തെ ചൂട് കാറ്റിനിടയിൽ നിന്നും ഇളം തണുപ്പുള്ള ശുദ്ധ വായുവിനെ പിടിച്ചെടുത്ത് ആ പാളികൾക്കിടയിലൂടെ അത് മുറിക്കകത്തേക്ക് പമ്പ് ചെയ്യുന്നു. തണുപ്പുകാലത്തും മഴക്കാലത്തും ബർജീൽ അടച്ചിടുവാനുള്ള സംവിധാനവും ഇതോടൊപ്പം കാണാൻ കഴിയും.

പണ്ട്‌... നോക്കാത്ത ദൂരത്തോളം പരന്ന് കിടക്കുന്ന മരുഭൂമിയിലൂടെയുള്ള ഒരു യാത്രക്കിടയിൽ അതിപുരാതനമായൊരു ബർജീലിനു താഴെ ഇളം തണുപ്പാസ്വാദിച്ച് ഞാനേറെ നേരം നിന്നിട്ടുണ്ട്. അറേബ്യയിലെ ഏറ്റവും ചൂട് കൂടിയ കാലമായിരുന്നു അത്. പുറത്ത് ചുട്ടു പൊള്ളുന്ന കൊടും ഉഷ്ണമാണങ്കിലും ചില്ലകള്‍ വിടര്‍ന്ന് നില്‍ക്കുന്നൊരു മരതണലിൽ നിന്നെന്ന മാതിരി ബർജീൽ നിന്നും താഴേക്ക് സുഖകരമായ കാറ്റ് പ്രവഹിച്ച് കൊണ്ടിരുന്നത് ഞാനേറെ നേരം ആസ്വദിച്ചു.

നഗര മതിലിനകത്തെ കാഴ്ച്ചകൾ മതിയാക്കി വേഗത്തിൽ തന്നെ ഞാന്‍ ബിനാലേക്കിറങ്ങി. ബിനാലെ സംബന്ധിച്ച വിവരങ്ങളുൾക്കൊള്ളുന്ന ഒരു പുസ്തകമാണ് ഞാനാദ്യം സംഖടിപ്പിച്ചത്. അതിൽ 1993ൽ തുടങ്ങിയ ഈ പരുപാടിയുടെ ഓരോ നാള്‍വഴികളും അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇന്നീമേഖലയിലെ ഏറ്റവും  ബ്രഹത്തായ കലാവിരുന്നായി ഷാർജ ബിനാലെ മാറിയതിന്റെ നായികക്കല്ലുകളുടെ തിളക്കം അതിൽ കാണാം. അതിനപ്പുറമിണ് ബിനാലെ കാഴ്ച്ചകൾ സംവിധാനിച്ചിരിക്കുന്ന അതിവിശാലമായ മൈതാനം.

കേവലം ഏതാനും കമ്പികൾ മാത്രം ചേര്‍ത്ത് വച്ച് അതിനെ അറബ് പാരമ്പര്യ വസ്ത്രങ്ങൾ പൊതിഞ്ഞ് രൂപപ്പെടുത്തിയ അറബ് ജീവിതങ്ങളുടെ നേർ ചിത്രങ്ങൾ, ഇരുമ്പ് തകരത്തിൽ ഉണ്ടാക്കിയ മനോഹര രൂപങ്ങള്‍. നേരെ കണ്ടാൽ ഒരു മനുഷ്യ രൂപവും അരികില്‍ ചെന്ന് വശങ്ങളിലൂടെ നോക്കിയാൽ ഏതാനും മര കഷണങ്ങൾ പെറുക്കി കൂട്ടി വെച്ചത് പോലെ തോന്നുന്ന അത്ഭുത നിര്‍മ്മിതികൾ... അങ്ങനെ കണ്ടു തീർക്കാൻ കഴിയാത്ത നിരവധി വിഭവങ്ങള്‍ അവിടെയുണ്ടായിരുന്നു. ഒരു യുവാവിന്റെ ജബലുജൈസ് മലയിലേക്കുള്ള ആരോഹണാനുഭവങ്ങൾ വരഞ്ഞിട്ട കാഴ്‌ച്ച മഹത്തരമായിരുന്നു. കടലിനടിയിൽ ഒറ്റപ്പെട്ട ഒരു വ്യക്തി കണ്ടേക്കാവുന്ന കാഴ്ചകളെ ഏതോ കലാകാരന്‍ വലിയൊരു മുറിയിൽ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത് അത്ഭുദത്തോടെയല്ലാതെ നമുക്ക് കണ്ടു തീർക്കാൻ കഴിയില്ല. അതിൽ തല കീഴായ ഒരു തോണിയും ഇടക്കിടക്ക് വരുന്ന മത്സ്യകൂട്ടങ്ങളും ആകര്‍ഷണീയം തന്നെ. അതിനപ്പുറമാണ് ഇഷ്ടികയിൽ വിരഞ്ഞിട്ട കവിതകൾ കണക്കേയുള്ള സൈനിക ശില്‍പങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. അങ്ങനെ ഒരുപാടൊരുപാട് മനോഹരമായ ആവിഷ്കാരങ്ങളവിടെ ഉണ്ടായിരുന്നു.

അതെല്ലാമങ്ങനെ കണ്ടു നടക്കുമ്പോൾ ഞാനോർത്തത് ഇവിടെ ഇതൊക്കെ സംവിധാനിക്കാനെടുത്ത മനുഷ്യ പ്രയത്നത്തെക്കുറിച്ചാണ്. അവയില്‍ ചിലത് എന്താണന്ന് പോലുമറിയാത്ത സിമന്റ് നിര്‍മ്മിതികളായിരുന്നു. ചിലത് ഏതാനും വെളിച്ചം കൊണ്ടുള്ള ആവിഷ്കാരം മാത്രം... ചിലതോ ഗ്രഹിച്ചെടുക്കാൻ കഴിയാത്ത ചുമര്‍ ചിത്രങ്ങൾ. എങ്കിലും, അവിടെയുള്ള ഓരോ കാഴ്ച്ചകള്‍ക്കും തുല്ല്യമായ പരിഗണന തന്നെ ഞാന്‍ നൽകാൻ ശ്രദ്ധിച്ചു. മനസ്സിലാകാത്ത ചിലതിനെ കുറിച്ച് കാവല്‍ക്കാരോട് ചോദിച്ച് മനസ്സിലാക്കി. ചിലതിനുത്തരം ലഭിച്ചു. ചിലര്‍ കൈ മലര്‍ത്തി.

ഒരു വൃദ്ധന്റെ ടിബറ്റൻ യാത്രാനുഭവങ്ങളെ കോര്‍ത്തിണക്കിയുളള വീഡിയോ പ്രദര്‍ശനം കഴിഞ്ഞിറങ്ങും വഴി യാദൃച്ഛികമായി അതിനെപറ്റി ഞാൻ ചോദിച്ചത്‌ ആ യാത്രികനോട് തന്നെയായിരുന്നു. അദ്ദേഹത്തിനത് വലിയ സന്തോഷം നല്‍കി എന്നെനിക്ക് തോന്നി.

"താങ്കളുടെ സംശയ നിവാരണം വലിയൊരു പ്രോത്സാഹനമായി ഞാന്‍ കാണുന്നു..." അയാളെന്നോട് പറഞ്ഞു.

തുടര്‍ന്ന് ഞാൻ പോയത് അറബ് പാരമ്പര്യത്തിന്റെ ചില നേർ കാഴ്ച്ചകളിലേക്കാണ്.

ഒരു കാലത്ത് ഷാർജയുടെ ജനത ഉപയോഗിച്ചിരുന്ന പടിഞ്ഞാറൻ നിർമിതമായ  വാഹനങ്ങളുടെ പ്രദര്‍ശനമാണ് അവിടെ ആദ്യമായി നമ്മളെ വരവേല്‍ക്കുന്നത്. അതിനപ്പുറം ഒരു നൂറ്റാണ്ട് പിന്നോട്ട് സഞ്ചരിച്ചതുമാതിരിയുള്ള ഒരു ലോകത്താണ് എത്തിപ്പെടുക. അവിടെ വെത്ത്യസ്ഥ രൂപത്തിലും ഭാവത്തിലുമുള്ള അറബ് ഗൃഹങ്ങൾ നിറഞ്ഞ ചത്വരത്തിൽ തിങ്ങി നിറഞ്ഞൊഴുകുന്ന ജനസഞ്ചയം കാണാം. അറബികളുടെ പരുക്കൻ കൽവീടുകൾ, ചെറിയ കൈവഴികളുള്ള അറേബ്യന്‍ പാരമ്പര്യ രൂപത്തിലുള്ള കിണർ, അറബികള്‍ വെടിവെട്ടവുമായി ചടഞ്ഞിരിക്കുന്ന പുറം മജിലുസുകൾ, വീട്ടുജോലിയിൽ മുഴുകിയിരിക്കുന്ന അറബി പെണ്ണുങ്ങൾ തുടങ്ങി ചില ബദുവിൻ ടെന്റുകളുടെ നിരകൾ വരെ.

നിരന്തര യാത്രക്കാരായ ബദുക്കൾ...

സാധാരണ അറബ് നാഗരികത ജീവിതത്തിൽ നിന്നും മാറി ചില വെത്ത്യസ്തതകൾ കാത്തുസൂക്ഷിക്കുന്നവരാണ് ബദുവിയൻ ജനത. എന്തിനും ഏതിനും പരുക്കനൻ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് അവരുടെ പ്രത്ത്യേകത. അവർ ജീവിച്ച് വന്ന സാഹചര്യങ്ങളാകാം അവരെ അങ്ങനെ ആക്കി തീര്‍ത്തതെന്ന് തോന്നുന്നു. ധാരാള കണക്കിന്‌ വളർത്തു ജന്തുക്കളുമായി നാടുകളില്‍ നിന്നും നാടുകളിലേക്കവർ സഞ്ചാരം നടത്തുന്നു.

ബിനാലെ മൈതാനത്തെ അവരുടെ മജിലിസിൽ കനലെരിയുന്ന കാപ്പി ഞാന്‍ കാണ്ടു. ആയുധങ്ങൾ തോളിൽ കെട്ടിതൂക്കി അവരവിടെ അതിനു ചുറ്റുമിരുന്ന് സൊറക്കുന്നത് കാണ്ടപ്പോൾ കണ്ടു മറന്ന ഏതോ സിനിമയിലെ രംഗം പോലെയാണതിനെ തോന്നിപ്പിച്ചത്. പാരമ്പര്യ ജന ജീവിതങ്ങൾ അപ്പടിയവിടെ പുനരാവിഷ്കരിച്ചിരിക്കുന്നത് അത്ഭുതത്തോടെയല്ലാതെ നമുക്ക് കണ്ടു നടക്കാൻ കഴിയില്ല. അവരൊക്കെ ഇവിടെ ഇങ്ങനെ യാഥാര്‍ത്ഥ ജീവിതം നയിച്ചു വരികയാണോ എന്ന് തോന്നിപ്പോകുന്നു.

ഈത്തപ്പഴ സംസ്കാരണത്തിന്റെ വിവിധ ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങളിൽ മുഴുകിയിരിക്കുന്ന കള്ളിമുണ്ടും കഫിയയും ധരിച്ച അറബി കർഷകർ ജനത്തിരക്കിനെ വകവെക്കാതെ തങ്ങളുടെ പ്രവര്‍ത്തനങ്ങളിൽ മുഴുകി ഇരിക്കുന്നു. പരമ്പരാഗത രീതിയില്‍ ആടുമാടുകളെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ജലസേചന സംവിധാനത്തിന്റെ ഭാഗമായ കഴുതകളും അവയെ നയിക്കുന്ന യുവാവും അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. അതിനപ്പുറം അറബ് വിഭവങ്ങളൊരുക്കുന്ന അറബി പെണ്ണുങ്ങളുടെ നിരയാണ്. അവിടെ തിളച്ചു മറിയുന്ന എണ്ണയില്‍ ചുട്ടെടുത്ത ലഗ്മാത്തെന്ന അറേബ്യൻ വിഭവം മനോഹരമായ തളികകളിൽ വിൽപ്പനക്കായി വച്ചിരിക്കുന്നതു കാണാം. അവര്‍ക്കിടയിൽ കലകളേയും ചരിത്രത്തെയും ഇഷ്ടപ്പെടുന്ന അനേകമാളുകൾ കാഴ്ച്ചകളിൽ നിന്നും കാഴ്ച്ചകളിലേക്ക് പാറി നടക്കുന്നത് ചേതോഹരമായ കാഴ്ച്ച തന്നെ.

ഒരു പക്ഷേ, കൊച്ചി ബിനാലെയും ഇങ്ങനെയൊക്കെ തന്നെയാകാം കേരളത്തിൽ സംവിധാനിച്ചിരുന്നത്. ഇവിടെ ഞാന്‍ കണ്ട അറേബ്യൻ കാഴ്ച്ചകള്‍ക്കും കലകള്‍ക്കും പകരം കേരള കരയുടെ ഗതകാല സ്മരണകളുയരുന്ന അനേകം വസ്തുക്കളുടെ പ്രദര്‍ശനഭൂമി. പാരമ്പര്യ അറബ് ജീവിതങ്ങളുടെ നേർ കാഴ്ച്ചകള്‍ക്ക് പകരം ഒരു കാലത്ത്‌ നമ്മുടെ നാട് താണ്ടിയ വഴികളിലൂടെയുള്ള ഒരു തീര്‍ത്ഥയാത്ര... വെറുതേയല്ല ആ വെള്ളക്കാരൻ ബിന്യാമീനെ ചീത്ത പറഞ്ഞിട്ടുണ്ടാവുക...

No comments:

Post a Comment