തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലായിരുന്നു ഞാൻ. ക്ഷേത്രത്തിലെന്നു പറഞ്ഞാൽ ക്ഷേത്രം നിലനില്‍ക്കുന്ന ആ വലിയ കുന്നിന്റെ വടക്കേ തൂക്കിൽ നിന്നും ഇറങ്ങി ഇറങ്ങി വന്ന് തോട്ടിന്റെ കരയിലവസാനിക്കുന്ന കരിങ്കൽ പടികൾക്ക് മുകളില്‍. യഥാർത്ഥത്തിൽ, ക്ഷേത്രം അടുത്ത് നിന്ന് കാണുന്നതിനുള്ള ആഗ്രഹവുമായാണ് ഞാനിവിടേക്ക് എത്തി ചേർന്നിരുന്നത്. അവിടെയാ മുറ്റത്ത് എന്തെല്ലാം നടക്കുന്നു... അവിടെ മനുഷ്യരെന്തെല്ലാം ചെയ്യുന്നു... മനോഹരങ്ങളായ കാഴ്ചകളെന്തൊക്കെയാണ് തുടങ്ങി ചരിത്രം തലോടി നീങ്ങിയ കെട്ടുകളുടെ കാഴ്ചകള്‍ വരെ കാണുന്നതിന്. പ്രധാന പാതയില്‍ നിന്നും വലിയ പ്രവേശന കവാടം പിന്നിട്ട് നടന്നാൽ... നീളൻ പാതയുടെ ഒടുവിലായി മുകളിലേക്ക് പോകുന്ന കുറേ കരിങ്കൽ പടികൾ കാണാം. അതിന്റെ ഏറ്റവും മുകളിലായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്ര കെട്ടിടത്തിന്റെ മുഖപ്പിന്റെ സൗന്ദര്യം. ഞാൻ മുകളിലേക്ക് നടന്നു കയറി. തനി കരിങ്കല്ലുകൾ... കരിങ്കൽ മാത്രം. അനേകം കാലങ്ങള്‍ക്ക് മുമ്പ് ആരോ പണിത് വെച്ചതാണ്. എത്ര എത്ര ആളുകൾ ഇതിലൂടെ നടന്ന് നീങ്ങിയിട്ടുണ്ടാകും. ദുഃഖങ്ങൾ ദൈവത്തിലർപ്പിച്ച് ആശ്വാസം തേടി കയറി പോയവര്‍... ദൈവീകമായ സമാധാനം നേടി തിരികെ വന്നവർ. അങ്ങനെ, അനേകമനേകം ആളുകൾ ഈ വഴി നടന്ന് നീങ്ങിയിരിക്കുന്നു. ഞാൻ അക്കണ്ട ആ പടികള്‍ മുഴുക്കെയും കയറി ക്ഷേത്ര മുഖപ്പിന്റെ അടുത്തേക്കെത്തി എന്നായപ്പോൾ അവിടെ ഒരു പുരാതന ആൽമരത്തിൽ സ്ഥാപിച്ചൊരു ബോർഡെന്നെ നോക്കി ചിരിക്കുന്നത് കണ്ടു.
"അഹിന്ദുക്കൾക്ക് പ്രവേശനമില്ല"
അതേ, ഞാനൊരു മുസല്‍മാനാണ്. എന്നു വെച്ചാല്‍ നല്ല നാടൻ അഹിന്ദു തന്നെ. അതിനാല്‍, ആ ബോർഡിനു സമാന്തരമായൊരു രേഖ അന്താരാഷ്ട്ര അതിർത്തിയേക്കാൾ കടുപ്പത്തിലെന്റെ മുന്നിലങ്ങനെ ബന്ധവസ്സായി നീണ്ടു പോകുന്നു. ഞാൻ അവിടെ നിന്ന് കുറച്ച് നേരം ചിന്തിച്ച് നിന്നു. എന്തു ചെയ്യണം. ധൈര്യത്തോടെ കയറി ചെന്ന് ചില കസര്‍ത്തുക്കളൊക്കെ ചെയതവിടെ അല്‍പ്പ നേരം ചെലവഴിക്കേണമോ... അതോ തിരിച്ച് പോകണമോ. ഒരുപക്ഷേ, ഞാനവിടേക്ക് കയറിചെന്നാൽ അതൊരാളും അറിഞ്ഞന്നു വരില്ല. പക്ഷേ, ആ കരിങ്കൽ പടികള്‍ കഷ്ടപ്പെട്ട് കയറി വരുന്ന വിശ്വാസികളായ ആ പാവം മനുഷ്യരോട് ഞാൻ ചെയ്യുന്ന വലിയൊരു നെറികേടായിരിക്കുമത് എന്നെനിക്കുറപ്പാണ്.
ദൈവമേ...
അങ്ങനെ, ക്ഷേത്ര മുറ്റം അശുദ്ധമാക്കാൻ നില്‍ക്കാതെ, ഹിന്ദു ആചാരങ്ങളെ മനസ്സാ മാനിച്ചു കൊണ്ട് അവിടെ നിന്നും തിരികെ ഇറങ്ങാൻ ഞാൻ തീരുമാനിച്ചു. തുടര്‍ന്നാണ് ക്ഷേത്ര കുന്നിന്റെ വടക്കേ കരയിലേക്ക് ഞാനെത്തി ചേര്‍ന്നിരിക്കുന്നത്. നിറയെ ആലും മറ്റെന്തൊക്കെയോ മരങ്ങളും തിങ്ങി നിരന്ന് വളരുന്ന അവിടെ വല്ലാത്തൊരു പുരാഭാവം പുതച്ച് നില്‍ക്കുന്നു. തോടിന്റെ കരയില്‍ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട കര്‍മ്മങ്ങള്‍ക്കായി സ്ഥാപിച്ച ചെറിയൊരു ഓട് മേഞ്ഞ കെട്ടിടമുണ്ട്. അതിന്റെ മുന്നില്‍ ചിന്താമഗ്നനായി ഇരിക്കുന്നൊരു കാവിധാരി. അവിടെ അങ്ങനെ നിൽക്കുമ്പോൾ കുറേ കാലങ്ങള്‍ പിന്നോട്ട് പോകുന്നപോലെ എനിക്ക് തോന്നുന്നു... ഭ്രമണവും പരിക്രമണങ്ങളുമെല്ലാം അതിന്റെ ഏതോ ഒരു ബിന്ദുവിലേക്ക് തിരികെ കറങ്ങി കിതച്ചു നില്‍ക്കുന്നത് പോലെ. പക്ഷികളുടെ കളകൂജനവും, ചെറിയ കാറ്റത്താടുന്ന ചില്ലകള്‍ പുറപ്പെടുവിക്കുന്ന ശബ്ദവുമല്ലാതെ മറ്റൊന്നുമില്ല.
രംഗം തീര്‍ത്തും ശാന്തം...
പക്ഷേ, ഞാനിപ്പോൾ ചിന്തിക്കുന്നത് ചാവേറുകളെ കുറിച്ചാണ്. ചാവേറുകള്‍. രക്തം കൊണ്ട് പകരം ചോദിക്കാൻ നിയോഗിക്കപ്പെട്ടവർ. പ്രകൃതി മണക്കുന്ന ഈ സ്ഥലത്തിരുന്ന് എന്തിന് വെറുതെ ചാവേറുകളെ കുറിച്ച് ചിന്തിക്കണമെന്നായിരിക്കും... കുടുമ കെട്ടിയ തലമുടി, ചീറി തെറിക്കുന്ന ഉറുമി, മൂര്‍ച്ചയുള്ള വാൾ തലപ്പ്, കോണകം, രക്തം, അട്ടഹാസം, കരച്ചില്‍, തേങ്ങലുകള്‍... ചാവേറുകളും തിരുമാന്ധാംകുന്നമ്പലവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്.
അതിനെ കുറിച്ച ഞാൻ വിവരിക്കാം...
മധ്യകാല കേരള ചരിത്രം പരിശോധിച്ചാൽ ചാവേര്‍ കൂട്ടങ്ങളെ ധാരാള കണക്കിന് കാണാം. രാജാവിന് വേണ്ടി ജയിക്കും വരെ പോരാടുക. അല്ലെങ്കിൽ, പോര്‍ക്കളത്തിൽ അടരാടി മരിച്ചു വീഴുക... അത് മാത്രമാണവരുടെ ജീവിത ലക്ഷ്യം. അതിനായി നിരന്തരം മെയ് വഴക്കവും ഏകാഗ്രതയും കളരി അഭ്യാസങ്ങളുമവർ പരിശീലിക്കുന്നു. മര്‍മ്മ വിദ്യകള്‍ സ്വായത്തമാക്കുന്നു. കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്താൽ ലഭിക്കുന്നത് വീര സ്വര്‍ഗ്ഗമാണന്നതിനാൽ... ഒരുതരം ആത്മീയ ജീവിതമാണവർ പൊതുവില്‍ നയിക്കുന്നത്. നിത്യമായ പൂജയും വഴിപാടും നടത്തി ദൈവത്തെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് വിജയമോ ആകര്‍ഷകമായൊരു മരണമോ അവരാഗ്രഹിക്കുന്നു. അതിന് തടസ്സമാകുന്ന എല്ലാ ബന്ധനങ്ങളിൽ നിന്നുമവർ കുതറിമാറുന്നു. മാതാവിന്റെ ലാളനയേയും, മക്കളുടെ സ്നേഹവായ്പ്പും, പ്രിയതമയുടെ സ്നേഹ സല്ലാപങ്ങളും എല്ലാം. ലക്ഷ്യം ഒന്നുമാത്രം. രാജാവിന്റെ മാനം കാക്കുക. അത് കൊന്നിട്ടായാലും രക്തസാക്ഷിത്വം പുല്‍കിയിട്ടായാലും. വടക്കൻ പാട്ടുകളിലെ ആരോമൽ ചേകവന്മാരും മാമാങ്കതട്ടിലെ ചാവേർമാരും തുടങ്ങി പുതിയ കാലത്തെ അതിര്‍ത്തി സൈന്യങ്ങൾ വരെ ആ പാരമ്പര്യം 'വേരറ്റ്' പോകാതെ മുറുകെ പിടിക്കുന്നതായി നമുക്ക് കാണാം.
ചരിത്രാതീത കാലത്ത് റോമ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന ക്രൂര വിനോദങ്ങളും ഒരു തരത്തിൽ ചാവേര്‍ മല്ലയുദ്ധങ്ങളായിരുന്നു. റോമന്‍ ആധിപത്യം കടന്ന് പോയ ഇടങ്ങളിലൊക്കെ അവരതിനായി പ്രത്യേകം കേന്ദ്രങ്ങൾ നിര്‍മ്മിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം. കുപ്രസിദ്ധമായ ആ കൊളോസിയങ്ങളിൽ അനേകായിരങ്ങളുടെ അട്ടഹാസങ്ങൾക്കും പോര്‍വിളികൾക്കും നടുവില്‍ ഗ്ലാഡിയേറ്റർമാരെന്ന് അറിയപ്പെട്ടിരുന്ന ആ മനുഷ്യര്‍ സ്വയം പോരാടി ഇല്ലാതായി. പലപ്പോഴും മല്ലന്മാരെ കൂടാതെ ദിവസങ്ങളോളം പട്ടിണികിട്ട ഹിംസ്ര ജന്തുക്കളോടും അവര്‍ക്ക് പോരാടേണ്ടി വന്നിരുന്നു. ഗ്ലാഡിയേറ്റർമാരുടെ വിജയത്തിന് വേണ്ടിയുള്ള മല്‍പിടുത്തങ്ങൾ പിന്നീട് ജീവനുവേണ്ടിയുള്ള അശക്തമായ പ്രതിരോധങ്ങളായും... പ്രാണന്‍ വിട്ടുപോകുന്നതിന്റെ വെപ്രാളങ്ങളായും മാറുന്നത് ചുറ്റും തടിച്ച് കൂടിയ കാണികള്‍ ആവേശത്തോടെ കണ്ടാസ്വാദിക്കും... അവരുച്ചത്തിൽ ആർപ്പുവിളിക്കും. സ്വന്തം ജീവനുവേണ്ടി അവസാന ശ്വാസം വരെയും പോരാടുന്ന ആ മനുഷ്യനൊടുവിൽ ആ ജന്തുവിന്റെ കുശാലായ ഭക്ഷണമായി മാറുന്നത് ലവലേശം സങ്കോചമില്ലാതെ ആ ജനത കണ്ടു നിന്നത് ആ കൊല്ലപ്പെടുന്നവനൊരു ചാവേറായത് കൊണ്ട് മാത്രമാണ്.
കേരളത്തിലെ പല ചെറു നാട്ടുരാജാക്കന്‍മാരും തങ്ങളുടെ ശക്തി പ്രകടിപ്പിച്ചിരുന്നത് ചാവേറുകളെകൊണ്ട് അങ്കം നടത്തികൊണ്ടായിരുന്നു. അത്തരത്തിലുള്ള പോരാളികളെ 'ചേകവന്മാർ' എന്നാണ് വിളിച്ചിരുന്നത്. വടക്കൻ പാട്ടുകളിലെ തച്ചോളി ഒതേനന്‍, തച്ചോളി ചന്തു, പുത്തൂരം വീട്ടില്‍ ആരോമല്‍ തുടങ്ങിയവരൊക്കെ ഇത്തരത്തിൽ രാജാക്കന്മാര്‍ക്ക് വേണ്ടി അങ്കം വെട്ടുവാൻ നിയോഗിക്കപ്പെട്ട ഹതഭാഗ്യവാന്മാരായിരുന്നു. കൂടാതെ, സ്വന്തം കുടുംബവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് അങ്കത്തിലൂടെ കണക്ക് ചോദിക്കാനുമവർ തയ്യാറാകുന്നു. വസ്തുതകളല്ല മറിച്ച് ആയുധ ബലമായിരുന്നു അവരുടെ ന്യായാന്യായങ്ങൾക്ക് തീര്‍പ്പ് കല്‍പ്പിച്ചിരുന്നത്.
തിരുനാവായ മണപ്പുറത്ത് കാലങ്ങളായി നടക്കാറുള്ള മാമാങ്ക മഹോത്സവത്തിന്റെ നടത്തിപ്പ് ചുമതല അങ്ങാടിപ്പുറം കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന വള്ളുവനാട് കോനാതിരിയിൽ നിക്ഷിപ്തമായിരുന്നു. എന്നാൽ, ഏതോ ഒരു ചരിത്ര സന്ധിയില്‍ അദ്ദേഹത്തില്‍ നിന്നും ആ സ്ഥാനം തട്ടിയെടുത്ത് സ്വയം അവരോധിതനായ സാമൂതിരിയുടെ നടപടിയില്‍ നിന്നാണ് വള്ളുവനാടിന്റെ ചാവേര്‍ ചരിത്രത്തിന് തുടക്കം കുറിക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന് വെള്ളാട്ടിരി എന്ന വള്ളുവകോനാതിരിക്കുവേണ്ടി വള്ളുവനാടന്‍ ചാവേറുകള്‍ ആയുധമേന്തി ചെല്ലുന്നു. തിരുനാവായ മണപ്പുറത്ത് നിരന്ന് നില്‍ക്കുന്ന സാമൂതിരിയുടെ സൈനിക വിന്യാസത്തിനിടയിലൂടെ അതിവിദഗ്ധമായി സഞ്ചരിച്ച് സാമൂതിരിപ്പാടിനെ വധിക്കാന്‍ നിലപാട് തറയിലേക്ക് കുതിച്ചുയരുന്ന അവർ ഈയാം പാറ്റകൾ കണക്കേ ആ മണ്ണില്‍ തന്നെ മരിച്ചു വീണില്ലാതാവുന്നു. രാജാവിനോട് അത്രമാത്രം കൂറുള്ളവർ മാത്രമേ ചാവേറാകാൻ സ്വയം സന്നദ്ധമാവുകയുള്ളൂ. കാരണം, സ്വയമേവ അവരുടെ മനസ്സിൽ രൂപപ്പെട്ട് വരുന്ന മേലാള ഭക്തിയിൽ നിന്നു മാത്രമേ ഒരു ചാവേര്‍ രൂപപ്പെടുകയുള്ളൂ. അച്ഛൻ, അമ്മ, ഭാര്യ, മക്കള്‍, വീട്, നാട്, പ്രകൃതി എന്നിവയെല്ലാം ഉപേക്ഷിച്ച് മരണം മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് അവർ പോരിനിറങ്ങുന്നതെങ്കിൽ എത്രമാത്രം ദൃഢമായ മനസ്സിയിരുന്നിരിക്കണം അവര്‍ക്കുണ്ടായിരുന്നതെന്ന് ചിന്തിക്കാം.
ഞാൻ തോട്ടിൻ കരയില്‍ നിന്നും സമീപത്തെ അല്‍പ്പാകുളക്കടവിലേക്ക് നീങ്ങി. മാമാങ്കത്തിന് ദിവസങ്ങൾക്ക് മുമ്പ് തിരുമാന്ധാംകുന്നിലമ്മയുടെ തിരുനടയില്‍ ഭജനമനുഷ്ഠിക്കുമ്പോൾ ചാവേറുകള്‍ മുങ്ങി കളിച്ചിരുന്ന കുളമാണ് അല്‍പ്പാക്കുളം. വലത് കൈക്കൊണ്ട് മൂക്ക് പൊത്തി, ഇടത് കൈപത്തി നെഞ്ചിൽ വെച്ച്, കണ്ണുകളടച്ച്, മന്ത്രം ജപിച്ച്, ഭയഭക്തി ബഹുമാനത്തോടെ ആ കുളത്തിന്റെ ആഴങ്ങളിലേക്കവരന്ന് തലതാഴ്ത്തിയിരുന്നു. പിന്നെ, വെള്ളത്തിൽ ചെറുതിരമാലകള്‍ സൃഷ്ടിച്ച് ഉയർന്ന് പൊങ്ങും.
അവിടെ കുളക്കടവിലൊരു വൃദ്ധന്‍ വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്നു. അഴുക്ക് പുരണ്ടതാണങ്കിലും ഒരു വെള്ളമുണ്ടാണയാളുടെ വേഷം. പിന്നെ, മറ്റൊരു വെള്ള തുണികൊണ്ട് ശരീരം പുതച്ചിരിക്കുന്നു. നരവീണ തലമുടി മുകളിലേക്ക് മനോഹരമായി ചീകി ഒതുക്കിയിരിക്കുന്നത് ഒരു കുലീനത്വമുള്ള കാഴ്ച്ച തന്നെ. ഒരു കുടുമക്കുള്ള മുടിയുണ്ടായിരുന്നിരിക്കാം ഒരുകാലത്താ തലയില്‍. കുളത്തിന്റെ ജല നിരപ്പിന് മുകളിലേക്ക് ദൃഷ്ടി പായിച്ച് അയാളെന്തോ പിറുപിറുക്കുന്നത് കാണാൻ കഴിയുന്നു. ഒരുപക്ഷേ, ചരിത്രത്തിൽ നിന്നും ഇറങ്ങിവന്ന ഏതെങ്കിലും ചാവേറായിരിക്കുമോ അയാൾ. ഞാനെന്തിന് വേണ്ടിയാണന്ന് മരണം പുല്‍കിയതെന്നയാൾ ചിന്തിക്കുന്നുണ്ടായിരിക്കുമോ.
രാജാവിനും രാജാവിന്റെ അധികാര പ്രദേശത്തിനും വേണ്ടി ജീവൻ ത്യജിച്ചാൽ ഒരുവനെന്ത് ലഭിക്കും. ഒരുപക്ഷേ, ആ മരണത്തോടെ അവന്റെ കുടുംബത്തിന് സമൂഹത്തില്‍ വലിയ സ്ഥാനം ലഭിച്ചേക്കാം. ധാരാളകണക്കിന് പണവും, ദൂരക്കണക്കിന് നിലവും. ആ പച്ചമനുഷ്യരുടെ പ്രാണന്റെ വിലയായ നിലങ്ങള്‍ ചാവേറ്റുവരുത്തി എന്ന പേരിൽ ഇന്നും വള്ളുവനാട്ടിലുടനീളം കാണാൻ കഴിയും. അനേകം മനുഷ്യരുടെ രക്തത്തിന്റെ കറ പുരണ്ട... വെട്ടേറ്റ് പിടഞ്ഞ് വീഴുമ്പോഴുള്ള ആർത്തനാഥത്തിന്റെ നിലവിളികൾ മുഴങ്ങുന്ന മണ്ണ്. ചാവേറായി മരണപ്പെട്ട് ദൈവത്തിങ്കൽ എത്തിച്ചേർന്ന ശേഷം അവന്റെ മുന്നിലേക്ക് വരുന്ന ആദ്യ ചോദ്യമെന്തായിരിക്കും...
"നീ എന്തിനു നിന്റെ ജീവൻ ത്യജിച്ചു" എന്നോ.
ജീവത്യാഗത്തിനുള്ള പ്രതിഫലം സ്വര്‍ഗ്ഗം തന്നെ. അനുഗ്രഹീതാരമങ്ങൾ ഒഴുകുന്ന സ്വർഗ്ഗ പൂന്തോട്ടവും അവിടെയുള്ള നിത്യജീവിതവും തന്നെയാണ് ഓരോ രക്തസാക്ഷികളേയും കാത്തിരിക്കുന്നത്. എന്നാൽ, ആ മരണമൊരു ജീവത്യാഗമാണന്ന് ആരാണ് തീരുമാനിക്കേണ്ടത്. പന്തയം വച്ച രാജാവോ, തിളങ്ങുന്ന വാളുകൊണ്ട് പിരടി നോക്കി വെട്ടിയ എതിരാളിയോ, അതോ ആ ചാവേറു തന്നെയോ. ഇതുവരെയും ഒരു കുഞ്ഞും മടങ്ങി വന്ന് വൃത്താന്തം പറഞ്ഞ് നല്‍കാത്ത ആ മരണാനന്തര ജീവിതം ഏവര്‍ക്കും വലിയ സമസ്യയാണ്.
നിത്യാകാംക്ഷ...
നാലുവീട്ടിലെന്നറിയപ്പെടുന്ന വയങ്കര, പുതുമന, ചന്ദ്രത്തിൽ, വേര്‍ക്കാട്ട് എന്നീ തറവാടുകളിലാണ് വള്ളുവനാട്ടിലെ ചാവേറുകളുടെ ജനനം. ഏതോ കാലത്ത് കുടുംബത്തിലെ ഏതോ കാരണവര്‍ രാജാവിന് നല്‍കിയ ഉറപ്പിന്റെ ഭാരവും പേറി ഇതുവരെ അനേകായിരങ്ങൾ അവരില്‍ നിന്നും പരലോകം പുൽകിയിരിക്കുന്നു. മേല്‍ തറവാടുകളിൽ ഒരാൺകുട്ടി ജനിച്ച ദിവസം മുതൽ ഘട്ടംഘട്ടമായാണ് അവനൊരു ചാവേറായി പരിണമിക്കുന്നത്. ആൺകുഞ്ഞ് ജനിച്ചാൽ ആ ചോരകുഞ്ഞിനെ അദ്യമായി തറവാട്ട് വീട്ടിലെ ചാവേര്‍ തറയില്‍ കൊണ്ടുപോയി കിടത്തുമെത്രെ. അതോടെ എല്ലാവരും അവനെ ചാവേറായി കണക്കാക്കും. പിന്നെ, ഇരുപത്തി എട്ട് ദിവസത്തിന് ശേഷം തിരുമാന്ധാംകുന്നിലെ ചാവേര്‍ തറയില്‍ കിടത്തുന്നതോടെ അവന്‍ സമ്പൂര്‍ണ്ണമായൊരു ചാവേറായി മാറുന്നു. പിന്നീടുള്ള അവന്റെ ജീവിതം മറ്റുള്ള കുഞ്ഞുങ്ങളില്‍ നിന്നും തികച്ചും വെത്ത്യസ്ഥമായിരിക്കും. അക്ഷരമാലകള്‍ പഠിച്ചെടുക്കേണ്ട പ്രായത്തില്‍ അഭ്യാസ മുറകളവനെ പഠിപ്പിക്കും. പേനയും പെന്‍സിലുമെടുക്കേണ്ട പ്രായത്തില്‍ വാളും കുന്തവും അവന് കളിക്കോപ്പുകളാവും. മുത്തശ്ശി കഥകളിലെ മനോരാജ്യങ്ങൾക്ക് പകരം ശത്രുതയുടെയും പകരം വീട്ടലിന്റെയും തീരാത്ത പകയുടേയും ഭീകരകഥകളവന്റെ ചെവിയിലേക്ക് ഊളിയിട്ടിറങ്ങും. ഒടുവില്‍, ശൈശവവും കൗമാരവും കടന്ന് യുവാവായി മാറുമ്പോള്‍ ഭാവി സ്വപ്നങ്ങളും ഇണയെ തേടിയുള്ള നോട്ടങ്ങൾക്കും പകരം... പണ്ടെങ്ങോ ആരോ വരച്ച ഒരതിര്‍ത്തിയിലേക്ക് കൈചൂണ്ടി കാണിച്ച് ആ സമൂഹം അവനോട് പറയും.
"ആ വരക്കിപ്പുറം നിന്റെ രാജ്യം. അപ്പുറത്ത് നിന്റെ ശത്രുക്കളും. അവരെ മുഴുവനുമില്ലാതാക്കൽ മാത്രമാണ് നിന്റെ ജീവിത ലക്ഷ്യം. അവിടെയുള്ള നഗരങ്ങളും ഗ്രാമാന്തരങ്ങളും കത്തിച്ചു ചാമ്പലാക്കി 'വിജയശ്രീലാളിതനായി' മടങ്ങി വരിക..."
എന്നാലൊരു തിരുത്ത്...
മനുഷ്യരെല്ലാം സഹോദരങ്ങളല്ലെ. സ്വന്തം സഹോദരനെ കൊന്ന് തള്ളുന്നത് എങ്ങനെയാണ് വിജയശ്രീലാളിത വകുപ്പില്‍പ്പെടുന്നത്. പരസ്പരം കൊന്ന് തീര്‍ക്കുന്നത് എന്തിനുമായിക്കൊള്ളട്ടെ സ്വന്തം കൂടപ്പിറപ്പിനെതിരെ വാളെടുക്കേണ്ടി വരുന്നത് ആത്യന്തികമായി പരാജയത്തെയല്ലെ സൂചിപ്പിക്കുന്നത്. വാളും പരിചയും കൊടുത്തു വിടുന്നവർ അറിയുന്നുണ്ടോ സര്‍വ്വ പ്രദേശങ്ങളുമുൾകൊണ്ട ഈ ഭൂമി അതിര്‍ത്തികളില്ലാത്ത പെരുംവിസ്മയ മഹാപ്രപഞ്ചത്തിന്റെ ഭാഗങ്ങളാണെന്ന്. അതിലെവിടെയുണ്ടാകുന്ന ഏത് നശോന്മഗദയും എല്ലാവരെയും ബാധിക്കുമെന്നും.
മരണ ശേഷം പരേതനു വേണ്ടി ചെയ്യേണ്ടുന്ന കര്‍മ്മങ്ങള്‍ തങ്ങൾക്കായി കാലെകൂട്ടി ചെയ്യാൻ ചാവേറുകള്‍ തിരുനെല്ലി ക്ഷേത്രാങ്കണത്തിൽ ചെല്ലുന്നതോടെയാണ് മാമാങ്ക ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത്. അടിയന്തിര കര്‍മ്മങ്ങളെല്ലാം ചെയത് തീര്‍ത്ത് മടങ്ങുമ്പോൾ ബ്രഹ്മഗിരി മലനിരകളുടെ അഭൗമമായ സൗന്ദര്യമോ പാപനാശം നദിയിലെ കളകൂജനമോ ആ മനുഷ്യരെ വശീകരിക്കാറില്ല. അവർ നേരെ നടക്കും... മലയിറങ്ങി തിരുമാന്ധാംകുന്നിലമ്മയുടെ നടയിലെ ഭജനമിരിപ്പിലേക്കവർ പ്രവേശിക്കും... ബലി നൽകാൻ വളര്‍ത്തുന്ന കോഴികളെ പോലെ നാല്‍പത്തിയൊന്ന് ദിവസം.
ക്ഷേത്രത്തിന്റെ പടിവാതില്‍ക്കലുള്ള ചാവേര്‍ തറയിൽ നിരന്നിരിക്കുന്ന ആ ഹതഭാഗ്യരെ കാണുമ്പോൾ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന സാമാന്യജനങ്ങൾ എന്തായിരിക്കാം ചിന്തിച്ചിട്ടുണ്ടായിരിക്കുക. ദൈവമേ... ഇങ്ങനെയൊരു വിധി മറ്റാര്‍ക്കുമിനി വരുത്തല്ലേ എന്നോ. എന്നിരുന്നാലും, ആ ജനതയുടെ മുഖത്ത് നിർവികാരത നിഴലിച്ചിരുന്നിരിക്കാം. ചെരക്കപറമ്പിൽ പോയി തലമൂഢനം ചെയത്, മഞ്ഞൾ തേച്ച്, ചുവന്ന കച്ചയും കെട്ടി മലാപ്പറമ്പ് ക്ഷേത്രത്തിൽ പോയി തെച്ചി മാലയും അണിഞ്ഞാണ് അവരൊടുവില്‍ പുതുമനയിലെത്തുന്നത്. അവിടെ തേക്കിനി തറയിലിരുന്ന് ഉപ്പും വെളിച്ചെണ്ണയും പകര്‍ന്ന ചോറുരുളകൾ പുതുമന അമ്മയില്‍ നിന്നും വാങ്ങി ഭക്ഷിക്കുമ്പോൾ അതിന്റെ സ്വാദവർ അറിയുന്നുണ്ടായിരിക്കുമോ... ഇനി യാത്രയാണ്. തിരിച്ചുവരാത്ത യാത്ര. ലോക ചരിത്രത്തിൽ ഇന്നുവരെ ആരും തന്നെ വിജയക്കൊടി നാട്ടാത്ത 'യുദ്ധമെന്ന' പൈശാചികതയുടെ ഭാഗമാകാൻ. അങ്ങനെ, മണിക്കിണറിന്റെ ആഴംപോൽ ഭൂമിയില്‍ നിന്നും വിസ്മൃതരാവാൻ.
ഗൂഡല്ലൂരിലെ പന്തല്ലൂർ മലകൾ മുതൽ പൊന്നാനി വരെ നീണ്ടു നിന്നിരുന്ന ഒരു നാട്ടുരാജ്യത്തിന്റെ അഭിമാനം കാക്കാനാണ് ആ മനുഷ്യരന്ന് പടവെട്ടിയതെങ്കിൽ ഇന്നാ രാജ്യമെവിടെ... ആ രാജാവെവിടെ... എല്ലാം ചരിത്രത്തിൽ വിലയം പ്രാപിച്ചിരിക്കുന്നു. അന്നാരെയാണോ അവർ ശത്രുവായി മനസ്സിൽ പ്രതിഷ്ഠിച്ച് കൊല്ലാനിറങ്ങി പുറപ്പെട്ടിരുന്നത് അവരും ആ ശത്രുരാജ്യവുമിന്ന് അസ്തമിച്ചിരിക്കുന്നു. എന്നാൽ, സ്വയം ബലിയർപ്പിച്ചവരുടെ ആർത്തനാഥങ്ങൾ മാത്രം വീരകല്ലുകൾക്ക് പോലും വേണ്ടാതെ ബാക്കിയായിരിക്കുന്നു. മാറ്റിയും നീട്ടിയും വരച്ച ആ അതിര്‍ത്തി രേഖകളിന്ന് ഭൂമിയിലെ ഏതെങ്കിലുമൊരു ദേശത്ത് കിതച്ച് നില്‍ക്കുന്നുണ്ടായിരിക്കാം. ഇരുവശത്തും അങ്കക്കലി പൂണ്ട് പരസ്പരം രക്തം ചിന്തി 'വീരസ്വര്‍ഗ്ഗം' പ്രാപിക്കാനെന്നോണം ചാവേറുകളും. എന്നാൽ, മേല്‍ വീരസ്വര്‍ഗ്ഗം ലഭിക്കുന്നതാർക്കാണ്... അപ്പുറത്തുള്ളവർക്കോ അതോ ഇപ്പുറത്തുള്ളവർക്കോ. ചരിത്രത്തിന്റെ കുത്തൊഴുക്കിൽ ആ അതിര്‍ത്തിയും നാളെയൊരുനാൾ ഇല്ലാതാകുമായിരിക്കും. തങ്ങളുടെ ജീവിതം എന്തിന് വൃഥാ ബലിയാക്കപ്പെട്ടു എന്ന് തിരിച്ചറിയാനാകാതെ കുറേ ആത്മാക്കളെ ബാക്കിയാക്കി കൊണ്ട്.
കാലത്തിന്റെ കുത്തൊഴുക്കിൽ അതിര്‍ത്തികളോരോന്നും മാഞ്ഞ് തേഞ്ഞില്ലാതാകുന്നു. ലോകത്തിന്റെ കഥ അതിർത്തികളുടെ കൂടി കഥയാണല്ലോ. നിരന്തരം മാറ്റി വരക്കപ്പെട്ടുകൊണ്ടിരിക്കുന്ന അനേകം അതിര്‍ത്തികളുടെ കഥ... കൂട്ടിയും, നീട്ടിയും, കിഴിച്ചും, കുറച്ചും, മുറിച്ചും ഒരു നാളാ രേഖകളെല്ലാം ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകരിക്കപ്പെടുമെന്ന് അവരെന്തേ മനസ്സിലാക്കുന്നില്ല.
കണ്ണിന് കുളിര്‍മയേകുന്ന മക്കളുടെ കുസൃതിക്കും, നിസ്വാര്‍ത്ഥമായ മാതാവിന്റെ ലാളനക്കും, പ്രേമസുരഭിലമായ പ്രിയതമയുടെ കൊഞ്ചി കുഴലുകൾക്കും, മഴക്കും, കാറ്റിനും, തണുപ്പിനുമപ്പുറം രാജ്യവും, രാജ്യത്തിന്റെ പകയും മാത്രമാണെന്ന് ഇന്നുമവർ കേള്‍ക്കുന്നുണ്ടായിരിക്കാം. നിലപാട് തറയിലെ സൈനിക നിരകള്‍ക്ക് വെളിയില്‍ പോർവിളികളും അട്ടഹാസങ്ങളുമായുണ്ടായിരുന്ന ആ പഴയ ജനതയെ പോലെ യുദ്ധ വാർത്തകൾക്ക് കാത്തിരിക്കുന്ന ഒരു സമൂഹം ഇന്നും ഈ അഭിനവ ചാവേറുകള്‍ക്ക് ചുറ്റും സജീവമാണ്. ആ ജനത ആവേശകരമായ ഒരു വാക്കുതര്‍ക്കത്തിനോ, ദാരുണമായ ഒരാക്രമണത്തിനോ, നിഷ്ഠൂരമായ ഒരു യുദ്ധത്തിനോ വേണ്ടി കൊതിയോടെ കാത്തിരിക്കുന്നു.
കാലവും, ദേശവും, വ്യവസ്ഥകളുമാണ് മനുഷ്യരെ ചാവേറുകളാക്കി മാറ്റുന്നത്. സമൂഹത്തിന്റെ സൃഷ്ടികൾ. ആ യുവാക്കള്‍ പൂര്‍ണ്ണമാകാത്ത അവരുടെ സ്വപ്നങ്ങളുമായി എവിടെയോ കാത്തിരിക്കുന്നുണ്ടാകാം... ഒരിക്കല്‍ കൂടി ഭൂമിയെന്ന ഈ വീര സ്വര്‍ഗ്ഗത്തിലേക്ക് പറന്നിറങ്ങാൻ. അങ്കക്കലിയും തീരാപകകളും ഉപേക്ഷിച്ച് സന്തോഷത്തോട് കൂടി ഒരുമിച്ചിരുന്ന് കിനാവ് കാണാൻ, സ്വപ്നങ്ങൾ നെയ്ത് കൂട്ടാൻ.
അയാൾ പതിയെ എണീറ്റ് തിരിഞ്ഞു നിന്ന് ആയാസപ്പെട്ടെന്നോണം കരിങ്കൽ പടികൾ കയറുന്നത് ഞാൻ കണ്ടു. എനിക്കിപ്പോളൊരു പാണൻപാട്ട് ശകലമാണ് ഓര്‍മ്മ വന്നത്...
"അഞ്ചാറു പെറ്റിട്ടിനി നീയല്ലേ എനിക്കുള്ളു...
നീയതുപോയാലുണ്ണീ കണ്ടരായോ..."
ശുഭം.




No comments:
Post a Comment