Wednesday, 12 October 2022

മധുര നോമ്പുകൾ

ഇതെന്റെ അനുഭവ കുറിപ്പാണ്‌. പച്ചയായ എന്റെ ജീവിതം. പത്ത് മുപ്പത്തി രണ്ട് വര്‍ഷക്കാലം ആർക്കു മുന്നിലും വെളിവാക്കാതെ ഞാനെന്റെ മനസ്സിന്റെ ആഘാതതയില്‍ സൂക്ഷിച്ച എന്റെയൊരു വലിയ ദുഃഖത്തെ ഞാനിന്ന് വെളിച്ചം കാണിക്കുകയാണ്. അതിനൊരു അനിവാര്യതയുണ്ട്. സമാനമായ സാഹചര്യങ്ങളിലൂടെ കടന്ന് പോയേക്കാവുന്ന എന്റെ സഹോദരങ്ങൾക്കിതൊരു നടവഴി ആയേക്കും എന്ന് ഞാന്‍ തീര്‍ച്ചയായും കരുതുന്നു.

അത്രമാത്രം.

നിര്‍ഭാഗ്യവശാലോ ഭാഗ്യവശാലോ വളരെ ചെറുപ്പത്തിലേ ഞാനൊരു പ്രമേഹ രോഗിയായിരുന്നു. പണ്ടെന്റെ നാട്ടില്‍ വ്യാവസായിക വിപ്ലവ മുന്നേറ്റങ്ങളുടെ അടയാളം പോൽ ടപ്പേ... ടപ്പേ എന്ന് നിരന്തരം ശബ്ദം പുറപ്പെടുവിക്കുന്ന ഒരു പഴയകാല അച്ചടി ശാലയുടെ സമീപത്ത് വര്‍ഷങ്ങളുടെ പ്രവർത്തന പാരമ്പര്യവുമായി പ്രവർത്തിച്ചു വരുന്ന ഒരു വൈദ്യരുണ്ടായിരുന്നു. കെട്ടിലും മട്ടിലും ഒരു തമ്പുരാനെ പോലെ തോന്നിപ്പിക്കുന്ന അദ്ദേഹത്തിന്റെ പേര്‌ ചിന്നന്‍ വൈദ്യരോ മറ്റോ ആണെന്നാണ് എന്റെ ഓര്‍മ്മ. അദ്ദേഹമാണ് ആദ്യമായി എനിക്ക് പ്രമേഹം സ്ഥിരീകരിക്കുന്നത്.

"ഉമ്മാച്ചു... ഇത് പ്രമേഹം തന്നെയാ... മറ്റെവിടെ കാണിച്ചിട്ടും കാര്യല്ല... സമയം കൊർച്ചങ്ങട്ട് പോകും അത്രമാത്രം..."

വൈദ്യർ തറപ്പിച്ചു പറഞ്ഞു. പറഞ്ഞത് ശരിയാണ് താനും. ഞാനന്നൊരു പ്രമേഹ രോഗിയായി അഭിഷേകം ചെയ്യപ്പെട്ടു. എന്റെ ജീവിതത്തെ സംബന്ധിച്ച വളരെ പ്രധാനപെട്ടൊരു നിമിഷം. വിലക്കുകളുടെ ഘോഷയാത്ര. കുട്ടികൾ സ്വതവേ കഴിക്കുന്ന മിഠായികൾ പാടില്ല, ഐസ്ക്രീം, ബിസ്കറ്റ്, ചോക്ലേറ്റ്, തേൻ, ജ്യൂസ് തുടങ്ങിയ അതി രുചികരമായ ഭക്ഷണങ്ങളെല്ലാം എനിക്ക് വിലക്കപ്പെട്ട സുന്ദര മുഹൂര്‍ത്തം. പാവക്ക നീര്, ഒരു നേരത്തെ മാത്രമുള്ള അരി ഭക്ഷണ ഭോജനം, തീരെ സ്വാദോ ഗന്ധമോ കാണാത്ത കോറ എന്ന ഒരുതരം കഞ്ഞി, രാത്രിയിൽ സുലഭമായി കഴിക്കാൻ അനുമതിയുള്ള ഉണക്ക ചപ്പാത്തികൾ... തുടങ്ങിയവയൊക്കെയാണ് പ്രധാന ഭക്ഷണങ്ങൾ. 'പാടില്ല' എന്ന സ്വരം മാത്രമാണ് ഞാനക്കാലങ്ങളിൽ ശ്രവിച്ചു വന്നിരുന്നതെന്ന് ഞാനിപ്പോളോര്‍ക്കുന്നു. ഞാൻ പറഞ്ഞല്ലോ... തടസ്സങ്ങളുടെ മഹാകുമ്പ മേളകളാണ് എവിടെയും. ജീവിതത്തേക്ക് പിച്ചവെച്ചു കയറി അതിന്റെ താള മാനങ്ങളെ പരിചയപ്പെട്ട് തുടങ്ങിയ ഒരു കുഞ്ഞിന്റെ മുന്നില്‍ ഈ അനുഭവങ്ങൾ വലിയ സംഭ്രമത്തിനാണ് വഴിവെച്ചത് എന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട്‌ തന്നെ എന്റെ നോമ്പോർമ്മകളും അല്‍പ്പം വ്യത്യസ്തമായിരുന്നു. ചെറുപ്പ കാലത്ത്‌ പ്രമേഹം പിടികൂടിയ ഒരു കുഞ്ഞിന്റെ മനസ്സിലെ മനോവ്യാപാരങ്ങള്‍. നോമ്പില്ലാത്തവനും നോമ്പുകാരെ പോലെ പെരുമാറണമെന്ന താക്കീതിന് മുന്നില്‍ എന്താണ്‌ തനിക്ക് സംഭവിക്കുന്നതെന്ന് പോലുമറിയാൻ കഴിയാതെ... നോമ്പിനാൽ താന്‍ അനുഭവിക്കുന്ന ശാരീരിക പ്രയാസങ്ങള്‍ തനിക്ക് ചുറ്റുമുള്ളവരും അനുഭവിച്ച് വരുന്നുണ്ടായിരിക്കാം എന്ന മിഥ്യാധാരണക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട എന്റെ കർമ്മോത്സുകതകൾ.

നിരന്തരമെന്നെ വേട്ടയാടി കൊണ്ടിരുന്ന ഒരു വലിയ ദുഖത്തിന്റെ ഓര്‍മ്മ പെടുത്തലുകളാണ് എനിക്കെന്റെ ഓരോ നോമ്പ് കാലങ്ങളും.

ഓരോ റമദാനും കടന്ന് വരുമ്പോൾ ഞാനെന്റെയാ കഴിഞ്ഞ കാലങ്ങളെ ഓര്‍ക്കാറുണ്ട്. ഒരുപക്ഷേ, ഭക്തിയുടെയും ദാനധര്‍മ്മങ്ങളുടേയും ആ കാലങ്ങളെ നിലക്കാത്ത ക്ഷീണത്തിന്റേയും ശാരീരിക പ്രയാസങ്ങളുടേയും ഉറക്ക ചടവിന്റേയും മിശ്രിതമായി തീര്‍ത്തും ആലസ്യമായ ദിനങ്ങളായാണ് ഞാനനുഭവിച്ച് വന്നിട്ടുള്ളത്. കുടിക്കാൻ വെള്ളം ലഭിക്കാതെ, കഴിക്കാൻ കൃത്യമായി ഭക്ഷണം ലഭിക്കാതെ, നേരം കെട്ട നേരമെന്നപോലെ പ്രഭാതത്തിന് മുമ്പും സന്ധ്യക്ക് ശേഷവും ഭക്ഷണം കഴിക്കേണ്ടി വന്നിരുന്ന ഒരു പ്രയാസ മാസമെന്നോളം ഞാനതിനെ കണ്ടു. സര്‍വ്വശക്തനും കരുണ നിധിയുമായ അല്ലാഹ് എനിക്ക് പൊറുത്ത് നല്‍കട്ടെ. ഞാൻ പറഞ്ഞല്ലോ... ഓരോ റമദാനുമെനിക്ക് കടുത്ത ക്ഷീണത്തിന്റെ അടയാളങ്ങളാണെന്ന്. മനുഷ്യനെ ഇത്രമേല്‍ പ്രഹരിക്കുന്ന ഈ കര്‍മ്മം എന്തിനാണ് ദൈവം മുസ്ലീങ്ങളുടെ മേലെ നിര്‍ബന്ധമാക്കിയതെന്ന് പോലും ഞാനന്ന് ബുദ്ധി ശൂന്യമായി ചിന്തക്കുമായിരുന്നു. ദൈവം അത്രക്ക് ഹൃദയ ശൂന്യനാണോ? ക്ഷീണത്തിനു മേല്‍ ക്ഷീണവുമായി വേച്ച് വേച്ച് നീങ്ങുന്ന കാൽ പാതങ്ങളുമായി അലൗകികവും ആദ്ധ്യാത്മികവുമായ ഭക്തി ലോകത്ത് മനുഷ്യര്‍ക്കെങ്ങനെയാണ് വിഹാരിക്കാൻ സാധിക്കുന്നതെന്ന എന്റെ മൂഢധാരണക്കു മുന്നില്‍ കാലം പോലും തല കുനിച്ചിരുന്നിരിക്കാം.

നാട്ടിൽ പ്രവര്‍ത്തിച്ചു വരുന്ന വിശ്വപ്രസിദ്ധമായ അറബി കലാലയമാണ്‌ ജാമിയ നൂരിയ അറബി കോളേജ്. കോളേജ് വക ജുമ മസ്ജിദിന്റെ പിന്‍ഭാഗത്തെ അതിവിശാലമായ ഹൗളിന്റെ ഒത്ത നടുക്കുയർന്ന് നില്‍ക്കുന്ന മൂന്ന് ശിലാ നിര്‍മ്മിതമായ കുടിവെള്ള സ്രോതസ്സുകളുടെ കാഴ്ച്ച അതി മനോഹരമാണ്. ഒരു പുരാതന ശില്‍പം പോലെ തോന്നിക്കുന്ന അതിലേക്ക് നിലക്കാതെ വെള്ളം പമ്പ് ചെയ്യപ്പെടുന്നത് പള്ളിക്ക് തൊട്ട് സമീപത്തു തന്നെയുള്ള ആഴമേറിയ കുളത്തിൽ കുഴിച്ച ആഘാതമായ കിണറിനുള്ളിലെ തെളിവെള്ളമാണ്. അറബി കോളേജിനായി തന്റെ സകല സ്വത്തും ദാനം നല്‍കിയ കൊടുവായക്കൽ ബാപ്പു ഹാജി തന്റെ വളപ്പിന്റെ ഒരതിരിൽ കുഴിച്ച മേല്‍ കുളവും പള്ളിക്കായി സ്ഥലമനുവദിച്ച കൂട്ടത്തിൽ നല്‍കിയതാകാനെ വഴിയുള്ളു. ഹൗളിലെ മേല്‍ ശുദ്ധ ജല ധാരയിൽ നിന്നും ധാരധാരയായി താഴേക്കൊഴുകുന്ന കുടിവെള്ളം കൈയിൽ കോരി മുക്കി കുടിക്കുന്നതിൽ ആനന്ദം കണ്ടിരുന്ന എന്റെ ചെറുപ്പകാലം റമദാനിലും ആ പരുപാടി തുടർന്ന് വന്നു എന്നുള്ളതാണ് അതിനെ സംബന്ധിച്ച എന്റെ ഏറ്റവും വലിയ ഓര്‍മ്മ. പാത്തും പതുങ്ങിയും... നമസ്കാരം തുടങ്ങുന്നതിന് മുമ്പ് വളരെ നേരത്തെ എത്തിയും... അല്ലെങ്കിൽ, ഒടുവില്‍ അതിന്റെ ഒടുക്കം നോക്കി എത്തി ചേര്‍ന്നും 'നോമ്പുകാരനായി' കൊണ്ട്‌ തന്നെ ഞാനെന്റെ കടുത്ത ദാഹം അകറ്റി വന്നു.

"കേൾക്കണോ റംലേ... എന്റെ മകനുമിന്ന് നോമ്പാണ്..."

അയല്‍ വീട്ടിലെ സ്വറ പറച്ചിലിനിടയിൽ എന്റെ പ്രിയ മാതാവ് അഭിമാനത്തോടെ അങ്ങനെ പറയുന്നത് ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്. അവിടെയുള്ള എന്റെ സമപ്രായക്കാരായ കുട്ടികളും നോമ്പുകാരാകുമ്പോൾ ഞാൻ മാത്രമെങ്ങനെയാണീ ശാരീരിക വൈഷമ്യത്തിന്റെ പേരും പറഞ്ഞ്‌ നോമ്പുപേക്ഷിച്ച് നടക്കുക എന്നുള്ളതായിരുന്നു നോമ്പെടുക്കാൻ കഴിയാത്ത കാര്യം വെളിപ്പെടുത്താൻ എനിക്ക് മുന്നിലുള്ള ഏക തടസ്സം. എന്റെ മാതാവിന് ഞാനാല്‍ അപൂര്‍വ്വം മാത്രം അഭിമാനിക്കാൻ ലഭിക്കുന്ന ഈ അവസരം പാഴാക്കി കളയാന്‍ ഞാനെന്തിനു വെറുതെ ശ്രമിക്കണം... നോമ്പുകാരനെന്ന പത്രാസ്സ് എല്ലാവരാലും വലിയ പ്രശംസക്കും പാത്രമാകുന്നു എന്ന കാര്യം മറ്റൊന്ന്. എളാപ്പമാരിൽ ചിലര്‍ പറയും...

"ഇങ്ങനെ മുഴുവന്‍ നോമ്പുമെടുത്താൽ നിനക്കൊരു ഉഗ്രന്‍ സമ്മാനം" എന്ന്.

സമാനമായ അനേകം കാലങ്ങൾ കഴിഞ്ഞു പോയി. നോമ്പ് കാലത്തെ ശാരീരിക പീഡനങ്ങളും തുടർന്നു വന്നു. ഭക്ഷണം കഴിക്കാതെയും, വെള്ളം കുടിക്കാതെയും  മുന്നോട്ട് നീങ്ങാന്‍ സാധിക്കില്ല എന്ന് വ്യക്തമായ നിമിഷത്തില്‍ നാട്ടിലെ ഒരു തിയ്യ തറവാട് മുറ്റത്തെ അവരുടെ പഴയകാല കാലി തൊഴുത്തിൽ റമദാൻ കാലത്ത്‌ മാത്രമായി തുറന്ന് പ്രവർത്തിച്ചിരുന്ന നാടൻ ഭക്ഷണ ശാലയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍. നോമ്പ് കാലത്ത്‌ എന്തിന്റെ പേരിലായാലും ഹോട്ടലുകളിൽ കയറുന്നത് മഹാ മാനഹാനി വരുത്തുന്ന സംഗതി ആകയാല്‍ വളരെ സൂക്ഷ്മതയോടെ മാത്രമാണ്‌ ഞാനാ പ്രവര്‍ത്തിക്കിറങ്ങാറ്. ഹോട്ടലിന് സമീപത്തെത്തി ചേര്‍ന്നാല്‍ ആദ്യം ചുറ്റുമൊന്ന് നിരീക്ഷിക്കും. എന്നെ പിന്തുടരുന്നവർ, ഹോട്ടലിനു സമീപത്തെ കെട്ടിടങ്ങളിൽ നിന്നും ബസ്സുകളിലെ ചെറിയ കവാടങ്ങളിൽ നിന്നും പുറത്തേക്ക്‌ ദൃഷ്ടി പായിക്കുന്നവർ, തെരുവിലൂടെ നടന്ന് പോകുന്നവർ, വാഹന യാത്രികര്‍ അങ്ങനെ ആരെങ്കിലും എന്നെ മാത്രമായി തുറിച്ച് നോക്കുന്നുണ്ടോ എന്ന്. അവരിലെ ആർക്കെങ്കിലും എന്നെ അറിയുമോ എന്ന്. എനിക്കവരെ അറിയുമോ എന്നും. എല്ലാം ഭദ്രമാണന്ന് ഉറപ്പായാൽ മാത്രം തലയില്‍ മുണ്ടിട്ടെന്നപോലെ ഞാൻ ഹോട്ടലിനുള്ളിലേക്ക് വലിഞ്ഞ് കയറും. പിന്നെ, മുൾമുനയിലെ നിമിഷങ്ങളാണ്. പരുക്കന്‍ മരമേശമേൽ വിളമ്പി വെച്ച ഭക്ഷണത്തിന്റെ ഹൃദ്യമായ വാസനക്കപ്പുറം, വയറിലെ വിശപ്പിനും കടുത്ത ദാഹത്തിനുമപ്പുറം ഹൃദയം നുറുങ്ങുന്ന ഭയമെന്നെ വലയം ചെയ്യുകയായി. തന്നെ അറിയുന്ന ആരെങ്കിലും പെട്ടെന്നീ വഴി വന്നാൽ... അവരെങ്ങാനുമെന്നെ കണ്ടാല്‍... എന്താകും എന്റെ സ്ഥിതി. ദൈവമേ...

പക്ഷേ, ദൈവം കാരുണ്യവാനായിരുന്നു.

നോമ്പ് കാലത്തെ ആദ്യ ആഴ്ച്ചകളിൽ അത്താഴം കഴിച്ച് ഉറങ്ങി വീണ്ടും എണീറ്റതിനെ തുടര്‍ന്നുള്ള ഉറക്കച്ചടവോടെ സ്കൂളിലെത്തി ഡെസ്കിന് ചുറ്റും കൂട്ടമായി ഇരുന്ന് നോമ്പിനെ കുറിച്ച് കൂട്ടുകാർ വാചാലരാകുമ്പോൾ വ്യസനത്തോടെ ഞാനത് കേട്ടു നിന്നതോര്‍ക്കുന്നു.

"ഇന്നലത്തെ നോമ്പ് പരമ സുഖമായിരുന്നു... തീര്‍ത്തും അറിഞ്ഞതേ ഇല്ല..." ചിലര്‍ പറയുന്നത് കേൾക്കുമ്പോൾ ദുഃഖം തോന്നും. എനിക്കും അവരെപ്പോലെ നോമ്പിന്റെ ദിവ്യാനുഭൂതിയെ കുറിച്ച് എന്തുകൊണ്ട്‌ വാചാലമാകാൻ സാധിക്കുന്നില്ല എന്നോര്‍ത്തെന്റെ ശിരസ്സപ്പോൾ താഴും.

"അതേ... എനിക്കുമതേ..." എങ്കിലും, ഞാനും നുണകള്‍ കൊണ്ടവരുടെ ഒപ്പമെത്താൻ മത്സരിക്കും... തകർന്ന് പോകുന്നവന്റെ ആകെയുള്ള പിടിവള്ളിയാണല്ലോ കള്ളങ്ങള്‍.

"വൈകുന്നേരമായെങ്കിലും ഇന്നും ക്ഷീണം ലവലേശമില്ല" എന്ന് സ്ഥിരമായി പറയുന്ന സമീര്‍ എന്ന എന്റെയൊരു കൂട്ടുകാരനോട് എനിക്കക്കാലങ്ങളിൽ വെറുപ്പായിരുന്നു. കടുത്ത ദാഹം കാരണം വരണ്ടുണങ്ങിയ തൊണ്ടയുമായി ഞാനവനോട് പറയും,

"ഇന്നെനിക്കും നല്ലോരു നോമ്പ് ദിവസം തന്നെ. വിശപ്പ് ഒട്ടുമേ ഇല്ല... ദാഹവും" ഒരു നുണയെ മറച്ച് വെക്കാൻ വീണ്ടും വീണ്ടും നുണകള്‍ പറയേണ്ടി വരുന്നവന്റെ വേദന വമ്പിച്ചതാണ്. ക്ഷീണം... ക്ഷീണത്തിന്റെ മഹാ കുത്തൊഴുക്കുകൾ. നിദ്രയിലേക്ക് വഴുതി വീഴാന്‍ തുടങ്ങുന്ന മനസ്സ്. കഠിനമായ ഉറക്ക ചടവ്. ആലസ്യത്തിന്റെതായ സ്കൂൾ മണിക്കൂറുകൾ...

ചില ദിവസങ്ങൾ സ്കൂളിലേക്കുള്ള യാത്ര നേരെ പള്ളിയിലേക്ക് ഞാൻ നീട്ടാറുണ്ട്. സ്വഫുകളിലിരുന്നും തൂണുകൾ, ചുമരുകൾ തുടങ്ങിയവയില്‍ ചാരിയിരുന്നും മുന്നോട്ടും പിന്നോട്ടുമുള്ള ചെറിയ ആട്ടത്തോടെ വിശുദ്ധ ഖുർആന്‍ പാരായണം ചെയ്യുന്ന മനുഷ്യരെ കാണുമ്പോള്‍ ഞാൻ അത്ഭുദപ്പെട്ട് പോകും... വയറ്‌ കാലിയാക്കി എങ്ങനെയാണീ മനുഷ്യര്‍ക്ക് മധുരമനോഹരമായ ശബ്ദത്തിലീ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യാനും അത് ഗ്രഹിക്കാനും സാധ്യമാകുന്നതെന്ന് ഞാനിപ്പോൾ ചിന്തക്കും. അവരെ അനുഗമിച്ചെന്നോണം അലമാരയിൽ നിന്നുമൊരു ഖുർആനെടുത്ത് വിശാലമായ സ്വഫിലെവിടെയെങ്കിലും ചമ്രം പടിഞ്ഞിരിക്കുമ്പോഴേ ഉറക്കമെന്നെ വലയം ചെയ്യാൻ തുടങ്ങുകയായി. പള്ളി വരാന്തയിലെ നീട്ടി നിവര്‍ത്തി വിരിച്ചിരിക്കുന്ന പുൽപ്പായയിലെന്റെ ക്ഷീണം ഞാനിറക്കി വെക്കുമ്പോൾ ആശ്വാസകരമാണ്. ശാന്ത സുന്ദരമായ ഉറക്കം. ക്ഷീണത്തിന് നന്നേ കുറവ്.

അത്തരമൊരു ദിവസമാണ് സമീപത്ത് നിന്നുമെന്തോ ശബ്ദം കേട്ട് ഞാനുണരുന്നത്. എന്റെ ഇരു വശത്തുമായി അനേകം ആളുകൾ നിരനിരയായി മലര്‍ന്നു കിടന്നുറങ്ങുന്നുണ്ട്. പുറത്ത്‌ നല്ല ഉഷ്ണമാണ്. കഠിനമായ ജോലിക്കിടയില്‍ കിട്ടുന്ന വിശ്രമ വേളകളായിരുന്നിരിക്കാം അവർക്കാ നേരം. സുന്ദരമായ ഉറക്കത്തിൽ നിന്നുള്ള വ്യതിചലനം ഉണ്ടാക്കിയ ഈർശയോടെ ഞാൻ എണീറ്റിരുന്ന് ആ ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് കണ്ണ് പായിച്ചു. അല്‍പ്പം അകലത്തായി പള്ളിയുടെ ഒരു മൂലയില്‍ ഒരു ചെറിയ ആൾ കൂട്ടം വട്ടത്തിലിരിക്കുന്നത് കാണുന്നു. അതിന്റെ ഒത്ത നടുവില്‍ നിന്നാണ് ശബ്ദമുയർന്ന് കേള്‍ക്കുന്നത്. പരമഭക്തി ആദരവോട് കൂടി നിശബ്ദമായവരാ ശബ്ദം കേള്‍ക്കുന്നു. എല്ലാവരുടേയും ശ്രദ്ധ ആ വൃത്തത്തിന്റെ നടുവിലേക്കാണ്. പ്രാസംഗികൻ ഒരു വൃദ്ധനാണന്ന് ശബ്ദം ശ്രവിച്ചപ്പോൾ മനസ്സിലായി. എന്നാൽ, അദ്ദേഹത്തിന്റെ തലയില്‍ ഉയർത്തി കെട്ടി വെച്ച വെള്ള തുണിയുടെ ഒരു ഭാഗം മാത്രമാണ് ദൂരെ നിന്നും ഞാൻ കാണുന്നുണ്ടായിരുന്നുള്ളൂ. ഈ ഉച്ചവെയില്‍ താഴുന്ന സമയം ഇതെന്തായിരിക്കാം അയാളീ മനുഷ്യരോട് പറയുന്നത് എന്ന് ഞാന്‍ ചിന്തിച്ചു. തീര്‍ച്ചയായും ഉപദേശങ്ങള്‍ ആയിരുന്നിരിക്കാം... നോമ്പ്, സകാത്ത്, നമസ്കാരം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത അനേകം വിഷയങ്ങളുമായി പരന്ന് നിവർന്ന് കിടക്കുന്ന ഇസ്ലാമിക കര്‍മ്മ ശാസ്ത്ര സംബന്ധമായ ചർച്ചകളായേക്കാമത്. ഉറക്കം നഷ്ടപ്പെട്ട വ്യാസനത്താൽ അല്‍പ്പം നേരം കൂടി ഞാനാ ഭാഗത്തേക്ക് നോക്കി നിന്നു. പിന്നെ, യാന്ത്രികമായി അവിടേക്ക് നടന്ന് നീങ്ങി...

"ഈ ലോകം നോമ്പ് ഇല്ലാത്തവരുടേത് കൂടിയാണ്‌..."

നടന്ന് നീങ്ങുമ്പോള്‍ ആ വാക്കാണ് പെട്ടന്ന് ഞാനാ കൂട്ടത്തിൽ നിന്നും ഉയർന്ന് കേട്ടത്. എന്റെ മനസ്സിനെ പിടിച്ച് കുലുക്കിയ ഒരു വാചകമായിരുന്നു അതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അനേകം നാളത്തെ എന്റെ ആത്മ സംഘർഷത്തിനു മുകളിലുദിച്ച ആശ്വാസ കിരണം. എന്റെ തൊട്ടരികിൽ അല്‍പ്പം അകലത്തായി പള്ളിയുടെ ചെറിയ വാതായനം കാണാം. അവിടെ പ്രപഞ്ചം മന്ദസ്മിതം തൂകി നില്‍ക്കുന്നു. ദൈവമേ... ഞാനിങ്ങോട്ട് ആകര്‍ഷിക്കപ്പെടുകയായിരുന്നോ... അതോ, നയിക്കപ്പെടുകയോ... അറിയില്ല. ഞാന്‍ നടത്തം വേഗത്തിലാക്കി. പുറം പള്ളിയിൽ നിന്നും അകം പള്ളിയിലെ മിഹ്റാബിന് സമീപത്തേക്ക് കാതങ്ങൾ അനേകം ദൂരമുണ്ടന്നെനിക്ക് തോന്നി.

"രോഗം കൊണ്ട്‌ പ്രയാസമനുഭവിക്കുന്നവർ, യാത്രക്കാർ, അമുസ്ലീങ്ങൾ, മതത്തെ യഥാവിധി മനസ്സിലാക്കാത്തവർ, നോമ്പിന്റെ പ്രാധാന്യമോ അതിന്റെ ചൈതന്യമോ അറിയാതെ യാന്ത്രികമായി മാത്രമതിനെ അനുഭവിച്ച് വരുന്നവര്‍, ഇതുവരേക്കും നോമ്പിന്റെ ദൈവീക അനുഭൂതി അനുഭവിച്ചിട്ടില്ലാത്തവർ.... അങ്ങനെ അനേകം അനേകം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അവരേയും നമുക്ക് പരിഗണിക്കേണ്ടതുണ്ട്... അവരിലൂടെ കൂടിയാണ്‌ നമുക്ക് നമ്മുടെ നോമ്പ് പൂര്‍ത്തീകരിക്കപ്പെടുന്നത്..."

അയാൾ അയാളുടെ പ്രഭാഷണം തുടർന്ന് കൊണ്ടേ ഇരിക്കുന്നു...

അനേകം വര്‍ഷങ്ങളായി ഞാനനുഭവിച്ചു വന്നിരുന്ന എന്റെ മനോവ്യഥക്കിന്നിതാ ഉത്തരം ലഭിച്ചിരിക്കുന്നു. നോമ്പെടുത്താലുള്ള ശാരീരിക പ്രയാസങ്ങൾ മാത്രമായിരുന്നില്ല എന്റെ മനസ്സിനുള്ളിലെ സംഘർഷങ്ങൾ. ഒരു കള്ളനെപ്പോലെ ആരും കാണാതെ ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥ, അത് മറ്റുള്ളവരിൽ നിന്നും മറച്ച് വെക്കാനുള്ള പ്രയാസങ്ങള്‍, അതുകാരണം അസ്വാസ്ഥമാകുന്ന എന്റെ മനസ്സ്, എന്നെ നിരന്തരം വേട്ടയാടിയിരുന്ന പശ്ചാത്താപ പഴികൾ. ഒടുവില്‍, മറ്റുള്ളവരുടെ കൂടെ നോമ്പ് തുറക്കാനിരിക്കേണ്ടി വരുന്ന സ്ഥിതിവിശേഷം. വിശപ്പും ദാഹവും കാരണം ക്ഷീണിതനാണങ്കിൽ കൂടി ഒരു കപ്പ് വെള്ളവും ഏതാനും ചുള ഈത്തപ്പഴവും ആകര്‍ഷകങ്ങളായ പഴങ്ങളും മുന്നില്‍ നിരത്തി വെച്ച് ഖുർആൻ എന്ന ദൈവീക വചനങ്ങളിലേക്കൂളിയിട്ട് ദൈവത്തെ കുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്ന ആ മനുഷ്യരെ കാണുമ്പോൾ എന്റെ ഉള്ളൊന്ന് പിടക്കും. "എനിക്കും എന്തുകൊണ്ടങ്ങനെ...". ഒടുവില്‍, അങ്ങകലെ നിന്നും ബാങ്കുവിളി ഉയരുമ്പോൾ നോമ്പ് തുറക്കാനെന്ന ഭാവേനെ ഈത്തപ്പഴ ചുള ചവച്ചരച്ച് വെള്ളം കുടിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന ഖേദം..."ദാഹം ശമിച്ചു... നരമ്പുകള്‍ നനഞ്ഞു... അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറച്ചു" ആത്മാവില്ലാത്ത പ്രാർത്ഥന പോലെ ഞാനതുരുവിടുമ്പോൾ ദൈവം എന്നോട് കോപിക്കുന്നുണ്ടായിരിക്കുമോ... ഈ മാനസിക സംഘർഷങ്ങൾടയില്‍ നഷ്ടപ്പെടുന്ന എന്റെ ഖുറാന്‍ പാരായണം... തറാവിഹ്... അങ്ങനെ അനേകം അനേകം കാര്യങ്ങൾ വേറെയും. അതിനെല്ലാം കൂടി ഒരുത്തരം... ഒരേയൊരു ഇത്തരം...

"ഈ ലോകം നോമ്പ് ഇല്ലാത്തവരുടേത് കൂടിയാണ്‌..." അതെന്റെ ചെവിയില്‍ തിരമാല പോലെ വന്നടിക്കുന്നു.

ശുഭം

No comments:

Post a Comment