വീണ്ടും ഉമ്മ വീട്ടിൽ എത്തി ചേർന്നിരിക്കുകയാണ്. വിശ്രമം, ഭക്ഷണം, യാത്ര എന്നിത്യാദികളാണ് ഉമ്മ വീട്ടിലെ പ്രധാന പരിപാടികൾ. പക്ഷെ, കാർമേഘം മൂടിയ ആകാശം കാണുമ്പോൾ ഒന്നിനും താല്‍പര്യമില്ലാതായിരിക്കുന്നു. പോരാത്തതിന് നല്ല വിശപ്പും. അതിനാല്‍, മടിയന്മാരുടെ കച്ചവട സ്ഥലമായ കട്ടിലില്‍ മലര്‍ന്നു കിടന്ന് സ്വപനം കാണാനാണ് ഇന്നത്തെ എന്റെ പരുപാടി.
പുറത്തു തകർത്തു പെയ്യുന്ന നല്ല മഴയാണ്. കാലം മഴക്കാലമാണല്ലോ. ചവിട്ടടികളുടെ കുറവ് കാരണം മുറ്റത്തെ വളർന്ന് വലുതായ പുൽതകിടിക്കു താഴെ മാടമ്പി എന്ന വയൽ പരപ്പ് പച്ചയണിഞ്ഞ് പുതുനാരിയായി നില്‍ക്കുന്നുണ്ട്. നിറപുഞ്ച എന്നാണ് അതിനെ സര്‍ക്കാര്‍ രേഖകളിൽ വിശേഷിപ്പിച്ചു കാണുന്നത്. മാടമ്പിയിൽ നിന്ന് താളത്തിൽ ഉയരുന്ന തവളകളുടേയും ചീവിട് കുടുബത്തിന്റേയും ശബ്ദം ശ്രവിച്ചു കൊണ്ട് ശരീരത്തിലേക്കനാവശ്യമായി തലോടിയെത്തുന്ന ചെറിയ തണുപ്പിന്റെ അസ്വസ്ഥതയുമായി പൂമുഖത്തെ മരകട്ടിലിൽ മലർന്ന് കിടന്നെന്തൊക്കെയോ ചിന്തിക്കുകയാണ് ഞാന്‍. ചെറിയ തോതില്‍ തുമ്മൽ, ചീരാപ് തുടങ്ങിയവ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഞാൻ പറഞ്ഞല്ലോ... കാലം മഴക്കാലമാണ്. ഇതൊക്കെ പതിവാണ്.
എന്നിരുന്നാലും, അപ്പോഴാണ് കുറെ പഴങ്കഥകളൂമായി ഉമ്മു എന്റെ അരികിലേക്ക് കടന്നു വരുന്നത്. അത്യന്തം ആവേശകരമായ കഥകള്‍... ചെറുപ്പം മുതലേ എനിക്കതൊക്കെ കേള്‍ക്കുന്നത് വലിയ താല്‍പര്യമുള്ള കാര്യമായിരുന്നു. അവര്‍ക്കത് പറയാനും. ഒരായുസ്സ് മുഴുവന്‍ ജീവിച്ചു കടന്ന് വന്ന അവരുടെ മനസ്സിനുള്ളിലെ പൊടിപിടിക്കാതെ കിടക്കുന്ന ഒരുപിടി ഓർമ്മകളാണ് ആ കഥകൾ എന്ന് പറയാം. ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ. ഒരു വീടും അതിനുള്ളിലെ കുറേ മനുഷ്യരും അവർക്ക് ചുറ്റുമുള്ള ഒരു സമൂഹവും. അവരെങ്ങനെയാണ് ഈ മണ്ണിലൂടെ കടന്ന് പോയത് എന്ന് ആ കഥകൾ നമുക്ക് പറഞ്ഞു തരുന്നു. നടന്ന് നീങ്ങുന്ന ചരിത്ര പുസ്തകങ്ങൾ അല്ലെങ്കിൽ, കനപ്പെട്ടൊരു നോവല്‍ എന്നൊക്കെ ആ മനുഷ്യരെ നമുക്ക് വിശേഷിപ്പിക്കാം. പ്രകൃതിനിയമം പാലിക്കാൻ ജീവിതത്തില്‍ നിന്നും അടര്‍ന്ന് പോയികൊണ്ടിരിക്കുന്ന അവരില്‍ നിന്നും അതൊക്കെ പകര്‍ത്തിയെടുക്കാൻ കഴിഞ്ഞില്ല എങ്കിൽ തികഞ്ഞ നഷ്ടക്കാരായി നമ്മൾ മാറുമെന്നെനിക്കുറപ്പുണ്ട്.
എന്നാൽ, പുതിയ സമയമില്ല കൗമിനെവിടെയാണതിനൊക്കെ സമയം.
ചെറിയ വീട്, നെല്ല്, പത്തായം, മഴ, അത്രയൊന്നും വൃത്തിയില്ലാത്ത ചുറ്റുപാടുകൾ, ചിമ്മിണി വിളക്ക്, ദാരിദ്ര്യം, സ്നേഹം പങ്കുവെപ്പ്, ബഹുമാനം, കരുണ, സഹജീവി സ്നേഹം തുടങ്ങി... ആ കഥകളിലെ ആ ഓരോ ഉരുപ്പടികളും കൺമുന്നിലൂടെയങ്ങനെ നൃത്തം ചെയ്ത് നീങ്ങികൊണ്ടിരിക്കുന്നു...
"എത്ര എത്ര കല്യാണങ്ങൾ കഴിഞ്ഞ വീടാണിതെന്നറിയുമോ ആസിപ്പ് മോനെ അണക്ക്...?"
ഇടക്കവർ ഇരുകൈകൾ കൊണ്ടും തന്റെ തലമുടി കഴുത്തിൽ നിന്നും എടുത്തുയർത്തി ചോദിച്ചു.
കഴിഞ്ഞ കാല കല്യാണങ്ങൾ... അതെങ്ങനെ ആയിരിക്കാം ആഘോഷിക്കപ്പെട്ടിരുന്നത്. ഇന്നത്തെ വിവാഹ പാർട്ടികളിൽ നിന്നും എന്തൊക്കെ മാറ്റങ്ങളാണ് അതിനുണ്ടായിരിക്കുക. എന്തായാലും, ഒരു കാര്യമുറപ്പാണ്. കാലാന്തരത്തിൽ കടന്ന് വന്ന അനേകം കൂട്ടിചേർക്കലുകളുമായി നിരന്തരം മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്ന ഒരു കർമ്മമാണ് ഈ വിവാഹമെന്ന സംഗതി. കൂടാതെ, ലോകത്തിന്റെ ഓരോ മൂലയിലും ഓരോ കോലത്തിലത് ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വ്യത്യസ്തകളുടെ പൂരം.
"ഇന്നത്തെ പോലൊന്ന്വല്ല. ചുറ്റോറം ലൈറ്റും കത്തിച്ചു വെക്കുന്ന പെട്രോമാസ് വെളക്കിനെ കാണാൻ തന്നെ ഒരു ശേലാണ്..." അവരെന്നോട് പറഞ്ഞു നിർത്തി.
വലിയ മരത്തുണുകളിൽ കെട്ടി ഉയർത്തപ്പെട്ട കാഹളങ്ങളിൽ നിന്നും പൊഴിയുന്ന പാട്ട്. പൂക്കള്‍കൊണ്ടലങ്കരിക്കപ്പെട്ട പട്ടപന്തൽ. അതിൽ ലങ്കുന്ന തുണികൊണ്ട് മേല്‍ഭാഗം കെട്ടിവെച്ചിരിക്കുന്ന പുതിയാപ്പിള ഉപവിശ്ഠനാകുന്ന ഭാഗം. അതിനു മുന്നില്‍ താമ്പാള കസേരകളുടെ നിരകള്‍. വീടിനകത്തെ സ്വീകരണ മുറികള്‍ പുല്‍പ്പായ വിരിച്ച സ്വീകരണ സ്ഥലങ്ങളായി മാറിയിരിക്കും. അതിൽ വെറ്റില, പുകല, നൂറ് തുടങ്ങിയവ പാത്തുവെച്ച മുറുക്കാന്‍ ചെല്ലങ്ങളുടെ സ്വർണ്ണ വര്‍ണ്ണ തിളക്കം.
തറവാടിൽ നടന്ന പഴയ ഏതോ കല്യാണത്തിന് നടന്ന ഒരു കൊൽക്കളിയെ കുറിച്ചവർ പറഞ്ഞു നിർത്തി. കത്തിച്ചു വെക്കുന്ന പെട്രോമാസിന് ചുറ്റിലുമിരുന്ന് പുരുഷന്മാരാൽ നടത്തപ്പെടുന്ന വട്ടപ്പാട്ട്... പിന്നെ, തീപ്പെട്ടി പോലുള്ള എന്തോ ഒരു സാധനം ചുണ്ടില്‍ വെച്ച് താളമിട്ട് പാടുന്ന പാണൻ പാട്ടുകൾ...
പാണന്മാർ...
കഴിഞ്ഞ കാല ജീവിതങ്ങള്‍ തങ്ങളുടെ ദുഃഖങ്ങളും സന്തോഷങ്ങളും പരസ്പരം കൈമാറി ഇഴുകി ചേര്‍ന്നെങ്ങനെയാണ് കഴിഞ്ഞു വന്നിരുന്നത് എന്നുള്ളതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് പാണന്മാർ ഉള്‍പ്പടെയുള്ള അധഃസ്ഥിത ജനതയുടെ മാപ്പിള സൗഹൃദങ്ങൾ എന്ന് കാണാൻ കഴിയും. തലേന്നു തന്നെ അവർ കല്യാണ വീടുകളില്‍ എച്ചേരുമെത്രെ. പിന്നെ, വീട്ടുകാര്യങ്ങളിൽ വീട്ടുകാരോടൊപ്പമവർ സജീവമാവുകയായി. ഭക്ഷണം പാകം ചെയ്യൽ, പാത്രം കഴുകൽ, തീന്‍ മേശ വൃത്തിയാക്കൽ അങ്ങനെ അങ്ങനെ ആ സേവനങ്ങൾ നീളുന്നു. പരിപാടികളുടെ എല്ലാം ഒടുക്കം ചേമ്പും കലങ്ങളും പരിസരവുമെല്ലാം വെടിപ്പാക്കി വൃത്തിയാക്കി മാത്രമാണ് അവർ അവിടം വിട്ടു പോവുക.
അതിഥികള്‍ ഇലയിൽ ബാക്കിവെച്ച ഭക്ഷണം തങ്ങളുടെ കൈവശമുള്ള ഓല കൊട്ടകളിലേക്ക് പകർത്തി വീട്ടിലേക്ക് കൊണ്ടുപോകുന്ന കഴിഞ്ഞകാല സാഹചര്യങ്ങൾ അക്കാലത്തെ വറുതിയുടെ അടയാളമായി മനസ്സിലാക്കാം. വലിയ അശുദ്ധ സംഗതിയായി ഇന്ന് കണക്കാക്കി വരുന്ന ആ ഭക്ഷണ ബാക്കി ഒരു കാലത്ത് കുറേ മനുഷ്യരുടെ ഭോജ്യമായിരുന്നു എന്ന് കേട്ടപ്പോൾ മനസ്സിൽ വലിയ ദുഃഖം തോന്നി.
പുറത്ത് മഴ തുടരുന്നു. ഉമ്മുവിന്റെ കഥകളും


No comments:
Post a Comment