ഉച്ചയോടെ ആയിരിക്കും കാര്യങ്ങൾ സ്ഥിരീകരിക്കുക. പിന്നെ, പതിയെ പതിയെ എല്ലാവരും അറിഞ്ഞു തുടങ്ങും. ആദ്യമാദ്യം ഏറ്റവും അടുത്ത കുടുംബങ്ങളും നാട്ടുകാരും... അവരിലൂടെ ദൂരദിക്കുകലുള്ളവരും. എല്ലാവരും ദുഃഖകരമായ ആ വാര്‍ത്തയറിഞ്ഞ് എന്റെ വീട്ടിലേക്കൊഴുകിയെത്തും. ആരുടേയൊക്കെയോ പ്രത്യേക ഇടപെടലുകൾകൊണ്ട് നിയമപരമായ പല നടപടി ക്രമങ്ങളും ലഘുകരിച്ച് കാണും. ഏകദേശം നാല് മണിയോടെ അത്ത്യാവശ്യം വലിയൊരു ജനസഞ്ചയം തന്നെ വീടിനുമുന്നിൽ വികൃതമായി കെട്ടിവെച്ച നീല ടാര്‍പായി ഷീറ്റിനു താഴെ കൂട്ടമായി നിൽക്കുന്നത് കാണാം. അവരില്‍ ചിലർ ഈ വിവരമറിയാൻ സാധ്യതയില്ലാത്തവരെ അല്‍പ്പം മാറി നിന്നു കൊണ്ട് കാര്യങ്ങൾ ഫോൺ വിളിച്ചറിയിക്കും. ചിലര്‍ അങ്ങിങ്ങായി നിരത്തി വെച്ച് വാടകക്കെടുത്ത വര്‍ണ്ണ കസേരകളിൽ ശോകമൂകമായി എന്തോ ചിന്തിച്ചിരിക്കുന്നതും കാണാൻ കഴിയും. എല്ലാവരും എന്തോ കാത്തിരിക്കുകയാണ്. അതവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം. അവരിൽ ചിലർ മുൻവശത്തെ വാതിലിലൂടെ സാമ്പ്രാണിത്തിരികളുടെ ധൂമകേതുക്കൾ നിറഞ്ഞ വീടിനകത്തേക്ക് കയറുകയും അല്‍പ്പം കഴിഞ്ഞ് ദുഃഖം ഘനീഭവിക്കുന്ന മുഖവുമായി പുറത്തിറങ്ങുന്നതും കാണാം.
നെടുവീര്‍പ്പുകൾ...
എന്തോരു നല്ല ചെറുപ്പക്കാരനായിരുന്നു അവന്‍. ഒരു മനുഷ്യന്റെ ഉള്ളിലെ മനുഷ്യനെ മറ്റുള്ളവർ തിരിച്ചറിയുന്ന ഒരേയൊരു നിമിഷം... മരണം.
വീടിന്റെ പുറക് വശം സ്ത്രീ ജനങ്ങൾക്ക് മാത്രമുള്ളതാണ്. അവർ കൂട്ടമാക്കപെട്ടാൽ വന്നേക്കാവുന്ന സ്വാഭാവികമായ വിഷയങ്ങളായ പരദൂഷണം, പൊങ്ങച്ചം... തുടങ്ങിയവക്ക് പകരം ശോകമൂകം തന്നെയാണ് അവിടുത്തെ കാഴ്ചയും. എല്ലാവരും ചിന്തിക്കുന്നതും ശബ്ദം താഴ്ത്തി പറയുന്നതും എന്നെ പറ്റി മാത്രമായിരിക്കാം. ഞാനെന്ന 'വളരെ നല്ലവനായ' ഒരു മനുഷ്യനെ കുറിച്ച്. എന്റെ പ്രവര്‍ത്തനങ്ങള്‍, മാതൃകകള്‍, ഏറ്റവും ഒടുവിൽ ഞാനുമായി അവർ കണ്ടുമുട്ടിയ നിമിഷം, അന്നത്തെ സംസാര വിഷയങ്ങൾ അങ്ങനെ പലതും... അവരുടെ മനസ്സിലൂടെ ഒരു സിനിമയിലെ കേന്ദ്ര കഥാപാത്രം പോൽ ഞാൻ നിരന്തരം കടന്ന് വരും. ഒടുവില്‍, നായകന്‍ മരിച്ചു വീഴുന്ന ദാരുണമായ ക്ലൈമാക്സുപോലാ ചിന്തകൾ മുറിയും.
എന്റെ വീട്ടുകാരാണങ്കിലോ വീടിനകത്ത് ആർത്തലച്ചുള്ള കരച്ചിലിലിയിരിക്കും. ഉമ്മയും ഉമ്മമ്മയും പെങ്ങന്മാരും എന്നുവേണ്ട എല്ലാവരും തന്നെ അതിന്റെ ഭാഗമായി മാറുന്നു. ജീവിതത്തിന്റെ സകല പ്രതീക്ഷകളും അര്‍പ്പിച്ച... തങ്ങളുടെ പല ആഗ്രഹങ്ങളും സ്വപ്നങ്ങളും സമര്‍പ്പിക്കപ്പെട്ടവൻ ഇനിയില്ല എന്നറിയുമ്പോഴുള്ള അവരുടെ ആർത്തനാദം മറ്റുള്ളവരിലേക്കും ഒഴുകി പരക്കുന്നതായി കാണാം. അതുകണ്ട് ചിലര്‍ നിറക്കണ്ണുകൾ തുടക്കും. ചിലർ ഉൾകിടിലത്തോടെ നിശബ്ദമായി തലതാഴ്ത്തി നില്‍ക്കും.
പക്ഷേ...
എന്തായിരിക്കുമപ്പോൾ എന്റെ അവസ്ഥ... ഞാനെവിടെ ആയിരിക്കും... ഈ ഭൂമിയില്‍ തന്നെ... ഒരദൃശ്യനായുണ്ടാകുമോ ഞാന്‍... ആ ജനസഞ്ചയത്തിനിടയിൽ അവരിലൊരാളായി... എന്നെ അടക്കാനെടുക്കുന്നതും കാത്തിരിക്കുന്ന ആ മനുഷ്യര്‍ക്കിടയിൽ ഞാനും അക്ഷമയോടെ നിലയുറപ്പിച്ചിരിക്കുന്നുണ്ടാകുമോ. അതോ മറ്റേതെങ്കിലും ലോകത്ത്... സുഭിക്ഷ സുന്ദരമായ വേറെയൊരു ലോകത്ത്. എന്തായിരിക്കാം ഞാനപ്പോളനുഭവിക്കുന്ന വികാരം... എന്തായിരിക്കാം എന്റെ ചിന്തകൾ. ഒന്നും തിരിച്ചറിയാൻ കംപ്ലീറ്റ് ബ്ലാങ്ക്... അല്ലെങ്കിൽ, എല്ലാം കേള്‍ക്കുന്ന എല്ലാം കാണുന്ന ഒരു അദൃശ്യൻ. അല്ലാഹു അഅലം... സര്‍വ്വ ശക്തനും പ്രതാപിയുമായ പടച്ച തമ്പുരാന് മാത്രമറിയുന്ന പരമരഹസ്യമായ സംഗതികൾ. പ്രപഞ്ച പൊരുള്‍.
ഇനി വിഷയത്തിലേക്ക് വരാം...
ഞാനിന്ന് ചെറുതായിട്ട് മരണത്തെയൊന്ന് മുഖാമുഖം കണ്ടു.
സംഭവമിങ്ങനെ...
കനത്ത മഴയുണ്ടായിരുന്ന ഒരു പകല്‍. മഴയൊന്നൽപ്പം ശമിച്ചപ്പോൾ ഉപ്പ ഗൾഫിൽ നിന്നും കൊണ്ടുവന്ന ബദാമും കൊറിച്ചുകൊണ്ട് തെരുവിലേക്കിറങ്ങിയതായിരുന്നു ഞാൻ. തണുത്ത അന്തരീക്ഷത്തിൽ... പ്രത്യേകിച്ച് മഴ ചോര്‍ന്ന്... മനസ്സിനും ശരീരത്തിനും വല്ലാത്തൊരു ആശ്വാസം അനുഭവേദ്യമാകുമ്പോൾ അല്‍പ്പം ഉണക്ക പഴങ്ങള്‍ കഴിക്കുന്നത് വളരെ രസമുള്ളൊരൂ കാര്യമാണ്. മഴ ദിവസം നല്ല ചൂടുള്ള കടല കഴിച്ചിട്ടുള്ളവർക്കറിയാമത്. വായിലും ശരീരത്തിലും ജലാംശവും കുളിരും കൂടുന്നതിനാലാവാം ചവക്കാനും ദഹിക്കാനും ധാരാളം വെള്ളം ആവശ്യമായി വരുന്ന കടലയെ പോലുള്ള സംഗതികളോടാ സമയങ്ങളില്‍ താല്‍പര്യം കൂടുന്നത്.
എന്തായലും തെരുവില്‍ കൂട്ടുകാരോടൊത്ത് അല്‍പ്പ നേരം സല്ലപിച്ചു നിന്നു. തമാശകള്‍ പങ്കുവെച്ചു. അവര്‍ക്കായി ബദാമും പങ്കുവെച്ചു. അതിനിടയില്‍ എപ്പോഴോ ആണ് സമീപത്തെ കിണറ്റിലേക്ക് ഞങ്ങളിറങ്ങുന്നത്. യഥാർത്ഥത്തിൽ... എന്തായിരുന്നു ആ ഇറക്കത്തിന്റെ പ്രേരണ എന്നെനിക്കോർമ്മയില്ല. ഇറങ്ങിയിരിക്കുന്നത് ആഴമേറിയ കിണറിലേക്കാണെന്നുള്ളത് പിന്നീടുണ്ടായ അനുഭവസാക്ഷി എനിക്കുറപ്പാണ്. നേരത്തെ പെയ്ത മഴയില്‍ സമീപത്തെ തോട് നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്നു. അതിനാല്‍, വെള്ളം കുറവുള്ള കിണറിലിറങ്ങിയല്‍പ്പം നീന്തലഭ്യസിച്ചേക്കാം എന്ന് 'ന്യായമായും' ഞാന്‍ ചിന്തിച്ചിരിക്കാം. അതോ, ഇനിയൊരു രസത്തിനിറങ്ങിയതാണോ എന്നും എനിക്കോര്‍മ്മയില്ല. എന്തായാലും, കിണറിന് വലിയ ആഴമുണ്ടായിരുന്നില്ല. കിണറിനുള്ളില്‍ അതിന്റെ ഒത്തമധ്യത്തിലായാണ് പ്രധാന കിണറിന്റെ സ്ഥാനമുള്ളത്. ജലക്ഷാമം രൂക്ഷമായ ഏതോ വേനല്‍ കാലത്ത് അല്‍പ്പം വെള്ളം പ്രതീക്ഷിച്ചു കുഴിച്ചതാണത്. ഇന്നതിൽ രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ട്. തുടര്‍ന്നതിന് ചുറ്റുമുള്ള പരപ്പിന് മുകളിൽ എന്റെ നെഞ്ചോളവും വെള്ളമുയർന്ന് നില്‍ക്കുന്നു. അതിനാല്‍, മേല്‍ പരപ്പിലൂടെ സുഖമായി ചുറ്റി നടക്കാൻ സാധിച്ചിരുന്നു. ആ ധെെര്യത്തിലായിരുന്നു ഞങ്ങളെല്ലാവരും. മറിഞ്ഞും തിരിഞ്ഞും മുങ്ങാം കുഴിയിട്ടും ഏറെനേരം ഞങ്ങളന്നവിടെ ചിലവഴിച്ചതോർക്കുന്നു.
എന്നാൽ, അതിനിടയിലാണ് മത്സ്യങ്ങള്‍ നീന്തുന്നത് മാതിരി വെള്ളത്തിൽ മുങ്ങി കിടന്നൊഴുകി നീന്താനുള്ളൊരു ശ്രമം ഞാന്‍ നടത്തുന്നത്. കൈ കാലുകളടിച്ച് ആഞ്ഞിഞ്ഞ് ഞാൻ തുഴഞ്ഞു. അല്‍പ്പം മുന്നോട്ട് നീങ്ങി. പിന്നെ, ആവേശമായി... കൂടുതൽ വേഗത്തിൽ നീന്തി. വേഗം കൂടി. മധ്യഭാഗത്തെ കിണറിൽ നിന്നും ഉയർന്ന് നില്‍ക്കുന്ന പരപ്പിന് മുകളിലൂടെ വൃത്താകൃതിയിൽ ചുറ്റിയാണ് ഞാന്‍ നീങ്ങുന്നത്. എന്നാൽ, ഇടക്കെപ്പോഴോ എന്റെ ദിശ തെറ്റിയിരുന്നു എന്ന കാര്യം ഞാനറിഞ്ഞിരുന്നില്ല. കിണറിന്റെ മധ്യത്തിലേക്കാണ് ഞാനപ്പോൾ ആഞ്ഞാഞ്ഞ് തുഴഞ്ഞ് കൊണ്ടിരുന്നത്.
മരണത്തിലേക്കുളള തുഴച്ചില്‍...
ശ്വാസം പിടിച്ചുള്ള നീന്തല്‍ തുടങ്ങിയിട്ട് ഏറെ നേരമായി. ശ്വാസം തിങ്ങി തുടങ്ങി. കൈ കാലുകൾ കുഴയുന്നു. കണ്ണുകൾ കാണാതായി. ശരീരം ജീവവായുവിനായി ദാഹിച്ചു. ഞാൻ കാലുകൾ പരപ്പിൽ സ്പര്‍ശിക്കാനായി ശരീരം നേരെയാക്കി പിടിച്ചു. പാദങ്ങള്‍ വെള്ളത്തിലേക്കൂളിയിട്ട് നിലം തിരഞ്ഞു. കാൽ മടമ്പുകളുയർത്തി പിടിച്ച് തള്ളാം വിരലുകള്‍ ആശ്വാസത്തിന്റേയും ജീവന്റേയും ആധാരശിലയായ മണ്ണിന്റെ മാറിലേക്ക് നീട്ടി പിടിച്ചു. പിന്നേയും... പിന്നെയും നീട്ടി. എന്നാൽ, ഭൂമിയെ കാണുന്നേയില്ല. നെഞ്ചില്‍ ശ്വാസം കൂടുതൽ കൂടുതൽ തിങ്ങി കൊണ്ടിരിക്കുകയാണ്. വെള്ളം കയറിയ കണ്ണുകൾ അടക്കാന്‍ വെമ്പുന്നു. മുഖം മുകളിലേക്കുയർത്തി പിടിച്ചതിനാൽ ആകാശത്ത് നിന്നും സൂര്യ കിരണം കണ്ണില്‍ പതിക്കുന്നത് ഞാനറിയുന്നുണ്ട്.
താഴെ ഭൂമി അപ്രത്യക്ഷമായിരിക്കുന്നു. ഇനി മുകളിലെ ആകാശം മാത്രമാണ് ബാക്കി.
ശ്വാസത്തെ വെള്ളത്തിന് വിട്ടുകൊടുക്കാതെ മൂക്കും വായും മുറുകെ അടച്ച് പിടിച്ച് മുകളിലേക്ക് കുതിക്കാൻ ഞാനേറെ ശ്രമിച്ചെങ്കിലും എന്റെ കെെകൾ തളരുന്നതായി ഞാനറിഞ്ഞു. കൈകൾ കൊണ്ട് ചിറകടിച്ച് വേണം മുകളിലേക്കുയരുവാൻ. പക്ഷേ, കൈകൾ തളര്‍ന്ന് താണു. കാലുകൾ കുഴഞ്ഞു. ഇനി മരണം... മരണത്തെ കൺ മുന്നില്‍ കണ്ട നിമിഷം. ദൈവമേ... എന്റെ ഉമ്മ, ഉപ്പ... എന്റെ സ്നേഹം. ഇതുവരെ എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ സുഹൃത്തുക്കളിതെവിടെ. അവരെന്നെ തിരയുകയായിരിക്കുമോ. ദൈവമേ... അവരെന്നെ കണ്ടിരുന്നെങ്കിൽ... എന്നെ രക്ഷിച്ചിരുന്നെങ്കിൽ. മുകളിലേക്കുയർത്തി പിടിച്ച എന്റെ കണ്ണുകളിലേക്ക് സൂര്യരശ്മികളാഴ്ന്നിറങ്ങുന്നുണ്ട്. അവയെന്നെ മുകളിലേക്ക് മാടിവിളിക്കുന്നത് പോലെ. എന്നാൽ, കണ്ണുകൾ അടയാൻ വെമ്പല്‍ കൂട്ടുന്നു. ഒരു മനുഷ്യൻ മരണാസന്നനാകുമ്പോൾ അവന്റെ നാവിൻ തുമ്പത്ത് നിന്നവസാനമുയരേണ്ടതായ വിശുദ്ധ കലിമ ശകലങ്ങളോ... കര്‍മ്മങ്ങളോ ഒന്നും തന്നെ എനിക്കോർമ്മയില്ല. നെഞ്ചിനകത്തെ മിടിപ്പ് മാത്രം ഞാനറിയുന്നുണ്ട്. പിന്നെപിന്നെ, മനസ്സും ശരീരവും തീര്‍ത്തും ശൂന്യമായി മാറുന്നു.
ഞാൻ മരണമാകുന്ന മഹാവിസ്മൃതിയിൽ ലയിച്ചില്ലാതാകാൻ പോവുകയാണോ. കഠിന പ്രയത്നത്തിനൊടുക്കം തോല്‍വി സമ്മതിച്ച് ഞാനെന്റെ കൈകാലുകളെ മുക്തമാക്കി മരണത്തെ കാത്തിരുന്നു. എങ്ങനെയായിരിക്കാം മരണം കടന്ന് വരുന്നത്. ചിറകടിച്ചു വരുന്ന ഒരു മാലാഖ കണക്കോ... അതോ, ഊരാം കുടുക്കിട്ട കയറുകൊണ്ടെറിഞ്ഞ് നമ്മെ പിടികൂടുന്ന ഭീകര സ്വത്തം കണക്കോ. ഒരു തൂവല്‍ സ്പര്‍ശം പോലെ നേര്‍ത്ത സുഖമുള്ളൊരു കാര്യമാണോ അത്... ചുറ്റിക കൊണ്ടുള്ള മേട്ടം കണക്കേ പ്രകമ്പനമുള്ളതോ... അറിയില്ല. എന്തായാലും, ഇനി മൂന്നാം പക്കം.
പെട്ടന്ന്... പെട്ടന്നാണത് സംഭവിച്ചത്.
കിണറിന്റെ അഗാതതയിൽ നിന്നും അന്തമില്ലാതെ ഞാൻ മുകളിലേക്കുയരാൻ തുടങ്ങി. ശരീരത്തിലെവിടെയോ ഒരു സ്പര്‍ശനം ഞാനറിയുന്നുണ്ട്. ആകസ്‌മികമായ ചലനം. പ്രതീക്ഷയുടെ തലോടൽ. മൂന്നാം പക്കത്തിന്റെ ദുര്‍ഗന്ധത്തിൽ നിന്നുമെന്നെ രക്ഷിക്കാൻ വന്ന ദൈവത്തിന്റെ കൈകളായിരിക്കുമോ അത്. അതോ, മരണം നടപ്പാക്കാന്‍ വന്ന മാലാഖുൽ മൗത്തിന്റെ സ്പര്‍ശനമോ... മരണത്തിന്റെ അസ്രാഈൽ മാലാഖ. ഞാനുയർന്നുയർന്ന് പൊങ്ങി മുഖം വെള്ളത്തിൽ നിന്നും അന്തരീക്ഷത്തിലേക്കുയർത്തി. ഭൂമിയുടെ ഗന്ധം. വെളുത്ത ആകാശത്തിൽ പ്രകൃതിയുടെ ദിവ്യപ്രകാശം. വെള്ളത്തിനടിയിലെനിക്ക് ദാഹിച്ച പ്രാണവായുവിനെ ആര്‍ത്തിയോടെ ഞാന്‍ ശ്വസിച്ചു. ലോകത്തെ ഏറ്റവും രുചിയുള്ള ഭക്ഷണം.
പ്രാണവായു...
എന്റെ ശ്വാസകോശം ശക്തിയായി ഉയർന്ന് താണു. കൈകാലുകൾ ഊർജ്ജസ്വലമായി. കണ്ണുകൾ തുറന്ന് പിടിച്ച് ജലനിരപ്പും... വിള്ളലുകളിലെന്നപോലെ പച്ചില സസ്യങ്ങള്‍ വളര്‍ന്ന് നില്‍ക്കുന്ന കിണര്‍ ഭിത്തിയിലെ കരിങ്കല്ല് പടവുകളും ഞാന്‍ കണ്ടു. കിണറിൽ നിന്നും ഞാന്‍ മുകളിലേക്കുയർന്ന് കൊണ്ടിരിക്കുകയാണെന്നെനിക്ക് മനസ്സിലാകുന്നുണ്ട്. താഴെ കാൽമടമ്പിൽ പിടിച്ചാരോ മുകളിലേക്ക് തള്ളുന്നു. മുകളില്‍ കൈകളാരോ പിടിച്ച് വലിച്ചുയർത്തുന്നു. കൈതുടയിൽ അതിന്റെതായ ചെറിയൊരു വേദന എനിക്കനുഭവപ്പെടുന്നുണ്ട് പക്ഷേ, സാരമില്ല.
തല കിണര്‍ പടവിനു മുകളിലേക്കെത്തിയതോടെ കിണറിനുള്ളിലെ അരണ്ട വെളിച്ചത്തിനു പകരം ഭൂമിയുടെ വിശാലത എന്റെ കൺമുന്നിലേക്ക് വന്നു. തലേന്നത്തെ പേരും മഴയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന... നീണ്ടു പരന്ന് കിടക്കുന്ന വയലുകൾ. വാഹനങ്ങള്‍ ചീറി പാഞ്ഞ് പോകുന്ന സംസ്ഥന പാതയിൽ എന്തോ ചെറിയ ബ്ലോക്ക്. അതിനപ്പുറം വീണ്ടും പാടം... തോട്... തെങ്ങുകൾ... പച്ചപ്പ്. പ്രപഞ്ചം എന്റെ മുന്നില്‍ മന്ദസ്മിതം തൂകി നില്‍ക്കുന്നു... പുഞ്ചിരിച്ചു നില്‍ക്കുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരും. ഞാൻ നനഞ്ഞ പുല്ലിൽ ആകാശത്തെ കണ്ട് മലര്‍ന്ന് കിടന്നു...



No comments:
Post a Comment