നാളെ എന്റെ കല്ല്യാണമാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം. സകല മനുഷ്യരും എന്നെ... ഈ എന്നെ മാത്രം പരിഗണിക്കുന്ന ദിവസം. എനിക്കായി മാത്രം കാത്തിരിക്കുന്ന രാജകീയ ഇരിപ്പിടങ്ങള്‍. എന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ മത്സരിക്കുന്നവർ.
ഇന്നതിന്റെ അവസാനവട്ട ഷോപ്പിങ്ങിനായി രാവിലെതന്നെ നഗരത്തിലേക്ക് ഞാനിറങ്ങി. വലിയ വില നല്‍കി കല്ല്യാണ വസ്ത്രങ്ങളും മറ്റ് ആടവസ്ഥുക്കളുമൊക്കെ വാങ്ങേണ്ടതുണ്ട്.
"കല്യാണമല്ലേ... ജീവിതത്തിൽ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുദ മനോഹര ദിവസം. കാശ് നോക്കണ്ട" കൂട്ടുകാരുടെ ഉപദേശം.
സാധനങ്ങളെല്ലാം വാങ്ങി ഇരുവശങ്ങളിലുമായി കച്ചവടക്കാർ നിരന്നു നില്‍ക്കുന്ന ഫൂട്ബാത്തിലൂടെ നീങ്ങുമ്പോൾ അൽപ്പമകലെയൊരു വൃദ്ധയാചകനെ ഞാന്‍ കണ്ടു. അയാൾ ലോകത്തെ സകല മനുഷ്യര്‍ക്കും, ജീവജാലങ്ങൾക്കും വേണ്ടി തൊണ്ടപൊട്ടുമാറുറക്കെ വിളിച്ചു പ്രാർത്ഥിക്കുന്നു.
പഴങ്ങള്‍, മുട്ട, ഉണക്ക മീന്‍, എണ്ണ പലഹാരങ്ങള്‍ തുടങ്ങി അനേകം കച്ചവട വസ്തുക്കൾ വില്‍പ്പനക്കായി നിരത്തിവച്ച് ഉപഭോക്താക്കളെ മാടിവിളിക്കുന്ന സമീപത്തെ കച്ചവടകാർക്കിടയിൽ... ആ യാചകന് മാത്രം വില്‍പ്പനക്കായുള്ളത് തന്റെ ഇരുളടഞ്ഞ കണ്ണുകളും അല്ലലും വേദനകളും മാത്രം.
"പടച്ച തമ്പുരാനെ നീ സകലർക്കും ആരോഗ്യം കൊടുക്കണേ... ആയുസ്സ് കൊടുക്കണേ..." അങ്ങനെ നീളുന്ന അയാളുടെ ദൊയ.
അല്‍പ്പ നേരം ഞാനത് നോക്കി നിന്നു. ആ പ്രാര്‍ത്ഥന ശകലങ്ങളിലൊന്നും തന്നെ തന്റെ വെളിച്ചം കാണാത്ത കണ്ണോ പ്രാരാബ്ദങ്ങളുടെ 'വിഴുപ്പ് കെട്ടുകളോ' വരുന്നത് ഞാൻ കേട്ടില്ല. അതെന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി.
അദ്ദേഹത്തിന്റെ വിറക്കുന്ന വലതു കയ്യിലൊരു ബണ്ണിൻ കഷണമുണ്ടായിരുന്നു. ഇടതു കയ്യില്‍ നാണയത്തുട്ടുകൾ ശബ്ദിക്കുന്ന ലോഹപാത്രവും. ആ പത്രം ഇളക്കി ശബ്ദമുണ്ടാക്കുന്നതോടൊപ്പം ആ ബണ്ണ് വിറച്ച് വിറച്ച് ചായയിൽ മുക്കി കഴിക്കുന്നത് കണ്ടപ്പോൾ എന്റെ കെെയ്യിലുള്ള വിലപിടിപ്പുളള കല്ല്യാണ വസ്ത്രങ്ങളെന്നെ നോക്കി പുച്ഛിക്കുന്നുണ്ടന്നെനിക്ക് തോന്നി.
ഞാൻ കുറച്ച് നേരം കൂടി അയാളെ നോക്കി നിന്നു. പ്രായാധിക്യത്താൽ ഏറെ പരിക്ഷീണിതനായ അദ്ദേഹത്തിന്റെ വീട്ടിൽ ഒരുപക്ഷേ, ഭക്ഷണം കാത്തിരിക്കുന്ന കുഞ്ഞു മാലാഖമാരുണ്ടായിരിക്കാം. കേവലം ഏതാനും മണിക്കൂറുകൾ മാത്രം ധരിക്കാൻ ഞാൻ വാങ്ങിയ വില കൂടിയ വസ്ത്രങ്ങൾക്ക് പകരം ഏറെ കാലം ധരിക്കുവാനുള്ള ചെറിയ വസ്ത്രങ്ങൾക്കായി കാത്തിരിക്കുന്നവരോ ആഗ്രഹിക്കുന്നവരോ ആയിരിക്കാമവര്‍.
അദ്ദേഹത്തിന്റെ കയ്യിലെ ആ വിറക്കുന്ന ബണ്ണും എന്റെ കയ്യിലെ വിലപിടിപ്പുള്ള വസ്ത്രങ്ങളും എന്തോ എന്നോടായി സംവിധിക്കുന്നുണ്ടെന്നെനിക്ക് തോന്നി.
ഞാൻ പറഞ്ഞില്ലേ... നാളെ എന്റെ കല്ല്യാണമാണ്. പക്ഷേ, മനസ്സ് വല്ലാതെ വേദനിക്കുന്നു. ആ വിറക്കുന്ന ബണ്ണിന്റെ ഓമ്മകളെന്നെ അസ്വസ്ഥതപ്പെടുത്തികൊണ്ടേയിരുന്നു. എന്റെ കല്ല്യാണ വസ്ത്രങ്ങൾ മേശക്കു മുകളില്‍ എന്റെ തൊട്ടരികിൽ തന്നെയുണ്ട്. അതെന്നെ കളിയാക്കി ചിരിക്കുന്നപോലെ. എങ്കിലും, ഞാനദ്ദേഹത്തിനു വച്ചു നീട്ടിയ ആ 'പത്തുരൂപ നോട്ടി'ന്റെ സമാധാനത്തിൽ ഞാനുറങ്ങാൻ ശ്രമിച്ചു.


No comments:
Post a Comment