ചുവന്ന തിരശ്ശീലക്കു മുന്നിലെ പ്രൗഢമായ വേദിയിൽ മുഹമ്മദ് അലി സാഹിബിന്റെ ഖനഗംഭീരമായ പ്രസംഗം അന്തരീക്ഷത്തിൽ അലയടിക്കുകയാണ്. മുന്നില്‍ വലിയ ജനാവലി മുഖം തിരിച്ച് കാത് കൂർപ്പിച്ചത് ശ്രവിക്കുന്നു. വേദിയുടെ വലത് ഭാഗത്ത് സ്ത്രീ ജനങ്ങൾ നിരന്നിരിക്കുന്നു. ഇടത് ഭാഗത്താണ് പുരുഷ കേസരികള്‍. അവര്‍ക്കിടയില്‍ ഏറ്റവും മുന്നിലായി ദൂരക്കാഴ്ച്ച തീരെ കുറഞ്ഞ കാരണവന്മാർ. ഏറ്റവും പിന്നിലായി യുവാക്കള്‍. അക്കൂട്ടത്തിലാണ് വിനീതനായ ഈയുള്ളവന്റെ സ്ഥാനം.
ഏവരെയും ഇരുത്തി ചിന്തിപ്പിക്കുന്ന ആ മധുര മനോഹരമായ പ്രഭാഷണം ആവേശത്തോടെ ഞാനും കേട്ടിരുന്നു. പറയുന്ന വിഷയവുമായി കൂട്ടി കെട്ടാനുദ്ദേശിച്ച് ഭാഷണമധ്യേ മുഹമ്മദ് അലി സാഹിബ് ഒരു കഥ പറഞ്ഞു. കഥയെന്ന് പറഞ്ഞാൽ ഒരുപക്ഷേ, അതൊരു ചരിത്രമായിരിക്കാം. കാരണം, നമ്മൾ വായിച്ചതോ കെട്ടാതോ അനുഭവിച്ചതോ ആയ സകലമാന ചരിത്രങ്ങള്‍ക്കുമിടയിൽ അറിയാതെ പോയ, കാണാതെ പോയ, പറയാൻ മറന്ന പോയ പല ഗൗരവമേറിയ കാര്യങ്ങളുമുണ്ടല്ലോ... അതും ചരിത്രം തന്നെയല്ലെ? മുഹമ്മദ് അലി സാഹിബ് പറഞ്ഞ ആ കഥയെ ഒരു സാങ്കൽപ്പിക കഥയാണന്ന് പറയാനാണ് എനിക്കിഷ്ടം. എങ്കിലും, കഴിഞ്ഞ പോയ കാലത്ത് ഭൂലോകത്തെ ഏതെങ്കിലുമൊരു ദിക്കിലെ ആകാശകീറിനു കീഴെ ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നാർക്കും ഉറപ്പ് പറയാനൊന്നുമൊക്കില്ല.
സംഭവം നടക്കുന്നത്... ഏഡി 600നും 1000ത്തിനും ഇടയിലോ... 1000ത്തിനു തൊട്ടടുത്ത ഏതെങ്കിലുമൊരു കാലമാണ്.
അക്കാലത്ത് അനേകം മഹാഗ്രന്ഥങ്ങള്‍ നിറഞ്ഞൊരു മേശ ഒരിടത്തുണ്ടായിരുന്നു. പാപ്പിറസ് ചെടിയാൽ നിർമ്മിച്ച ചുരുളുകളെമ്പാടുമതിൽ ചുരുണ്ട് കിടന്നിരുന്നു. സ്ഫടിക കുപ്പിയിലെ മഷിയിൽ അഗ്രം മുങ്ങി കിടക്കുന്ന നീണ്ട മനോഹരമായ തൂവലുകള്‍ സമീപത്ത് കാണാം. അതൊരു അതിപുരാതന എഴുത്തുപകരണമാകുന്നു. മേശക്കടുത്തുള്ള പ്രൗഢ ഗംഭീരമായ അലമാരകളില്‍ മുഴുവൻ ഭംഗിയായി ക്രമീകരിച്ച കനപ്പെട്ട ഗ്രന്ഥങ്ങളാണ്. പരസ്പര സംസാരവും... ചിന്തകളും... എന്തിന് നോട്ടം പോലും വിജ്ഞാന മണക്കുന്ന ആ പരിസ്ഥിതിയിൽ നിന്നൊരു നാൾ ഒരു വിദ്യാർത്ഥി അവന്റെ അധ്യാപകനോട് ചോദിച്ചുവത്രെ...
"ഗോളശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അനേകം വിഷയങ്ങളിലായി പരന്നു കിടക്കുന്ന കനപ്പെട്ട ഈ ഗ്രന്ഥശേഖരങ്ങളുടേയൊക്കെ പിന്നില്‍ എന്തുകൊണ്ടാണ് പ്രശസ്തരായ അറബ് കർമ്മയോഗികൾ മാത്രമായിമാറിയത്" എന്ന്.
അറബ്-മുസ്ലീം നാടുകളിലെ ശാസ്ത്രജ്ഞരായ ഇബ്നു സീന, ഇബ്നു ഖാൽദൂൺ, ആധുനിക ശാസ്ത്രക്രിയയുടെ പിതാവ് അബൂ അൽ ഖാസിം തുടങ്ങി അൽ ഹസൻ, അൽ ബറൂണി, അൽ ഫറാബി തുടങ്ങിയ ആ മഹാപണ്ഡിത നിരയുടെ ഗ്രന്ഥ ശേഖരങ്ങൾ മാത്രമായിരുന്നു അന്ന് ലോകത്ത് കോശ ഗ്രന്ഥങ്ങളായി നിലവിലുണ്ടായിരുന്നത്. കണ്ടുപിടുത്തങ്ങളുടെ കേതാരമായി പിന്നീടുയർന്നുവന്ന യൂറോപ്പ് അക്കാലത്ത് വിജ്ഞാന മേഖലയില്‍ കൂടുതലായൊന്നും തിളങ്ങിയുരുന്നില്ല.
അത്തരമൊരു സാഹചര്യത്തിലായിരുന്നു ആ ചോദ്യമുയർന്ന് വന്നത്.
"എന്തുകൊണ്ടാണ് ഈ ഗ്രന്ഥങ്ങളുടേയും പഠനങ്ങളുടേയുമൊക്കെ രചിതാക്കൾ അറബ് മുസ്ലീങ്ങൾ മാത്രമായി മാറിയത്" എന്ന്.
"എന്തുകൊണ്ടാണ് ലോകത്തെ വലിയ വലിയ ഗ്രന്ഥാലയങ്ങൾ ബാഗ്ദാദിലും ഡമാസ്കസിലും അനാറ്റോലിയയിലും അന്തലൂസിയുമായി മാത്രം ഒതുക്കപ്പെട്ടത്" എന്ന്.
ഉത്തരത്തിന്നായി ചിന്തയിലാണ്ട ആ അദ്ധ്യാപകനോട് അവൻ വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിച്ചു.
"മദ്ധ്യദരണ്യായിക്കു മുകളിലെ അതേ ആകാശം തന്നെയല്ലേ യൂറോപ്പിനുമുകളിലുമുള്ളത്. അറബ് നാടുകളിലുയരുന്ന അതേ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും യൂറോപ്പിലും ഉദിക്കുന്നു... അസ്തമിക്കുന്നു. പിന്നെ എന്തുകൊണ്ടാണ് നമ്മളീ രംഗത്ത് ബഹുദൂരം പിന്നിലാക്കപ്പെട്ടത്" എന്ന്.
യൂറോപ്പിലെ തണുപ്പൻ രാജ്യങ്ങളിലെ ആലസ്യത്തിലമർന്ന ഒരു തലമുറക്കുള്ള ഉത്തേജനം രൂപപ്പെടുന്നത് ആ ചോദ്യത്തിൽ നിന്നുയര്‍ന്ന് പൊങ്ങിയ അനേകം ചിന്തകളിൽ നിന്നായിരുന്നു എന്നാണ് പ്രഭാഷകന്‍ സൂചിപ്പിച്ചുവെച്ചത്. ആ ചിന്തയുടെ മഹാപ്രളയത്തിനൊടുക്കമാണ് യുറോപ്പ് വിജ്ഞാനത്തിന്റെ മഹാക്ഷേത്രമായി കുതിച്ചുയർന്ന് പൊങ്ങിയത്. സകല മേഖലകളും ശാസ്ത്രഗവേഷണ പഠനങ്ങൾക്കായി തുറക്കപ്പെട്ടു. ലോകത്തെ അതി വിസ്തൃത സർവ്വകലാശാലകളായി ഓക്സഫഡും കേംബ്രിഡ്ജും ഉയര്‍ന്ന് പൊങ്ങി. കണ്ടുപിടുത്തങ്ങൾക്ക് മാത്രം ജീവിതം ഒഴിഞ്ഞു വെച്ച ഒരു തലമുറയെയാണ് പിന്നീട് നാം യൂറോപ്പിൽ കണ്ടത്.
ഒടുവിലന്ന് കണ്ട മേല്‍ ഗ്രന്ഥങ്ങളുടെയൊക്കെ പുറംചട്ടയിൽ വലിയ മാറ്റങ്ങൾ കാലം വരച്ചു ചേര്‍ത്തു. അതിൽ പെെഥഗോറസ്, ഹെറാടോട്ടസ് തുടങ്ങി ഗലീലിയോ ഗലീലി, ന്യൂട്ടൻ, ഐൻസ്റ്റീൻ തുടങ്ങിയ വിശ്വപ്രസിദ്ധരായ ശാസ്‌ത്രജ്ഞരുടെ നാമം എഴുതിചേർക്കപ്പെട്ടു. അവരുടെ തിയറികൾ പകര്‍ന്നു നല്‍കാത്ത പഠന ക്ലാസുകൾ അപൂര്‍ണ്ണമായി മാറി. ഒപ്പം... കഴിഞ്ഞ കാലത്തെന്നോ ജീവിച്ചിരുന്ന ഏതോ അപരിഷ്കൃത ജനതയായി ആ പഴയ മുസ്ലീം പണ്ഡിതന്മാര്‍ ലോകത്തിന്റെ വിസ്മ്രിതിയിലേക്ക് മറയപ്പെട്ടു.
മുഹമ്മദ് അലി സാഹിബ് തന്റെ പ്രഭാഷണം അവസാനിപ്പിക്കുമ്പോള്‍ ഞാൻ ചിന്തിച്ചത് കാല ഭേദങ്ങൾക്കപ്പുറം ഇന്നും ചോദിച്ചുകൊണ്ടേ ഇരിക്കേണ്ട മേൽ ആ ചോദ്യങ്ങളെക്കുറിച്ചാണ്...
'കനപ്പെട്ട ഈ ഗ്രന്ഥശേഖരങ്ങളുടേയൊക്കെ പിന്നില്‍ എന്തുകൊണ്ടാണ് പ്രശസ്തരായ പടിഞ്ഞാറൻ കർമ്മയോഗികൾ മാത്രമായി മാറിയത്' എന്ന്.


No comments:
Post a Comment