Wednesday, 3 June 2020

മുന്‍ഗാമി

പ്രവാസം അവസരങ്ങളോടൊപ്പം അനേകം അനുഭവങ്ങളേയും നമുക്ക് സമ്മാനിക്കുന്നു. പലരും പല വിധത്തിലാണതിനെ ആസ്വാദിക്കാറ്. ചിലര്‍ ആധുനിക നഗരത്തിന്റേതായ ആഘോഷങ്ങളും വര്‍ണ്ണ പൊലിമയുമതിൽ തേടുമ്പോൾ... ചിലര്‍ അധ്വാനവും വിശ്രമവും മാത്രമായി സ്വകാര്യ ജീവിതം നയിക്കാനാണ് ഇഷ്ടപ്പെടുക. എന്നാൽ, ചിലരുണ്ട്... ജോലിയോടൊപ്പം ആ നാടിന്റെ ചരിത്രത്തെയും ഇതിഹാസങ്ങളേയും കുറിച്ച് അന്വേഷിച്ചിറങ്ങുന്നവർ. ഒരുതരം പര്യവേക്ഷണ ജീവിതം മാതിരി അവരിവിടെ ജീവിക്കുന്നത് കാണാം. അത്തരക്കാരെ എനിക്ക് വളരെ പ്രിയമാണ്. അവർ പറയുന്നത് കേൾക്കാം...

"പ്രവാസത്തിന്റെ ഓരോ അണുവിലും ചരിത്രത്തിന്റെ നേര്‍ത്ത തലോടകൾ കാണാൻ കഴിയും. അവിടെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മാത്രമല്ല, വെത്ത്യസ്ഥ നാടുകളില്‍ നിന്നും അവിടെ എത്തി ചേര്‍ന്ന മനുഷ്യരിലും അവരുടെ സംസാരങ്ങളിലും പ്രവര്‍ത്തികളിലുമൊക്കെ നമുക്കാ ചരിത്രത്തെ വായിച്ചെടുക്കാൻ സാധിക്കും" എന്ന്.

ചരിത്രത്തിൽ നിന്നും ഇറങ്ങി വന്നത് മാതിരിയുള്ള അനേകം മുഖങ്ങൾ ഒരൊറ്റ കോണില്‍ നമുക്കവിടെ കാണാം. നമ്മൾ വായിച്ചതും അറിഞ്ഞതുമായ ജനപഥങ്ങളിലെ ഇന്നത്തെ പ്രതിനിധികള്‍, ചരിത്രം കുളമ്പടിച്ച് കടന്ന് പോയ നഗരങ്ങളില്‍ നിന്നുള്ളവർ, ലോകം മാറ്റി മറിച്ച ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായവർ, അവരുടെ പിന്മുറക്കാർ, വർത്തമാന കാലത്തെ വാർത്തകളിൽ നിറഞ്ഞ സംഭവങ്ങളിൽ കൗതുകത്തോടേയും ഒരുപക്ഷേ വേദനയോടേയും നമ്മൾ ചിന്തിച്ചിരുന്ന് പോയിട്ടുള്ള മനുഷ്യര്‍. അവരൊക്കെയങ്ങനെ നമുക്ക് ചുറ്റിലും ഒരൊറ്റ ഫ്രൈമിൽ കറങ്ങി നടക്കുന്നയിടമാണ് പ്രവാസ ലോകം.

എന്റെ സഹ കെട്ടിടക്കാരായ ഈജിപ്ഷ്യൻ യുവാക്കളിൽ ചിലരുണ്ട്. പണ്ട്‌, ഫറോവമാരുടെ കാലത്ത്‌ വലിയ കരിങ്കൽ കട്ടകള്‍ വലിച്ച് കൊണ്ടുപോയി പിരമിഡുകള്‍ പണിത ഈജിപ്ഷ്യൻ അടിമകളുടെ മുഖഭാവത്തോടു കൂടിയുള്ളവർ. ഇളം കറുപ്പ് നിറത്തില്‍ വലിയ ഉയരമുള്ളവരും തടിച്ച വട്ട മുഖമുള്ളവരാണവർ. തലയില്‍ നിറയെ ചുരുണ്ട് പടർന്ന മുടിയും തടിച്ച ചുണ്ടുകളും അവരെ ആഫ്രിക്കൻ കാപ്പിരികളെപ്പോലെ തോന്നിപ്പിക്കും. എങ്കിലും അവരല്‍പ്പം ഈർഷയോടെയാണ് തങ്ങൾ ആഫ്രിക്കരല്ല എന്നവർ പറയാറ്. ഈജിപ്തുകാരാണ് ഞങ്ങൾ എന്ന് അഭിമാനത്തോടെ അവർ പറയുന്നത് ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്. അവര്‍ക്ക് പൊതുവില്‍ ചെയ്യാൻ കഴിയുന്നത് പരുക്കന്‍ പണികള്‍ മാത്രമാണന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഏത് കഠിനമായ ചൂടിലും വലിയ കെട്ടിടങ്ങളിൽ തൂങ്ങി നിന്ന് പെയിന്റ്ടിക്കാന്‍ അവര്‍ക്ക് അനായാസമായി കഴിയുന്നു. കനത്ത ചൂടുകാറ്റുള്ള ഒരു ദിവസം ഞാനവരില്‍ ഒരുവനോട് ചോദിച്ചു...

"നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു സുഹൃത്തേ ഇങ്ങനെയൊക്കെ ജോലി ചെയ്യാൻ..." എന്ന്.

"എന്റെ പിതാവും, അദ്ദേഹത്തിന്റെ പിതാവും തുടങ്ങി ഞങ്ങൾ പാരമ്പര്യമായി ഇത്തരം കഠിനമായ പണികളാണ് ചെയത് വരുന്നത്..." അയാൾ പുഞ്ചിരിയോടെ എന്നോടന്ന് പറഞ്ഞു.

ഒരുപക്ഷേ, ആ പരമ്പര ഞാൻ നേരത്തെ പറഞ്ഞ ആ പ്രാചീന അടിമകളിലേക്കായിരിക്കാം എത്തിച്ചേരുന്നത്. അവിടെ നിന്നും പിന്നെയും ചരിത്രം അവരെ പിന്നിലേക്ക് നയിക്കും. നോക്കൂ. എത്ര കൗശലമായാണ് മനുഷ്യരിലൂടെ ചരിത്രം സഞ്ചരിക്കുന്നതെന്ന്. ഇങ്ങനെയുള്ള അനേകം ആളുകള്‍ക്കിടയിലാണ് ഓരോ പ്രവാസിയും ഉണരുന്നതും ഉറങ്ങുന്നതും.

ഷാർജയിലെ എന്റെ ജോലി ജനങ്ങൾക്ക് നടുവിലാണ്. ജനങ്ങൾക്കുള്ള നിയമ സേവനമാണ് എന്റെ പ്രധാന ദൗത്യം. കുടിയേറ്റ വകുപ്പിലെ അനവധിയായ പ്രശ്നങ്ങളുമായി ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള പ്രവാസികൾ എന്റെ കൺ മുന്നില്‍ വരാറുണ്ട്. കമ്പനിയിൽ അവർ അനുഭവിക്കുന്ന നീതി നിഷേധത്തിന്റേയും, കരാർ ലംഘനങ്ങളുടേയും കഥകൾ കൂടാതെ, അവരുടെ സ്വകാര്യ ജീവിതത്തിൽ അവരനുഭവിക്കുന്ന പ്രയാസങ്ങളുടെ കെട്ടുകളും അവരെന്റെ മുന്നില്‍ തുറന്ന് വെക്കും. ഇടയില്‍ ചില വേളകളില്‍ അവരെ മാനസിക പിരിമുറുക്കങ്ങളിൽ നിന്നല്‍പ്പം അയവു വരുത്താനുദ്ദേശിച്ച് അവരുടെ രാജ്യത്തെക്കുറിച്ചും അവിടുത്തെ ആചാര രീതികളെ കുറിച്ചും മറ്റുമൊക്കെ ഞാൻ ചോദിച്ച് മനസ്സിലാക്കാറുണ്ട്

അങ്ങനെ യൂറോപ്യന്‍ രാജ്യങ്ങളിലെ തണുപ്പും, ആഫ്രിക്കയിലെ ശബ്ദമുഖരിതമായ നിഭിഢ വനങ്ങളിലെ സ്വച്ഛതയും, ഈജിപ്തിന്റെ സംസ്കാര വാഹിനിയായ നൈല്‍ നദിയിലെ കളകൂജനവും, അഫ്ഗാനിലെ പഹാഡുകളെന്നറിയപ്പെടുന്ന പരുക്കന്‍ മലകളുടെ കാഠിന്യവും ഞാൻ അനുഭവിക്കാറുണ്ട്. കശ്മീരിൽ തണുപ്പേറ്റ് വിറങ്ങലിച്ച് നില്‍ക്കുന്ന നീതി നിഷേധങ്ങളെ കുറിച്ചും, ചൈനയിലെ ഉയിഗൂർ മുസ്ലീങ്ങളനുഭവിക്കുന്ന പീഢന പർവ്വങ്ങളെ കുറിച്ചും ഞാനവരോട് സംസാരിക്കും. മിക്കവരും വളരെ താൽപ്പര്യത്തോടെ തന്നെ അക്കാര്യങ്ങളെക്കുറിച്ചെന്നോട് സംസാരിക്കുമെങ്കിലും, അമിതമായ സിഐഡി ഭയം കാരണം ഇരുന്നിടത്തുനിന്നും ഒന്ന് പിന്നിലേക്ക് കണ്ണ് പായിച്ച് ശബ്ദം വളരെ താഴ്ത്തി താല്‍പര്യമില്ലായ്മയോടെ സംസാരിക്കുന്നവരേയും ഞാൻ കണ്ടിട്ടുണ്ട്.

പരിമിതമായ സമയങ്ങൾക്കിടയിലും പരമാവധി അവരെ കേൾക്കാൻ ഞാന്‍ ശ്രദ്ധിക്കാറുണ്ടെന്ന് ചുരുക്കം.

അവര്‍ക്കിടയില്‍ നിന്നാണ്‌ ഒരു സിറിയന്‍ യുവാവിനെ ഞാനൊരിക്കൽ പരിചയപ്പെടുന്നത്. തങ്ങൾ സിറിയക്കാരായതിന്റെ പേരില്‍ മാത്രം വിസ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയുടെ നീതിരാഹിത്യത്തെ ചോദ്യം ചെയതുകൊണ്ടാണ്‌ അദ്ദേഹമന്നെന്റെ അരികിലെത്തിച്ചേരുന്നത്. ഞങ്ങളാ മണ്ണില്‍ ജനിച്ച് പോയി എന്നയാൾ ഇരു ചുമരുകളും മുകളിലേക്കുയർത്തി വേദനയോടെ എന്നോട് പറഞ്ഞു. ആയിടെയായി സിറിയയിൽ നടക്കുന്ന അഭ്യന്തര യുദ്ധം കാരണമാണ്‌ പല രാജ്യങ്ങളും വിസ അവര്‍ക്ക് നിഷേധിക്കുന്നതെന്ന് ഞാനയാള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ ശ്രമിക്കുമ്പോൾ... ആ യുദ്ധഭീകരത അയാളുടെ കണ്ണുകളില്‍ നിഴലിക്കുന്നതായി എനിക്ക് തോന്നി. എന്റെ മനസ്സിന്റെ അന്തരാളങ്ങളിലെവിടെയെങ്കിലും എന്തെങ്കിലുമൊരു ചലനമുണ്ടാക്കുന്ന സംസാരങ്ങളുണ്ടായാല്‍ അവരുമായി കൂടുതൽ ഇടപെഴുകാൻ ഞാൻ ശ്രമിക്കാറുണ്ട്.

ഞാനാ യുവാവിനോട് കൂടുതൽ സംസാരിച്ചു...

അയാളുടെ കുടുംബം, മക്കള്‍, താമസ സ്ഥലം അങ്ങനെ പലതിനെ കുറിച്ചും. ഒടുവിലായി അവരുടെ രാജ്യത്തെ കുറിച്ചും ഞാനയാളോട് ചോദിച്ചു. സിറിയന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏത് സിറിയൻ അറബികളോടും "കൈഫ് ബിലാദ്" എന്ന് ചോദിച്ചാൽ അവരുടെയെല്ലാം മുഖഭാവം ഒരേ പോലെയാണന്നെനിക്ക് തോന്നിയിട്ടുണ്ട്. അയാളെനിക്ക് ഉത്തരം നല്‍കി. പക്ഷേ, വിശ്വസംസ്കാരങ്ങളുടെ കളി തോട്ടിലുകളിലൊന്നായ പാല്‍മീറയും മറ്റനേക ജനപധങ്ങളും യുഗങ്ങളായി വസിച്ച ഒരു ഭൂവിനെക്കുറിച്ചാണ് അയാളാ പറയുന്നത് എന്നോര്‍ത്തപ്പോൾ എനിക്ക് ദുഃഖം തോന്നി. അദ്ദേഹം കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു. എന്റെ ഓര്‍മ്മ ശരിയാണങ്കിൽ... അമേരിക്കൻ സേന സിറിയയിലെ അവരുടെ അധിനിവേശം മതിയാക്കി മടങ്ങാന്‍ ആലോചിച്ച് കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അതിനാല്‍ തന്നെ കൂടുതലും അയാൾ വാചാലനായത് അതിനെ ചൊല്ലിയായിരുന്നു. ഒരു വശത്ത് സ്വന്തം ജനതയുടെ അഭിലാഷങ്ങളെ കണ്ടില്ലെന്ന് നടിച്ച് അവരെ ചോരയില്‍ മുക്കി കൊണ്ടിരിക്കുന്ന സര്‍ക്കാർ, മറുവശത്ത്‌ സര്‍ക്കാരിനെതിരെ സായുധ പോരാട്ടത്തിനിറങ്ങിയ ഒരു സംഘം, മൂന്നാമതായി ഇസ്ലാമിന്റെ പേരില്‍ യാഥാസ്ഥിതിക ഭാണ്ഡവും പേറി പോരിനിറങ്ങിയ തീവ്രവാദികളും. ഒടുക്കം, ഇവരെയെല്ലാം നേരിടാനെന്ന പേരില്‍ രംഗപ്രവേശം ചെയ്ത അമേരിക്കൻ അധിനിവേശ സൈന്യവും.

ഏറെ നീണ്ടു പോയ ആ സംസാരത്തിനിടയില്‍ ഒടുക്കമാണ്‌ ഞാനയാളുടെ പേര്‌ ചോദിക്കുന്നത്. അതൊരു വലിയ നാമമായിരുന്നു. അതിനാൽ തന്നെ ആ പേരിന്റെ ഒടുവിലത്തെ വാക്യം മാത്രമാണ്‌ എന്റെ ഓര്‍മ്മയിലുള്ളത്...

"അല്‍ ഫദ്ൽ"

ഒരുപക്ഷേ, അതയാളുടെ കുടുംബ പേരായിരിക്കാം. അറേബ്യൻ രീതിയനുസരിച്ച് അവരുടെ പേരിന്റെ ഒടുവിലത്തെ നാമം അവരുൾപ്പെട്ട ഗോത്രത്തിന്റേയോ കുടുംബത്തിന്റേയോ പേരിനേയാണ് സൂചിപ്പിക്കുന്നത്. ഇവിടെയും മറിച്ചാകാൻ തരമില്ല.

"ഫദ്ൽ എന്നുള്ളത് താങ്കളുടെ കുടുംബ നാമമായിരിക്കുമല്ലേ" ഞാനയാളോട് ചോദിച്ചു.

അയാൾ തലയാട്ടി.

"താങ്കള്‍ക്കറിയുമോ... പാരമ്പര്യമുള്ള വലിയൊരു കുടുംബമാണാത്"

അയാൾ സംസാരം തുടർന്നു...

"എന്റെ പൂര്‍വ്വികരിലാരോ ഇന്ത്യയില്‍ നിന്നും അറേബ്യയിലെത്തിയ ശേഷം സിറിയയിൽ താമസമുറപ്പിക്കുകയായിരുന്നു"

അയാളത് പറഞ്ഞ്‌ നിർത്തിയപ്പോൾ ഇന്ത്യയില്‍ നിന്നും കുടിയേറിയ അയാളുടെ ആ മുന്‍ഗാമിയെ കുറിച്ചുള്ള ചിന്തയായിരുന്നു എന്റെ മനസ്സിൽ. ആ വ്യക്തി ഇന്ത്യയിലെ ഏത് നാട്ടുകാരനായിരിക്കാം... എന്തിനായിരിക്കാം അയാൾ നാടു വിട്ടിട്ടുണ്ടായിരിക്കുക. അങ്ങനെ അനേകം ചോദ്യങ്ങൾ മനസ്സിലുയർന്നു. ഞാനതയാളോട് ചോദിച്ചു. അയാൾ നാവിന്‍ തുമ്പത്ത് വെച്ച് മറന്ന ശേഷം ഓര്‍മ്മ കിട്ടിയതുമാതിരി എന്നോട് പറഞ്ഞു.

"മലൈബാർ..."

ഞാൻ ആശ്ചര്യത്തോടെ അയാളെ നോക്കി. യുഗങ്ങള്‍ക്ക് മുമ്പ് വഴിമാറി നീങ്ങിയ എന്റെയൊരു സഹോദരനിതാ കാലങ്ങള്‍ക്ക് ശേഷം എന്റെ മുന്നില്‍ വന്നുപെട്ടിരിക്കുന്നു. കാലത്തിന്റെ നിര്‍ദയമായ കുത്തൊഴുക്കിൽ അയാളുടെ രൂപഭാവത്തില്‍ അനേകം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കറുപ്പില്‍ നിന്ന് വെളുപ്പിലേക്ക് മാറിയ ചര്‍മ്മവും, കടും നിറത്തില്‍ നിന്നും മനോഹരമായ ചെമ്പന്‍ വര്‍ണ്ണങ്ങളിലേക്ക് മാറ്റപ്പെട്ട തലമുടിയും അയാളെ എന്നില്‍ നിന്നും വെത്ത്യസ്ഥമാക്കുന്നു. ചെറിയൊരു പ്രാദേശിക ഭാഷയിൽ നിന്നും വലിയൊരു പാരമ്പര്യ ഭാഷയിലേക്കും, ഒരു ചെറിയ നാടിന്റെ അനുഭവങ്ങൾ വലിയൊരു നാഗരികതയുടെ മഹാപ്രളയത്തിലേക്കും ലയിക്കപ്പെട്ടിരിക്കുന്നു. എങ്കിലും, അയാളുമൊരു മലയാളിയാണ്. ഒരു മലബാറുകാരന്‍. ഓണവും പെരുന്നാളും ഒരുമിച്ചുണ്ട, മഴയും വെയിലും ഒരുമിച്ചനുഭവിച്ച മലയാള പുത്രന്‍.

ഞാനയാളോട് 'ഫദ്ൽ' കുടുംബത്തെ കുറിച്ച് കൂടുതൽ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു. പ്രത്യേകിച്ച്, മലബാറിലെ ഏത് നാട്ടുകാരനാണ് അവരുടെ പൂര്‍വ്വികനെന്ന്. പക്ഷേ, നിര്‍ഭാഗ്യവശാൽ അയാൾക്കതിനെ പറ്റി കൂടുതൽ കാര്യങ്ങളൊന്നും തന്നെ അറിവുണ്ടായിരുന്നില്ല. എങ്കിലും, 'ഫദ്ൽ' എന്ന ആ കുടുംബ പേരുമായി സാമ്യമുള്ള ഒരു വ്യക്തിയാണ് തങ്ങളുടെ ആ പൂര്‍വ്വികനെന്നയാൾ അഭിപ്രായപ്പെട്ടു. ഒരുപക്ഷേ, ആത്മീയത അന്വേഷിച്ച് അറേബ്യൻ തീരം ലക്ഷ്യമാക്കി നീങ്ങിയ ഏതെങ്കിലും മലബാര്‍ മാപ്പിള ആയിരുന്നിരിക്കാം അയാളുടെ പൂര്‍വികനെന്നെനിക്ക് തോന്നി. അല്ലെങ്കിൽ, കച്ചവടാവശ്യത്തിന്നായി പോയി അവിടെ കൂടിയതുമാകാം...

പരപ്പനങ്ങാടി കടലോരം
ഒടുക്കം, സലാം ചൊല്ലി അയാൾ പുറത്തിറങ്ങാനൊരുങ്ങുമ്പോൾ... ഉദ്വോഗജനകമായി വായിച്ച് കൊണ്ടിരുന്ന ഒരു പുസ്തകം പെട്ടന്ന് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ഒരുതരം വികാരമായിരുന്നു എനിക്കനുഭവപ്പെട്ടത്. പുറത്ത്‌ നിറഞ്ഞൊഴുകി നീങ്ങുന്ന ജനക്കൂട്ടത്തിലൊരാളായി അയാളും ലയിച്ചു ചേര്‍ന്നു.

പിന്നീട്, കുറേ കാലങ്ങള്‍ കഴിഞ്ഞു...

ഒരിക്കലൊരു വൈകുന്നേരത്ത് പരപ്പനങ്ങാടി കടപ്പുറത്ത് എത്തിചേർന്നിരിക്കുകയാണ് ഞാൻ. കൂടെ ഭാര്യയുമുണ്ട്. ചില ആവശ്യങ്ങള്‍ക്കായി ഇവിടം വരെയൊന്ന് വന്നതായിരുന്നു ഞങ്ങൾ. കാര്യങ്ങളെല്ലാം ചെയത് തീര്‍ത്ത് മടങ്ങാൻ നില്‍ക്കുമ്പോഴാണ് അവള്‍ക്ക് സൂര്യാസ്തമയം കാണാനൊരു പൂതി ഉദിച്ചത്. പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് മഞ്ഞ കലര്‍ന്ന ചുവന്ന സൂര്യൻ ഊളിയിട്ടിറങ്ങുന്ന ആ നയന മനോഹരമായ കാഴ്ച്ച കാണാൻ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. ഞങ്ങളങ്ങോട്ടേക്ക് തിരിച്ചു. അതിവിശാലമായ ആ ബഹ്റിന്റെ അങ്ങേ കര കാണാന്‍ കഴിയുന്നുണ്ടോ എന്ന് ഞങ്ങളവിടെ നിന്നും നോക്കി. ഞങ്ങളെപ്പോലെ അനേകമാളുകളുണ്ടവിടെ. ചിലര്‍ ഭാര്യയുമായി, ചിലര്‍ മക്കളുമായി, ചിലര്‍ കാമുകിയുമായി. എല്ലാവരും അവരവരുടേതായ ലോകത്ത് പരിലസിച്ചാനന്ദിക്കുന്നു. ചിലര്‍ തിരമാലകൾക്കൊപ്പം കളിക്കുന്നത് കാണാം. തിരമാല കരയിലേക്കടിക്കുമ്പോള്‍ പേടിച്ചെന്നോണം അവർ കരയിലേക്ക് പായുന്നു. അതുള്‍വലിയുമ്പോൾ അതിന്റെ കൂടെ കടലിലേക്കുമവർ ഓടുന്നു. ചിലര്‍ക്ക് ഫോട്ടോയെടുപ്പിലാണ് കമ്പം. എന്നാൽ, ചിലര്‍ ആത്മഹത്യ ചെയ്യാൻ വന്നവരെ പോലെ കടലിന്റെ നിഗൂഢതയിലേക്ക് കണ്ണും നട്ട് ചിന്താമഗ്നരായി ഇരിക്കുന്നതു കാണാം. ഇതിനെല്ലാം സാക്ഷിയായി കുമിള തെറിപ്പിച്ച് പാഞ്ഞ് വരുന്ന തിരമാലയുടെ ആവര്‍ത്തന വിരസത... എത്രയോ കാലമായി തുടരുന്ന പ്രക്രിയ. ഒരുപക്ഷേ, ഭൂമി ഉണ്ടായത് മുതലേ ഇത് തുടരുന്നുണ്ടായിരിക്കാം. കാറ്റും, കടലും രൂപപ്പെട്ടത് മുതൽ മുടക്കമില്ലാതെ ഇത് തുടർന്ന് കൊണ്ടിരിക്കുന്നു. തിരമാലക്കപ്പുറം ഓളമിട്ടിളകുന്ന കടൽ പരപ്പും അതിലവിടവിടെയായി മീന്‍ പിടുത്ത ബോട്ടുകളും കാണാം. അതിനുമപ്പുറം വിശാലമായ പരന്ന് കിടക്കുന്ന ലക്കും ലഗാനുമില്ലാത്ത, അറ്റവും ആഴവുമറിയാത്ത, നിറമോ രൂപമോ ഇല്ലാത്ത അനന്ദസമുദ്രാത്ഭുദം. അതിന്റെ ഏറ്റവും ഒടുക്കം കാവി പുതച്ച സൂര്യൻ. ഒരുപക്ഷേ, ഈ ഭൂമിയുടെ ഒടുക്കം അവിടെയായിരിക്കാം... പ്രപഞ്ചത്തിന്റേയും. അത്രക്ക് നിഗൂഢമാണവിടത്തെ കാഴ്ച്ച. 

സൂര്യൻ ഞങ്ങളുടെ കണ്ണിനെ വെട്ടിച്ച് പതിയെ പതിയെ സമുദ്രത്തിലേക്ക് ലയിച്ച് കൊണ്ടിരിക്കുന്നതും നോക്കി ഏറെ നേരം ഞങ്ങളവിടെ ചിലവഴിച്ചു. അത് കടലില്‍ ലയിച്ചില്ലാതാവുകയാണോ എന്ന് തോന്നിപ്പോകുന്നു. എന്നാൽ, മറ്റേതോ ദേശത്ത് ഉദിച്ചുയരുവാനായി താല്‍ക്കാലികമായി വിടചൊല്ലുക മാത്രമാണത്. സൂര്യൻ പൂര്‍ണമായും മറഞ്ഞു. അതോടെ... അകലത്തുള്ളൊരു പുരാതന പള്ളിയില്‍ നിന്നും മഗ്രിബ് നമസ്കാരത്തിനുള്ള ബാങ്ക് മുഴങ്ങുകയായി.

ഈ സമുദ്രഭാഗത്ത് നിന്നും അല്‍പ്പം പടിഞ്ഞാറ്റേക്ക് ചെരിഞ്ഞ് വടക്കോട്ട് സഞ്ചരിച്ചാൽ അറേബ്യൻ തീരത്തെ മണലാരണ്യത്തിൽ എത്തിച്ചേരാം. പണ്ട് അനേകം പായകപ്പലുകള്‍ കടലിലടിക്കുന്ന ഇളം കാറ്റിനോടൊപ്പം തലങ്ങും വിലങ്ങും സഞ്ചരിച്ച പാതയാണത്. അന്നീ തീരത്തേക്കടിക്കുന്ന കാറ്റിനുപോലും അറിയാമായിരുന്നു ഈ നാടും അറേബ്യയും തമ്മിലുള്ള സ്നേഹോഷ്മളമായ ബന്ധത്തെ കുറിച്ച്. എല്ലാ കൊല്ലവും മഴക്കാലത്തിന് തൊട്ട് മുമ്പൊരു കാറ്റീ സമുദ്രത്തില്‍ രൂപപെടാറുണ്ട്. അതിന്റെ വിരിമാറില്‍ തലചായ്ച്ചാണ് അറേബ്യൻ പായകപ്പലുകൾ ഇവിടേക്കും പിന്നീട് തിരിച്ചും യാത്ര പോയിരുന്നത്. മനുഷ്യനെത്തിപിടിക്കാൻ കഴിയാത്തത്ര കാലത്തോളം പഴക്കമുള്ള സഞ്ചാരങ്ങളായിരുന്നത്. രണ്ടായിരമോ മൂവായിരമോ വർഷങ്ങൾ.

ആഴിയിൽ മുങ്ങിയ സൂര്യന്റെ അസാന്നിദ്ധ്യത്തിൽ അന്തരീക്ഷമാകെ ഇരുട്ട് പരക്കാന്‍ തുടങ്ങുമ്പോൾ ഞങ്ങൾ അവിടെ നിന്നും മടങ്ങാന്‍ തീര്‍ച്ചയാക്കി. അവിടെയുള്ള തൊഴിലാളികളുടെ ഓലമേഞ്ഞ വിശ്രമ കുടിലുകളുടെ നീണ്ട നിര ഈ തീരത്തിന് ഒരു പുരാതന ഭാവം നല്‍കുന്നു, അതിന്‌ പിന്നിലുള്ള ആളൊഴിഞ്ഞ ചാപ്പപ്പടി മത്സ്യ വിപണന കേന്ദ്രവും, മുക്കുവരുടെ ആർഭാടങ്ങളില്ലാത്ത ചെറിയ വീടുകളും പിന്നിലാക്കി ഞങ്ങൾ കുതിക്കുമ്പോള്‍ ഞാനോര്‍ത്തത് പരപ്പനങ്ങാടി തീരത്തെ ഇന്നലകളെ കുറിച്ചാണ്...

ആ ചരിത്ര സംഭവങ്ങൾ ഓര്‍ക്കുന്നതേ സമരമാണ്...

കാലം 1852 ഫെബ്രുവരി.

അതിന്റെ ആദ്യ ആഴ്ചകളിൽ പതിനായിരത്തിലധികം സായുധരായ മലബാറുകാരാണ് പരപ്പനങ്ങാടി തീരത്ത് ദിവസങ്ങളോളം തമ്പടിച്ചിരുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ അരുമ സന്താനം മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാർ നാടുകടത്താന്‍ തീരുമാനിച്ച ദിനങ്ങളിയിരുന്നു അന്ന്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് യാത്ര മംഗളം നേരാനായിരുന്നില്ല അവരവിടെയന്ന് കാത്തിരുന്നിരുന്നത്. മറിച്ച്, ഏതൊരു വ്യവസ്ഥിതിയാണോ അദ്ദേഹത്തെ അന്നാട്ടിൽ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നത് ആ വ്യവസ്ഥിയെ പുച്ഛിച്ച് തള്ളികൊണ്ട്‌ അതിനെതിരെ സമരം പ്രഖ്യാപിച്ചാണ് അവരവിടെ അണിനിരന്നിരുന്നത്. അക്കാലത്ത് കേരളത്തിൽ അരങ്ങേറിയിരുന്ന ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയിയിരുന്നു ഇസ്ലാമിക ജ്ഞാനി, മത പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ഫസല്‍ തങ്ങൾ. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമാണ്‌ കേരളത്തിൽ കാര്‍ഷിക കലാപങ്ങൾ ഉയർന്ന് വന്നിരുന്നത്. മലബാറിലെ മുസ്ലിം പണ്ഡിതരിൽ ഒരു വിഭാഗം നിരന്തരം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആ ജനവിഭാഗങ്ങളെ പ്രതികരണ ശേഷിയുള്ളവരാക്കാൻ ശ്രമങ്ങൾ നടത്തി. അവരിലെ പ്രമുഖനായിരുന്നു സയ്യിദ് ഫസല്‍. 1852 ഫെബ്രുവരി 12ന് മദ്രാസ് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ ഉത്തരവ് പ്രകാരമാണ് സയ്യിദ് ഫസലിനെ നാടുകടത്താന്‍ തീരുമാനിക്കുന്നത്. സര്‍ക്കാറിന് സ്ഥിരം വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്ന ഒരു വ്യക്തിയെ നാട്ടില്‍ നിന്നും ഇല്ലായ്മ ചെയ്യുക എന്ന നിലയിലായിരുന്നു ആ ഉത്തരവ് പ്രാബല്യത്തില്‍ വന്നത്.

ഫസലിന്റെ വര്‍ദ്ധിച്ച ജനപിന്തുണയും സ്വാധീനവും കാരണം ഈ ഉത്തരവ് നടപ്പിലാക്കാനുള്ള ധൈര്യം കലക്ടറിയിരുന്ന കനോലിക്കുണ്ടായിരുന്നില്ല. ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ തങ്ങളതിനെ എതിര്‍ത്താൽ ഹബ്ബന്റെ നേതൃത്വത്തിലുള്ള മൈസൂര്‍ കുതിരപടയുടെ സേവനം അവശ്യപ്പെടുന്നതിനെ കുറിച്ചും കളക്ടറന്ന് ആലോചിച്ചിരുന്നു. തങ്ങൾ സര്‍ക്കാറിനൊരു തലവേദനയായിരുന്നു എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. അദ്ദേഹത്തെ സ്വമേധയാ എന്ന രീതിയില്‍... എന്നാൽ, നിര്‍ബന്ധപൂര്‍വ്വം രാജ്യം വിട്ടുപോകാൻ പ്രേരിപ്പിക്കുന്ന തന്ത്രങ്ങൾ കനോലി ആവിഷ്കരിച്ച് നടപ്പിലാക്കി. അതിനായി സയ്യിദ് ഫസലുമായി വളരെ അടുപ്പമുള്ള വ്യക്തികളെ കനോലി സമീപിച്ചു. ഏറനാട് തഹസിൽദാർ കുട്ടൂസ, ഡെപ്യൂട്ടി കലക്ടർ കണാരന്‍, തങ്ങളുടെ ബന്ധുവും ബ്രിട്ടീഷ് അനുകൂലിയുമായ ആറ്റക്കോയ തങ്ങൾ എന്നിവരാണ് സയ്യിദ് ഫസലുമായി കനോലിക്കു വേണ്ടി ചർച്ചകൾ നടത്തിയത്. തന്റെ പാരമ്പര്യത്തിന് നിരക്കാത്ത നടപടിയാണതെന്ന നിര്‍ബന്ധത്തിന് പുറത്ത്‌ ഫസല്‍ അദ്യമൊക്കെ അവരുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ വഴങ്ങിയില്ല എങ്കിലും. മതത്തിനും തന്നെ സ്നേഹിക്കുന്നവര്‍ക്കും കൂടി അപകടം വരുമെന്നായപ്പോൾ അറേബ്യയിലേക്ക് പലായനം ചെയ്യാൻ തന്നെ അദ്ദേഹം തീരുമാനമെടുത്തു. ബ്രിട്ടീഷുകാർക്കെതിരിൽ ചെറൂർ യുദ്ധത്തില്‍ പങ്കെടുത്ത് പരിക്കേറ്റ് മരണപ്പെട്ട മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകനാണ് താന്‍ എന്ന ബോധ്യം ബ്രിട്ടീഷ് സിൽബന്ദികളുടെ നിരന്തരമായ നിര്‍ബന്ധത്തിന് മുന്നില്‍ അദ്ദേഹം വിസ്മരിച്ച് കാണണം.

കനോലി
നാടുകടത്തൽ നടപടികള്‍ക്ക് രൂപം നല്‍കിയത് കളക്ടര്‍ കനോലിയും മറ്റ് ഉദ്യോഗസ്ഥരുമായിരുന്നു. തിരൂരങ്ങാടി പള്ളി പരിസരത്തെ യൂറോപ്യന്‍ സൈനിക വിന്യാസവും അതിന്‌ പരിസരത്തിലൂടെയുള്ള തങ്ങളുടെ പരസ്യമായ യാത്രയപ്പും രൂക്ഷമായ പ്രതിഷേധത്തിനും രക്ത ചൊരിച്ചിലിനും കാരണമാകുമെന്ന് കനോലി ഭയപ്പെട്ടിരുന്നിരിക്കണം. കാരണം, തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ നാടുകടത്തലിൽ നിന്ന് തങ്ങളുടെ അവസാനം വരെ സംരക്ഷിക്കാൻ അവിടെ സംഘടിച്ചെത്തുന്ന ജനാവലി മുതിരുമെന്ന് സര്‍ക്കാറിനറിയാമായിരുന്നു. അതിനാല്‍, വളരെ രഹസ്യമായാണ് പദ്ധതികൾ ബ്രിട്ടീഷ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരുന്നത്. അതിനായി തിരഞ്ഞെടുത്ത തീരമായിരുന്നു പരപ്പനങ്ങാടി കടപ്പുറം. തീരത്ത് നിന്നും വളരെ രഹസ്യമായി കൊതുമ്പു വള്ളങ്ങളിൽ പുറം കടലിലേക്കും പിന്നെ പായകപ്പലില്‍ അറേബ്യയിലേക്കും അദ്ദേഹത്തെ നീക്കാനായിരുന്നു അവരുടെ പദ്ധതി.

ഞാനക്കാലത്തെ വെറുതെ അകകണ്ണിൽ കാണാന്‍ ശ്രമിച്ചു. സായുധരായ കുറേയേറെ മാപ്പിള യുവാക്കള്‍... അവർ പിറന്ന നാടിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തിവിടെ കാത്തു നില്‍ക്കുന്നു. കാറ്റും കോളുമുള്ള രാത്രികളും... മഞ്ഞും തണുപ്പുള്ള കാറ്റും അവരിവിടെ അനുഭവിച്ചിരുന്നിരിക്കണം. വിശപ്പും ദാഹവും കൂടപിറപ്പായതിനാൽ അതിൽ വലിയ പ്രയാസമവര്‍ക്ക് തോന്നിക്കാണില്ല. എന്തിനും ഏതിനും തയ്യാറായി നില്‍ക്കുന്ന അവര്‍ക്കിടയിലേക്കാണ് 1852 മാർച്ച് 19ന് സയ്യിദ് ഫസലും അവിടുത്തെ രണ്ട് പുത്രന്മാരും സഹോദരിയും പരിചാരകരുമുൾപ്പെട്ട കുടുംബം കടന്നുവരുന്നത്. അദ്ദേഹമന്ന് നിനച്ചിരുന്നെങ്കിൽ ബ്രിട്ടീഷുകാരുമായി ഒരു തുറന്ന പോരാട്ടം തന്നെ അവിടെ നടക്കുമായിരുന്നു. എന്നാൽ, തന്റെ പേരില്‍ മലബാറിലൊരു രക്തചൊരിച്ചിലുണ്ടാകുന്നിൽ തീര്‍ത്തും അദ്ദേഹം എതിരായിരുന്നു.

തിരൂരങ്ങാടി മുതൽ പരപ്പനങ്ങാടി വരെയുള്ള അനേകായിരങ്ങളുടെ പ്രാർത്ഥനകളും യാത്ര മംഗളങ്ങളും ഏറ്റുവാങ്ങി തീരത്തെ ജനമധ്യത്തിലേക്ക് അദ്ദേഹം വന്നിറങ്ങുമ്പോള്‍ തങ്ങളുടെ ആത്മീയത ഗുരുവിന്റെ മുഖം ഏവരും ശ്രദ്ധിച്ചു കാണണം. ഒരുപക്ഷേ, താന്‍ നിര്‍ബന്ധ പൂര്‍വ്വം ഇന്നാട്ടില്‍ നിന്നും നീക്കം ചെയ്യപ്പെടാന്‍ പോവുകയാണ്‌ എന്നൊന്നുമായിരിക്കില്ല ആ മുഖത്ത് വെളിവാക്കപ്പെട്ട ഭാവം. മറിച്ച്, തന്റെ അസാന്നിധ്യത്തിലും പോരാട്ടം മുന്നോട്ട് തന്നെ കുതിക്കട്ടെ എന്ന് അദ്ദേഹത്തില്‍ നിന്നും അവര്‍ക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരിക്കണം. അതുകൊണ്ടായിരിക്കുമല്ലോ... മലബാറിലെ പോരാട്ടങ്ങളുടെ തുടർച്ച പിന്നീട് കൂടുതൽ ശക്തി പ്രാപിച്ച കാഴ്ച്ച അധികാരികള്‍ക്ക് കാണേണ്ടി വന്നത്. ഒരുപക്ഷേ, അന്നാ ജനകൂട്ടത്തിൽ എമാലു, തേനു, ഹൈദർമാൻ എന്നീ പോരാളികളും സന്നിഹിതരായിട്ടുണ്ടായിരുന്നിരിക്കണം. കാരണം, അവരായിരുന്നു 1855ൽ തങ്ങളുടെ നേതാവിനെ നാട് കടത്താൻ ചുക്കാന്‍ പിടിച്ചതിന്റെ പേരില്‍ കളക്ടര്‍ കനോലിയെ കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് വകവരുത്തുന്നത്.

ഇന്നും അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആ ധീര പോരാളികളുടെ തലമുറകളെ പ്രേരിപ്പിക്കുന്ന വലിയൊരു ആവേശമാണ് ആ ചരിത്രത്തിന്റെ ഓർമ്മകൾ...

1853ലാണ് അദ്ദേഹം യമനിലെ ഹദർ മൗത്തിൽ കപ്പലിറങ്ങുന്നത്. തന്റെ പിതാവ് 1770ൽ കേരളത്തിലേക്ക് കപ്പല്‍ കയറിയ അതേ മണ്ണായിൽ. ഒരുപക്ഷേ, അദ്ദേഹത്തിന്റെ കൂട്ടുകുടുംബങ്ങളും ബന്ധുക്കളും ഏറെയുള്ളയിടം. എന്നിട്ടും, സ്വന്തം നാട്ടില്‍ നിന്നും ഏറെ അകലത്തിലാണെന്ന ബോധം അദ്ദേഹത്തെ നിരന്തരം വേട്ടയാടിയിരുന്നിരിക്കണം. അതിനാലായിരിക്കുമല്ലോ പിതാവിന്റെ നാടായ ഹദർ മൗത്തിലെത്തിയിട്ടും അവിടെ തുടരാൻ അദ്ദേഹത്തിന് കഴിയാതെ പോയത്. ആ ഗൃഹാതുരത്വത്തിന്റെ നിലക്കാത്ത ഓർമ്മകളുടെ പ്രേരണയായിക്കാം അദ്ദേഹത്തെ മസ്കത്തിലും അവിടെനിന്ന് ഈജിപ്ത് വഴി തുര്‍ക്കിയിലെ ഇസ്താംബുളിലും എത്തിക്കുന്നത്. ലോക മുസ്ലീങ്ങളുടെ നേതാവും ഖലീഫയുമായ സുല്‍ത്താന്‍ അബ്ദുള്‍ മജീദിനെ കണ്ട് തന്റെ പ്രയാസങ്ങള്‍ ധരിപ്പിക്കുകയായിരുന്നു സയ്യിദ് ഫസലിന്റെ ഇസ്താംബുളിലെ പ്രഥമ ദൗത്യം. സുല്‍ത്താനെ സ്വാധീനിച്ച് മലബാറിലേക്ക് തിരിച്ച് വരാനുള്ള ശ്രമങ്ങൾ സയ്യിദ് ഫസല്‍ അന്നുമുതൽക്കേ തുടക്കം കുറിച്ചു. അതിനായി നിരന്തരം സുല്‍ത്താന്റെ ഉദ്യോഗസ്ഥരെ അദ്ദേഹം സന്ദര്‍ശിച്ചു. ഒടുവില്‍, അതിന്‌ ഫലം കാണുക തന്നെ ചെയ്തു. അതിന്‌ ചരിത്രപരമായ മറ്റൊരു കാരണം കൂടിയുണ്ട്. അക്കാലത്ത് തുര്‍ക്കിയില്‍ സുല്‍ത്താന്‍ അബ്ദുള്‍ മജീദിന്റെ കീഴില്‍ 'ഖത്തേ ശരീഫ്' എന്ന പേരില്‍ മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചിരുന്നു. തുര്‍ക്കിയുടെ രാഷ്ട്രീയ ചരിത്രത്തിൽ മനുഷ്യ വികാരങ്ങള്‍ക്കും, സംസ്കാര സമ്പന്നതക്കും ഇത്രമേല്‍ പ്രാധാന്യം കൊടുത്ത മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല എന്ന് ലൂയി പെറ്റിറ്റിനെ പോലുള്ള ചരിത്രകാരന്മാര്‍ അക്കാലത്തെ സംബന്ധിച്ച് സൂചിപ്പിക്കുന്നു.

സുൽത്താൻ അബ്ദുൽ മജീദ്
ഓട്ടോമൻ സുല്‍ത്താനുമായി നടത്തിയ ഇടപെടലുകളുടെ ഫലമായാണ് തുര്‍ക്കിയിലെ ബ്രിട്ടീഷ് അംബാസിഡര്‍ സയ്യിദ് ഫസലിനെ പരിചയപ്പെടുത്തികൊണ്ടും, അദ്ദേഹത്തിന് സുഗമമായി ഇന്ത്യയിലേക്ക് വന്നുചേരുവാനുള്ള സാഹചര്യമൊരുക്കാൻ ആവശ്യപ്പെട്ടുകൊണ്ടും ബോംബേയിലെ ബ്രിട്ടീഷ് ഗവര്‍ണര്‍ക്ക് കത്തെഴുതുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന നിഷ്കളങ്കമായ പ്രതീക്ഷയിൽ അദ്ദേഹം പിന്നീട് ഈജിപ്തിലേക്ക് തിരിച്ചു. ഒരുപക്ഷേ, യാത്രാനുമതി ലഭിക്കുന്ന മുറക്ക് യമൻ തീരത്തെത്തി കപ്പല്‍ കയറാനായിരിക്കാം അദേഹത്തിന്റെ പദ്ധതി. എന്നാൽ, ഈ വിവരം ലഭിച്ച മദ്രാസ് പ്രവിശ്യാ സെക്രട്ടറി വൈക്രോപ്റ്റ് ബോംബേ ഗവര്‍ണറുമായി നേരിട്ട് ബന്ധപ്പെട്ട് ഏത് വിധേനയും ആ മടക്ക യാത്ര തടയാൻ ആവശ്യപ്പെട്ടു. അതിന്‌ വ്യക്തമായ കാരണവും അദ്ദേഹം ബോധിപ്പിച്ചിരിക്കാം. ഏതൊരു സാഹചര്യത്തിലാണ് സയ്യിദ് ഫസല്‍ ഇന്ത്യയിൽ നിന്നും പുറത്താക്കപ്പെട്ടതെന്നും, ആ വ്യക്തി മടങ്ങി വന്നാൽ മലബാര്‍ പ്രദേശത്ത് ഉണ്ടാകാനിടയുള്ള അനര്‍ത്ഥങ്ങളെ കുറിച്ചും വിശദമായി തന്നെ ബോംബേ ഗവര്‍ണ്ണറെ അദ്ദേഹം ധരിപ്പിച്ചു. അങ്ങനെയാണ്‌ ഇന്ത്യയിലെ എല്ലാ തുറമുഖ അധികാരികള്‍ക്കും സയ്യിദ് ഫസലിന്റെ വാരവുമായി ബന്ധപ്പെട്ട് ജാഗരൂകരായിരിക്കിനുള്ള നിർദ്ദേശങ്ങൾ നല്‍കുന്നത്. ഈ മുന്‍ കരുതലുകളൊക്കെ അതിജീവിച്ച് സയ്യിദ് ഫസല്‍ മദ്രാസ് പ്രവിശ്യയിലെങ്ങാൻ പ്രവേശിച്ചാല്‍ ഉടനെ അദ്ദേഹത്തെ അറസ്റ്റുചെയ്യാനും അധികൃതര്‍ തീരുമാനിച്ചു.

അതിനിടയിലാണ് കോഴിക്കോട് ജയിലിൽ നിന്നും ചാടിയ തടവുപുള്ളികള്‍ തങ്ങളുടെ നേതാവ് സയ്യിദ് ഫസലിനോടും കുടുംബത്തോടും ചെയ്ത നെറികേടിന്റെ പേരില്‍, അതിന്റെ കാരണക്കാരനായ കൊനോലിയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് വധിക്കുന്നത്. സര്‍ക്കാര്‍ സേവകനായ ഒരുയർന്ന ഉദ്യോഗസ്ഥന്റെ വധമെന്ന നിലയില്‍ ആ സംഭവം വലിയ പ്രത്യാഘാതമാണ് ഇന്ത്യയിലുണ്ടാക്കിയത്. കൃത്യം ചെയ്തവരെ കണ്ടത്തി അവരെ തൂക്കിലേറ്റികൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ അരിശം തീര്‍ത്തങ്കിലും, അതും മതിയാകാഞ്ഞിട്ട്, അവരുടെ മൃതദേഹം മഞ്ചേരി കച്ചേരിക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ ജനങ്ങളെ ഭയചകിതരാക്കുവാനും അവർ ശ്രമിച്ചു. കനോലിയുടെ വധത്തിന് പിന്നിലും സയ്യിദ് ഫസലിന്റെ കരങ്ങള്‍ തന്നെയായിരിക്കുമെന്ന നിഗമനത്തില്‍ തുടരന്വേഷണത്തിന്‌ റോബിന്‍സൺ എന്ന ഉദ്യോഗസ്ഥനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഈജിപ്തിലേക്കയച്ചു. അവിടെ വച്ച് സയ്യിദ് ഫസലിന്റെ ഈജിപ്തിലേയും പരിസര പ്രദേശങ്ങളിലേയും പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തന്നെ റോബിന്‍സൺ അധികൃതര്‍ക്ക് അയച്ചുനല്‍കി. 1856ൽ ഏഡനിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ നല്‍കിയ കണക്കനുസരിച്ച് വര്‍ഷം തോറും ഏകദേശം 2000ത്തോളം മലബാര്‍ തീര്‍ത്ഥാടകരാണ് അക്കാലത്ത് മക്ക സന്ദര്‍ശിക്കാറുള്ളത്രെ. അവരുമായുള്ള സയ്യിദ് ഫസലിന്റെ ബന്ധത്തെകുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. നാട്ടിലെ മത ചടങ്ങുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കുന്നതിനും, ഫതുവ തേടുന്നതിനും അവർ ഫസലുമായി ബന്ധപ്പെട്ടിരുന്നു എന്നും അതിൽ കാണാൻ കഴിയും. അതിനാല്‍, അറേബ്യയില്‍ നിന്നും സയ്യിദ് ഫസലിനെ ഡമാസ്കസിലേക്കോ, ബർസഖിലേക്കോ നാട് കടത്തുന്നതാണ് ഉത്തമമെന്ന് റോബിന്‍സൺ റിപ്പോര്‍ട്ടിൽ പറഞ്ഞുവെക്കുന്നുണ്ട്. അങ്ങനെ ചെയ്താൽ മാത്രമേ ഫസലിന്റെ സ്വാധീനം ഒരളവ് വരെയെങ്കിലും കുറക്കാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം നിരീക്ഷിച്ചു.

സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ
നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഒരു സ്വപ്നമായി മാത്രം അവശേഷിക്കുന്നു എന്ന്  ബോധ്യപ്പെട്ടതിനിടയിലാണ് ഒമാനിലെ ദോഫാർ പ്രദേശത്തെ അമീറായി പ്രവർത്തിച്ചു കൊണ്ട്‌ ഒട്ടോമൻ സര്‍ക്കാരിനെ സേവിക്കാൻ തയ്യാറുണ്ടോ എന്ന ചോദ്യം ഇസ്താംബുളിൽ നിന്നും അദ്ദേഹത്തെ തേടി വരുന്നത്. അദ്ദേഹമത് സ്വീകരിക്കുകയും, 1876ഓടെ ദോഫാറിന്റെ അമീറായി ചുമതലയേൽക്കുകയും ചെയതു. 1879ൽ പ്രാദേശിക ശൈഖുമാർ അദ്ദേഹത്തെ പുറത്താക്കി അധികാരം പിടിച്ചെടുക്കുന്നത് വരെ ദോഫാരി ഗോത്രങ്ങളുടെ സഹായത്തോടെ അഭ്യന്തര ബദുക്കൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. പ്രദേശത്തെ സ്വൈര്യ ജീവിതം തകര്‍ക്കുന്ന രീതിയില്‍ നീങ്ങിയിരുന്ന ആ സംഘത്തെ ദുര്‍ബലമാക്കിയത് കാരണവും, അവിടുത്തെ ഭരണ മികവിന്റെ പേരിലും ബ്രിട്ടീഷ് രാജ്ഞി വരെ തന്റെ അഭിനന്ദനം സയ്യിദ് ഫസലിനെ അറിയിച്ചു എന്നും ചരിത്രത്തിൽ കാണാൻ കഴിയും. 1879ഓടെ അധികാരം നഷ്ടപ്പെട്ട അദ്ദേഹം പിന്നീട് തുര്‍ക്കിയിലേക്കു തന്നെ നീങ്ങി. കാരണം, അപ്പോഴേക്കും തുര്‍ക്കി ഖിലാഫത്തിലെങ്ങും പ്രശസ്തനായ ആ വ്യക്തിയുടെ സേവനം തുടര്‍ന്നും ഇസ്താംബുളിന് ആവശ്യമുണ്ടെന്ന് അവർ അറിയിച്ചിരിക്കാം. അതിനാല്‍, പിന്നീട് കുറച്ച് കാലം സുല്‍ത്താന്‍ അബ്ദുൽ ഹമീദ് രണ്ടാമന്റെ മതോപദേഷ്ടാവായി അദ്ദേഹം തുര്‍ക്കിയില്‍ പ്രവർത്തിച്ചു. ഇതിനിടയിൽ, അദ്ദേഹത്തിന് തുർക്കി ഭരണകൂടം അവരുടെ ഉയർന്ന ബഹുമതിയായ 'പാഷ' പട്ടം നൽകി ആദരിച്ചു. ഓട്ടോമൻ രാഷ്ട്രീയ സൈനിക വ്യവസ്ഥയിൽ ഉയർന്നൊരു പദവിയാ‌ണിത്. സാധാരണ ഗവർണർമാർക്കും ജനറൽമാർക്കും വിശിഷ്ടാതിഥികൾക്കും മാത്രമായി നൽകുന്ന ഒന്ന്. എന്നാൽ, മലബാറിന്റെ നാലതിരുകള്‍ വിട്ട് അറബ് ഒട്ടോമൻ ലോകത്ത് സ്വീകാര്യതയുള്ള ഒരു അന്താരാഷ്ട്ര വ്യക്തിത്വവുമായി അദ്ദേഹം വളരുന്നത് ബ്രിട്ടീഷുകാർ ഏറെ ആശങ്കയോടെയാണ് നോക്കി കണ്ടത്. അതുകൊണ്ട്‌ തന്നെ അദ്ദേഹം ഇന്ത്യൻ തീരമണയാതിരിക്കാനുള്ള എല്ലാ ആസൂത്രണങ്ങളും അവർ കൂടുതൽ ശക്തിയായി മുന്നോട്ട് കൊണ്ടുപോയി. അദ്ദേഹത്തിന് ചുറ്റും ബ്രിട്ടീഷ് ചാരന്മാർ നിരന്തരം വട്ടമിട്ട് പറന്നു. അവർ സയ്യിദ് ഫസലിന്റെ ഓരോ നീക്കങ്ങളും ഒപ്പിയെടുത്ത് ഉന്നത വൃത്തങ്ങളെ അറിയിച്ച് കൊണ്ടിരുന്നു. ഇതേ സമയം തുര്‍ക്കിയിലെ രാഷ്ട്രീയ രംഗവും അതിസങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ കടന്ന് പോയി കൊണ്ടിരിക്കുകയായിരുന്നു. ഒരു വശത്ത് റഷ്യയുമായും പിന്നീട് ഗ്രീസുമായും ചെയ്ത യുദ്ധത്തിന്റെ ഫലമായി തകർന്ന സാമ്പത്തിക രംഗവും, മറുവശത്ത്‌ യുവതുര്‍ക്കികളുടെ വിപ്ലവ ചൂടില്‍ തിളച്ച് മറിയുന്ന തെരുവുകളും... ഇത്തരമൊരു പ്രതികൂലമായ സാഹചര്യത്തിൽ തന്റെ തിരിച്ച് പോക്ക് അസാധ്യമാണന്ന തിരിച്ചറിവിലായിരിക്കണം അദ്ദേഹം പിന്നെ ഏറെ നാൾ വിശ്രമത്തിലായിരുന്നു.

1901ല്‍ തന്റെ 77ആം വയസ്സില്‍ സയ്യിദ് ഫസൽ പാഷ ഇസ്താംബുളിൽ മരണപ്പെടുമ്പോൾ തുര്‍ക്കി ഖിലാഫത്തിന്റെ അധികാര ശ്രേണിയില്‍ നിഷേധിക്കാൻ കഴിയാത്തൊരു ശക്തിയായി ആ അതുല്യനായ മലബാറുകാരൻ വളര്‍ന്ന് കഴിഞ്ഞിരുന്നു. അതിനാലായിരിക്കും... ഇസ്താംബുളിലെ സുല്‍ത്താന്‍ മഹ്മൂദ് ഖാന്റെ ഖബറിനരികില്‍ തന്നെ അദ്ദേഹത്തെ മറമാടാൻ അധികാരികൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാതിരുന്നത്. അവിടെ മാർബിൾ വിരിച്ച് മനോഹരമാക്കിയ അദ്ദേഹത്തിന്റെ കല്ലറയിൽ ഇങ്ങനെ എഴുതിയിരിക്കുന്നതായി കാണാം.

"ഫസൽ പാഷ... ഹിജ്റ 1318" എന്ന്.

ഫസൽ പാഷയുടെ ഇസ്തംബൂളിലെ കുടീരം
ഫസലിന്റെ മരണ ശേഷം ചിന്നിച്ചിതറിയ കുടുംബം അറേബ്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങുകയും അവിടങ്ങളില്‍ സ്ഥിരവാസമുറപ്പിക്കുകയും ചെയതു. പിന്നീട്, ദേശരാഷ്ട്രങ്ങള്‍ നിലവില്‍ വരുന്ന സന്ധിയില്‍ എത്തിപ്പെട്ട രാജ്യങ്ങളിലെ പൗരന്മാരായി അവർ മാറി. അങ്ങനെ ആ മമ്പുറംകാർ ഈജിപ്തുകാരും, സിറിയക്കാരും, തുര്‍ക്കിളുമൊക്കെ ആയിമാറി. ഒരു കാലഘട്ടത്തിൽ തിളങ്ങി നിന്ന ഒരു വ്യക്തിയുടെ പിന്‍ഗാമികളെന്ന നിലയില്‍ ആ കുടുംബത്തിന് വലിയ ആദരവാണ് ആ രാജ്യങ്ങളില്‍ ലഭിച്ചുവന്നത്‌. ആ കുടുംബങ്ങൾ അദ്ദേഹത്തിന്റെ പേരില്‍ തന്നെ അവിടങ്ങളില്‍ അറിയപ്പെട്ടു.

ഫസല്‍...

അത് അവര്‍ക്കങ്ങനെ അവരുടെ കുടുംബ പേരായിമാറി. അവരിലെ ആദ്യ തലമുറകള്‍ അവരുടെ പാരമ്പര്യത്തെകുറിച്ച് ബോധവാന്മാരായിരുന്നു എങ്കിലും, കാലങ്ങള്‍ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് അവരുടെ നീളമുള്ള പേരിന്റെ അവസാനം ചേര്‍ക്കുന്ന കേവലമൊരു നാമമായത് രൂപാന്തരം പ്രാപിച്ചു. തങ്ങളുടെ ഒരു മുന്‍ഗാമി കടന്ന് വന്ന അതിരൂക്ഷമായ സാഹചര്യത്തെകുറിച്ചും... ഒരു ജനതക്ക് അദ്ദേഹം നല്‍കിയ പ്രചോദനത്തെകുറിച്ചുമറിയാതെ അനേകം പേർ ഇതിനകം അവരിലൂടെ കടന്ന് പോയി കാണും. അതിന്റെ ഒടുവിലത്തെ പ്രതിനിധിയാണ് അന്നെന്റെ മുന്നില്‍ വന്ന ആ സിറിയന്‍ യുവാവ്... അയാള്‍ക്കും സയ്യിദ് ഫസല്‍ മലബാറുകാരനായ തന്റെയൊരു മുന്‍ഗാമി മാത്രമായിരുന്നു.

No comments:

Post a Comment