ഇന്നത്തെ പത്രത്തിൽ കണ്ണൂർ കോട്ടയെ സംബന്ധിച്ചൊരു വാര്‍ത്ത ഞാൻ കണ്ടു. കോട്ടയിൽ സന്ദർശകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ കുഴി തോണ്ടലിൽ തേങ്ങയുടെയും ഓറഞ്ചിന്റെയും മറ്റും വലിപ്പമുള്ള ആയിരത്തി അഞ്ഞൂറോളം പീരങ്കിയുണ്ടകൾ കണ്ടെത്തുകയുണ്ടായത്രെ. തുടർ ദിനങ്ങളിൽ നടത്തിയ പര്യവേഷണങ്ങളിൽ ഇരുന്നൂറ്റി അമ്പത് ഗ്രാം മുതൽ ഒമ്പത് കിലോവരെ തൂക്കമുള്ള പതിമൂവായിരത്തോളം ഇരുമ്പുണ്ടകൾ ലഭിച്ചു. ഒടുവില്‍, പത്ത് ദിവസങ്ങളോളം നീണ്ടു നിന്ന ആ ഖനനത്തിനൊടുക്കം നാല് കുഴികളിൽ നിന്നായി അനേകം പീരങ്കിയുണ്ടകൾ ലഭിച്ചെന്നാണ് പത്രത്തിൽ രേഖപ്പെടുത്തി കണ്ടത്. പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഇവയിൽ ചിലത് പൊട്ടിയിട്ടുണ്ട്. ചിലതിന്റെ ഉള്ള് പൊള്ളയാണ്. ചിലതാണങ്കിലോ തുരുമ്പിച്ച് നാശത്തിന്റെ വക്കിലുമെത്തിയിരിക്കുന്നു. നാല് കുഴികളിൽ നാലാമത്തെ കുഴിയിൽ നിന്നാണ് ഏറ്റവുമധികം വെടിയുണ്ടകൾ ലഭിച്ചിരിക്കുന്നത്. കോട്ടയുടെ അതിർത്തിയായ മതില്‍ വരെ ഈ ശേഖരം നീണ്ടു പരന്നുകിടക്കുന്നുണ്ടെന്ന വാര്‍ത്തയോടെ ആ വൃത്താന്തം അവസാനിക്കുന്നു.
ആ വാര്‍ത്ത അല്‍പ്പ കാലം പിന്നിലേക്കെന്നെ അന്ന് നയിക്കുകയുണ്ടായി. പോര്‍ച്ചുഗൽ കാലത്തോളമോ, ഡെച്ച്-ബ്രിട്ടീഷ് കാലത്തോളമോ അല്ല. ഈ അടുത്ത് 2009 കാലത്തേക്ക്...
അന്നായിരുന്നു ഞാനെന്റെ സഹോദരനോടൊപ്പം ആ കോട്ട ആദ്യമായി സന്ദര്‍ശിക്കാൻ ചെല്ലുന്നത്. ഒഴിവു ദിനങ്ങളുടെ ആലസ്യത്തിനിടയിലൊരു ദിവസം കണ്ണൂരിൽ ജോലി നോക്കി വരുന്ന എന്റെ മൂത്ത സഹോദരനെ സന്ദര്‍ശിക്കാൻ ഇറങ്ങിയതായിരുന്നു ഞങ്ങൾ. കണ്ണൂരിലെത്തി അവിടെ കാണാനുള്ള സംഗതിയെക്കുറിച്ചൊക്കെ അന്വേഷിക്കുന്ന കൂട്ടത്തിലാണ് കണ്ണൂര്‍ കോട്ടയെ കുറിച്ചറിയാൻ കഴിഞ്ഞത്. എന്നാലവിടേക്കാകട്ടെ ഇന്നത്തെ യാത്ര എന്ന് ഞങ്ങൾ തീര്‍ച്ചപെടുത്തി. കണ്ണൂരിന്റേയോ പ്രത്യേകിച്ച് കണ്ണൂര്‍ നഗരത്തിന്റേയോ അവിടങ്ങളിലെ ചരിത്ര മന്ദിരങ്ങളെ സംബന്ധിച്ചോ വലിയൊരു ധാരണയൊന്നും അന്ന് ഞങ്ങള്‍ക്കില്ലായിരുന്നു. എങ്കിലും, ആ ദുർഗമെന്തായിരിക്കാം സന്ദര്‍ശകർക്കായി അവിടെ കാത്തുവച്ചിരിക്കുന്നതെന്ന ആകാംക്ഷയാണ് ഞങ്ങളെ അവിടേക്ക് നയിച്ചത്.
നടന്നാലെത്തുന്ന ദൂരം മാത്രം... അദ്യം, മെയിൻ റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലേക്ക്. പിന്നെ, നല്ല തണൽ മരങ്ങൾ അതിരിടുന്ന കോൺക്രീറ്റ് സ്ലാബിലൂടെ നേരെ മുന്നോട്ട് നടന്നാൽ കുറച്ചകലത്തായി കോട്ടയുടെ എടുപ്പ് കാണാം.
പൊതുവില്‍ ചതുരാകൃതിയിൽ കാണപ്പെടുന്ന കേരളത്തിലെ മറ്റ് കോട്ടകളില്‍ നിന്നും വെത്ത്യസ്ഥമായി ത്രികോണാകൃതിയിലാണ് ഈ കോട്ട നിര്‍മ്മിച്ചു വച്ചിരിക്കുന്നത്. ഒരുപക്ഷേ, പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ കിടപ്പായിരിക്കാം അതിന്റെ കാരണം. അറബിക്കടലിന്റെ ഓരത്ത് മാപ്പിള ബേ തുറമുഖത്തെ അഭിമുഖീകരിച്ച് കണ്ണൂർ പട്ടണത്തിന്റെ ഒരു തുമ്പത്താണ് കോട്ടയുടെ സ്ഥാനം. കോട്ടയില്‍ നിന്നു നോക്കിയാല്‍ മാപ്പിള ബേ ഉള്‍ക്കടലും, കടല്‍ തീരത്തു നിന്നും നൂറ് മീറ്റര്‍ അകലെ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ധര്‍മ്മടം ദ്വീപിന്റെ മനോഹാരിതയും കാണാന്‍ കഴിയും.
ധര്‍മ്മടം ദ്വീപ് അറബികടലിൽ ഉയർന്ന് നില്‍ക്കുന്നൊരു ഒറ്റപ്പെട്ട മൺതിട്ടയാണ്. നെറ്റി വരെ കടലില്‍ മുങ്ങിയൊരു ഫ്രീക്കന്റെ വെളിയില്‍ കാണുന്ന തല മുടിപോലെയാണ് ധര്‍മ്മടം. കാരണം, ദ്വീപിന്റെ അഞ്ചേക്കർ വിസ്തൃതിയിൽ ഇടതൂർന്ന നിലയില്‍ ജഡ കെട്ടിയതു മാതിരി വൃക്ഷലഥാതികൾ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുകയാണ്. ദ്വീപിനെ സംബന്ധിച്ച് രസകരമായ ഒരു കഥ ആരോ പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. മൊബൈലും മറ്റുമൊന്നുമില്ലാ കാലത്തൊരിക്കൽ ഒരു യുവാവ് ദ്വീപു കാണാനിറങ്ങിയെത്രെ. ദ്വീപിലേക്ക് കയറി അതിന്റെ ഉള്ളറകളിലെ കാഴ്ച്ചയൊക്കെ കണ്ടാനന്ദിച്ച് വൈകുന്നേരത്തോടെ മടങ്ങാന്‍ നോക്കുമ്പോഴുണ്ട് ദ്വീപിന് ചുറ്റും ഒരാൾ പൊക്കത്തിൽ വെള്ളം ഉയര്‍ന്ന് നിൽക്കുന്നു. വേലി കയറ്റം എന്നൊരു കടൽ പ്രതിഭാസത്തെക്കുറിച്ച് അജ്ഞാതനായ ആ യുവാവിന് പിറ്റേ ദിവസം മാത്രമാണ് അവിടെനിന്നും കരകയറാൻ കഴിഞ്ഞത് എന്ന് പ്രത്യേകം പറയേണ്ടല്ലോ.
കോട്ടകളോ കാലപ്പഴക്കത്താൽ നിഗൂഢമായ കെട്ടിടങ്ങളോ കാണുമ്പോൾ എന്റെ മനസ്സിൽ പെട്ടന്നുയർന്ന് വരുന്ന കാര്യമാണ് അവിടെ വല്ല ഒളിത്താവളങ്ങളോ രഹസ്യ വഴികളോ ഉണ്ടോയെന്നുള്ളത്. ഒരുപക്ഷേ, യുദ്ധങ്ങളുടേയും പോരാട്ടങ്ങളുടേയും കഴിഞ്ഞ കാലങ്ങളിൽ അത്തരം സംവിധാനങ്ങൾ അത്യന്താപേക്ഷിതമായിരുന്നു എന്ന ധാരണയിൽ നിന്നായിരിക്കാം എന്റെ ആ ചിന്ത. അതു സംബന്ധിച്ചന്വേഷിച്ച ഞങ്ങൾക്ക് അത്യാവശ്യം സംതൃപ്തമായ ഉത്തരം തന്നെ ലഭിച്ചു. കണ്ണൂര്‍ കോട്ടയിൽ നിന്നും തലശ്ശേരി ഇംഗ്ലീഷ് കോട്ടയിലേക്ക് നീളുന്ന ഇരുപത് കിലോമീറ്റർ രഹസ്യ തുരങ്കത്തെ കുറിച്ച്... വലിയ ആവേശത്തോടെയാണ് ഞങ്ങളത് കേട്ടുനിന്നത്. കടലിന്റെ അടിത്തട്ടിൽ കൂടി നിമ്മിച്ചിരിക്കുന്ന ആ തുരങ്കം സൈനികർക്ക് രക്ഷപെടാനാണത്രെ നിര്‍മ്മിച്ചു വച്ചിരിക്കുന്നത്. കോട്ടയിലെ ടൂറിസം ഉദ്യോഗസ്ഥനാണ് അക്കാര്യം ഞങ്ങൾക്ക് പറഞ്ഞു തരുന്നത്. എങ്കിലും, അത് പൂര്‍ണ്ണാർത്ഥത്തിൽ ശരിയാണെന്നെനിക്ക് തോന്നിയില്ല.
കോട്ടയുടെ വലിയ കവാടം കയറി ചെന്നാൽ ആദ്യം നമ്മെ സ്വാഗതം ചെയ്യുന്നത് മറ്റേതൊരു ചരിത്ര മന്ദിരത്തിലേയും പോലെ ടിക്കറ്റ് കൗണ്ടർ തന്നെ ആയിരുന്നു. ചോര മണക്കുന്ന കഴിഞ്ഞ കാലത്തിന്റെ പ്രായശ്ചിത്തം പോലെ തോന്നുന്നു ആ കാഴ്ച്ച കണ്ടപ്പോൾ. സംശയത്തോടെ നമ്മെ നിരീക്ഷിക്കുന്ന ഭീകര സുരക്ഷാ ജീവനക്കാരുടെ രൂക്ഷ നോട്ടത്തിന് പകരമായി ചിരിക്കുന്ന മുഖവുമായി തങ്ങളുടെ സേവനം അര്‍പ്പിക്കുന്ന ടൂറിസം ഉദ്യോഗസ്ഥര്‍... കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ല.
കോട്ടക്കുള്ളിലേക്ക് കടന്നാൽ ഭംഗിയായി ലാന്‍ഡ് സ്കേപ്പ് ചെയ്ത വിശാലമായ പുൽതകിടിക്കും പൂച്ചെടികള്‍ക്കും വശങ്ങളില്‍ അനേകം കെട്ടിട കാഴ്ചകൾ കാണാം. ഒരു കോട്ട എന്നാൽ കേവലം യുദ്ധം തന്ത്രങ്ങൾ മാത്രം ആസൂത്രണം ചെയ്യുന്ന... സൈനിക പരേഡുകൾകൊണ്ട് മുഖരിതമായൊരു ഇടമാണന്ന് പൊതുവെയുള്ള ധാരണയാണ്. ആയുധങ്ങൾ, സൈനിക കസര്‍ത്തുകൾ, ഭീകര താണ്ഡവമാടുന്ന ജയിലറകൾ, സൈനിക ഉദ്യോഗസ്ഥര്‍ അങ്ങനെ നീളുന്നു കോട്ടയെ സംബന്ധിച്ച മനസ്സുകളിലെ ചിന്തകള്‍. എന്നാൽ, അങ്ങനെയല്ല യാഥാർത്ഥ്യം എന്നുള്ളതാണ് വാസ്തവം. ഒരു നാട്ടുരാജ്യത്തിന്റെ അല്ലെങ്കിലൊരു പ്രത്യേകം ഭൂഭാഗത്തിന്റെ സര്‍വ്വവുമാണ് കോട്ടകള്‍. രാജാവിന്റെ വസതി മുതൽ നിയമനിര്‍മ്മാണ സംവിധാനങ്ങള്‍, സൈനിക പരിശീലന കേന്ദ്രങ്ങള്‍, തടവറകള്‍, കോടതികൾ തുടങ്ങി ഏറ്റവും താഴെ തട്ടിലുള്ള സര്‍ക്കാര്‍ ഓഫീസുകൾ വരെ അതിൽ പ്രവര്‍ത്തിക്കുന്നു. അഥവാ, ഒരു കാലത്തെ ഈ പ്രദേശത്തിന്റെ പാര്‍ലമെണ്ടും കോടതിയും സെക്രട്ടറിയേറ്റും രാജകൊട്ടാരവുമൊക്കെയായിരുന്നു ഞങ്ങള്‍ക്ക് ചുറ്റിലും കണ്ട ആ കെട്ടിട കാഴ്ച്ചകളെന്ന് ചുരുക്കം. അതിൽ പല കാലഘട്ടത്തിന്റേതായ കൂട്ടി ചേര്‍ക്കലുകളെ നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. പോര്‍ച്ചുഗീസ് മാതൃകയിലുള്ള കോട്ട ഭിത്തികളും വലത് വശത്തെ ഉള്ള് തുറന്നൊരു കെട്ടിടവും. അത് കുതിരാലയമായിരുന്നന്ന് ആരോ പറയുന്നത് കേട്ടു. ഡെച്ച് നിര്‍മ്മാണ രൂപത്തിൽ ഇടതു വശത്ത് കണ്ടൊരു കെട്ടിടം ഓഫീസാവശ്യത്തിന് ഉപയോഗ പെടുത്തിയിരുന്നതായിരുന്നത്രെ. പിന്നെ, ബ്രിട്ടീഷ് കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന കൊത്തളങ്ങളും സിഗ്നല്‍ സംവിധാനങ്ങളും ഞങ്ങളവിടെ കണ്ടു.
ഞങ്ങളാ കൊത്തളങ്ങളുടെ കയറി ചെന്നു. മുന്നില്‍ അറബി കടലിന്റെ വിശാലത കാണാം. അത് സ്വച്ഛമായി പരന്ന് പരന്ന് നീണ്ടു പോകുന്നു. ചെറിയ തിരമാലകള്‍ കോട്ട ഭിത്തികളിലെ കരിങ്കൽ തറയിലടിക്കുന്നത് മാത്രമാണ് ശബ്ദം. പിന്നെ, കടൽ കാറ്റിന്റെ ചെറിയ മൂളക്കവും. എത്ര എത്ര യുദ്ധങ്ങള്‍ കണ്ട ജലോപരിതലമാണിത്. ഒരുപക്ഷേ, ഉപ്പു വെള്ളത്തിൽ കുതിര്‍ന്ന് പോകാതെ കിടക്കുന്ന കബന്ധങ്ങൾ ഇപ്പോഴുമതിന്റെ അടിത്തട്ടിലുണ്ടായിരിക്കാം. പിന്നെ, ആയുധങ്ങൾ, കൊതുമ്പ് വള്ളങ്ങൾ, പീരങ്കിയുണ്ടകൾ അങ്ങനെ അനേകം വസ്തുക്കള്‍.
ഇന്ത്യ ഉള്‍പ്പെടെയുള്ള കിഴക്കന്‍ നാടുകളിലെ വ്യാപാര രംഗത്തുനിന്നും തുര്‍ക്കിയിലെയും അറബ് നാടുകളിലെയും വണിക് സമൂഹത്തെ മുഴുവന്‍ തുടച്ചുനീക്കുമെന്ന പ്രതിജ്ഞയോടെ സമസ്ത ഇന്തീസിന്റേയും വൈസ്രോയിയായി പോര്‍ച്ചുഗലില്‍ നിന്നും നിയമിതനായ ഡോണ്‍ ഫ്രാന്‍സിസ്‌കോ അല്‍മേദയാണ് 1505 ഒക്ടോബറില്‍ ഈ കോട്ടയുടെ പണി തുടങ്ങുന്നത്. അന്നീ പ്രദേശം ഭരിച്ചിരുന്ന കോലത്തിരി രാജാവിന്റെ പ്രത്യേകം അനുമതി അതിനായി അയാൾ സംഘടിപ്പിച്ചു. അങ്ങനെ, കേവലം അഞ്ച് ദിവസംകൊണ്ട് അത്യാവശ്യത്തിനുള്ള സജ്ജീകരണങ്ങളൊക്കെയായി കോട്ടയുടെ പൂർവ്വരൂപം പൂർത്തിയാക്കപ്പെട്ടു. അല്‍മേദക്ക് ശേഷം വൈസ്രോയിയായി നിയമിതനായ ആല്‍ബുക്കര്‍ക്ക് അറക്കല്‍ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന മാലിദ്വീപിന്റെ അധികാരം തങ്ങള്‍ക്കാണെന്ന് 1523ൽ വാദിച്ചതോടെയാണ് അറക്കല്‍ രാജാവ് കോട്ടക്കെതിരിൽ വമ്പിച്ച ചെറുത്തുനില്‍പ്പ് നടത്തുന്നതും യുദ്ധ സമാനമായ ഒരന്തരീക്ഷത്തിലേക്കത് എത്തുകയും ചെയ്യുന്നത്.
പിന്നീട്, 1663ലാണ് പോർച്ചുഗീസുകാരിൽ നിന്നും ഡച്ചുകാരീ കോട്ട പിടിച്ചടക്കുന്നത്. ചെലവു ചുരുക്കാനായി അവർ കോട്ടയുടെ വലിപ്പം കുറച്ചു. നൂറ്റിപത്ത് വർഷത്തെ അവരുടെ ഭരണ കാലയളവിനൊടുവില്‍ 1773ൽ അറക്കൽ ആലി രാജാവിന്റെ കൈകളിലും ഈ കോട്ട എത്തിച്ചേർന്നു. അറക്കലത് പണം കൊടുത്ത് വാങ്ങുകയായിരുന്നത്രെ. അപ്പോഴേക്കും സാമൂതിരിയിൽ നിന്നുള്ള രക്ഷക്കായി പാലക്കാട് രാജാവ് ക്ഷണിച്ച മൈസൂര്‍ സുല്‍ത്താന്‍ കേരളത്തിലെ തന്റെ പടയോട്ടത്തിന് തുടക്കം കുറിച്ചിരുന്നു. മൈസൂരുമായി രമ്യതയിലായിരുന്ന അറക്കല്‍ രാജാവ് കണ്ണൂര്‍ കോട്ടയുടെ നിയന്ത്രണം പിന്നീട് മൈസൂരിനെ കൈമാറി.
ബ്രിട്ടീഷുകാരുടെ കൈകളിലീ കോട്ട എത്തിച്ചേരുന്നത് 1790ലാണ്. അതോടുകൂടി കണ്ണൂര്‍ കോട്ട അവരുടെ സുപ്രധാനമായൊരു സൈനിക കേന്ദ്രമായി മാറി. ടിപ്പു സുല്‍ത്താനേയും... തുടർന്ന് പഴശ്ശിരാജയേയും തകര്‍ക്കാന്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് സാധിച്ചത് കണ്ണൂര്‍ കോട്ടയുടെ ആധിപത്യം കയ്യടക്കാനായതോടെയാണന്ന് നിസ്സംശയം പറയാൻ കഴിയും. ടിപ്പുവിന്റെ പടയോട്ടത്തില്‍ നടുങ്ങി സൈന്യത്തെ തന്നെ പിരിച്ചയച്ച് നാട്ടിലേക്ക് കപ്പല്‍ കയറേണ്ടിവന്ന ഗതികേടിന്റെ കഥയാണ് 1780കളുടെ അവസാനം വരെ ബ്രിട്ടീഷുകാര്‍ക്ക് പറയാനുണ്ടായിരുന്നത്. ഈ നാണക്കേടില്‍ നിന്ന് കരകയറാന്‍ ബോംബെ ഗവര്‍ണറായിരുന്ന ആല്‍ബര്‍ ക്രോംബി നാലായിരം നാവികരേയും നയിച്ച് കണ്ണൂരിലെത്തി കോട്ടയെ മൂന്നു ഭാഗത്ത് നിന്നും വളഞ്ഞ് പിടിച്ചെടുത്തത് 1790 ഡിസംബര്‍ 16നായിരുന്നു. ഒടുവില്‍, സ്വാതന്ത്ര ലബ്ദിക്കുശേഷം കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു ചരിത്ര മ്യൂസിയമെന്ന നിയോഗമാണ് കോട്ടക്ക് ലഭിച്ചത്.
കോട്ടയുടെ ചരിത്രത്തെ സംബന്ധിച്ച് കോട്ടയിലെ ടൂറിസം ഉദ്യോഗസ്ഥർ പറഞ്ഞു നല്‍കിയ കാര്യങ്ങളും... പിന്നീട് ഞാൻ മനസ്സിലാക്കിയ കാര്യങ്ങളുമൊക്കെയാണ് ഞാനിവിടെ കുറിച്ചത്. അനുബന്ധമായി മറ്റു ചില കാര്യങ്ങൾ കൂടി ഞാന്‍ വിവരിക്കാം...
1498ലാണ് ഗാമ കേരളത്തിൽ കാലുകുത്തുന്നത്. കോഴിക്കോട് കപ്പലിറങ്ങിയ ഗാമ സാമൂതിരിയുമായി നടത്തിയ സൗഹൃദ സംഭാഷണത്തോടെ കേരളത്തിലൊരു സാമ്രാജ്യ സ്ഥാപനത്തിന്റെ സാധ്യത മനസ്സിലാക്കിയിരുന്നു. അല്‍പ്പ നാളത്തെ കേരള വാസത്തിനു ശേഷം തിരിച്ചുപോയ അയാൾ 1502ല്‍ വീണ്ടും മലബാറിലെത്തി ചേര്‍ന്നു. ആ വരവ് വലിയൊരു ജൈത്രയാത്രയുടെ തുടക്കമായിരുന്നന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും.
തന്റെ രണ്ടാം വരവിന് ശേഷം തിരിച്ചുപോകുമ്പോഴാണ് ഗാമ കണ്ണൂര്‍ കടപ്പുറത്ത് കോലത്തിരിയുടെ സഹായത്തോടെ ഒരു കുഴിയുണ്ടാക്കുന്നത്. കുഴിയെന്ന് പറഞ്ഞാൽ ഒരു പെരും കുഴി. ആ കുഴിക്കുളളിൽ മരം കൊണ്ട് ഭിത്തിയുമുണ്ടാക്കി. മുകളില്‍ കുഴിയോരത്ത് ചുറ്റുമതിലും. ഒടുവില്‍, നിറയെ വെടിക്കോപ്പുകളതിൽ നിക്ഷേപിച്ച് ശക്തമായ കാവലും അയാളതിൽ സ്ഥാപിച്ചു. ഒരുപക്ഷേ, അക്കാലത്തെ നൂതനവും സുപ്രധാനവുമായൊരു ആയുധമെന്ന നിലയില്‍ പീരങ്കിയുണ്ടകളായിരിക്കണം അതിൽ കൂടുതലും ഉണ്ടായിരിക്കുക. പോര്‍ച്ചുഗലിലേക്ക് തിരികെയടുക്കേണ്ടതല്ലാത്തതും ഇനിയും ഇവിടെ ഉപയോഗിക്കേണ്ടി വന്നേക്കാവുന്നതുമായ ആ വെടിക്കോപ്പുകള്‍ ഭദ്രമാക്കിയ ശേഷം അതിന്റെ താക്കോല്‍ കോലത്തിരിയെ ഏൽപ്പിച്ചുകൊണ്ടാണ് ഗാമ 1502 ഡിസംബര്‍ 28ന് അവിടെ നിന്നും കപ്പല്‍ കയറുന്നത്. ആ ആയുധങ്ങളുടെ പിന്‍ബലത്തിൽ ഫണം വിടര്‍ത്തിയാടുന്ന മൂര്‍ഖൻ കണക്കെയായിരുന്നു അയാളന്ന് അറബിക്കടലിൽ പെരുമാറിയത്. കടലിന്റെ ആധിപത്യം പോര്‍ച്ചുഗല്‍ രാജാവിനാണെന്ന് വിളംബരപ്പെടുത്തിയും എതിര്‍ത്തവരെയെല്ലാം കൊന്നൊടുക്കിയും അയാൾ തന്റെ പൈശാചിക മുഖം പുറത്തെടുത്തു.
ആ പടയോട്ടത്തിൽ അനേകായിരങ്ങൾക്ക് ജീവന്‍ നഷ്ടമായി. അറബിക്കടല്‍ ചെഞ്ചോര വര്‍ണ്ണമണിഞ്ഞു.
ഒരുപക്ഷേ, മരക്കുറ്റികളും പട്ടികകളും ചളിയുംകൊണ്ട് വളച്ചുകെട്ടി നിർമ്മിച്ച പോര്‍ച്ചുഗീസ് കൊളോണിയല്‍ ആധിപത്യത്തിന്റെ ആ വെടിക്കുഴിയായിരിക്കാം മൂന്നാണ്ടിന് ശേഷം ലോക പ്രശസ്തമായ 'കണ്ണൂര്‍ ഫോര്‍ട് സെന്റ് ആഞ്ചലോ' ആയി മാറിയതെന്ന നിഗമനം ചില ചരിത്രകാരന്മാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. അങ്ങനെയാണങ്കിൽ ആ ആയുധ ശേഖരം അവിടെ നിന്നും ലഭിച്ചത് യാദൃച്ഛികമാകാൻ വഴിയില്ല. ദക്ഷിണേന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിലൊന്നായ കണ്ണൂര്‍ കോട്ടയില്‍, അതിന്റെ നിര്‍മാണത്തിന് 515 വര്‍ഷങ്ങൾക്ക് ശേഷം കേവലം ഒരു മീറ്റര്‍ താഴ്ച്ചയില്‍ ഇത്രയധികം ആയുധങ്ങള്‍ കണ്ടെടുത്തുവെന്നത് പുരാവസ്തുവകുപ്പിന്റെ നേട്ടമായല്ല, കോട്ടമായാണ് വാസ്തവത്തില്‍ എനിക്ക് തോന്നുന്നത്. കാരണം, ഇത്ര കാലമായിട്ടും ആ ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി അവിടെ ഒരു ഉല്‍ഖനനം പോലും നടത്താന്‍ കേന്ദ്ര പുരാവസ്തു വകുപ്പുകൾ തയ്യാറായില്ല എന്നുള്ളത് അത്ഭുദപ്പെടുത്തുന്നു.
ചരിത്രാവശിഷ്ടങ്ങളുടെ വലിയൊരു ഖനിയാണ് വിശാലവും കാലപ്പഴക്കാത്താല്‍ ഇനിയും വലിയ പോറലുകളൊന്നും ഏല്‍ക്കാത്തതുമായ കണ്ണൂര്‍ കോട്ട. അവിടെ കൂടുതൽ ഗവേഷണ പഠനങ്ങൾ നടത്താനുളള പ്രചോദനമേകാൻ ആ പീരങ്കിയുണ്ടകൾക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.




No comments:
Post a Comment