കടുത്ത ഹൃദയ വേദന... എന്തെന്നില്ലാത്ത മനോവ്യഥ. ചില സമയങ്ങളില്‍ ഒരു പിടി ചോറ് കാണുമ്പോള്‍, അതിന്റെ തൂവെള്ള നിറം കാണുമ്പോള്‍... എന്റെ ഹൃദയം നുറുങ്ങാറുണ്ട്. അപ്പോൾ, എന്റെ മനസ്സ് എവിടേകൊക്കെയോ ചിതറി തെറിക്കും. പാതിയടഞ്ഞ അവരുടെ കണ്ണുകളപ്പോൾ എന്റെ മുന്നില്‍ തിളങ്ങി നില്‍ക്കും. ക്ഷീണം കാരണം ഉറച്ച് നില്‍ക്കാത്ത ആ കാലുകളുടെ കമ്പനമപ്പോളെനിക്ക് അനുഭവിക്കാം. എന്റെ മുന്നിലേക്കന്ന് നീട്ടിയ ആ കൈകളുടെ വിറയലും ആ ഹൃദയത്തിന്റെ സ്പന്ദനവും എനിക്കോര്‍മ്മ വരും.
എനിക്ക് ചെയ്യാൻ കഴിയുമായിരുന്നൊരു കാര്യമായിരുന്നു അത്. എടുക്കാൻ കഴിയുമായിരുന്ന തീരുമാനങ്ങൾ. എന്നാൽ, മനഃപൂര്‍വ്വം ഞാനത് വിസ്മരിച്ച് കളഞ്ഞിരിക്കുന്നു. ഹോ... എന്തൊരു കഷ്ടം. എടുക്കാൻ കഴിയുമായിരുന്ന ആ തീര്‍പ്പുകളെ അലസമായി വിട്ടു കളഞ്ഞ എന്റെയാ ബുദ്ധിശൂന്യതയെ എവിടെയാണ് ഞാൻ പഴിക്കുക... ഒരു ആപല്‍ക്കരമായ സാഹചര്യത്തിൽ ഒരു പാറയില്‍ മലര്‍ന്നുകിടക്കുന്ന ഞാനും, എന്റെ വലതുകൈയിൽ പ്രാണനു വേണ്ടി തൂങ്ങിയാടുന്ന എന്റെ സുഹൃത്തും... എന്നാൽ, പൊടുന്നനെ ഞാനെന്റെ കൈവിരലുകൾ സ്വതന്ത്രമാക്കി ആഴങ്ങളിലേക്ക് തെറിച്ചു വീഴാനവനെ വിട്ടു കൊടുത്തത് പോലെയാണ് ആ സംഭവത്തെ കുറിച്ചോര്‍ക്കുമ്പോൾ എന്റെ മനസ്സിലേക്കോടി വരിക.
സംഭവമിങ്ങനെ...
ഒരു വിവാഹ ദിനത്തിലായിരുന്നു ഞാൻ. കുടുംബങ്ങളും നാട്ടുകാരും പങ്കെടുത്ത് ധന്യമാക്കിയ ആ ദിവസത്തിന്റെ അവസാന മണിക്കൂറുകൾ ഓഡിറ്റോറിയത്തിലെ അല്ലറ ചില്ലറ പണികളിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ. പൂരം കഴിഞ്ഞ പറമ്പ് പോലെ തീരെ അലങ്കോലമാണ് രംഗം. ചെറിയ ചെറിയ കുന്ന് പോലെ അവിടവിടെയായി ഉയർന്ന് നില്‍കുന്ന ടിഷ്യൂ പേപ്പറുകൾ, തീക്കനലെരിയുന്ന അടുപ്പ്, മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞ ഓടകൾ, പിന്നെ കഴുകാൻ വച്ചിരിക്കുന്ന പാത്രങ്ങളുടെ കൂട്ടം. അതിനിടയിലാണ് അല്‍പ്പനേരം വിശ്രമിച്ചേക്കാമെന്ന ഉദ്ദേശത്തോടെ ഞാനവിടെ കണ്ടൊരു കസേരയിൽ ഇരുകാലുകളും നീട്ടി വെച്ച് ഓരോന്നോർത്ത് കിടന്നത്. മുകളില്‍ ശക്തമായി കറങ്ങി കൊണ്ടിരിക്കുന്ന ഫാനിൽ നിന്നും പ്രവഹിക്കുന്ന കാറ്റിന്റെ ആശ്വാസ കുളിരിൽ... ഇറക്കി വിട്ട ആ പെണ്ണിന്റെ ഭാവിയെ കുറിച്ച് ഞാന്‍ ചിന്തിച്ചു. അവൾ കയറി ചെല്ലുന്ന പുതിയ വീടിനെ കുറിച്ച്... കുടുംബം... സാഹചര്യങ്ങൾ... അങ്ങനെ എന്തെല്ലാമോ ചിന്തകൾ.
പെണ്ണായി ജനിച്ച ഏതൊരു മനുഷ്യനും അഭിമുഖീകരിക്കേണ്ട ജീവിത്തിലെ സുപ്രധാനമായൊരു ചടങ്ങ്.
ഞാനങ്ങനെ സുഖ ലഹരിയിലിരിക്കുമ്പോഴാണ് ഉമ്മ എന്റെ അരികില്‍ വന്നൊരു ഇരുപത് രൂപാ ചോദിക്കുന്നത്. അവര്‍ക്ക് എന്തിനിപ്പോ ഒരു ഇരുപത് രൂപ... ഞാൻ മുന്നിലെ കസേരയിലേക്ക് കയറ്റി വച്ച ഇരു കാലുകളും താഴ്ത്തി വെച്ച് തല ഉയർത്തി ചോദിച്ചു. അവരല്‍പ്പം ദൂരേക്ക് വിരൽ ചൂണ്ടി എന്നോട് പതിയെ പറഞ്ഞു.
"ദാ അവിടെ കണ്ടോ ഒരു സ്ത്രീ... അവര്‍ക്ക് തല ചുറ്റുന്നുവത്രേ. വീട്ടില്‍ എത്തണമെങ്കിൽ കുറെ ദൂരം സഞ്ചരിക്കണം. ഒരു ഓട്ടോറിക്ഷ തരപ്പെടുത്തി കൊടുക്കാനാണ്"
പാവം...
ഞാൻ മനസ്സിൽ പറഞ്ഞു. കൂടുതലൊന്നും ചോദിക്കാനോ ചിന്തിക്കാനോ നിന്നില്ല. ഇരുപത് രൂപ തന്നെയാണെന്ന് തോന്നുന്നു... ചെറിയ എന്തോ ഒരു സംഖ്യയെടുത്ത് അവരുടെ കൈയിൽ കൊടുത്തുവിട്ടു. പൂച്ചെടികളുടെ മറവില്‍ ഓഡിറ്റോറിയത്തിന്റെ മാര്‍ബിള്‍ പടിയില്‍ വിശ്രമിക്കുന്ന ആ സ്ത്രീയെ ഞാനൊരു നോക്കുകണ്ടു. സാരിയാണ് വേഷം. വലിയ ക്ഷീണിതയാണന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകുന്നു. ഉമ്മ കൈവെള്ളയിലാ സംഖ്യ ചുരുട്ടി വെച്ച് അവര്‍ക്ക് കൊണ്ടുപോയി കൊടുക്കുന്നത് ദൂരെനിന്ന് ഞാൻ നോക്കി നിന്നു. അവരത് സന്തോഷത്തോടുകൂടി തന്റെ ബ്ലൗസിനുള്ളിലേക്ക് ഭദ്രമായി എടുത്തുവെക്കുന്നു... പിന്നെ എന്തോ സംസാരിക്കുന്നു.
അത്രമാത്രം...
ലോകത്ത് അങ്ങനെ എത്ര എത്ര മനുഷ്യര്‍. പ്രയാസപ്പെടുന്ന... നീതി നിഷേധിക്കപ്പെട്ട... ഭവനമില്ലാത്ത... ചോദിക്കാനോ പറയാനോ ഒരു മനുഷ്യ കുഞ്ഞു പോലുമില്ലാത്ത എത്ര എത്ര ഹതഭാഗ്യർ. അവരിലൊരു പ്രതിനിധിയാണ് എന്റെ മുന്നില്‍ അല്‍പ്പം അകലത്തായി ആ നില്‍ക്കുന്നത്.
അതിൽ ആർക്കെന്ത് ചേതം...
ഞാൻ വലിയ ആശ്വാസത്തോടെ 'ഭയങ്കരമായൊരു' സേവനം ചെയതതു മാതിരി കസേരയില്‍ മലര്‍ന്നു കിടന്ന് ആലോചന തുടർന്നു. മുകളിലെ ഫാൻ കറങ്ങി കൊണ്ടേയിരിക്കുന്നു. പുറത്തെ ആളുകളുടെ സംസാരം ചെറിയ അലോസരം സൃഷ്ടിച്ചതിനാൽ വീണ്ടും ഞാനെന്റെ തിരക്കുകളിലേക്ക് ലയിച്ചു. ഭക്ഷണമല്‍പ്പം ബാക്കി ഉണ്ട്. അല്‍പ്പമെന്ന് പറഞ്ഞാൽ കുറച്ച് കൂടുതൽ അല്‍പ്പം. ചോറ്, കറി... പിന്നെ, മറ്റ് ചില വഹകളും. അതെല്ലാം കവറിലാക്കി കുടുംബാംഗങ്ങള്‍ക്കിടയിൽ വിതരണം ചെയ്യാനായി പൊതിഞ്ഞ് കെട്ടുന്ന പ്രവര്‍ത്തിയിലേക്ക് ഞാൻ തിരിഞ്ഞു. ബാക്കിയായ ആ ഭക്ഷണ ബാഹുല്യം കണ്ടെന്റെ നെഞ്ചുരുകുന്നുണ്ട്. അനേകായിരങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍... വിശപ്പിനെ കെട്ടിപ്പിടിച്ചുറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും വിഷമിക്കുമ്പോൾ... കുറേ ഭക്ഷണം എന്റെ മുന്നിലിങ്ങനെ ബാക്കിയായി നിരന്ന് കിടക്കുന്നു.
"ഒരു കല്യാണമാകുമ്പോള്‍ ഒരല്‍പ്പം ഭക്ഷണമൊക്കെ മിച്ചം വരും... അത് സ്വാഭാവികമാണ്... അതാണതിന്റെയൊരു മര്യാദ" ചിലര്‍ പറയുന്നത് ഞാന്‍ കേട്ടു.
ശരിയായിരിക്കാം... ആശ്വാസം.
അതിനിടയിലെപ്പോഴോ ആണ് ഓഡിറ്റോറിയത്തിന് വെളിയിലേക്ക് ഞാനൊന്നിറങ്ങുന്നത്. അവിടെ കണ്ടൊരു കിണറിന്റെ ആഴത്തിലേക്കൊന്നെത്തി നോക്കി തിരിയുമ്പോള്‍ സ്ഥലകാല ബോധമില്ലാതെയെന്നോണം മാർബിൾ പടിയില്‍ കിടക്കുന്ന ആ സ്ത്രീയെ വീണ്ടും ഞാൻ കണ്ടു. സാരി അതിന്റെ രൂപത്തിൽ നിന്നും മാറിയിട്ടുണ്ട്. അവർ വളരെ ക്ഷീണത്തോടെ എണീറ്റൊന്നിരിക്കാൻ ശ്രമിക്കുന്നതാണ് കാഴ്ച്ച. കൈയിലെ പ്ലാസ്റ്റിക് കുപ്പിയിലുണ്ടായിരുന്ന വെള്ളം സ്വല്‍പ്പം കുടിച്ച്... പതിയെ എണീറ്റു നിൽക്കാനവർ നോക്കുന്നു. പക്ഷെ, കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും, ആടിയാടി അവരൊടുവിൽ ആ പടിക്ക് താഴെ നിവര്‍ന്നുനിന്നു. കടുത്ത ക്ഷീണം കാരണം വല്ലാത്ത പ്രയാസമാണവർ അനുഭവിക്കുന്നുണ്ടന്ന് ഒറ്റനോട്ടത്തിൽ ബോധ്യമാകുന്നു. ഞാനത് നിർവികാരമായി നോക്കി നിന്നു. എനിക്കൊന്നും പ്രത്യേകമായി തോന്നിയില്ല. ഒരു സഹജീവി കൺമുന്നിലിങ്ങനെ കഷ്ടപ്പെടുന്നത് ചുമ്മാ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ എന്തായിരുന്നു എന്റെ മനസ്സിലൂടെ കടന്നുപോയി കൊണ്ടിരുന്നത് എന്നെനിക്കോര്‍മ്മയില്ല. എന്നാൽ, എന്റെ ശിലാ മനസ്സ് കൈകാലുകളനക്കാതെ മരവിച്ചങ്ങനെ നിന്നു എന്നെനിക്കോര്‍മ്മയുണ്ട്.
മുന്‍കാലങ്ങളില്‍ പഠിച്ച മനുഷ്യത്വത്തിന്റെ പാഠങ്ങൾ ഞാന്‍ പാടെ വിസ്മരിച്ചിരിക്കുന്നു... ആർക്കും ഒരുപകാരവും ചെയ്യാൻ കഴിയാത്ത വ്യർത്ഥ പാഠങ്ങൾ പോലെയത് എന്നില്‍ നിന്നും അകന്ന് പോയിരിക്കുന്നു. എങ്കിലും, ഞാൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു നീങ്ങി. മനസ്സിലെന്തോ മിന്നി മറഞ്ഞത് പോലെ. ഒരു മിന്നല്‍ പിളർ... ഉറങ്ങുന്ന എന്നെ ഉറക്കിൽ നിന്നുമാരോ ഉണര്‍ത്തിയത് മാതിരി.
ഇല്ല... മനുഷ്യത്വം മരിച്ചിട്ടില്ല. ഇനിയുമതിന് സ്വല്‍പ്പം ജീവനുണ്ട്...
ഞാൻ അവരുടെ അരികിലെത്തി. പതിയെ ചോദിച്ചു...
"എന്തുപറ്റി..."
തന്നെ കേൾക്കാൻ വന്നതിന്റെ സന്തോഷത്തിൽ ക്ഷീണിച്ച മുഖം പതിയെ ഉയർത്തി അവരെന്നോട് പറഞ്ഞു...
"വീട്ടിലേക്ക് പോണം..."
"അമ്മയുടെ വീടെവിടെയാണ്..."
"പുത്തൻ പള്ളിക്കരികിൽ. അവിടേക്ക് പോകാൻ നാല്‍പത് രൂപാ വേണം. ഒരു കുട്ടി എനിക്ക് നേരത്തെ കുറച്ച് രൂപാ തന്നിരുന്നു"
എന്റെ ഉമ്മ നേരത്തെ നല്‍കിയ ആ ഇരുപത് രൂപ... കടുത്ത ക്ഷീണം കാരണം വാക്കുകൾ കിട്ടാതെയാണ് അവരെന്നോട് സംസാരിച്ച് കൊണ്ടിരിക്കുന്നത്. കണ്ണില്‍ നിന്നും അല്‍പ്പാൽപ്പമായി കണ്ണീരൊലിക്കുന്നു.
കഷ്ടപ്പെട്ട് താന്‍ വളര്‍ത്തിയ തന്റെ മൂന്ന് മക്കളും തന്നെ സംരക്ഷിക്കുന്നില്ല എന്ന് വേദനയോടെ അവരെന്നോട് പറഞ്ഞു. തനിക്ക് ഭ്രാന്താണന്നാണ് എല്ലാവരും പറയുന്നത്. കൈകാലുകൾ തളര്‍ന്ന് റോഡിനരികിലൊന്ന് വീണാല്‍ പോലും തനിക്കൊരു ഓട്ടോക്കാരനും നിർത്തി തരില്ല.
ഓഡിറ്റോറിയത്തിലെ കല്യാണ ദിവസങ്ങളിൽ ബാക്കിയായ ഭക്ഷണം തേടി അവരിവിടെ ഇടക്കിടെ വരാറുണ്ടത്രെ. ആരോഗ്യമനുവദിച്ചാൽ മിക്ക ഞായറാഴ്ച്ചകളിലും. ഒരു പ്രാവശ്യം കൊണ്ട് പോകുന്ന ഭക്ഷണം രണ്ടോ മൂന്നോ ദിവസമവർ ചൂടാക്കി കഴിക്കും. അവര്‍ക്ക് താങ്ങി പിടിച്ച് കൊണ്ടുപോകാൻ കഴിയുന്നത്ര കുറച്ച് ഭക്ഷണമാണിതെന്നോര്‍ക്കുക. എന്നാൽ, ഇന്ന് ഭക്ഷണത്തിന്നായി പുറപ്പെട്ട് വന്നതു മുതൽ തലചുറ്റല്‍ അനുഭവപ്പെട്ടതിനാൽ രാവിലെ മുതൽ ഇവിടെ ഇങ്ങനെ ഇരിപ്പാണവരെന്ന് ആ സംസാരത്തിലെനിക്ക് ബോധ്യമായി. ഞാനൊരു കസേര കൊണ്ടുവന്ന് അതിലിരിക്കാനവരോട് അവശ്യപ്പെട്ടെങ്കിലും അവരതിന് തീരെ കൂട്ടാക്കിയില്ല.
"ഞാനവടെ കൊർച്ച് ചോറ് എട്ത്ത് വച്ചിട്ടുണ്ട്... അതെടുക്കട്ടെ". അടുക്കള ഭാഗത്തേക്ക് വിരൽ ചൂണ്ടികൊണ്ടവർ പറഞ്ഞു.
"ഞാൻ പോയി കൊണ്ടു വരാം... നിങ്ങളിവിടെ ഇരിക്കൂ..."
ഞാനങ്ങോട്ട് പോകാൻ തിരഞ്ഞപ്പോൾ അവർ തന്റെ തോളിലുണ്ടായിരുന്ന കീറിപറിഞ്ഞൊരു ബാഗില്‍ നിന്നും എന്തോ തപ്പി തിരഞ്ഞു കൊണ്ടിരിക്കുന്നത് ഞാൻ കണ്ടു. എന്തായിരിക്കാം അതെന്ന് ഭാവത്തില്‍ പ്രതീക്ഷയോടെ ഞാനതിലേക്ക് നോക്കി നിൽക്കുമ്പോൾ ഒരു വൃത്തിഹീനമായ കവർ അതിനകത്ത് നിന്നും വലിച്ചെടുത്തെന്റെ കൈയിൽ തന്നു.
കേവലമൊരു കവറു പോലും ഒരായിരം കഥകൾ പറയുന്ന പോലെ. ഭക്ഷണം നിറക്കാന്‍ ഒരു സ്ത്രീ തപ്പിപിടിച്ചു കൊണ്ടുവന്നൊരു സംവിധാനമാണത്. ദൈവമേ... ഇത്രത്തോളം പ്രയാസം അനുഭവിക്കുന്നവരും എനിക്ക് ചുറ്റിലുണ്ടോ. ഞാൻ ചിന്തിച്ചു.
എന്തായാലും, ഞാനാ കവർ വാങ്ങിയില്ല. അവിടെ മറ്റു കവറുകള്‍ കാണുമെന്ന് അവരോട് പറഞ്ഞ് ഞാന്‍ അടുക്കള ലക്ഷ്യമാക്കി നടന്നു. വേച്ചുവേച്ചെന്നോണം അവരെന്റെ പിന്നാലെയും... അടുക്കളയിലെ മൂലയില്‍ ഒരു ചെറിയ പാത്രത്തിൽ അല്‍പ്പം ചോറവർ എടുത്തു വച്ചിരിക്കുന്നു. ബാക്കിവന്ന അനേകം ഭക്ഷ്യവസ്തുക്കളവിടെ നിരന്നിരിപ്പുണ്ടായിരുന്നെങ്കിലും തനിക്കാവശ്യമായ അല്‍പ്പം ചോറ് മാത്രമാണവർ പാത്തു വച്ചിരിക്കുന്നത്.
നല്ല വൃത്തിയുള്ളൊരു കവറില്‍ ചോറ് പാക്ക് ചെയത ശേഷം മറ്റു സാധനങ്ങൾ വല്ലതും വേണോ എന്ന് ചോദിച്ചെങ്കിലും തനിക്കൊന്നും കഴിക്കാൻ വയ്യ എന്നവർ പറഞ്ഞു. ജീവൻ നിലനിർത്താനെന്നോണം ആ ചോറ് മാത്രമവർ ചൂടാക്കി കഴിക്കുന്നുണ്ടായിരിക്കാം. ഞാനാ കവറുമായി പുറത്തേക്ക് നടക്കുമ്പോൾ അവരെന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു.
"മോനെ... അത് നിലത്ത് വെക്കല്ലേ... അന്നമാണത്. വെറും മണ്ണിലത് വെക്കല്ലെ"
ഞാനെങ്ങാനുമത് പുറത്തേക്ക് കൊണ്ടുപോയി താഴെ വച്ചുകളയുമോ എന്നായിരിക്കാം അവരുടെ വേവലാതി...
"ഞാൻ പോയി ഓട്ടോ കൊണ്ടുവരാം... അത് വരെ നിങ്ങളിവിടെ ഇരിക്കണം... എങ്ങും പോകരുത്". ഞാൻ പുറത്തേക്കൊരു കസേര വരുത്തിച്ച് അതിലിരുത്തി അവരോട് പറഞ്ഞു.
അവർ സന്തോഷത്തോടെ തലയാട്ടി. കളിപ്പാട്ടം കിട്ടിയ കൊച്ചു കുഞ്ഞിനെ പോലെ മടിയില്‍ വെച്ച ഭക്ഷണപൊതിയിൽ നിന്നും കൈയെടുക്കാതെ അവരതിനെ തന്നോടടുപ്പിച്ചിരിക്കുന്നു. ഓട്ടോ വിളിക്കാനായി ഞാനെന്റെ ബൈക്കുമായി നീങ്ങുമ്പോള്‍ നിഷ്കളങ്കമായി എന്നെയും നോക്കിയിരിക്കുന്ന അവരെ കണ്ണാടിയിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു.
ഓട്ടോ വിളിച്ച് കൊണ്ടുവന്ന് അവരെ അതിലേക്ക് കയറാൻ ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവർ അവരെ ശ്രദ്ധിക്കുന്നത്. അയാൾ അവരെ കണ്ടതോടെ ഈ ഓട്ടം തനിക്ക് വേണ്ടെന്ന് നീരസത്തോടെ എന്നോട് പറഞ്ഞെങ്കിലും യാത്ര ദൂരത്തിനുള്ള പണം മുന്‍കൂറായി ഞാൻ നല്‍കാം എന്നുറപ്പ് നല്‍കിയപ്പോഴാണ് അയാളതിന് സമ്മതിച്ചത്. ഓട്ടോയുടെ കമ്പിയില്‍ വിറക്കുന്ന തന്റെ കുഞ്ഞു കൈ കൊണ്ട് ശ്രദ്ധയോടെ പിടിച്ചു കയറുമ്പോള്‍ അവർ പറയുന്നുണ്ടായിരുന്നു.
"എന്റെ മകന് എല്ലാ അനുഗ്രഹവും ഉണ്ടാക്കട്ടെ... എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ" എന്ന്... പിന്നെ, മറ്റെന്തൊക്കെയോ നന്ദി വാക്കുകളും.
അവരെയും കൊണ്ടാ ഓട്ടോ പോകുമ്പോൾ എന്തുകൊണ്ടോ ഞാനാകെ അസ്വസ്ഥനായിരുന്നു. എന്തൊക്കെയോ ചെയ്യാൻ വിട്ടത് പോലെ. അവരെ കുറച്ചുകൂടി നന്നായി പരിഗണിക്കാമായിരുന്നു. അവരുടെ വീട് എവിടെയാണന്ന് ചോദിക്കാമായിരുന്നു. പണം വല്ലതും ആവശ്യമായിരുന്നോ ആവോ. മരുന്നുകള്‍. മറ്റു വിവരങ്ങൾ... അന്വേഷണങ്ങൾ... അങ്ങനെ അനേകം വേദനകള്‍. ഒരുപക്ഷേ, ആ ഓട്ടോകാരന്‍ അവരെ വഴിയില്‍ ഇറക്കി വിട്ടുകാണും. തന്റെ വീട്ടിലേക്ക് ആ ഭക്ഷണ പൊതിയുമായി അവർ ക്ഷീണത്തിൽ നടന്ന് നീങ്ങുന്നുമുണ്ടാകാം. അല്ലെങ്കിൽ, ഇല കൊഴിഞ്ഞ് വീണത് പോലെ റോഡരികിലവർ തളര്‍ന്ന് വീണിട്ടുമുണ്ടാകാം. അയാൾ ഉൾപ്പെടെയുളള ഈ സമൂഹം എന്താണാ സ്ത്രീയില്‍ കാണുന്ന കുറവ് എന്നെനിക്ക് മനസ്സിലാകുന്നില്ല.
ദാരിദ്രവും.. നിസ്സഹായതയും...
ഞാൻ പറഞ്ഞ് വന്നത് പണ്ടെങ്ങോ ഞാൻ ചെയ്ത 'മഹത്തായൊരു' പ്രവൃത്തിയുടെ വലിയ വര്‍ത്തമാനമല്ല. മറിച്ച്, എനിക്കെന്റെ ജീവിതത്തിലുണ്ടായൊരു ചെറിയ അനുഭവമാണ്. ആ അനുഭവം നിരന്തരമെന്നെ വേദനിപ്പിക്കുന്നത് കൊണ്ടാണ് അതിവിടെ എഴുതേണ്ടി വന്നത്. ആ വിശേഷ ദിവസത്തെ ഓര്‍മ്മകള്‍... വര്‍ണ്ണ പൊലിമകളായല്ല എന്റെ മനസ്സിൽ തങ്ങി നില്‍ക്കുന്നത്. മറിച്ച്, ആ സ്ത്രീയുടെ നിഷ്കളങ്ക മുഖം മാത്രമാണ്. ആ ദിവസത്തിന്റെ ഒടുവിലത്തെ മണിക്കൂറുകളിൽ മാത്രം ഞാനവരെ കാണുന്നത് വരെ എവിടെ ആയിരുന്നിരിക്കാം അവരുണ്ടായിരുന്നത്. എല്ലാമൊരു നിമിത്തം മാത്രം.
എന്റെ മനസ്സിന്റെ ഉള്ളറകളിലൊരു കൂട്ടം അസ്വസ്ഥതകൾ പടർത്തികൊണ്ട് വർഷങ്ങൾക്ക് ശേഷവും ആ ഓര്‍മ്മകള്‍ നിരന്തരമെന്നെ വേട്ടയാടുന്നു...



No comments:
Post a Comment