പുരാതന വസ്തുക്കൾ ശേഖരിച്ച് പ്രദര്‍ശന സജ്ജമാക്കുന്ന ഇടങ്ങളാണ് സംഗ്രഹാലയങ്ങൾ അഥവാ മ്യൂസിയങ്ങൾ. ചരിത്ര പൈതൃകങ്ങളെക്കുറിച്ച് സന്ദർശകരെ ബോധവൽക്കരിക്കുകയാണ് മ്യൂസിയങ്ങളുടെ സുപ്രധാനമായ ഉദ്ദേശം. മ്യുസിയങ്ങളിൽ സൂക്ഷിക്കുന്ന പുരാതന വസ്ഥുക്കൾ കേവലം പഴയ വസ്തുക്കളല്ല. എല്ലാം പുതിയതാണ്. കാരണം, ഇവകൾ നമുക്ക് നൽകുന്നത് പുതിയ അറിവുകളാണ്. സജീവമായിരുന്ന അതിന്റെ ഉപയോഗ കാലത്തേക്കാൾ ജീവനുള്ളവയാണ് ഇന്നവകളത്രയും. അക്കാലങ്ങളില്‍ അതൊരു കേവലം ഉപയോഗ വസ്തു മാത്രമായിരുന്നെങ്കില്‍ ഇന്നത് അതിവിശിഷ്ടനായൊരു അതിഥിയെപോലെ സവിശേഷ ശ്രദ്ധയും പരിപാലനവും അര്‍ഹിക്കുന്ന ഒന്നായി മാറുന്നു. അത്രത്തോളം സൂക്ഷ്മതയോടേയും പ്രാധാന്യത്തോടെയുമാണ് പുരാതന വസ്തുക്കളെ നമ്മൾ കൈകാര്യം ചെയ്ത് വരുന്നതെന്ന് ചുരുക്കം.
പുരാതന കാലങ്ങളിൽ വ്യക്തികളുടെ സ്വകാര്യ ശേഖരങ്ങളാണ് മ്യൂസിയങ്ങളിൽ സംവിധാനിച്ചിരുന്നത്. ചരിത്രത്തിലെ ഏറ്റവും പുരാതനമായ സ്വകാര്യ മ്യൂസിയം നിയോ ബാബിലോണിയൻ സാമ്രാജ്യത്തിലെ ഒരു രാജകുമാരിയുടേതായിരുന്നു. സ്വാഭാവികമായും ഇത്തരം സ്വകാര്യ മ്യൂസിയങ്ങളിൽ സാധാരണ ജനങ്ങൾക്ക് പ്രവേശനം അനുവദിക്കപ്പെട്ടിരുന്നില്ല. പിന്നീട്, ആദ്യത്തെ പൊതു മ്യൂസിയം യുറോപ്പിൽ തുടക്കം കുറിക്കുന്നത് നവോത്ഥാന കാലത്താണ്.1683ൽ.
കഴിഞ്ഞ കാലത്തിന്റെ ചരിത്രം നമ്മോടായി വിളിച്ചു പറയുന്ന ഇത്തരം ഇടങ്ങൾ നമ്മെ കാലങ്ങളോളം പിന്നിലേക്ക് നയിക്കും. ഏതു കാലത്തെ വിശേഷത്തെക്കുറിച്ചാണോ അത് നമ്മോട് സംവദിക്കുന്നത് ആ കാലത്തെ സവിശേഷമായ ആനുഭൂതിയിലേക്ക് നമ്മെ ചേര്‍ത്ത് സഞ്ചരിക്കുമ്പോൾ മാത്രമാണ് ഒരു മ്യൂസിയത്തിന്റെ പൂര്‍ണ്ണത സംഭവിക്കുന്നത്. അതിനാല്‍തന്നെ കേവലമൊരു പ്രദര്‍ശനസ്ഥലം മാത്രമല്ല മ്യൂസിയങ്ങൾ. അത് പുതിയ കാലത്തെ കുറേ പഴയ ഇടങ്ങളാണ്. മനുഷ്യരനുഭവിച്ച പ്രതിസന്ധികൾക്കും പ്രയാസങ്ങൾക്കുമൊടുവിൽ അവന്‍ നേടിയ വിജയത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റേയും കഥകൾ അത് നമ്മോട് നിശബ്ദമായി വാചാലമാകുന്നു.
പുരാവസ്തുക്കളുടെ പ്രാധാന്യം ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് അധിനിവേശകരാണന്നെനിക്ക് തോന്നിയിട്ടുണ്ട്. സാമ്രാജ്യത്വം കീഴ്പ്പെടുത്തുന്ന രാജ്യങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളായ രജ്ഞം, സ്വര്‍ണ്ണം, മുത്ത്, പവിഴം തുടങ്ങിയവ മാത്രമായിരുന്നില്ല അവർ കടത്തി കൊണ്ട് പോയിരുന്നത്. ഒരു വിലയുമില്ലാ എന്ന് നമുക്ക് തോന്നിയേക്കാവുന്ന ആയുധങ്ങൾ, രേഖകള്‍, ഉപയോഗത്തിലുള്ള ചെറിയ ചെറിയ വസ്തുക്കള്‍ തുടങ്ങിയവയും അവർ മോഷ്ടിച്ച് കടത്തി കൊണ്ടുപോയിരുന്നു. മൈസൂര്‍ കടുവ ടിപ്പുവിന്റെ പതനത്തോടെയാണ് സാമ്രാജ്യത്തിന്റെ അത്തരം ദുർമോഹം കൂടുതൽ വെളിവാക്കപ്പെട്ടത്. ഇനി തങ്ങള്‍ക്ക് ഭീഷണിയായി ഒരു ശക്തിയും ഇന്ത്യയിലില്ല എന്ന ആശ്വാസത്തിനപ്പുറമായിരുന്നു അവര്‍ക്ക് ശ്രീരംഗപട്ടണത്തെ കോട്ടയിലും കൊട്ടാരത്തിലും പിന്നെ, മൈസൂർ രാജ്യത്തെങ്ങുമുണ്ടായിരുന്ന ടിപ്പുവിന്റെ അമൂല്യങ്ങളായ നിധി ശേഖര കുംബങ്ങൾ സമ്മാനിച്ചത്.
മുന്നൂറോളം വർഷങ്ങൾക്കിപ്പുറത്ത്... ഇന്നതിലെ പല വസ്തുക്കളും ലണ്ടന്‍ നഗരത്തിലെ വെത്ത്യസ്ഥ മ്യൂസിയങ്ങളിലായി രാജകീയ പ്രൗഢിയോടെ പരിലസിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.
ഗാന്ധിജി കൊല്ലപ്പെട്ടത് ആ വര്‍ഷമാണ്.
ഡെല്‍ഹിയിലെ ബിര്‍ള മന്ദിരത്തിലെ തന്റെ പ്രാർത്ഥന വേദിയിലേക്ക് നടന്ന് നീങ്ങുകയായിരുന്നു ബാപ്പു. ഇടത്തും വലത്തുമായി ആഭയും മനുവും അദ്ദേഹത്തെ താങ്ങി പിടിച്ചിരിക്കുന്നു. തീരെ വൃദ്ധൻ. കൂടാതെ, കഴിഞ്ഞ കുറേ ദിവസങ്ങളിലായി നടത്തിയ നിരാഹാര സമരങ്ങളിൽ തീരെ ശോഷിച്ച ശരീരവും. രാജ്യത്തിന്റെ വിരിമാറില്‍ വരച്ച വലിയൊരു രേഖയുടെ കനല്‍ അദ്ദേഹത്തിന്റെ മനസ്സിൽ വെന്തു നീറുന്നുണ്ടാകാം. അതിനാല്‍, ശരീരത്തെ പോലെ മനസ്സും അശാന്തം. അല്‍പ്പം കൂടി മുന്നോട്ട് നടന്നാൽ വേദിയിലെത്തുകയായി. പിന്നെ ആശ്വാസമായൊന്നിരിക്കാം. പ്രാർത്ഥന ഗീതങ്ങളുടെ സംഗീത സാന്ദ്രതയിൽ അല്‍പ്പമൊന്ന് ലയിക്കാം. എല്ലാം മറക്കാം. ഈശ്വരനെ മാത്രം ചിന്തിക്കാം.
"ഈശ്വര് അല്ലാഹ് തേരോ നാം... സബ്കോ സൻമ്മതി ദേ ഭഗവാന്‍..."
'ഈശ്വരനും അല്ലാഹുവും നമ്മുടെ നാമം തന്നെ... ദൈവം എല്ലാവരെയും ജ്ഞാനത്താൽ അനുഗ്രഹിക്കുമാറാകട്ടെ' അതാണാ വാക്കുകളുടെ മലയാളീകരണം. ബാപ്പുവിന് ഏറെ ഇഷ്ടമായ ആ ഗാന ശകലങ്ങൾ അല്‍പ്പമകലെയായി ചെറിയ ശബ്ദത്തില്‍ സത്യഗ്രഹികൾ പാടി കൊണ്ടിരിക്കുന്നു.
ഠേ... ഠേ... ഠേ...
പോയിന്റ് ബ്ലാങ്കിൽ മൂന്ന് വെടിയുണ്ടകൾ. ഒന്ന് നെഞ്ചില്‍. രണ്ടെണ്ണം വയറിലും. പിന്നെ കണ്ടത് പുകപാറുന്ന കൈത്തോക്ക് ചൂണ്ടി നില്‍ക്കുന്ന നാഥുറാം വിനായക് ഗോഡ്സേ എന്ന ഹിന്ദുത്വ തീവ്രവാദി.
ഉദ്വേഗജനകമായ നിമിഷങ്ങൾ...
ആളുകൾ ചിന്ന ഭിന്നമായോടി. ആ ഭീകരന്റെ അടുത്ത വെടി തങ്ങളുടെ നെഞ്ചിലേക്കാകാം എന്നവര്‍ ശങ്കിച്ചു കാണണം. അല്ലെങ്കിൽ, കൊലപാതക ഉത്തരവാദിത്ത്വം തങ്ങളുടെ തലയിലെങ്ങാനും വന്നു ചേരുമോ എന്നുമവർ കരുതിയിരിക്കാം. എങ്കിലും, ചിലര്‍ ഗാന്ധിജിയുടെ സമീപത്തെത്തി അദ്ദേഹത്തിനെ രക്ഷിക്കാനുള്ള ചില വൃഥാശ്രമങ്ങൾ നടത്താതിരുന്നില്ല. ഒരുപക്ഷേ, അവരായിരിക്കാം ആ ശബ്ദം അവസാനമായി കേട്ടത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഉപസംഹാര വാക്കുകൾ.
ഹേ റാം...
ഞാനിത് വരെ പറഞ്ഞത് ചരിത്രമാണ്.
ഇനി കാലങ്ങൾക്കിപ്പുറം ലണ്ടനിലെ ഒരു മ്യൂസിയത്തിൽ പ്രദര്‍ശിപ്പിച്ച് വരുന്ന ഒരു പെട്ടിയെക്കുറിച്ച് ഞാന്‍ പറയാം. 1948 ജനുവരി 30നോ അതിന് തൊട്ട് മുമ്പോ ഉള്ള ഏതോ വാര്‍ത്ത പത്രത്തിന്റെ കഷ്ണങ്ങൾ. ഉണങ്ങി ദ്രവിച്ച ഏതാനും പുൽനാമ്പുകള്‍. പിന്നെ, അല്‍പ്പം കുറച്ച് മണല്‍ തരികൾ എന്നിവയാണ് ആ പെട്ടിയിലുള്ളത്.
ഞാൻ പറഞ്ഞല്ലോ ജനങ്ങൾ ചിന്നിച്ചിതറിയോടിയ ആ കറുത്ത ദിവസവത്തെ കുറിച്ച്. അന്നേ ദിവസം വേറെ ഒരു കൂട്ടരുണ്ടായിരുന്നു ബിര്‍ള മന്ദിരത്തിന്റെ മതില്‍ കെട്ടിനുള്ളിൽ. അവർ മഹാത്മാവിന്റെ രക്തം വീണ് കുതിര്‍ന്ന മണ്ണ്, പുല്ലിൻ കഷണങ്ങള്‍, പത്രത്താളുകൾ എന്നിവ പെറുക്കി കൂട്ടി ഭദ്രമായി സൂക്ഷിച്ചു. ഒരുപക്ഷേ, മഹാത്മാവിനോടുള്ള അതിരറ്റ സ്നേഹത്തിന്റെ അടയാളമായി അവിടുത്തെ ഓര്‍മ്മക്കായി സൂക്ഷിക്കാനായിരിക്കാം അവരാ പ്രവര്‍ത്തി ചെയതത്. അല്ലെങ്കിൽ, ചരിത്രത്തെ നിഷ്കളങ്കമായി സ്നേഹിക്കുന്ന ഏതാനും മനുഷ്യർ. എതായാലും, ആ വസ്തുക്കളായിരുന്നു കാലങ്ങള്‍ക്ക് ശേഷം ലണ്ടനിലെ മ്യൂസിയങ്ങളിൽ പ്രദര്‍ശനത്തിന് എത്തിച്ചേർന്നിരിക്കുന്നത്.
എനിക്കുമുണ്ട് എന്റെ വീട്ടിലൊരു കൊച്ചു മ്യൂസിയം. ഏകദേശം പത്ത് വർഷങ്ങൾ കൊണ്ടാണ് ഇതിത്രയെങ്കിലുമെനിക്ക് സങ്കടിപ്പിക്കാൻ കഴിഞ്ഞത്. ആർക്കും വേണ്ടാതെ, മൃതപ്രായരായി, ഉപേഷിക്കപ്പെട്ട നിലയിലാണ് ഇവയിൽ പലതുമെന്റെ കൈകളിലേക്കെത്തുന്നത്. ചിലത് തറവാട്ടകത്തെ തട്ടിൻ പുറത്ത് നിന്നാണെങ്കിൽ ചിലത് വീട്ടിനു പിന്നാമ്പുറത്തെ വെണ്ണീർ കുഴിയിൽ നിന്ന്. അവയവങ്ങളില്ലാതെ, ക്ലാവ് പിടിച്ച്, പൊടിപിടിച്ച്, വേച്ച് വേച്ചന്ന നിലയിലാണ് പലതുമെന്റെ കൈകളിലേക്കെത്തിച്ചേർന്നത്. പര്യവേക്ഷണ വിജയിയായ ചരിത്ര ഗവേഷകനെ പോലെ അത് കഴുകി വൃത്തിയാക്കികൊണ്ടിരിക്കുമ്പോൾ അടുത്ത് നിന്ന് ഉമ്മയോ മറ്റോ ചോദിക്കും.
"എന്തിനാണ് മകനെ ഈ പഴഞ്ചൻ വസ്തുക്കളൊക്കെ നിനക്ക്... ഇതൊക്കെ വീട്ടില്‍ വെക്കാൻ കൊള്ളാവോ" എന്ന്.
അപ്പോൾ ഞാനവരോട് മേല്‍ കഥകളൊക്കെ വിശദമായങ്ങ് പറഞ്ഞ് കൊടുക്കും.
പണ്ടൊരിക്കൽ... ഒരു സ്കൂൾ അവധി ദിനം. ഒരു കുടുംബ വീട്ടില്‍ വിരുന്ന് പോയി മടങ്ങി വന്നപ്പോഴുണ്ട് ഞാന്‍ താമസിച്ചു വന്നിരുന്ന എന്റെ സ്വന്തം വീട് പൊളിഞ്ഞ് തകർന്നങ്ങനെ കിടക്കുന്നു. അതിപുരാതന ഗൃഹമാണ്. മുകളില്‍ നിന്നും ഇറക്കി വെച്ച ഓടുകൾ മുറ്റത്ത് സുന്ദരമായി ക്രമത്തില്‍ അടുക്കി വച്ചിരിക്കുന്നു. കഴുക്കോലുകൾ നീളത്തില്‍ വീടിനകത്ത് തന്നെയാണുള്ളത്. ഇന്നലെ വരെ ഇരുട്ട് മൂടിയിരുന്ന അറക്ക് മുകളില്‍ നീലാകാശം പല്ലിളിച്ചു നില്‍ക്കുന്നു. ശൂന്യമായ ചുമരുകള്‍. പിന്നെ, അങ്ങിങ്ങ് പരന്ന് കിടക്കുന്ന പേപ്പര്‍ കഷണങ്ങളും കല്ലും മണ്ണും ചളിയും. പച്ചമണ്ണ് കലര്‍ന്ന പുരാതനത്വത്തിന്റെ രൂക്ഷ ഗന്ധം. വീട് പൊളിച്ച് പണിയുകയാണ്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഇവിടെ അത്യാധുനികമായൊരു വീടുയരും. പക്ഷേ, ഞാനപ്പോൾ ചിന്തിച്ചത് മറ്റൊരു കാര്യമാണ്.
പുരാവസ്തുക്കളെവിടെ?
എല്ലാവരോടും അന്വേഷിച്ചു. ഉമ്മയോട്, ഉമ്മമ്മയോട്...
"എല്ലാം ആക്രിക്കിർക്ക് തൂക്കി വിറ്റു മകനെ"
അവരൊറ്റ വാക്കില്‍ നിഷ്കരുണം ഉത്തരം പറഞ്ഞു.
പറയാന്‍ ബാക്കി വെച്ച കഥകളുമായി ഏതെങ്കിലും ആക്രിക്കടയുടെ തകര ഷീറ്റിനുള്ളിൽ അവർ കിടന്ന് നെടുവീര്‍പ്പിടുന്നുണ്ടാകാം. അല്ലെങ്കിൽ, 'റീസൈക്കിളിംഗ്' എന്ന പ്രക്രിയയിലൂടെ അത്യാധുനികരായവർ മാറികാണാനും മതി.
നമ്മുടെയൊക്കെ വീടകങ്ങളിലെ സ്വീകരണ മുറിയിലെ ഒരു അലമാര ഇത്തരം വസ്തുക്കൾക്കായി മാറ്റി വെച്ചാൽ അതൊരു നല്ല കാര്യമായിരിക്കുമെന്നെനിക്ക് തോന്നുന്നു. പുതു തലമുറക്ക് തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചുള്ള അനേകം അറിവുകളാണ് അത് മൂലം ലഭിക്കുക. നമ്മൾ വന്ന വഴി... നടന്ന് നീങ്ങിയ ദൂരം... അതിലെ പ്രതിസന്ധികൾ, സന്തോഷങ്ങൾ തുടങ്ങിയവയെ കുറിച്ചൊക്കെ അവരറിയുന്നു. ജീവിതം കൂടുതൽ കുടുസ്സായി നമ്മിലേക്ക് മാത്രം ലയിച്ചില്ലാതായികൊണ്ടിരിക്കുന്ന ഇക്കാലത്ത്... പണ്ട് മനുഷ്യര്‍ പക്ഷി മൃഗാതികൾക്ക് വെള്ളം പാനം ചെയ്യുവാനായി വീട്ടു പടിക്കല്‍ കരിങ്കൽ പാത്തികൾ സ്ഥാപിച്ചിരുന്നതിനെ കുറിച്ചും, ചുമട്ടുകാര്‍ക്കുള്ള അത്താണികൾക്ക് സമീപം സ്ഥാപിച്ചിരുന്ന മോര് ഭരണികളെക്കുറിച്ചൊക്കെയുള്ള അറിവ് കൂടുതൽ സമൂഹിക ഉത്തരവാദിത്തമുള്ളവരായി അവരെ മാറ്റിതീര്‍ക്കാതിരിക്കുന്നതെങ്ങനെ.




No comments:
Post a Comment