Sunday, 7 July 2019

ഉമ്മാന്റെ കുടി

വയസ്സ് 30 കഴിഞ്ഞു. ഒരായുസ്സിന്റെ ഏകദേശം പകുതി കാലയളവ്. ജീവിത തിരക്കുകൾക്കിടയിലൂടെ... കാലുകളിൽ നിന്ന് കാലുകളിലേക്ക് കുതിക്കുന്ന പന്ത് പോലെ പായുന്ന സമയം. എന്നാൽ, ഇന്നും ഞാന്‍ മനസ്സിൽ കൊണ്ട് നടന്ന് താലോലിക്കുന്ന ഒരനുഭവമുണ്ടെനിക്ക്. തിരക്കുകളൊക്കെ മാറ്റി വെച്ചൊരല്‍പ്പം ശുദ്ധവായു ശ്വസിക്കുക, ശാന്തമായിരുന്നൊന്ന് ധ്യാനിക്കുക, വെറുതെ വർത്തമാനം പറഞ്ഞിരിക്കുക, വെത്ത്യസ്ഥവും ആവേശകരമായ ഭക്ഷണ വൈവിധ്യങ്ങള്‍ പരീക്ഷിക്കുക, വെറുതെ നാട് തെണ്ടാനിറങ്ങുക എന്നിത്യാദി പരിപാടികളൊക്കെയായി കഴിഞ്ഞ് കൂടുന്ന എന്റെ സ്വന്തം ഉമ്മാന്റെ കുടിയിലേക്കുള്ള യാത്ര.

പാലക്കാട് ജില്ലയിലെ ഒരു ഉള്‍പ്രദേശമാണത്. അവിടെ നിറഞ്ഞ് നില്‍ക്കുന്ന ധാരാളം ഗ്രാമീണ കാഴ്ചകള്‍ കാണാം, നിഷ്കളങ്കരായ മനുഷ്യര്‍, അവരുടെ വഴക്കും വക്കാണവും പിന്നെ സ്നേഹ പ്രകടനങ്ങളും... അവരുടെ സ്നേഹം പ്രകടനാത്മകമാണന്നെനിക്ക് തോന്നിയിട്ടുണ്ട്. ലാളന, സ്നേഹം, ദേഷ്യം, അഭിപ്രായ വെത്ത്യസങ്ങൾ തുടങ്ങിയവ അവിടെയുള്ള ജീവിതങ്ങളുടെ മുഖത്ത് വരഞ്ഞിട്ടെന്നപോലെ കാണാം. അല്ലെങ്കിൽ, അത് പ്രകടിപ്പിക്കണമെന്ന അലിഖിത നിയമമുള്ളത് പോലെ. ദേഷ്യം തോന്നിയാല്‍ അത് തുറന്ന് പറയണം, സ്നേഹം തോന്നിയാല്‍ കെട്ടിപിടിച്ചുമ്മവെച്ചേക്കണം. ഒരുപക്ഷേ, ഗ്രാമീണ വിശുദ്ധി എന്നൊക്കെ പറയുന്നത് ഇതൊക്കെ തന്നെയാകാം...

അഥവാ... അങ്ങനെ ഒരിടത്താണ് ഈ ഉള്ളവന്റെ ഉമ്മാന്റെ കുടിയും സ്ഥിതിചെയ്യുന്നത്. ഞാൻ പറഞ്ഞല്ലോ... പാലക്കാട്ട് ജില്ലയിലെ ഒരു മനോഹരമായ ഉള്‍ഗ്രാമമാണത്.

കുട്ടിക്കാലത്ത് പഠനത്തിന്റെ മാറാപ്പില്ലാതെ കളിയും ചിരിയും ആഘോഷവുമായി  ജീവിതത്തിൽ കടന്ന് വരുന്ന ഒരൽപ്പം ദിവസങ്ങളായിരുന്നു ഉമ്മാന്റെ കുടി യാത്ര. സ്വന്തം വീട്ടിലെ ഭക്ഷണ ആവര്‍ത്തനത്തിൽ അസ്വസ്ഥരായ കുട്ടികള്‍ക്ക് ഉമ്മാന്റെ കുടിയിലെ ഭക്ഷണ വൈവിധ്യം പുതിയ അനുഭവമായിരുന്നു. എന്തും എത്ര വേണമെങ്കിലും കഴിക്കാൻ കഴിയുന്ന ചില അപൂര്‍വ നിമിഷങ്ങൾ. വിഭവ പത്രത്തിലേക്ക് നീളുന്ന കൈകളിലേക്ക് പിടി വീഴാത്ത ചുറ്റുപാട്. ഒരു തരത്തിൽ പറഞ്ഞാൽ ഉമ്മാന്റെ കുടിയിലെ ഒരു ചെറിയ തോതിലുള്ള അതിഥികൾ തന്നെയാണല്ലോ ഞങ്ങളും.

അനേകം ദിവസങ്ങൾ നീണ്ടു നില്‍ക്കുന്ന ആതിഥ്യ സല്‍ക്കാരങ്ങൾക്കുടയവർ.

ഒടുവില്‍, അവധി ദിനങ്ങളെല്ലാം കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴുണ്ടാകുന്ന ആ ഒരു തരം ഫീലിംഗുണ്ടല്ലോ അതൊരു പ്രവാസത്തിലും നമുക്കിനി ലഭിക്കുമെന്ന് തോന്നുന്നില്ല. കരഞ്ഞ് കണ്ണീര്‍ വാർന്ന് ദുഃഖം വമിക്കുന്ന മുഖവുമായി.... എങ്കിലും, ഒരല്‍പ്പം സമാധാനമപ്പോൾ ലഭിക്കുക ഉപ്പപ്പയോ ഉമ്മമ്മയോ വച്ചു നീട്ടുന്ന ഏതാനും ചില്ലറ തുട്ടുകളിൽ നിന്നുമാണ്. അങ്ങനെ ഒരുതരത്തിലുമെനിക്കിന്ന് പ്രതിഫലിപ്പിച്ചു പറയാൻ കഴിയാത്ത വേദനയുമായാണ് ഞാനവിടെ നിന്നും മടങ്ങാറുള്ളത്.

ഞാൻ പറഞ്ഞല്ലോ ഇപ്പോൾ വയസ്സ് 30 കഴിഞ്ഞിരിക്കുന്നു. എങ്കിലും പതിവ് പോലെ ഒരൊഴിവ് ദിവസം വീണു കിട്ടിയപ്പോള്‍ ഒരിക്കല്‍കൂടി ഞാനാ വീടിന്റെ തിരുമുറ്റത്തെത്തി നില്‍ക്കുകയാണ്.

വേനല്‍ക്കാലമാണ്. എങ്കിലും, മഴനനഞ്ഞ മുറ്റത്തു നിറയെ രാത്രിയില്‍ നെട്ടറ്റു വീണ മാമ്പഴങ്ങളുണ്ടായിരുന്നു. സേലം മാമ്പഴം പോലെ നീളത്തില്‍ തടിച്ച അതീവ സുഗന്ധവും മധുരവുമുള്ള മാമ്പഴമാണത്. ഇണയുടെ സ്നേഹത്തില്‍ പകര്‍ന്ന പൂമ്പൊടിക്കായി കാത്തിരിക്കുന്ന ഒരു ഈന്തപ്പനയുണ്ടിവിടെ. അവൾ വളര്‍ന്നു പന്തലിച്ചങ്ങനെ നില്‍ക്കുന്നു. പണ്ടാരോ അലക്ഷ്യമായെറിഞ്ഞൊരു ഈത്തപ്പഴ കുരുവിൽ നിന്നും തളിര്‍ത്തതായിരിക്കാമത്. എന്തായാലും, വെള്ളമോ വളമോ നല്‍കാതെ വളര്‍ന്നു വന്നതിന്നിത്രയായി. എന്നെപ്പോലെ തന്നെ പലർക്കും ഭയങ്കര അത്ഭുദമാണാ പന. കേരള നാട്ടിലൊരു അറേബ്യൻ ഈത്തപ്പന. നെറുകയില്‍ ഓട്ട വീണ കുടപോലെ അലസരായ ഓലകൾ. ചിലര്‍ക്കാ ഓല കാണുമ്പോള്‍ മുത്ത് റസൂലിനെയാണത്രെ ഓര്‍മ്മ വരിക.

അതിന്റെ കാരണമിങ്ങനെയാണ്...

പണ്ട്‌... ഒരുച്ചതിരിഞ്ഞ വേളയിൽ നബി തങ്ങളെ കാണാൻ ഒരു മനുഷ്യന്‍ മദീന പള്ളിയിൽ ചെന്നു. അകത്ത് തങ്ങളെ അന്വേഷിച്ചെങ്കിലും കാണാത്തതിനാലയാൾ പുറത്തേക്ക്‌ നടന്ന് ദീര്‍ഘമായൊന്ന് കണ്ണ് പായിച്ചു. അതാ പള്ളിയുടെ ചാരത്തൊരു ഈന്തപ്പന തണലില്‍ നബി തങ്ങൾ വിശ്രമിക്കുന്നു. അയാൾ തങ്ങളുടെ അരികിലേക്ക് പതിയെ ചെന്നടുത്തു. ഉറക്കത്തിലാണ്. ഒരു വശത്തേക്ക് തിരിഞ്ഞാണ് കിടക്കുന്നത്. മുതുകിൽ സീലുപോല നീളത്തില്‍ ഈന്തപ്പനയോലയുടെ അടയാളം കാണാം. അത് നബി മലര്‍ന്ന് കിടന്ന ശേഷം തിരിഞ്ഞ് കിടന്നതാണെന്ന സൂചന നല്‍കുന്നു.

പനയില നാരിന്റെ അടയാളം...

അയാൾ ചിന്തിച്ചു... ഈ കിടക്കുന്നതാരാണ്. മദീനയുടെ 'രാജാവ്'. ബദറിലെ സര്‍വ്വ സൈന്യാധിപന്‍. ദൈവത്തിന്റെ ദൂതർ. അദ്ദേഹമൊരു വാക്ക് മിണ്ടിയാൽ... ഒന്ന് സൂചിപ്പിച്ചാൽ... ഒന്ന് മൂളിയാല്‍... മദീനയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും ആഢംബര പൂര്‍ണ്ണമായ കിടപ്പറ സജ്ജീകരിക്കാനവർക്ക് കഴിയുമായിരുന്നു. പക്ഷേ, റസൂലിന്റെ പ്രചുരപ്രചാരമായ ലാളിത്യം...

1500 വർഷങ്ങൾക്ക് മുമ്പ് റസൂലിന്റെ മുതുകിൽ ചിത്രം വരച്ച ആ ഈത്തപ്പനയോല എന്റെ ഉമ്മാന്റെ കുടിയിലെ മുറ്റത്തങ്ങനെ മന്ദഹാസം തൂകി നിൽക്കുന്നത് കാണുമ്പോൾ അത് കാണുന്നവരുടെ കണ്ണില്‍ നിന്നുമെങ്ങനെ കണ്ണീര്‍ പൊഴിയാതിരിക്കും. അവര്‍ക്ക് മുത്ത് റസൂലിനെ ഓര്‍മ്മ വരുന്നു. എനിക്കും.

പനയുടെ സമീപത്തെ കുളം വേനലിന്റെ പരിക്ഷീണത്തിലായിരുന്നു. കടുത്ത പാലക്കാടൻ ചൂട് പ്രകൃതിയെ വളഞ്ഞിട്ടാക്രമിച്ചിരിക്കുന്നതായി തോന്നുന്നു. അത് കുളത്തിലും അതിലേക്കിറങ്ങുന്ന മൺപടികളിലും വിള്ളലുകൾ വരഞ്ഞിട്ടിരിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നു. എത്രയോ ഉയരത്തിൽ വള്ളം നിറഞ്ഞ് കവിഞ്ഞ് നിന്നിരുന്ന കുളമായിരുന്നത്. എത്ര എത്ര മത്സ്യങ്ങൾ. നീര്‍ക്കോലികൾ.

മുറ്റത്ത്‌ നിന്നും പാടത്തേക്കുള്ള ഇടുങ്ങിയ കാൽപടവുകൾക്കപ്പുറത്തെ 'മാടമ്പി' എന്ന വയൽപരപ്പ് ഇന്നൊരു കളിസ്ഥലമാണ്. ഒരു കാലത്ത്‌ ധാരാളം അടക്കകൾ വളര്‍ന്ന് നിന്നിരുന്ന നെടു നീളന്‍ കൗങ്ങിൻ തോട്ടമായിരുന്നത്. എന്തിനായിരിക്കാം ഇന്നതെല്ലാം വെട്ടി കളഞ്ഞിട്ടതിനെയൊരു മൊട്ട പറമ്പാക്കിയിട്ടുണ്ടായിരിക്കുക. ആരുടെടേയൊക്കെയോ അടങ്ങാത്ത ആർത്തിക്ക് മുമ്പിൽ പ്രകൃതി പരാജയമടഞ്ഞിരിക്കുന്നു എന്ന് ചുരുക്കം. മാടമ്പിക്കപ്പുറം വറ്റി വരണ്ട് കിടക്കുന്ന തീരെ വീതിയും ആഴവുമില്ലാത്ത തോടാണുള്ളത്. അതിനപ്പുറം, പാട ശേഖരങ്ങളും പിന്നെ ഉയരത്തിലേക്ക് നീളുന്ന ഇരട്ട മൂങ്ങൻ കുന്നും.

വീട്ടിനകത്തെ അറയിലേയും മുറുകുള്ളിലേയും ആ നിഗൂഡമായ ഇരുട്ട് ഇപ്പോഴും മാഞ്ഞ് പോയിട്ടില്ല. പണ്ട്‌, ആ രണ്ടിടങ്ങളിലും നല്ല തണുപ്പായിരുന്നു. ഒരുപക്ഷേ, ഭയം നെഞ്ചിനകത്ത് കിടന്നങ്ങനെ പുകഞ്ഞ് നിന്നത് കൊണ്ടായിരിക്കാം ശരീരത്തിലന്നാ കുളിരനുഭവപ്പെട്ടത്. എന്നാൽ, ഇപ്പോഴാ പഴയ ഭയം തീരെ ഇല്ലാതായിരിക്കുന്നു. ഞാൻ പറഞ്ഞല്ലോ വയസ്സ് 30 ആയി.

അറക്ക് മുകളിലെ മാള്യേമ്മലിൽ പോലും ഞാനിന്നൊറ്റക്ക് പോകും. ഒരു കാലത്ത്‌ ജിന്നുകൾ വിഹരിക്കുന്ന നിലവറയായിരന്നതെന്നായിരുന്നു ഞാൻ ചിന്തിച്ച് വെച്ചിരുന്നത്. അവിടെ പണ്ട്‌ കണ്ണ് കൊത്തി പറിക്കുന്ന രണ്ട് നീല കൊറ്റികളെ തളച്ച് വെച്ച ഒരു പഴയ ചുവർചിത്രം ചുമരിലങ്ങനെ തൂങ്ങി കിടന്നിരുന്നു. ഭക്ഷണം കഴിക്കാനും അടങ്ങിയൊതുങ്ങി ഇരിക്കാനും വിസമ്മതിക്കുന്ന കുട്ടികളുടെ കണ്ണ് കൊത്തിയെടുത്ത് പറക്കാന്‍ ഇപ്പോളതവിടെയില്ല എന്നെനിക്കുറപ്പാണ്. കാരണം, പണ്ടൊരിക്കല്‍... ചുമരില്‍ നിന്നാ ചിത്രമിറക്കി കല്ലുകൊണ്ടതിന്റെ ചില്ലുടച്ച് ഞാനാ കൊറ്റികളെ 'സ്വതന്ത്ര'മാക്കിയിരുന്നു.

ഇനിയുമൊരു കുട്ടിയേയും ആ നീല കൊറ്റികൾ നോക്കി പേടിപ്പിക്കാതിരിക്കാനായി...

വിശാലമായ പടിഞ്ഞാറെ കൊലായിയിൽ ഉമ്മുമ്മയുടെ കൂടെ പഴങ്കഥകൾ കേട്ടിരിക്കുമ്പോൾ കാലം പഴമയിലേക്ക് മാറുന്നതായി തോന്നും. എത്ര കണ്ടാലും കേട്ടാലും മതി വരാത്ത കാഴ്ചയാണീ പാലക്കാടിന്റെ സൗന്ദര്യം... 'ഉമ്മാന്റെ കുടിയിലെ' ഓർമ്മകൾ.

No comments:

Post a Comment