Tuesday, 2 July 2019

തള്ളമ്മ

ഇതാ ഞാനീ എഴുതുന്ന സമയം... മറ്റാരെങ്കിലും ഇതൊന്നെടുത്ത് വായിക്കുന്ന സമയം... അങ്ങനെ തുടങ്ങി പ്രപഞ്ചത്തിൽ പിന്നോട്ട് കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷങ്ങളും ചരിത്രത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടോ. ഇല്ല എന്നാണ് ഉത്തരമെങ്കിൽ ഞാന്‍ ചോദിക്കട്ടെ... ചരിത്ര പുസ്തകത്താളുകളിൽ രേഖപ്പെടുത്തി വരുന്നതും ചർച്ചയാകുന്നതും അതാതുകാലങ്ങളുടെ നേർചിത്രങ്ങളോ ഔദ്യോഗിക വിവരങ്ങളോ അല്ലേ... അവക്കിടയിൽ വെളിച്ചം കാണാതെ പോകുന്ന ചില നിമിഷങ്ങളും മനുഷ്യരുമുണ്ടല്ലോ ചരിത്രത്തിന്റെ ഉള്ളറകളിൽ. അവരെ ആരാണ് പരിഗണിച്ചിട്ടുള്ളത്. ഞാനെപ്പോഴും അവരുടെ കൂടിയാണെന്ന് പറയുന്നതിൽ എനിക്കഭിമാനമുണ്ട്. കാരണം, അവരില്‍ നിന്നും സത്യസന്ധമായ ചരിത്ര വസ്തുതകൾ നമുക്ക് ലഭിക്കുന്നു. അവരുടെയാ ഓര്‍മ്മകള്‍ കാലങ്ങളോളം വിസ്‌മൃതിയുടെ നിലവറകൾക്കുള്ളിൽ കാലം കഴിക്കും. ഇടക്കെപ്പോഴെങ്കിലും ചരിത്രം അതിന്റെ ചുമലുകളൊന്നിളക്കുമ്പോൾ... ഇരുവശത്തുമുള്ള അതിന്റെ ശിഖിരങ്ങളൊന്ന് കുടയുമ്പോൾ... കാലയവനികക്കുള്ളിൽ മറഞ്ഞെന്നു കരുതിയ ആ പഴയ മുഹൂർത്തങ്ങൾ കണ്ണ് തിരുമ്മി പുറത്തേക്ക് വരും.

1921കാലം...

നാട് മുഴുവന്‍ ആശങ്കയിൽ കഴിഞ്ഞ അക്കാലത്ത് ജനങ്ങളനുഭവിച്ച വേദനകളേയും പ്രയാസങ്ങളേയും കുറിച്ച് സംസാരിക്കുമ്പോൾ നൂറോടടുത്ത കാട്ടുകുളത്തെ എന്റെ തളളമ്മയുടെ മുഖം രോഷം കൊണ്ട് ജ്വലിക്കുന്നതായി ഞാന്‍ കാണാറുണ്ട്. അവരെന്റെ ഉമ്മയുടെ ഉമ്മയുടെ ഉമ്മയാണ്.  എന്റെ ഉമ്മയുടെ ഉമ്മൂമ്മ. മഹാപണ്ഡിതനും നിസ്വാർത്ഥനുമായ തന്റെ വന്ദ്യപിതാവ് സ്വന്തം കൈപ്പടയിലെഴുതിയൊരു ഖുർആനെ കുറിച്ചിടക്കവർ ഇടക്കിടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഞാനപ്പോൾ ഓര്‍ത്തത്... എവിടെ ആയിരിക്കും ആ ഖുർആനിപ്പോൾ ഉണ്ടായിരിക്കുക എന്നുള്ളതാണ്. തട്ടിൻ പുറത്തെ ഏതെങ്കിലുമൊരു പഴയകാല പെട്ടിക്കുള്ളിൽ... പൊടിപിടിച്ച്... അല്ലെങ്കിൽ, അലമാരക്കകത്തെ പഴയകാല പത്രകെട്ടുകൾക്കും വസ്തുതക്കൾക്കും താഴെ വെളിച്ചം കാണാതെ... നുരുമ്പി അതങ്ങനെ കാലം കഴിക്കുന്നുണ്ടാകാം. അല്ലെങ്കിൽ, കാലത്തിന്റെ കുത്തൊഴുക്കിൽ എവിടെയെങ്കിലും നഷ്ടപ്പെട്ട് പോയിരിക്കാനും സാധ്യതയേറെയാണ്. പക്ഷേ, അതും ചരിത്രമാണല്ലോ. വലിയ വലിയ ഗ്രന്ഥങ്ങള്‍ എഴുതി കൂട്ടിയ അനേകം മഹാപണ്ഡിതന്മാരുടെ കനപ്പെട്ട സൃഷ്ടികള്‍ക്കിടയിലെ ഒരു കഥാപാത്രം.

പ്രശസ്തമായ മുണ്ടത്ത് പള്ളിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ...

അതിപുരാതനമായൊരു മുസ്ലീം പള്ളിയാണത്. പാലക്കാട്ട് ജില്ലയില്‍ കൂടി കടന്ന് പോകുന്ന വീതിയേറിയൊരു നീളൻ ടാര്‍ പാതയുടെ ഓരത്താണ് ഇന്നതിന്റെ സ്ഥാനമെങ്കിലും ഒരുകാലത്ത് വലിയൊരു കാടായിരുന്നു ആ പ്രദേശമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ധാരാള കണക്കിന്‌ കാട്ടാനകൾ വിഹരിക്കുന്ന ആ നിഗൂഢ വനത്തിനുള്ളിൽ ഇടക്കിടെ പാറകൂട്ടങ്ങള്‍ ഇടിഞ്ഞുതിർന്ന് വരുന്നത് മാതിരി കാട്ടാനകള്‍ കൂട്ടമായി മലയിറങ്ങി വരുമായിരുന്നത്രെ. വെള്ളം കുടിക്കുക, വല്ല ഭക്ഷണവും കഴിക്കുക തുടങ്ങിയവയാണാ വരവിന്റെ ഉദ്ദേശമെങ്കിലും... വഴിവക്കില്‍ കാണുന്ന കൃഷിയിടങ്ങൾ, കെട്ടിടങ്ങള്‍, വസ്തുക്കള്‍ തുടങ്ങിയവ നിശേഷമവർ നശിപ്പിച്ചു വന്നു. അവയുടെ സഞ്ചാര മധ്യേയാണ് ഞാൻ പറഞ്ഞ മേല്‍ മുണ്ടത്ത് പള്ളിയും സ്ഥിതി ചെയ്യുന്നത്. എന്നാൽ, ആനകളറിയുന്നുണ്ടോ പള്ളിയേത് പള്ളിക്കുടമേതന്ന്. അവർ വിശുദ്ധമായി പരിപാലിക്കുന്ന പള്ളിയിലും കയറും. ഹൗളിലെ വെള്ളം കുടിക്കുക, പ്രാർത്ഥനക്കായി വരുന്ന വിശ്വാസികൾ നമസ്കാരത്തിന് മുന്നോടിയായി ചെയ്യുന്ന വുളു നിര്‍വ്വഹിക്കാന്‍ കഴിയാത്ത തരത്തിലത് മലിനമാക്കുക, അവരെ വിരട്ടിയോടിക്കുക തുടങ്ങിയ ക്രിയകള്‍ നിർലോഭമവർ ചെയത് വന്നു.

നിര്‍മല മനസ്സുമായി ദൈവത്തിലേക്ക് സാഷ്ടാംഗം ചെയ്യാൻ വരുന്ന നമസ്കാരക്കാരെ കൂടി ഉപദ്രവിക്കാൻ തുടങ്ങിയതോടെ മമ്പുറം വലിയ പള്ളിയില്‍ വാഴുന്ന വിശ്വാസികളുടെ നേതാവ് മമ്പുറം തങ്ങളവറുകൾക്ക് മുന്നിൽ വിഷയത്തെ ചൊല്ലി പരാതിപ്പെടാൻ പ്രദേശവാസികൾ തീരുമാനിച്ചു. അവർ കൂട്ടം കൂട്ടമായി മമ്പുറം കിഴക്കേ പള്ളിയിലേക്ക് പോയി കാര്യങ്ങൾ വെടിപ്പായി അവതരിപ്പിച്ചു. ക്ഷമയോടെ വര്‍ത്തമാനങ്ങൾ മുഴക്കെയും കേട്ടു നിന്ന തങ്ങളവറുകൾ ഒടുവിലൊരു മരദണ്ഡവരുടെ കൈവശം കൊടുത്ത് പറഞ്ഞു.

"ഇതവിടെ പോയി സ്ഥാപിച്ചു കൊള്ളുക... ആനകള്‍ വിരണ്ടോടുന്നതായിരിക്കും"

അങ്ങനെ അദ്ദേഹം തന്നയച്ച ആ മരദണ്ഡ് പള്ളിയുടെ പടിഞ്ഞാറെ മൂലയില്‍ സ്ഥാപിച്ചതോടു കൂടിയാണ് ആനകളുടെ വരവ് നിന്നതെന്നാണ് കഥ. ഇതെനിക്ക് പറഞ്ഞ്‌ തന്നതും തള്ളമ്മയായിരുന്നു. എന്നാൽ, അപ്പോഴൊന്നും കാണാത്ത ഒരു കനൽ 1921ലെ വർത്തമാനത്തിലേക്ക് നീങ്ങുമ്പോൾ അവരുടെ കണ്ണിൽ കിടന്ന് ജ്വലിക്കുന്നതായി ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.

അതൊരു യാത്രയായിരുന്നു. അക്കാലത്തെ അയൽപക്ക സംസാരങ്ങളിലൂടെ, ജനക്കൂട്ടങ്ങളിലൂടെ, പൊടിപാറ്റിക്കൊണ്ട് തക്ബീർ വിളികളുമായി നീങ്ങുന്ന മാപ്പിള സമര സഖാക്കളുടെ ജാഥകളിലൂടെ, പിന്നെ അങ്ങകലത്തെവിടെയോ വന്നു മടങ്ങിയ ഖിലാഫത്ത് പണ്ഡിത നേതാക്കളുടെ വയളിനെക്കുറിച്ചുമൊക്കെ. അപ്പോഴൊക്കെയും 1921 കാലത്താണ്‌ ഞാൻ ജീവിക്കുന്നതെന്നെനിക്ക് തോന്നിപ്പോകും. അറയിൽ നിന്നും വെളിയിലേക്കിറങ്ങുമ്പോൾ ബ്രിട്ടീഷ് ചാരന്മാരുടെ നിരീക്ഷണത്തെ ഭയക്കേണ്ടുള്ളതായി തോന്നും. ഞരമ്പ് വിടര്‍ന്ന ചെറിയ കയ്യിലെന്നെ ചേർത്തു പിടിച്ച് കാലാന്തരങ്ങൾക്കു പിന്നിലേക്കുള്ള ഒരു സഞ്ചാരമായിരുന്നത്. സമരത്തിന്റെ തീഷ്ണതയിലൂടെ അതിൻ്റെ ചൂടും ചൂരും അനുഭവിച്ച ആളുകൾ നേരിട്ടതിനെ വിശദീകരിക്കുമ്പോൾ അതിൽ വല്ലാത്തൊരു പരമാര്‍ത്ഥം അനുഭവപ്പെടുമല്ലോ.

1921 കാലത്ത് മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിൽ പൊട്ടിപ്പുറപ്പെട്ട ബ്രിട്ടീഷ്-സവർണ്ണ വിരുദ്ധ സമരത്തിന്റെ അവസാനം രംഗം സ്മരണീയമാണല്ലോ. ഒരു വശത്ത് ദേശീയ നേതാക്കന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന സമര പ്രവർത്തനങ്ങളും മറുവശത്ത് സർവായുധ സജ്ജരായതിനെ അടിച്ചമർത്തുന്ന ബ്രിട്ടീഷ് സർക്കാരും.  അതിനിടയിൽ കഷ്ട്ടപ്പെടുന്ന നിരാലംബരായ വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന മനുഷ്യരും. അക്കാലത്തെ ആളുകൾക്കത് ചരിത്രമായിരുന്നില്ല. സമകാലീന സംഭവ വികാസങ്ങളായിരുന്നു. ഇന്നും അവരുടെ മനസ്സിലത് അങ്ങനെ തന്നെയാണെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കാം... ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണുമ്മുമ്മ എന്ന് പറയുമ്പോൾ അവർ ഇരുകാലുകളും നീട്ടിയിരിക്കുന്ന അവസ്ഥയില്‍ മുന്നോട്ടാഞ്ഞ് എന്നോടിങ്ങനെ പറയാറ്...

"എന്ത് ചരിത്രം... ഇതൊക്കെ ഒള്ളതാ മാനെ" എന്ന്.

അവര്‍ക്ക് ചുറ്റും നിറഞ്ഞാടിയിരുന്ന കോലങ്ങൾ.

ദുരിത പർവങ്ങൾ അനുഭവിക്കുന്നവർ നാട്ടിലെ ഈ കലുഷിതമായ അവസ്ഥകളൊന്ന് പരിഹരിക്കപ്പെട്ടെങ്കിലെന്ന് ആഗ്രച്ചിരുന്നിരിക്കണം. വീടുകളിൽ കയറി കൊള്ളയും കൊള്ളിവെപ്പും നടത്തുക, കണ്ണിൽ കാണുന്നവരെ വെടിവെച്ച് കൊല്ലുകയോ തുറങ്കിലടക്കുകയോ ചെയ്യുക, അല്ലെങ്കിൽ നാട് കടത്തുക. അങ്ങനെ പലവിധ ക്രൂരതകൾ അവരോടവർ ചെയതു. ഇതൊക്കെ പറയുന്നതിനിടയിൽ അവർ ചില പടപ്പാട്ടും ആലപിക്കാറുണ്ടായിരുന്നു. "വീരരാം ശുഹദാക്കളെ പെറ്റൊരെ" എന്നു തുടങ്ങുന്ന ഒരു ഗാനം എനിക്കോർമ്മയുണ്ട്. ചൊല്ലുന്നതിലെ ചില വരികൾ അവരുടെ പ്രായാധിക്യത്താൽ അവ്യക്തമായിരുന്നെങ്കിലും അവയിലൊക്കെ തിളച്ചു മറിഞ്ഞിരുന്നത് മുഴുവന്‍ 1921ലെ സ്വതന്ത്രസമര പ്രവർത്തനത്തിലേക്കുള്ള ഊർജ്ജം മാത്രമായിരുന്നെന്ന് ഞാനോര്‍ക്കുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയില്ലെങ്കിൽ കൂടി ആ പടപ്പാട്ടുകളുടെ ഈണവും താളവുമൊക്കെ വല്ലാത്ത ഹൃദ്യമായനുഭവപ്പെടാറുണ്ട്. 'ചൊല്ലരുത്' എന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം തിട്ടൂരം കൽപ്പിച്ച ആ ഗാന ശകലങ്ങളെ നെഞ്ചോട് ചേർത്തവർ ആലപിക്കുമ്പോൾ അതിൻ്റെ തീക്ഷ്ണത നമ്മുടെ ഞരമ്പുകളിലേക്ക് കൂടി പ്രസരിപ്പിക്കപ്പെടുന്നതായി തോന്നിപ്പോകുന്നു.

പിന്നീടൊരിക്കൽ ചുറ്റും കൂടി നില്‍ക്കുന്ന മക്കളും മരുമക്കളുമായ തന്റെ തലമുറകളെ ഒരു നോക്ക് കൊണ്ടുപോലും ശ്രദ്ധിക്കാൻ നില്‍ക്കാതെ... അനേകമനേകം സ്വലാത്തുകളും, ദിക്റുകളും, ഖുർആൻ സൂക്തങ്ങളും ചൊല്ലി കൊണ്ടാ മഹതി അല്ലാഹുങ്കലേക്ക് പ്രൗഢമായി യാത്രയായി. ആ മയ്യത്തിനെ കണ്ടവർ പറഞ്ഞു...

"ഒരു കൊച്ച് പെൺകുട്ടിയെപ്പോലെ വെളുത്ത് മനോഹരമായ മുഖമായിരുന്നവർക്ക്" എന്ന്.

ഞാനന്ന് മറ്റൊരു ദേശത്തായിരുന്നു. മരണ വാർത്തയറിഞ്ഞ് പെട്ടന്നവിടേക്ക് എത്തിപ്പെടാന്‍ കഴിയാത്തത്ര ദൂരത്ത്. പക്ഷേ, എനിക്ക് ദുഖമില്ല. കാരണം, അവരെ ഒടുവില്‍ ഞാന്‍ കണ്ടിറങ്ങുമ്പോൾ വാത്സല്യത്തോടെ അവരുടെ നെറ്റിയിലൊരുമ്മ കൊടുത്താണ് ഞാൻ മടങ്ങിയത്‌. ഓരോ മടക്കങ്ങളിലും അപ്രകാരം ഞാനവർക്ക് ചുംബനം കൊടുക്കാറുണ്ടെങ്കിലും അന്ന് മാത്രമെനിക്കതൊരു ഹൃദയസ്‌പൃക്കായി അനുഭവപ്പെട്ടു. പറയാൻ ബാക്കി വെച്ച കഥകൾ കേള്‍ക്കാൻ ഇനിയും ഞാൻ വരുമെന്ന് മനസ്സിൽ ചിന്തിച്ച് അറയില്‍ നിന്നുള്ള വീതി ഏറിയ വാതില്‍ കടന്ന് കൽപടിയിലേക്ക് ഞാനിറങ്ങുമ്പോൾ അവരെ ഒന്നുകൂടി ഞാനൊന്ന് തിരിഞ്ഞ് നോക്കിയതോർക്കുന്നു. കട്ടില്‍ പടിയില്‍ തല ഉയർത്തിവെച്ച് തിരിഞ്ഞ് കിടന്നെന്നെ നോക്കി കൊണ്ടിരിക്കുകയായിരുന്നു അപ്പോളവർ.

നഷ്ടപ്പെട്ടത് കേവലമൊരു വ്യക്തിയെ മാത്രമല്ല. അനേകമനേകം ചരിത്രങ്ങളാണ്.  ഇനിയും പറയാൻ ബാക്കിവെച്ച അനേകം അനുഭവങ്ങൾ. ഒരു നൂറ്റാണ്ടിന്റെ ചരിത്ര പുസ്തകം.

മഹാഗ്രന്ഥം...

ചരിത്രം അതിൻ്റെ ചില്ലകളെ തളിർക്കാനാകാതെ... നിത്യമായ ഇരുളിലേക്ക് മറയുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നമ്മളെ തന്നെയാണ്‌. സ്വന്തം ചരിത്രം അറിയാത്തവര്‍ക്കെങ്ങനെയാണ് മഹാചരിതങ്ങൾ രചിക്കാന്‍ സാധിക്കുക. ഞാനിപ്പോൾ ഓർക്കുന്നത് ബഹുമാന്യനായ ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ ഒരു പുസ്തകത്തിലെ വരികളാണ്...

"വർത്തമാന കാലം ഭൂത കാലത്തിന്റെ മൂലധനമാണ്. ഭൂത കാലത്തിന്റെ ദാരിദ്ര്യം, ധന്യത, കരുത്ത്, ദൗര്‍ബല്യം തുടങ്ങിയ ഘടകങ്ങൾ വർത്തമാന കാലത്തെ സാരമായി സ്വാധീനിക്കുന്നു. അത് കൊണ്ട്‌ തന്നെ ചരിത്രം ഏതൊരു സമൂഹത്തെ സംബന്ധിച്ചെടുത്തോളവും പരമ പ്രധാനമാണ്. ചരിത്രം നഷ്ടപ്പെടുന്നതിലൂടെ പാരമ്പര്യമാണറുത്ത് മാറ്റപ്പെടുന്നത്. അതോടെ സമുദായങ്ങളും ജനങ്ങളും വേരുകളില്ലാത്ത മരം പോലെ നിര്‍ജ്ജീവമായിത്തീരുന്നു"

No comments:

Post a Comment