ചെറുതായിട്ട് ഡയറി എഴുതുന്നൊരു ശീലമുണ്ടെനിക്ക്. അനുഭവങ്ങളുടെ വലിയ കെട്ടു മാറാപ്പുമായെഴുതി കൂട്ടുന്ന ഘനഗംഭീരമായ എഴുത്തൊന്നുമല്ല അത്. എതാനും ചെറിയ ചെറിയ കാര്യങ്ങൾ മാത്രം. എന്നാൽ, കുറച്ച് കാലങ്ങളായി അത്തരത്തിലുള്ള ആ ഡയറി എഴുത്ത് പോലുമൊരു അസഹ്യാനുഭവമായി മാറുന്നതായെനിക്ക് തോന്നുന്നു. കാരണം, ഡയറിയിൽ എഴുതുന്നത് എന്നും ഒരേ കാര്യം മാത്രം. ഉണരുക, സ്കൂളിലേക്ക് പോവുക, കളിക്കുക, പഠിക്കുക, പിന്നെ ഭക്ഷണം, ഉറക്കം. വീണ്ടും ഉണരൽ. ഇത്രമാത്രം. വ്യത്ത്യസ്തമായ ഒരനുഭവവും എന്നിലേക്ക് വന്നു ചേരുന്നില്ല. അനുഭവങ്ങൾക്കായി യാത്രകൾ ചെയ്യണമല്ലോ... പലരുമായും ബന്ധപ്പെടണം, പലതരത്തിലുള്ള സാഹചര്യങ്ങളേയും അടുത്തറിയണം. എങ്കിലേ ഡയറിയിലും അത് പ്രതിഫലിക്കൂ. അതിനാൽ ഡയറിയെ സജീവമാക്കാനായി ഏതാനും ചില യാത്രകൾ ചെയ്താലോ എന്ന് ഞാന്‍ ചിന്തിച്ചു വരുന്നു.
അങ്ങനെയാണ് ഒരു യാത്രക്കുള്ള ഒരുക്കങ്ങളെക്കുറിച്ച് അഗാതമായ ചിന്തയിൽ ഞാൻ മുഴുകുന്നത്. ചരിത്രയാത്ര... കാഴ്ചകളേയും ചിന്തകളേയും ഒരു കോണിൽ ഏകോപിപ്പിക്കാൻ ഇത്തരം യാത്രകൾ ഒറ്റക്കു തന്നെ നടത്തേണ്ടതുണ്ടന്നാണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ പക്ഷം. കൂടെ സഹയാത്രികരുണ്ടാകുമ്പോൾ തീരുമാനങ്ങളുടെ പങ്കു വെക്കലിന്റെ വിരസത വല്ലാതെയുണ്ടാവുമെത്രെ. അത് ശരിയാണെന്നെനിക്കും തോന്നി. വരാനിരിക്കുന്ന കാഴ്ചകളെക്കുറിച്ചുള്ള സ്വപ്നങ്ങൾ. പിന്നെ കാഴ്ചകളെ കാലന്തരങ്ങളിലേക്ക് പിന്നിലാക്കിയുള്ള നിരീക്ഷണം, തുടർന്ന് കണ്ട കാഴ്ചകളിലേക്ക് ചരിത്രത്തെ ലയിപ്പിച്ചുള്ള ചിന്തകൾ. അടിപൊളി. യാത്ര ഒറ്റക്ക് തന്നെയെന്ന് തീരുമാനിച്ചുറച്ചു.
നേരെ പടിഞ്ഞാറോട്ട് പോയാൽ കടൽകരയിലാണ് എത്തിച്ചേരുക. ചരിത്രങ്ങൾ ഏറെ ഉറങ്ങികിടക്കുന്ന അതിമഹത്തായ പ്രദേശങ്ങളാണ് കേരള കടൽതീരത്തെ ഓരോ പട്ടണങ്ങളും ഗ്രാമങ്ങളും. കിഴക്കോട്ടായാൽ പടയോട്ടങ്ങളുടെ കുഴമ്പടിക്കാലുകൾ ചിത്രം വരച്ച രണഭൂമികളാണ്. കോട്ടകള്‍, കൊട്ടാരങ്ങൾ, എടുപ്പുകൾ... അങ്ങനെ ധാരാളം സംഗതികളുണ്ടവിടെ. അവിടെ അക്കൂട്ടത്തിലാണ് ചരിത്രമുറങ്ങി കിടക്കുന്ന പാലക്കാട് കോട്ട സ്ഥിതിചെയ്യുന്നത്.
ഒഴിവുസമയത്ത് ചെയ്ത ചില്ലറ ജോലിയിൽ നിന്നും ലഭിച്ച ചെറിയ സമ്പാദ്യവും ഉമ്മ തന്ന പോക്കറ്റുമണിയുമൊക്കെ ഉപയോഗിച്ച് ഒരു ചെറിയ ക്യാമറയാണ് യാത്രക്ക് മുന്നോടിയായി ഞാനാദ്യം സംഘടിപ്പിച്ചത്. പഴയ റോൾ മോഡൽ ക്യാമറ. ഇത്തരം ക്യമാറകൾ ഡിജിറ്റലിലേക്ക് വഴിമാറുന്നതിന്റെ ഇടയിൽ തരപ്പെടുത്തിയതിനാൽ ചില വെെകല്ല്യങ്ങളൊക്കെ അതിലുണ്ടായിരുന്നു. അത് വഴിയെ പറയാം.
യാത്രക്കുള്ള ഒരുക്കത്തിന്റെ അടുത്ത ഘട്ടം പഠനമായിരുന്നു. പാലക്കാട് കോട്ടയെക്കുറിച്ച് അറിയേണ്ടതായുള്ള പല വിവരങ്ങളും ഞാൻ തേടിപ്പിടിച്ച് കണ്ടത്തി. എന്റെ വീട്ടു ലെെബ്രറിയിൽ നിറസാന്നിദ്ധ്യമായുള്ള ഡെെജസ്റ്റുകളാണ് അതിനെന്നെ ഏറെയും സഹായിച്ചത്. കൃത്ത്യമായി കേരളത്തിന്റെ ഒത്ത മദ്ധ്യത്തിൽ വരുന്ന ഈ കോട്ടയുടെ തന്ത്രപ്രാധാന്യതയെക്കുറിച്ച് അദ്ഭുതം കൂറുന്ന വിവരങ്ങളാണ് അവയിൽ നിന്നുമെനിക്ക് ലഭ്യമായത്.
അങ്ങനെ, വിരസമാർന്ന സ്കൂൾ ദിനങ്ങൾക്കിടയിലെ ഒരൊഴിവുദിവസം പാലക്കാട് യാത്രക്ക് ഉപയോഗപ്പെടുത്താൻ ഞാൻ തീരുമാനിച്ചു. പൊതു അവധി ദിനമായ ഞായറാഴ്ച്ചയാണല്ലോ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമായി പ്രവർത്തിക്കുന്ന ദിവസം. അതിനാൽ ഒരു ഞായറാഴ്ച്ച തന്നെ ഞനതിന് തിരഞ്ഞെടുത്തു.
അതിരാവിലെ വീട്ടില്‍ നിന്നുമിറങ്ങി. പോകുന്നത് വലിയയൊരു ചരിത്രം പേറി നിൽക്കുന്ന മഹത്തായൊരു നഗരത്തിലേക്കാണന്ന് തോന്നും വിധമായിരുന്നില്ല കോലം. അടുത്തൊരു പ്രധേശത്തേക്കുള്ള ഒരു പ്രഭാത സഞ്ചാരം. അത്രമാത്രം. ആദ്യം നേരെ ടൗണിലേക്ക്, അവിടെ കോഴിക്കോട്ട് ഭാഗത്ത് നിന്നും വന്ന പാലക്കാട് ബസ്സിൽ സീറ്റുറപ്പിച്ച് കാത്തിരുന്നു. ഒരിക്കൽ കൂടി പുതിയ ക്യാമറയുടെ പ്രവർത്തനം ഞാൻ വിലയിരുത്തി.
സര്‍വ്വസജ്ജം...
ചെറിയ കാശിന് ലഭിച്ച ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന ഫിലിം റോളിട്ട് കറക്കി ഉപയോഗിക്കുന്ന പഴയ തരം ഒരു ക്യാമറയാണത്. പണിമുടക്കമോ മറ്റോ സംഭവിച്ചാൽ വലിയ ചൊറയാകുമെന്ന സന്ദേഹമുള്ളത് കൊണ്ടുതന്നെ ഒരു പ്രത്ത്യേക സ്നേഹം ഞാനാ ക്യാമറക്കു നൽകി. ബസ്സ് പതിയെ അതിന്റെ സഞ്ചാരം തുടങ്ങിയപ്പോഴാണ് സമാധാനമായത്. വീട്ടിലും നാട്ടിലുമുള്ളവർ ധാരളമായി വിഹരിക്കുന്ന ഒരു പ്രധേശത്തെ ആ കാത്തിരുപ്പ്... ഒരുപക്ഷേ, യാത്രയുടെ സമാധാനം നഷ്ടപ്പെടുത്തിയേക്കുമല്ലോ എന്ന സന്ദേഹം എനിക്കുണ്ടായിരുന്നു.
ടൗണിലെ തിരക്കിനിടയിലൂടെ പതിയെ സഞ്ചരിച്ച് ഒടുവിൽ വാഹനം തിരക്കുകുറഞ്ഞ ദേശീയ പാതയിലൂടെ പാലക്കാട് ലക്ഷ്യമാക്കി കുതിക്കുമ്പോൾ ഞാൻ പല പല ചിന്തകളിലേക്കും വഴുതി വീണു. പ്രധാനമായും പാലക്കാട് നഗരത്തെക്കുറിച്ചും കോട്ടയെക്കുറിച്ചുമൊക്കെ തന്നെയായിരുന്നു എന്റെ ചിന്തകളത്രയും. തമിഴിന്റെ ഗന്ധവും സംസ്കാരവും വല്ലാതെ അനുഭവേദ്യമാകുന്ന കേരളത്തിലെ ഒരേയൊരു നഗരമാണ് പാലക്കാട് പട്ടണം. തമിഴ് ദേശത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരു ജില്ല എന്ന നിലയിൽ കാലാവസ്ഥയിലും ആ സമാനത നമുക്ക് അനുഭവിക്കാന്‍ കഴിയും. നഗരത്തിലെ ചില വഴികളുടെ ഇരുവശങ്ങളിലും നിരനിരയായി നിൽക്കുന്ന വീടുകൾ നിറഞ്ഞ തെരുവുകൾ തമിഴ്നാട്ടിലെ അഗ്രഹാരങ്ങളേയാണ് നമ്മിൽ ഓർമ്മപ്പെടുത്തുക. ഭാഷ സംസ്ഥാന രൂപീകരണ നാളിൽ കന്യാകുമാരി തമിഴ്നാടിന് നൽകിയതിന് പകരമായിട്ടാണ് പാലക്കാട് കേരളത്തിന് ലഭിക്കുന്നത് എന്നാണ് ചരിത്രം. അന്ന് കന്യാകുമാരിയിലെ പത്മനാഭ കൊട്ടാരത്തേക്കാൾ പ്രാധാന്യം പാലക്കാട് കോട്ടക്കു കൈവന്നത് ഈ നഗരം കേരള ചരിത്രത്തിൽ ചെലുത്തിയ സ്വാധീനം കൊണ്ടു കൂടിയായിരിക്കാം. ബസ്സ് പാലക്കാട് നഗരത്തോട് അടുക്കുമ്പോൾ ഒറ്റക്കുള്ള ആദ്യ ദീർഘയാത്രയുടെ ചെറിയൊരു ശങ്ക മനസ്സിനകത്തുണ്ടങ്കിലും ചരിത്രത്തിന്റെ കുളമ്പടിക്കാലുകൾ പതിഞ്ഞ ഈ നഗരം എനിക്കായി കാത്തുവെച്ച കാഴ്ച്ചകളെക്കുറിച്ചോർത്തപ്പോൾ അതൊക്കെ പമ്പ കടന്നു.
നഗരത്തിൽ ബസ്സിറങ്ങിയ ശേഷം പ്രാതൽ കഴിച്ച് ഒരു ഓട്ടോയിൽ കയറി കോട്ടയിലേക്ക് ഞാൻ നീങ്ങി. പണ്ട് ടിപ്പു സുൽത്താന്റെ ആനകളേയും കുതിരകളേയും നിരനിരയായി നിർത്തി തീറ്റയും വിശ്രമവും നൽകിയിരുന്ന കോട്ടമെെതാനമാണ് അവിടെ ആദ്യം നമ്മെ വരവേൽക്കുന്നത്. ആ വലിയ മൈതാനത്തിൽ ഒരുകാലത്ത് വിഹരിച്ചിരുന്ന ആ മൃഗങ്ങളുടെ ചുമലുകളിൽ കയറിയാണ് ടിപ്പു സുൽത്താന്റെ പട കേരള ചരിത്രത്തെ മാറ്റി വരക്കാൻ തെളിച്ചു നീങ്ങിയത്. ആ ചരിത്രമൊന്നും അറിഞ്ഞ ഭാവമില്ലാത്ത കുറേ അങ്ങാടി പൈക്കളാണ് അവിടെ ഇപ്പോൾ വിഹരിച്ചുകൊണ്ടിരിക്കുന്നത്.
കോട്ട മൈതാനത്തിനു സമാന്തരമായി നീങ്ങുന്ന ഇംഗ്ലീഷ് ചർച്ച് റോഡിലൂടെ പോയി നേരെ ഇടത്തോട്ട് തിരിഞ്ഞാൽ കോട്ടയിലേക്കുള്ള പാലത്തിനടുത്തെത്താം. അവിടെ 'വാടിക' എന്നൊരു തുറന്ന സ്റ്റേഡിയത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നത് ഞാന്‍ കണ്ടു. ഒരുപക്ഷേ, വരും കാലത്ത് കോട്ടയുടെ മനോഹാരിതയുടെ പശ്ചാത്തലത്തിൽ വേദിയിലെ കലാപ്രകടനങ്ങൾ കണ്ടാസ്വദിക്കുവാൻ വാടിക ഉപയോഗപ്പെടുത്തിയേക്കാം.
സമയം രാവിലെ 10 മണി ആയതുകൊണ്ടുതന്നെ കോട്ടയുടെ പരിസരം ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായിരുന്നു. ഓട്ടോക്കാരനോട് ചില വിവരങ്ങളോക്കെ അന്യേഷിച്ച് സമയം കളയാതെ ചരിത്രം നടന്നു നീങ്ങിയ കോട്ട ലക്ഷ്യമാക്കി ഞാൻ നടന്നു. അവിടെ, ചെറുതായി വെള്ളം കെട്ടിക്കിടക്കുന്ന ആഴമേറിയ കടങ്ങിനപ്പുറമുള്ള ആ കരിങ്കൽ കെട്ട് ഞാനാവോളം ആസ്വദിച്ചു.
പുരാതന കാലം മുതലേ ഇവിടെ ഒരു കോട്ട ഉണ്ടായിരുന്നെന്നാണ് ചരിത്രം. കോഴിക്കോട് സാമൂതിരിമാരുടെ സാമാന്തന്മാരായിരുന്ന 'അചച്ഛന്മാർ' അഥവ പാലക്കാട് തമ്പുരാക്കന്മാരുടെ കാലം തൊട്ടാണ് കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത്. പിന്നീട് ചരിത്രത്തിന്റെ ഗതിവിഗതികൾ നിർണ്ണയിച്ച ഓരോ പടയോട്ടങ്ങളും ഈ കോട്ടവാതിൽക്കൽ വന്ന് നിൽക്കുമ്പോഴും അവർ എന്തെങ്കിലുമൊക്കെ ഒരു കൂട്ടിച്ചേർക്കൽ ഈ ഭിത്തികളിൽ ചെയ്ത് കൊണ്ടല്ലാതെ ഇവിടെ നിന്നും കടന്ന് പോയിട്ടില്ല. അങ്ങനെ കോട്ടയുടെ ചരിത്രത്തെക്കുറിച്ചുള്ള ചിന്തകളുമായി... കേട്ടും വായിച്ചും മാത്രമറിഞ്ഞിരുന്ന ആ മഹാമന്ദിരത്തിലേക്ക് ഞാൻ നടന്നടുത്തു.
കോട്ടയിൽ പ്രധാനമായും 9 കൊത്തളങ്ങളാണുള്ളത്. അതിലേ 2 കൊത്തളങ്ങൾ കോട്ടയുടെ സമചതുര രൂപത്തിൽ നിന്നും മാറി മുന്നോട്ടായാണ് നിലകൊള്ളുന്നത്. അവിടെയാണ് കോട്ടയുടെ പ്രധാന കവാടമുള്ളത്. ശത്രുപാളയത്തിൽ നിന്നുള്ള അക്രമണങ്ങളിൽ നിന്നുള്ള രക്ഷക്കായി കോട്ടക്കു ചുറ്റും നിർമ്മിച്ച കിടങ്ങിനു മുകളിലൂടെയുള്ള ഒരു മരപ്പാലമാണ് കോട്ടക്കകത്തേക്കുള്ള ഒരേയൊരു പാത. യൂറോപ്പിലേ ചില കോട്ടകളിലുള്ളതുപോലെ കവാടമായും പാലമായും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള സംവിധാനമല്ല ഇവിടെ കാണാൻ കഴിയുന്നത്. മറിച്ച് പാലവും കോട്ട കവാടവും പ്രത്യേകം പ്രത്യേകം കാണാൻ കഴിയുന്നു.
കനത്ത മുൾകമ്പികൾ നിരന്നു സ്ഥാപിച്ചിരിക്കുന്ന ആ കുറ്റൻ കവാടത്തിനു മുന്നിൽ കോട്ടയുടെ ചരിത്രത്തെക്കുറിച്ചും സന്ദർശകർ പാലിക്കേണ്ട മര്യാദകളെക്കുറിച്ചുമോക്കെ ചെറുതായി വിവരിച്ചിരിക്കുന്ന ഫലകങ്ങൾ കാണാൻ കഴിയുന്നു. അവയിലെ വിവരങ്ങളിലൂടെ കണ്ണോടിക്കുമ്പോഴായിരുന്നു ഒരു ഭിക്ഷക്കാരൻ മുന്നിൽ വന്ന് കെെനീട്ടിയത്. ഒരുപക്ഷേ, കോട്ടയിലെ സന്ദർശകർക്കിടയിലെ നിറസാന്നിദ്ധ്യമായിരിക്കാം അയാൾ.
കോട്ടവാതിലിനപ്പുറമൊരു നീണ്ട പാതയാണ്. അതിനൊരു വശത്ത് ദിനവും പൂജയും വഴിപാടും നടക്കുന്ന ഒരു ക്ഷേത്രം കാണാൻ കഴിയുന്നു. പണ്ട് ടിപ്പുവിന്റെ ഭരണ കാലത്ത് തന്റെ പാളയത്തിലുള്ള ഹിന്ദു ഭടന്മാർക്ക് പ്രാർത്ഥന നിർവ്വഹിക്കാൻ നിർമിച്ചു നൽകിയ ഹനുമാൻ ക്ഷേത്രം. ഇന്നും ഭയഭക്തി ആദരവോടെ ബന്ധപ്പെട്ടവരത് സംരക്ഷിച്ച് പോരുന്നു. മെെസൂർ സുൽത്താന്മാരുടെ ഇത്തരം മതമെെത്രിയുടെ അനേകം ഉദാഹരണങ്ങൾ ഇന്നും പാലക്കാടും, മെെസൂരും, ശ്രീരംഗപട്ടണത്തുമൊക്കെയായി ധാരാളകണക്കിന് നമുക്ക് കാണാൻ കഴിയും. ഹിന്ദു ഭൂരിപക്ഷമുള്ള ഒരു രാജ്യത്തിലെ ഭരണാതികാരിക്ക് എങ്ങിനെയാണ് തന്റെ പൗരന്മാരിലെ ഭൂരിപക്ഷ വിഭാഗത്തേയും ശത്രുക്കളായി കാണാൻ കഴിയുക. ടിപ്പുവിൽ ഒരു മതഭ്രാന്തനെ തിരയാന്‍ ആഗ്രഹിക്കുന്നവർ ഏത് വിധേനയും അത് നേടാൻ ശ്രമിക്കും. അത് സ്വാഭാവികം മാത്രമാണല്ലോ.
ക്ഷേത്രം സജീവമായിരുന്നു. പ്രാർത്ഥിക്കുന്നവർ, അനുശ്ഠാന കർമ്മങ്ങളിൽ മുഴുകിയിരിക്കുന്നവർ, ക്ഷേത്രാങ്കണം അലങ്കരിക്കുന്നവർ, വൃത്തിയാക്കുന്നവർ തുടങ്ങി സര്‍വ്വ ആരാധനാലയങ്ങളിലേയും നിറ സാന്നിദ്ധ്യമായ യാചകർ വരെ. സാമ്പ്രാണിത്തിരികളുടേയും പാലപ്പൂവിന്റേയുമൊക്കെ വല്ലാത്തൊരു ഗന്ധം ഭക്തി നിർമലമായ ഒരന്തരീക്ഷം അവിടെ രൂപപ്പെടുത്തുന്നു.
ക്ഷേത്രത്തിനപ്പുറം ഒരു കൽമണ്ഡപത്തിലേക്കാണ് വാതിൽ തുറക്കുന്നത്. ചരിത്രത്തിൽ നിന്നും ഇറങ്ങി വന്നവരെപ്പോലെ കുറേ അളുകളെ അവിടെ ചടഞ്ഞിരിക്കുന്നത് കാണാൻ കഴിയുന്നു. ക്ഷേത്രങ്ങളിൽ നിന്നും ക്ഷേത്രങ്ങളിലേക്ക് നിരന്തര സഞ്ചാരം നടത്തുന്ന സന്യാസി വര്യരായിരിക്കാം അവർ. കാവി വസ്ത്രങ്ങൾ ധരിച്ച വലിയ ജപമാലകൾ കഴുത്തിലണിഞ്ഞ നെറ്റിയിൽ നീളത്തിൽ ചന്ദനക്കുറി വരച്ച അവരെ കോട്ടയുടെ പശ്ചാത്തലത്തിൽ കാണുമ്പോൾ കാലങ്ങൾക്ക് പന്നിലേക്ക് നമ്മെ അത് നയിക്കുന്നു. പടനയിക്കാൻ പാലക്കാട് പാളയത്തിലെത്തിയ ടിപ്പുവിനെ എന്തോ അത്ത്യാവശ്യത്തിന് കാണാൻ വന്ന മെെസൂരിലെ ക്ഷേത്ര പ്രതിനിധികളാവും അവരെന്ന് വെറുതെ ഞാന്‍ മനകണ്ണിൽ കണ്ടു.
അവിടെ നിന്ന് കോട്ടയുടെ നടുത്തളത്തിലേക്കാണ് നേരെ വാതിൽ തുറക്കുന്നത്. ഒരു കാലത്ത് ടിപ്പുവിന്റെ പടക്കോപ്പുകളും സെെനികരും മലബാറിന്റെ അധികാര നിർവ്വഹണത്തിനുള്ള സ്ഥാപന സംവിധാനങ്ങളും നിറഞ്ഞു നിന്നിരുന്ന ഭാഗം. ഇവിടുത്തെ ഒരോ മണൽത്തരികൾക്കും ഒരായിരം കഥകൾ പറയാനുണ്ടായിരിക്കും. 1766ലാണ് കോട്ടയുടെ നിയന്ത്രണം അക്കാലത്തെ മെെസൂർ സുൽത്താനായ ഹെെദരലിയുടെ കെെവശമെത്തുന്നത്. അദ്ദേഹമാണ് കോട്ടയെ അക്കാലത്ത് ലഭ്യമായ സാങ്കേതിക വിദ്യകളത്രെയും ഉപയോഗിച്ച് ആധുനികമാക്കിയത്. പിന്നീടു വന്ന ടിപ്പു സുല്‍ത്താൻ, ബ്രിട്ടീഷുകാർ തുടങ്ങിയവരും ധാരാളം തിരുത്തലുകൾ ഇതിൽ വരുത്തുകയുണ്ടായിട്ടുണ്ട്. ഇന്ന് പുരാവസ്ഥു വകുപ്പിന് കീഴിൽ വിശ്രമത്തിലാണ് ഈ കോട്ട മുത്തശ്ശി. വളരെ നല്ല രീതിയിൽ പരിപാലിച്ചു വരുന്ന ഇതിനകത്ത് ഏതാനും ചില സർക്കാർ സ്ഥാപനങ്ങൾ മാത്രമാണിന്ന് പ്രവർത്തിച്ച് വരുന്നത്.
കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന സാമൂതിരിമാരുടെ സാമാന്തന്മാരായിരുന്നു മലബാർ പ്രദേശത്തെ ഒട്ടുമിക്കരാജാക്കന്മാരും. അവർക്കിടയിൽ സാമൂതിരി മേധാവിത്വം അംഗീകരിക്കാൻ മടിച്ച പാലക്കാട് രാജാവിനെ വരുതിയിലാക്കാനാണ് 1757ൽ സാമൂതിരി പാലക്കാട്ടെ നടുവട്ടത്തേക്ക് സെെന്യത്തെ നയിച്ചത്. ഇതിനെതിരെ പ്രതിരോധം തീർക്കാൻ പാലക്കാട് രാജാവ് സമീപിച്ചത് മെെസൂർ സുൽത്താനായിരുന്ന ഹെെദരാലിയെ ആയിരുന്നു. അവിടം മുതലാണ് ഈ കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത്. സാമൂതിരിയെ പാലക്കാട്ട് നിന്നും ആട്ടിപായിച്ചെങ്കിലും സുൽത്താൻ പാലക്കാട് രാജയെ ഒതുക്കി ഈ പ്രദേശം കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യ മഴുവൻ അധീനതയിലാക്കാനുള്ള തന്റെ സ്വപ്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
ധാരാളം മാവുകളും ആൽമരങ്ങളും തിങ്ങി നിരന്ന് പടരുന്ന നടുമുറ്റത്തിനപ്പുറം പഴയ കാലത്തെ കുറേ കെട്ടിടങ്ങൾ കാണാൻ കഴിയുന്നു. ഞായറാഴ്ച്ചയാണങ്കിൽ കൂടി തിരക്കുപിടിച്ചൊരു ഓഫീസ് ദിനം പോലെ അവിടെ കാണാൻ കഴിയുന്നു. കുറേ ആളുകൾ കൂട്ടം ചേര്‍ന്ന് സംസാരിക്കുന്നു. ചിലർ കുത്തിയിരുന്ന് എഴുത്ത് കുത്തുകളിൽ മുഴുകിയിരിക്കുന്നു. ചിലരാകട്ടെ ഏതാനും പേപ്പറുകളുമായി അങ്ങോട്ടുമിങ്ങോട്ടും പായുന്നു. ആകെക്കൂടി ഒരു ഉത്സവാന്തരീക്ഷം. ഒരു കാലത്ത് നിരനിരയായ സെെനിക പരേഡ് കൊണ്ടും, പീരങ്കിയുൾപ്പെടെയുള്ള ആയുധങ്ങളുടെ സജ്ജീകരണം കൊണ്ടും തിരക്കു പിടിച്ച ഇവിടുത്തെ ദിനങ്ങൾ ഇന്ന് പുതിയ വ്യവഹാരങ്ങൾകൊണ്ട് തിരക്കുള്ളതായി മാറ്റപ്പെട്ടിരിക്കുന്നു.
കോട്ട മുറ്റത്തെ കെട്ടിടങ്ങളത്രയും ബ്രട്ടീഷ്-കേരള വാസ്തുവിദ്യ ശെെലിയിൽ നിർമിക്കപ്പെട്ടവായാണ്. വർഷങ്ങൾകിപ്പുറവും ആ കെട്ടിടങ്ങൾ കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നത് ബ്രിട്ടീഷ്കാരുടെ അടങ്ങാത്ത കൊളോണിയൽ അഭിനിവേശത്തിൻ്റെ പ്രതിഫലനമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വെട്ടിപ്പിടിക്കുന്ന ഒരോ പ്രദേശത്തും തങ്ങളുടെ മേൽക്കോയ്മ എല്ലാ കാലത്തും നിലനിൽക്കുമെന്ന അവരുടെ വൃഥാ പ്രതീക്ഷയുടെ പുറത്താണ് കാലത്തെ അതിജീവിക്കുന്ന ഇത്തരം കെട്ടിടങ്ങളും സംവിധാനങ്ങളും അവിടങ്ങളില്‍ നിലനില്‍ക്കുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷം ഇന്ന് അവയൊക്കെയും നമ്മുടെ കൈകളിലേക്കെത്തുമ്പോൾ നമ്മൾ ചിന്തിക്കുന്നതും അതുപോലെയൊക്കെതന്നെയല്ലെ.
കോട്ടയുടെ ഓരോ കൊത്തളങ്ങൾക്കിടയിലും വിശാലമായ കൽചുമരുകളാണുള്ളത്. ഒരു കാലത്ത് നിതാന്ത ജാഗ്രതയോടെ പട്ടാളക്കർ റോന്തുചുറ്റി നടന്നിരുന്ന ഇടം. ശക്തമായ കരിങ്കൽ ചീളുകൾക്കിടയിൽ ഉറപ്പുള്ള എന്തോ മിശ്രതം പാകിയിരിക്കുന്നത് കാണാം. ഇടയില്‍ പുതിയ കാലത്തിൻ്റെ കൂട്ടിച്ചേർക്കലുകളും. കോട്ട മതിലിലേക്കുള്ള കരിങ്കൽ പടിയിലൂടെ അവിടേക്ക് കയറി ചെന്നു. അവിടെ നിന്നും നോക്കിയാൽ പാലക്കാട് നഗരത്തിൻ്റെ ഒരു വിശാല വീക്ഷണം കാണാൻ കഴിയും. താഴെ, കോട്ടയുടെ വളവിനും തിരിവിനുമനുസരിച്ച് വളച്ചും തിരിച്ചും നിർമിക്കപ്പെട്ട കിടങ്ങ്. അതിനപ്പുറം ചെറിയ കോണ്ക്രീറ്റ് പാത. പിന്നെ മനോഹരമായി ലാൻഡ്സ്കേപ്പ് ചെയ്തിരിക്കുന്ന പച്ചപ്പുൽ മെെതാനവും അതിനെ അതിരിടുന്ന കുറേ വൃക്ഷക്കൂട്ടങ്ങളും. പിന്നെയാണ് നഗരത്തിൻ്റെ കെട്ടിട വിശാലതയുള്ളത്. കോട്ട പിടിച്ചടക്കാനെന്നോണം നഗരം കോട്ടയിലേക്ക് പടരുകയാണെന്നാണ് ആ കാഴ്ച്ച കണ്ടാൽ തോന്നിപ്പോവുക.
ധാരാളം പേരുണ്ടായിരുന്നു കോട്ടമതിലിലൂടെ നടക്കുവാൻ. ചിലർ ചിത്രങ്ങളെടുക്കുന്നു. ചിലർ സംസാരിച്ച് നടക്കുന്നു. കുട്ടികൾക്ക് പ്രിയം താഴത്തെ വളഞ്ഞ് പുളഞ്ഞ് പോകുന്ന കിടങ്ങാണെന്ന് തോന്നുന്നു. സന്ദര്‍ശകരിൽ ചിലരുണ്ട്... കോട്ടയുടെ ചരിത്രത്തെ അയവർത്തുകൊണ്ട് അതിന്റെ ഒരോ ഭാഗങ്ങളും വളരെ പ്രാധാന്യത്തോടെ ക്യാമറയിൽ പകർത്തികൊണ്ടും തൊട്ടുതലോടികൊണ്ടും നടക്കുന്ന പഠനയാത്രികർ. അവരെന്നെ വല്ലാതെ സ്വാധീനിച്ചു. അനുകരിക്കാവുന്ന ഒരു യാത്ര രീതിയാണതെന്നെനിക്ക് തോന്നി.
എത്രയോ പീരങ്കിഗർജനങ്ങൾകൊണ്ട് ഒരു കാലത്ത് സജീവമായിരുന്ന കോട്ട കൊത്തളങ്ങളിലെ മതിലുകൾക്കിടയിലുള്ള വലിയ വിടവുകൾ ഇന്ന് കമ്പിവേലികൊണ്ട് മറച്ചു വച്ചിരിക്കുകയാണ്. കോട്ടയിൽ നിന്നും പുറത്തേക്കെന്നപോലെ അകത്തേക്കുള്ള കാഴ്ചയും അതി മനോഹരം തന്നെ. ഓടുമെഞ്ഞ കെട്ടിടങ്ങൾക്കും വൃക്ഷ കൂട്ടങ്ങൾക്കുമിടയിൽ ഒരു വലിയ കുളം കാണാം. തമിഴ്നാട്ടിലെ പൗരാണിക ക്ഷേത്ര നഗരങ്ങളിലേതു പോലേ കൽഭിത്തികളും കൽപ്പടവുകളുമുള്ള ഒന്ന്. മഴയുടെ അഭാവം കുളത്തിലെ വെള്ളത്തിന് ഒരു പച്ച നിറം പകർന്നിരിക്കുന്നു. ഒറ്റനോട്ടത്തില്‍ കൽപടവുകളുള്ളൊരു കുഴിയിലെ പച്ചപ്പുൽ തകിടിയാണന്നാണ് അത് കണ്ടാല്‍ തോന്നുക.
കോട്ടക്കുള്ളിലെ പഴയകാല ആയുധങ്ങൾ, ഉപകണങ്ങൾ, കോട്ടയുടെ ചരിത്രം പറഞ്ഞു തരുന്ന ചിത്ര പ്രദർശനം തുടങ്ങി ഒന്നും തന്നെ അവിടെ പ്രദർശിപ്പിച്ചതായി കാണാത്തതിനാൽ ഏറെ നേരം കോട്ടയിൽ ചിലവഴിച്ചതുകൊണ്ട് വലിയ കാര്യമുള്ളതായെനിക്ക് തോന്നിയില്ല. ടിപ്പുവിൻ്റെ പരാജയ ശേഷം ബ്രിട്ടീഷുകാരുടെ കെെകളിലെത്തിയ കോട്ടയെ അവറൊരു സെെനിക കേന്ദ്രം എന്നതിലുപരി ഒരു സർക്കാർ കാര്യാലയമായാണ് മുന്നോട്ട് കൊണ്ടുപോയത്. അതിന്റെ ഭാഗമായി 1900 കാലങ്ങളിൽ ഇതൊരു താലൂക്കോഫീസായും പരിവർത്തിപ്പിക്കപ്പെട്ടു. അതുകൊണ്ടു കൂടിയായിരിക്കാം ഒരു ചരിത്ര മന്ദിരം എന്നതിൽ മാത്രമായി ഇതിനെ ഒതുക്കി നിർത്തിയത്.
കണ്ട കാഴ്ചകൾ വീണ്ടും വീണ്ടും കണ്ടുകൊണ്ടും... നടന്ന വഴിത്താരകളിലൂടെ വീണ്ടും വീണ്ടും നടന്നു കൊണ്ടും ഏറെ നേരം ഞാനിവിടെ ചിലവഴിച്ചു. എന്തന്നില്ലാത്തൊരു ആനന്ദം അതിലൂടെ എനിക്ക് അനുഭവേദ്യമായിരുന്നു. പുസ്തകതാളുകളിലൂടെ മാത്രം വായിച്ചു കണ്ട സ്ഥലങ്ങളിലും കെട്ടിടങ്ങളിലും നേരിട്ടെത്തിയപ്പോൾ സജീവമായിരുന്ന ആ കഴിഞ്ഞ കാലത്തെ മനസ്സിലേക്കാവാഹിക്കാൻ ഞാന്‍ ശ്രമിച്ചു. 1790ൽ കെണൽ സ്റ്റുവർട്ടിന്റെ നേതൃത്വത്തിൽ ഈ കോട്ട ബ്രിട്ടീഷുകാർ പിടിച്ചടക്കുമ്പോൾ ടിപ്പുവിന്റെ ശ്രീരംഗപട്ടണം ആക്രമിക്കാനുള്ള ഒരു താവളമായാണ് അവരിതിനെ ഉപയോഗിച്ചു പോന്നത്.
ഒടുവില്‍, ഏകദേശം ഉച്ചയോടടുത്ത് ഞാൻ കോട്ടയിൽ നിന്നുമിറങ്ങി. അതിനിടയിൽ ഏറെ ഫോട്ടോകളും ഞാനെന്റെ ഫിലിം ക്യാമറയിൽ പകർത്തികൊണ്ടിരുന്നിരുന്നു.
ഒടുവില്‍, സന്ദർശനം അവസാനിപ്പിച്ച് ഞാൻ മടങ്ങാന്‍ തീരുമാനിച്ചു. നാട്ടിലേക്കുള്ള ബസ്സ് പിടിക്കാനായി കോഴിക്കോട് ബസ്സ് ലഭിക്കുന്നയിടത്തേക്ക് ഞാന്‍ നീങ്ങി. ബസ്സ് പുറപ്പെടുമ്പോൾ ഞാൻ ചിന്തിച്ചത് നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ വഴിത്താര കേരളചരിത്രത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ചാണ്. കേവലം, സാമൂതിരിയുടെ ഒരു സമാന്തനായി മാത്രം പാലക്കാട് രാജ്യം ഭരിച്ചു വന്നിരുന്ന പാലക്കാട്ടച്ചൻ്റെ സ്വാതന്ത്രാഭിനിവേശമാണ് മെെസൂർ പട കേരളത്തിലേത്താനും അവർ കേരളത്തിൽ അവരുടെ കെെയൊപ്പുകൾ ചാർത്തികൊണ്ട് മടങ്ങാനും കാരണമായത്. മെെസൂർ പടയെ പിന്തുടർന്നെത്തിയ ബ്രിട്ടീഷുകാർക്ക് മലബാർ മൊത്തമായി കൈപിടിയിലൊതുക്കുവാൻ സാധിച്ചതും ആ മെെസൂർ പടക്കെതിരില്‍ അവർ നേടിയ വിജയമാണ്. അതിനാൽ പാലക്കാട്ടു നിന്നും കോഴിക്കോട്ടേക്കുള്ള ഈ പാത കേരള ചരിത്ര നിർമിതിയിലെ അതിപ്രധനമായൊരു അദ്ധ്യയത്തിലേക്കുള്ള വാതായനമാണന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
വെെകുന്നരത്തോടെ വീടണയുമ്പോൾ സംപൃപ്തമായ ഒരു ദിവസത്തിൻ്റെ പരിസമാപ്തിയുടെ സന്തോഷത്തിലായിരുന്നു ഞാൻ.







No comments:
Post a Comment