"പലസ്തീനിലെ മുസ്ലിമീങ്ങൾ എത്ര ക്രൂരരാണല്ലേ. അവർ അവിടെയുള്ള പാവം ജൂതന്മാർക്കെതിരിൽ മതത്തിന്റെ പേരു പറഞ്ഞക്രമണം അഴിച്ചു വിടുന്നത് ദുഃഖകരമായ വാർത്ത തന്നെ"
അയാൾ സംസാരിച്ചു നിര്‍ത്തിയത് അവിടെ ആയിരുന്നു...
"അതെങ്ങനെ ശരിയാവും... ഇസ്രായേല്‍ എന്ന തെമ്മാടി കൂട്ടം അവിടെ ഭരണം പിടിച്ചടക്കുന്നത് വരേയും ആ പ്രദേശം മുസ്ലീങ്ങളുടെ കൈകളിലായിരുന്നല്ലോ... അന്ന് പോലുമില്ലാത്ത എന്ത് അസഹിഷ്‌ണുതയാണ് ഇന്നവിടെയുള്ളത്..." ഞാൻ വിഷയത്തിൽ ഇടപെട്ടു.
"മുസ്ലീങ്ങളുടെ കൈകളിലോ..."
"അതേ സുഹൃത്തേ... അനേകം നൂറ്റാണ്ടുകള്‍ തുടക്കം കുറിച്ച് ആയിരത്തി തൊള്ളായിരമാണ്ട് വരേക്കും അവരായിരുന്നു ആ പ്രദേശത്തിന്റെ സര്‍വ്വാധികാര്യക്കാർ..."
ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങളായ യേശു ജനിച്ചയിടം, വളര്‍ന്നയിടം, ഒടുവില്‍ കഴുവിലേറ്റിയ ഗോൽഗോതാ കുന്ന്, അടക്കം ചെയ്ത കല്ലറ, ഉയിര്‍ത്തെഴുന്നേറ്റ ഗുഹ മുഖം, ജൂതരുടെ വിശുദ്ധ സ്ഥലമായ സോളമന്‍ ക്ഷേത്ര മതില്‍ കെട്ടുകൾ തുടങ്ങി നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന നിരവധിയായ ദേവാലയങ്ങൾ, സെനഗോഗുകൾ, മഠങ്ങൾ വരെ ഇന്നും തലയെടുപ്പോടെ ആ രാജ്യത്ത് നിലനിന്ന് വരുന്നുണ്ട്. ഉത്തരവാദിത്വത്തോടെ അതെല്ലാം സംരക്ഷിച്ച് പരിപാലിച്ച്... അതിക്രമിച്ചാണങ്കിലും കടന്നു വന്ന കൂട്ടര്‍ക്കത് കൈമാറിയവരാണവർ... പലസ്തീന്‍ മുസ്ലീങ്ങള്‍. ആ കാലം വരേക്കും പ്രബലമായ ആ മൂന്ന് മതങ്ങളുടേയും തീര്‍ത്ഥാടകര്‍ക്ക് പലസ്തീന്‍ മണ്ണ് സ്വാഗതമരുളി. അവര്‍ക്ക് വേണ്ടുന്ന സഹായ സഹകരണങ്ങൾ നല്‍കി.
ഈജിപ്തിൽ നിന്നുള്ള യഹൂദരുടെ കൂട്ട പലായനത്തെ സൂചിപ്പിക്കുന്ന പാസ്സ് ഓവർ, സിനായി പർവതത്തിനു മുകളിലെ അരുളപ്പാടിനെ സൂചിപ്പിക്കുന്ന പെന്തക്കോസ്ത്, മരുഭൂമികളിലൂടെ അലഞ്ഞു നടന്നതിന്റെ ഓര്‍മ്മയായ കൂടാരപ്പെരുന്നാൾ തുടങ്ങി പുരാതന കാലം മുതൽ ഹാഗ് എന്നറിയപ്പെട്ടിരുന്ന യഹൂദരുടെ തീർത്ഥാടനാഘോഷങ്ങൾ ഇസ്ലാമിക് പലസ്തീന്റെ തെരുവുകള്‍ എത്ര കണ്ടിരിക്കുന്നു. പ്രായപൂർത്തിയായ എല്ലാ പുരുഷന്മാരും ഈ മൂന്ന് അവസരങ്ങളിലും ജെറുസലേമിലേക്ക് തീർത്ഥയാത്ര നടത്തണമെന്നാണ് യഹൂദ നിയമം നിഷ്കർഷിക്കുന്നത്.
അയാൾ... നിശബ്ദനായി അല്‍പ്പ നേരമെന്തോ ആലോചിച്ചിരുന്നു.
അപ്പോൾ ഞാൻ പറഞ്ഞ് വരുന്നത് തീർത്ഥ യാത്രകളെ കുറിച്ചാണ്...
ആചാരസംഹിതകൾക്ക് അനുസൃതമായി പുണ്യസ്ഥലത്തേക്ക് നടത്തുന്ന യാത്രയാണ് തീർത്ഥാടനം എന്നറിയപ്പെടുന്നത്. പുരാതനകാലം മുതൽ മിക്ക മതങ്ങളിലും തീർഥാടന സമ്പ്രദായം നിലനിന്നിരുന്നു. ഭൗതികമോ ആത്മീയമോ ആയ നേട്ടങ്ങൾ ലക്ഷ്യമാക്കിയാണ് തീർഥാടനം നടത്തുന്നത്. രോഗശാന്തി, സന്താനലബ്ധി, സമ്പദ്സമൃദ്ധി അങ്ങനെ നീളുന്നു അവരുടെ ആവശ്യങ്ങള്‍. ഉദ്ദിഷ്ട കാര്യം നടന്നതിന്റെ ഉപകാരസ്മരണയും, തീവ്രഭക്തിയും തീർഥാടനത്തിനു പ്രചോദനമേകുന്നു. മതപരമായ ഉദ്ദേശ്യങ്ങൾ സഫലമാകുന്നതിനു പുറമേ പുതിയ സ്ഥലങ്ങൾ കാണുവാനും കൂടുതൽ മനുഷ്യരെ പരിചയപ്പെടുവാനും ഇതിലൂടെ അവര്‍ക്കവസരം ലഭിക്കുന്നു.
നിരവധി ക്ളേശങ്ങൾ സഹിച്ചും ദീർഘദൂര യാത്രകള്‍ നടത്തിയുമാണ് അവർ തങ്ങളുടെ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നത്. ചില തീർഥാടന കേന്ദ്രങ്ങൾ വ്യത്യസ്ത മതക്കാർക്ക് ഒരുപോലെ പ്രധാനപ്പെട്ടവയാണ്. ഉത്തര ആഫ്രിക്കയിലെ ചില ദേവാലയങ്ങൾ ഇസ്ലാം മതവിശ്വാസികളേയും യഹൂദരേയും ഒരു പോലെ ആകർഷിക്കുന്നു. ഇന്ത്യയിലെ ഏതാനും തീർഥാടന കേന്ദ്രങ്ങൾ ബുദ്ധമത വിശ്വാസികൾക്കും ഹിന്ദുമത വിശ്വാസികൾക്കും തുല്യ പ്രാധാന്യമുള്ളവയാണ്.
അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളാണ് തീര്‍ത്ഥാടനത്തെ സംബന്ധിച്ചുള്ളത്. ഒരിക്കല്‍, ഞാനും തീര്‍ത്ഥാടനത്തിനിറങ്ങിയിട്ടുണ്ട്. മരുഭൂ പരക്കുന്ന മക്കയിലേക്ക്. ഇസ്ലാമിനെ സംബന്ധിച്ച് മൂന്നേ മൂന്ന് സ്ഥലങ്ങളിലേക്ക് മാത്രമാണ് തീര്‍ത്ഥാടനം അനുവദിച്ചിടരിക്കുന്നത്. മക്കയിലേക്ക്, മദീനയിലേക്ക് പിന്നെ, ഞാന്‍ മുകളില്‍ പറഞ്ഞ പലസ്തീനിലെ ബൈത്തുൽ മുഖദ്ദസിലേക്ക്.
ഒരിക്കലും ഉറങ്ങാത്ത... മക്കയെന്ന ആ മഹാനഗരം അന്നന്നെ വല്ലാതെ അദ്ഭുതപ്പെടുത്തിയതായി ഞാനോര്‍ക്കുന്നു. ഹറമിൽ ഹജ്ജും ഉംറയും നിർവ്വഹിക്കാൻ ലക്ഷങ്ങളാണ് ദിനംപ്രതി വന്നു പോയി കൊണ്ടിരിക്കുന്നത്. രാവും പകലുമവിടെ തിരക്കാണ്. എത്ര വാഹനങ്ങളാണ് അർധരാത്രിയിലും ആ പുണ്യഭൂമിയിലേക്ക് തീർഥാടകരുമായി ഒഴുകികൊണ്ടിരിക്കുന്നത്. എന്നിട്ടും അതിന്റേതായൊരു തിക്കോ തിരക്കോ ഒച്ചപ്പാടോ അവിടെ അനുഭവപ്പെടുന്നില്ല. ഹറമിലേക്ക് ഒരുകൂട്ടം ആകാംക്ഷാപൂർവം കയറി ചെല്ലുമ്പോൾ... മറ്റൊരു കൂട്ടം ആത്മനിർവൃതിയോടെ അവിടെ നിന്നും മടങ്ങുന്നു.
ആരാണ് ഇവരെയൊക്കെ നിയന്ത്രിക്കുന്നത്...?
സർവശക്തനായ ഈശ്വരൻ മാത്രമറിയുന്ന പരമ മഹാരഹസ്യം. തീര്‍ത്ഥാടകർക്കായി മെച്ചപ്പെട്ട പശ്ചാത്തല സൗകര്യം ഒരുക്കുന്നതിൽ സൗദി സർക്കാർ എപ്പോഴും മുൻപന്തിയിലാണ്. അതിനാല്‍ തന്നെ, അവിടെ എത്തുന്ന ഓരോ മനുഷ്യനും ഹജ്ജോ ഉംറയോ നിർവ്വഹിക്കാൻ സാധിച്ചില്ലെന്ന് പരാതിപ്പെടാറില്ല. എത്ര തിരക്കുണ്ടായാലും എല്ലാ കർമ്മങ്ങളും നിര്‍വ്വഹിക്കാനവർക്ക് കഴിയുന്നു. കാരണം അവർ ദൈവത്തിന്റെ അതിഥികളാണ്. അതിഥികളെ ഏറ്റവും മുന്തിയ നിലയില്‍ സ്വീകരിക്കേണ്ടത് ആതിഥേയരുടെ ഉത്തരവാദിത്തവും.
ഒരിക്കല്‍ ഒരു സംഭവമുണ്ടായി. നടക്കുന്നത് അങ്ങ് അമേരിക്കയിലാണ്. കഅബക്ക് ചുറ്റിലും പ്രദക്ഷിണ കര്‍മ്മം നിര്‍വ്വഹിക്കുന്ന പത്ത് ലക്ഷത്തോളം വരുന്ന ജനസഞ്ചയത്തിന്റെ ഉപഗ്രഹചിത്രം കാണിച്ച് ഒരു അമേരിക്കൻ പട്ടാള കമാൻഡറോട് ഒരാൾ ചോദിച്ചുവത്രേ...
"ഹജ്ജിന് സമ്മേളിച്ച ഈ മനുഷ്യരൊക്കെ നിങ്ങളുടെ പട്ടാളക്കാരാണെന്ന് കരുതുക... എങ്കിൽ, ഇവരെ വരിയൊത്ത് നിർത്താൻ എത്രസമയം നിങ്ങള്‍ക്ക് വേണ്ടിവരും...?"
"ദിവസങ്ങൾ വേണ്ടിവരും..."
ആ പട്ടാളക്കാരന്റെ സംശയലേശമന്യേ മറുപടി നല്‍കി.
എന്നാൽ, ഹറമിലൊരു ബാങ്ക് മുഴങ്ങിയപ്പോഴേക്കും എതാനും നിമിഷ നേരങ്ങൾ കൊണ്ട് ആ മനുഷ്യർ നമസ്കാരത്തിനായി വരിയൊത്ത് നിന്ന കാഴ്ച്ച കണ്ടപ്പോൾ ആ കമാൻഡർ അദ്ഭുതപ്പെട്ടുപോയന്നാണ് കഥ. നമസ്കാരവേളയിലൊഴിച്ച് ജനങ്ങൾ ഇരുപത്തി നാല് മണിക്കൂറും വലംവെച്ചുകൊണ്ടിരിക്കുന്ന ഈ കഅ്ബാലയം ഒരു ലോകാദ്ഭുതം തന്നെയാണെന്ന് എങ്ങനെ പറയാതിരിക്കാന്‍ കഴിയും.
അന്നാ ദിനം വളരെ യാദൃശ്ചികമായാണ് മക്കയുടെ പ്രാന്ത പ്രദേശങ്ങളിലേക്ക് പോകാൻ എനിക്കൊരു അവസരം കൈവരുന്നത്. ആദ്യം ജബലുനൂർ മലനിരകള്‍ക്കു സമീപമാണ് ഞാനെത്തിയത്. അവിടെയാണ് പ്രശസ്തമായ ഹിറ ഗുഹയുള്ളത്. മക്കയിൽ നിന്നും കുറവില്ലാത്ത ദൂരമുണ്ടവിടേക്ക്. കുത്തനെയുള്ള ജബലുനൂർ മല കയറ്റത്തിന് രണ്ട് മണിക്കൂറെങ്കിലും സമയമെടുക്കും. നേരെ നടക്കുകയാണങ്കിൽ പോലും കടുത്ത ക്ഷീണമനുഭവപ്പെടുന്ന ആ സാഹചര്യത്തിൽ, കുത്തനെയുള്ള കയറ്റമാകുമ്പോൾ എന്താകും സ്ഥിതിയെന്ന് ഞാന്‍ വെറുതെ ചിന്തിച്ചു. മലയുടെ മാറിടത്തിൽ വെള്ളനൂലരഞ്ഞാണം പോൽ ആളുകൾ വളഞ്ഞു പുളഞ്ഞ് പോകുന്നത് കാണാം. അവർ മലമുകളിലെ ഹിറാ ഗുഹ കാണാനായാണാ പോകുന്നത്. തീര്‍ത്ഥാടകര്‍ക്ക് മലകയറ്റം പരമാവധി ആയാസരഹിതമാക്കാൻ മലം പാതയിൽ സൗകര്യപ്രദമായ രീതിയില്‍ കരിങ്കൽ പടികളും ഇടക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുമൊക്കെ കാണാം. ആ മലകയറ്റ കാഴ്ച്ച അത്ഭുതത്തോടെ ഞാൻ നോക്കി നിൽക്കുമ്പോൾ എനിക്കോര്‍മ്മ വരുന്നത് റസൂൽ ജീവിച്ച ആ കാലത്തെ കുറിച്ചാണ്. കുത്തനെയുള്ള ഈ കഠിനമായ മല കേറാന്‍ അവിടുന്ന് എത്ര ആയാസപ്പെട്ടിരിക്കും. അന്നദ്ദേഹം മലക്ക് മുകളിലെ ഗുഹക്കകത്ത് ധ്യാനനിരോധനായിരിക്കുമ്പോള്‍ അവിടത്തേക്കുള്ള ഭക്ഷണവും വെള്ളവുമായി പോയിരുന്നത് പ്രിയ പത്നി ഖദീജയായിരുന്നു. ശത്രുക്കളുടെ കണ്ണില്‍ പെടാതിരിക്കാൻ അവർ ഭക്ഷണ സാധനങ്ങളോടൊപ്പം ആട്ടിൻ കൂട്ടത്തേയുമന്ന് തെളിച്ച് കൊണ്ട് പോയിരുന്നെന്ന് ചരിത്രത്തിൽ കാണാൻ കഴിയും. ഒരു ഇടയത്തിപെണ്ണിന്റെ ആടുമേക്കലായി മാത്രമാ ഉദ്യമത്തെ തോന്നിപ്പിക്കാനായിരുന്നു അവരങ്ങനെ ചെയ്തിരുന്നത്.
ഇന്നത്തെ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് എത്ര കഷ്ടപ്പെട്ടായിരിക്കാം ആ മനുഷ്യരീ മല കയറിയിരുന്നതെന്നോർത്തപ്പോൾ അവരോട് വല്ലാത്ത ആദരവ് തോന്നുന്നു.
അവിടെ നിന്നും ഞങ്ങൾ നേരെ അറഫയിലേക്കാണ് പോയത്. വഴി മധ്യേ ഹറം പള്ളിയിലെ ഇമാമുരുടെ വീട് കണ്ടു. ഗംഭീരമായ കാഴ്ച്ച. വിശാലമായ പുൽമൈതാനത്തിന്റെ അങ്ങേതലക്കൽ വെള്ളകൊട്ടാരം പോലെ കുറെ വീടുകൾ. അഴുക്ക് പുരണ്ട ബസ്സിന്റെ ചില്ലിലൂടെ അത് കാണുമ്പോൾ അവയുടെ സൗന്ദര്യം പൂര്‍ണ്ണതയിലെനിക്ക് ആസ്വദിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
അറഫയില്‍ ഞങ്ങളാദ്യം സന്ദര്‍ശിച്ചത് ജബലുറഹ്മയാണ്. ഹജ്ജത്തുൽ വദാഅ പ്രഭാഷണത്തിന്നായി റസൂല്‍ കയറി നിന്ന കുന്നാണത്. അവിടെ വച്ചാണ് തിരുമേനി വിശ്വാസികളോടായി തന്റെ അവസാന പൊതു പ്രഭാഷണം നടത്തിയത്. വിടവാങ്ങല്‍ പ്രഭാഷണമെന്ന പേരില്‍ പ്രസിദ്ധമാണതിലെ ഓരോ വരികളും. അന്നത് കേള്‍ക്കാന്‍ അദ്ദേഹത്തിന്റെ അനേകം അനുയായികള്‍ അവിടെ തടിച്ച് കൂടിയിരുന്നു. തന്റെ പ്രഭാഷണത്തിനൊടുക്കം അവരോടായി തിരുമേനി പറഞ്ഞു.
"എന്റെ സന്ദേശം കേട്ടവർ കേട്ടവരത് കേള്‍ക്കാത്തവർക്ക് എത്തിച്ചു നല്‍കുക"
അതിലാവേശം കൊണ്ട അവരിലെ അനേകം ആളുകൾ തങ്ങളുടെ കുതിരകള്‍ എങ്ങോട്ടാണോ തിരിഞ്ഞ് നിന്നത് അവിടേക്ക് ഇസ്ലാമിക സന്ദേശവുമായി കുതിച്ചു നീങ്ങി എന്നാണ് ചരിത്രം. അതിനാല്‍ തന്നെ, അന്നവിടെ സമ്മേളിച്ച മിക്ക അനുയായികളുടേയും ഖബറുകള്‍ അറേബ്യക്ക് പുറത്തെ നാടുകളിലായിരുന്നു എന്നുള്ളത് യാദൃശ്ചികമാകാൻ വഴിയില്ല. ആ മഹാപ്രഭാഷണത്തിന്റെ സ്മാരകമായി അവിടെയൊരു വെള്ളചായം പൂശിയ കൽകെട്ട് കാണാം. അതിന് മുകളില്‍ കത്തുന്ന സൂര്യനും... കൊടും ഉഷ്ണവും.
പതിനഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നബി തങ്ങളുടെ ശബ്ദലയൊലികള്‍ പരന്നൊഴുകിയ ആകാശ കീറാണത്. ഒരുപക്ഷേ, ഇപ്പോഴും ആ ശബ്ദവീചികള്‍ ഇവിടെ എവിടെയെങ്കിലും തങ്ങി നില്‍പ്പുണ്ടായിരിക്കും... ഇവിടെ അടിക്കുന്ന ഇളം കാറ്റിലതൊക്കെയും പാറി പരന്ന് നടക്കുന്നുണ്ടായിരിക്കുമോ. അതിനെ കുറിച്ചോര്‍ത്തപ്പോൾ എന്റെ മനസ്സിലേക്ക് കടന്ന് വരുന്നത് മറ്റൊരു കാര്യമാണ്.
അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ വീരോതിഹാസം രചിച്ച എബ്രഹാം ലിങ്കൺ ഒരു വലിയ പ്രഭാഷകനായിരുന്നല്ലോ... അദ്ദേഹത്തിന്റെ പ്രഭാഷണം അന്തരീക്ഷത്തിൽ നിന്നുമെടുക്കാൻ ഏതൊക്കെയോ ശാസ്‌ത്രജ്ഞര്‍ പണ്ടൊരിക്കല്‍ ശ്രമിച്ചിരുന്നുവത്രെ. അതിനായി അന്നദ്ദേഹം പ്രസംഗിച്ച വീഥികള്‍, മൈതാനങ്ങൾ, സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെയും പ്രത്യേകം യന്ത്രം ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തി. ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും നിഗമനങ്ങൾക്കുമൊടുവിൽ അവരതിൽ വിജയിച്ചോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും, അതുപോലെയുള്ള പരീക്ഷണങ്ങൾ ഇവിടെയും സാധ്യമാകുമോ എന്നാണ് എന്റെ ചിന്തയത്രയും.
അവിടെ നിന്നും നേരെ മുസ്തലിഫയിലേക്കാണ് ഞങ്ങൾ നീങ്ങിയത്. അവിടെ ഹജ്ജ് വേളയില്‍ മാത്രം പ്രവർത്തന സജ്ജമാകുന്ന വിശാലമായ റെയിൽവേ ഞങ്ങൾ കണ്ടു. തൂണുകളിൽ നാട്ടപ്പെട്ട ആ പാളങ്ങളിൽ മെട്രോ ട്രെയിനുകൾ അലസമായി വിശ്രമിക്കുന്നു. ഹജ്ജ് കാലത്ത് ഹാജിമാരെ ഹറമില്‍ നിന്നും അറഫയിലെത്തിക്കുക എന്ന ഒരൊറ്റ ദൗത്യം മാത്രമാണവക്ക് ചെയ്യുനുള്ളത്. ബാക്കി ദിവസങ്ങളില്‍ ഇവിടെതാ... ഈ വെറുതെയിരിപ്പ് മാത്രമാണ് അവയുടെ പ്രധാന 'ജോലി'.
തുടർന്ന്, അറഫാ മൈതാനം ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. അവിടെ വിശ്വപ്രസിദ്ധനായ അറബ് ഭരണാധികാരി ഹാറൂണ്‍ റഷീദ് പണിത വെള്ളകനാല്‍ കാണാം. കൂടാതെ, മുസ്ത്വലിഫ പള്ളി, നമീറ പള്ളി എന്നിവയും. ശപിക്കപ്പെട്ട ചെകുത്താന്റെ പ്രതീകമായ ജംറയിൽ എറിയുവിനുള്ള കല്ലെടുക്കാനുള്ള മൈതാനത്തിന്റ വിശാലതയും അത്ഭുദപ്പെടുത്തുന്നത് തന്നെ. ശീതീകരിക്കപ്പെട്ട അഞ്ചുനില ജംറ സമുച്ചയം പൂർണസജ്ജമായതോടെ കൂടുതൽ പ്രയാസങ്ങളോ അത്യാഹിതങ്ങളോ ഇല്ലാതെ സുഗമമായി ജംറകളിൽ കല്ലെറിയാൻ ഹാജിമാർക്ക് കഴിയുന്നുണ്ട്. ഹജ്ജ് വേളയിൽ മിനയിലെ ജംറകളിൽ കല്ലെറിയുന്ന തീർഥാടകർക്ക് ചൂടിനാശ്വാസം പകരാൻ നൂതന എയർകണ്ടീഷനിങ് സംവിധാനവും അവിടെ ഒരുക്കിവച്ചിട്ടുണ്ട്. മരുഭൂമികളിൽ ഉപയോഗിക്കുന്നതരത്തിലുള്ള ഒരുതരം എയർകണ്ടീഷനിങ് സംവിധാനമാണത്. ഇതുമൂലം ജംറയുടെ ഏറ്റവും മുകളിലെ ഓപൺ ടെറസിലും പുറത്ത് മൈതാനത്തും ചൂടിന്റെ അളവ് ഇരുപത്തി നാല് സെൽഷ്യസ് വരെയായി കുറക്കാനാവുന്നു.
ജംറക്കപ്പുറം നിരനിരയായി നില്‍ക്കുന്ന ടെന്റുകളുടെ കാഴ്ച്ച ഏവരെയും അത്ഭുദപ്പെടുത്തുന്നതാണ്. വിശാലമായ പാടത്ത് വെള്ള വര്‍ണ്ണത്തിലുള്ള എന്തോ കൃഷി വരിവരിയായി നട്ടുപിടിപ്പിച്ചത് മാതിരിയാണതിന്റെ കാഴ്ച്ച. മുകൾ കൂര്‍ത്ത എന്തോ ഒരുതരം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിർമ്മിച്ചവയാണത്. ഹജ്ജ് സമയങ്ങളില്‍ മാത്രം സജീവമാകുന്നയിടങ്ങൾ. ഒരു ടെന്റില്‍ ഏകദേശം ഇരുപതോളം പേർക്ക് സകല സൗകര്യങ്ങളോടേയുമവിടെ താമസിക്കാന്‍ കഴിയുന്നു. എസി, കിടപ്പ് സംവിധാനങ്ങള്‍ തുടങ്ങി ഭക്ഷണ സാധനങ്ങള്‍ വരെ അതിനകത്തവര്‍ക്ക് ലഭ്യമാകുന്നു. ഏതാനും വർഷങ്ങളായി സൗദി ഭരണകൂടം മക്കയിൽ നടപ്പിലാക്കി വരുന്ന നവീകരണ പദ്ധതികളുടെ ഫലമായി ഹജ്ജ് വേളയിൽ അറഫ ഉള്‍പ്പെടെയുള്ള ഈ പ്രദേശങ്ങളിലൊന്നും വലിയ തിക്കും തിരക്കും അനുഭവപ്പെടുന്നില്ല എന്നുള്ളത് ആശ്വാസകരമായ കാര്യമാണ്. കാരണം, നേരത്തെ ഹറമിന്റെ കാര്യം പറഞ്ഞത് പോലെ ലക്ഷക്കണക്കിനാളുകൾ ഇവിടെയും അന്നേ ദിവസങ്ങളില്‍ വന്നു പോവുന്നുണ്ടല്ലോ...
അറഫ മൈതാനം ഇന്നൊരു തിരക്കൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണുള്ളത്. ഞാനവിടുത്തെ ആ തിരക്കിന്റെ നാളുകളെക്കുറിച്ച് വെറുതെ ചിന്തിച്ചു. എത്രയോ വർഷങ്ങളായി തുടരുന്ന തിരക്ക്... എത്രയോ ആളുകൾ കടന്ന് പോയ വഴിത്താരകള്‍. അവരിൽ പലരും പിന്നീട് അമ്മയുടെ തിരുവയറൊഴിഞ്ഞതുമാതിരി പരിശുദ്ധരായി നാടണഞ്ഞിരിക്കുന്നു... അവർ അവരവരുടെ നാടുകളില്‍ എത്രയെത്രയോ നല്ല മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു... ചരിത്രം രചിച്ചിരിക്കുന്നു. അതിന്റെ പ്രകാശം സംവത്സരങ്ങളീ ഭൂമിയില്‍ അണയാതെ നില്‍ക്കുമായിരിക്കും.
എന്റെ ചിന്തകൾ അവസാനിക്കുന്നേയില്ല...
ഞങ്ങൾ യാത്ര വീണ്ടും തുടർന്നു. അടുത്ത കാഴ്ച്ച എന്തായിരിക്കുമെന്ന ആവേശത്തിലങ്ങനെ ഇരിക്കുമ്പോള്‍ പരിചിതമായ വഴിത്താരകളിലൂടെ അവന്റെ വാഹനം കുതിക്കുന്നത് ഞാൻ കണ്ടു. കാഴ്ചകള്‍ ഏതാണ്ട് അവസാനിച്ചിരിക്കുന്നു. റൂമിലെത്തി അൽപ്പനേരം വിശ്രമിച്ച ശേഷം വീണ്ടും ഞാന്‍ ഹറമിലേക്ക് നടന്നു... ഹറം ലക്ഷങ്ങളെ പുണര്‍ന്ന് നിറഞ്ഞൊഴുകുകയാണ്. നിറയെ മനുഷ്യര്‍... മനുഷ്യ കടൽ... പലപ്പോഴുമെന്നെ വിശ്രമിക്കാന്‍ അനുവദിക്കാതെ, ഉറങ്ങാൻ അനുവദിക്കാതെ, രുചിയുടെയൊരു ഭക്ഷണം പോലും കഴിക്കാനനുവദിക്കാതെ നിരന്തരം അസ്വസ്ഥമാക്കുന്നൊരു വികാരമാണ് ഹറം. അവിടെ എത്തിച്ചേരുക, ത്വവാഫ് ചെയ്യുക, നമസ്കരിക്കുക, പിന്നെ ഒരു കപ്പ് തണുത്ത സംസം കുടിച്ചാ മുസല്ലയിൽ മലര്‍ന്നു കിടന്നോരോന്ന് ചിന്തിക്കുക എന്ന മിനിമം പരിപാടിയില്‍ ഒതുക്കപ്പെട്ടിരിക്കുന്നു മക്കയിലെ എന്റെ ദൈനംദിന കാര്യപരിപാടികൾ...




No comments:
Post a Comment