Sunday, 13 November 2022

പാതയുടെ മക്കള്‍

തൂതപ്പാലം
തൂതപ്പുഴ ആകര്‍ഷകമാണ്. ഒഴുകി നീങ്ങുന്ന തെളിഞ്ഞ ചില്ലു പ്രതലത്തിൽ നിറയെ ഹരിത വര്‍ണ്ണങ്ങൾ കൊണ്ട്‌ അലങ്കരിച്ചതു മാതിരി സുന്ദരം. അതിനൊത്ത നടുവില്‍ ചരിത്രം നിർമ്മിച്ച തൂതപ്പാലം കാണാം. കരിങ്കല്ലുകൊണ്ട് പണിത് വച്ചിരിക്കുന്ന മനോഹരമായൊരു നിര്‍മ്മിതിയാണത്. ആദ്യകാലങ്ങളിൽ പാലാട്ട് ബ്രിഡ്ജ് എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. അതോ... ഇപ്പോഴും അങ്ങനെ തന്നെയാണോ...? അറിയില്ല. എന്നിരുന്നാലും, പണ്ട്‌ മണ്ണാത്തിമാർ അവരുടെ ഭാണ്ഡകെട്ടുകളുമായി വന്ന് അധ്വാനം സമർപ്പിച്ചിരുന്നൊരു പാറയായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അവിടെയാണ് ശ്രീ രാമുണ്ണി മേനോൻ പാലാട്ട് മദിരാശി ലെജിസ്ലേറ്ററിൽ മന്ത്രിയായിരിക്കെ 1937ൽ പാലം പണിയുന്നത്. അതിനാലാണ് മേല്‍ പാലം, പാലാട്ട് ബ്രിഡ്ജ് എന്ന് നാമകരണം ചെയ്യുകയുണ്ടായതെന്ന് ചുരുക്കം. പിന്നീട്, അക്കാലത്തെ മദിരാശി ഗവർണറായിരുന്ന ലോർഡ് എർസ്‌കിൻ ഈ പാലത്തിന്റെ മഹനീയ ഉദ്‌ഘാടന കര്‍മ്മവും നിര്‍വ്വഹിച്ചു.

ഞാനാ ചരിത്രം ചിന്തിച്ചു കൊണ്ട്‌ അല്‍പ്പനേരമവിടെ ചിലവഴിച്ചു. അനേകം തൂണുകളിലായി ഉയർന്നു നില്‍ക്കുന്ന തൂത പാലത്തിന് കീഴെ രൂക്ഷമായ മൂത്ര ഗന്ധമാണ്. കളകൂജനവുമായി ഒഴുകി നീങ്ങുന്ന ഈ നദിയുടെ സ്വാഭാവികതയെ അത് കവര്‍ന്നെടുക്കുന്നുണ്ടന്ന് തോന്നിപ്പോകുന്നു. തൂത എന്ന ഈ പ്രദേശത്ത് മാത്രമാണ്‌ തൂതപ്പുഴ എന്നപേരില്‍ ഈ നദി അറിയപ്പെടുന്നത്. യാഥാര്‍ത്ഥത്തിൽ, കുന്തിപ്പുഴ എന്നാണിതിന്റെ പേര്‌ എന്ന് ഞാന്‍ ഗൂഗിൾ മാപ്പിൽ കണ്ടിരുന്നു. വെള്ളത്തിൽ മുങ്ങി പ്രൗഢമായി കുളിക്കുന്നവർക്ക് ശല്യമുണ്ടാക്കാതെ പുഴയുടേയും വശങ്ങളിലെ ഹരിത ഭംഗികളുടെ ഏതാനും ഫോട്ടോകൾ ഞാൻ ക്യാമറയിലാക്കി.

എന്റെ ജീവിതവുമായി അഭേദ്യമായ ബന്ധം കാത്തുസൂക്ഷിക്കുന്നൊരു നീണ്ട പാതയാണ് തൂതപ്പാലത്തിന് ഇരുവശത്തുമുള്ളതെന്ന് സ്വാഭാവികമായും ചിന്തിക്കാം. ഞങ്ങളുടെ ജീവിതമാകുന്ന ശരീരത്തിലെ ഒരു പ്രധാന നാഡിയാകുന്നു ഈ പാലമെന്ന് ചുരുക്കം. ശരീരത്തിൽ നിന്നും തലച്ചോറിലേക്ക് നീളുന്ന എന്തെങ്കിലും സുപ്രധാനമായൊരു നാഡിയെപ്പോലെ... അല്ലെങ്കിൽ, മറ്റെന്തോ ഒന്ന്.

ഈ വഴി സഞ്ചരിക്കുമ്പോളൊക്കെയും നൂറ് വർഷങ്ങൾ മുമ്പത്തെ ആ ചരിത്രം ഞാൻ ഓര്‍മ്മിക്കാറുണ്ട്. ഒന്നോ രണ്ടോ വയസ്സ് പ്രായമായ തന്റെ മകനെ നെഞ്ചോട് ചേര്‍ത്തൊരു യുവതി നടന്നു നീങ്ങിയ വഴിത്താരകളാണിത്. പുറകില്‍ കത്തി ജ്വലിക്കുന്ന 1921 എന്ന വിപ്ലവ തീക്കനല്‍. എന്റെ ഉപ്പയുടെ ഉമ്മുമ്മയായിരുന്നു അവർ. കൊടുവായിക്കൽ പുത്തൻ പുരക്കല്‍ പാത്തുട്ടി. മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ ഒടുവിലത്തെ ചിത്രങ്ങളിൽ മുഖം വരാതെ പോയ അനേകരിലൊരാൾ. അവർ കാലൂന്നി നിന്നിരുന്നത് മലബാര്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ എതിർ ചേരിയിലാണെങ്കിലും അവരും ചരിത്രത്തിന്റെ ഭാഗം തന്നെയാണല്ലോ...

ഒരു ഭാണ്ഡ കേട്ടന്നപോലെ അവർ തന്റെ മകനെ നെഞ്ചോട് ചേര്‍ത്ത് വെച്ച് ചെർ‌പ്പുളശ്ശേരിയില്‍ നിന്നും തൂത വഴി പെരിന്തല്‍മണ്ണയിലൂടെ പട്ടിക്കാട് ചുങ്കത്തേക്ക് ഒളിച്ചും പാത്തും ക്ലേശങ്ങൾ സഹിച്ച് നടന്ന് വന്നിരുന്ന ആ കഥ ചെറുപ്പത്തില്‍ കുറേ ഞാന്‍ കേട്ടിട്ടുണ്ട്. ഒരുപക്ഷേ, ആലിക്കല്‍ ഹംസ എന്ന ആ മകനിലൂടെ വളര്‍ന്ന് പന്തലിച്ച ആ കുടുംബത്തിലേക്ക് നീളുന്ന വേരുകളായിരുന്നു നീണ്ടു നീണ്ടു പോകുന്ന ഈ വഴിത്താര എന്ന് പറയുന്നതിൽ തെറ്റില്ല. കാലവും സാഹചര്യവും അന്നാ വേരുകളെ സംരക്ഷിച്ച് പരിഭോഷിപ്പിച്ചില്ലായിരുന്നെങ്കിൽ വേരറ്റ് തളര്‍ന്ന്‌ പോയ... കാലത്തിന്റെ കണക്ക് പുസ്തകത്തിലൊരു സാന്നിധ്യവും അടയാളപ്പെടുതാത്തവരായ കുറേ ശൂന്യന്മാരായിരുന്നേനെ ഞങ്ങൾ.

ആലിക്കല്‍ ഹംസ ഹാജി
ഞാൻ ഗൂഗിൾ മാപ്പ് തുറന്ന് 'ചെർ‌പ്പുളശ്ശേരി ടു ചുങ്കം' എന്ന് പരതി. ഒരു വാഹനത്തിന്റെ സുഖ ശീതളിമയിലാണങ്കിൽ ഒന്നര മണിക്കൂറുകൾ... കാൽനടയാണങ്കിലോ, നീണ്ട പതിനൊന്ന് മണിക്കൂറുകൾ. ദൈവമേ... ഞാനാ പതിനൊന്ന് മണിക്കൂറുകളെ കുറിച്ച് ചിന്തിച്ചു. ആ പതിനൊന്ന് മണിക്കൂറുകൾ അന്ന് വിജയകരമായി പര്യവസാനിച്ചിരുന്നില്ല എങ്കിലോ...? എന്റെ പിതാവോ ഞാനോ എന്റെ മക്കളോ ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നോ...? ഈ ലോകത്തിൽ ഞാൻ, ഞങ്ങൾ എന്ന വാക്കുകൾക്ക് എന്തെങ്കിലുമൊരു പ്രസക്തി ഉണ്ടാകുമായിരുന്നോ...? എല്ലാം ദൈവ നിശ്ചയം. അതിനാൽ, അവരന്നനുഷ്ഠിച്ച ആ ത്യാഗത്തിന്റെ ഫലമാണ്‌ ഈ എഴുതി കൊണ്ടിരിക്കുന്ന ഞാനുള്‍പ്പെടെയുള്ള അബാലവ്രന്തങ്ങളെന്ന് തീര്‍ച്ച. കരുണാമനനായ ദൈവം പാത്തുമ്മ കുട്ടിയോട് കരുണ ചെയ്യട്ടെ. അവരുടെ മരണാന്ദര ജീവിതം സുഖപ്രധാമാക്കി നല്‍കട്ടെ... അമീന്‍.

കോവിലക ദേശം' എന്ന പേരില്‍ ഞാനെന്റെ ബ്ലോഗില്‍ എഴുതി ചേര്‍ത്തിരിക്കുന്ന മണ്ണാര്‍മല കോവിലകം ചരിത്രത്തെ സംബന്ധിച്ച എന്റെ യാത്ര വിവരണത്തില്‍ അപൂര്‍ണ്ണമായ ചിലയിടങ്ങളുണ്ട്. ലേഖനത്തിന്റെ തുടർന്നുള്ള മുന്നോട് പോക്കിനതൊരു വിഘാതമായി നില്‍ക്കുന്നു എന്നതിനാല്‍, അതെന്നെ അസ്വസ്ഥമാക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. പുകഞ്ഞ് കൊണ്ടിരിക്കുന്ന നിരന്തര അസ്വസ്ഥതകളാണല്ലോ ചരിത്ര പഠനം. എന്തു കൊണ്ട്‌... എന്നൊരൊറ്റ ചോദ്യത്തിൽ നിന്നും അനേകം ഉത്തരളും ചോദ്യങ്ങളും ഉടലെടുക്കുന്നൊരു മഹാപ്രക്രിയ. കോവിലകത്തിന് സമീപം താമസിച്ച് വരുന്ന, അപ്പുക്കുട്ടന്‍ തമ്പുരാനുമായി അഭേദ്യമായ ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ഡോ അരുണിന്റെ പിതാവുമായി അത് സംബന്ധിയായി ഒരു ചർച്ചയിൽ ഞാൻ ഏര്‍പ്പെട്ടിരരന്നുവെങ്കിലും അദ്ദേഹത്തിന്റെ മാധുല പുത്രനായ മോഹൻ മാസ്റ്റർ വഴിയാണ്‌ തൂത സ്കൂളില്‍ ഹയർ സെക്കണ്ടറി അധ്യാപികയായി സേവനമനുഷ്ഠിച്ച് വരുന്ന നിലവില്‍ ചെർ‌പ്പുളശ്ശേരിയിൽ താമസിക്കുന്ന ശ്രീ അപ്പുക്കുട്ടന്‍ തമ്പുരാൻ മകള്‍ മീര തമ്പാട്ടിയെ കുറിച്ച് ഞാനറിയുന്നത് (സാമൂതിരി കോവിലകത്തെ ഉള്‍പ്പടെയുള്ള ചില കോവിലകങ്ങളിലെ സ്ത്രീ ജനങ്ങൾ തമ്പുരാട്ടി എന്നതിന്‌ പകരം തമ്പാട്ടി എന്നിണ് അറിയപ്പെടുന്നത് എന്ന് സാന്ദര്‍ഭികമായി മനസ്സിലാക്കുക).

തൂത നഗരത്തിലെത്തുന്നതിന് അല്‍പ്പം മുമ്പേ കുത്തനെയുള്ള ഒരു കയറ്റം കയറി വലത്തോട്ട് തിരിഞ്ഞാൽ മലയുടെ പള്ളയില്‍ നിന്നും താഴേക്ക് ചെങ്കുത്തായി പണിത് വച്ചിരിക്കുന്ന ആ സ്കൂൾ ക്യാമ്പസ് കാണാം. നിര്‍ഭാഗ്യവശാല്‍ ടീച്ചർ ഉച്ചവരെ അവധിയാണെന്നറിഞ്ഞു. അങ്ങനെയാണ് പെട്ടന്നവരെ ഫോൺ വിളിക്കുന്നതും ഉച്ചക്ക് മുമ്പ്‌ അല്‍പ്പ സമയമനുവദിക്കാം എന്ന ഉറപ്പോടെ ചെർ‌പ്പുളശ്ശേരിയിലേക്കുള്ള യാത്രയില്‍ ഞാൻ ഏര്‍പ്പെടുകയും ചെയ്യുന്നത്. ചെർ‌പ്പുളശ്ശേരിയില്‍ എനിക്ക് മറ്റു ചില ലക്ഷ്യങ്ങൾ കൂടിയുണ്ടായിരുന്നു. സ്വതന്ത്രസമര പോരാളിയായ ശ്രീമാൻ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ജന്മഗൃഹമായ മോയികുന്നത്ത് മന കാണുക എന്നതും, 1921 മലബാര്‍ സമര കാലത്ത്‌ കൊല്ലപ്പെട്ട എന്റെ പിതാമഹ പിതാവായ ഹെഡ് കോണ്‍സ്റ്റബിള്‍ ആലിക്കല്‍ മൊയ്തീന്‍ സാഹിബിനെ കുറിച്ച് ചില വിവരങ്ങൾ അന്വേഷിച്ചറിയുക എന്നുള്ളതുമായിരുന്നു ആ ലക്ഷ്യങ്ങള്‍.

മീര തമ്പാട്ടിയുമായി നടത്തിയ സംസാരത്തിനിടക്ക് തന്റെ വീട് മോയിക്കുന്നത്ത് മനയുടെ തൊട്ട് സമീപം തന്നെയാണന്ന് പറയുകയുണ്ടായത് എനിക്ക് കൂടുതൽ ആവേശം നല്‍കി.

മലബാര്‍ സമര ചരിത്രത്തിലെ സുപ്രധാനമായൊരധ്യായമാണ് 1921 ആഗസ്റ്റ് മാസം ഇരുപതാം തിയ്യതി തിരൂരങ്ങാടി ഹുജൂർ കച്ചേരിയിലുണ്ടായ വെടിവെപ്പും അതിനെ തുടർന്ന് വാരിയംകുന്നന്റെ രംഗപ്രവേശനവും മറ്റുമൊക്കെ. സമര പ്രവര്‍ത്തനങ്ങളുടെ അന്നുവരെയുണ്ടായിരുന്ന രീതിയിൽ നിന്നും മാറി പുതിയൊരു രൂപത്തിലേക്കുള്ള സമരത്തിന്റെ പരിവര്‍ത്തന ഘട്ടമായി ചരിത്രത്തിൽ ആ ദിവസം അടയാളപ്പെട്ടു കിടക്കുന്നു. ആ ദിവസം ഞങ്ങളെ സംബന്ധിച്ചും സുപ്രധാനമാണ്. ഞങ്ങളുടെ ജീവിത്തിന്റെ വിധി നിര്‍ണ്ണയ രാവായിരുന്നു 1921 ആഗസ്റ്റ് പത്തൊമ്പതാം തിയ്യതി എന്ന് ചുരുക്കം. അന്നേ ദിവസത്തിന് ഏതാനും ദിനങ്ങൾക്ക് മുമ്പ് ജനിച്ച് വീണ എന്റെ പിതാമഹൻ ആലിക്കല്‍ ഹംസ സാഹിബ് മുതൽ... ഞാനിത് എഴുതി കൊണ്ടിരിക്കുന്ന വേളയില്‍ കുടുംബത്തിലെ ഏറ്റവും ഇളയവനായ എന്റെ പുത്രന്‍ ആലിക്കല്‍ ഹനൂൻ വരെയുള്ള മനുഷ്യരുടെ ജീവിതം മാറ്റി മറിച്ച ദിവസം. 

തിരൂരങ്ങാടി കച്ചേരി
1843ൽ ചേറൂരിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് രക്തസാക്ഷികളായവരുടെ ഖബറിടങ്ങൾ തിരൂരങ്ങാടി ഹജൂർ കച്ചേരി വളപ്പിലുണ്ടായിരുന്നു. അവിടെ പ്രാർഥന നടത്തുന്നത് ബ്രിട്ടീഷുകാർ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. ആലി മുസ്ല്യാർ, കളത്തിങ്ങൽ മുഹമ്മദ് മുസ്ല്യാർ, എം പി നാരായണ മേനോൻ എന്നിവരുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാൻ കലക്ടർ ഉത്തരവിട്ടു. ഇരുപതിന്‌ തിരൂരങ്ങാടിയിലെത്തിയ സൈന്യം ഖിലാഫത്തോഫീസ് തകർത്ത് ഏതാനും പേരെ അറസ്റ്റ് ചെയത് കൊണ്ടുപോയി. തിരൂരങ്ങാടി വലിയ പള്ളിക്ക് പട്ടാളം വെടിവച്ചെന്ന വാർത്ത പരന്നതോടെ കുഞ്ഞിക്കാദറിന്റെ നേതൃത്വത്തിൽ താനൂരിൽ നിന്നും ഒരു കൂറ്റൻ ജാഥ തിരൂരങ്ങാടി കേന്ദ്രീകരിച്ച് നീങ്ങുന്നതറിഞ്ഞ സൂപ്രണ്ട് ആമു, കരിപറമ്പിനും പന്തീരങ്ങാടിക്കുമിടയിൽ അവരെ തടഞ്ഞ് വെടി വെച്ചു. ഒമ്പതുപേരാണ് അവിടെ മരിച്ചു വീണത്. അതോടെ തിരൂരങ്ങാടിയിൽ കൂടിയിരുന്നവർ ആലി മുസ്ല്യാരുടെ നേതൃത്വത്തിൽ ഹജൂർ കച്ചേരിയിലേക്ക് നീങ്ങാൻ തീരുമാനിച്ചു.

1921 ആഗസ്റ്റ് മാസം ഇരുപതാം തിയ്യതി പകല്‍. സ്ഥലം, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തിരൂരങ്ങാടിയിലെ ആസ്ഥാനമായ കച്ചേരിയുടെ മുന്‍വശം. കാരണ രഹിതമായി അറസ്റ്റ് ചെയത് കൊണ്ടുപോയ തങ്ങളുടെ സഹപ്രവര്‍ത്തകരെ വിട്ടുതരണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ആലി മുസ്ലിയാരും സംഗവും അവിടെ കാത്തിരിപ്പ് തുടരുകയാണ്. തിരൂരങ്ങാടി കേന്ദ്രീകരിച്ച് നടക്കുന്ന സമര പ്രവര്‍ത്തനങ്ങൾ അടിച്ചമർത്താൻ കലക്ടർ ഇ എഫ് തോമസ്, ക്യാപ്റ്റൻ മൈക്കിൾ റോയ്, പൊലീസ് മേധാവി ഹിച്ച്കോക്ക്, സൂപ്രണ്ട് പി ആമു എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട്ടുനിന്ന് പട്ടാളം തിരൂരങ്ങാടിയിലെത്തിയിട്ടുണ്ട്. ആയുധധാരികളായ അവർ കച്ചേരിക്കു വെളിയില്‍ കാവല്‍ നില്‍ക്കുന്നു. ആ നിരയുടെ മുന്നില്‍ ഡിവൈഎസ്‌പി റൗളി, സെക്കൻഡ് ലഫ്റ്റനന്റ് ജോൺസൺ തുടങ്ങിയവർ സമരക്കാരെ അനുനയിപ്പിച്ച് തിരിച്ചയക്കാൻ ഉദ്ദേശിച്ചുകൊണ്ട് അവരുമായി സംസാരിക്കുന്നുണ്ട്. അവര്‍ക്കിടയിൽ ദ്വിഭാഷിയായി ഒരു മനുഷ്യനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

നാല് പെണ്‍മക്കള്‍ക്ക് ശേഷം പുതുതായി തനിക്ക് പിറന്ന കൺമണിയെ കണ്ട് മതിവരാതെ കലങ്ങി മറിയുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രേരണയാൽ ജോലിയിൽ ഹാജരാകേണ്ടി വന്ന തിരൂരങ്ങാടി ഹെഡ് കോണ്‍സ്റ്റബിള്‍ ആലിക്കല്‍ മൊയ്തീന്‍ സാഹിബ്.

ഒരുപക്ഷേ, അക്ഷമയോടെ ആയിരുന്നിരിക്കണം അദ്ദേഹം ആലി മുസ്ലിയാര്‍ക്കും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർക്കുമിടയിൽ കാര്യങ്ങൾ വിശദീകരിച്ച് നല്‍കിയിരുന്നതെന്ന് ഉറപ്പാണ്. മക്കളെ പിരിഞ്ഞതിനാലുള്ള നിരന്തര സംഘർഷങ്ങളെ ഹൃദയത്തിനുള്ളിൽ അടച്ചുവെച്ച് ഇതെഴുതി കൊണ്ടിരിക്കുന്ന എന്നിലൂടെ... അദ്ദേഹമന്നനുഭവിച്ചിരുന്ന ആ വേദനയുടെ ആഴം ഞാൻ മനസ്സിലാകുന്നു.

ഇടയില്‍ പെട്ടെന്നായിരുന്നു ഒരു ശബ്ദം. കച്ചേരിക്കുള്ളിൽ വിശ്രമിക്കുകയായിരുന്ന കലക്ടർ ഇ എഫ് തോമസ് പുറത്തെ ജനക്കൂട്ടത്തെ കണ്ട് പേടിച്ചിട്ടോ എന്തോ... സൈനിക വിന്യാസത്തിനും ജനങ്ങൾക്കുമിടയിൽ തങ്ങളുടെ സഹപ്രവര്‍ത്തകരുണ്ടെന്ന് പോലും ഓര്‍ക്കാതെ ഒറ്റ അലര്‍ച്ച...

ഫയർ...

ഞങ്ങളുടെ തലവിധി മാറ്റിമറിച്ച ശബ്ദം. ജനിച്ചു ജീവിച്ച് മരിച്ചു മണ്ണാകേണ്ടിയിരുന്ന ഭൂമിയില്‍ നിന്നും മറ്റൊരിടത്തേക്ക് ഞങ്ങളെ ആട്ടിയകറ്റിയ കാഹള ധ്വനി. അന്നേ വരെ തീര്‍ത്തും അപ്രസക്തനായിരുന്ന വാരിയംകുന്നൻ കുഞ്ഞഹമ്മദാജിയെ മലബാര്‍ സമര രണാങ്കണത്തിലേക്ക് എടുത്തുയർത്തിയ ശബ്ദം... അനേകം പോരാട്ടങ്ങള്‍, യുദ്ധങ്ങള്‍, ചതികൾ... മലബാര്‍ പോരാട്ടത്തിന്റെ അഗ്നി നാളങ്ങളിൽ വെന്തമർന്ന മാപ്പിള മക്കളുടെ ദീനരോദനങ്ങൾ...

കച്ചേരിക്ക് മുന്നിലെ ബ്രിട്ടീഷ് കല്ലറ
ഫയർ...

പട്ടാളം വെടിവെപ്പ് തുടങ്ങി. കിട്ടിയ ആയുധങ്ങളുമായി സമരക്കാരും. ആലി മുസ്ലിയാരെ സഹപ്രവര്‍ത്തകര്‍ സംരക്ഷിച്ചു പുറത്ത്‌ കടത്തി. സൈന്യം വെടിവെപ്പ് തുടരുകയാണ്. സമരക്കാര്‍ പ്രത്യാക്രമണവും. ഒടുക്കം, പോരാട്ടമെല്ലാം അവസാനിച്ച് രംഗം ശാന്തമായപ്പോൾ ഡിവൈഎസ്‌പി റൗളി, സെക്കൻഡ് ലഫ്റ്റനന്റ് ജോൺസൺ തുടങ്ങി ഇരുപക്ഷത്തു നിന്നുമായി ആകെ ഇരുപതോളം പേരവിടെ മരിച്ചു വീണു. കച്ചേരിക്കു മുന്നിലെ പീടിക മുറിയുടെ വരാന്തയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീന്‍ സാഹിബിന്റെ ചേതനയറ്റ ശരീരവും കണ്ടെടുത്തു.

ഈ മനുഷ്യനെ കുറിച്ച് ഇതിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്നുള്ളത് എന്നെ നിരന്തരം അലട്ടി കൊണ്ടിരിക്കുന്ന കാര്യമാണ്. അതിനാൽ, അദ്ദേഹം ജനിച്ച് വളര്‍ന്ന ചെർ‌പ്പുളശ്ശേരി പ്രദേശത്തെ പഴയ സ്കൂൾ രേഖകള്‍, പ്രാദേശിക ചരിത്രകാരന്മാരുടെ രചനകൾ എന്നിവ കണ്ടെത്തി പരിശോധന നടത്തൽ കൂടി എന്റെ യാത്ര ലക്ഷ്യമാണന്നാണ് ഞാൻ പറഞ്ഞ്‌ വന്നത്.

1922 കാലത്ത് ബ്രിട്ടീഷുകാർ പണിത ചെർ‌പ്പുളശ്ശേരി ഹയർ സെക്കന്‍ഡറി സ്കൂളിന്റെ കളിസ്ഥലത്തിനൊരു സമാന്തരമായി നീണ്ടു പോകുന്ന പാതയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞാലാണ് മനയിലെത്തി ചേരാന്‍ സാധിക്കുക. സ്കൂൾ വളപ്പിനുള്ളില്‍ ആ പാതക്ക് സമാന്തരമായി നിരനിരയായി വെച്ച് പിടിപ്പിച്ചിരിക്കുന്ന ആൽ മരങ്ങളുടെ ഭയാനകവും മനോഹരവുമായ കാഴ്ച്ചയിൽ അല്‍പ്പ നേരം മതിമറന്ന ശേഷം ഞാൻ മന അന്വേഷിച്ചിറങ്ങി. പലരോടും ചോദിച്ചു. മീര തമ്പാട്ടിയുമായി ഫോണിൽ ബന്ധപ്പെട്ട് വഴിയടയാളങ്ങൾ ചോദിച്ചു. മോയികുന്നത്ത് മനയുടെ മൂന്ന്‌ വശങ്ങളിലായി സ്ഥിതിചെയ്യുന്ന കവാടങ്ങളിലൊന്നിന്റെ സമീപത്താണ് വെണ്‍മാടം എന്ന ആ വീട് സ്ഥിതിചെയ്യുന്നത്. പക്ഷേ, കാലാന്തരത്തില്‍ മനക്ക് ചുറ്റിലുമായി ഉയർന്ന് വന്നിരിക്കുന്ന പുതിയ ആവാസ വ്യവസ്ഥ മനയെ പൂര്‍ണ്ണമായും മറച്ചിരിക്കുന്നതിനാൽ മനയെ ചൂണ്ടി കാണിക്കുന്ന ഇടത്തൊന്നും മന കാണുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ്, മനയുടെ ഓരോ കവാടങ്ങൾക്ക് മുന്നിലും ഞാന്‍ ചെന്ന് ഇവിടെ എവിടെയെങ്കിലും വേൺമാടം കാണുന്നുണ്ടോ എന്ന് അന്വേഷിക്കാൻ ഞാൻ തീരുമാനിക്കുന്നത്. ദേവീ ഗൃഹം, ഉഷാലയം, മഠം, ദേവി വിലാസം, കരുണാലയം, മോഹാലയം, ചിന്താമയം... അങ്ങനെ നീളുന്നു ഗൃഹ നാമങ്ങള്‍.

ധാരാളം മരങ്ങൾ ഇല പൊഴിച്ച് നില്‍ക്കുന്ന അധികം വിശാലമല്ലാത്ത പാതകളണവിടെ അധികവും. തലങ്ങും വിലങ്ങും വഴികള്‍. ഓരോ വഴികളും ചെർ‌പ്പുളശ്ശേരിയുടെ ശരീരത്തിൽ ചേരുന്ന ഓരോ ചില്ലകളായിരുന്നിരിക്കാം. പാലക്കാടൻ ഗ്രാമങ്ങളുടെ സവിശേഷതയായ പുഞ്ചവയൽ പടങ്ങളിലേക്ക് ചേരുന്ന പാതകളും അതിൽ ഞാൻ കണ്ടു. എന്റെ അന്വേഷണം വഴി മുട്ടി നിന്ന ഇടങ്ങളാണതൊക്കെ. മുന്നില്‍ വിശാലമായ പാടം. പിന്നിലാണങ്കിലോ ഞാൻ കടന്ന് വന്ന വഴി. ഇവിടെ എവിടെയാണ് വെൺമാടം...?ഞാന്‍ തലയില്‍ കൈ വെച്ച് നിന്നുപോയ സ്ഥലങ്ങള്‍.

ഞാൻ ആലിക്കല്‍ മൊയ്തീന്‍ സാഹിബിനെ കുറിച്ച് ചിന്തിച്ചു. ഒരുപക്ഷേ, അദ്ദേഹം നടന്ന് നീങ്ങിയ വഴികളായിരുന്നിരിക്കണം ഇതൊക്കെ. ചെറുപ്പ കാലത്ത്‌... ശൈശവ കാലത്ത്‌... സ്കൂൾ പഠന കാലത്ത്‌. അങ്ങനെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടം അദ്ദേഹം ഈ വഴിയിലൂടെ കടന്ന് പോയിരിക്കുമെന്നുറപ്പാണ്. മോയികുന്നത്ത് മനയുടെ ചുറ്റിലുമുള്ള വിശാലമായൊരു പറമ്പായിരുന്നിരിക്കണം ഒരു കാലത്തീ റോഡും ഇരുവശത്തുമുള്ള ഈ വീടുകൾ നില്‍ക്കുന്ന ഭാഗങ്ങളും മറ്റും. ഒരുപക്ഷേ, ആളുകള്‍ക്ക് നടന്ന് നീങ്ങാൻ ഒരു വെട്ടുവഴി അന്നേ അവിടെ ഉണ്ടായിരുന്നിരിക്കണം. ആ വഴിയായിരുന്നിരിക്കാം കാലക്രമത്തില്‍ ഒരു റോഡായി പരിണമിച്ചത്. അവിടെ മന അല്‍പ്പം താഴെയായി ഒരു കുഴിയിലെന്നോണമാണ്‌ നില്‍ക്കുന്നത്. അതുകൊണ്ട്‌ കൂടിയാണ്‌ മനയുടെ രൂപം പെട്ടന്ന് കാണാൻ കഴിയാതെ വന്നതും, പഴയ മട്ടിലുള്ളൊരു നാലു കേട്ടിന്റെ കാഴ്ചക്കായി ഞാൻ കുറെ അലയുകയും ചെയ്തത്.

മോയികുന്നത്ത് മന
മനയുടെ പിറകു വശം വിശാലമായൊരു പാട ശേഖരത്തിലേക്കാണ് തുറക്കുന്നത്. ഇടതു വശം ഭൂമിക്ക് സമാന്തരമായും. ബാക്കിയുള്ള വശങ്ങളാണ് അല്‍പ്പം ഉയരത്തിൽ മല പോലെ സ്ഥിതിചെയ്യുന്നത്. അതിലൂടെ മനുഷ്യരും മറ്റു ജന്തുക്കളും സഞ്ചാരിക്കുന്നു. ഞാൻ പറഞ്ഞല്ലോ... കുഞ്ഞു മൊയ്തീനും അതിലൂടെ സഞ്ചരിച്ച് കാണണം. പിന്നീട്, ബ്രിട്ടീഷ് പൊലീസില്‍ മാപ്പിള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടന്നറിഞ്ഞ സന്തോഷധായകമായ ദിവസങ്ങളിലും, ജോലിക്കായുള്ള കാത്തിരിപ്പ് കാലത്തെ വിരസത അകറ്റാനും അദ്ദേഹമീ വഴി തിരഞ്ഞെടുത്തിരിക്കുമെന്ന് ഉറപ്പാണ്. തിരൂരങ്ങാടി കച്ചേരിയില്‍ ഹെഡ് കോണ്‍സ്റ്റബിളായി സേവനം അനുഷ്ഠിച്ചിരുന്ന കാലം നാട്ടില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത് മൊയ്തീൻ സര്‍ക്കിള്‍ എന്ന പേരിലായിരുന്നു. ഒരുപക്ഷേ, അക്കാലത്ത് പോലീസിൽ സേവനം ചെയത് വന്നിരുന്ന എല്ലാവരേയും നാട്ടുകാർ ഏമാൻ, സര്‍ക്കിള്‍, സായിപ്പ് എന്നൊക്കെ തന്നെയായിരുന്നു വിശേഷിപ്പിച്ചിരുന്നത് എന്ന് സ്വാഭാവികമായും അനുമാനിക്കാം. പോലീസിനുള്ളിലെ ഔദ്യോഗിക സ്ഥാനമാനങ്ങളെ കുറിച്ച് അവര്‍ക്കെന്തറിയാൻ. അതിനാൽ തന്നെ മൊയ്തീന്‍ സര്‍ക്കിളിന്റെ ചെർ‌പ്പുളശ്ശേരി സന്ദര്‍ശനങ്ങളെ എപ്രകാരമായിരുന്നിരിക്കാം ഈ നാട് എതിരേറ്റിരുന്നതെന്ന് ഞാൻ വെറുതെ ചിന്തിച്ചു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സേവകനെന്ന നിലയില്‍ വളരെ അത്ഭുദത്തോടെയും ബഹുമാനത്തോടെയും ആയിരിക്കുമോ അദ്ദേഹത്തെ അവർ കണ്ടിരിക്കുക...? അതോ, പിറന്ന നാടിനെ ഏതാനും ചില്ലി കാശിനു വേണ്ടി ഒറ്റികൊടുത്ത വഞ്ചകനായോ... അറിയില്ല. എല്ലാം അന്വേഷിക്കണം... നിരന്തര അന്വേഷണങ്ങളാണല്ലോ ചരിത്ര പഠനം. ചരിത്രകാരന്‍ ഒന്നും നിർമ്മിക്കുന്നില്ല. ഉള്ളതിനെ കണ്ടെത്തുന്നു എന്ന് മാത്രം. ഒരു രസതന്ത്ര ശാസ്‌ത്രജ്ഞനെപ്പോലെ... ഭൂമിയില്‍ നിലവിലുള്ള മൂലകങ്ങള്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ കുഴിച്ച് മാന്തി കണ്ടത്തിയെടുത്ത് അതിനെ വേണ്ട രീതിയില്‍ ക്രമീകരിക്കുന്ന ഏര്‍പ്പാടാണല്ലോ അവരും ചെയ്ത് വരുന്നത്.

ഞാൻ അവിടെ കണ്ട പുരാതന മരങ്ങൾ ശ്രദ്ധിച്ചു. ഇലച്ചാർത്തുക്കളുടെ സമ്മേളനങ്ങളായ പരുക്കന്‍ ആൽമരങ്ങൾ. വർഷങ്ങളെടുത്ത് ആകാശത്തേക്ക് നീണ്ടു നീണ്ടു പോയ ഞാവൽ മരങ്ങളെപ്പോലുള്ള മറ്റ് ചിലവയും. ഉറപ്പായും എന്റെ രണ്ട് തലമുറ അപ്പുറമുള്ളവർക്ക് തണൽ നല്‍കിയ മരങ്ങളായിരിക്കാം ഇതൊക്കെ എന്നുറപ്പാണ്. ഒടുവിലിതാ... എന്റെ മുന്നിലുമതാ അവർ തലയെടുപ്പോടെ ഗംഭീരമായി അങ്ങനെ നില്‍ക്കുന്നു.

അല്‍പ്പ നേരത്തെ അലച്ചിലിനൊടുവിൽ വെൺമാടം ഞാൻ കണ്ടെത്തുക തന്നെ ചെയതു. പെട്ടന്ന് കണ്ണിന് പിടികൊടുക്കാത്ത രീതിയില്‍ റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലായാണത് സ്ഥിതിചെയ്യുന്നത്. അതിനാലാണ് പെട്ടന്നത് കണ്ടത്താന്‍ കഴിയാതെ വന്നത്. മുറ്റത്തേക്കെത്തുമ്പോഴെ വരാന്തയിൽ അക്ഷമയോടെ എന്നെ കാത്തിരിക്കുന്ന തമ്പാട്ടിയുടെ ഭർത്താവ് മുറ്റത്തേക്കിറങ്ങി വന്നെന്നെ സ്വാഗതം ചെയ്തു. വെളുത്ത് മെലിഞ്ഞൊരു സുമുഖൻ. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ സേവനം അനുഷ്ഠിച്ച് വരുന്ന അദ്ദേഹം പുലാപ്പെറ്റ കുതിരവട്ടം സ്വരൂപം തമ്പാൻ കുടുംബാംഗമാണ്. എന്റെ മാതാവിന്റെ പിതാമഹ പിതാവ് കുറേ കാലം കുതിരവട്ടം കോവിലകത്തിലെ ജീവനക്കാരനായിരുന്നു എന്ന വിവരം ഞാനദ്ദേഹവുമായി പങ്കുവെച്ചപ്പോൾ അദ്ദേഹം അത്ഭുദം കൂറി. (ആ ചരിത്രം ഉൾപ്പെടുത്തി കൊണ്ട്‌ മരക്കാര്‍ എന്നൊരു കഥ ഞാന്‍ മുന്നേ ബ്ലോഗ്ഗിലെഴുതി ചേര്‍ത്തിട്ടുണ്ട്).

ഇടക്ക് തമ്പാട്ടി സദസ്സിലേക്ക് കയറി വന്നു. വെളുത്ത് തുടുത്ത ആഢ്യത്വം നിഴലിക്കുന്ന മുഖം. മുഖത്ത് സദാ ഒരു ദുഃഖമയം നിഴലിക്കുന്നതായെനിക്ക് തോന്നി. ഒരുപക്ഷേ, എന്റെ തോന്നലായിരിക്കാം. അപ്പുക്കുട്ടന്‍ തമ്പുരാന്റേയും ഭാര്യ അനുജത്തി തമ്പാട്ടിയുടേയും വിവാഹ സമയത്തെടുത്തൊരു ചിത്രം ഞാന്‍ മേലെ സൂചിപ്പിച്ച രാഘവ വാരിയരുടെ കൈവശം ഒരിക്കല്‍ കാണുകയുണ്ടായിട്ടുണ്ട്. മനോഹരമായൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. ആ ചിത്രത്തിലെ അനുജത്തി തമ്പാട്ടിയുടെ അതേ മുഖമാണ് അവരുടെ ചെറിയ മകളായ മീരക്ക് ലഭിച്ചിരിക്കുന്നത് എന്നെനിക്ക് തോന്നി. ഒരുപക്ഷേ, കോഴിക്കോട് സ്ഥിരതാമസക്കാരിയായ അവരുടെ മൂത്ത മകള്‍ ഗംഗ തമ്പാട്ടി അച്ഛന്‍ അപ്പുക്കുട്ടന്റെ ഛായയിലുമാകാം ഉണ്ടായിരിക്കുക. എന്നിരുന്നാലും, ഗംഗയുടെ മകന്‍ അച്ഛനെ പോലെ നീണ്ടു മെലിഞ്ഞ് പൊക്കമുള്ള ഒരാളാണന്ന് സംസാരമദ്ധ്യേ അവർ പറയുകയുണ്ടായത് ഞാനിപ്പോൾ ഓര്‍ക്കുന്നു.

അപ്പുക്കുട്ടന്‍ തമ്പുരാനും ഭാര്യയും
മഞ്ചേരി കോവിലകത്തെ അഞ്ചാം തിരുമുൽപ്പാടിന്റെ അസാന്നിദ്ധ്യത്തില്‍ ആ സ്ഥാനത്തേക്ക് നിയമിതനായ മണ്ണാര്‍മല കോവിലകത്ത് ശ്രീ അപ്പുക്കുട്ടന്‍ തമ്പുരാൻ മകള്‍ സാമൂതിരി കോവിലകത്ത് ശ്രീമതി മീരാ തമ്പാട്ടിയാണ് എന്റെ മുന്നില്‍ ജീവനോടെ ഈ നില്‍ക്കുന്നതെന്നോർത്തപ്പോൾ എനിക്ക് അത്ഭുദം തോന്നി. ഞാനപ്പോഴോർത്തത് നിരന്തരമായ പരിശ്രമങ്ങള്‍ നല്‍കുന്ന വിസ്‌മയജനകമായ ഫലങ്ങളെ കുറിച്ചാണ്. അന്നൊരിക്കല്‍ മണ്ണാര്‍മല കോവിലകം ആദ്യമായി സന്ദര്‍ശിച്ച വേളയില്‍ ഒരു നടക്കാത്ത സ്വപ്നം പോലെ മനസ്സിലുദിച്ചു പൊങ്ങി അമർന്നൊരു വികാരമാണ് എന്റെ മുന്നിലിന്നീ നില്‍ക്കുന്നത്. ആ നാല് കെട്ടിന്റെ മേല്‍ക്കൂരക്ക് കീഴില്‍ ജീവിച്ചു വന്ന ഏതെങ്കിലും ഒരു മനുഷ്യനോട് സജീവമായിരുന്ന അതിന്റെ നല്ല കാലത്തെ കുറിച്ചുള്ള വിവരങ്ങളന്വേഷിക്കാന്‍ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. കോവിലകത്തിന് സമീപം താമസിക്കുന്നവർ, പ്രാദേശിക ചരിത്രകാരന്മാർ, കോവിലകവുമായി ബന്ധപ്പെട്ട വിവിധ തൊഴിലുകളിൽ ഏര്‍പ്പെട്ടിരുന്നവർ തുടങ്ങി അനേകരെ മേലവശ്യം മുന്‍നിര്‍ത്തി ഇതിനോടകം ഞാൻ ബന്ധപെട്ടിരുന്നു. ചിലര്‍ രോഗ കിടക്കയിൽ നിന്ന്‌ പോലും എനിക്കായി ചരിത്രം അനുസ്മരിച്ചത് അവരോടുള്ള അകമഴിഞ്ഞ നന്ദിയോടെ ഞാനിപ്പോൾ ഓര്‍ക്കുകയാണ്. കൂടാതെ... പുസ്തകങ്ങൾ, ആനുകാലികങ്ങൾ, പ്രബന്ധങ്ങൾ തുടങ്ങിയവയിലൂടെയൊക്കെ നടത്തിയ സുദീര്‍ഘമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇവരുടെ മുന്നില്‍ ഞാനീ എത്തി നില്‍ക്കുന്നത്. നിരന്തര പരിശ്രമങ്ങള്‍ വിജയിക്കാനുള്ളത് തന്നെ എന്ന് അതെന്നെ പഠിപ്പിക്കുന്നു.

സര്‍വ്വ ശക്തനായ ദൈവത്തിന് നന്ദി...

എവിടെയൊക്കെയേ അപൂര്‍ണ്ണമായി കിടക്കുന്ന മണ്ണാര്‍മല കോവിലക ചരിത്രത്തിലേക്കുള്ള വാതായനമാണ് ശ്രീമതി മീര ടീച്ചറെന്ന് പറയാതിരിക്കാന്‍ കഴിയില്ല. സ്വീകരണ മുറി സജീവമായി. കേരള ചരിത്രത്തിന്റെ ഇന്നലെകളുടെ അനുസ്മരണ വേദിയായി അത് മാറി. ഒരു യുഗത്തിന്റെ വർത്തമാനവുമായി പുതിയ കാലത്തേക്ക് പ്രതീക്ഷയോടെ ഉറ്റു നോക്കി കൊണ്ടിരിക്കയാണ് അവർ. കോഴിക്കോട് സാമൂതിരി കോവിലകത്ത് നിന്നും വിവാഹം കഴിച്ച അപ്പുക്കുട്ടനെന്ന മഞ്ചേരി കോവിലകം തിരുമുല്‍പ്പാടിന് രണ്ട് പെണ്‍മക്കളാണുള്ളത്. മരുമക്കത്തായ സമ്പ്രദായം പിന്തുടരുന്ന അവർ അച്ഛന്റെ തറവാടായ മഞ്ചേരിമായല്ല, മറിച്ച് അമ്മയുടെ വീടായ കോഴിക്കോട് സാമൂതിരി കോവിലകവുമായാണ് ചേര്‍ത്ത് വിളിക്കപ്പെടുന്നത്. അഥവ അമ്മയുടെ സഹോദരന്മാരുടേയും അച്ഛന്റേയും സംരക്ഷണയിലാണവർ വളർന്നു വന്നതെന്ന്‌ സാരം. അതിനാൽ തന്നെ സാമൂതിരിയിൽ നിന്നാണ്‌ ഞങ്ങൾ സംസാരം തുടങ്ങിയത്‌. സാമൂതിരി കോവിലകം, സാമൂതിരിക്ക് വള്ളുവനാടുമായുള്ള ബന്ധങ്ങൾ, യുദ്ധങ്ങളും രമ്യതകളും തുടങ്ങി, വള്ളുവക്കനും മണ്ണാര്‍മലയുമായുള്ള ബന്ധം, മണ്ണാർമലയും മഞ്ചേരിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ തുടങ്ങിയവയിലൂടെ ചര്‍ച്ച നീണ്ടുപോയി. ഞങ്ങളുടെ നാട് ഭരിച്ച ആ കുടുംബത്തിലെ ആരെയെങ്കിലും എന്നെങ്കിലുമൊരിക്കൽ കാണാൻ കിട്ടുകയാണങ്കിൽ തീര്‍ച്ചയായും ചോദിക്കാൻ വേണ്ടി ഞാന്‍ കരുതി വച്ചിരുന്ന ചോദ്യങ്ങളുടെ കെട്ട് ഞാനവര്‍ക്ക് മുന്നില്‍ തുറന്നുവെച്ചു. കോവിലകത്തിനുള്ളിൽ ജീവിച്ചിരുന്ന ആ നല്ല കാലത്തെ കുറിച്ച് അവർ വല്ലാതെ വാചാലമായി. ഒരുപക്ഷേ, അക്കാലത്തെ അമ്മയുടേയും അച്ഛന്റേയും സാന്നിധ്യം കൂടി ആ നല്ലോർമ്മകളെ സ്വാധീനിച്ചിരിക്കുമെന്നെനിക്ക് തോന്നി. ഒരു മനുഷ്യന്റെ ഏറ്റവും നല്ല കാലം അവരുടെ മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന കാലമാണെന്ന തത്വമാണ് ഞാനപ്പോൾ ഓര്‍ത്തത്.

മണ്ണാർമല കോവിലകം
ഇടക്ക് ഒരു കപ്പ് ചായ എത്തി. സ്വതവേ ചായ എനിക്ക് സ്വയം പാകം ചെയ്ത് കഴിക്കാനാണെനിക്കിശ്ടം. പാകത്തിനുള്ള പാല്, ചായപ്പൊടി, മധുരം തുടങ്ങിയവയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നത് എനിക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ, എന്റെ സ്വന്തം ചായ പോലെ, അതെ രുചിയും. അതേ കടുപ്പവുമുള്ള ഒന്നായതെനിക്ക് തോന്നി. സാമൂതിരി കോവിലകത്ത് നിന്നുള്ള ചായ.

വിസ്മയകരമായ അറിവുകൾ, ആവേശകരമായ കഥകൾ, കൗതുകം തോന്നുന്ന വര്‍ത്തമാനങ്ങൾ. പറയുന്നതൊന്നും നഷ്ടപ്പെടാത്ത രീതിയില്‍ എഴുതി എടുക്കാൻ ഞാൻ വല്ലാതെ കഷ്ടപ്പെട്ടു. ചിലത് കേൾക്കുമ്പോൾ ഞാനെന്റെ കയ്യിലുള്ള പേനയും പുസ്തകവും വിസ്മരിച്ചതിൽ വല്ലാതെ ലയിക്കും. പിന്നീട്, ഇടക്ക് കിട്ടുന്ന അധികം ദൈർഘ്യമില്ലാത്ത നിശബ്ദതയിലാണ് ഞാനത് ഏതാനും സൂചന വാചകങ്ങളിൽ എഴുതിയെടുക്കുക. കഴിഞ്ഞ കാല സവർണ്ണതയുടെ ഭാഗമായി നിന്നിരുന്നവർ ഉപയോഗിച്ച് വരുന്ന ഒരു പ്രത്യേക രീതിയിലാണ് അവരിരുവരും സംസാരിച്ചു വരുന്നത്. ശുദ്ധമായ മലയാളം ഭാഷ എന്നതിനെ വിശേഷിപ്പിക്കാവോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, മധുര മനോഹര സ്വരത്തിൽ അല്‍പ്പം വ്യത്യസ്തമായ ശൈലിയിലുള്ള ആ വർത്തമാനങ്ങൾ ചുമ്മാ കേട്ടിരിക്കണോ അതോ എന്റെ ആവശ്യത്തിലേക്കായി എഴുതി എടുക്കണോ എന്ന് ഞാന്‍ വല്ലാതെ ശങ്കിച്ചു നിന്നതായി ഞാനോർക്കുന്നു. രണ്ടും ആവശ്യമാണ് താനും.

മഞ്ചേരി കോവിലകത്തെ ഏതോ പത്തായപ്പുര കെട്ടിൽ കല്യാണമേതും കഴിക്കാതെ തനിച്ച് ജീവിച്ച് വരുന്ന ബാലേട്ടൻ എന്ന തമ്പുരാനെ കുറിച്ച് സംസാരമദ്ധ്യേ അവർ സൂചിപ്പിച്ചു. 

"മൂപ്പര്‍ക്ക് പല നിലക്കും താങ്കളെ സഹായിക്കാൻ സാധിക്കുമായിരിക്കും. ഒരു രസികനാണ്‌ കക്ഷി. മഞ്ചേരി കോലോത്തെ ഒരു വലിയ കെട്ടിൽ ഒന്നിനും പിടികൊടുക്കാതെ തനിച്ച് ജീവിച്ചു വരാണ് മൂപ്പര്..." 

ഞാൻ തീര്‍ച്ചയായും അദ്ദേഹത്തെ കാണുമെന്നുറപ്പ് നല്‍കി. ഒടുക്കം, യാത്ര പറഞ്ഞിറങ്ങാൻ തീരുമാനിച്ചു.

"മൂപ്പരെ കിട്ടോ ആവോ ട്ടോ കുട്ട്യേ... എപ്പഴും യാത്രയിലാ. ഒന്നും വിളിച്ചാ പോലും കിട്ടില്ല്യ..." പടിയിറങ്ങുമ്പോളൊരു പുത്രവാത്സല്യം കണക്കേ അവർ പിന്നില്‍ നിന്നും  പറയുന്നുണ്ടായിരുന്നു.

"മ്... നോക്കാം..."

ഞാനെന്റെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അവര്‍ക്കിരുവർക്കും നേര്‍ന്നുകൊണ്ട് അവിടെ നിന്നും മോയികുന്നത്ത് മനയിലേക്ക് തിരിച്ചു.

വെൺമാടത്തിന് നേരെ എതിർ വശത്ത് ലേശം ഇടതു മാറി അല്‍പ്പം ഉള്ളിലായാണ് മന സ്ഥിതിചെയ്യുന്നത്. ഞാൻ പറഞ്ഞല്ലോ ഒരു കുഴിയിലെന്ന പോലെ മനയുടെ മുകൾ ഭാഗം മാത്രമാണ്‌ കാഴ്ച്ചയിൽ. അവിടെ ഓടുമേഞ്ഞ മേല്‍ക്കൂരയും അതിന്‌ മുകളിലെ മാളികപ്പുരയും കാണുന്നു. മനയിലേക്ക് പോകുന്ന വഴിയില്‍ അനേകം മരങ്ങൾ, ചെടികള്‍ എന്നിവ വളരുന്നുണ്ട്. ഒരു പഴയകാല പറമ്പായിരുന്നിരിക്കാം അത്. അവിടെ ഒരു ആധുനിക രീതിയിലുള്ള വീട് സ്ഥിതിചെയ്യുന്നു. വീട്ടുമുറ്റത്ത് നിറയെ ചെടികള്‍, അതിനിടക്കൊരു കോണ്‍ക്രീറ്റ്‌ ഇരിപ്പിടവും പക്ഷികളില്ലാത്ത പക്ഷി കൂടും. ചുമരില്‍ തൂങ്ങിയാടുന്ന ഹിന്ദു ദേവീ ദേവന്മാരുടെ ചിത്രങ്ങൾ. നേരെ മനയിലേക്ക് കയറി പോകുന്നതിന് മുന്നേ അവിടെ ഒന്ന് കയറി കാര്യങ്ങൾ അന്വേഷിക്കാം എന്ന് കരുതിയാണ് ഞാനാ വീട്ടിലേക്ക് ചെന്നത്. ഏതാനും മുറികളും ഒരു ചെറിയ വരാന്തയുമുള്ള ഒരു കോണ്‍ക്രീറ്റ്‌ വീടായിരുന്നു അത്.  ഉള്ളില്‍ ആൾപെരുമാറ്റം അനുഭവപ്പെട്ടപ്പോൾ ബെല്ലടിച്ചു. തോള് വരെ മാത്രമുള്ള ക്രോപ്പ് ചെയ്ത വെള്ളത്തലമുടിയും നെറ്റിയിലൊരു നീളത്തിലുള്ള ചന്ദന കുറിയും സിന്ദൂര പൊട്ടും ചാര്‍ത്തിയൊരു അമ്മൂമ്മയാണ് വാതിൽ തുറന്നത്. ഞാൻ നേരത്തെ പറഞ്ഞത് മാതിരിയുള്ള സുന്ദരന്‍ ഭാഷയിലുള്ള സംസാരവും രൂപവും അവരുടെ കുലീനത വെളിവാക്കുന്നുണ്ടെന്നെനിക്ക് തോന്നി.

മോയികുന്നത്ത് ദാമോദരന്‍ നമ്പൂതിരിപ്പാട്
മോയികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ സഹോദര പുത്രന്റെ പുത്രന്‍ (അതോ, സഹോദര പുത്രനോ) മോയികുന്നത്ത് മനയില്‍ ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെ വീടായിരുന്നു അത്. ഞാനാ അമ്മയോട് എന്റെ ആവശ്യം അവതരിപ്പിച്ചപ്പോൾ... അദ്ദേഹം ഊണ് കഴിച്ചു കൊണ്ടിരിക്കയാണന്നാണ്‌ അവർ ഇത്തരം നല്‍കിയത്. എങ്കിലും, സ്നേഹ വാത്സല്യത്തോടെ അവരൊരു ഇരിപ്പിടം ചൂണ്ടിക്കാട്ടി അവിടെ അല്‍പ്പ നേരം കാത്തിരിക്കാനെന്നോട് അഭ്യര്‍ത്ഥിച്ചു. ഞാനാ വീടിന്റെ ചുറ്റുവട്ടം നിരീക്ഷിച്ചുകൊണ്ടവിടെ ഇരുന്ന് നമ്പൂതിരി സമുദായത്തിന്റെ വികാസപരിണാമങ്ങളെ കുറിച്ച് ചിന്തിച്ചു. അവർ കടന്ന് വന്ന വഴികള്‍. കാലങ്ങളോളം അതിന്റെ ഇരുവശങ്ങളിലുമായി നീതി നിഷേധിക്കപ്പെട്ട ഒരു ജനത. നമ്പൂതിരി സമുദായത്തിനുള്ളിൽ നടന്ന ഉന്നമന പ്രവര്‍ത്തനങ്ങൾ. ഭട്ടതിരിപ്പാട്... നമ്പൂരിയെ മനുഷ്യനാക്കൽ... അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്... അങ്ങനെ എന്തെല്ലാമോ ചിന്തകൾ. ഇടയിലേതാനും സന്ദര്‍ശകരാ വീട്ടില്‍ വന്നു. കുറേ യുവതികളും അവരുടെ അമ്മമാരെന്ന് തോന്നിപ്പിക്കുന്ന ചിലരും. കുടുംബങ്ങളോ സുഹൃത്ത് ഗണങ്ങളോ ആവാം. അവർ കയറിയതോടെ ആ വീട് സജീവമായി. വിശേഷങ്ങളും, പരിഭവങ്ങളും, നിലക്കാത്ത ആര്‍ത്തു ചിരികളും ഞാൻ പുറത്തിരുന്ന് കേട്ട് കൊണ്ടിരുന്നു. ജോലിക്കോ പഠനത്തിനോ മറ്റോ പുറത്ത്‌ പോയ മനയിലെ ഏതോ സന്ദാനം നട്ടു വളർത്തി വലുതാക്കിയ ചെടികളാണ് എന്റെ ഇരു വശങ്ങളിലുമായി മന്ദസ്മിതം തൂകി നില്‍ക്കുന്നതെന്ന് ആ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി. അവൾ ദിനവും ആ ചെടികളോട് സംസാരിക്കാറുണ്ടത്രെ. അവളുടെ തലോടലും സ്നേഹവും ഏറ്റുവാങ്ങി അല്‍പ്പം ഗർവ്വോടെ വളരുന്ന ആ പൂചെടികളുടെ മനോഹാരിതയിൽ ലയിച്ച് ഞാൻ ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെ പള്ളി ഭോജനം കഴിയുന്നതും കാത്തവിടെ ഇരുന്നു.

അല്‍പ്പം കഴിഞ്ഞ ശേഷമാണ് ദാമോദരന്‍ നമ്പൂതിരിപ്പാട് ഊണ് അവസാനിപ്പിച്ച് പുറത്തിറങ്ങിയത്. എന്നെ നോക്കി ഒന്ന് ചിരിച്ച് അകത്തേക്ക് തന്നെ വേഗത്തിൽ പോയി. പിന്നെ, കുറേ സമയം സന്ദര്‍ശകരോട് കുശലം പറയുന്നത് കേട്ടു. ഒരുപക്ഷേ, ഞാന്‍ അവരില്‍ ആരെങ്കിലുമെന്നദ്ദേഹം തെറ്റിദ്ധരിപ്പിച്ച് കാണുമോ... ഞാൻ ശങ്കിച്ചു. എങ്കിലും, ഞാനാ സംസാരത്തെ തടസ്സപ്പെടുത്താനൊന്നും പോയില്ല. ഒരുപക്ഷേ, അതുമൂലം എന്റെ ആവശ്യമെങ്ങാൻ തടസ്സപ്പെട്ടങ്കിലോ എന്ന് ഞാന്‍ പേടിച്ചു എന്നുള്ളതാണ് സത്യം. പെട്ടന്നാണ് അന്തര്‍ജനം വേഗത്തിൽ വെളിയിലിറങ്ങി എന്റെ അടുത്ത് വന്ന് പറഞ്ഞത്...

"അയ്യോ ക്ഷമിക്കണമേ... ഞാൻ മറന്നു പോയി എന്നോട് ക്ഷമിക്കണേ..." എന്ന്.

"ഓ സാരമില്ല. അദ്ദേഹം സംസാരത്തിലായിരുന്നല്ലോ. അത് കഴിഞ്ഞോട്ടെ എന്ന് കരുതി കാത്തിരുന്നതാണ് ഞാന്‍" അവരുടെ ക്ഷമാപണത്തിൽ ദുഃഖം തോന്നിയപ്പോൾ ഞാൻ പറഞ്ഞു.

ശബ്ദം കേട്ട് ദാമോദരന്‍ നമ്പൂതിരിപ്പാടും ഇറങ്ങി വന്നു.

"ഞാൻ വിചാരിച്ചു ഇവരുടെ ഡ്രൈവറോ മറ്റോ ആയിരിക്കുമെന്ന്. എന്തായാലും നടക്കൂ ഞാനും കൂടെ വരാം"

കുപ്പായം ധരിക്കാതെ, ഒരൊറ്റ മുണ്ടും ചന്ദനക്കുറിയുമായി ഒരുതരം കാച്ചിയ എണ്ണയുടെ ഗന്ധവും പരത്തി കൊണ്ട്‌ അദ്ദേഹം മുന്നില്‍ നടന്നു.

മനയില്‍ നിന്നും മാറി സ്വന്തം കെട്ടിടത്തിലേക്ക് മാറി താമസിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് മനയുടെ സമീപം തന്നെ പണിതു നല്‍കുന്ന ചെറിയ കെട്ടിടങ്ങളെ പത്തായപ്പുര എന്നാണ് വിളിക്കുന്നത്. അത്തരത്തിലുള്ളൊരു പുരാതന കെട്ടിടത്തിനരികിലൂടെയുള്ള വെട്ടു വഴിയിലൂടെ മന ലക്ഷ്യമാക്കി ഞങ്ങൾ നടന്ന് നീങ്ങുമ്പോള്‍ തന്റെ അച്ഛന്റെ അനിയന്‍ അഥവ അപ്ഫനാണീ കെട്ടിടം പണിതതെന്ന് അദ്ദേഹം പറയുകയുണ്ടായി.

മോയികുന്നത്ത് മന
അത് പറയുമ്പോൾ എന്റെ ശ്രദ്ധ അച്ഛന്റെ അനിയനെ അഭിസംബോധന ചെയ്യുന്ന അപ്ഫൻ എന്ന പ്രയോഗത്തിന്റെ കൗതുകത്തിലായിരുന്നു.

"മാറി താമസിക്കണമെന്ന് കലശലായ ആഗ്രഹം. പക്ഷേ, മാറി താമസം അധിക നാൾ തുടരാൻ യോഗമുണ്ടായില്ല..."

പെട്ടന്ന് മരണപ്പെട്ട് കാണുമെന്ന് ഞാനൂഹിച്ചു.

മനോഹരമായ ഇന്റര്‍ലോക്ക് പാകിയ മന മുറ്റത്തിനൊരരികില്‍ പുരാതനത്വം തുളുമ്പുന്ന മഞ്ഞയും ചുവപ്പും ചായം തേച്ച ഇല്ലം ഞാൻ കണ്ടു. പ്രതീക്ഷിച്ചത് മാതിരി വലിയൊരു എട്ടു കേട്ടോ മറ്റോ അല്ലത്. ഒരു ചെറിയ മട്ടത്തിലുള്ളതെന്ന് തോന്നിപ്പിക്കുന്ന ഒന്ന്. യാഥാര്‍ത്ഥത്തിൽ, പണ്ട് കാലങ്ങളിൽ എട്ടു കെട്ടായിരുന്ന മന പിന്നീടാണ് ഒരുഭാഗം പൊളിച്ച് നീക്കി നാലു കെട്ടാക്കി മാറ്റിയതെന്ന് ദാമോദരന്‍ നമ്പൂതിരിപ്പാട് പറയുകയുണ്ടായി. പൂന്താനം ഇല്ലത്ത് കണ്ടത് മാതിരി പ്രധാന കെട്ടിൽ നിന്നും പുറത്തേക്കുന്തിയ ഭാഗം പടുത്തുയർത്തി മറച്ച രീതിയിലാണ് ഇവിടെ കാണുന്നത്. പൂന്താനത്തത് മൂന്ന്‌ ഭാഗവും തുറന്ന നിലയിലാണുളളത്. അതിനു പിറകില്‍ പടിഞ്ഞാറ്റി എന്ന് വിളിക്കുന്ന പ്രധാന കെട്ട്. അതിന്റെ ഒന്നാം നിലയില്‍ ഒത്ത നടുക്കായി ഒരു കൊച്ചു കിളി വാതിൽ കാണാം. ചരിത്രത്തിലേക്ക് നോക്കി നില്‍ക്കുന്ന കിളിവാതിലുകൾ... ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ തങ്ക ലിപികളാൽ അടയാളപ്പെടുത്തി വച്ചിരിക്കുന്ന, ചരിത്രത്തിന്റെ തഴുകലേറ്റ് നില്‍ക്കുന്നൊരു പ്രധാന കാഴ്ചയാണല്ലോ ആ കിളി വാതിലെന്നോർത്തപ്പോൾ വല്ലാത്ത ആവേശമെനിക്ക് തോന്നി.

മോയികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഖിലാഫത്ത് സ്മരണകള്‍ എന്ന പുസ്തകത്തിലെ വരികളിലേക്ക് തന്നെ കണ്ണോടിക്കാം.

"ചിങ്ങം പതിനാറിന് പുലര്‍ന്ന് സുമാര്‍ ഒമ്പത് മണി ആയി കഴിഞ്ഞു. ഞാൻ കുളി കഴിഞ്ഞ് അടുക്കളയിലേക്ക് നടന്നു. അപ്പോൾ അമ്മ വടക്കോട്ട് നേദിക്കുകയാണ്. അമ്മയുടെ അടുക്കലിരുന്ന് ഞാൻ ചന്ദന കുറിയിട്ടു. അന്ന് ഞാൻ അമ്മയുടെ തേവര സ്ഥലത്താ ചെന്നത് ജീവിതത്തിലെ അവസാനത്തേതായിരുന്നു. മുണ്ട് ഈറൻ പിഴുത് പത്തായപ്പുരയുടെ മുകളിലേക്ക് ഞാൻ പോയി. ഇല്ലത്തെ ചെറിയ ഉണ്ണി നീലകണ്ഠന്‍ പത്തായപ്പുരയുടെ മുകളിലേക്കോടി വന്ന് പട്ടാളം വന്നു എന്ന് എഞ്ചിനിൽ നിന്ന് പുക പോകും പോലെ ഒരു പ്രാണൻ പുറത്തേക്ക്‌ വിട്ട് പറയുന്നത് ഞാന്‍ കേട്ടു. പട്ടാളത്തിന്റെ കവാത്ത് പത്തായപ്പുരയുടെ സമീപത്തെത്തി. 'തിരുമനസ്സ് കൊണ്ട്‌ പേടിക്കാതെ താഴേക്കിറങ്ങി എഴുന്നള്ളുക...' എന്ന് അതിലൊരാൾ ആജ്ഞാപിച്ചപ്പോൾ എനിക്ക് ഭയമൊന്നുമില്ല എന്ന് പറഞ്ഞ്‌ കോണി ഇറങ്ങി അവരുടെ അരികിലേക്ക് ചെന്നു. ഉടനെ ടിയാനെന്നെ മുറ്റത്തേക്കിറക്കി. ഒരു പട്ടാളക്കാരൻ ഒരുപാട്‌ നീളമുള്ളൊരു കയറൈടുത്ത് എന്റെ കൈകൾ പിന്നാക്കം പിടിച്ച് വരിഞ്ഞ് കെട്ടി. മറ്റേ തല എന്റെ കഴുത്തിലുമിട്ട് മുറുക്കി. നാല് പുരയുടെ പടിഞ്ഞാറെ മുറ്റം വഴി വടക്കേ പടി കടന്നാണ് എന്നെ കൊണ്ട് പോയത്. കയ്യില്‍ കെട്ടി കഴുത്തിൽ കൂടി ഇട്ട കയറിന്റെ തല ഒരു പട്ടാളക്കാരൻ പിടിച്ചിരുന്നു. പടിഞ്ഞാറ്റിയുടെ മുകളില്‍ നിന്ന് എന്റെ അമ്മമാരും മറ്റ് അന്തര്‍ജനങ്ങളും പെൺ കിടാങ്ങളും കിളി വാതിലിലൂടെ എന്നെ ഈ യമ കിങ്കരന്മാർ കെട്ടി വലിച്ച് കൊണ്ട് പോകുന്നത് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. അവർ എന്തോ ഒരു അവർണ്ണനീയമായ സ്വരത്തില്‍ പറയുന്നത് ഞാന്‍ കേട്ടു.

'എന്റെ കുട്ടി ഒന്നും ചെയ്തിട്ടില്ല. അവനെ കൊണ്ട്‌ പോകരുതേ... ഇങ്ങോട്ട് തരണേ' എന്നായിരുന്നവർ പറഞ്ഞു കൊണ്ടിരുന്നത്.

മോയികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
'ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്നെ ആരും ഒന്നും കാട്ടുകയില്ല...' എന്ന് ഞാനവരോട് ഉറക്കെ വിളിച്ചു പറഞ്ഞു..."

ആ ദുഖകരമായ ചരിത്ര സംഭവങ്ങളരങ്ങേറിയ സ്ഥലമാണത്. ആ ചരിത്രത്തിന്റെ സാക്ഷികളായി പടിഞ്ഞാറ്റിയിലെ ആ കിളി വാതിലുകളും മുന്നില്‍ പടിഞ്ഞാറെ മുറ്റത്ത്‌ നിന്നും തുടങ്ങുന്ന നീണ്ട പാതയും കാണുന്നു.

ഞാനപ്പോൾ ഓര്‍ത്തത് ഇവിടേക്ക് വരും വഴി ചെർ‌പ്പുളശ്ശേരി സ്കൂൾ മൈതാനത്തിനരികില്‍ ഇടതൂർന്ന തണൽ വിരിച്ചുകൊണ്ട് നിരനിരയായി വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ആൽ മരങ്ങളുടെ മനോഹര കാഴ്ചയെയാണ്. 1936ൽ സ്കൂളില്‍ നിന്നും പിരിഞ്ഞ രാമന്‍ മാസ്റ്ററാണ് ഈ മരങ്ങൾ അവിടെ നട്ടുപിടിപ്പിക്കുന്നത്. ആ മരങ്ങൾ നില്‍കുന്ന സ്കൂൾ കോമ്പൗണ്ടിൽ നിന്നും പ്രധാന പാതയെ വേര്‍തിരിക്കുന്ന മതിലിൽ സുരേഷ് നായര്‍ എന്ന കലാകാരന്റെ നേതൃത്വത്തില്‍ സിമന്റിൽ കൊത്തിയ 14 ചിത്രങ്ങളില്‍ ഒന്ന് ഞാന്‍ മേലെ വിവരിച്ച ചരിത്ര മുഹൂര്‍ത്തിന്റേതായിരുന്നു. മോയികുന്നത്ത് നമ്പൂതിരിയെ തൂക്കിയെടുത്ത് കൊണ്ടുപോകുന്ന പൊലീസുകാരുടെ ചിത്രത്തിന് സമീപം സ്വതന്ത്രസമര തീജ്വാലയിലേക്ക് എടുത്തെറിയപ്പെട്ട സകല മനുഷ്യരുടേയും മാതാപിതാക്കൾ, ഭാര്യ, മക്കള്‍ തുടങ്ങിയവരുടെ സ്മരണയെ ഉണര്‍ത്തുന്ന കിളി വാതിൽക്കൽ മുഖം ചേര്‍ത്ത് വിലപിക്കുന്ന ആ അമ്മയുടെ ചിത്രവും.

സമീപത്തെ ഏതോ ഒരു ക്ഷേത്രത്തിൽ പൂജാരിയായി സേവനം അനുഷ്ഠിച്ച് വന്നിരുന്ന... ഇനി വയ്യാ അല്‍പ്പം വിശ്രമിക്കട്ടെ എന്ന് പറഞ്ഞ്‌ ആ ജോലിയില്‍ നിന്നും വിരമിച്ച ഒരു സാധു മനുഷ്യനും അദ്ദേഹത്തിന്റെ അന്തര്‍ജനവുമാണ് നിലവില്‍ ഈ ഇല്ലത്തെ താമസക്കാർ. എന്നെ ഒരു മടിയും കൂടാതെ അകത്തേക്ക് നയിച്ച ദാമോദരൻ നമ്പൂതിരിപ്പാട് നാല്‌ കേട്ടിന്റെ ഉള്ളിലെ ഓരോ കാഴ്ചകളും കാണിച്ചു നൽകാൻ പ്രത്യേകം ഉത്സാഹമെടുത്തു. ശ്രീമാൻ മോയികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ കാൽപാദം പതിഞ്ഞ അകത്തളം... കോണ്‍ഗ്രസ് പ്രവർത്തകനായി കൊണ്ട്‌ സമര രംഗത്തേക്കിറങ്ങിയ കാലത്തും അറസ്റ്റ് ഭയന്ന നാളുകളിലും അസ്വസ്ഥമായി അദ്ദേഹം നടന്ന് നീങ്ങിയ ഇടനാഴികളാണിത്. ആ നാളുകളിലെ തീക്ഷ്ണതയെ ചരിത്രത്തിൽ നിന്നും അടർത്തിയെടുത്ത് അനുഭവിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു.

തിരൂരങ്ങാടി കച്ചേരി വെടിവെപ്പ് സംഭവത്തിന് ശേഷം നാട്ടില്‍ ബ്രിട്ടീഷുകാർ മമ്പുറം പള്ളി തകർത്തിരിക്കുന്നു എന്ന് പ്രചരിച്ച് കൊണ്ടിരുന്ന സമയത്താണ് പെരിന്തല്‍മണ്ണ, മഞ്ചേരി തുടങ്ങിയ ഇടങ്ങളിലെ ഖജാനകൾ തകര്‍ത്ത ഒരുകൂട്ടം വിപ്ലവകാരികൾ തൂതപ്പുഴ കടന്നു വന്ന് ചെർ‌പ്പുളശ്ശേരിയിലും വിധ്വംസക പ്രവർത്തനങ്ങൾ നടപ്പിലാക്കി തുടങ്ങിയത്‌. പ്രദേശത്തെ ബ്രിട്ടീഷ് അധികാരത്തിന്റെ നേടും തൂണായ കച്ചേരികുന്നിലെ രജിസ്ത്രാപ്പീസ്, പോലീസ് സ്റ്റേഷൻ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മന്ദിരങ്ങളും കാക്കത്തോട് പാലവും വിപ്ലവകാരികള്‍ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ആ ഇടക്കാണ് ആക്രമണ രഹിത മുദ്രാവാക്യവുമായി കോണ്‍ഗ്രസ്സ് പ്രവർത്തകനായ മോയികുന്നത്ത് തിരുമേനി സംഭവ സ്ഥലത്തേക്കെത്തുന്നത്.

"നമുക്ക് നമ്മുടെ കാര്യം നടത്തുവാൻ ഈ നമ്പൂരി യുടെ സമ്മതം വേണമേ..."

മോയികുന്നത്തിന്റെ സമാധാന സന്ദേശങ്ങൾ കേട്ട് സമരക്കാര്‍ അദ്ദേഹത്തെ പരിഹസിക്കുകയാണ് അപ്പോൾ ചെയതത്. അതിനാല്‍, തന്റെ കഴിവിനപ്പുറം അവരെ കലാപത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഇതിനകം താന്‍ ശ്രമിച്ചിരിക്കുന്നു എന്ന ആശ്വാസത്തോടെ തിരുമേനി ഇല്ലത്തേക്ക് മടങ്ങുകയും പിറ്റേനാൾ അദ്ദേഹത്തിന്റെ വിവാഹാലോചനയില്‍ പങ്കു കൊള്ളുകയും ചെയതു. എന്നാൽ തിരശീലക്കു പിന്നില്‍ വലിയ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. മേല്‍ ആക്രമണ പ്രവര്‍ത്തനങ്ങളിൽ പങ്ക് കൊണ്ട എസ് ഐ മൊയ്തീന്റെ (ആലിക്കൽ മൊയ്തീൻ സാഹിബ് അല്ല) പിതാവ് മമ്മു ഹാജിയേയും മറ്റ് ചില കുടുബാംഗങ്ങളേയും കുറ്റാരോപണത്തില്‍ നിന്നും രക്ഷപെടുത്താൻ ആക്രമണ കാരണം മോയികുന്നത്ത് നമ്പൂതിരിക്ക് മേല്‍ ആരോപിക്കപ്പെടുകയും അദ്ദേഹത്തെ വീട്ടില്‍ പോയി അറസ്റ്റ് ചെയത് ആഭാസ പൂര്‍വ്വം ബെല്ലാരി ജയിൽ പാർപ്പിക്കുകയുമാണ് അധികാരികള്‍ ചെയതത്.

കാക്കത്തോട് പാലം
പുറത്ത്‌ കത്തുന്ന വെയില്‍ ചൂടാണ്‌. എങ്കിലും എന്റെ പ്രിയപ്പെട്ട പിതാമഹാന്റെ നാട്ടില്‍ ഇനിയും എനിക്ക് ഏറെ നേരം സഞ്ചാരിക്കേണ്ടതുണ്ടെന്ന ചിന്ത എന്നെ ഇല്ലത്തിന്റെ കൂടുതൽ കാഴ്ചയില്‍ നിന്നും വിലക്കി. ചരിത്രം നടന്നു നീങ്ങിയ വഴികളിലൂടെയുളള സഞ്ചാരം വമ്പിച്ച ഊര്‍ജ്ജം നല്‍കുന്ന കാര്യമാണല്ലോ...

മടങ്ങാൻ ഭാവിച്ച് നിന്നപ്പോള്‍ അദ്ദേഹമെന്നെ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഒരിക്കല്‍ കൂടി നയിച്ചു. മുറ്റത്തെ വരാന്തയില്‍ എന്നെ കുത്തിയിരുത്തി അകത്ത് പോയ തക്കത്തിന് ഞാനതിന്റെ അകമൊന്ന് വീക്ഷിച്ചു. സ്വീകരണ മുറിയിലെ അങ്ങേ തലയിലുള്ള അലമാരിയില്‍ ശ്രീ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഒരു വലിയ ഛായചിത്രം കാണാം. സ്വതന്ത്രസമരത്തിന്റെ ഭാഗമായ നിസ്സഹകരണ പ്രസ്ഥാനത്തിലും അക്രമണരഹിത മുന്നേറ്റത്തിലും സജീവമായിരുന്ന ഒരാൾ. ഖിലാഫത്ത് പ്രക്ഷോഭം ഒരു ഹിന്ദു മുസ്ലിം സംഖട്ടനമല്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞ മഹാനുഭവൻ. ചരിത്രത്തിൽ തുല്യതയില്ലാത്ത പീഢനങ്ങളനുഭവിച്ച ജനവിഭാഗമാണ് മാപ്പിളമാരെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ മനുഷ്യ സ്നേഹി. ഖിലാഫത്ത് സഹോദരങ്ങളോടൊപ്പം കഠിനമായ പീഢനങ്ങളേറ്റു വാങ്ങി ബെല്ലാരി ജയിലിലേക്കും പിന്നീട് സ്വകുടുംബത്തിൽ നിന്നു പോലും ഇറക്കി വിടപ്പെട്ട ആ സ്വതന്ത്രസമര സേനാനിയുടെ ചിത്രം ഇന്ന്‌ ആ വീടിന്റെ തന്നെ സ്വീകരണ മുറിയെ അലങ്കരിക്കാൻ ഉപയോഗിച്ചെങ്കിൽ ഉറപ്പാണ് നീതിക്കു വേണ്ടി ശബ്ദിച്ച എല്ലാവരും നാളെ ഉയിര്‍ത്തെഴുന്നേൽക്കപ്പെടാനുള്ളവർ തന്നെ.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ദാമോദരന്‍ നമ്പൂതിരിപ്പാട് പൊടി തട്ടിയെന്നോണം ഒരു പുസ്തകവുമായി പുറത്ത്‌ വരുന്നത് കണ്ടു. അതെനിക്ക് നേരെ നീട്ടി കൊണ്ട്‌ പറഞ്ഞു.

"ഇതെന്റെ ഒരു ചെറിയ രചന... എന്റെ സമ്മാനമായി ഇത് വെച്ചോളു...

'ശ്രീ നവീന്‍ ശറഫിന് സ്നേഹപൂര്‍വം. ഒപ്പ്...' പുറം ചട്ടയില്‍ അങ്ങനെ അതിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നു.

'വഴിയോര കാഴ്ചകള്‍' എന്ന അദ്ദേഹത്തിന്റെ ലഘു ഉപന്യാസങ്ങളടങ്ങിയ കൃതിയായിരുന്നു അത്. പുസ്തകത്തിന്റെ പുറം ചട്ടയില്‍ ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ഒരു കഥകളി ചിത്രമാണുണ്ടായിരുന്നത്. കൂടാതെ,' നമ്പൂരി ചിത്രങ്ങൾ... പകരം വെക്കാനില്ലാത്ത ആല്‍ബം' എന്ന പേരിലൊരു അനുഭവകുറിപ്പും അദ്ദേഹമതിൽ ചേര്‍ത്തിരിക്കുന്നു. കഥകളി അരങ്ങിലെ നിറസാന്നിധ്യമായിരുന്ന വെൺമണി ഹരിദാസന്‍ അദ്ദേഹത്തിന്റെ ഭാര്യ സഹോദരൻ ആയിരുന്നു എന്നുള്ളതും പുസ്തക പരിചയത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചു. ഒടുവില്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എല്ലാ മംഗളം ആശംസകളും അദ്ദേഹം എനിക്ക് നല്‍കികൊണ്ട് പറഞ്ഞു.

"പുസ്തകം വായിക്കണം. വായിച്ചതിന്റെ ആസ്വാദനമെന്നെ എഴുതി അറിയിക്കയും ചെയ്യണം... വിമര്‍ശനമാണങ്കിലതും..."

"ശരി..." ഞാന്‍ യാത്ര ചൊല്ലി പുറത്തിറങ്ങി.

കാക്കത്തോട് പാലം കാണുകയാണ് അടുത്ത ലക്ഷ്യം. പുതിയ കാക്കത്തോട് പാലത്തിന് സമാന്തരമായി ആ പുരാതന കാക്കത്തോട് പാലമവിടെ അല്‍പ്പം അകലാത്തായി കാണാൻ കഴിയുമെന്ന് ദാമോദരന്‍ നമ്പൂതിരിപ്പാട് പറയുകയുണ്ടായി. അതിന്റെ സമീപത്ത് തന്നെ ഒരു നമസ്കാര പള്ളിയുമുണ്ട്. പ്രാർത്ഥന, വിശ്രമം മുതലായവ അവിടെ നിന്നും നിര്‍വ്വഹിച്ച ശേഷം യാത്ര തുടരാമെന്ന ലക്ഷ്യം കൂടി ഈ യാത്രക്കുണ്ട്. 

ചെർ‌പ്പുളശ്ശേരി നഗരം
പാത വലിയ വിസ്താരമില്ലാതെ ഇടുങ്ങിയതാണ്. ഇടതൂർന്നെന്നോണം നിറയെ വീടുകൾ സ്ഥിതിചെയ്യുന്ന ഈ ഭാഗം ചെർ‌പ്പുളശ്ശേരിയുടെ ശ്വാസകോശവും ജനവാസ കേന്ദ്രവുമായിരിക്കുമെന്നെനിക്ക് തോന്നി. ഈ പാതയുടെ ഒരു തലക്കലാണ് ഞാൻ മുകളില്‍ പറഞ്ഞ ചെർ‌പ്പുളശ്ശേരി സ്കൂളും അതിനു മുറ്റത്തെ നെടു നീളത്തില്‍ വളരുന്ന ആൽമര തണലുകളെങ്കിൽ അതിന്റെ ഇങ്ങേ തലയിലൊരു പുരാതന ക്ഷേത്രമാണ് സ്ഥിതിചെയ്യുന്നത്. ചരിത്രവും ഐതിഹ്യ കഥകളും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ശ്രീ പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രമാണത്. ഐതിഹ്യങ്ങളോളം പഴക്കം പലയിടത്തും ക്ഷേത്ര ചരിത്രത്തിനില്ലെങ്കിലും അതിലുള്ള വിശ്വാസത്തിന് അതിനും മേലെയാണ് സ്ഥാനം.

ക്ഷേത്ര മുറ്റത്തെ പ്രധാന പാതയിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ ചെർ‌പ്പുളശ്ശേരി നഗരവും ഇടത്തോട്ട് തിരിഞ്ഞ് അല്‍പ്പം നീങ്ങിയാൽ കാക്കത്തോട് പാലവും അതിനപ്പുറം കച്ചേരി കുന്നിലേക്കുള്ള ചെറിയ കയറ്റവും കാണാം. 1921 കാലത്തെ നിര്‍ഭാഗ്യകരമായ പല സംഭവങ്ങളും അരങ്ങേറിയ സ്ഥലമാണ് കച്ചേരിക്കുന്ന്‌. ബ്രിട്ടീഷ് കാലത്തെ പ്രാദേശിക അധികാര കേന്ദ്രങ്ങളായ ഹുജൂർ കേച്ചേരിയുടെ ഭാഗങ്ങളായ പോലീസ് സ്റ്റേഷൻ, രെജിസ്ത്രാപ്പീസ് തുടങ്ങിയവ അവിടെ അക്കാലത്ത് പ്രവർത്തിച്ചു വന്നിരുന്നു. ഇന്നും കുറേ പുതിയ കെട്ടിടങ്ങളിലായി അതേ സര്‍ക്കാര്‍ മന്ദിരങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള സ്ഥാപനങ്ങളും തന്നെയാണ് അവിടെ പ്രവര്‍ത്തിച്ചു വരുന്നത്‌ എന്ന് കണ്ടപ്പോൾ ചരിത്രത്തിന്റെ തുടര്‍ച്ചയെ കുറിച്ചോർത്ത് അത്ഭുദപ്പെട്ടെന്നോണം അവിടെ ഞാനൽപ്പ നേരം നിന്നതോർക്കുന്നു.

കാക്കത്തോട് പാലം ലക്ഷ്യമാക്കി ഞാന്‍ നീങ്ങുമ്പോള്‍ ഇരുവശത്തേയും കാഴ്ചകളെന്നെ വല്ലാതെ വശീകരിക്കുന്നുണ്ടായിരുന്നു. അവിടെ ഒരു പഴയ വീട് കാണുമ്പോള്‍, മരപ്പലകകൾകൊണ്ട് മറക്കുന്ന പഴയ രീതിയിലുള്ള പീടികകൾ കാണുമ്പോള്‍, അതിന്റെ അരച്ചുമരിൽ അലസരായിരുന്ന് വെടിവട്ടത്തിൽ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ കണ്ണുകളറിയാതെ അങ്ങോട്ടേക്ക് ചലിക്കും. അനേകം വർഷങ്ങൾ ക്ക് ശേഷം സ്വന്തം നാട്ടില്‍ തിരിച്ച് എത്തിയത് മാതിരിയുള്ളൊരു അനുഭവം. പോകുന്ന വഴികള്‍, വഴിത്താരകൾ, ആ വീടുകൾ, കടകള്‍ എല്ലാം പരിചിതമുള്ളത് പോലെ. എന്റെ നാടല്ലയോ ഇത്... ഞാനൊരു ചെർ‌പ്പുളശ്ശേരിക്കാരനായിരുന്നല്ലോ. 1921 കാലത്തെ നിര്‍ഭാഗ്യകരമായ ആ സംഭവങ്ങൾ നടന്നില്ലായിരുന്നെങ്കിൽ ഈ മണ്ണില്‍ കൂടി നടന്ന് നീങ്ങേണ്ടിയിരുന്നവനായിരുന്നു ഈ ഞാനും.

ചെറിയൊരു ഇറക്കമിറങ്ങി പ്രധാന പാതയിൽ നിന്നും പഴയ കാക്കത്തോട് പാലത്തിലേക്ക് നീങ്ങി നീളത്തിൽ പോകുന്ന പൊട്ടിപ്പൊളിഞ്ഞ പാതയിലേക്ക് തിരിയാന്‍ തുടങ്ങവേ പെട്ടന്നാണ് റോഡിന്റെ അങ്ങേ വശത്തുള്ളൊരു ബോര്‍ഡെന്റെ സവിശേഷമായ ശ്രദ്ധയിൽ പെട്ടത്. 'ആലിക്കല്‍ സിമന്റ്സ്'... ആലിക്കല്‍, ആലിക്കല്‍ എന്നുള്ളത് എന്റെ കുടുംബ നാമമാണ്. ഹെഡ് കോണ്‍സ്റ്റബിള്‍ ആലിക്കല്‍ മൊയ്തീൻ സാഹിബിന്റെ പേരിലെ അതേ ആലിക്കല്‍ തന്നെ. തലമുറകളായി ഞങ്ങൾ ഞങ്ങളുടെ പേരിനോട് കൂടി ചാർത്തി പോരുന്ന അതേ ആലിക്കല്‍. എന്താണ്‌ ആലിക്കല്‍ എന്ന വാക്കിന്റെ അര്‍ത്ഥം...? അലി എന്ന നാമത്തില്‍ നിന്നും രൂപപ്പെട്ട ആലി എന്ന പേരുള്ള ഞങ്ങളുടെ ഏതോ പൂര്‍വികന്റെ വീടിനോട് ചേര്‍ത്തായിരിക്കാം അത് രൂപപ്പെട്ടത്. ആലിയുടെ സമീപം, അരികില്‍ എന്നൊക്കെയാണത് അര്‍ത്ഥം വെക്കുന്നത്. പരസ്പരമൊരു ബന്ധവുമില്ലാത്ത തരത്തിൽ അനേകം സ്ഥലങ്ങളില്‍ ആലിക്കല്‍ കുടുംബങ്ങള്‍ വസിച്ചു വരുന്നുണ്ട്. കൂടുതലായി ചെർ‌പ്പുളശ്ശേരി ഭാഗത്തും. ഒരുപക്ഷേ, ആ കൂട്ടത്തിൽ നിന്നും ഞങ്ങൾ അടര്‍ന്നതുമാതിരി ആയിയിരിക്കാം വിവിധ പോക്കറ്റുകളിൽ പരസ്പരമൊരു ബന്ധമേതുമില്ലാതെ ആലിക്കല്‍ കുടുംബങ്ങള്‍ രൂപപ്പെടാനുണ്ടായ സാഹചര്യം. ഒരുപക്ഷേ, ഈ അപ്രതീക്ഷിതമായി എന്റെ മുന്നിലേക്ക് വന്ന ഈ ബോർഡ് എന്റെ സ്വഗൃഹത്തിലേക്കുള്ള ചൂണ്ടു പാലക ആയിരുന്നേക്കുമോ... അറിയില്ല. എന്തായാലും, കുറഞ്ഞത് മൊയ്തീൻ സാഹിബിനെ കുറിച്ചുള്ള വിവരങ്ങളെങ്കിലും അവിടെ നിന്ന് ലഭിച്ചേക്കുമെന്ന ചിന്ത എന്നെ ആ ഭാഗത്തേക്ക് നയിച്ചു കൊണ്ടിരുന്നു.

ചെർ‌പ്പുളശ്ശേരി നഗരം
ഒരു സിമന്റ് വില്‍പ്പന കേന്ദ്രമായിരുന്നത്. ഞാനെന്റെ വാഹനം അങ്ങോട്ടേക്ക് തിരിച്ചു. വിശാലമായൊരു തെങ്ങിൻ തോപ്പിനെയാണ് സിമന്റ് കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. അവിടവിടെയായി സിമന്റ് പൊടി അവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുന്നത് കാണാം. പ്രധാന ഓഫീസെന്ന് തോന്നിപ്പിക്കുന്ന കെട്ടിടത്തിന് സമീപം ടാർപോളിൻ ഷീറ്റുകൊണ്ട് മറച്ചൊരു ഷെഡ്. അതിൽ ഏതാനും തൊഴിലാളികള്‍ ഉച്ചമയക്കത്തിൽ ഏര്‍പ്പെട്ടിരിക്കുന്നു. ഞാനവരോട് സ്ഥാപനത്തിന്റെ ഉടമസ്ഥനെ കുറിച്ചന്വേഷിച്ചു. ഒരാൾ അകലേക്ക് വിരൽ ചൂണ്ടി കാണിച്ച്... "അതാ വരുന്നു" എന്ന് പറഞ്ഞു. എന്നെ കണ്ടതുകൊണ്ടോ മറ്റോ ഒരാൾ അവിടെ നിന്നും നടന്ന് വരുന്നുണ്ട്. തടിച്ച് നല്ല ഉയരമുള്ളൊരു വ്യക്തി. അയാളെ കണ്ടപ്പോൾ എന്റെ മനസ്സ് പട പട എന്ന് സ്തംഭിച്ചു. എന്റ സിരകളില്‍ ഓടുന്ന രക്തം... എന്റെ ഒരു സഹോദരൻ. ചരിത്രം, ഗതിമാറി നീങ്ങിയത് കൊണ്ട്‌ മാത്രം രണ്ടിടങ്ങളിലായി മാറിയ എന്റെ രക്ത ബന്ധു. എന്റെ ചുറ്റും ഉച്ചവെയിൽ മന്ദസ്മിതം തൂകി നില്‍ക്കുന്നു. തെങ്ങുകൾക്കിടയിലൂടെ കടന്ന് വന്ന ചെറിയ മന്ദമാരുതൻ എന്നെ അനിയന്ത്രിതമായി കുളിരിപ്പിക്കുന്നു. മനസ്സ് വല്ലാതെ മിടിക്കുന്നുണ്ട്. നഷ്ടപ്പെട്ട പോയതെന്തോ തിരിച്ച് കിട്ടിയത് മാതിരി ഒരു തോന്നല്‍. ഇതാ ഇവിടെ മുതൽ... ഈ നിമിഷം മുതൽ ഞാനൊരു വലിയ കുടുംബത്തിലെ അംഗമാവാൻ പോവുകയാണ്‌. ചരിത്രത്തോടുള്ള പകരം വീട്ടല്‍.

"ആരാ മനസ്സിലായില്ല..."

"നിങ്ങളാണോ ഈ സ്ഥാപനത്തിന്റെ മുതലാളി...? നിങ്ങളുടെ കുടുംബപ്പേരോണോ ആലിക്കല്‍...?" ബോഡ് ചൂണ്ടിക്കാട്ടി ഞാൻ ചോദിച്ചു.

"അതേ..."

ചോദ്യത്തിലെ കൗതുകം കണ്ടിട്ടോ എന്തോ പുഞ്ചിരി തൂകിക്കൊണ്ടയാൾ മറുപടി നല്‍കി.

"ഞാനും ഒരാലിക്കല്‍ തന്നെ. ഇതുവഴി പോയപ്പോളീ ബോർഡ് കണ്ടിവിടെ ഇറങ്ങിയതാണ്..."

ഞാനയാളോട് അയാളുടെ കുടുംബ കാര്യങ്ങൾ ചോദിച്ചറിഞ്ഞു... ചെർ‌പ്പുളശ്ശേരിയിൽ വരാനുണ്ടായ സാഹചര്യത്തെ കുറിച്ചും. പക്ഷേ, അയാള്‍ക്കൊന്നും തന്നെ അറിവുണ്ടായിരുന്നില്ല... സ്വാഭാവികം. പുതുതലമുറക്കെന്ത് ചരിത്ര വർത്തമാനങ്ങൾ. മൊയ്തീന്‍ സാഹിബിന്റെ നേരെ പിന്‍ഗാമികളായ ഞങ്ങളിലാര്‍ക്കൊക്കെയാണാ ചരിത്രം വശമുള്ളത്. പിന്നെയാണോ കാലത്തിന്റെ കുത്തൊഴുക്കിൽ ഗതി മാറി ഒഴുകിയ രണ്ട് നദികളുടെ തീരത്തെ ബന്ധു ജനങ്ങൾക്ക്. എന്തായാലും, അയാളെന്റെ സഹോദരൻ തന്നെയാണ്. ദൈവത്തിന് മാത്രം തെളിയിച്ചെടുക്കാൻ കഴിയുന്ന എന്റെ പ്രിയ ബന്ധു ജനം. എങ്കിലും, "ഇല്ല, തനിക്കൊന്നുമറിയില്ല" എന്ന അയാളുടെ മറുപടി എന്നില്‍ വല്ലാത്ത നിരാശയുണ്ടാക്കി. അതെന്നെ വേഗത്തിൽ തന്നെ കാക്കത്തോട് പാലത്തിന്റെ കാഴ്ചയിലേക്ക് നയിച്ചു.

പാലം നാമാവശേഷമാണ്. അല്‍പ്പമകലത്തായി പുതിയ പാലം തിളങ്ങി നില്‍ക്കുന്നത് കാണാം. കാക്കത്തോടിനു മുകളില്‍ പണിയിച്ച മേല്‍ രണ്ടു പാലവും കടന്നാ വഴികൾ നീണ്ടു പോകുന്നു. പുതിയ പാലത്തനു മുകളിലെ പാത നേരെ പാലക്കാട്ടാണ് ചെന്നു ചേരുന്നത്. പഴയ പാത ചെർ‌പ്പുളശ്ശേരിയുടെ ഏതെങ്കിലും പ്രാന്തങ്ങളിലേക്കുള്ള വഴിയായിരുന്നിരിക്കാം. പാലത്തിന് സമീപം ഒരു നമസ്കാര പള്ളിയുണ്ട്. വഴിയാത്രക്കാർക്കും പ്രാർത്ഥന നിര്‍വ്വഹിക്കാൻ വരുന്നവര്‍ക്കുമായി അതിന്റെ വാതിലുകള്‍ സദാ തുറന്നിരിപ്പാണെന്ന് തോന്നുന്നു. ഞാനാ പള്ളിയില്‍ പ്രവേശിച്ച് പ്രാർത്ഥന, വിശ്രമം, ചെറിയൊരു മയക്കം എന്നിവ നിര്‍വ്വഹിച്ച് പുറത്തിറങ്ങി. ഉച്ച വെയില്‍ തലക്കു മുകളില്‍ കത്തി നില്‍ക്കുന്ന ആ സമയമാണ്. എങ്കിലും, ആ പാലത്തിന്റെ പൊട്ടിപ്പൊളിഞ്ഞ കൈവഴിയിലിരൊടിത്തരുന്ന് ഞാനാ ചരിത്ര സംഭവത്തെ കുറിച്ച് ചിന്തിച്ചു.

കച്ചേരികുന്ന് രെജിസ്ത്രാപ്പീസ്
ബ്രിട്ടീഷ് സൈനിക വിന്യാസം തടയുക, പുറം ലോകവുമായുള്ള അധികാരികളുടെ സമ്പർക്കങ്ങൾ വിച്ഛേദിക്കുക എന്നീ ലക്ഷ്യവുമായാണ് കമ്പി, റയില്‍, റോഡ്, പാലം തുടങ്ങിയവ തകര്‍ക്കാനുള്ള ശ്രമങ്ങളിലേക്ക് വിപ്ലവ സേനാംഗങ്ങൾ പ്രവേശിക്കുന്നത്. അതിന്റെ ഭാഗമായാണ് മലബാര്‍ ജില്ലയിലെ ഒരു പ്രധാന ബ്രിട്ടീഷ് കേന്ദ്രമായ ചെർ‌പ്പുളശ്ശേരിയിലേക്കുമവർ എത്തിച്ചേരുന്നതും പാലം തകര്‍ക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത്. ആ സംഭവം നടക്കുമ്പോൾ മോയികുന്നത്ത് നമ്പൂതിരിപ്പാട് കാഴ്ച്ചക്കാരനായി അവിടെ ഉണ്ടായിരുന്നു എന്ന് ചരിത്രത്തിൽ കാണാം. ആക്രമണ രാഹിത്തമാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം എന്നതിനാല്‍ ഒരുവേള അത്തരം വിപ്ലവ പ്രവര്‍ത്തനങ്ങളിൽ നിന്നും മാപ്പിളമാരെ പിന്തിരിപ്പിക്കുക എന്നത് കൂടി അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു എന്ന് കരുതാം. എന്നാൽ, ബ്രിട്ടീഷ് അധികാരികള്‍ ആ പ്രവർത്തനത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയത് തുറങ്കിലടക്കുകയാണുണ്ടിയത്.

ഒരുപക്ഷേ, നിര്‍ഭാഗ്യകരമായ തിരൂരങ്ങാടി കച്ചേരി സംഭവവും അവിടെവെച്ചുണ്ടായ മൊയ്തീന്‍ സാഹിബിന്റെ കൊലപാതക വാര്‍ത്തയും അറിഞ്ഞതിനെ തുടർന്ന് അങ്കലാപ്പിലായ വീട്ടുകാർ വിപ്ലവസേനാനികളുടെ ചെർ‌പ്പുളശ്ശേരി മാര്‍ച്ചിനെ കുറിച്ചുള്ള വാർത്തകൾ ഭീതിയോട് കൂടിയായിരിക്കാം ശ്രവിച്ചിട്ടുണ്ടായിരിക്കുക. കൂടാതെ, തിരൂരങ്ങാടി സംഭവത്തിനെ തുടർന്ന് ശക്തമായ ആംഗ്ലോ മലബാര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാർ തീര്‍ത്തും പരാജയപ്പെട്ട് കഴിഞ്ഞിരിക്കുന്നു എന്നൊരു കിംവദന്തിയും അന്ന് പ്രദേശത്താകെ വ്യാപിച്ചിരുന്നു എന്ന് മോയികുന്നത്ത് നമ്പൂതിരി തന്റെ ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. പ്രദേശത്തെ ബ്രിട്ടീഷ് അധികാര കേന്ദ്രമായ കച്ചേരി, സമീപത്തെ കാക്കത്തോട് പാലം എന്നിവിടങ്ങളിലുണ്ടായ അക്രമണ ശേഷം ബ്രിട്ടീഷ് പക്ഷപാതികളെ തിരഞ്ഞു പിടിച്ച് വധിക്കലാണ് വിപ്ലവ സേനാംഗങ്ങളുടെ അടുത്ത ലക്ഷ്യമെന്ന ചിന്തയും അവരെ അസ്വസ്ഥമാക്കിയിരുന്നിരിക്കാം. ശത്രുവിനെ നിഗ്രഹിച്ച് മുന്നേറിയ വിപ്ലവകാരികൾ അയാളുടെ കുടുംബം, ഭാര്യ, മകള്‍ അങ്ങനെ എല്ലാവരെയും നിഗ്രഹിച്ച് മുന്നേറുമെന്നവർ ഊഹിച്ചു. അക്കാലത്തെ നടപ്പ് 'യുദ്ധ മര്യാദകൾ' ഏറെ കുറേ അതിനെ ന്യായീകരിക്കുന്നതായിരുന്നു എന്നുള്ളത് വാസ്തവമാണല്ലോ. അതിനാലാണ്, ഉള്ളത് കെട്ടിപ്പെറുക്കി ചെർ‌പ്പുളശ്ശേരി വിടാൻ മൊയ്തീന്റെ വിധവ കൊടുവായക്കൽ പുത്തൻ പുരക്കല്‍ പാത്തുട്ടി  നിര്‍ബന്ധിക്കപ്പെടുന്നത് എന്ന് ന്യായമായും അനുമാനിക്കാൻ കഴിയും.

ഉപ്പാപ്പയുടെ ഉപ്പയെ നിഷ്കരുണം കൊന്നു തള്ളിയവർ അടുത്തത് അദ്ദേഹത്തിന്റെ മകനെ തിരിഞ്ഞു പിടിച്ച് വന്നേക്കുമെന്ന വാർത്തയെ തുടര്‍ന്നാണ്... ഒരു ഭാണ്ഡകെട്ടന്നപോലെ തോന്നിപ്പിക്കുമാറ് അദ്ദേഹത്തെ ഒരു തുണിയില്‍ പൊതിഞ്ഞ് കെട്ടി സ്വന്തം നാടായ പള്ളിക്കുത്ത് പ്രദേശത്തേക്ക് ഉപ്പാപ്പയുടെ ഉമ്മ രക്ഷപെടുന്നത് എന്ന് പണ്ടെന്റെ ചെറുപ്പത്തില്‍ ആരൊക്കെയോ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

കാക്കത്തോട് പാലം... ഒരുപക്ഷേ, ഇതിനു സമീപം അന്ന് നടന്ന... മോയികുന്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, ആ നിര്‍ഭാഗ്യകരമായ സംഭവം നടന്നില്ലായിരുന്നുവെങ്കിൽ... നന്നേ കുറഞ്ഞതാ കച്ചേരിയിലെ ആക്രമണമെങ്കിലും നടന്നില്ലായിരുന്നുവെങ്കിൽ... ഞാൻ ചരിത്രം അനാഥമാക്കുന്ന ജീവിതങ്ങളെ കുറിച്ചാലോചിച്ചു. തിരിച്ചു നടത്താൻ കഴിയാത്ത ഭൂത കാലത്തിന്റെ കെട്ടുപാടുകൾക്കുള്ളിലിരുന്ന് ചിന്തിച്ചു നിന്നിട്ടെന്ത് കാര്യം. ഞാന്‍ കാക്കത്തോടിന്റെ കരയില്‍ നിന്നും മടങ്ങാന്‍ തീരുമാനിച്ചു.

ചെർ‌പ്പുളശ്ശേരി നഗരം
ചെർ‌പ്പുളശ്ശേരി നഗരമാണെന്റെ അടുത്ത ലക്ഷ്യം... അതിലൂടെ അലക്ഷ്യമായി ഞാനലഞ്ഞു. അവിടെ കണ്ട ചരിത്രത്തിന്റെ സാക്ഷികളായ കെട്ടിടങ്ങള്‍, പുരാതന പള്ളികൾ, പ്രാചീന ക്ഷേത്രങ്ങള്‍, വൃദ്ധപാദങ്ങൾ പോലെ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ആൽമരങ്ങൾ... ഒരുപക്ഷേ, 1921 കാലത്തിന് ഒരുപാട് വർഷങ്ങൾക്ക് ശേഷം നിർമ്മിക്കപ്പെട്ടതായിരിക്കാം ആ കെട്ടിടങ്ങള്‍ മിക്കതും... എങ്കിലും, 1921 നോളം എന്റെ ചിന്തകളെ പിന്നിലേക്ക് കൊണ്ടുപോകുന്നതില്‍ ആ പഴയ കാല കെട്ടിടങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ടന്നെനിക്ക് തോന്നിപ്പോകുന്നു. ഒരുപക്ഷേ, മൊയ്തീന്‍ സാഹിബ് അത് കണ്ടിരുന്നിരിക്കുമോ...? അറിയില്ല. അവിടെ കണ്ട പുരാതനമായൊരു ക്ഷേത്രത്തിനു മുന്നിലെ ആല്‍മരത്തിന് 400ല്‍പ്പരം വർഷങ്ങൾ പഴക്കമുണ്ടന്നതിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നത് ഞാൻ കണ്ടു. അതിനു സമീപം ഒരു പഴയകാല ഇല്ലവും കാണുന്നു. അക്കാലത്ത് പുതിയ രൂപത്തില്‍ പണിതൊരു പഴയ കെട്ടിടം. ഇല്ലങ്ങളുടെ പ്രധാന സവിശേഷതയായ നടുമുറ്റവും അതിന്‌ ചുറ്റുമുള്ള നാല് കെട്ടും പിന്നെ മുന്‍വശത്ത് നിന്നും വെളിയിലേക്ക്  തള്ളിയ മുഖപ്പും എന്ന സമ്പ്രദായിക മാതൃകയിൽ നിന്നും വ്യത്യസ്തമായി ഒരു തമിഴ് അഗ്രഹാര മാതൃകയിലുള്ള വലിയൊരു വീടായിരുന്നു അത്. ഇല്ലത്തിന്റെ ക്ഷയം സൂചിപ്പിച്ചു കൊണ്ട്‌ തീര്‍ത്തും പരീക്ഷിണിതമായ കാഴ്ചകളാണ് കെട്ടിടത്തിൽ നിറയെ കാണാൻ കഴിയുന്നത്. ചായം മങ്ങി ഇടിഞ്ഞു പൊളിഞ്ഞ  ചുമര്‍ ഭാഗങ്ങൾ, തകർന്നു വീണു കിടക്കുന്ന ഓട്, ചില്ല് തകർന്ന ജനൽ പാളികൾ... അങ്ങനെ അനേകം ദാരിദ്രത്തിന്റെ അടയാളങ്ങള്‍. മുന്നില്‍ വിശാലമായ മുറ്റത്തിന്റെ ഒരതിരില്‍ മേല്‍ ആലും നേരെ മുന്‍ വശത്ത് തിരക്കാര്‍ന്ന പാതയും കാണാം.

നഗരത്തിൽ ഇരമ്പി നീങ്ങുന്ന ജനങ്ങൾക്കിടയില്‍ എന്റെ സ്വത്തമന്വേഷിച്ച് ഞാൻ അലഞ്ഞു നടന്നു. മുന്നില്‍ കാണുന്ന മനുഷ്യരെ ഒക്കെയും എനിക്ക് ചിരകാല ബന്ധമുള്ളത് പോലെ. ഈ ജനക്കൂട്ടത്തിലെ ആർക്കെങ്കിലും മൊയ്തീന്‍ സാഹിബിനെ അറിയുമായിരിക്കുമോ...? ഇവിടെ ഏതെങ്കിലുമൊരു വീട്ടില്‍ അദ്ദേഹത്തെ സ്മരിക്കുന്നുണ്ടായിരിക്കുമോ...? അദ്ദേഹത്തിന്റെ പരലോക വിജയത്തിന്നായി പ്രാർത്ഥിക്കുന്നുണ്ടായിരിക്കുമോ...? അദ്ദേഹത്തിന് മക്കളായി എന്റെ ഉപ്പാപ്പ ഒഴിച്ച് ബാക്കിയുള്ളതെല്ലാം പെണ്‍മക്കളായിരുന്നു ഉണ്ടായിരുന്നത് എന്ന് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നേർ സഹോദരനും പെണ്‍മക്കള്‍ മാത്രമായിരുന്നത്രെ ഉണ്ടായിരുന്നത്. ആ പെണ്‍മക്കളുടെ പേരമക്കളും അവരുടെ മക്കളും ഈ ജനക്കൂട്ടത്തിനിടയിൽ ഉണ്ടായിരുന്നുരിക്കാം. അവർ അദ്ദേഹത്തെ ഓര്‍ക്കുന്നുണ്ടായിരിക്കുമോ...? ലൈബ്രറി, സാംസ്കാരിക നിലയം, പൊതു സ്ഥലങ്ങള്‍, സ്കൂൾ അങ്ങനെ ഏതെങ്കിലും ഒരു സ്ഥാപനത്തിലെ ആര്‍ക്കെങ്കിലും അദ്ദേഹത്തെ അറിയുമായിരിക്കുമോ...? ചരിത്ര ഗവേഷകര്‍, പ്രാദേശിക ചരിത്രത്തിൽ താല്‍പര്യമുള്ളവർ, വായന കമ്പക്കാർ, ഈ നാടിന്റെ കഴിഞ്ഞ കാലങ്ങളിലെ ചരിത്രങ്ങളെ വായ് മൊഴികളിൽ കാത്തുസൂക്ഷിക്കുന്ന നാടൻ മനുഷ്യർ, അധ്യാപകർ അങ്ങനെ ആരെങ്കിലും അദ്ദേഹത്തെ കുറിച്ച് അറിഞ്ഞിരുന്നിരിക്കുമോ...? തന്റെ വായനകൾക്കോ ഗവേഷണന്വേഷണങ്ങള്‍ക്കോ ഇടയില്‍ കയറി വന്ന 'ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീൻ' എന്നൊരു പേര് അവരെ ഏതാനും നിമിഷമെങ്കിലും ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ടായിരിക്കുമോ...?

അറിയില്ല...

ചെർ‌പ്പുളശ്ശേരി ഹൈ സ്കൂളിൽ പഠിപ്പിച്ചു വരുന്ന മോയികുന്നത്ത് മന ദാസ് മാസ്റ്റർ, സ്കൂൾ സുവനീര്‍ എഡിറ്റര്‍ പ്രീതടീച്ചർ, സ്കൂൾ ഓൺലൈൻ പോര്‍ട്ടൽ എഡിറ്റര്‍ റസിടീച്ചർ, റിട്ടേഡ് അധ്യാപകന്‍ മുരളി മാസ്റ്റർ, പ്രസിദ്ധ ചരിത്രകാരന്‍ രാജേന്ദു... തുടങ്ങിയ അനേകരെ ഞാൻ ബന്ധപെട്ടു. ആർക്കും ഒന്നും അറിവുണ്ടായിരുന്നില്ല. ശുഭം... സാരമില്ല.

ലോകത്തെ ഏതെങ്കിലും ഒരു ഗ്രന്ഥത്തിലെ ഏതെങ്കിലുമൊരു പേജില്‍ വെളിച്ചം കാത്തുകെട്ടി കിടക്കുന്ന കുറേ അക്ഷരങ്ങളിലായി ആ വിവരങ്ങളെന്നെ കാത്തിരിപ്പുണ്ടാകുമെന്നെനിക്ക് ഉറപ്പുണ്ട്. ആ വലിയ പ്രതീക്ഷ നല്‍കുന്ന ഊർജ്ജവുമായി കൊടുവായക്കൽ പുത്തൻ പുരക്കല്‍ പാത്തുട്ടിയുടെ യാത്ര ഓര്‍മ്മകളെ മനസ്സിലേക്കാവാഹിച്ച് സന്ധ്യയോടെ ഞാനെന്റെ വീട്ടിലേക്ക് മടങ്ങി.

No comments:

Post a Comment