തലതാഴ്ത്തി ഇപ്പൊ മരിച്ച് വീഴുമെന്നോണമുള്ള ഒരു കുഞ്ഞും, സമീപം ആ കുഞ്ഞിന്റെ മരണത്തെ കാത്തെന്നോണമൊരു കഴുകനും.
ദക്ഷിണാഫ്രിക്കൻ പൗരനായ കെവിന്‍ കാര്‍ട്ടറുടെ ക്യാമറ ലൻസിൽ വിരിഞ്ഞ ആ അപൂര്‍വ്വ നിമിഷം ലോകത്ത് ഏറെ സംവാദങ്ങൾക്കാണന്ന് വഴി മരുന്നിട്ടത്. ആഫ്രിക്കൻ രാജ്യങ്ങളിലെ പട്ടിണി പരിവെട്ടങ്ങളെക്കുറിച്ചും അവർ നേരിടുന്ന തുല്യതയില്ലാത്ത നീതി നിഷേധത്തെക്കുറിച്ചുമൊക്കെയുള്ള അനേകം ചർച്ചകളതിനെ തുടർന്ന് ലോകത്തെമ്പാടും പൊട്ടിപുറപ്പെട്ടു. അതോടൊപ്പം തന്നെ ആ ഫോട്ടോഗ്രാഫറുടെ മനുഷ്യത്വമില്ലായ്മയെക്കുറിച്ചും പല കോണില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നു.
മരിച്ചു മറിഞ്ഞ് വീഴാന്‍ കാത്തിരുന്ന ആ കുഞ്ഞിനെ ആ കഴുകൻ പിന്നീട് ഭക്ഷണമാക്കിയോ ഇല്ലയോ എന്നൊന്നും പിന്നീടറിവുണ്ടായില്ലെങ്കിലും, കേവലമൊരു ഫോട്ടോ മാത്രമെടുത്ത ശേഷം ആ കുഞ്ഞിനെ കഴുകന് വിട്ടുകൊടുത്ത് രംഗം വിട്ട കെവിന്‍ കാര്‍ട്ടര്‍ വ്യാപകമായ എതിര്‍പ്പാണന്ന് മധ്യമ ലോകത്തിൽ നിന്നും ക്ഷണിച്ചുവരുത്തിയത്. അദ്ദേഹമൊരു യാഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്റെ എത്തിക്സിനു വിപരീതമായാണ് നീങ്ങിയതെന്ന് വ്യാപകമായി പ്രതിഷേധമിരമ്പി.
ആ കുഞ്ഞിനെ അവന്റെ അമ്മയുടെ അടുത്ത് എത്തിക്കാമായിരുന്നു, ഭക്ഷണം ലഭ്യമാക്കാമായിരുന്നു, സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കാമായിരുന്നു, റെഡ് ക്രോസ്, യു എൻ തുടങ്ങിയ സംഘാടനകളെയെങ്കിലും ഏല്‍പ്പിക്കാമായിരുന്നു. ഇതൊന്നും ചെയ്തില്ലെങ്കിലും... ആ പക്ഷിയെ അവിടുന്നൊന്ന് ആട്ടിയകറ്റുകയെങ്കിലും ചെയ്യാമായിരുന്നില്ലേ എന്ന് ലോകം കെവിനോട് ചോദിച്ചു.
ഒടുക്കം, വലിയ മാനസിക സംഘർഷത്തിലായ കെവിന്‍ എല്ലാ ചോദ്യത്തിനും ഒരൊറ്റ ഉത്തരം നല്‍കിക്കൊണ്ട് ആത്മഹൂതിയുടെ വഴി തിരഞ്ഞെടുക്കുകയാണുണ്ടായത്.
ഇനി മറ്റൊരു കാര്യം പറയാം.
തൊട്ടടുത്തുള്ള ഈ ചിത്രങ്ങൾ കണ്ടാൽ കെവിന്‍ കാർട്ടറുടെ ചിത്രവുമായി വലിയ തോതിലുള്ള സമാനത തോന്നുമെങ്കിലും... 2008ൽ ചൈനീസ് ഫോട്ടോഗ്രാഫറായ ക്സൂ സെൻ 'സുഡാനിലെ ദാരിദ്ര്യം' എന്ന പേരിലെടുത്ത ചില ചിത്രങ്ങളാണത്.
ഗിനിയയിൽ നിന്നും ചൈനയിലേക്ക് കുടിയേറിയൊരു ആഫ്രിക്കൻ കുടുംബത്തിലെ കുഞ്ഞിനെയാണ് ക്സൂ അതിനുള്ള മോഡലായി തിരഞ്ഞെടുത്തത്. ഈ ഫോട്ടോക്കൊപ്പമുള്ള മേക്കിങ്ങ് വീഡിയോയിൽ ആ കുഞ്ഞുമായി കളിച്ചുല്ലസിക്കുന്ന ക്സൂവിനെ കാണാൻ കഴിയും. കുഞ്ഞിന് ചോക്ലേറ്റ് നല്‍കിക്കൊണ്ടും കുഞ്ഞിന്റെ മാതാവുമായി സംസാരിച്ചും ക്സൂ ആ ചിത്രങ്ങൾ ആഘോഷ പൂര്‍വ്വം പകർത്തുന്നതായാണ് വീഡിയോയിൽ കാണാൻ കഴിയുക.
ഒരു കാലത്ത് മനുഷ്യത്വമില്ലായ്മയെകുറിച്ച് വ്യാപകമായി വിമര്‍ശനമുയർന്നൊരു ചിത്രത്തെ തന്നെ തീമായി ഉപയോഗിച്ച് ഒരു യഥാർത്ഥ ഫോട്ടോഗ്രാഫറുടെ സമൂഹിക പ്രതിബദ്ധത എപ്രകാരമായിരിക്കണമെന്ന് ഉയർത്തി പിടിക്കാനാണ് ക്സൂ ഈ ചിത്രത്തിലൂടെ ശ്രമിച്ചതെന്ന് തോന്നുന്നു.
2018ലെ ഷാർജ ബിനാലെയിൽ നിന്നാണ് ഞാനിത് പകർത്തുന്നത്.


No comments:
Post a Comment