അബുദാബിയിലെ ലോകോത്തര എക്സിബിഷൻ വേദിയായ മനാറാത്ത് സാംസ്കാരിക നഗരം ഞാനൊരിക്കൽ സന്ദര്‍ശിച്ചിട്ടുണ്ട്. നിരനിരയായി വച്ച് പിടിപ്പിച്ചിട്ടുള്ള ഈത്തപ്പനകളും ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന മനോഹരമായ പ്രകാശ സംവിധാനങ്ങളും നിറഞ്ഞൊരു വലിയ മൈതാനിയാണത്. അതിന്റെ ഒരറ്റത്ത് മനാറാത്ത് സാദിയാത്ത് എന്ന പ്രധാന പ്രദര്‍ശനഹാൾ. മനോഹരമായൊരു ചില്ലു നിര്‍മ്മിതിയാണത്. അതിനുള്ളിലാണ് 2018 ഡിസംബറോടെ പ്രവര്‍ത്തനം തുടങ്ങിയ ഗാന്ധി-സായിദ് ഡിജിറ്റൽ എക്സിബിഷൻ സംവിധാനിച്ചിരിക്കുന്നത്.
യുഎഇയുടെ രാഷ്ട്ര സ്ഥാപകന്‍ ശൈഖ് സായിദ് അൽ നഹ്യാന്റേയും ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെയും പ്രവർത്തന മേഖലയിലെ സമാനതകളെക്കുറിച്ചും, അവരുടെ ജീവിതത്തിലെ മനുഷ്യത്വപരമായ മൂല്യങ്ങൾ, അവർ നിലകൊണ്ട ആശയാദദര്‍ശങ്ങൾ തുടങ്ങിയവയെക്കുറിച്ച് വാചാലമാകുന്ന വിപുലമായൊരു പ്രദര്‍ശനമാണവിടെ സങ്കടിപ്പിച്ചിട്ടുള്ളത്. അതിനായി ഇന്ത്യയിലെ മഹാത്മാഗാന്ധി ഡിജിറ്റൽ മ്യൂസിയത്തില്‍ നിന്നും കൊണ്ടുവന്ന ചില വസ്തുവഹകളുമവിടെ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്.
2019 മാർച്ച് വരെയാണ് പ്രദര്‍ശന കാലയളവ്. യുഎഇയില്‍ 2018ല്‍ കൊണ്ടാടപ്പെട്ട സായിദ് വര്‍ഷത്തിന്റെയും (year of Zayed) ഈ വര്‍ഷമായ 2019ൽ കൊണ്ടാടപ്പെടുന്ന സഹിഷ്ണുത വര്‍ഷത്തിന്റേയും (year of tolerance) പാത പിന്തുടര്‍ന്നാണ് ഇത്തരമൊരു പ്രദര്‍ശനം അവിടെ സാധ്യമാക്കിയതെന്നെനിക്ക് തോന്നുന്നു. കൂടാതെ, ഇന്ത്യയിൽ ഇതേ വര്‍ഷം മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിനാഘോഷങ്ങള്‍ നടക്കുന്ന കാലവുമാണ്.
പ്രദര്‍ശനത്തിന്റെ ഉദ്‌ഘാടനം യുഎഇ സാംസ്കാരിക മന്ത്രി നൗറ അല്‍ കാബിയാണ് നിര്‍വ്വഹിച്ചിരുന്നത്. ഉദ്ഘാടന പ്രസംഗത്തിലവർ പറഞ്ഞു.
"ഇത്തരമൊരു പ്രദര്‍ശനം ഒരുപക്ഷേ ഈ മേഖലയിലെ ആദ്യത്തെതായിരിക്കാം. നമ്മുടെ നാടിന്റെ സാംസ്കാരിക തനിമയും സഹിഷ്ണുതയുമാണ് ഇതിലൂടെ എടുത്തുകാണിക്കപ്പെടുന്നത്. നമുക്കിടയിലൂടെ കടന്നുപോയ രണ്ട് നേതാക്കള്‍ എപ്രകാരമാണ് അവരുടെ ജനതക്കുമേല്‍ സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും വിത്തു പാകിയതെന്ന് ഈ പ്രദര്‍ശനം നമ്മോട് വിളിച്ച് പറയുന്നു"
മന്ത്രിയുടെ വാക്കുകളെ അനുസ്മരിപ്പിക്കും വിധം തന്നെയായിരുന്നു അതിനകത്തെ ഓരോ കാഴ്ച്ചകളും. ആധുനിക രീതിയില്‍ സചിത്ര സഹിതമുള്ള വിശദീകരണങ്ങളും വീഡിയോകളും കൂടാതെ ഇരുനേതാക്കളുടെയും വിവിധ അര്‍ധകായ പ്രതിമകളും ജീവിത്തിന്റെ വിവിധ ഘട്ടങ്ങളിൽ പകര്‍ത്തിയ ചിത്രങ്ങളുമവിടെ ധാരാളകണക്കിനുണ്ടായിരുന്നു. പ്രദര്‍ശനയിടത്ത് ക്യാമറ അനുവദിക്കപ്പെടത്താതിനാൽ അവയുടെ ചിത്രങ്ങളൊന്നുമെനിക്കെടുക്കാൻ സാധിച്ചില്ല എന്ന് വേദനയോടെ പറയട്ടെ.
മനാറാത്തല്‍ സാദിയാത്ത് ഹാളിലെ പ്രദര്‍ശനം കണ്ടിറങ്ങുമ്പോൾ എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ കുറിക്കാനാണ് ഞാനീ ബ്ലോഗ്ഗെഴുതുന്നത്.
പ്രദര്‍ശനത്തിൽ ഗാന്ധിജിയെ കുറിച്ചും ഇന്ത്യയെ കുറിച്ചുമുള്ള വിശദീകരണങ്ങൾ അപൂര്‍ണ്ണമാണന്നെന്റെ മനസ്സെന്നോട് പറയുന്നുണ്ടായിരുന്നു. കാരണം, യുഎഇ... തങ്ങൾ ഒറ്റകെട്ടായി നിന്നതിന്റെ മഹാവിജയത്തെക്കുറിച്ച് ശൈഖ് സായിദിന്റെ പ്രവർത്തനങ്ങളുടെ പരിപ്രേക്ഷ്യത്തിൽ വാചാലമാകുന്നുണ്ടങ്കിലും, ഇന്ത്യ ആ മേഖലയിലനുഭവിച്ച തുല്യതയില്ലാത്ത കടുത്ത സാഹചര്യങ്ങളെക്കുറിച്ചും തീക്ഷ്ണമായ നാളുകളെക്കുറിച്ചും അതിലൊരിടത്തും പറയാതെ വിട്ടത് എന്തുകൊണ്ടായിരിക്കാം എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. ഗാന്ധിജി തന്റെ ആത്മാർത്ഥമായ കര്‍മ്മങ്ങൾ, വീരചരമം തുടങ്ങിയവയിലൂടെ അതിൽ വിജയിച്ചവനായെങ്കിലും സര്‍വ്വ ഇന്ത്യക്കാരും അഥവാ ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ മനുഷ്യര്‍ മുഴക്കെയും പരാജയപ്പെട്ടൊരു കാര്യമായിരുന്നതെന്ന് ആർക്കെങ്കിലും നിഷേധിക്കാൻ സാധിക്കുമോ. ഒരുപക്ഷേ, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കൊണ്ടായായിരിക്കാം യുഎഇ അക്കാര്യങ്ങൾ പറയാതെ പോയത് എന്ന് ഞാന്‍ കരുതുന്നു.
ഒരു കാലത്ത് യുഎഇയിലെ എമിറേറ്റുകളെല്ലാം സ്വയം ഭരണാധികാരമുള്ള അനേകം നാട്ടുരാജ്യങ്ങളായി വിഘടിച്ചു കിടക്കുകയായിരുന്നു. ശൈഖിംഗ്ടം എന്ന പേരിലാണ് ആ രാജ്യങ്ങൾ അന്നറിയപ്പെട്ടിരുന്നത്. ആ പേരിനു പിന്നിലൊരു കാരണമുണ്ട്. അറബികള്‍ക്കിടയിൽ രാജാവ്, സുല്‍ത്താന്‍ എന്നീ പദങ്ങളേക്കാൾ ആഢ്യത്വം നല്‍കുന്നൊരു പദമാണ് ശൈഖ്. പണ്ഡിതന്‍, പണക്കാരന്‍, സ്വാധീനമുള്ളവൻ, അധികാരി, നേതാവ് തുടങ്ങിയ നിരവധി അര്‍ത്ഥങ്ങളും പദവികളൊക്കെ ആ ഒരൊറ്റ വാക്കില്‍ അടങ്ങിയിരിപ്പുണ്ട്. അതിനാല്‍ തന്നെ ശൈഖന്മാർ ഭരിക്കുന്ന പ്രദേശം എന്ന നിലയില്‍ മേല്‍ നഗരരാജ്യങ്ങൾ ശൈഖിംഗ്ടം എന്നറിയപ്പെട്ടു.
തീര്‍ത്തും മണല്‍ കൊണ്ട് മൂടിയ അനേകം മൊട്ട മലനിരകൾ നിറഞ്ഞ ഈ ഭൂമികയില്‍ ജീവിതം അസാധ്യമാണന്ന് പുറമെയുള്ള നമുക്ക് തോന്നാമെങ്കിലും, അവിടങ്ങളിലോരോ തീരപ്രദേശങ്ങളും കേന്ദ്രീകരിച്ച് രൂപപ്പെട്ട ഓരോ ജനപദങ്ങൾ കാലക്രമത്തില്‍ ഓരോ നാട്ടുരാജ്യങ്ങളായി പരിണാമിച്ചു. നികുതി പിരിവ്, നീതി ന്യായം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി ആഭ്യന്തരം, വിദേശ ബന്ധം, സമുദ്ര രക്ഷ തുടങ്ങിയ സകലമാന കാര്യങ്ങളിലും അവര്‍ക്ക് സ്വതന്ത്രമായ നിലപാടുണ്ടായിരുന്നു. അവര്‍ക്കിടയിലേക്കാണ് ഒരുമിച്ച് നില്‍ക്കുവാനുള്ള ആഹ്വാനവുമായി അബുദാബിയുടെ ഭരണാധികാരി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നെഹ്യാൻ കടന്ന് വരുന്നത്.
ബ്രിട്ടീഷുകാരുടെ ഇന്ത്യക്കുമേലുള്ള സ്വാധീനം അവസാനിച്ച ഘട്ടത്തില്‍ ട്രൂഷ്യൽ സംസ്ഥാനങ്ങളെന്ന പേരിൽ അവര്‍ക്കു കീഴ്പ്പെട്ടിരുന്ന മേല്‍ അറബ് രാജ്യങ്ങളെ ബ്രിട്ടൺ കയ്യൊഴിഞ്ഞ് വന്നിരുന്ന ഒരു സാഹചര്യം കൂടി അന്നവിടെ സംജാതമായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് യാത്ര മാര്‍ഗ്ഗം തീരെ ഇല്ലായിരുന്ന 1970കളിൽ കഠിനമായ കാലാവസ്ഥയും കുന്നും മലകളും മണല്‍ കാടുകളും കയറിയിറങ്ങി ഓരോ തീരപ്രദേശങ്ങളിലുമുള്ള അറബ് നേതാക്കളെ കാണാൻ ശൈഖ് സായിദ് ഇറങ്ങിപ്പുറപ്പെടുന്നത്. യുഎഇയുടെ തെക്കന്‍ സംസ്ഥാനമായ ഫുജൈറയിലേക്കിന്നുള്ള വിശാലമായ പാതയുടെ ഇരു വശത്തേക്കും നോക്കിയാൽ ഒരു കാലത്ത് മേല്‍ പ്രദേശം എത്ര കാഠിന്യമുള്ളതായിരുന്നെന്ന് നമുക്ക് ബോധ്യമാകും.
മൊട്ടകുന്നുകളും അതിനിടയിലെ പൊടിപാറുന്ന മണല്‍കാടും താണ്ടി ശൈഖ് സായിദ് തങ്ങൾ ഒന്നിച്ച് നില്‍ക്കേണ്ട ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും അറബികളെ ബോധവാന്മാരാക്കി. അതിന്റെ ഫലം കൂടിയാണ് വെത്ത്യസ്ഥ രാജ്യങ്ങളായി വിഭജിച്ച് കിടക്കേണ്ടിയിരുന്ന മേല്‍ അറബ് പ്രദേശങ്ങൾ ഒരൊറ്റ ജനതയായി മാറിയത്. വിഭജനത്തിന് പകരം സഹകരണത്തിന്റെ പാതകള്‍ വെട്ടി തുറന്നാല്‍ ചരിത്രം തന്നെ അവര്‍ക്ക് മുന്നില്‍ വഴിമാറുമെന്നുള്ളതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് കാലങ്ങള്‍ക്കിപ്പുറത്തെ യുഎഇയുടെ ഇന്നത്തെ വളര്‍ച്ചയും പുരോഗതിയും.
1945നും തുടർന്നുള്ള രണ്ട് വര്‍ഷക്കാലവും ഇന്ത്യയില്‍ ഉയർന്ന് വന്നതും ആ സാഹോദര്യത്തിന്റെ സന്ദേശം തന്നെയായിരുന്നു. ജിന്നയും തീവ്രഹിന്ദുത്വ വക്താക്കളും വിഭജനാശയവുമായി ഇന്ത്യൻ രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വരുമ്പോള്‍ ഗാന്ധിജി അതിനെ സ്നേഹം കൊണ്ടാണ് പ്രതിരോധിക്കാന്‍ ശ്രമിച്ചത്. അതിനായി ശൈഖ് സായിദിന്റെ യാത്രപോലെ ഗാന്ധിജിയും ഇന്ത്യയിലൊട്ടാകെ സഞ്ചരിച്ചു. എന്നാൽ, കേള്‍ക്കേണ്ട ചെവികളൊന്നും തന്നെയത് കേട്ടില്ല. കാണേണ്ട കണ്ണുകളൊന്നും തന്നെയത് കണ്ടില്ല. പകരം, ഡല്‍ഹിയിലെ ബിര്‍ള മന്ദിര ചുവരുകള്‍ക്കിടയിൽ മാത്രമായത് പ്രതിധ്വനിച്ച് നിന്നു.
മതാടിസ്ഥാനത്തിലുള്ള ആ വിഭജനം അക്രമത്തിന്റേതായ ഭീകരരൂപം പ്രാപിച്ചതോടെ ഗാന്ധിജി പ്രഖ്യാപിച്ചു.
"ഞാനുത്തമനായൊരു മുസ്ലിമാണ്. കാരണം, ഞാനൊരുത്തമനായ ഹിന്ദുവായത് കൊണ്ട്" എന്ന്.
പക്ഷേ, അപ്പോഴേക്കും സമയമേറെ വൈകിയിരുന്നു. ഹിന്ദുവിന് ഇന്ത്യയും മുസല്‍മാന് പാകിസ്താനുമെന്ന ആശയം രാജ്യത്താകെ പടർന്നു കയറി, രക്തത്തിന്റെ നിറമുള്ള മിന്നലിന്റെ അകമ്പടിയോടെ വലിയൊരു പേമാരിയായത് രാജ്യത്തിനു മീതെ വർഷിച്ചു. 1970കളിൽ ശൈഖ് സായിദ് നടന്ന വഴിത്താരകളേക്കാൾ ദൈർഘ്യമേറിയ വഴികളിലൂടെയായിരുന്നു ഗാന്ധിജി എന്ന ആ വന്ദ്യവായോധികൻ നമുക്ക് വേണ്ടി നടന്ന് താണ്ടിയത്. പക്ഷേ, മതംകൊണ്ട് ഉന്മത്തരാക്കപ്പെട്ട ഒരു ജനതയും, അവരുടെ നേതാക്കളുടെ സ്വാര്‍ത്ഥമായ അധികാര മോഹവും, അധിനിവേശകരുടെ കുടിലതകളുമെല്ലാം കൂടി ഈ രാജ്യത്തെ വെട്ടി മുറിച്ച് കഷ്ണങ്ങളാക്കി മാറ്റി.
മുസ്ലിമിന് പാകിസ്താനും ഹിന്ദുവിന് ഇന്ത്യയുമെന്ന്.
പിന്നീട് ലോകം കണ്ടത് ലോകത്തിന്നേവരെ ഉണ്ടായതിൽ വച്ചേറ്റവും ബൃഹത്തായ വെട്ടിമുറിക്കല്‍ നടപടികളായിരുന്നു. മനുഷ്യന്‍ മനുഷ്യനെ കേവലമൊരു മതമായി മാത്രം കണ്ട നാളുകള്‍. അതിന്റെ ഭീകരതയെക്കുറിച്ച് ബോധ്യമാകാൻ പ്രശസ്ത ചരിത്രകാരന്മാരായ ലാരി കോളിന്‍സ്, ഡൊമിനിക് ലാപിയർ എന്നിവരെഴുതിയ 'സ്വതന്ത്രം അര്‍ദ്ധരാത്രിയിൽ' എന്ന ഗ്രന്ഥത്തിലെ വരികളിലൂടെ കണ്ണോടിച്ചാൽ മാത്രം മതിയാകും. അതിര്‍ത്തി പ്രദേശങ്ങളിലെ സർക്കാർ മന്ദിരങ്ങളിലുള്ള സ്പൂണും പേപ്പറും വരെ എണ്ണി ഇരുകൂട്ടര്‍ക്കും വീതിച്ച് കൊടുക്കേണ്ടി വന്ന ആഭാസകരമായ ദിനങ്ങള്‍.
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പലായന പാതയിലൂടെ അവർ കൊന്നും കൊലവിളിച്ചും നടന്നുനീങ്ങുമ്പോള്‍ ഗാന്ധിജി ഡല്‍ഹിയിലെ ഏതോ ഇരുണ്ട ഗല്ലിയിൽ വേദനയോടെ നിരാഹാരമനുഷ്ഠിക്കുകയായിരുന്നു. വിഭജനമല്ല ഒന്നിച്ചു നില്‍ക്കലാണ് നല്ല നാളെയുടെ നിര്‍മ്മിതിക്ക് വേണ്ടതെന്നും, ഹിന്ദുവും മുസല്‍മാനും പരസ്പര ശത്രുക്കളല്ലന്നും ഒരൊറ്റ അമ്മ പെറ്റ മക്കളാണെന്നും നീരുവറ്റിയ തൊണ്ടകൊണ്ടദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചെങ്കിലും ആരുമത് കേൾക്കാനുണ്ടായിരുന്നില്ല.
അവർ പരസ്പരം തീ വാരി എറിഞ്ഞ് കത്തി ചാമ്പലായികൊണ്ടിരുന്നു. ഇന്നുമത് നിഷേശം തുടരുന്നല്ലോ എന്നോർക്കുമ്പോൾ അപമാന ഭാരത്താൽ തല കുനിഞ്ഞ് പോകുന്നു.
നാടിനെ വെട്ടിമുറിച്ച് പോലും കലി തീരാത്ത ആ മനുഷ്യരൊടുവിൽ... രണ്ടാളുടെ തോളില്‍ കൈയൂന്നി മാത്രം നടന്ന് നീങ്ങാൻ സാധിക്കുന്ന ആ വൃദ്ധന്റെ നെഞ്ചിലേക്ക് നിറത്തോക്ക് പ്രയോഗം ചെയ്താണ് അവരുടെ വിഭജനം സമ്പൂര്‍ണ്ണമാക്കിയത്. വെടിയേറ്റ് വീഴുന്നതിന്റെ തൊട്ടു മുമ്പുവരെ പോലും അവിടെയന്ന് മുഴങ്ങിയിരുന്നത് അക്രമരാഹിത്യത്തിന്റേയും പരസ്പര സ്നേഹ സഹവർതിത്തത്തിന്റേയും സന്ദേശമായിരുന്നു എന്നുള്ളത് ചരിത്രത്തിലെ ഒരു വിരോധാഭാസമായി തോന്നാം.
വെത്ത്യസ്ഥ രാജ്യങ്ങളായി വിഭജിച്ച് കിടക്കേണ്ടിയിരുന്ന സപ്ത നാട്ടുരാജ്യങ്ങളെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്ന് ഒരു ജനതയാക്കി മാറ്റിയ യുഎഇയുടെ രാഷ്ട്രനായകന്‍ ശൈഖ് സായിദും... ഇന്ന് വിഭിന്ന രാജ്യങ്ങളായി മാറി പരസ്പരം തമ്മിലടിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാശ്ട്രങ്ങളെ ഒരുമിച്ചു നിൽക്കാനുപദേശിച്ചതിന്റെ പേരില്‍ ഹിന്ദുത്വ ഫാസിസ്റ്റുകളാൽ വെടിയുണ്ടകളേറ്റു വാങ്ങിയ ഗാന്ധിജിയും ഉയർത്തിവിട്ടത് ഒരൊറ്റ ആശയമായിരുന്നു. അത് സാഹോദര്യത്തിന്റെ വെളിച്ചമായിരുന്നു. ശൈഖ് സായിദ് അതിൽ വിജയിച്ചു. മരണം വരിച്ചാണെങ്കിലും ഗാന്ധിജിയും വിജയിച്ചു. പരാജയപ്പെട്ടത് നമ്മൾ മാത്രമാണ്... വിഡ്ഢികളായ നമ്മൾ മാത്രം.
ശുഭം.




No comments:
Post a Comment