ആദ്യമായി ഇസ്‌ലാമിലേക്ക് കടന്ന് വന്ന പ്രമുഖരിലൊരാൾ, അതു കാരണം പിതൃവ്യനായ ഹകത്തിൽ നിന്നും ഏറെ ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്നവന്‍. പക്ഷേ, എന്ത് ശിക്ഷ നൽകിയാലും ഇസ്‌ലാമിനെ താന്‍ കയ്യൊഴിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. അതിനാല്‍, ഏറെ നാളത്തെ പരിശ്രമ ശേഷം ഹകം അദ്ദേഹത്തെ അഴിച്ചു വിട്ടു. പിന്നീട്, ആദ്യമായി കുടുംബ സമേതം എത്യോപ്യയിലേക്ക് പലായനം ചെയ്തത് ഉസ്മാനായിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ രണ്ട് പുത്രിമാരെയാണ് ഉസ്മാന്‍ വിവാഹം ചെയ്തിരിക്കുന്നത്. ആദ്യം റുഖിയ്യയെ. അവരുടെ മരണ ശേഷം ഉമ്മുഖുൽസൂം. അതിനാല്‍, രണ്ട് വിളക്കുകളുടെ ഉടമ എന്നദ്ദേഹം അറിയപ്പെടുന്നു.
ദുന്നൂറൈനി...
നബിയോടൊപ്പം ബദർ ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും ഉസ്മാന്‍ പങ്കെടുത്തിട്ടുണ്ട്. ബദർ യുദ്ധ വേളയിൽ ഭാര്യ റുഖിയ്യക്ക് കലശലായ രോഗം വന്നു. അതറിഞ്ഞ പ്രവാചകൻ കൽപ്പിച്ചു.
"രോഗിയായ ഭാര്യയെ ശുശ്രൂഷിക്കലാണ് വിശുദ്ധ യുദ്ധത്തേക്കാൾ താങ്കള്‍ക്കിപ്പോൾ അഭികാമ്മ്യം" എന്ന്.
അക്കാലത്തൊരിക്കല്‍ മദീനയിൽ വെള്ളത്തിന് വലിയ ക്ഷാമം നേരിട്ടത്രെ. റുമ്മാത്ത് അൽ ഖിഫ്ഫാരി എന്നൊരു ജൂതന്റെ കിണറിൽ വെള്ളം സുലഭമായുണ്ടായിരുന്നു. എന്നാൽ, കച്ചവട സാധ്യത മുന്നില്‍ കണ്ട റുമ്മാത്ത് വെള്ളത്തിന് വലിയ വിലയിട്ട് വില്‍ക്കാൻ തുടങ്ങി. ദാരിദ്ര്യരാരായ മദീന നിവാസികളെ ഇത് കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തിയത്. അവരിലെ പണമില്ലാത്തവർ എന്ത് ചെയ്യും. അവർ വിവരം പ്രവാചകരെ അറിയിച്ചു.
വിവമറിഞ്ഞ മദീനയുടെ നേതാവിന്റെ മനസ്സലിഞ്ഞു. അവിടുന്ന് പറഞ്ഞു.
"ആരാണ് മദീന നിവാസികള്‍ക്കായി ആ കിണറൊന്ന് വാങ്ങി നല്‍കുക... എങ്കിൽ, ഞാനുറപ്പ് നല്‍കുന്നു... ലോകാവസാനം വരെ വറ്റാത്ത ഉറവ പോലെ അയാളിലേക്കതിന്റെ പുണ്യം പരന്നൊഴുകിയിരിക്കും" എന്ന്.
കേള്‍ക്കേണ്ട താമസം മേല്‍ ഉസ്മാൻ ഇബ്നു അഫ്ഫാൻ അതിനായി മുന്നോട്ട് വന്നു
"താനതിന് തയ്യാറാണ് പ്രവാചകരെ"
തുടർന്ന്, റുമ്മാത്തിൽ നിന്നും ആ കിണർ വലിയ വില കൊടുത്ത് വാങ്ങി ക്രിസ്ത്യനും ജൂതനും മുസ്ലീമുമടങ്ങുന്ന മദീനയിലെ സകല മനുഷ്യര്‍ക്കുമായത് തുറന്ന് നല്‍കിയെന്നാണ് കഥ.
മദീനയിലെ ആ കിണറും അതിനു ചുറ്റുമുള്ള തോട്ടങ്ങളും ഇന്നും സജീവമായി തന്നെ അവിടെ നിലനിന്നു വരുന്നുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയുമോ. അദ്ദേഹത്തിന്റെ തലമുറ ഇന്നും ആ തോട്ടത്തിലെ വരുമാനമെടുത്ത് പാവങ്ങൾക്കിടയിൽ വിതരണം ചെയ്ത് വരുന്നുവത്രെ. അതിനായി ഒരെക്കൗണ്ടുമവിടെ നിലവിലുണ്ടത്രെ. 1365 വർഷങ്ങൾക്കിപ്പുറത്തും ആ ബേങ്കിൽ കൃത്യമായി പണം നിക്ഷേപിക്കപ്പെടുന്നു. ജനസേവന പ്രവർത്തനങ്ങൾക്കായത് ചിലവഴിക്കപ്പെടുന്നു. വീണ്ടും അക്കൗണ്ടിൽ പണമെത്തുന്നു... വീണ്ടും പാവങ്ങളെ തേടിയതിറങ്ങുന്നു.
ഞാൻ പ്രവാചകന്റെ ആ വാക്കുകൾ ഒരിക്കല്‍ കൂടി ഓര്‍ത്തു.
"ആരാണ് മദീന നിവാസികള്‍ക്കായി ആ കിണറൊന്ന് വാങ്ങി നല്‍കുക... എങ്കിൽ, ഞാനുറപ്പ് നല്‍കുന്നു... ലോകാവസാനം വരെ വറ്റാത്ത ഉറവ പോലെ അയാളിലേക്കതിന്റെ പുണ്യം പരന്നൊഴുകും" എന്ന്.
ശുഭം.


No comments:
Post a Comment