Monday, 19 August 2019

കഫിയ

പ്രവാസ ലോകം ചരിത്രമയമുള്ളതാണ്. അതിന്റെ ആഴത്തിലേക്ക് നൂണ്ടിറങ്ങിയാൽ ഗ്രന്ഥത്താളുകൾക്കുള്ളിൽ മയങ്ങികിടക്കുന്ന അനേകം സന്ദര്‍ഭങ്ങളുടെ പൊട്ടും പൊടിയും നമുക്ക് കാണുവാന്‍ സാധിക്കും. കാരണം, വിഭിന്നമായ അനേകം ഗ്രാമങ്ങള്‍, നഗരങ്ങള്‍, രാഷ്ട്രങ്ങള്‍ തുടങ്ങിയവനിന്നും വരുന്ന അനേകമാളുകളെയവിടെ ദിനേനയെന്നോണം നമുക്ക് കാണാൻ കഴിയും. ചരിത്ര പുസ്തകത്തില്‍ വായിച്ചു തള്ളിയ ഏതെങ്കിലുമൊരു ഭയങ്കമഹാ സംഭവം നടന്നത് ഒരുപക്ഷേ അതിലെ ആരുടേയെങ്കിലുമൊരാളുടെ അയല്‍പക്കത്തായിരിക്കാം. അല്ലെങ്കിൽ, ചരിത്രത്തിൽ വായിച്ചറിഞ്ഞ ഏതെങ്കിലുമൊരു നേതാവ്, ശാസ്‌ത്രജ്ഞൻ, പീഢിതൻ, പര്യവേക്ഷകൻ തുടങ്ങിയവരുടെ അയല്‍വാസിയും ആയിരുന്നിരിക്കാം അവർ. അതുമല്ലെങ്കിൽ, അവരുടെ തലമുറയോ കുടുംബമോ ആകാം.

ചാച്ചാ...

പ്രവാസ ലോകത്തു നിന്നും ഞാന്‍ പരിചയപ്പെട്ടൊരു പഞ്ചാബിയാണ് കക്ഷി. പിന്നീട് ഞങ്ങൾ വലിയ സുഹൃത്തുക്കളായി മാറി. അവ്യക്തമായ ഭാഷയിൽ ഹിന്ദിയും, പഞ്ചാബിയും ഇടകലർത്തിയാണ് അദ്ദേഹമെന്നോട് സംസാരിക്കാറ്. ഒരിക്കല്‍, അയാളെന്നോട് പറഞ്ഞു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന നക്ഷത്രമായ ഭഗത് സിങിന്റെ വീടിന്‌ തൊട്ടടുത്താണ് പഞ്ചാബിലെ തന്റെ വീടെന്ന്. ആ ധീര വിപ്ലവകാരിയുടെ കുടുംബാംഗങ്ങളെ ദിവസവുമയാൾ കാണുന്നു. സംസാരിക്കുന്നു... ചിരിക്കുന്നു... സല്ലപിക്കുന്നു. ഒരിക്കലവരുമായി തനിക്ക് വഴക്കിടേണ്ടിയും വന്നിട്ടുണ്ടെന്നയാൾ പറഞ്ഞ്‌ നിർത്തി.

അത്ഭുദം...

ആ ധീര രക്തസാക്ഷിയുടെ അയല്‍ക്കാരൻ ചാച്ചാ...

ചാച്ചായുടെ കഥ അവിടെ നില്‍ക്കട്ടെ. ഇനി മറ്റൊരു കാര്യം പറയാം...

ഓഫീസ് സമയം ഇടക്കിടെ ചില്ലറ പണികളും വർത്തമാനങ്ങളുമൊക്കെയായി എന്നെ കാണാൻ വരുന്ന എന്റെ മറ്റൊരു സുഹൃത്താണ് നാസര്‍ അല്‍ ജൂബേലി. ഫലസ്തീനി സ്വദേശിയായ സുമുഖനായൊരു യുവാവ്. ഫലസ്തീനിലെ ഏറ്റവും പടിഞ്ഞാറെ തുരുത്തായ ഗസ്സ എന്നൊരു പ്രദേശത്തു നിന്നുമാണവന്‍ വരുന്നത്. അതി ഭീകര ഭീകരങ്ങളായ അനേകം യുദ്ധ കഥകളുടെ ഓര്‍മ്മകള്‍ വിഹരിക്കുന്ന ചെറിയൊരു നഗര രാജ്യമാണ് ഗസ്സ. അവിടെ ഈജിപ്തിലേക്ക് തുറക്കുന്ന റഫ എന്നൊരു അതിർത്തി പ്രദേശമുണ്ട്. ആ ഗ്രാമത്തിന്റെ തന്നെ പേരായ റഫ എന്നാണ് ആ കവാടത്തിന് നല്‍കിയിരിക്കുന്ന പേരും. റഫ കവാടം. മേല്‍ അതിർത്തിയുടെ തുറക്കലടക്കലുമായി ബന്ധപ്പെട്ട അനേകം വാർത്തകൾ ഞാൻ പത്രങ്ങളിൽ വായിച്ചറിഞ്ഞിട്ടുണ്ട്. സന്തോഷിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ദുഃഖിച്ചിട്ടുമുണ്ട്. നമ്മുടെ നാസര്‍ ആ ഗ്രാമ വാസിയാണന്നാണ് ഞാൻ പറഞ്ഞ്‌ വരുന്ന കാര്യം.

മിക്ക ദിവസങ്ങളിലും ഇശാനമസ്കാരത്തിനായി പള്ളിയിലേക്ക് പോകുമ്പോൾ അവനെന്റെ അടുത്തൊന്ന് കയറും. കുറേ നേരമിരുന്ന് അനേകം കാര്യങ്ങൾ സൊറക്കും. ഞാൻ പറഞ്ഞല്ലോ അവന്റെ ജോലിയുടെ ഭാഗമായ ചില്ലറ പണികളുമായും അവന്‍ വരാറുണ്ടെന്ന്. അതുമായി ബന്ധപ്പെട്ട സംസാരങ്ങളാണ് ആദ്യമാദ്യം ഉണ്ടാവുക. തീര്‍ത്തും ഔദ്യോഗികമായ വിഷയങ്ങൾ. സ്വാഭാവികം. വിസ സംബന്ധമായ സംശയ നിവാരണങ്ങൾ, നിർദ്ദേശങ്ങൾ, അറിയിപ്പുകള്‍... അങ്ങനെയങ്ങനെ അത് നീളും. പിന്നെയൊരു ദീര്‍ഘ നിശ്വാസത്തിന്റെ അകമ്പടിയോടെ അവനെന്നോട് ചോദിക്കും.

"യാ നവീന്‍... കൈഫ് ബിലാദ്... കൈഫ് ഹാൽ" എന്ന്.

അതൊരറിയിപ്പാണ്. ഔദ്യോഗികമിവിടെ അവസാനിപ്പിക്കാം. ഒരു വലിയ ഫുൾ സ്റ്റോപ്പ്. ഇനി നമുക്ക് നമ്മുടെ നാടിനെ കുറിച്ച് സംസാരിക്കാമെന്നാണതിന്റെ സൂചന. ഞാനാണാദ്യം പറഞ്ഞ്‌ തുടങ്ങുക.

"കുല്ലു തമാം യാ നാസര്‍... അൽഹംദുലില്ലാഹ്"

പലസ്തീനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ, പ്രതീക്ഷകള്‍, അവന്റെ ചില കുടുംബകാര്യങ്ങൾ തുടങ്ങി അനേകം വിഷയങ്ങൾ ഞങ്ങൾ പരസ്പരം ചർച്ച ചെയ്യും. ഇടയില്‍ ചിരിക്കും, അട്ടഹസിക്കും, ചുണ്ടുകള്‍ പരത്തി ദുഃഖം കാണിക്കും. വെളുത്ത് തുടുത്ത ആ മുഖത്തെ മുന്‍നിരയിലുള്ള വെള്ളപല്ലുകള്‍ പരത്തി കാണിച്ചുള്ള അവന്റെ പുഞ്ചിരി കാണാന്‍ വലിയ ഭംഗിയാണ്. സംസാരത്തിനിടയിൽ തന്റെ നാട്ടിലെ നിലവിലെ സാഹചര്യങ്ങളെ എന്റെ നാടിന്റെ സാഹചര്യങ്ങളുമായി തുലനം ചെയ്യാനാണ് അവന്‍ കൂടുതലും ശ്രമിക്കാറെന്നെനിക്ക് തോന്നിയിട്ടുണ്ട്.

പലസ്തീനിൽ മുസ്ലിമും ക്രൈസ്തവരും ജൂതരും വലിയ ഒത്തൊരുമയോടെയാണ് കഴിഞ്ഞ് വരുന്നത്. ജനങ്ങൾ തമ്മിലെന്ത് പോര്. സര്‍ക്കാറുകളല്ലേ പരസ്പര ശത്രുക്കൾ. മതത്തിന്റെ പേരില്‍ തുല്യതയില്ലാത്ത പീഢനം നേരിടുന്ന മുസ്ലിങ്ങളുടെ കൂടെ അവരും തോളോടുതോൾ ചേര്‍ന്ന് നിന്ന് സയണിസ്റ്റ് അധിനിവേശ സർക്കാറിനെതിരെ പോരാടികൊണ്ടിരിക്കുന്നു. അതിനെപറ്റി അവനെന്നോട് പറയുമ്പോൾ പ്രതീക്ഷയോടെ അവനെന്നോട് ചോദിക്കും.

"നവീന്‍... താങ്കളുടെ രാജ്യത്തും വിഭിന്ന മതസ്ഥർ പരസ്പരം സ്നേഹത്തോടെ തന്നെയല്ലെ കഴിഞ്ഞ് വരുന്നത്"

"അതേയതെ" ഞാൻ തലയാട്ടി പ്രതികരിക്കും.

അപ്പോളവന്റെ സന്തോഷം മുഖത്ത് കാണാം. പലസ്തീനിൽ ആയിടെ നടന്ന വല്ല ബോംബ് സ്ഫോടനത്തിന്റെയോ അക്രമത്തിന്റെയോ കഥയാണ് ഞങ്ങളുടെ ചർച്ച വിഷയമെങ്കിൽ അവന്‍ അത്തരത്തിലുള്ള മറ്റൊരു ചോദ്യമാണ് ചോദിക്കുക.

"നിന്റെ നാട്ടിലും ഇമ്മാതിരി കാര്യങ്ങളൊക്കെ നടക്കാറുണ്ടോ നവീന്‍"

 "ഏയ്... ഇല്ലേയില്ല"

ഞാനപ്രകാരമിണുത്തരം നല്‍കുന്നതെങ്കിൽ വളരെ വിഷമത്തോടെ അവനെന്നോട് പറയും.

"ഹോ കഷ്ടം... പലസ്തീനിൽ മാത്രം എന്തുകൊണ്ടിങ്ങനെയൊക്കെ എപ്പോഴും നടക്കുന്നു" എന്ന്.

നമസ്കാരം തുടങ്ങാൻ സമയമായിരിക്കുന്നെന്ന പള്ളിയിലെ ഇമാമിന്റെ വിളി കേട്ടാല്‍ പിന്നെ കൂടുതൽ നേരം അവനെന്റെയടുക്കൽ നില്‍ക്കാറില്ല.

"മ'അസലാമ"... ഒരൊറ്റ ഓട്ടമാണ്.

അനേകം സംസാരങ്ങൾ. ഹ്രസ്വമായത്. ദീര്‍ഘമായത്. കൂടിച്ചേരലുകൾ. അങ്ങനെയങ്ങനെ. അതിനിടയില്‍ പെട്ടെന്നൊരു ദിവസമവനെ കാണാതായി. അനേകം ദിവസങ്ങൾ. ഒരു വിവരവുമില്ല. വരവ് തീരെ നിന്നിരിക്കുന്നു. അന്വേഷിക്കാൻ അവനെ പരിചയമുള്ള ആരെക്കുറിച്ചും അറിവില്ല. ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൊന്നും തന്നെ അവനെ കാണുന്നില്ല. അയച്ച സന്ദേശങ്ങൾക്കൊന്നും മറുപടിയുമില്ലെന്ന്. 

അങ്ങനെയിരിക്കെ പെട്ടന്നാണൊരു വൈകുന്നേരം അവന്‍ കയറി വന്നത്. വേഷം കന്തൂറ തന്നെ. പുതിയതാണ്. തലയില്‍ ഇമാറാത്തി രീതിയില്‍ മനോഹരമായി ചുറ്റിയ കഫിയ. കൈയിലൊരു പൊതി. ഓടി കിതച്ച് വന്ന് ബിസ്മി ചൊല്ലി ആചാരപരമായി എനിക്കത് നീട്ടിയവൻ പറഞ്ഞു.

"ഹബീബ് നവീന്‍... നാട്ടിലായിരുന്നു. ഇന്നലെയാണ് വന്നത്. ഇത് നിനക്കുള്ള എന്റെ സമ്മാനം"

അദ്ഭുതവും സന്തോഷവും ഇടകലര്‍ന്ന വികാരത്തോടെ ഞാനാ പൊതി വാങ്ങിച്ചു. സമ്മാനം നല്‍കിയതില്‍ അകമഴിഞ്ഞ നന്ദിയവനോട് പറയാൻ ഞാൻ മറന്നില്ല.

"ഷുക്രന്‍ ജസീറ യാ ഹബീബ് നാസര്‍"

വമ്പിച്ച ആകാംക്ഷ കാരണം അവന്റെ മുന്നില്‍ വെച്ച് തന്നെയത് തുറക്കാൻ ഞാൻ തീരുമാനിച്ചു. തുറന്നു.

കഫിയ...
ഒരു പലസ്തീനി കഫിയായിരുന്നു അത്. എനിക്ക് ലഭിച്ച അതിവിശിഷ്ടമായൊരു സമ്മാനം.

എന്താണീ കഫിയ എന്നല്ലേ...

കട്ടിയുള്ള ഒരു തരം പതുപതുത്ത വെള്ളത്തുണിയില്‍ കറുത്ത നിറത്തിലുള്ള കുറെ നൂലുകൾ നീട്ടിയും കുറുകെയും ചാർത്തിയൊരു ശിരോവസ്ത്രമാണ് കഫിയ. അതിന്റെ നാല് മൂലയിലും മനോഹരമായ വെള്ള തൊങ്ങലുകളും കാണപ്പെടുന്നു. സ്ത്രീകളുടെ കഫിയയിൽ വര്‍ണ്ണാഭമായ ചില അലങ്കാര പണികളൊക്കെ ഉണ്ടാകുമെങ്കിലും പുരുഷന്മാരുടേത് ഞാൻ മുകളില്‍ പറഞ്ഞ് വച്ചത് പോലെ വെളുപ്പിൽ കറുപ്പ് വരകള്‍ വരഞ്ഞിട്ട പോലെ തോന്നിപ്പിക്കുന്ന ഒന്നാണ്‌. പുരുഷന്മാരത് തലയില്‍ വിടര്‍ത്തി വെച്ച് മുകളില്‍ അഗൽ എന്ന കറുത്ത വട്ടണിയുന്നു. സ്ത്രീകൾ സ്കാർഫ് പോലെയാണത് തലയില്‍ ധരിക്കുന്നത്. ചിലര്‍ കഴുത്തിൽ ചുറ്റി തൊങ്ങലുകളാടുന്ന അതിന്റെ ഇരു മൂലകളും കഴുത്തിന് താഴേക്കിറക്കി വെക്കുന്നതും കാണാം.

ഇസ്രായേലിലെ രക്തദാഹികളായ ഭരണാധികാരികളെ വിറളിപിടിപ്പിക്കുന്ന തുണിശീലയാണ് അവനന്നെനിക്കീ കൊണ്ടു വന്ന് തന്നിട്ടുള്ള സാധനമെന്ന് പറയുമ്പോൾ അതിൽ ഒട്ടും തന്നെ അതിശയോക്തിയില്ല. മിസൈല്‍, മേല്‍തരം തോക്കുകള്‍, നിരീക്ഷണ സംവിധാനങ്ങൾ, ബുള്ളറ്റ് പ്രൂഫുകൾ, ബോംബ്, കത്തി, കഠാര തുടങ്ങിയ അത്യാധുനികമായ ആയുധങ്ങളുമായി യുദ്ധത്തിനിറങ്ങുന്ന
ഇസ്രായേലിന്റെ ത്രിസേനക്ക് മുന്നില്‍ ദ്വിവര്‍ണ്ണത്തിലുള്ള ഈ തുണിയും തലയില്‍ ചുറ്റി, കല്ലും കവണയുമായി പ്രതിരോധിക്കാനിറങ്ങുന്ന ഫലസ്തീനി ചെറുപ്പക്കാരെ ഞാൻ എത്രയോ തവണ പത്രതാളുകളിലും ടിവി വാര്‍ത്തകളിലും കണ്ടിരിക്കുന്നു. ഫലസ്തീനികളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്‌ അവരുടെ സമരവും. കഫിയ അവരുടെയാ സമരത്തിന്റെ വര്‍ണ്ണമാണന്ന് പറയാം. ഫലസ്തീന്റെ ധീരയോദ്ധാക്കളുടെ വര്‍ണ്ണം. അത്തരത്തിലൊന്നിതാ എന്റെ കൈകളിലേക്കെത്തിച്ചേർന്നിരിക്കുന്നു. ഓര്‍ക്കുമ്പോളെനിക്ക് അഭിമാനം തോന്നാതിരിക്കുന്നതെങ്ങനെ.

ഏതാനും ചിത്രങ്ങളെടുത്ത് 'ഗംഭീര' അടിക്കുറിപ്പുമായി ഞാനത് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യാൻ മറന്നില്ല.

മറ്റൊരിക്കല്‍, യാദൃശ്ചികമായാണ് അവന്റെ ചില യാത്രരേഖകളെനിക്ക് കാണാനവസരം ലഭിക്കുന്നത്. അതിലുണ്ടായിരുന്ന അവന്റെ പാസ്പോർട്ട് എന്നെ തെല്ലൊന്നാകര്‍ഷിച്ചു. ഫലസ്തീന്റെ പേരിലുള്ളൊരു സുന്ദരന്‍ പാസ്സ്പോർട്ട്. സ്വന്തമായൊരു 'രാജ്യമില്ലാത്ത' പലസ്തീനികൾക്ക് അവരുടെ രാജ്യത്തിന്റെ തന്നെ നാമധേയത്തിലുള്ള ആ പാസ്സ്പോർട്ട് കണ്ടപ്പോൾ വല്ലാത്ത കൗതുകമാണെനിക്ക് തോന്നിയത്. കാര്യങ്ങളവനോട് ചോദിച്ച് മനസ്സിലാക്കാൻ ഞാൻ മറന്നില്ല. ഒരു രാജ്യമായിരുന്നിട്ടും, അധിനിവേശ ശക്തികള്‍ ഒരു രാഷ്ട്രമാകാൻ സമ്മതിക്കാത്ത ഫലസ്തീനുമുണ്ടത്രെ സ്വന്തമായൊരു പാസ്സ്പ്പോര്‍ട്ട്. അവന്‍ വിശദീകരിച്ച് തന്നു.

ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യക്കാരുടെ പാസ്സ്പോര്‍ട്ട് ബ്രിട്ടീഷ് പാസ്സ്പ്പോര്‍ട്ടായിരുന്നത് പോലെ സ്വതന്ത്രലബ്ദിക്കു ശേഷവും ഗോവയിലെ ജനങ്ങൾക്ക് പോര്‍ച്ചുഗലും, മാഹിയിലെ തങ്ങളുടെ 'പൗരന്മാർക്ക്' ഫ്രാൻസും പാസ്സ്പ്പോര്‍ട്ട് അനുവദിച്ചുവരുന്നെന്നാണ് ചരിത്രം. കോളനിയാണെങ്കിൽ പോലും അവിടങ്ങളിലെ പൗരന്മാർ തങ്ങളുടെ തന്നെ രാജ്യത്തിന്റെ ഭാഗമാണന്നാണ് അവർ വിശ്വസിച്ചിരുന്നത്. ബ്രിട്ടീഷ് രീതിയില്‍ നിന്നും വെത്ത്യസ്ഥമായി ഫ്രാന്‍സും പോര്‍ച്ചുഗലും കോളനികളിലെ തങ്ങളുടെ പൗരന്മാർക്ക് വോട്ടാവകാശം പോലും നല്‍കിയിരുന്നെന്നും ചരിത്രത്തിൽ കാണാൻ സാധിക്കും. ഫ്രഞ്ച് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പുകളിൽ 1962 വരേയും മാഹിയിലേയും പോണ്ടിച്ചേരിയിലേയും ജനങ്ങൾ തങ്ങളുടെ സമ്മതിദാനിവകാശം വിനിയോഗിച്ചിരുന്നു എന്ന് കേൾക്കുമ്പോൾ അത്ഭുദം തോന്നാതിരിക്കുന്നതെങ്ങനെ.

ഞാൻ മേലെ പറഞ്ഞ്‌ വെച്ചത് കൗതുകം തോന്നുന്ന ചില ചരിത്ര വസ്തുതകളാണ്. ഇനി പലസ്തീന്റെ കാര്യമെടുക്കാം...

അധിനിവേശ സര്‍കാരിന്റെ ഒരു തരത്തിലുള്ള യാത്രരേഖകളും തങ്ങൾക്കാവശ്യമില്ലന്നാണ് ആത്മാഭിമാനമുള്ള ഫലസ്തീനികൾ പറഞ്ഞ് വെച്ചിരിക്കുന്ന്. അതിനാല്‍ തന്നെ ഇസ്രായേല്‍ സര്‍ക്കാരിന്റെ പേരൊട്ടിച്ച പാസ്സ്പ്പോര്‍ട്ടിനായി അവർ കാത്തിരിക്കാറില്ല. പകരം, ഫലസ്തീൻ ദേശത്തിന്റെ അയല്‍ രാജ്യങ്ങളായ സിറിയ, ഈജിപ്ത്, ലബനോൻ തുടങ്ങിയ രാഷ്ട്രങ്ങള്‍ പലസ്തീനികൾക്ക് പ്രത്യേകിച്ച് തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളിൽ തങ്ങിവരുന്ന ഫലസ്തീനി അഭയാര്‍ത്ഥികൾക്ക് നല്‍കുന്ന 'travel document' എന്ന പാസ്സ്പ്പോര്‍ട്ടാണ് 1993 വരേയും അവര്‍ക്കുണ്ടായിരുന്ന യാത്രോപാധി. എങ്കിലും, വിവേചന രഹിതമായി തന്നെയാണ്‌ മേല്‍ രാജ്യങ്ങളത് ഫലസ്തീനി അഭയാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്നത്. തങ്ങളുടെ സ്വന്തം പൗരന്മാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും മേല്‍ സര്‍ക്കാറുകള്‍ പലസ്തീനികൾക്കും ലഭ്യമാക്കിയിരുന്നെന്ന് സാരം.

അതിനിടയില്‍, 1993ൽ യുഎന്നിന്റെ മേല്‍നോട്ടത്തിൽ വാഷിംഗ്ടണില്‍വെച്ചൊരു സമ്മേളനം നടന്നു. ഇസ്രായേല്‍ ഫലസ്തീൻ സമാധാന സമ്മേളനം. സമ്മേളനത്തില്‍ ഇസ്രായേലിനെ പ്രതിനിധീകരിച്ച് റബീനും ഫലസ്തീന്റെ പ്രതിനിധിയായി യാസർ അറഫാത്തും അമേരിക്കൻ പ്രസിഡന്റ് ബില്‍ ക്ലിന്‍റന്റെനുമവിടെ ഒത്തുകൂടി. അതിൽ രൂപപ്പെട്ട പരസ്പര ധാരണയുടെ പേരാണ് ഓസ്ലോ കരാര്‍ എന്നറിയപ്പെടുന്നത്. മേഖലയിലെ സമാധാനത്തിന് വേണ്ടിയുള്ള അതിലെ അനേകം നിര്‍ദ്ദേശങ്ങളുടെ കൂട്ടത്തിലെയൊരു പ്രധാന ചുവട് വെപ്പായിരുന്നു ഫലസ്തീനികൾക്ക് സ്വന്തം രാജ്യത്തിന്റെ പേരിലൊരു പാസ്സ്പോര്‍ട്ടാകാം എന്നുള്ളത്. അത്തരമൊന്നായിരുന്നു എന്റെ സുഹൃത്തിന്റെ കൈവശമുണ്ടായിരുന്ന ഈ പാസ്സ്പ്പോര്‍ട്ട്.

സാധാരണ ഒരു യാത്ര രേഖപോലത്തെ ഒന്നല്ല ഇത് എന്നുള്ളത് കൊണ്ട് മാത്രമാണ്‌ അവനിത്രയും അതിനെ പറ്റി പറയേണ്ടി വന്നതും എനിക്ക് ക്ഷമയോടെ കേട്ടിരിക്കേണ്ടിവന്നതും. എങ്കിലും, പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ഒന്നല്ല ഇതും എന്നും അവന്‍ പറഞ്ഞ് വെക്കുന്നുണ്ട്. പാസ്സ്പ്പോര്‍ട്ടിന്റെ പുറം ചട്ടയിലുള്ള ഫലസ്തീൻ പ്രദേശം എന്ന നാമം 'സ്റ്റേറ്റ് ഓഫ് ഫലസ്തീൻ' അല്ലെങ്കിൽ 'റിപ്പബ്ലിക് ഓഫ് ഫലസ്തീൻ' അഥവാ ഫലസ്തീന് രാഷ്ട്രം എന്നാക്കി മാറ്റണം എന്നതിനെ ചൊല്ലി വലിയ ചര്‍ച്ചകളും കോലാഹലങ്ങളുമാണ് ലോകത്തെ വെത്ത്യസ്ഥ കോണുകളിലിന്ന് നടന്ന് കൊണ്ടിരിക്കുന്നതെന്നും അവന്‍ പറഞ്ഞുവെച്ചു.

കഫിയയുടേയും പലസ്തീന്‍ പാസ്സ്പോർട്ടിന്റേയും ചരിത്രം പോലെ നാസര്‍ അല്‍ ജുബേലി എന്നൊരു പ്രവാസിക്ക് പറയാനുള്ള കഥയാണ് ഞാന്‍ മുകളില്‍ പറഞ്ഞ്‌ വെച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില അടരുകൾ മാത്രം. ചരിത്രത്തിൽ മാത്രം വായിച്ചറിഞ്ഞ ഓസ്ലോ കരാറുമായും പത്ര താളുകളിൽ മാത്രം കണ്ട റഫ അതിർത്തിയുമായും നമ്മുടെ മുന്നിലിരിക്കുന്ന ഈ മനുഷ്യന്‍ എത്ര മേല്‍ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് നമുക്കത് മനസ്സിലാക്കി തരുന്നു. അതാകുന്നു പ്രവാസം. ചരിത്രം തേര് തെളിച്ച് നീങ്ങിയ വഴിയിലൂടെയുള്ളൊരു സഞ്ചാരമാണ് പ്രവാസികളുടെ ഓരോ ചര്‍ച്ചകളും സാധ്യമാക്കുന്നത്. അതുകൊണ്ടാണ് പ്രവാസം ചരിത്ര മയമുള്ളതാണന്ന് ഞാൻ മേലെ പറഞ്ഞ്‌ വെച്ചത്.

ശുഭം

No comments:

Post a Comment