Thursday, 8 August 2019

മരക്കാര്‍

ഒരു വലിയ മലയുടെ പാർശ്വത്തിൽ എന്റെയൊരു കുടുംബം വസിച്ചു വരുന്നുണ്ട്.

കുറുക്കനും കുറു നരികളും വഴി യാത്രക്കാരെ പോലെ അവിടെ ഉലാത്തി നടക്കാറുണ്ടന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഇരുട്ട് പടര്‍ത്തി കണ്ണത്താ ദൂരത്തോളം പരന്ന് കിടക്കുന്ന റബ്ബര്‍ മരങ്ങൾക്കിടയിലൂടെ നടന്ന് നീങ്ങുമ്പോള്‍ ഉണക്ക പച്ചിലകളുടെ കര കര ശബ്ദം കേൾക്കാൻ കഴിയും. അതിന്റെ താഴ്‌വരയിലെ കവുങ്ങും വാഴയും ഇടവിട്ട് വളരുന്ന തൊട്ടത്തിനപ്പുറത്ത് ഏറെ വീതിയും നീളവുമുള്ളൊരു പുഴ നിറഞ്ഞൊഴുകുന്നത് കാണാം. സിറാമിക് പാത്രം പോലെ തിളങ്ങുന്ന വെള്ളം വര്‍ണ്ണം പൂശിയ പാറകളിലാണതൊഴുകുന്നത്. അതിൽ വിതറിയ വെള്ളാരം കല്ലില്‍ സ്ഫടിക സമാനമായതങ്ങനെ തെന്നി നിറഞ്ഞൊഴുകുന്നു.

സൈലന്‍ഡ് വാലി വനാന്തരങ്ങളില്‍ നിന്നൊഴുകി വരുന്ന പുഴയായിരിക്കണമത്. കാരണം, ഏത് കാലത്തും അതിൽ നല്ല തണുത്ത തെളിഞ്ഞ വെള്ളമുണ്ട്. ആ നിശബ്ദത താഴ്‌വരയെ അനുസ്മരിപ്പിച്ചെന്നോണം ഒഴുക്കിന്റെ കളകൂജനങ്ങളല്ലാതെ മറ്റൊരു ശബ്ദവും അവിടെ ഉയർന്ന് പൊങ്ങിയിരുന്നില്ല. ഞാൻ പറഞ്ഞല്ലോ പുഴയോരത്ത് നിറയെ പാറ കൂട്ടങ്ങളാണന്ന്. യുഗയുഗാന്തരങ്ങളായി ഒഴുകി കൊണ്ടിരിക്കുന്ന ജലധാരകൾ ചിത്രം വരച്ച് തഴുകി നീങ്ങി മനോഹരമാക്കിയ മിനുസമുള്ള വെളുത്ത പാറകൂട്ടങ്ങൾ.

പണ്ട്‌ കാലത്ത്‌ റബ്ബർ മരങ്ങൾ നിറഞ്ഞു നില്‍ക്കുന്ന ഈ പ്രദേശത്താകെ നെല്‍കതിരുകള്‍ വിളഞ്ഞ് നില്‍കുന്ന പുഞ്ചവയൽ പാടങ്ങളായിരുന്നെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഏതോ ഒരു കൊല്ലം ഇവർ നേരിട്ട കനത്ത കൃഷി നാശവും, അതിനെ തുടർന്നുണ്ടായ വറുതിയുമാണ് നെല്ല് മാറ്റി റബ്ബർ എന്ന ആശയം ഇവരില്‍ രൂപപ്പെടുന്നത്. അന്ന് നെല്‍കൃഷിക്ക് വേണ്ട വെള്ളം സമൃദ്ധമായാ പുഴയില്‍ നിന്നും ലഭിച്ചതിനിലാണ് കൃഷിയോടൊപ്പം ജീവിതവും അവരിവിടെ തുടക്കം കുറിക്കുന്നത്. പിന്നീട്, റബ്ബർ കൃഷിയുടെ വ്യാപനത്തോടെ കൂടുതൽ കുടുംബംങ്ങള്‍ ഇവിടേക്ക് ചേക്കേറി. അവർ റബ്ബർ കൃഷിയില്‍ നൂറുമേനി 'വിള കൊയ്തു'. ഇന്ന്‌ നാനാതരം റബ്ബർ തൈകളുടെ നീണ്ട നിരകള്‍ എപ്പോഴുമിവിടെ നിഗൂഢമായ ഒരു ഇരുട്ട് സൃഷ്ടിക്കുന്നു. സൂര്യ പ്രകാശമിറങ്ങുന്ന ചെറിയ വിടവുകള്‍പോലും മറക്കാൻ റബ്ബറിലകൾ നിതാന്ത ജാഗ്രതയിലാണന്ന് തോന്നിപ്പോകും.

മേല്‍ പുഴയുടെ ഓരത്ത് അല്‍പം ഉയർന്ന പ്രദേശത്താണ് മേല്‍ എന്റെ കുടുംബം താമസിച്ച് വരുന്നത്. 'മലയില്‍' എന്നാണ്‌ ആ പ്രദേശത്തെ ഞങ്ങൾ വിളിക്കാറ്. മലയിലേക്ക് പോവുക എന്നാൽ... റബ്ബർ മരങ്ങൾ, പുഴ, പുഴയിലെ കുളി, നീന്തല്‍, ഉരുണ്ട വെള്ളാരം കല്ലുകൾ, വാഴത്തോണി, ചൂണ്ടയിടൽ, മീന്‍ ചുടൽ അങ്ങനെ പോകുന്നു സ്വപ്നങ്ങളും മനസ്സിനുള്ളിലെ ചിത്രങ്ങളും.

അവരെ കൂടാതെ മറ്റു ചില കുടുംബങ്ങൾ അവിടെ താമസിച്ച് വരുന്നുണ്ട്. അവരുടെ പ്രാഥമിക ആവശ്യങ്ങളുടെ നിവര്‍ത്തിക്കായി ഏതാനും ചില്ലറ പെട്ടിക്കടകളും അവിടെ പ്രവർത്തിക്കുന്നു. ഗ്രാമീണ വിശുദ്ധിയുടെ അടയാളം പോൽ പഴയ കാല കെട്ടിടങ്ങളും അതിനുള്ളിൽ സംസാരിച്ച് കൊണ്ടിരിക്കുന്ന മനുഷ്യരേയുമവിടെ കാണാൻ കഴിയുന്നു.

എന്റെ ആ കുടുംബ വീട്ടില്‍ അവരുടെ ഗൃഹനാഥനായ ഒരു വ്യക്തിയുണ്ട്. അത്യധികം ബഹുമാനത്തോടെയല്ലാതെ ഞങ്ങളദ്ദേഹത്തെ നോക്കുക പോലും ചെയ്യാറില്ല. കുടുംബത്തിലെ ഏത് വിഷയങ്ങളുടെയും ഒടുവിലത്തെ വാക്കവിടെ നിന്നുമാണ്‌. എല്ലാവരുമതനുസരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനാൽ തന്നെ പ്രമാദമായ പല വിഷയങ്ങളും അവിടുത്തേക്കെത്തുകയും അത് തീര്‍പ്പ് കല്‍പ്പിക്കുകയും ചെയതതായാണ് ചരിത്രം.

മരക്കാരെന്നാണ്‌ അദ്ദേഹത്തിന്റെ പേര്.

മരക്കാര്‍...

ഞാൻ ആലോചിക്കാറുണ്ട് ആ നാമം അദ്ദേഹത്തിന് വന്ന വഴിയെക്കുറിച്ച്. വനാന്തരങ്ങളെപ്പോലെ തോന്നിപ്പിക്കുന്നൊരു പ്രദേശത്ത് വസിക്കുന്നവരെന്ന നിലയില്‍ പിന്നീട് ചാര്‍ത്തപ്പെട്ടതാണോ ആ നാമമെന്ന് ഞാൻ ചിലപ്പോഴൊക്കെ സന്ദേഹിച്ചിരുന്നു. അതല്ലെങ്കിൽ, മരവുമായി ബന്ധപ്പെട്ടവർ മരക്കാര്‍ എന്നുമാകാനും വഴിയുണ്ട്. എന്നിരുന്നാലും, അനേകം മനോഹരങ്ങളായ നാമങ്ങള്‍ക്കിടയില്‍ ആ പേരിൽ മാത്രമെന്തോ വെത്ത്യസ്ഥത നിലനില്‍ക്കുന്നത് മറ്റാരെയും പോലെ എന്റെയും സവിശേഷ ശ്രദ്ധയിലുയർന്ന് വന്നു. ഒടുവില്‍, ആ പേരിന്റെ പിന്നിലെ യഥാർത്ഥ ചരിത്രമറിഞ്ഞപ്പോഴാണ് എത്ര മഹത്തരമാണ് ആ പേര് വന്ന വഴി എന്നു ഞാന്‍ മനസ്സിലാക്കിയത്.

യഥാര്‍ത്ഥത്തില്‍ മരക്കാരെന്ന ആ നാമം അദ്ദേഹത്തിന് ലഭിക്കുന്നത് അദ്ദേഹത്തിന്റെ പിതാമഹനിൽ നിന്നുമാണ്.

ഇനി അല്‍പ്പ കാലം പിന്നിലേക്ക് പോകാം...

കുതിരവട്ടത്ത് കോട്ടയില്‍ എന്ന പുലാപ്പറ്റയിലെ ഒരു അതിപ്രശസ്ത തറവാട്ടിലെ കാര്യസ്ഥനായിരുന്നു മേല്‍ പിതാമഹ മരക്കാര്‍. ദാമോദരന്‍ എന്ന കുഞ്ഞുണ്ണി തമ്പുരാൻ അവര്‍കളുടെ വീടും പുരയിടവും നിലങ്ങളും നോക്കി നടത്താൻ ഏല്‍പ്പിക്കപ്പെട്ട മരക്കാര്‍ അത്യധികം ആത്മാര്‍ത്ഥതയോടെ തന്നെ തന്റെ ജോലി ചെയത് വന്നു. സ്വന്തം നാട്ടില്‍ നിന്നും ഏറെ അകലത്തിൽ സ്ഥിതിചെയ്യുന്നതാണങ്കിൽ പോലും കുതിരവട്ടത്ത് കോവിലകത്തെ ഓരോ പ്രഭാതവും മരക്കാറില്ലാതെ പൊട്ടി വിടരാറില്ലിയിരുന്നു.

നിലങ്ങള്‍... കണ്ണത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നിലയങ്ങളുടെ സാഗരം. അതിന്റെ ഓരോ കണക്കും മരക്കാർക്ക് ഹൃദിസ്ഥമായിരുന്നു. അങ്ങനെ നാടുകളില്‍ ശാന്ത ഗംഭീരമായി ജീവിതം ഒഴുകികൊണ്ടിരിക്കുന്നതിനിടയിലാണത് സംഭവിച്ചത്.

വസൂരി...

നാട്ടില്‍ വസൂരി രോഗം വ്യാപിച്ചു. ദൈവ കോപമാണ് വസൂരിയുടെ കാരണമെന്നാണ് അക്കാലങ്ങളില്‍ മനുഷ്യര്‍ വിശ്വസിച്ച് പോന്നിരുന്നുവത്രെ.

ദേവിയുടെ ഉഗ്രകോപം.

വീട്ടിലാര്‍ക്കെങ്കിലും വസൂരി വന്നല്‍ ആ വീട് ഒറ്റപ്പെട്ടെന്നര്‍ത്ഥം. ആരും അങ്ങോട്ടടുക്കില്ല. പകര്‍ച്ചവ്യാധിയായതിനാല്‍ രോഗം തങ്ങൾക്കും പകരുമോ എന്ന പേടിയാണവരെ അതിൽ നിന്നും വില്‍ക്കുന്നത്. അതിനാല്‍ വസൂരി ബാധിച്ച് കഴിയുന്നവര്‍ക്ക് ഭക്ഷണമോ വസ്ത്രമോ മരുന്ന് പോലുമോ ആരും എത്തിക്കില്ല. നടുക്കടലിലെന്നപോലെ ഒറ്റപ്പെട്ട് പോയ ആ വീട്ടില്‍ എന്തെങ്കിലും ഭക്ഷണ സാധനങ്ങളണ്ടങ്കിൽ അതുണ്ടാക്കിയവർ കഴിക്കും. അതും തീര്‍ന്നാല്‍ പട്ടിണി കിടക്കും. വസൂരി കൊണ്ടല്ല. പലരും ഭക്ഷണം കിട്ടാതെ പട്ടിണികിടന്നായിരുന്നത്രെ അന്ന് മരിച്ചിരുന്നത്.

പട്ടിണി... ദൈവമേ വിശക്കുന്ന ആ വയറിന്റെ വിളിയാളം എത്രയായിരിക്കും. 

നിര്‍ഭാഗ്യവശാൽ കുഞ്ഞുണ്ണി തമ്പുരാനേയും വസൂരി തേടിയെത്തി. വസൂരിക്കെന്ത് തമ്പുരാനും പ്രജയും അരിയിട്ടു വാഴ്ച്ചയും. വീട്ടുകാർ പേടിച്ചു. നാട്ടുകാരും. നാട്ടു നടപ്പനുസരിച്ച് തമ്പുരാനെ നടുക്കടലിന്റെ വിജനതയിലെന്നപോലെ ഉപേക്ഷിച്ച് ഭാര്യയും മക്കളുമെല്ലാം സ്ഥലം കാലിയാക്കി. ദൈവകോപമാണ്. ബാധിച്ചവർ ബാധിച്ചവരത് സഹിക്കുക. അത്രമാത്രം. അങ്ങനെ ആ കോവിലകത്ത് മക്കളോ ബന്ധുക്കളോ കൂട്ടിനില്ലാതെ പുലാപ്പെറ്റ കുഞ്ഞുണ്ണി തമ്പുരാൻ ആകെ ഒറ്റപ്പെട്ടു പോയി. തന്റെയീ വാര്‍ദ്ധക്യ കാലത്ത്‌ തന്നെ ശുശ്രൂഷിക്കിനൊരു മനുഷ്യ കുഞ്ഞുമില്ലല്ലോ ദൈവമേ എന്നദ്ദേഹം വേദനിച്ചു മരണത്തെ കാത്തിരുന്നു.

വേണമെങ്കിൽ സമീപത്തുള്ള ഏതെങ്കിലും വസൂരിപ്പുരയിലേക്ക് മാറാം. പണ്ടാരപ്പുര എന്നാണതറിയപ്പെട്ടിരുന്നത്. അത്രമേലസഹ്യമായ ജീവിതമാണവിടെ പുലർന്നിരുന്നത്. അവിടെ ശിഷ്ടകാലം ജീവിച്ച് തീര്‍ക്കാം. ഭക്ഷണവും മരുന്നും കൃത്യമായി ലഭിക്കും. പരിശോധിക്കാൻ ആഴ്‌ചയിലൊരിക്കലൊരു സര്‍ക്കാര്‍ ഡോക്ടറും വരും. പണ്ടാരപ്പുരയുടെ വളരെ അകലത്ത് നിന്നയാൾ മരിച്ചവരുടെ കണക്കെടുത്ത് മറമാടാൻ പണിക്കാർക്കുത്തരവ് കൊടുത്ത് മടങ്ങും. അത്രമാത്രം. അതാണ് ചികിത്സ. മരണ ചികിത്സ.

എന്നിരുന്നാലും, തമ്പുരാന്റെ പ്രാർത്ഥന ദൈവം കേട്ടു. ദൈവ ദൂതനെപ്പോലെയൊരാൾ മുന്നോട്ട് വന്നു. അങ്ങയുടെ ഭക്ഷണ ചികിത്സ കാര്യങ്ങൾ താന്‍ നോക്കി കൊള്ളാമെന്നയാൾ തമ്പുരാനുറപ്പ് നല്‍കി. അഖില ലോക പ്രപഞ്ചത്തിലൊരു മനുഷ്യനായി ജനിച്ചാൽ മരണമുറപ്പ്. ശരീരം പ്രകൃതിയുടേതാണ്. നല്ല മനസ്സ് ദൈവീകവും അയാൾ ചിന്തിച്ചിരിക്കാം

പിതാമഹ മരക്കാർ...

അങ്ങനെ, കുഞ്ഞുണ്ണി തമ്പുരാനും മരക്കാറും ആ വലിയ വീട്ടില്‍ ഒറ്റക്ക് താമസിച്ച് വന്നു. മരക്കാര്‍ തന്റെ നാട്ടില്‍ നിന്നും അനേകം നാഴിക അകലത്തുള്ള പുലാപെറ്റയിൽ വന്ന് ആ വൃദ്ധനും രോഗിയുമായ വയോധികനെ ശുശ്രൂഷിക്കുകയും അദ്ദേഹത്തിന് വേണ്ട കാര്യങ്ങൾ ചെയത് കൊടുക്കുകയും ചെയ്തത് മനുഷ്യസഹജമായ തന്റെ ഉത്തരവാദിത്തമെന്ന നിലയില്‍ കൂടിയായിരുന്നിരിക്കാം.

കുഞ്ഞുണ്ണി തമ്പുരാനന്ന് "മരക്കാരേ" എന്നെത്രയോ പ്രാവശ്യം നീട്ടി വിളിച്ച് കാണണം. അവർ തമ്മില്‍ തങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യങ്ങളെക്കുറിച്ച് വാചാലരായിരുന്നിട്ടുണ്ടാകണം. അക്കാലത്ത് ഇന്ത്യയിലും ഭൂലോകത്തിന്റെ വിവിധ ദിക്കുകളിലും നടന്ന് കൊണ്ടിരുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് ഗഹനമല്ലാത്ത ചർച്ചകളിലും സംവാദങ്ങളിലുമവർ മുഴുകിയിരുന്നിരിക്കാം... ഒടുവില്‍, രാത്രിയുടെ യാമങ്ങളിൽ കോവിലക വരാന്തയില്‍ ഒരു പുല്‍പ്പായ വിരിച്ച് നിലാവെളിച്ചം കണ്ടു കൊണ്ട്‌ മരക്കാര്‍ കിടന്നുറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനം നിറയെ തന്റെ നാടും വീടും മക്കളും മാത്രമായിരുന്നിരിക്കണം. എങ്കിലും, ഒരു നിയോഗം പോലെ സന്തോഷത്തോടെ ആ സേവനം അദ്ദേഹം തുടർന്ന് വരിക തന്നെ ചെയതു.

മരക്കാര്‍ എന്ന വാക്കിന് മനുഷ്യ സ്നേഹം എന്നൊരര്‍ത്ഥം കൂടിയുണ്ടന്ന്  തെളിയിക്കപ്പെട്ട ഒരു ചരിത്രമാണ് ഞാന്‍ മുകളില്‍ പറഞ്ഞ് വെച്ചത്. ആ ചരിത്രം രചിച്ച മനുഷ്യന്റെ ഓര്‍മ്മകള്‍ എന്നെന്നും തങ്ങളില്‍ നിലനല്‍കണമെന്ന് കരുതിയിട്ടാവും അദ്ദേഹത്തിന്റെ പേരക്കുട്ടികളിൽ ഒരാള്‍ക്ക് ആ വിളിപ്പേർ നല്‍കപ്പെട്ടത് എന്നെനിക്ക് തോന്നുന്നു.

മരക്കാര്‍...

ചരിത്രത്തിൽ അതുല്യമായ സ്ഥാനം നിര്‍ണ്ണയിക്കപ്പെട്ട് കിടക്കുന്നൊരു വ്യക്തിയുടെ പേരുകൂടിയാണത്. ഒരു ധീരയോദ്ധാവിന്റെ. അറബിക്കടലിൽ ചോര വാരിവിതറാൻ വന്ന സാമ്രാജ്യത്വ കഴുകന്മാരുടെ പേടിസ്വപ്നമായിരുന്നൊരു മഹാമനീഷിമാരുടെ സ്ഥാനപ്പേരായിരുന്നു അത്. ആ നാമത്തിലൂടെയാണ് ഒരിക്കലാ രാജ്യ സ്നേഹം ഈ നാട്ടിലാകെ ഒഴുകി നീങ്ങിയത്.

കടലിൽ കൈ കരുത്ത് കൊണ്ട്‌ നാട് കത്തിക്കിനിറങ്ങിയ പറങ്കികളെ തുരത്താൻ ശുഷ്കമായ നാവിക സൈന്യവുമായി പോരിനിറങ്ങിയ സാമൂതിരിക്ക് തോല്‍വിയല്ലാതെ മറ്റൊന്നുമന്ന് മുന്നിലുണ്ടായിരുന്നില്ല. കടൽ പോരാട്ട സാമര്‍ഥ്യത്തിൽ അൽപ്പമെങ്കിലും വൈദക്ത്യമുണ്ടായിരുന്ന അയല്‍ രാജാക്കന്മാർ പറങ്കികളുടെ ആലയത്തിലും അവരുടെ സാമന്തന്മാരായ ഭൂപ്രഭുക്കൾ മതകീയമായമായ ചിട്ട വട്ടങ്ങളുടെ കൂടാരങ്ങളിലും ഒതുങ്ങി കൂടിയപ്പോൾ സാമൂതിരിക്കൊപ്പം തോളോട് തോൾ നിന്ന് പോരാടാന്‍ മുന്നോട്ട് വന്നത് മരക്കാര്‍മാർ മാത്രമായിരുന്നുവെന്നാണ് ചരിത്രം. കാലങ്ങള്‍ക്കിപ്പുറത്ത് പുലാപ്പറ്റ കോവിലകത്തിന്റെ ഉമ്മറത്ത് വീണ്ടും ആ ചരിത്രം പുനർജീവിച്ചത് ചരിത്രത്തിലെ സമാനതകളില്ലാത്ത ആവര്‍ത്തനമല്ലാതെ മറ്റെന്താണ്.

ഇനിയൽപ്പം ചരിത്രം പറയാം... കുഞ്ഞാലി മരക്കാര്‍മാരുടെ ചരിത്രം.

മരക്കാര്‍മാരുടെ ജന്മദേശം അറേബ്യയാണന്നാണ് പൊതുവെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാപാരത്തിനായാണ് ക്രിസ്തുവര്‍ഷം എഴാം നൂറ്റാണ്ടിൽ കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് അവരെത്തിപ്പെടുന്നത്. അന്ന് കോഴിക്കോട് കപ്പലിറങ്ങിയ അവരോട് നിങ്ങൾ എവിടെ നിന്ന് വരുന്നുവെന്ന് നാട്ടുകാർ ചോദിക്കുകയും, ചോദ്യം മനസ്സിലാകാതെ അവർ 'മര്‍ക്കബ' എന്നു പറഞ്ഞ്‌ തോണി ചൂണ്ടിക്കാട്ടി നല്‍കുകയുമാണ് ഉണ്ടായതെന്നാണ് വിശ്വസം. തോണി എന്ന അര്‍ത്ഥം വരുന്ന അറബി പദമാണ് മര്‍ക്കബ. ആ വാക്ക് പിന്നീട് മരക്കാര്‍ എന്നായി തീര്‍ന്നുവെന്ന് ഒരു പക്ഷം ചരിത്രകാരന്മാര്‍ പറയുന്നു. എന്നാൽ, സാമൂതിരി ആ അറബി വണിക്കുകൾക്ക് നല്‍കിയ സ്ഥാനപ്പേരാണ് മരക്കാര്‍ എന്നും മറ്റൊരു വിഭാഗം ചരിത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. പിന്നീട്, അവരുടെ സമുദ്ര വൈദക്ത്യം പരിഗണിച്ച് കോഴിക്കോട് രാജ്യത്തിന്റെ നാവിക പ്രമുഖരായി സാമൂതിരി അവരെ ഉയർത്തുകയാണുണ്ടായത്. മരക്കാര്‍ കുടുംബത്തിലെ അധിപന് കുഞ്ഞാലി അഥവാ, കുഞ്ഞാലി മരക്കാര്‍ എന്നും രണ്ടാമനെ കുട്ടി ഹസ്സന്‍ എന്നും സ്ഥാനപ്പേരായി വിളിച്ചു. അവരെ തിരിച്ചറിയാൻ കസവിൻ തലക്കെട്ടും സാമൂതിരി നല്‍കിയത്രെ.

കുഞ്ഞാലി എന്നാൽ വിശ്വസ്തൻ, പ്രിയങ്കരൻ എന്നല്ലാമാണര്‍ത്ഥം. ഇസ്ലാമിക ചരിത്രത്തിലെ ധീരതയുടെ പേരായി ഗണിക്കപ്പെടുന്ന ബദര്‍യുദ്ധ പോരാളിയും അതിവിശാലമായ ഇസ്ലാമിക സാമ്രാജ്യത്തിന്റെ നാലാം ഖലീഫയുമായ (ഭരണാധികാരി) പ്രവാചക അനുചരൻ അലിയുടെ പേര്‌ ചേര്‍ത്തു കൊണ്ട്‌ ധീരന്‍ എന്ന അര്‍ത്ഥത്തില്‍ അവരെ കുഞ്ഞാലി എന്ന് വിളിച്ചിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നിരുന്നാലും, ശക്തമായ അധിനിവേശ വിരുദ്ധ മനസ്സും പ്രത്യയശാസ്ത്ര വിശുദ്ധിയുടെ പിന്‍ബലവുമുള്ള ഒരു കൂട്ടമായിരുന്നു മരക്കാര്‍മാർ എന്ന് നിസ്സംശയം പറയാം.

നാടിന് വേണ്ടി പോരാടിയ അനേകം ധീരദേശാഭിമാനികളുടെ പോരാട്ട ചരിത്രത്തിന്റെ  ഓര്‍മ്മപെടുത്തലുകളടങ്ങിയ മണ്ണാണ് നമ്മുടെ കേരളം ഭൂമി. പ്രത്യേകിച്ച്, മലബാറിന്‍റേത്. കുഞ്ഞാലി മരക്കാര്‍മാരുടെ സംഭാവന അതിൽ വിലമതിക്കാനാവാത്തതാണ്. അല്‍പം ചില കടലാസ് തുണ്ടുകളിൽ മാത്രം അവശേഷിക്കുന്ന ചരിത്രമായിരുന്നില്ല കുഞ്ഞാലിമാരുടേത്. സര്‍ദാര്‍ കെഎം പണിക്കര്‍ പറയുന്നു...

"ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും സമര്‍ഥനായ അഡ്മിറൽമാരിലൊരാളാണ് കുഞ്ഞാലി മരക്കാര്‍" എന്ന്.

കേരള തീരം സംരക്ഷിക്കുന്നതിനായി 1498 മുതൽ 1630 വരെ കുഞ്ഞാലിമാര്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് പോര്‍ച്ചുഗീസുകാർ ഗോവയിൽ മാത്രമായി ഒതുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞ്‌ വെക്കുന്നുണ്ട്.

കൊതുമ്പ് വള്ളങ്ങൾ കോര്‍ത്തിണക്കി രാജ്യത്താദ്യമായി കരുത്തുറ്റ നാവിക സേനയെ വാര്‍ത്തെടുത്ത മരക്കാര്‍മാരുടെ ആ ചരിത്രം വായിച്ചറിഞ്ഞ അന്ന് മുതൽ തുടങ്ങിയതാണ് കോഴിക്കോട് വടകരയിൽ ചെന്ന് കുഞ്ഞാലി മരക്കാരുടെ ഭവനവും, മ്യൂസിയം, പള്ളി, മരക്കാര്‍ കോട്ടാവശിഷ്ടങ്ങൾ, വെളിയാംകല്ല് തുടങ്ങിയവയൊക്കെയൊന്ന് കാണണമെന്നുള്ള ആഗ്രഹം. അവിടെ വെച്ച് ആ ചരിത്രത്തെ ഒന്നുകൂടി മനസ്സിൽ പുനർചിന്തക്ക്  വിധേയമാക്കണം. പീരങ്കിയും വെടിക്കോപ്പുകളുമായി പത്തേമാരികളിലെത്തിയ പോര്‍ച്ചുഗീസ് അധിനിവേശത്തെയവർ ചെറുത്തുനിന്നതിന്റെ സ്പന്ദനമവിടെ കേള്‍ക്കുന്നുണ്ടോ എന്ന് കാതോർക്കണം.

അങ്ങനെ കണ്ണൂരിലേക്ക് പോവുകയായിരുന്ന ഒരു ദിവസം വടകരയിൽ ഞാനിറങ്ങി. കണ്ണൂരില്‍ എന്റെ സഹോദരനെന്നെ കാത്തിരിക്കുന്നുന്നുണ്ടായിരുന്നു. കേരളത്തിന്റെ തീരപ്രദേശത്ത് കടലിനോരം ചേർന്ന് സമാന്തരമായി നീണ്ടുനിവര്‍ന്നു പോകുന്ന വലിയൊരു ദേശീയപാതയുണ്ടല്ലോ. ആ പാതയില്‍ നിന്നും മറ്റൊരു വഴിയിലൂടെ അല്‍പ്പമുള്ളിലേക്ക് പോയാലാണ് മരക്കാരോര്‍മ്മകള്‍ വിഹരിക്കുന്ന കാഴ്ചകളിലേക്കെത്തിപ്പെടുക. ബസ്സിറങ്ങി ഒരോട്ടോ പിടിച്ച് ഇരിങ്ങലിലേക്ക് പോകുമ്പോൾ റിക്ഷക്കാരനോട് വരവിന്റെ ഉദ്ദേശം പറഞ്ഞത്‌ ഉപകാരത്തിൽപെട്ടു. പോകും വഴി ഒരിടത്തെത്തിയപ്പോൾ വണ്ടി നിർത്തിയദ്ദേഹം റോഡിന്റെ വലത് വശത്തേക്ക് ചൂണ്ടിക്കൊണ്ടെന്നോട് പറഞ്ഞു...

"വെളിയാംകല്ലതാ..." 

ഞാൻ ആകാംഷയോടെ പുറത്തേക്ക് നോക്കി. അപ്പോഴത് ഉച്ചവെയിലിന്റെ കാഠിന്യത്തിൽ ഒരു വലിയ വജ്രകട്ടപോലെ തിളങ്ങി നില്‍ക്കുകയായിരുന്നു. സാധാരണ പാറകളുടെ കരി നിറത്തിന് വിത്യസ്തമായി അതൊരു വെള്ള നിറത്തിലാണുള്ളത്. ആ കാരണം കൊണ്ടായിരിക്കാം ഒരു പക്ഷേ അതിനെ വെളിയാംകല്ല് എന്ന പേര് വിളിച്ചത്. സമയകുറവ് കാരണം, ആ കാഴ്ചയിലേക്ക് കൂടുതൽ കടക്കാതെ ഏതാനും ചിത്രങ്ങൾ മാത്രമെടുത്ത് ഞങ്ങൾ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി.

അവിടെ നിന്നും കുറച്ച് ദൂരം മാത്രമാണ് മരക്കാര്‍ ഭവനത്തേക്കുണ്ടായിരുന്നുള്ളൂ. കൊയിലാണ്ടി താലൂക്കിൽപെട്ട ഇരിങ്ങല്‍ എന്ന പ്രദേശമാണിത്. പാതയോരത്ത് നിന്നും ചെറിയ പച്ചിലകള്‍ വളരുന്ന ബുഷ് ചെടികള്‍ക്കിടയിലൂടെയുള്ള കരിങ്കൽ പാതയുടെ അറ്റത്താണ് മരക്കാര്‍ ഭവനം. ഇന്ത്യൻ നാവിക സേന സ്ഥാപിച്ച ഒരു കറുത്ത മാര്‍ബിള്‍ സ്തൂപമാണ് ഗൈറ്റ് കടന്നുള്ളില്‍ പ്രവേശിച്ചാല്‍ നമ്മെ ആദ്യം സ്വാഗതം ചെയ്യുക. അതിലിങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു.

"കുഞ്ഞാലി മരക്കാര്‍ മലബാറിന്റെ ചരിത്രത്തിൽ സവിശേഷമായ സ്ഥാപനമാണ് അലങ്കരിക്കുന്നത്. അധിനിവേശകർക്കെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകമാണവർ. നമ്മുടെ മഹത്തായ സമുദ്ര സഞ്ചാര പാരമ്പര്യങ്ങൾക്ക് ഈടുറ്റ സംഭാവനകൾ അവർ നല്‍കി"

ബുഷ് ചെടികള്‍കളുടെ നീണ്ട നിരകള്‍ക്കിടയിൽ കറുത്ത മാര്‍ബിള്‍ വിരിച്ച രണ്ട് ഇരിപ്പിടങ്ങളുണ്ട്. ഉച്ചവെയിലിൽ അത് തിളങ്ങുന്നുണ്ടായിരുന്നു. മുറ്റത്ത്‌ നിറയെ പച്ചപുല്ല് വളർത്തി, അതിന്‌ ചുറ്റും ചെറിയൊരു പൂന്തോട്ടം വെച്ച് പിടിപ്പിച്ചിരിക്കുന്നത് നയന മനോഹരമായ കാഴ്ചയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പൊരു മഹാമനുഷ്യന്‍ വീറോടെ പോരിനിറങ്ങുകയും. പിന്നീട്, യുദ്ധമവസിനിച്ച ക്ഷീണവുമായി വന്ന് കയറുകയും ചെയ്ത വഴിത്താരകളാണിത്. ഒരുപക്ഷേ, എന്തായിരിക്കാം അന്നദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന ചിന്ത വിഷയങ്ങൾ. തിരിച്ച് വരുമെന്ന് ഒരുറപ്പുമില്ലന്ന മാതാവിനും ഭാര്യക്കും നല്‍കിയ വാക്കുകളായിരിക്കുമോ... അതോ, മക്കളുടെ നിഷ്കളങ്കമായ മുഖമോ. എന്തായാലും ഒന്നുറപ്പാണ്, നാടിന്റെ സ്വതന്ത്രത്തിനായി തുടിക്കുന്ന ഒരു ഹൃദയമണിഞ്ഞവരായിരുന്നു അവർ.

സ്വാതന്ത്ര്യം കിനാവ് കാണുന്ന മനസ്സുള്ളവർ.

കുഞ്ഞാലി മരക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു പുരാതന ഭവനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണിത്. ആ ചരിത്രവുമായി ബന്ധപ്പെട്ട അവശേഷിക്കുന്ന ഏക സ്മാരകവും ഇത് തന്നെ. ഒരു തളവും മൂന്ന് മുറികളും കൂടാതെ ഒരു നീണ്ട വരാന്തയും മാത്രമാണ്‌ ഇതിനകത്ത് ആകെയുള്ള കാഴ്ചകള്‍. മേല്‍ക്കൂര ഒരു പ്രത്യേക തരം ഓടുകൊണ്ടാണ് മേഞ്ഞിരിക്കുന്നത്. പണ്ടവിടെ ക്രമത്തില്‍ അടുക്കിയടുക്കിവെച്ച തെങ്ങോലകളായിരിക്കാം ഉണ്ടായിരുന്നത്. പഴയ കാലത്ത്‌ നാട്ടുപ്രഭുക്കളുടേയും നമ്പൂതിരിമാരുടേയും വീടുകൾ മാത്രമാണ്‌ ഓടുകൊണ്ട്‌ മേയുവാനവകാശം ഉണ്ടായിരുന്നുള്ളൂ. ചുമരിന്റെ ഉയരം പോലും ഒരു നിശ്ചിത പരിധിക്കപ്പുറം ഉയര്‍ത്താനന്ന് കഴിയുമായിരുന്നില്ല.

ഉണ്ടും ഉറങ്ങിയും തന്റെ മക്കളോട് കളിചിരിയില്‍ ഏര്‍പ്പെട്ടും മാതാപിതാക്കളോടും ഭാര്യയോടുമൊക്കെ സംസാരിച്ചും ഇടപെട്ടും കുറെ ധീര തലമുറകള്‍ ഈ ആകാശ കീറിനു താഴെ ജീവിച്ച് മറഞ്ഞിരിക്കുന്നു എന്നോർക്കുമ്പോൾ വല്ലാത്തൊരു വികാരം മനസ്സിലനുഭവപ്പെടുന്നു. സാമൂതിരിയുടെ നിലപാടുകളെകുറിച്ചും പോര്‍ച്ചുഗീസുകാരുടെ ക്രൂരതയെക്കുറിച്ചുമൊക്കെ അന്നവരിവിടെയിരുന്ന് സംസാരിച്ചിരുന്നിരിക്കണം. തന്റെ ഇരുകൈകളും മേലേക്കുയർത്തി എത്രയോ രാത്രികള്‍ മരക്കാര്‍മാർ ഇവിടെ ജന്മനാടിനുവേണ്ടി കലങ്ങിയ കണ്ണുകളുമായി പ്രാര്‍ത്ഥിച്ചുകാണും. ഇന്നതൊക്കെ ഓര്‍ത്തെടുക്കാർ തന്നെ വല്ലാത്തൊരു രസമാണ്. ചരിത്രത്തിലേക്ക് ഊളിയിട്ടിറങ്ങുന്നത് മാതിരിയുള്ള ഒരനുഭവം.

ആദ്യകാലത്ത് പന്തലായനി കൊല്ലത്ത് താമസമാക്കിയ കുഞ്ഞാലി മരക്കാര്‍മാർ പോര്‍ച്ചുഗീസ് ആക്രമണകാലത്ത്‌ തിക്കോടിയിലേക്കും, പിന്നീട് കോഴിക്കോട്ട് രാജ്യത്തെ വടകരയിലേക്കും ആസ്ഥാനം മാറുകയായിരുന്നെന്നാണ്‌ പ്രബലമായ വാദം. കൊച്ചിയിലായിരുന്ന ഇവർ പോര്‍ച്ചുഗീസ് ഭരണ കാലത്ത്‌ പൊന്നാനിയിലെക്കും, അവിടെവെച്ച് മക്തൂമാരുടെ ഉപദേശത്തെ തുടർന്നിവിടേക്കും പലായനം ചെയതെന്നും പറയപ്പെടുന്നു. എന്നിരുന്നാലും, മരക്കാര്‍മാർ നാവിക വൈദക്ത്യമുള്ള കച്ചവടക്കാരായിരുന്നെന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്‌. പോര്‍ച്ചുഗീസ് ആക്രമണത്തെ ചെറുക്കാനായാണ് കോഴിക്കോട്ടെ ഈ പ്രദേശത്തേക്കവർ എത്തിയതെന്നാണ് ബഹുഭൂരിപക്ഷം ചരിത്രകാരന്മാരും സമര്‍ഥിക്കുന്നത്.

പറങ്കികളുമായി ഏറ്റുമുട്ടിയ മരക്കാര്‍ വംശത്തിലെ ആദ്യത്തെ പോരാളി മമ്മാലി മരക്കാരായിരുന്നു. 1505ല്‍ കൊടുങ്ങല്ലൂരിൽ വച്ചു നടന്ന യുദ്ധത്തിൽ പറങ്കികൾക്കേറെ നാശനഷ്ടങ്ങൾ വരുത്തി കൊണ്ടദ്ദേഹം വീരചരമം പ്രാപിച്ചു. യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ കോഴിക്കോട് നഗരത്തില്‍ നിന്നുള്ള പടകപ്പലുകള്‍ തന്നെ സഹായിക്കാനായി നിശ്ചിത സമയത്ത്‌ എത്താത്തതിനാലാണ് തന്റെ രണ്ട് പുത്രന്മാരോടൊപ്പം അദ്ദേഹം കൊല്ലപ്പെടുന്നത്.

അദ്ദേഹത്തിനു ശേഷം പിന്നീട് കുട്ട്യാലി മരക്കാരാണ് നേതൃത്വം ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ മകനായ മുഹമ്മദ് മരക്കാരാണ്‌ ആദ്യത്തെ കുഞ്ഞാലി മരക്കാരായി ചരിത്രത്തിലറിയപ്പെടുന്നത്. കൊച്ചിയിലെ ഒരു വ്യപാര പ്രമുഖനായ മുഹമ്മദ് മരക്കാര്‍ കൊച്ചിയില്‍ മുസ്ലീങ്ങൾക്ക് നേരെയുള്ള പറങ്കികളുടെ ശത്രുതയും ശല്യവും സഹിക്കാതെ വന്നപ്പോൾ കുട്ട്യാലി മരക്കാര്‍, വലിയ ഹസ്സന്‍, പച്ചി മരക്കാര്‍ എന്നീ പ്രമാണിമാരെയും ഒരു പറ്റം നാട്ടുകാരേയും കൂട്ടി സാമൂതിരിയെ മുഖം കാണിക്കാൻ കോഴിക്കോട് രാജ്യത്ത് ചെന്ന് പോര്‍ച്ചുഗീസുകാര്‍ക്കെതിരിൽ യുദ്ധം ചെയ്യാൻ തങ്ങൾ തയ്യാറാണന്നറിയിച്ചു. സന്തുഷ്ടനായ സാമൂതിരി മുഹമ്മദ് മരക്കാരെ 'കുഞ്ഞാലി' എന്ന സ്ഥാനപ്പേർ നല്‍കി 'കുഞ്ഞാലി മരക്കാര്‍' എന്ന് വിളിച്ചു. അദ്ദേഹത്തെ തുടർന്ന് മൂന്ന് മരക്കാര്‍മാരാണ് കോഴിക്കോട് രാജ്യത്തിന്റെ നാവിക പ്രമുഖരായി പിന്നീടുദയം ചെയതത്.

ഭവനത്തിനകത്ത് ഓര്‍ത്തെടുത്ത് ചിന്തിക്കാനുള്ള ചരിത്രമല്ലാതെ കാര്യമായ പ്രദര്‍ശനവസ്തുക്കളൊന്നും തന്നെ ഇല്ലാത്തതിനാൽ, സ്മാരകത്തോട് ചേര്‍ന്ന് പുതിയ കാലത്ത്‌ പണിതൊരു കെട്ടിടത്തിലേക്ക് ഞാൻ കയറി ചെന്നു. അവിടെ ചെറിയ രൂപത്തിലൊരു മ്യൂസിയം സജ്ജമാക്കിയിട്ടുണ്ടായിരുന്നു. കുഞ്ഞാലി മരക്കാര്‍മാരുടെ ചരിത്രവുമായി ബന്ധപ്പെട്ട വലിയ വസ്തുക്കളൊന്നും തന്നെ അവിടെയുമുണ്ടായിരുന്നില്ല. മരക്കാര്‍ ഭവനത്തിന്‌ സമീപത്ത് നിന്നും കുഴിച്ചെടുത്ത വാളുകളോ പീരങ്കിയുണ്ടാകളോ നേരിട്ടാ ചരിത്ര പുരുഷൻമാരുമായി ബന്ധപ്പെട്ടതാണന്ന് അനുമാനിക്കാൻ കഴിയില്ല. എങ്കിലും, ശാസ്ത്രീയമായ പരിശോധനകളിലൂടെ അവയുടെ കാലഘട്ടം ഏകദേശം കണക്കാക്കി അത് കുഞ്ഞാലി മരക്കാർമാർ ഉപയോഗിച്ചതാകാമെന്ന നിഗമനത്തില്‍ ചരിത്രകാരന്മാരെത്തിചേർന്നിരിക്കുന്നു. അത്തരത്തിലുള്ള വാളുകൾ, പീരങ്കിയുണ്ടകൾ, നന്നങ്ങാടികൾ, നാണയങ്ങൾ തുടങ്ങി ഒട്ടേറെ പുരാവസ്തുക്കൾ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

2004ൽ പ്രവര്‍ത്തനം തുടങ്ങുന്ന ഈ കൊച്ചു മ്യൂസിയത്തിലെ സവിശേഷമായൊരു കാഴ്ച്ച ഈ പ്രദേശത്തൊരിക്കല്‍ ഗരിമയോടെ ഉയർന്ന് നിന്നിരുന്ന മരക്കാര്‍ കോട്ടയുടെ ചെറിയ കാര്‍ബോർഡ് മാതൃകയാണ്.

പട്ടു മരക്കാര്‍ എന്ന കുഞ്ഞാലി മരക്കാര്‍ മൂന്നാമനാണ് പുതുപട്ടണം എന്നക്കാലത്തറിയപ്പെട്ടിരുന്ന ഈ പ്രദേശത്തൊരു കോട്ട പണിയുവാന്‍ സാമൂതിരിപ്പാടനുവാദം നല്‍കുന്നത്. ആ കോട്ടയാണ് 'മരക്കാര്‍ കോട്ട' എന്നറിയപ്പെടുന്നത്. കുഞ്ഞാലി മരക്കാര്‍ രണ്ടാമന് ശേഷം സാമൂതിരിയുടെ നാവിക സേന തലവനായി അവരോധിതനാകുന്ന മരക്കാര്‍ മൂന്നാമന്‍ സൈന്യത്തിന്റെ നവീകരണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഗറില്ലാ പോരാട്ടങ്ങളെ കൂടാതെ കൊതുമ്പ് വള്ളങ്ങളുപയോഗിച്ചുള്ള പാശ്ചാത്യ യുദ്ധ രീതികള്‍, പടകോപ്പുകളുടെ ഉപയോഗം തുടങ്ങിയവയും അവർ അക്കാലഘട്ടങ്ങളിൽ സ്വായത്തമാക്കി. പിന്നീട്, സൈനിക നേതൃത്തിലേക്ക് അവരോധിതനായ നാലാം മരക്കാരെ സാമൂതിരിയുടേയും പോര്‍ച്ചുഗീസുകാരുടേയും സംയുക്ത സൈന്യം വന്നാക്രമിച്ച് കീഴ്പ്പെടുത്തുന്നതിന്നും ഈ കോട്ട സാക്ഷ്യം വഹിക്കുകയുണ്ടായി എന്നുള്ളത് ചരിത്രത്തിലെ ഒരു വിരോധാഭാസമായി തോന്നാം. നാലാം മരക്കാര്‍ സാമൂതിരിയെ വെല്ലുവിളിച്ചതാണെന്നും അതല്ല, സാമൂതിരിയെ പോര്‍ച്ചുഗീസുകാർ തെറ്റിദ്ധരിപ്പിച്ച് മരക്കാരുമായി യുദ്ധത്തിന് പ്രേരിപ്പിച്ച് ചതിക്കുകയായിരുന്നെന്നും ചരിത്രകാരന്മാര്‍ വെത്ത്യസ്ഥ നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

ഞാൻ മ്യൂസിയത്തില്‍ നിന്നിറങ്ങുമ്പോള്‍ സമീപത്ത് കണ്ട ചില വീടുകളെകുറിച്ച് വെറുതെ ചിന്തിച്ചു. മരക്കാര്‍മാരുടെ അയല്‍വാസികളാണവർ. ഒരുപക്ഷേ, ആ വീട്ടുകാരുടെ പൂര്‍വികര്‍ മരക്കാര്‍മാരുടെ ഇഷ്ട തോഴന്മാരായിരുന്നിരിക്കാം. അദ്ദേഹത്തിന്റെ കൂടെ തോളോട് തോൾ ചേര്‍ന്ന് യുദ്ധത്തിൽ പങ്കു ചേര്‍ന്നവരുമാകാം. ഈ കൊലായിയില്‍ ഇരുന്നുകൊണ്ട് എത്രയോ തവണ അവർ സൊറച്ചിരുന്നിട്ടുണ്ടാകാം. എന്നാൽ, പുതിയ തലമുറ അവരുടെ ആ പാരമ്പര്യത്തെകുറിച്ച് അറിവുള്ളവരാണോ എന്ന് സംശയമാണ്. ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന ഈ ദേശത്തിന്റെ ഐതിഹാസിക ചരിത്രത്തെക്കുറിച്ച് നമ്മില്‍ പലരും അത്രകണ്ട് ബോധവാന്മാരല്ല എന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം. മരക്കാര്‍മാരുടെ സങ്കേതമായിരുന്ന കോട്ടക്കല്‍ ദേശം ഇന്ന്‌ അതേ കെട്ടിടങ്ങളോട് കൂടി കാണാന്‍ സാധിക്കില്ല. എല്ലാം മണ്ണടിഞ്ഞ് പോയിരിക്കുന്നു. എങ്കിലും, കുറച്ച് മിനുക്ക് പണികളോട് കൂടി ഈ ഭവനം ഇന്നും നിലനിൽക്കുന്നത് ചരിത്ര പ്രേമികളെ സംബന്ധിച്ചെടുത്തോളം വലിയ ഭാഗ്യമാണെന്നെനിക്ക് തോന്നുന്നു.

മരക്കാര്‍ ഭവനത്തില്‍ നിന്നും പിന്നെ ഞാൻ നേരെ പോയത് ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു കെട്ടിട കാഴ്ചയിലേക്കാണ്. ഇരിങ്ങല്‍ വലിയ ജമാഅത്ത് പള്ളിയിലേക്ക്. കരയിലേക്ക് കയറി വന്ന സമുദ്രഭാഗത്തിന്റെ ഓരത്ത് വെള്ള മണല്‍ വിരിച്ച് മനോഹരമാക്കിയ മുറ്റത്താണ് ആ പള്ളിയിന്നുള്ളത്. കേരളത്തിലെ പുരാതന ക്ഷേത്ര മാതൃകയില്‍ നിര്‍മിച്ച മനോഹരമായ ഒരു പള്ളിയാണത്. അതിന്റെ നരച്ച ഓടുകൾ അതിനൊരു പുരാഭാവം നല്‍കുന്നുണ്ടൈന്നെനിക്ക് തോന്നി.

പള്ളി പൂട്ടി കിടപ്പായിരുന്നു. ഇനി മദ്ധ്യാഹ്ന പ്രാര്‍ത്ഥനക്ക് മാത്രമേ പള്ളി തുറക്കുകയൂള്ളു എന്നെനിക്ക് മനസ്സിലായി. ഈ ദേശത്തെ മതസൗഹൃദം ഊട്ടിയുറപ്പിക്കാന്‍ കുഞ്ഞാലി നാലാമൻ നടത്തിയ മഹത് സേവനത്തിന്റെ സ്മാരകം കൂടിയാണീ പള്ളി. അക്കാലത്തുപയോഗിച്ചിരുന്ന വാളുകളുടെ ശേഖരം കൂടാതെ, പോര്‍ച്ചുഗീസുകാരിൽ നിന്നും കുഞ്ഞാലി മരക്കാര്‍മാർ പിടിച്ചെടുത്ത വാളും പരിചയുമൊക്കെ ഗർഭം പേറിയാണ് അടഞ്ഞു കിടക്കുന്ന പള്ളിയുടെ പ്രധാന ഹാൾ നിലകൊള്ളുന്നത്. ആ വാളാണത്രെ ഇന്നും വെള്ളിയാഴ്ച പ്രഭാഷണത്തിന് പ്രാസംഗികന്‍ ആചാരപരമായി കൈയിലേന്തുന്നത് എന്നറിഞ്ഞപ്പോള്‍ അത് നേരിട്ട് കാണാന്‍ കഴിയാത്തതിലുള്ള വലിയ ദുഃഖമാണെനിക്ക് തോന്നിയത്‌.

പള്ളിക്ക് നേരെ മുന്നില്‍ വലിയൊരു കുളമുണ്ട്. നമസ്കാരത്തിന് മുന്നോടിയായി അംഗസ്നാനം നിര്‍വഹിക്കുന്നതിനും കുളിക്കുന്നതിനുമൊക്കെയുള്ള ഒരു സംവിധാനമാണത്. ഒരു കാലത്ത്‌ മരക്കാര്‍ ഉള്‍പ്പടെയുള്ള പോരാളികള്‍ ഉപയോഗിച്ചിരുന്നതായിരിക്കാം അതും. സമീപത്തെ ആ പള്ളിയില്‍ നിന്നും നമസ്കാരം നിര്‍വ്വഹിച്ച് തെങ്ങുകളതിരിടുന്ന ഈ സമുദ്ര ഭാഗം താണ്ടി പുറം കടലിലേക്കവർ കൊതുമ്പ് വള്ളങ്ങളിൽ നീങ്ങിയിരുന്നിരിക്കാം. ഏഡി 1500 മുതൽ 1600 വരെയുള്ള ആ കാലത്ത് ഈ പ്രദേശം എത്ര സജീവമായിട്ടായിരിക്കും ഉണ്ടായിരുന്നിട്ടുണ്ടാവുക എന്ന് ഞാന്‍ വെറുതെ ചിന്തിച്ചു.

മരക്കാര്‍ കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണുവാനായിരുന്നു പിന്നീടെനിക്കാഗ്രഹം. എന്നാൽ, കത്തുന്ന വെയില്‍ ചൂടും, കണ്ണൂരിലെ സുഹൃത്തിന്റെ കാത്തിരിപ്പും എന്നെ അതിൽ നിന്നും വിലക്കി. അങ്ങനെ, മരക്കാര്‍ കോട്ടാവശിഷ്ടങ്ങള്‍ കാണുവാനുള്ള മോഹം വഴിയിലുപേക്ഷിച്ച് ഞാനവിടെ നിന്നും മടങ്ങാൻ തീരുമാനിച്ചു.

ഒരുപക്ഷേ, അസ്ഥിവാരം പോലും കാണാമറയത്ത് കുഴിച്ച് മൂടിയിട്ടായിരിക്കാം പറങ്കികളുടെ പടയോട്ടമീ വഴിയിലൂടെ കടന്ന് പോയിട്ടുണ്ടായിരിക്കുക. എങ്കിലും, ഒരു കല്ലിന്റെ അടയാളമെങ്കിലും ചരിത്രമിവിടെ അവശേഷിപ്പിക്കാതെ കടന്ന് പോകില്ലെന്നെനിക്കുറപ്പുണ്ട്.

കോഴിക്കോടിന്റെ ചരിത്രത്തെ സംബന്ധിച്ച് പ്രശസ്ത ചരിത്രകാരൻ എംജിഎസ് മുന്നോട്ട് വെക്കുന്ന ചില നിർദ്ദേശങ്ങൾ പ്രസക്തമാണന്നെനിക്ക് തോന്നുന്നു.

അദ്ദേഹം പറയുന്നു...

"നിലവില്‍ ചരിത്രത്തിന്റെ മഹാകോവിലായ കോഴിക്കോട് നഗരത്തിൽ അതിനെ സംബന്ധിച്ച് വിവരം നല്‍കുന്ന മ്യൂസിയങ്ങളോ വിപുലമായ മറ്റ് സംവിധാനങ്ങളോ ഒന്നും തന്നെയില്ല. സാമൂതിരിയുടെ ചരിത്രമുറങ്ങുന്ന ഒരു മ്യൂസിയം അവരുടെ ആസ്ഥാനമായ കോഴിക്കോട് നഗരത്തിലും, കുഞ്ഞാലി മരക്കാര്‍മാരുടെ പോരാട്ട ചരിത്രം വിശദീകരിക്കുന്നൊരു മ്യൂസിയം വടകര പ്രദേശത്തും. തീ വാരിയെറിഞ്ഞവനാണെങ്കിലും നമ്മുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ വാസ്കോഡഗാമയെ സംബന്ധിച്ചുള്ളൊരു ചരിത്രാലയം കാപ്പാട് കടലോരത്തൊരു കപ്പലിലും സംവിധാനിക്കുകയാണെങ്കിൽ അത് ചരിത്രത്തെ സ്നേഹിക്കുന്നവര്‍ക്ക് വലിയ അനുഭവമായിരിക്കും"

ഈ മൂന്ന്‌ പ്രദര്‍ശനസ്ഥലങ്ങളേയും ബന്ധിച്ചൊരു ടൂറിസം പാത കൂടി ആസൂത്രണം ചെയ്താൽ അത് ബന്ധപ്പെട്ടവർക്കൊരു വരുമാന മാര്‍ഗ്ഗം കൂടി ആയിരിക്കുമെന്നദ്ദേഹം പറഞ്ഞ്‌ വെക്കുന്നു.

അവിടെ നിന്നും മടങ്ങുമ്പോൾ വീണ്ടും വീണ്ടും ഞാൻ കുഞ്ഞാലിമാരെക്കുറിച്ച് ചിന്തിക്കാതിരുന്നില്ല. ഒരു നൂറ്റാണ്ട് കാലമാണ് ശക്തമായ ആ ചെറുത്ത് നില്‍പ്പീ മണ്ണില്‍ നീണ്ടു പോയത്. അക്കാലത്ത് ലോകം കണ്ട ഏറ്റവും വലിയ നാവിക സൈന്യത്തിനുടമകളാണ് കുഞ്ഞാലി മരക്കാര്‍മാരുടെ പ്രതിയോഗികളെന്ന വസ്തുത മുന്നില്‍ വെക്കുമ്പോൾ അവരുടെ പോരാട്ടത്തിലടങ്ങിയിരിക്കുന്ന ത്യാഗം എത്രത്തോളമാണെന്ന് നമുക്കൂഹിക്കാൻ കഴിയും. ആ പോരാട്ടങ്ങള്‍ക്ക് സൈനിക, രാഷ്ട്രീയ, പ്രത്യയശാസ്ത്രപരമായ നിരവധി മാനങ്ങളുണ്ടായിരുന്നു. പ്രഥമ പാശ്ചാത്യ അധിനിവേശ ശക്തിയിയിരുന്ന പോര്‍ച്ചുഗീസ് സംഘങ്ങളെ അന്ന് ഇന്ത്യൻ തീരങ്ങളില്‍ നിന്നും തുരത്തിയോടിക്കുക എന്ന കുഞ്ഞാലിമാരുടെ ദൗത്യം ലക്ഷ്യം കണ്ടിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നെന്ന് നിസ്സംശയം പറയാൻ കഴിയും.

1 comment:

  1. താങ്കൾ കണ്ടത് കുഞ്ഞാലി മരയ്ക്കാരുടെ വീടല്ല. മരയ്ക്കാരുടെ പിൻഗാമികളുടെ വീടാണ്.1668ൽ അഞ്ചാം കുഞ്ഞാലിയായ കുഞ്ഞികലന്ദർ മരയ്ക്കാരുടെ വീട്. അതായത് എൻ്റെ എൻ്റെ പതിനൊന്ന് തലമുറ മുൻപേയുള്ള ഞങ്ങളുടെ ഉപ്പാപ്പ.
    ഫസൽ മരയ്ക്കാർ.
    9847050093

    ReplyDelete