Saturday, 24 August 2019

മഹ്മൽ

ദുബൈ നഗരത്തിലെ ഘന ഗംഭീരം കെട്ടിട കാഴ്ചകള്‍ക്കിടയിലെ ഒരു വലിയ നിര്‍മ്മിതിയാണ് ബുര്‍ജ് ഖലീഫ. ലോകത്തെ ഏറ്റവും നീളമേറിയ കെട്ടിടം. ആ കെട്ടിടത്തിന്റെ ഭൂപ്രതലത്തിലേക്കുയർന്ന് നില്‍ക്കുന്ന വേരുപോലെ തോന്നിപ്പിക്കുന്ന ഒന്നാണ്‌ ദുബൈ മാൾ എന്നറിയപ്പെടുന്നത്. ഉപഭോക്ത്ര് സംസ്കാരത്തിന്റെ അവസാന വാക്ക്. എന്നാൽ, ദുബൈ മാളൊരു ഷോപ്പിങ് വിസ്മയത്തിന്റെ വര്‍ണ്ണലോകം മാത്രമാണന്നാരും ധരിച്ച് പോകരുത്. മാളിന്റെ പല കോണുകളിലും ചിന്താപരവും ആകര്‍ഷകവുമായ അനേകം പ്രദര്‍ശനങ്ങളും കാഴ്ച്ചകളും ഉണ്ടാകാറുണ്ട്. മാളിലെ വര്‍ണ്ണപ്പകിട്ടിനിടയിൽ അവകൾ മിക്കപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടാതെ കണ്ണ് വെട്ടിച്ച് കടന്ന് പോവുകയാണന്ന് മാത്രം.

ഞാൻ പറഞ്ഞു വരുന്നത് ദുബൈമാളിൽ ഞാനൊരിക്കൽ കണ്ടൊരു കാഴ്ചയെ കുറിച്ചാണ്.

മഹ്മല്‍...

മാളിന്റെ ഒരു കോണില്‍ ഒരു വലിയ താഴികക്കുടത്തിന് താഴെയാണ് വിലമതിക്കാനാവാത്ത ആ ചരിത്ര വസ്തു പ്രദര്‍ശിപ്പിച്ചു വെച്ചിരുന്നത്. പലരും അതിലൊന്ന് എത്തി നോക്കി പോകുന്നത് ഞാന്‍ കണ്ടു. ചിലര്‍ അതിൽ എഴുതി വച്ചിരിക്കുന്നത് ശ്രമപ്പെട്ട് വായിക്കുന്നതും കാണുന്നു. ചിലര്‍ ചിത്രങ്ങളെടുക്കുന്നു. തൊട്ട് നോക്കുന്നു. എല്ലാവരും ഇതെന്തോ പ്രാധാന്യമേറിയ വസ്തുവാണെന്ന് മനസ്സിലേക്കുന്നുണ്ടെങ്കിലും മിക്ക പേര്‍ക്കും ഇതെന്താണന്ന് മനസ്സിലാകുന്നില്ല എന്നാണെനിക്ക് തോന്നിയത്. ഒരു കാലഘട്ടത്തെ മനുഷ്യര്‍ അത്യധികം ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന, ഒരു കാലഘട്ടത്തിന്റെ ചരിത്രം പേറി നില്‍കുന്ന ഒരു വലിയ സംഗതിയാണതെന്ന് മനസ്സിലാക്കാൻ എനിക്കും അനേകം നാളുകളെടുത്തു എന്ന് ചുരുക്കം.

ഇസ്ലാമിലെ മഹത്തായ ആരാധന കര്‍മ്മമായ ഹജ്ജുമായി ബന്ധപ്പെട്ട് വിശുദ്ധ കഅബയെ കട്ടിയുള്ള ഒരുതരം പുതപ്പ് കൊണ്ട്‌ അഥവാ കിസ്-വകൊണ്ട് പുതപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. എല്ലാ കൊല്ലത്തിലും ദുല്‍ഹജ്ജ് മാസം ഒമ്പതിനാണ് ആ ചടങ്ങ് നടക്കാറുള്ളത്. മേല്‍ത്തരം തുണിയിൽ സ്വര്‍ണ്ണനൂലിഴകൾകൊണ്ട് വിശുദ്ധ ഖുറാനിലെ വചനങ്ങൾ തുന്നിചേര്‍ത്ത അതിമനോഹരമായ ഒരു കറുത്ത പുതപ്പാണ് കിസ്-വ എന്ന് പറയുന്നത്. കഅബ നിലകൊള്ളുന്ന ഹറം പള്ളിക്കു സമീപത്തെ നിര്‍മാണ യൂണിറ്റിൽ നിന്നും ഒരു വലിയ വാനിൽ കൊണ്ടുവരുന്ന കിസ്-വയെ വിദഗ്ധരായ കുറെ ആളുകളുടേയും യന്ത്രങ്ങളുടേയുമൊക്കെ സഹായത്തോടെയാണ് മത്താഫിലേക്ക് അഥവ കഅബയുടെ പരിസരത്തിലേക്ക് കൊണ്ടുവരുന്നതും കഅബയെ പുതപ്പിക്കുകയുമൊക്കെ ചെയ്യുന്നത്. അന്നത് കാണാൻ ലക്ഷങ്ങൾ കഅബക്കു ചുറ്റും കൂടുന്നു. കൂടാതെ ഹറം ടിവി മേല്‍പരുപാടി തല്‍സമയം സംപ്രേഷണം ചെയ്യുകയും ചെയ്യുന്നു.

ഇന്നത് വലിയൊരു സംഭവവമായി കൊണ്ടാടപ്പെടുന്നില്ലങ്കിലും, ഒരു കാലത്ത്‌ അതൊരു അത്യാഢംബരമായ പരുപാടിയായിരുന്നെന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും. കൃത്യമായി പറഞ്ഞാൽ എഡി 1926ലെ ദുല്‍ഹജ്ജ് ഒമ്പത് വരെ. അന്നു വരെ യമനിൽ നിന്നും ഡമാസ്കസിൽ നിന്നുമൊക്കെ കുന്നും മലകളും മരുഭൂമിയും താണ്ടി അനേകം ആളുകളുടെ അകമ്പടിയോടെ വര്‍ണ്ണാഭമായി അലങ്കരിച്ച ഒട്ടകപ്പുറത്ത് ഒരു വലിയ കാരവനിലായിലായിരുന്നു കിസ്-വയെ കൊണ്ടുവന്നിരുന്നത്. അത് കടന്നുപോകുന്ന ഓരോ പ്രദേശത്തും അതിന്‌ വലിയ സ്വീകരണവും വരവേല്‍പ്പും ലഭിച്ചിരുന്നു. അവിടെ നിന്നും അനേകം പേർ ആ ഘോഷയാത്രക്കൊപ്പം ചേര്‍ന്ന് അതൊരു വലിയ സംഘമായി മക്കയിലെത്തുകയും കിസ്-വയെടുത്ത് കഅബയെ പുതപ്പിച്ച് മടങ്ങുകയും ചെയ്തിരുന്നു.

അത് ചരിത്രം.

അന്ന് കിസ്-വ കൊണ്ടുവന്നിരുന്ന ആ കാരവന്റെ പേരാണ് മേല്‍ മഹ്മല്‍. ഖുര്‍ആൻ സൂക്തങ്ങളും നബിവചനങ്ങളുമൊക്കെ ആലേഖനം ചെയ്ത പച്ചയും ചുവപ്പും നിറങ്ങളിലുഉള്ള സില്‍ക്ക് കൊണ്ട്‌ പണിത വലിയ ഒരു ചതുരാകൃതിയിലുള്ള പെട്ടിയാണത്. അത് സ്വര്‍ണ്ണം-വെള്ളി നൂലിഴകള്‍കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. ആ കാരവനകത്തിട്ടായിരുന്നു ഓട്ടോമൻ സുല്‍ത്താന്മാരാരുടെ അധികാരത്തിന്റെ അടയാളമായിരുന്ന കിസ്-വ കൊണ്ട്‌ വന്നിരുന്നത്. പതിമൂന്ന്‌ ഭാഗങ്ങളായി ഒരു പിരമിഡുപോലെ തോന്നിപ്പിക്കുന്ന മഹ്മലിന്റെ മുകൾ വശത്ത് നാല് മൂലയിലും പിന്നെ ഏറ്റവും ഉയരമുള്ള ഭാഗത്തും ഓരോ ലോഹഗോളവും കാണാൻ സാധിക്കും. പിന്നെ, അതി മനോഹരങ്ങളായ സില്‍ക്ക് തൊങ്ങലുകളും...

തുര്‍ക്കിയിലെ മാംമലൂക്ക് സുല്‍ത്താന്മാരുടെ കാലത്ത്‌ ഈജിപ്തിലെ അവരുടെ പ്രതിനിധിയായിരുന്ന സാഹിർ ബയ്ബേഴ്സർ 1272ലാണ് ഈ ചടങ്ങിന് ആദ്യം തുടക്കമിട്ടതെന്നാണ് ചരിത്രം. ആഘോഷപൂര്‍വ്വം ഒട്ടകപ്പുറത്ത്‌ ആ കാരവനുമായി അനേകം ദൂരങ്ങള്‍ താണ്ടി ഹജ്ജിന് മുമ്പായി അവർ ഈജിപ്തിൽ നിന്നും മക്കയിലെത്തുകയും അതിനകത്തെ കിസ്-വകൊണ്ട് കഅബയെ പുതപ്പിക്കുകയും ചെയതുവന്നു. മാംമലൂക്കുകൾക്ക് ശേഷം തുര്‍ക്കിയില്‍ അധികാരത്തിലെത്തിയ ഓട്ടോമൻ സുല്‍ത്താന്മാരും ഇത് തുടർന്നു. അക്കാലത്താണ് മഹ്മല്‍ ഘോഷയാത്ര ഡമാസ്കസില്‍നിന്നും യമനില്‍നിന്നുമൊക്കെ തുടക്കം കുറിക്കുന്നത്. ഇരുഹറമുകളുടേയും (മക്ക, മദീന) സേവകനെന്ന നിലയില്‍ ഓട്ടോമൻ സുല്‍ത്താന്റെ ആഢ്യത്വത്തിനനുസരിച്ച് മഹ്മലിന്റെ വര്‍ണ്ണപൊലിമയും അക്കാലത്ത് വര്‍ധിച്ച വന്നു. ദുബൈമാളിൽ ഞാനീകണ്ട മഹ്മല്‍ 1876 മുതൽ 1909 വരെ ഒട്ടോമൻ സാമ്രാജ്യം ഭരിച്ച അബ്ദുൽ ഹമീദ് രണ്ടാമന്റെ കാലത്ത്‌ നിർമ്മിക്കപ്പെട്ടതാണ്. ഇത് പിന്നീട് ഈജിപ്തിലെ ഖദീവിയിരുന്ന (ഓട്ടോമൻ സുല്‍ത്താന്റെ പ്രതിനിധിയായി ഓരോ പ്രദേശങ്ങളിലും ഭരണം നടത്തുന്നയാൾ) അബ്ബാസ് ഹെൽമി രണ്ടാമന്‍ 1894ലാണ് അവസാനമായി കിസ്-വ എഴുന്നള്ളത്തിന് ഉപയോഗിച്ചത്. ഇന്നതൊരു കാഴ്ച്ച വസ്തു മാത്രമാണ്.

അനേക കാലത്തെ ചരിത്രം നമ്മോട് വിളിച്ച് പറയുന്ന മൂകനായ ഒരു ചരിത്രകാരൻ. 

പ്രവാചകന്റെ കാലഘട്ടത്തിനു മുമ്പും ഈ കിസ്-വ പുതപ്പിക്കൽ ഒരു വലിയ ചടങ്ങായി അക്കാലത്തെ ഹറം സേവകരായ ഖുറൈശി ഗോത്രക്കാർ കൊണ്ടാടിയിരുന്നു. അത് മറ്റൊരു രൂപത്തിലായിരുന്നെന്ന് മാത്രം. എന്നാൽ, പ്രവാചകന്റെ കാലത്ത്‌ അതൊരു വലിയ ചടങ്ങോ നിര്‍ബന്ധബാധ്യതയോ ആയി അവിടുന്ന് അംഗീകരിക്കുകയോ കല്‍പ്പിക്കുകയോ ചെയ്തില്ല. അതിനാല്‍ തന്നെ അവിടുത്തെ വിയോഗ ശേഷം അനുയായികളും അത് അനുവര്‍ത്തിച്ചു വന്നു. എന്നാൽ, ഭരണം രാജ വ്യവസ്ഥയിലേക്ക് വഴി മാറിയപ്പോൾ രാജാവിന്റെ ആഢ്യത്വം നിലനിര്‍ത്തി കൊണ്ട് പോകാനാണ് ഇത്തരത്തിലുള്ള അനേകം ചടങ്ങുകൾ മതത്തില്‍ കൂട്ടി ചേര്‍ക്കപ്പെട്ടതെന്ന് കാണാൻ സാധിക്കും. അതുകൊണ്ട്‌ കൂടിയിയിരിക്കാം മക്കയും മദീനയുമുൾപ്പെട്ട ഹിജാസ് പ്രദേശത്തുനിന്നും 1922ഓടെ പിന്മാറിയ ഒട്ടോമൻ തുര്‍ക്കികൾക്ക് ശേഷം അവിടെ അധികാരത്തിലെത്തിയ സൗദി ഭരണകൂടം ആ ചടങ്ങ് അവസാനിപ്പിച്ചത്. കാരണം, പ്രവാചകൻ നിര്‍ദേശിച്ചതോ ചെയ്തതോ അല്ലാത്ത കാര്യങ്ങൾ ഒരു ഇസ്ലാമിക കര്‍മ്മം പോലെ നിര്‍ബന്ധ ബാധ്യതയായി ചെയ്യുന്നത് ഇസ്ലാമിനെ സംബന്ധിച്ചെടുത്തോളം വലിയ തിന്മയാണന്നാണത് പഠിപ്പിക്കുന്നത്.

No comments:

Post a Comment