മക്കയും മദീനയും സന്ദര്‍ശിച്ചവർ പൊതുവില്‍ പറയുന്ന ഒരു സംഗതിയുണ്ട്. മദീനയിലുള്ളവർ നിര്‍മ്മല ഹൃദയരും മക്കയിലുള്ളവർ കഠിന ഹൃദയരായ മുരടന്മാരുമാണന്ന്. അതിന്റെ കാരണമായി അവർ പറയുന്നത് നബിയുടെ കാലത്തോളം പഴക്കമുള്ള ചരിത്രമാണ്. അദ്ദേഹത്തിന് മക്കയിൽ നിന്നും അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരതയുടെ ഫലമായി ഇന്നും ആ നാടിന് ഒരു തരം ശാപം ജന്മാന്തരങ്ങളായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടന്നത്രെ. ത്വാഇഫിനെ സംബന്ധിച്ച് പറയുമ്പോഴാണ് അത് കൂടുതൽ പ്രകടമാകുന്നത്. ഒരു പ്രത്യേക ചരിത്ര സന്ധിയില്‍ നബി തങ്ങളെ കല്ലെറിഞ്ഞോടിക്കേണ്ടി വന്ന അവിടുത്തെ കുട്ടികളുടെ പിന്മുറകളിന്ന് ബുദ്ധിമാന്ദ്യം സംഭവിച്ചവരായാണ് ജനിക്കുന്നതെന്നാണവർ പറഞ്ഞു വെക്കുന്നത്.
യാഥാര്‍ത്ഥത്തിൽ നീതിയിലധിഷ്ഠിതമായ തത്വാദർശങ്ങളെ മുന്നോട്ട് വെക്കുന്ന ഇസ്ലാമിന് തീര്‍ത്തും അന്യമായ ഒരു കീഴ്‌വഴക്കമാണ് ജന്മാന്തരങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഇത്തരം ശാപകഥകൾ. അതിന് ചരിത്രപരമായി ഒരു സാധൂകരണവും നൽകാൻ കഴിയില്ല എന്ന് മാത്രമല്ല അത് തീര്‍ത്തും ഇസ്ലാമിക വിരുദ്ധമായ ചിന്തകളാണന്ന് പറയാതിരിക്കാന്‍ കഴിയില്ല. ത്വാഇഫിൽ ബുദ്ധിമാന്ദ്യമുള്ളവർ കൂടുതലായി ജനിക്കുന്നുണ്ടങ്കിൽ അതിന്റെ കാരണം തങ്ങളുടെ ഇരുപതോളം തലമുറകള്‍ക്ക് മുമ്പുള്ളവർ ചെയ്ത കുറ്റകൃത്യങ്ങളുടെ ഫലമാണെന്ന് പറയുന്നതോളം വിഡ്ഢിത്തം മറ്റെന്താണുള്ളത്.
അത് പോലെ തന്നെയാണ് വിശുദ്ധ മക്കയെ സംബന്ധിച്ച് പറയുന്നതും. മുസ്ലിം ലോകത്തിന്റെ കേന്ദ്രമായ കഅബാലയം സ്ഥിതിചെയ്യുന്ന... അല്ലാഹുവിനീ ഭൂമിയിലേറ്റവും പ്രിയപ്പെട്ട മണ്ണാണല്ലോ അത്. എത്ര എത്ര വാഴ്ത്തുക്കളാണ് മക്കയെ സംബന്ധിച്ച് ഇസ്ലാമിക ചരിത്ര താളുകളിൽ അടയാളപ്പെടുത്തി വച്ചിരിക്കുന്നത്. നബിയെ അന്ന് മക്ക നിവാസികള്‍ ഉപദ്രവിച്ചിരുന്നു എന്ന് ശരി തന്നെ എന്നാൽ, അല്‍പ്പ നാളുകള്‍ക്ക് ശേഷം 'മക്ക വിജയം' പിറന്ന് വീണതും ആ മണ്ണില്‍ തന്നെയല്ലേ.
ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു കാര്യം പറയാതിരിക്കാൻ കഴിയില്ല... മക്കയെ അപേക്ഷിച്ച് മദീനയിൽ സ്നേഹ സല്‍ക്കാരങ്ങൾ കൂടുതലാണന്ന കാര്യം. അതിനൊരു കാരണവുമുണ്ട്... മക്ക തീര്‍ത്തും തിരക്കിന്റേതായൊരു ലോകമാണ്. ത്വവാഫും സഅയുമായി ലക്ഷങ്ങൾ വന്നും പോയി കൊണ്ടുമിരിക്കുന്ന വിശുദ്ധ ഭൂവ്. എന്നാൽ, മദീന അങ്ങനെയല്ല. അവിടെ നബി തങ്ങളുടെ ഖബർ ഉള്ളിലൊതുക്കി നില്‍കുന്നൊരു പള്ളിയുണ്ടങ്കിലും അതൊരു പള്ളി മാത്രമാണ്. അതിനാല്‍ തന്നെ സ്വഫുകളിൽ സൊറ പറഞ്ഞിരിക്കുന്നവരെ ധാരാള കണക്കിനവിടെ കാണാം. തീര്‍ത്തും തിരക്കില്ലാത്തവരായ ഒരു ജനതയെയാണ് അവിടെ കാണാന്‍ കഴിയുക. കൂടാതെ, മറ്റൊരു കാരണം അന്‍സാറുകളെന്ന മദീന വാസികളുടെ ആദിത്യ മര്യാദയാണ്. തങ്ങളുടെ പൂര്‍വികര്‍ പണ്ട് റസൂലിന് നല്‍കിയ സ്നേഹോഷ്മളമായ തണലിനെ കുറിച്ചുള്ള കഥകൾ കേട്ടു വളര്‍ന്ന ആ തലമുറ ആ രീതിയെ പിന്തുടരുക സ്വാഭാവികമാണല്ലോ. ഒരലിഖിതമായ കീഴ്‌വഴക്കം പോൽ തലമുറകളായി അവരത് നിലനിര്‍ത്തി പോരുന്നു. കൂടാതെ, മദീന സന്ദര്‍ശിച്ച് മടങ്ങുന്നവരിലേക്കും അതവർ പകരുന്നു.
ഇനി എന്റെയൊരു അനുഭവം പറയാം...
മദീന സന്ദര്‍ശിച്ച മൂന്നാം നാളൊരു വൈകുന്നേരം മഗ്രിബ് നമസ്കാരം ലക്ഷ്യമിട്ട് പള്ളിയിലേക്കിറങ്ങിയിരിക്കുകയാണ് ഞാൻ. മദീന പള്ളിയുടെ നാല് ഭാഗത്തും കോട്ട പോലെ അനേകം നിലകളുള്ള കെട്ടിടങ്ങളുടെ നിരയാണുള്ളത്. ഭീമാകാരങ്ങളായ ആ കെട്ടിട കാടുകള്‍ക്കിടയിലെ ഇടവഴിയിലൂടെ പള്ളി ലക്ഷ്യമാക്കി ഞാന്‍ നടക്കുമ്പോൾ വഴിയോരത്ത് നിറയെ മുന്തിരിക്കുലകള്‍ ദാനം ചെയ്യുന്നവരെ കാണാം. വാഴപ്പഴം, മുസമ്പി തുടങ്ങി പലവിധ വര്‍ണ്ണത്തിലുള്ള മിഠായികള്‍ വരെ വിതരണം ചെയ്യുന്നവരെ പല സമയങ്ങളിൽ ഞാനിവിടെ നേരത്തെ കണ്ടിട്ടുണ്ട്. തങ്ങളുടെ വാഹനത്തിന്റെ ടിക്കിയിലോ പിന്‍ സീറ്റിലോ സ്ഥാപിച്ച വലിയ തട്ടുകളിൽ കുനേ കൂട്ടിവെച്ച വിഭവങ്ങളിൽ നിന്നുമെടുത്ത് വഴി യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന ആ കാഴ്ച്ച ചേതോഹരമാണ്. എന്തായിരിക്കാം അവരെയതിന് പ്രേരിപ്പിക്കുന്ന ഘടകം? ഞാന്‍ വെറുതെ ചിന്തിച്ചു. യാത്രക്കാർക്ക് ഭക്ഷണം നല്‍കുന്നതിലൂടെ ലഭിക്കുന്ന ദൈവീകമായ പുണ്യത്തിൽ മാത്രമായിരുന്നിരിക്കാം ഒരുപക്ഷേ അവരുടെ താല്‍പ്പര്യം. ഇത്തരം കാഴ്ചയിലൂടെ നമുക്കനുഭവേദ്യമാകുന്ന ഇസ്ലാമിന്റെ സൗന്ദര്യം വല്ലാത്ത ആസ്വാദ്യകരമാണ്. നീളൻ കന്തൂറയും വെള്ളയില്‍ ചുവപ്പ് വരകളുള്ള അറബി തട്ടവും ധരിച്ച അവരൊരുപക്ഷേ അന്‍സാരികൾ ആയിരുന്നിരിക്കണം. പണ്ട് റസൂല്‍ ആദ്യമായി മദീനയിലെത്തുമ്പോൾ അവിടത്തേക്കും അനുയായികൾക്കും എല്ലാവിധ സുഖ സ്വകാര്യങ്ങളും നല്‍കിയവരായിരുന്നു മദീന നിവാസികളായ അന്‍സാരികൾ.
ഞാനും അയാളുടെ മുന്നില്‍ ചെന്ന് കൈ നീട്ടി. വാഹനത്തിനകത്തേക്ക് പോയ അയാളുടെ കൈ വലിയൊരു മുന്തിരി കുലയുമായി തിരിച്ച് വന്നതെനിക്ക് സമ്മാനിച്ചു.
"ശുക്രൻ..."
സന്തോഷത്തോടെ അയാളെനിക്കായിരുന്നു നന്ദി അറിയിച്ചത്.
അതും കഴിച്ചുകൊണ്ട് മദീന പള്ളിയുടെ ഇരുമ്പ് കവാടങ്ങൾ ലക്ഷ്യമാക്കി ഞാന്‍ നടക്കുമ്പോൾ എന്റെ മനസ്സു നിറയെ ആ മുന്തിരിയുമായി ബന്ധപ്പെട്ട ചിന്തകളായിരുന്നു. ചരിത്രത്തിൽ നിന്നുതിര്‍ന്ന് വീണ മുന്തിരി പോലെ തോന്നിക്കുന്നു അതിന്റെ കാഴ്ച്ച.
പള്ളിമുറ്റം സജീവമായിരുന്നു. ആളുകളെല്ലാമവിടെ വെറുതെ ഉലാത്തുന്നു. അതിനാൽ, തിരക്ക് കൂടുന്നതിന് മുന്നേ അംഗസ്നാനം നിര്‍വ്വഹിച്ച് വേഗത്തിൽ തന്നെ ഞാന്‍ പള്ളിയില്‍ കയറി. സുന്നത്ത് നമസ്കാര ശേഷം സ്വഫിൽ ഏറെ നേരം ഞാന്‍ മലര്‍ന്ന് കിടന്നു. മുകളില്‍ അധികം ഉള്ളളവില്ലാത്ത ചെറിയ താഴികക്കുടങ്ങൾ കാണാം. സമചതുര രൂപത്തിലുള്ള ഒരു പ്രതലത്തിലാണത് സ്ഥിതിചെയ്യുന്നത്. ആ താഴികക്കുടങ്ങളുൾപ്പെട്ട ആ പ്രതലത്തിന് ചില സവിശേഷതകളുണ്ടന്ന് ഞാൻ നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. രാത്രിയിലത് പതിയെ തെന്നി നീങ്ങി നിലാവില്‍ കുളിച്ച ആകാശത്തെ നമ്മുടെ കൺമുന്നിലേക്കെത്തിക്കും. പകലൊരു കള്ളനെ പോലെ ചൂട് വായു അകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പേ ആ പ്രതലങ്ങൾ സ്വയമടഞ്ഞൊരു മേല്‍ക്കൂരയായി മാറുകയും ചെയ്യും.
പള്ളിയിലെ പരവതാനിയിൽ കൂട്ടം ചെർന്നിരുന്ന് ചർച്ചകളിൽ മുഴുകിയിരിക്കുന്നവരെ ധാരാളകണക്കിനവിടെ കാണാൻ കഴിയുന്നു. പ്രവാചകന്റെ കാലത്തോളം പഴക്കമുള്ളൊരു സമ്പ്രദായമാണത്. ഞാനൊരിക്കൽ അത്തരമൊരു ചർച്ചയിലിവിടെ പങ്കെടുത്തിരുന്നു. അന്ന്... പ്രാസംഗികന്‍ കൂടുതൽ കൂടുതൽ അയാളിലേക്കടുത്തിരിക്കാനെന്നോട് ആവശ്യപ്പെട്ടത് ഞാനോർക്കുന്നു. അതിലെനിക്കെന്തോ സന്ദേഹമുള്ളതായദ്ദേഹത്തിന് തോന്നിയിട്ടോ എന്തോ അദ്ദേഹമെന്നോട് പതുക്കെ പറഞ്ഞു...
"പ്രവാചകന്റെ തിരുസുന്നത്താണിത്. അദ്ദേഹം കേള്‍വിക്കാരെ കൂടുതൽ കൂടുതൽ തന്നിലേക്കടുത്തിരിക്കാൻ ആവശ്യപ്പെടുമായിരുന്നു"
നേരം സന്ധ്യയോടടുക്കുകയാണ്. ആകാശം കൂടുതൽ കൂടുതൽ മങ്ങിവരുന്നു. പകലിലേക്ക് രാത്രി പ്രവേശിക്കുന്ന ആ മനോഹരമായ കാഴ്ച്ച തുറന്നുകൊണ്ടിരിക്കുന്ന പള്ളിയുടെ മേല്‍ക്കൂരക്കിടയിലൂടെയാണ് ഞാൻ കാണുന്നത്. പൂര്‍ണ്ണമായും നീങ്ങി കഴിഞ്ഞപ്പോൾ അവിടെയൊരു വലിയ ചതുരം വെളിവാക്കപ്പെട്ടു. അതിലൂടെ ആകാശം കാണാം. ഇനി പകല്‍ രാത്രിയിലേക്ക് പ്രവേശിക്കുന്ന സുന്ദര മുഹൂര്‍ത്തം വരെ അതങ്ങനെ തുറന്ന് കിടക്കും.
മദീന പള്ളിയില്‍ തിരക്ക് കൂടുന്നതീ സമയത്താണ്. കാരണം, സന്ധ്യ പ്രാർത്ഥന അഥവാ മഗ്രിബ് നമസ്കാരം നിര്‍വ്വഹിക്കാന്‍ ജനങ്ങൾ വന്‍തോതില്‍ പള്ളിയിലേക്കൊഴുകുന്ന സമയമാണിത്. പള്ളി മുറ്റത്തെ കോൺക്രീറ്റ് തൂണുകളിലെ വലിയ കുടകൾ പത്തി താഴ്ത്തി... അതിന് തൊട്ട് താഴെയുള്ള ശക്തിയേറിയ ബൾബുകൾ പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു.
പള്ളിക്കകം കൂടുതൽ സജീവമായികൊണ്ടിരിക്കുകയാണ്. സ്വദേശികളും വിദേശികളുമായ അനേകമാളുകൾ അവിടെ സന്നിഹിതരായിട്ടുണ്ട്. അവരില്‍ ചിലര്‍ വിശുദ്ധ ഗ്രന്ഥ പാരായണത്തിലാണങ്കിലും മിക്കവരും ആ ചുവപ്പ് പരവതാനിയിൽ അക്ഷമയോടെ എന്തിനോ വേണ്ടി കാത്തിരിക്കുന്നത് പോലെയാണെനിക്ക് തോന്നിയത്. അതിനൊരു കാരണം കൂടിയുണ്ട്. ഇന്ന് വ്യാഴാഴ്ച്ചയാണ്. അഥവ, വ്യാഴം സുന്നത്ത് നോമ്പിന്റെ ദിവസം. ഇന്നേ ദിനം പകല്‍ മുഴുവന്‍ നോമ്പെടുത്ത വിശ്വാസികള്‍ അതിനെ ഏറ്റവും നല്ല രീതിയില്‍ വെള്ളം കുടിച്ചവസാനിപ്പിക്കാൻ കാത്തിരിക്കുകയാണവിടെ. ചിലരുടെ കൈവശം അതിനായുള്ള ഭക്ഷണ സാധനങ്ങളൊക്കെയുണ്ട്. ഒരു ചെറിയ കുപ്പി വെള്ളം, ജ്യൂസ്, ഈത്തപ്പഴം തുടങ്ങിയവ. ചിലര്‍ പള്ളിയില്‍ നിന്ന് എന്തെങ്കിലുമൊക്കെ ലഭിക്കുമായിരിക്കുമെന്ന ചിന്തയിലായിരിക്കാം. അതൊരു ചീന്ത് കാരക്കയായാലും, അര ക്ലാസ് വെള്ളമായാലും അവർ സംതൃപ്തരാണ്. കാരണം, പട്ടിണിക്കാരിൽ മുഴു പട്ടിണിക്കാരനായിരുന്നൊരു 'രാജാവിന്റെ' 'കൊട്ടാര'മായിരുന്നല്ലോ ഈ പള്ളി. അവിടെ അടുപ്പ് പുകയാത്ത ദിനങ്ങള്‍ എത്രയോ കടന്ന് പോയിട്ടുണ്ടന്ന് മറ്റാർക്കറിയില്ലങ്കിലും ആ കൂട്ടം ചേര്‍ന്നിരിക്കുന്നവർക്കറിയാതിരിക്കാൻ തരമില്ല. ആ സ്ഥലത്ത് ദൈവഭക്തിക്കു വേണ്ടിയല്ലാതെ കേവലം ഭക്ഷണത്തിനായി മാത്രം വിറളി പിടിക്കുന്ന ഒരു ജനതയെ കാണാൻ കഴിയില്ല തന്നെ.
എന്നിരുന്നാലും, ഞാനും അവരോടൊപ്പം ചേര്‍ന്നു. സത്യത്തിൽ എനിക്ക് നോമ്പൊന്നും ഇല്ലായിരുന്നു. അതികഠിനമായ ഈ ചൂടില്‍ നോമ്പെടുത്ത് നിര്‍ജലീകരണം പോലുള്ള ഭവിഷ്യത്തുകളെന്തെങ്കിലും വന്നേക്കുമോ എന്ന ചിന്തയാണ് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചത്. നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പള്ളിക്കകത്തെ ആ വരിയിലൊരിടത്ത് ഞാനുമിരുന്നു.
ഞാനിരുന്ന് അല്‍പ്പം കഴിഞ്ഞപ്പോഴാണ് കുറച്ച് യുവാക്കള്‍ പള്ളിക്കകത്തേക്ക് കയറി വന്നത്. ഞാന്‍ പള്ളിയിലേക്ക് വരുമ്പോൾ പാതയോരത്ത് കണ്ട അതേ ചെറുപ്പക്കാർ തന്നെ. അതേ വേഷം, അതേ പ്രസരിപ്പ്. അവരുടെ കൈവശം ഇടത്തരം വലിപ്പമുള്ള അനേകം കടലാസ് പെട്ടികളും, പ്ലാസ്റ്റിക് റോളുകളും പിന്നെ, കുറെ എതാനും കൂജകളുമുണ്ടായിരുന്നു. അതെല്ലാം ഒരുന്ത് വണ്ടിയിൽ തള്ളി കൊണ്ടാണവരുടെ വരവ്. അതിൽ നിന്നുമെടുത്ത ഓരോ പെട്ടികളും അവരോരോ വരിയുടേയും തുടക്കത്തിൽ കൊണ്ടുപോയി വെക്കുന്നതും ഞാൻ കണ്ടു. എന്തായിരിക്കാം അതെന്ന് സന്ദേഹത്തിൽ നിവര്‍ന്നിരുന്നത് നോക്കി കൊണ്ടിരിക്കുന്ന ഞങ്ങളുടെ മുന്നിലേക്കാദ്യം ആ പ്ലാസ്റ്റിക് റോളൊരു സുപ്രയായി നിരങ്ങി നീങ്ങി. തുടർന്ന്, അവരതിൽ നിറയെ നേരത്തെ കൊണ്ടുവന്ന പെട്ടിയില്‍ നിന്നുമെടുത്ത ഭക്ഷ്യ വസ്തുക്കള്‍ നിറക്കുകയായി. ഒരു കഷ്ണം റൊട്ടി, ഒരു കുപ്പി വെള്ളം, ഒരു താലത്തിൽ ഏതാനുമെണ്ണം മദീന ഈത്തപ്പഴം തുടങ്ങി ആവിപറക്കുന്ന നല്ല ചൂടുള്ള കഹ്-വ എന്ന അറബിക് കാപ്പി വരെ.
വിഭവ സമൃദ്ധമായ ഭക്ഷണ വൈവിധ്യം...
എന്നാൽ, എന്നെ ആകര്‍ഷിച്ചത് അവരതിഥികളെ സ്വീകരിക്കുന്ന രീതിയാണ്... പുതുതായി സുപ്രയിലേക്ക് കടന്ന് വരുന്ന ഓരോരുത്തരേയുമവർ മനോഹരമായ പുഞ്ചിരിയോടെ നെറ്റിയില്‍ ചുംബിച്ചാണവർ സ്വീകരിക്കുന്നത്. എന്നിട്ട്, ഏറ്റവും അനുയോജ്യമായ സ്ഥലമവർക്ക് കണ്ടത്തികൊടുക്കുന്നു! ചുംബിക്കുന്ന ആ യുവാക്കളിൽ കറുത്തവരുണ്ട്, വെളുത്തവരുണ്ട്. ചുംബിക്കപ്പെടുന്നവരിലും അങ്ങനെ തന്നെ. ഒരുപക്ഷേ, സാമ്പത്തികമായും സമൂഹികമായും വെത്ത്യസ്ഥ നിലകളിലുള്ളവരാകാം അവർ. എങ്കിലും, ഇസ്ലാമെന്ന തണലില്‍ അവർ 'മനുഷ്യർ' എന്ന ഒരൊറ്റ വികാരത്തിൻ കീഴില്‍ ആയി മാറുന്ന മനോഹര കാഴ്ച്ചക്കാണ് ഞാനന്നവിടെ സാക്ഷിയായത്.
ഒടുവിൽ, എല്ലാവരും നോമ്പ് തുറന്നു. മദീന പള്ളിയില്‍ നിന്നും ലഭിച്ച ആ ഭക്ഷണത്തിന്റെ സവിശേഷമായ പ്രാധാന്യം മനസ്സിലാക്കിയിട്ടാകണം എല്ലാവരും ഒരു തരിയും ബാക്കി വെക്കാതെ തങ്ങളുടെ മുന്നിലുള്ളത് മുഴുവനും ഭക്ഷിച്ചു. ഒടുവില്‍, ആ ഭക്ഷണാവശിഷ്ടങ്ങൾ മുഴുവന്‍ ഉള്ളിലൊതുക്കി ആ സുപ്രയെ വാരിയെടുക്കുന്ന ജോലിയിലും ആ യുവാക്കള്‍ തന്നെയായിരുന്നു മുന്നില്‍. പള്ളിക്കകം പൂര്‍വ്വസ്ഥിതിയിലായെന്ന് ഉറപ്പാക്കിയ ശേഷമാണ് അവർ രംഗം വിട്ടത്.
തുടർന്ന് ഞങ്ങൾ നമസ്കാരത്തിലേക്ക് നീങ്ങി. മാസ്മരിക ഭാവമുള്ള മനോഹരമായ ഖുറാന്‍ പാരായണം.
നമസ്കാര ശേഷം പള്ളിയില്‍ നിന്നും പുറത്തിറങ്ങാന്‍ നില്‍ക്കുമ്പോഴാണ് ആ യുവാക്കളെ വീണ്ടും ഞാന്‍ കാണുന്നത്. അവരപ്പോഴാണ് ഭക്ഷണം കഴിക്കുന്നതെന്ന് തോന്നുന്നു. എല്ലാവരും കഴിച്ച ശേഷം മിച്ചമായവ വലിയൊരു താലത്തിലിട്ട് വെട്ടംകൂടി കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ അവരെന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ, ഇന്നത്തെ അവരുടെ ഭക്ഷണ വിതരണത്തൈക്കുറിച്ചും, നാളത്തെ വിതരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യത്തെകുറിച്ചുമൊക്കെയുള്ള സംസ്കാരങ്ങളായിരിക്കാം ആ ചർച്ചയിലുയർന്ന് വരുന്നത്. ആ വിശ്രമ വേളയിലുമവർ മറ്റുള്ളവർക്ക് ഭക്ഷണം നൽകാൻ ശ്രദ്ധിക്കുന്നുണ്ടെന്ന കാഴ്ച്ച എന്നെ കുറച്ചൊന്നുമല്ല ആശ്ചര്യപ്പെടുത്തിയത്. ഞാനവരെ നിരീക്ഷിച്ച് അല്‍പ്പ നേരം അവിടെ തന്നെ ഇരുന്നു.
ഒടുവില്‍, അവരെയൊന്ന് പരിചയപ്പെടാനുറച്ച് ഞാനവരുടെ അരികിലേക്ക് ചെല്ലാൻ തീരുമാനിച്ചു. സലാം ചൊല്ലി.
"അസ്സലാമു അലൈക്കും..."
"വാലൈക്കും സലാം വറഹ്മ... ഫദ്ദൽ... ഫദ്ദൽ"
അവർ തിരിച്ചഭിവാദ്യമർപ്പിച്ച് എനിക്ക് സ്വാഗതമരുളി. പിന്നെ, ഇരിക്കുന്നിടത്തിൽ നിന്നും അവരല്‍പ്പം നീങ്ങി എനിക്കവിടെയൊരു ഇരിപ്പിടമൊരുക്കി നല്‍കി.
അദ്യം മുഖത്തോട് മുഖം നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ, എനിക്കറിയുന്ന പോലെ മുറി ഇംഗ്ലീഷിൽ ഞാനവരോട് സംസാരിക്കാൻ ശ്രമിച്ചു. ഇംഗ്ലീഷ് നല്ലവണ്ണം കൈകാര്യം ചെയ്യാനറിയുന്ന അവരിലൊരാളെനിക്കതിന് കാര്യമായി തന്നെ മറുപടിയും നല്‍കി. അതോടൊപ്പം തന്റെ കൂട്ടത്തിലെ അറബി മാത്രമറിയാവുന്ന സുഹൃത്തുക്കൾക്കയാളത് വിശദീകരിച്ച് കൊടുക്കുന്നുമുണ്ടായിരുന്നു.
ഇന്ത്യയിലെ ഹിന്ദു മതത്തെക്കുറിച്ചും, അനേകം ദൈവങ്ങളാൽ സമ്പന്നമായ അവരിലെ പശു ആരാധകരെക്കുറിച്ചും, അവിടെയുള്ള ക്ഷേത്രങ്ങളെക്കുറിച്ചുമൊക്കെ അവർ ധാരാളമെന്നോട് സംസാരിച്ചു. അവരുടെ ചില സംശയങ്ങള്‍ക്ക് അറിയാവുന്ന പോലെ ഞാന്‍ മറുപടി നല്‍കി. ഹിന്ദു ക്ഷേത്രങ്ങളെ അവർ വിശേഷിപ്പിച്ചത് 'ഹിന്ദു മോസ്ക്' എന്നാണ്. അതൊരു രസകരമായ പ്രയോഗമാണെന്നെനിക്ക് തോന്നി. ഒടുവില്‍, യാത്ര മംഗളമർപ്പിച്ച് പിരിയാൻ തുടങ്ങുമ്പോഴാണ് ആ യുവാവിനോട് അയാളുടെ പേര് ഞാൻ ചോദിക്കുന്നത്.
"മജീദ് അല്‍ അന്‍സാരി"
അന്‍സാരി...
ആ പേര് കേട്ടതും എന്റെ മനസ്സ് എന്തെന്നറിയാത്തൊരു വികാരം കൊണ്ട് സ്തംഭിച്ചു. മനസ്സിന് വല്ലാത്തൊരു സന്തോഷം. ചരിത്രത്തിന്റെ ഇളം തെന്നലെന്റെ മനസ്സിൽ തലോടി നീങ്ങി. അന്നുയർന്ന ആ ദഫ് മുട്ട് ശബ്ദമെന്റെ ചെവിയിലലയടിച്ചു.
"ത്വലഅൽ ബാദ്റു അലൈക്ക... മിൻ ഷെറില്ലാത്തിൽവദാ..."
അന്ന് പ്രവാചകനെ വരവേറ്റ് അവിടുത്തേക്ക് വേണ്ടതെല്ലാം സമര്‍പ്പിച്ച് സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച ആ ജനതയുടെ ഏറ്റവും ഒടുവിലത്തെ തലമുറയെ ഇതാ ഞാനിന്ന് പരിചയപ്പെട്ടിരിക്കുന്നു. അതിലൊരു പ്രതിനിധി ഇതാ മജ്ജയും മാംസവുമായെന്റെ മുന്നിൽ പുഞ്ചിരിച്ചിരിച്ചു നിൽക്കുന്നു. അയാളോടാണ് ഞാനിത്രയും നേരം സംസാരിച്ചിരുന്നിരുന്നത്. ചർച്ചകൾ നടത്തിയിരുന്നത്. അത്ഭുദം തോന്നുന്നു. നീണ്ട 1600ഓളം വർഷത്തെ ചരിത്രം. ബദർ, ഉഹ്ദ്, ഖൻദക്ക്... എത്ര എത്ര യുദ്ധങ്ങൾ. എത്ര എത്ര കരാറുകൾ. സ്നേഹ പരിലാളനകൾ... ലോക ചരിത്രത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന... മദീന ചാർട്ടർ കണ്ട മനുഷ്യന്റെ തലമുറ. പ്രവാചകന്റെ ജീവിതവും, മരണവും ഒടുവില്‍ ഖിലാഫത്തുറിഷിദയും കണ്ട തലമുറയുടെ ഏറ്റവും ഒടുവിലെ പ്രതിനിധി. അന്ന് പ്രവാചകരെ സ്വീകരിക്കാൻ മദീന പട്ടണത്തിന്റെ തെരുവോരങ്ങളിൽ കാത്തു നിന്നിരുന്ന ആ ജനതയുടെ ഏതെങ്കിലുമൊരരികത്ത് ഈ മനുഷ്യന്റെ മുന്‍ഗാമിയുമുണ്ടായിരിക്കാം... അവിടെയന്ന് മന്ദസ്മിതം തൂകി നിന്നിരുന്ന ആ മനുഷ്യർ പ്രവാചകൻ കയറിയ ഒട്ടകത്തെ തങ്ങളുടെ വീടിന് മുന്നിലേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും. പ്രവാചകന് ആതിഥ്യമരുളാൻ അത്രത്തോളം വെമ്പി നില്‍ക്കുകയായിരുന്നത്രെ അവർ. ചരിത്രത്തിന്റെ സാക്ഷികൾ.
യുഗയുഗാന്തരങ്ങളായി കടന്ന് പോയ ആ ചരിത്രത്തിലേക്ക് കണ്ണും നട്ട് കൂടുതൽ കാര്യങ്ങളെനിക്കയാളോട് ചോദിക്കാനാഗ്രഹമുണ്ടായിരുന്നെങ്കിലും സമയമേറെ വൈകിയതിനാൽ അതിനു തീരെ സാധ്യമായില്ല. 'മഅസലാമ' എന്നുചൊല്ലി അയാളവിടെ നിന്നുമെണീറ്റ് പ്ലാസ്റ്റിക് ഭാണ്ഡങ്ങളിരിക്കുന്ന ഭാഗത്തേക്ക് നീങ്ങി. ലോകത്തിന്റെ ഏതൊക്കെയോ ദിക്കില്‍ നിന്നും ആരൊക്കെയോ വന്ന് കഴിച്ചിട്ടു പോയ ആ ഭക്ഷണാവശിഷ്ടങ്ങളുടെ കെട്ടുകൾ തോളിലേറ്റി പള്ളിയുടെ വെളിയിലെ നിലാവിലേക്കയാൾ ലയിക്കുമ്പോൾ ഞാന്‍ അയാളെ തന്നെ നോക്കിയിരുന്നു.
അൻസാരികൾ...
അവരിന്നും തിരക്കിലാണ് പ്രവാചകനെ സ്വീകരിച്ച പോലെ അവിടുത്തെ അതിഥികളെ സ്വീകരിക്കാൻ, അവര്‍ക്ക് ഭക്ഷണം വിളമ്പാൻ, അവരുടെ എച്ചിലുകൾ പെറുക്കി കൂട്ടാൻ...
ശുഭം.
No comments:
Post a Comment