വിശുദ്ധ കര്‍മ്മങ്ങള്‍ക്കായി മക്കയിൽ വന്നതായിരുന്നു ഞങ്ങൾ. ഉംറ ചടങ്ങുകളൊക്കെ കഴിഞ്ഞ് വിശ്രമദിനങ്ങളിലൂടെ കടന്ന് പോയി കൊണ്ടിരിക്കുന്നതിനിടയിൽ പ്രവാചകന്റെ പട്ടണമായ മദീനയിലേക്ക് പോകാൻ ഒരവസരം കൈവന്നിരിക്കുന്നു. നാളെ രാവിലെ പത്ത് മണിക്കാണ് യാത്ര. ഉറക്കത്തിനായി വെള്ള പുതപ്പിനുള്ളിലേക്ക് വലിഞ്ഞ് കയറി മലര്‍ന്നു കിടക്കുമ്പോള്‍ പതിവുപോലെ ഞാനോരോന്ന് ചിന്തിക്കാൻ ശ്രമിച്ചു. 1500 കൊല്ലങ്ങള്‍ക്ക് മുമ്പ് പിറന്ന നാട്ടിലെ സ്വന്തക്കാരുടെ പീഢനം സഹിക്കാതെ വന്നപ്പോൾ മദീനയിലേക്ക് പലായനം ചെയ്യാൻ തീരുമാനിച്ച പ്രവാചകന്റെ തലേ രാത്രിയെ കുറിച്ച്... അദ്ദേഹത്തിന്റെ മനസ്സിലൂടെ അന്ന് കടന്ന് പോയ ചിന്തകളെ കുറിച്ച്... വേദനകളെ കുറിച്ച്. ഉൽകണ്ഠകളെ കുറിച്ച്. പ്രവാചകനായിരുന്നെങ്കിലും അദ്ദേഹവുമൊരു മനുഷ്യനായിരുന്നല്ലോ. വേദനയും, സന്തോഷവും, ദുഃഖവും അനുഭവപ്പെടുന്ന മനുഷ്യരിലെ മനുഷ്യന്‍.
സ്വന്തം നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്നതിന്റെ ദുഃഖം എത്ര തീവ്രമായിയായിരിക്കാം ആ മനസ്സന്ന് അനുഭവിച്ചിട്ടുണ്ടായിരിക്കുക. ഒരുപക്ഷേ, നാളത്തെ യാത്രയെ മുന്‍നിർത്തി നേരത്തെ കിടന്നുറങ്ങാൻ അദ്ദേഹം ശ്രമം നടത്തിയിട്ടുണ്ടായിരുന്നിരിക്കാം. ജനലിലൂടെ മക്കയുടെ ഇരുണ്ട ആകാശത്തെ തലയുയർത്തി നോക്കിയിട്ടുണ്ടാകാം... ചന്ദ്രന്റെ നിലാവില്‍ തിളങ്ങുന്ന മക്ക വീഥിയിലേക്ക് കണ്ണ് നട്ടൊരു നെടുവീര്‍പ്പിട്ട് പായയിലേക്ക് തിരിഞ്ഞ് നടക്കുമ്പോള്‍ ഒരുപക്ഷേ, ആ കണ്ണുകൾ നിറഞ്ഞ് കാണുമോ. മക്ക അദ്ദേഹത്തിന് അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു. സ്വന്തം രാജ്യം, കുടുംബങ്ങള്‍, ഉപ്പ, ഉമ്മ, പ്രിയപ്പെട്ട പിതാമഹന്‍. ഉറങ്ങാൻ കഴിയാത്ത ആ യാമത്തെ എങ്ങനെ ആയിരുന്നിരിക്കാം അദ്ദേഹമന്ന് തള്ളി നീക്കിയിട്ടുണ്ടായിരിക്കുക.
485 കിമി ദൈർഖ്യമുള്ള മദീനയിലേക്ക് പ്രവാചകൻ നടന്ന് നീങ്ങിയ അതേ വഴിത്താരയിലൂടെ അതേ ആകാശകീറിനു താഴെ ഞങ്ങളും നാളെ കുതിക്കുകയാണ്. ലോകത്തെ ഏറ്റവും പരിശുദ്ധമായ വഴിയിലൊന്നിലൂടെ. നാളത്തെ യാത്രയുടെ മുഴുവന്‍ ത്രില്ലും മനസ്സിലേക്കാവാഹിച്ച് കൊണ്ട് ഞാന്‍ സുഖ നിദ്രയിലേക്ക് നീങ്ങി.
മദീന യാത്രയുടെ വിവരമറിഞ്ഞപ്പോഴേ ഞങ്ങളെല്ലാ യാത്രികര്‍ക്കിടയിലും വല്ലാത്തൊരു ഉണര്‍വ്വ് അനുഭവേദ്യമായിരുന്നു. അതിന്റെ ആവേശത്തിൽ 4 മണിക്കു തന്നെ ഞാൻ ഉറക്കമുണര്‍ന്നിരിക്കുന്നു. കിടക്കയിൽ കുറെ തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം എണീറ്റ് അംഗശുദ്ധി വരുത്തി നേരെ ഹറമിലേക്ക് നീങ്ങി. വീഥികള്‍ സജീവമാണ്. ആളുകൾ ഹറം ലക്ഷ്യമാക്കി കൂട്ടമായും അല്ലാതെയും നടന്ന് നീങ്ങുന്നു. പള്ളിയില്‍ സുബഹി നമസ്കാരത്തോടൊപ്പം വിടവാങ്ങല്‍ ത്വവാഫ് ചെയ്യലും എന്റെ ലക്ഷ്യമാണ്. ഒരുപക്ഷേ, ഞങ്ങളുടെ കൂട്ടത്തിലെ എല്ലാവരും അപ്രകാരം ചെയ്യുന്നുണ്ടായിരിക്കാം.
വികാര നിര്‍ഭരമായ യാത്രയയപ്പായിരുന്നു അത്. സ്വദേശം വിട്ട് മറ്റൊരു നാട്ടിലേക്ക് പോകുമ്പോഴുള്ള ഒരു തരം മാനസികാവസ്ഥയുടെ ചെറിയ ഒരനുഭൂതി എന്നിലും അനുഭവപ്പെടുന്നത് പോലെ എനിക്ക് തോന്നി. അത് അല്ലാഹുവിന് വേണ്ടികൂടിയാകുമ്പോള്‍ അതിൽ വലിയ ത്യാഗമുണ്ടല്ലോ. കേവലം ഒരു 'നാടുവിടൽ' എന്ന് പലരും ഹിജ്റയെ വിശദീകരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ, സ്വദേശം വിടുന്നവന്റെ വേദന അത് അനുഭവിക്കുന്നവർക്കെ അറിയൂ. നമസ്കാര ശേഷം കഅബയെ വലം വെക്കുമ്പോൾ എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ചിറ പൊട്ടി ഒഴുകാന്‍ വെമ്പല്‍ കൊള്ളുന്നുണ്ടായിരുന്നു. ഈ നഗരം വിട്ട് പോകാൻ കഴിയാത്ത പോലെ ഒരു തോന്നല്‍. കഅബയുമായും മക്കയുമായും എന്തോ ഒരു വലിയ ആത്മബന്ധം രൂപപ്പെട്ടത് പോലെ.
മക്ക മഹറമിനോട് വിട ചൊല്ലി വേഗത്തിൽ തന്നെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. തുടർന്ന് മുറിയില്‍ ചെന്ന് സാധനങ്ങളെല്ലാം പാക്ക് ചെയത ശേഷം അതെല്ലാം ഹോട്ടൽ ലോബിയിലെത്തിച്ച് ബസ്സിനായി അവിടെ കാത്തിരിപ്പ് തുടങ്ങി. അപ്പോഴേക്കും കൂടെയുള്ള എന്റെ കുടുംബവും മുറി വിട്ടിറങ്ങി. ഉസ്താദ് പറഞ്ഞത് പ്രകാരം എല്ലാവരും സമയനിഷ്ഠ പാലിച്ചിരിക്കുന്നു. കൃത്യം 10 മണിക്ക് തന്നെ മദീന യാത്രക്കായി എല്ലാവരും തയ്യാറായി. വലിയ ഒരു ജനക്കൂട്ടമായി അവർ ലോബിയിൽ കലപില കൂട്ടിക്കൊണ്ടിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളൊക്കെയുള്ള ഒരു വലിയ ഹോട്ടൽ ശൃംഖലയിലെ ഒരു കണ്ണിയാണ് ഞങ്ങളുടെ ഹോട്ടൽ. 'ലുലൂത്ത് മാൾ' എന്ന് വിളിക്കുന്ന അതിന്റെ ലോബി തന്നെ അതിമനോഹരവും വിശാലവുമാണ്. ചുമരില്‍ സൗദിയുടെ ഭരണാധികാരി അബ്ദുല്ല ബിൻ അബ്ദുൽ അസീസ്, ജ്യേഷ്ഠന്‍ ഖാലിദ് ബിൻ അബ്ദുൽ അസീസ്, പിന്നെ, പേരറിയാത്ത മറ്റൊരാളുടേയും വലിയ ചിത്രങ്ങൾ തൂക്കിയിട്ടിട്ടുണ്ട്. ലോബിക്ക് സമീപം തന്നെ കച്ചവടക്കാരനില്ലാത്ത ചെറിയൊരു ഭക്ഷണ ശാലയും സുവനീര്‍ കടയും പ്രവർത്തിക്കുന്നു.
ഞങ്ങളുടെ കാത്തിരിപ്പിനറുതി വരുത്തി കൊണ്ട് അല്‍പ്പം വൈകി 11 മണിയോടെയാണ് ബസ്സെത്തിയത്. ഒരു വലിയ ബസ്സ്. അതിന്റെ പള്ളയിലേക്ക് ലഗേജെല്ലാം അടുക്കി വെക്കാൻ സഹായിച്ച ശേഷം സൗകര്യപ്രദമായ ഒരു സീറ്റ് പിടിച്ച് ഞാനതിൽ ഇരുപ്പുറച്ചു. എനിക്ക് കൂട്ടിന് പ്രായമായ ഒരാളുമുണ്ടായിരുന്നു. കുടുംബം ഉപ്പാന്റെ കൂടെ പിന്നിലായിരുന്നു. അവരെ മറ്റൊരിടത്തേക്ക് മാറ്റി നിര്‍ത്താന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. പ്രവാചകനും അനുയായികളും നടന്ന് നീങ്ങിയ വഴിത്താരകളിലൂടെയാണ് യാത്ര. അതിന്റെ കുളിര്‍മ്മയേകുന്ന കാഴ്ച്ചകളിൽ നിന്നും എന്റെ ശ്രദ്ധയെ വഴിമാറ്റുമെന്നതിനാൽ എന്റെ സഹയാത്രികനോട് പോലും കൂടുതലൊന്നും സംസാരിക്കാൻ ഞാൻ കരുതിയിരുന്നില്ല.
യാത്രയുടെ സ്വാഭാവികമായ വിരസതയകറ്റാനായി ചെവിയില്‍ ഖുര്‍ആന്‍ പാരായണവും മനസ്സിൽ 1500 വർഷങ്ങൾ പഴക്കമുള്ള മഹത്തായ ആ ചരിത്രത്തിന്റെ ഓര്‍മ്മകളുമകളുമായി ഞങ്ങൾ യാത്ര തുടങ്ങി.
മക്കയിലെ ആധുനികമായ കെട്ടിട നിരകള്‍ക്കും നീളൻ പാതക്കുമപ്പുറം വലിയൊരു മല തുരന്നുണ്ടാക്കിയ തുരങ്കത്തിനുള്ളിലേക്ക് ബസ്സ് നീങ്ങി. അതിന് ശേഷം പുതിയ നിര്‍മ്മിതികളധികം ഞാന്‍ കണ്ടില്ല. വിശാലവും വരണ്ടതുമായ മരുഭൂ കാഴ്ചകളല്ലാതെ... അതിന്റെ അങ്ങേ തലക്കൽ പച്ചപ്പിന്റെ ഒരു കണിക പോലും അവശേഷിക്കാത്ത കുന്നിൻ ചേരുവകളാണ്. പിന്നെ, പാൽപോലെ വെളുത്ത ആകാശവും. മണലാരണ്യത്തിലെ ആ മൊട്ടകുന്നുകള്‍ വെയിലേറ്റ് തിളങ്ങുന്നുണ്ടായിരുന്നു. ബസ്സിന്റെ ചില്ലു ജാലകം കാഴ്ചകളുടെ മനോഹാരിതയെ വല്ലാതെ കവരുന്നുണ്ടന്നെനിക്ക് തോന്നി. പ്രവാചകന്റെ ഭാര്യമാരിൽ രണ്ട് പേരുടെ അന്ത്യ വിശ്രമ സ്ഥലം മക്കയിലാണ്. അതിലെ ഒന്ന് മക്കയിൽ നിന്നും അധികം ദൂരമില്ലാതെ ഈ മദീന റോഡിന്റെ ഓരത്താണ്. മൈമൂന (റ)ന്റെ ആ ഖബർ ഒരു കെട്ടിടത്തിനകത്ത് കെട്ടിപ്പൊക്കാത്ത നിലയില്‍ ഇന്നും കാണാം.
ബസ്സിനകം സ്വലാത്ത് കൊണ്ട് മുഖരിതമായിരുന്നു. അതിനിടയില്‍ ഉസ്താദിന്റെ പ്രഭാഷണങ്ങളും നടക്കുന്നു. ചില സ്ഥലങ്ങളില്‍ എത്തുമ്പോൾ അങ്ങോട്ട് കൈ വിരൽ ചൂണ്ടി അതിന്റെ പ്രത്യേകതകള്‍ അദ്ദേഹം വിവരിക്കുന്നത് കേൾക്കാൻ തന്നെ രസമാണ്. നാട്ടില്‍ ഏതോ കടലോര പ്രദേശത്താണ് അദ്ദേഹത്തിന്റെ വീടെന്ന് തോന്നുന്നു. അത്തരം ഒരു ഭാഷ ശൈലിയിലാണ് ആ വിശദീകരണങ്ങൾ. എന്തായാലും അത് കേൾക്കുന്നതോടെ അത്ഭുതത്തോടെ ഞങ്ങളങ്ങോട്ടെത്തി നോക്കും. ഒരിടത്തെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു.
"ഹിജ്റ പോയ വഴിയിലുടനീളം ഭൂമിക്കടിയിൽ സ്വര്‍ണ്ണമാണ്" എന്ന്.
അതെനിക്കത്ര വിശ്വസനീയമായ കാര്യമാണെന്ന് തോന്നിയില്ല. ഒരുപക്ഷേ, ആവേശം കൊണ്ടദ്ദേഹം പറയുന്നതാകാം. അത്തരമൊരു നിധിനിക്ഷേപമെങ്ങാൻ ഈ ഭൂമിക്കടിയിൽ ഉണ്ടാകുമായിരുന്നെങ്കില്‍ സര്‍ക്കാര്‍ എന്നോ അത് കണ്ടത്തി കുഴിച്ചെടുക്കുവാനുളള നടപടികള്‍ക്ക് തുടക്കം കുറിച്ചേനെ. നന്നേ ചുരുങ്ങിയത്, അതിനെ സംബന്ധിച്ച ചർച്ചകളെങ്കിലും നടന്നേനെ എന്നെനിക്ക് തോന്നി. ഉസ്താദ് ഇത്തരം അതിശയോക്തി കലര്‍ന്ന കാര്യങ്ങൾ പറയുമ്പോഴും യാത്രക്കാരിൽ പലരുമത് വിശ്വസിക്കുന്നുണ്ടാകാം.
യാത്രക്കിടെ ഉച്ചഭക്ഷണത്തിന് ഒരിടത്ത് നിർത്തി. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും നമസ്കാരത്തിനുമുള്ള സ്വകാര്യം കൂടാതെ ചെറിയ ഒരു ഷോപ്പിങിനും അവിടെ അവസരമുണ്ടായിരുന്നു. ഭക്ഷണപൊതിയും വെള്ളവും വാങ്ങി ബസ്സിലെ അവരവരുടെ ഇരിപ്പിടത്തിൽ പോയിരുന്ന് കഴിക്കുന്നതാണ് രീതി. എന്നാൽ, പ്രായമായ ചില സ്ത്രീകളും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ക്ക് അത്തരം കാര്യങ്ങൾ അനായാസകരമായി ചെയ്യാൻ പ്രയാസമാകുമെന്ന് ബോധ്യപ്പെട്ടതിനാൽ ഞാന്‍ ഭക്ഷണം വിതരണം, വേസ്റ്റ് സംസ്കരണം തുടങ്ങിയ കാര്യങ്ങളില്‍ അവരെ സഹായിക്കാൻ മുന്നിട്ടിറങ്ങി. അതിന് ശേഷം മാത്രമാണ് ഞാന്‍ കഴിക്കാനിരുന്നത്. ഞാനപ്പോളോര്‍ത്തത് മുസ്തഫ അക്കാദിന്റെ സംവിധാനത്തില്‍ വിരിഞ്ഞ 'message' എന്ന സിനിമയിലെ ഒരു രംഗമാണ്.
പ്രവാചകനെകുറിച്ചുള്ള ഒരു ഇംഗ്ലീഷ് ഭാഷ ചിത്രമാണത്. അതിൽ റസൂലും സ്വഹാബത്തും ഹിജ്റ പോകുന്ന ഒരു രംഗമുണ്ട് (സിനിമയിലുടനീളം റസൂലിനെ ചിത്രീകരിച്ചിട്ടില്ല. പകരം, റസൂലിനോട് സംസാരിക്കുന്ന ഭാഗങ്ങളിലെ കഥാപാത്രങ്ങൾ നമ്മോട് സംസാരിക്കുന്ന പോലെയാണ് തോന്നുക). പ്രയാസകരമായ ആ യാത്രക്കിടെ ഭക്ഷണവും വെള്ളവും വളരെ കുറച്ച് മാത്രമാണ് അവരുടെ കൈയിലുണ്ടായിരുന്നത്. പോകുന്ന വഴിയിലൊരിടത്തും തന്നെ പ്രവിശിലമായ മരുഭൂമിയല്ലാതെ കിണറോ മറ്റ് ജലസ്രോതസ്സുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനാല്‍, കടുത്ത ദാഹം തോന്നുമ്പോള്‍ യാത്ര സംഘത്തിലൊരാൾ തന്റെ കൈവശമുണ്ടായിരുന്ന തോല്‍സഞ്ചി തുറന്ന് ഓരോരുത്തരുടേയും വായില്‍ അല്‍പ്പം വെള്ളം മാത്രം ഒറ്റിച്ച് നല്‍കുന്ന വേദനിപ്പിക്കുന്ന കാഴ്ച്ച ചിത്രത്തിൽ കാണാൻ കഴിയും. 453 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ആ യാത്രയുടെ അവസാനം വരെ ആ ജലം എല്ലാവരിലേക്കും എത്തിക്കണമല്ലോ...
ദാഹം മാറാതെ അനേകം നാഴിക കാൽനടയായി നടന്ന് നീങ്ങിയ ആ മനുഷ്യരുടെ ഓർമ്മകൾ അന്നെന്നെ വല്ലാതെ അലട്ടിയിരുന്നു. ആ രംഗത്തെ അനുസ്മരിപ്പിക്കുന്ന വിധം ഒരു പഴത്തിനെ അനേകം കഷ്ണങ്ങളാക്കി യാത്രക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഉസ്താദിനെ ഞാനപ്പോളവിടെ കണ്ടു.
വലിയ ഭാഗ്യവാന്‍മാരാണ് ഞങ്ങൾ. തലക്ക് മുകളില്‍ കത്തി ജ്വലിക്കുന്ന സൂര്യനോ കാൽചുവട്ടില്‍ കടല വറക്കുന്ന മണലോ ഇല്ല... എസിയുടെ കുളിരിൽ, വയറു നിറയെ ഭക്ഷണം കഴിച്ച്, വെള്ളം കുടിച്ച്, ശത്രുക്കളുടെ ആക്രമണത്തെ പേടിക്കാതെ, നിര്‍ഭയരായി, ആഘോഷമായി ഞങ്ങളിന്നീ പാതയിലൂടെ സഞ്ചരിക്കുന്നു. പ്രവാചകൻ പ്രയാസത്തിനുമേൽ പ്രയാസവുമായി കടന്നുപോയ അതേ വഴിയിലൂടെ... എന്റെ മനസ്സിലപ്പോൾ പ്രവാചക സഖാക്കളുടെ കൈവശമുണ്ടായിരുന്ന അല്‍പ്പം മാത്രം വെള്ളം അവശേഷിച്ച ആ തോൽസഞ്ചിയുടെ ചിത്രമാണുണ്ടായിരുന്നത്.



No comments:
Post a Comment