മദീനയിലെ ഒരു പ്രഭാതം. ഇന്ന് അതിരാവിലെ എണീറ്റ് ഹറമിൽ ചെന്ന് സുബഹി നമസ്കാരം നിര്‍വ്വഹിക്കണമെന്ന് ഞാന്‍ കരുതിയതാണ്. പക്ഷേ, ഇന്നലെ രാത്രി വരെ നീണ്ടു നിന്ന കഠിനമായ പ്രവര്‍ത്തികൾ മൂലമുണ്ടായ ഉറക്ക ക്ഷീണം കാരണം അതിന് തീരെ സാധിച്ചില്ല. പകല്‍ നേരത്തെ കടുത്ത ചൂടിലൂടെയുള്ള പെരുമാറ്റവും പിന്നീട്, മുറിയിലെ സുഖകരമായ എസിയുടെ കുളിരും അന്തമില്ലാതെ കിടന്നുറങ്ങാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകമാണ്. കിടക്കയിൽ ധാരാളകണക്കിനുള്ള മൂട്ടയുടെ കടിപോലുമപ്പോൾ സപ്രമഞ്ചമാകുന്നു. അത്രക്ക് സുഖസുന്ദരമായ പകലുറക്കം... രാവുകള്‍. സ്വപ്നങ്ങൾ... സൗദി യാത്രക്കൊരുങ്ങുന്നതിന് മുമ്പേ അനുഭവസ്ഥരായ പല അഭ്യുദയകാംക്ഷികളും അക്കാര്യമെന്നോട് പ്രത്യേകം സൂചിപ്പിച്ചിരുന്നു.
"ഇപ്പോൾ നീ ഉറങ്ങുന്നത് പോലെയല്ല... അവിടെ എത്തി ചേര്‍ന്നാല്‍ മലര്‍ന്നുള്ള കിടത്തത്തിനും ഉറക്കത്തിനുമൊക്കെ എന്തന്നില്ലാത്ത ഒരു ആസ്വാദനമനുഭവപ്പെടും... അതിന്റെ സുഖമനുഭവിച്ച് ആ വിലപ്പെട്ട ദിനങ്ങള്‍ അവിടെ ഉറങ്ങി തീർത്താൽ അതൊരു വലിയ നഷ്ടമായി തീരും" അവർ മുന്നറിയിപ്പ് നല്‍കി.
അത് അക്ഷരംപ്രതി ശരിയാണെന്നെനിക്ക് തീര്‍ത്തും ബോധ്യമായികൊണ്ടിരിക്കുന്നു.
പ്രഭാത ഭക്ഷണ ശേഷം എട്ട് മണിയോടെ ഹോട്ടൽ ലോബിയുടെ അരികിലുള്ള ചെറിയ പള്ളിയില്‍ നടന്ന് കൊണ്ടിരിക്കുന്ന ഉസ്താദിന്റെ ക്ലാസിൽ ഞാൻ പങ്കുകൊണ്ടു. എന്റെ ചെറിയ അറിവുവെച്ച് അദ്ദേഹം തനി കോഴിക്കോടനുമല്ല, മലപ്പുറംകാരനുമല്ല... അതൊന്നുമല്ലാത്ത ഏതോ ഒരു അജ്ഞാത ശൈലിയിലാണ് അദ്ദേഹം ഞങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുന്നത്. എങ്കിലും, അത് ഏതെങ്കിലുമൊരു ദേശത്തെ ജനങ്ങൾ വ്യാപകമായി ഉപയോഗിച്ചു വരുന്നൊരു ഭാഷ ശൈലി ആയിരിക്കുമെന്ന കാര്യത്തിലൊരു തർക്കവുമില്ല. താന്‍ പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിന്നായി സദസ്സിലേക്ക് വിരൽ ചൂണ്ടിയക്കാര്യം ആവര്‍ത്തിച്ച് ചോദിക്കുന്ന ഒരു ശീലമുണ്ട് അദ്ദേഹത്തിന്. സദസ്സില്‍ വച്ച് ആ വിരലുകള്‍ ചിലപ്പോഴൊക്കെ എന്റെ നേരെയും ചൂണ്ടപ്പെടാറുണ്ട്. ചിന്തകളുടെ മഹാപ്രളയത്തിലങ്ങനെ നീന്തി തുടിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് എനിക്ക് എതിരിലുയരുന്ന ആ ചോദ്യം തെല്ലൊന്നുമല്ല എന്നെ പ്രയാസപ്പെടുത്താറ്. മിക്കപ്പോഴും ഞാന്‍ ചൂളിപ്പോകാറാണ് പതിവ്. അതിനാല്‍ തന്നെ കൂടുതൽ നേരം പ്രഭാഷണം ശ്രവിച്ചു നില്‍ക്കാതെ വേഗത്തിൽ തന്നെ ഞാന്‍ പുറത്തേക്ക് നടന്നു.
അന്നൊരു വെള്ളിയാഴ്‌ച്ചയായിരുന്നു. റൂമിലെത്തി കുളി മുതലായവ കഴിച്ച് ജുമുഅ നമസ്കാരത്തിന്നായി നേരത്തെ ഹറമിലെത്തിച്ചേരുവാൻ ഞാന്‍ തീര്‍ച്ചയാക്കി. കണ്ണില്‍ കൂളിംഗ് ഗ്ലാസ്സും തലയില്‍ കഫിയയും പുതച്ചാണ് പുറത്തേക്കിറങ്ങിയത്. തെരുവിന്റെ ഓരം ചേര്‍ന്ന് നടക്കുമ്പോൾ ധാരാളം പേർ കുടയുമായി നീങ്ങുന്നത് കാണാം. തെരുവിന്റെ ഒരു ഭാഗം മുഴുവനും ധാരാളകണക്കിന് കടകളുടെ നിരയാണ്. അവിടെ സാമ്പ്രാണി തിരികളുടെ ധൂമകേതുക്കൾ അന്തരീക്ഷത്തിലേക്ക് പറന്നുയരുന്നത് കാണാം. കടുത്ത ഒരുതരം ഗന്ധമാണവിടെ. പുരാതനത്വം തോന്നിപ്പിക്കുന്ന കഠിനമായ ഏതോ അറേബ്യന്‍ പരിമളം... ആ 'പുരാതന' പുക പടലങ്ങളെ വകഞ്ഞു മാറ്റിയാണ് ഞാന്‍ മുന്നോട്ട് നടക്കുന്നത്. ഒരു പ്രത്യേക തരം സൈറണുമായി കുതിച്ച് പായുന്ന പോലീസ് വചനങ്ങളുടെ കാഴ്ച്ച ഇടക്കിടെ പ്രധാന പാതയിൽ കാണുന്നു. സൗദി പോലീസുകാരെ 'മലക്കുകളുമായി' ഉപമിച്ച ഒരു സുഹൃത്ത് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. അതിന് അദ്ദേഹം പറഞ്ഞ കാരണം രസകരമായിരുന്നു. മേലുദ്യോഗസ്ഥര്‍ എന്താണോ ആജ്ഞാപിക്കുന്നത് അതപ്പടി ചെയ്യാൻ സദാസമയവും ജാഗരൂകരാണത്രെ അവർ.
മദീന പള്ളിക്കു മുന്നിൽ സമ്മേളന നഗരിപേലെ തിങ്ങി നിറഞ്ഞ ജനക്കൂട്ടമാണ്. ജുമഅക്കിനിയും സമയം ധാരാളമുണ്ടെങ്കിലും ആളുകളുടെ വലിയ കൂട്ടങ്ങളെ നിറയെ അവിടെ കാണാന്‍ സാധിക്കുന്നു. റൗളക്ക് സമീപത്തൊരു സ്ഥലമന്വേഷിച്ച ഞാനൊടുവില്‍ ചരിത്രം തുടിക്കുന്ന തുര്‍ക്കി കെട്ടിന്റെ തൊട്ടു പിന്നിലുള്ള ഭാഗത്താണ് സ്വസ്ഥമായൊന്നിരിക്കാനുള്ള സ്ഥലം കണ്ടെത്തിയത്.
വ്യാഴം, വെള്ളി ദിനങ്ങളില്‍ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ് ഇഹ്റാം കെട്ടി മക്കയിലേക്കും പിന്നീട് മദീന ഹറമിലേക്ക് വരുന്നതത്രെ. ജോലി തിരക്കുകൾക്കിടയിലെ ഒഴിവ് വേളകളെ ഈ രീതിയിലവർ ഉപയോഗപ്പെടുത്തുന്നു... ഭാഗ്യവാന്‍മാര്‍. ആ യാത്രക്കാവശ്യമുള്ള അവധി സൗദിയിൽ പ്രവർത്തിക്കുന്ന കമ്പനികൾ വേഗത്തിൽ തന്നെ അനുമതി നല്‍കാറുണ്ടന്ന കാര്യം പണ്ട് ഉപ്പ പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. കൂടാതെ, യാത്ര ചിലവിലേക്കായി പണവും അനുവദിക്കാറുണ്ടത്രെ. അവരുടെയും കൂടി തിരക്ക് വരുന്നതിനാല്‍ ഒരു വമ്പിച്ച ജനക്കൂട്ടമായി അന്നേ ദിനം ഇവിടെ ഒരു മനുഷ്യകടൽ രൂപപ്പെടുന്നു. അതിലൊരാളായി ഞാനും മുസല്ലയിൽ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കായി കാത്തിരുന്നു. പള്ളിക്കു പുറത്ത് കത്തുന്ന വെയില്‍ ചൂടാണ്. അതിനെ തരിമ്പും കൂസാതെ തണുപ്പ് പ്രസരിപ്പിക്കുന്ന യവന മാർബിളുകളിൽ കുറെ മനുഷ്യര്‍ ക്ഷമയോടെ കാത്തിരിക്കുന്നു. ചിലര്‍ ഖുർആന്‍ പാരായണം ചെയ്യുന്നു. ചിലര്‍ ജപമാലയിലെ ഓരോ മുത്തുകളും സ്വലാത്തിന്റെ അകമ്പടിയോടെ ഉള്ളംകൈയിലേക്ക് നീക്കി വെക്കുന്നു.
ജുമുഅ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.
നാട്ടില്‍ നിന്നും പരിചിതമായ രീതിയില്‍ നിന്ന് ജുമുഅയുടെ ക്രമത്തിൽ ചില വെത്ത്യസ്തതകളുണ്ടായിരുന്നു. ആദ്യബാങ്ക് കൊടുത്ത ശേഷം ഉടനെ തന്നെ ഖത്തീബ് അഥവാ പ്രാസംഗികന്‍ സലാം ചൊല്ലി പ്രസംഗ പീഠത്തിൽ ഉപവിഷ്ടനാകുന്നു. ശേഷം ഉടനെ തന്നെ രണ്ടാമത്തെ ബാങ്കും കൊടുക്കുകയായി. തുടർന്ന്, ഖുതുബക്ക് തുടക്കം കുറിക്കപ്പെട്ടു. കേവലം പുസ്തക പാരായണത്തിന് പകരം അറബി ഭാഷയിലുള്ളൊരു വിവരണമായിരുന്നു അത്. ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള നീണ്ട പ്രഭാഷണം. വിഷയത്തിന്റെ തീവ്രതയും വൈകാരികതയുമനുസരിച്ച് പ്രാസംഗികന്‍ കൈയും തലയും ചലിപ്പിക്കുന്നുണ്ട്. ഇടക്ക് സദസ്സിലേക്ക് നോക്കി "നിങ്ങൾ പറയൂ ഞാന്‍ പറഞ്ഞത് ശരിയല്ലേ" എന്നൊക്കെ പറയുന്ന മാതിരി കേള്‍വിക്കാരെ അഭിമുഖീകരിക്കുന്നു. എന്നിരുന്നാലും, ഏകദേശം 15-20 മിനിറ്റ് മാത്രമായിരുന്നു ഖുതുബയുടെ ദൈര്‍ഘ്യം. ഒരുപക്ഷേ, പള്ളിക്ക് വെളിയില്‍ കൊടും വെയിലത്തിരിക്കുന്ന വിശ്വാസികളെ കൂടുതൽ പ്രയാസപെടുത്താതിരിക്കാനായിരിക്കണം അദ്ദേഹമപ്രകാരം ഖുതുബയെ ലഘൂകരിക്കുന്നത്. ഖുതുബ അവസാനിച്ചതോടെ വേഗത്തിൽ തന്നെ എല്ലാവരും ചാടി എണീറ്റ് നമസ്കാരത്തിലേക്ക് നീങ്ങി. മധുര മനോഹര ശബ്ദത്തിലുള്ള ആ ഖുര്‍ആൻ പാരായണം ആകര്‍ഷകമായിരുന്നു.
നമസ്കാര ശേഷം പരേതരായവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നമസ്കാരമുണ്ടായിരുന്നു. കാരണം, ദിനവും മദീന പള്ളിക്കകത്തും ചുറ്റുവട്ടത്തുമായി അനേകം മനുഷ്യര്‍ മരണപ്പെടാറുണ്ടത്രെ. അവര്‍ക്ക് വേണ്ടിയുള്ള അവസാന നമസ്കാരമാണത്. തുടർന്നവരെ മദീന പള്ളിക്കു തന്നെ സമീപമുള്ള ജന്നത്തുൽ ബഖീ എന്ന വിശാലമായ ഖബർസ്ഥാനിൽ കൊണ്ടുപോയി മറവ് ചെയ്യുന്നു.
ഞാന്‍ ചിന്തിക്കുന്നത് ആ പരേതരെ കുറിച്ചാണ്. മഹത്തായ ഉംറ കര്‍മ്മങ്ങള്‍ക്കായി ഇവിടേക്കവർ വണ്ടി കയറുമ്പോള്‍ ജീവിതത്തിന്റെ സകല കെട്ടുപാടുകളില്‍ നിന്നുമവർ സ്വാതന്ത്ര്യരരായിട്ടുണ്ടാകാം... അറ്റമില്ലാത്ത ആകാശ വിശാലതയിലൂടെ പറന്ന് നടക്കാൻ കഴിയുമാറ് സ്വതന്ത്രരായ പരമ ഭാഗ്യവാന്‍മാര്‍... നാട്ടിലെ തങ്ങളുടെ ജീവിത ചുറ്റുപാടിനൊരു വലിയ ഫുൾ സ്റ്റോപ്പവർ രേഖപ്പെടുത്തി കാണും. സമ്പത്തിക ബാധ്യതകൾ, പിണക്കങ്ങൾ, തര്‍ക്കങ്ങള്‍ തുടങ്ങി എല്ലാം പരിഹരിച്ച് സംതൃപ്തരായി കൊണ്ടായിരിക്കാം അവരിവിടെ വന്ന് ചേർന്നിരിക്കുന്നത്. അതിനാല്‍ തന്നെ ആ മരണത്തിന് വല്ലാത്തൊരു മാധുര്യമനുഭവപ്പെടുന്നു. പണ്ട് കാലങ്ങളില്‍ ഈ യാത്രക്ക് മുന്നോടിയായി മരണാനന്ദര ക്രിയയകൾ വരെ ചെയ്തായിരുന്നത്രെ മനുഷ്യര്‍ പുറപ്പെട്ടിരുന്നത്. ഒരായുസ്സിലെ ജീവിതം മുഴുവന്‍ ജീവിച്ച് തീര്‍ത്ത് ഒടുവിലീ മണ്ണിൽ തങ്ങളുടെ ശരീരത്തെയവർ സമര്‍പ്പിക്കുന്നു.
ഒടുവില്‍, പ്രാർത്ഥനകളെല്ലാം പൂര്‍ത്തിയാക്കി പള്ളിയില്‍ നിന്നും പുറത്തിറങ്ങുമ്പോൾ പതിവിന് വിപരീതമായ വഴിയിലൂടെയാണ് ഉസ്താദ് ഞങ്ങളെ നയിക്കുന്നത്. ആദ്യം കാര്യം മനസിലായില്ല. എന്നാൽ, ഞങ്ങളുടെ നേരെ മുന്നില്‍ അല്‍പ്പമകലത്തായി സ്ഥിതിചെയ്യുന്ന ജന്നത്തുൽ ബഖീ എന്ന ഖബറിസ്ഥാൻ മതില്‍ കെട്ടുകളുടെ കാഴ്ച്ച അതിന്റെ സമീപത്തേക്കാണ് ഉസ്താദ് ഞങ്ങളെ നയിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നു.
ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട അനേകം മഹാന്മാർ അന്തിയുറങ്ങുന്ന വിശുദ്ധ ഭൂമികയാണ് ജന്നത്തുൽ ബഖീ. ഒരാൾ പൊക്കത്തിലുള്ള നീണ്ടു നീണ്ടു പോകുന്ന മതില്‍ കെട്ടിനുള്ളിലത് പ്രൗഢമായി നിലകൊള്ളുന്നു. ആ മതില്‍ കെട്ടിന് ചുറ്റും കോട്ട കൊത്തളങ്ങളെപ്പോലുള്ള കെട്ടിട ഭീമന്‍മാരുടെ നിര കാണാം. തങ്ങളുടെ പ്രഭാതവും രാവും ആ ഖബറുകൾ കണ്ട് മിഴി തുറക്കുകയും അടക്കുകയും ചെയ്യുന്ന കുറേ മനുഷ്യരാ കെട്ടിടങ്ങള്‍ക്കുള്ളിൽ ജീവിച്ച് വരുന്നുണ്ടാകാം...
ബഖീയുടെ പടിഞ്ഞാറ് ഭാഗത്തെ മതില്‍ കെട്ടിനുള്ളിൽ നിരന്നു നില്‍ക്കുന്ന ഖബറുകളെ ഞാൻ കണ്ടു. സ്വര്‍ഗ്ഗപൂന്തോപ്പുകൾ ഉള്ളിലൊതുക്കി അവയങ്ങനെ കണ്ണാത്ത ദൂരത്തോളം പരന്ന് കിടക്കുകയാണ്. അവക്കിടയില്‍ ആളുകള്‍ക്ക് നടന്ന് നീങ്ങാനുള്ള വെള്ള പൂശിയൊരു വഴിത്താരയുണ്ട്. ഒരു വമ്പന്‍ മരത്തിന്റെ വേരുപോലത് ഖബറുകൾക്കിടയിലൂടെ തലങ്ങും വിലങ്ങും പരന്ന് കിടക്കുന്നു. അവിടെ പ്രധാന കവാടം കടന്നു ചെല്ലുമ്പോള്‍ വലതു ഭാഗത്ത് പ്രവാചക പുത്രി ഫാത്തിമയുടെ ഖബറിടമാണ്. അത് കഴിഞ്ഞാല്‍ ഖദീജ, മൈമൂന എന്നിവരൊഴികെയുള്ള പ്രവാചക പത്‌നിമാരും അവിടുത്തെ മറ്റ് പെണ്‍മക്കളും അന്തിയുറങ്ങുന്നു. ഇടതു വശം ചേര്‍ന്ന് നടന്നാല്‍ നബിയുടെ മകന്‍ ഇബ്രാഹീമിന്റെ ഖബറിടം കാണാം. മീറ്ററുകള്‍ക്കപ്പുറത്ത് നബിയെ മുലയൂട്ടിയ ഹലീമ ബീവിയുടെ വിശ്രമ സ്ഥലവും. ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള ബഖീയുടെ ഒത്ത നടുവിലായാണ് ഇസ്ലാമിലെ മൂന്നാം ഖലീഫ ഉസ്മാന്‍ ബിൻ അഫാൻ അന്ത്യനിദ്രകൊള്ളുന്നത്.
ബഖീയിനു മുന്നിലെത്തിയ ശേഷം ഞങ്ങളാദ്യം അവര്‍ക്ക് മനം നിറഞ്ഞൊരു സലാം ചൊല്ലി.
"അസ്സലാമു അലൈക്ക യാ അഹ്ലുദിയാർ"
ഞങ്ങളുടെ ചെവികൾക്ക് പിടിച്ചെടുക്കാന്‍ കഴിയാത്ത ശബ്ദ വീചികളിലൂടെ അവരും പ്രത്ത്യാഭിവാദ്യം ചെയ്തിരിക്കും...
യാഥാര്‍ത്ഥത്തിൽ ജന്നത്തുൽ ബഖീ എന്നാൽ 'മുൾമരങ്ങളുടെ തോട്ടം' എന്നാണർഥം. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പും ഈ ശ്മശാനം തന്നെയായിരുന്നു മദീനയിലെ പ്രധാന അടക്ക് കേന്ദ്രം. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് ഇവിടെ അടക്കം ചെയ്ത പ്രശസ്തനായ വ്യക്തി അവിടുത്തെ മകനായ ഇബ്രാഹീമായിരുന്നു. ആ ഖബറിന്റെ അടുത്ത് ഇടക്കിടെ ചെന്ന് അവിടുന്ന് പ്രാർത്ഥിച്ചിരുന്നതായി നിരവധി തെളിവുകൾ വിശദീകരിക്കുന്നുണ്ട്. പിന്നീട്, ഉസ്മാൻ എന്ന പേരായ പ്രവാചകന്റെയൊരു കൂട്ടുകാരനെ ഇവിടെ മറവ് ചെയ്തതോടെയാണ് ഈ ശ്മശാനം പ്രത്യേകം ശ്രദ്ധ നേടുന്നത്. ഷിയാ മുസ്ലിങ്ങളുടെ പ്രധാനപ്പെട്ട നാല് ഇമാമുമാരായ ഹസൻ ബിൻ അലി, അലി ബിൻ ഹുസൈൻ, മുഹമ്മദ് അൽ ബഖിർ, ജഅ്ഫർ സ്വാദിഖ് എന്നിവരെയും അടക്കം ചെയ്തിരിക്കുന്നത് ഇവിടെതന്നെയാണ്. അതുകൊണ്ട് തന്നെ അവര്‍ക്കാഭിമുഖ്യമുണ്ടായിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരേയും ഇവിടെ വലിയ വലിയ താഴിക കുടങ്ങളും മിനാരങ്ങളും ഉയർന്ന് നില്‍ക്കുന്ന ശവകുടീരങ്ങളുണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, അന്നതൊന്നുമില്ലാതിരുന്ന പ്രവാചക കാലത്തെ അനുസ്മരിപ്പിക്കുന്ന വിധം നിരന്ന പ്രദേശമാണ് ഇന്നവിടം.
1924 വരെ ഈ പ്രദേശത്ത് ഭരണം നടത്തിയിരുന്നത് ഒട്ടോമൻ തുര്‍ക്കികളായിരുന്നു. അവർ ഖബറുകൾ കെട്ടി ഉയര്‍ത്തുന്നതിനും അവിടെ പ്രത്യേകമായ പ്രാര്‍ത്ഥന ചടങ്ങുകൾ നിര്‍വ്വഹിക്കുന്നതിനേയും അംഗീകരിക്കുന്നവരും അതിനെ പ്രോത്സാഹിപ്പിക്കുന്നവരുമായിരുന്നു. തുര്‍ക്കിയിലെമ്പാടും പ്രത്യേകിച്ച് ഇസ്തംബൂളിൽ നിരവധിയായ ഇത്തരം മഹാസൗദങ്ങൾ ഇന്നും കാണാൻ കഴിയും. പ്രശസ്ത സൂഫി കവി ജലാലുദ്ദീന്‍ മുഹമ്മദ് റൂമിയുടെ കൊനിയയിലെ ശവകുടീരം പ്രത്യേകം പ്രസ്താവ്യമാണ്. അത് പോലെ തന്നെ വിവിധ കാലങ്ങളിലവിടെ മരണപ്പെട്ട സുല്‍ത്താന്മാരുടെ ഖബറുകൾ ചിത്രപ്പണികളാലും വിവിധ വര്‍ണങ്ങളാലും മാര്‍ബിള്‍ കല്ലുകളുപയോഗിച്ച് വളരെ കമനീയമായി തന്നെ അവിടെ അലങ്കരിച്ചിരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് തുര്‍ക്കികൾ ഇത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കുന്നവരും അവര്‍ക്ക് മേല്‍കൈയുള്ള പ്രദേശങ്ങളില്‍ അത് നടപ്പിൽ വരുത്താൻ പ്രോത്സാഹനം ചെയ്യുന്നവരാണെന്നാണ്. അതിനാലാണ് ഒട്ടോമൻ തുര്‍ക്കികളുടെ സുവര്‍ണ്ണ കാലത്ത് ഇന്ത്യയില്‍ ഭരണം നടത്തിയിരുന്ന മുഗളന്മാരും ഹൈദരാബാദിലെ നിസാമുമാരുമൊക്കെ തുര്‍ക്കിയില്‍ നിന്നും മാതൃക ഉൾകൊണ്ടുകൊണ്ട് വലിയ തോതില്‍ ഇത്തരം പരിപാടികളുമായി മുന്നോട്ട് പോയിരുന്നത്. സ്വാഭാവികമായും തുര്‍ക്കികൾക്ക് വളരെ വലിയ സ്വാധീനമുണ്ടായിരുന്ന ഹിജാസ് പ്രദേശത്തും അവരങ്ങനെ ചെയ്തു വന്നു. അതിന്റെ ഫലമാണ് ഒരുകാലത്തീ പ്രദേശത്ത് ഖുബ്ബകളും കൊത്തുപണികളുള്ള മഖ്ബറകളും ഉയർന്ന് വന്നത്. എന്നാൽ, ചരിത്രത്തിന്റെ പ്രതികാരം വീട്ടല്‍ പോലെ ഇന്നതെല്ലാം ഓര്‍മ്മയിലേക്ക് മറഞ്ഞിരിക്കുന്നു.
ജന്നത്തുൽ ബഖീ നിരവധിയായ മഹത്തുക്കളുടെ വിശ്രമ സ്ഥലമായതിനാൽ തന്നെ കൂട്ട് പ്രാര്‍ത്ഥനകളും കൂട്ട് നിലവിളികളും സ്വാഭാവികമായും സംഭവിക്കാനിടയുണ്ട്. പ്രത്യേകിച്ച് ഷിയ സഹോദരങ്ങളുടെ. അവരുടെ കൈവശമിന്നുള്ള ഇമാം ഹുസ്സൈന്‍ ബിൻ അലി, അലി ബിൻ അബീത്വാലിബ് തുടങ്ങിയവരുടെയൊക്കെ ഖബറുകളുടെ ഇന്നത്തെ അവസ്ഥയും അവിടെ ഇവർ കാട്ടികൂട്ടുന്ന പേക്കൂത്തുകളുടെ വ്യാപ്തിയും കുപ്രസിദ്ധമാണല്ലോ. അതിനാല്‍, അവരുടെ വിശ്വസധാരയുമായി ബന്ധപ്പെട്ട ഫാത്തിമ ബിൻത് മുഹമ്മദ്, ഹസ്സന്‍ ബിൻ അലി തുടങ്ങിയവരുടെയൊക്കെ ഖബറുകളിവിടെ ഉള്ളതുകൊണ്ടു തന്നെ യഥാർത്ഥ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച് പോകാതിരിക്കാന്‍ സന്ദര്‍ശകരെ നിരീക്ഷിച്ചും ഉപദേശിച്ചും ഏത് സമയവുമിവിടെ പോലീസുകാരുണ്ട്. അതിനാല്‍ വളരെ ശബ്ദം കുറച്ചാണ് ഉസ്താദവിടെ ഞങ്ങളോട് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ ചുണ്ടനങ്ങുന്നത് മാത്രമാണ് കാഴ്ച്ച.
നബി തങ്ങൾ തന്റെ അവസാന കാലത്ത് ചില രാത്രികളുടെ അന്തിയാമങ്ങളിൽ ഇവിടെ വന്ന് തനിച്ച് നില്‍ക്കാറുണ്ടായിരുന്നുവത്രെ. വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും ചിലപ്പോഴൊക്കെ കണ്ണുനീര്‍ ധാര ധാരയായി ഒഴുകും. അതുകണ്ട് പ്രിയ പത്നി ആയിഷ ചോദിക്കുമായിരുന്നത്രെ...
"എന്തിനാണ് റസൂലെ താങ്കളിങ്ങനെ കരയുന്നത്... താങ്കൾ ചെയ്തതും, ചെയ്യാൻ പോകുന്നതുമായ സകല തെറ്റുകളും അല്ലാഹു താങ്കള്‍ക്ക് പൊറുത്ത് നല്‍കിയിട്ടില്ലേയോ..." എന്ന്.
"ആയിഷാ... ഞാൻ അല്ലാഹുവിന്റെ നന്ദിയുള്ള ഒടിമയായിരിക്കേണ്ടേ..." അവിടുന്ന് പറയും
ഒരു നല്ല അടിമയുടെ പ്രധാന സ്വഭാവ സവിശേഷതയാണ് തന്റെ യജമാനന്‍ നല്‍കിയ അനുഗ്രഹത്തോട് നിസ്വാര്‍ത്ഥമായ നന്ദി പ്രകാശിപ്പിക്കുക എന്നുള്ളത് മറ്റാരേക്കാളും അറിയുന്നവനല്ലേ റസൂല്‍. ഒടുവില്‍, ഞങ്ങളന്നവിടുന്ന് മടങ്ങുമ്പോൾ എന്റെ മനസ്സിൽ നിറയെ ബഖീയെക്കുറിച്ച് എത്ര ചിന്തിച്ചാലും പറഞ്ഞാലും തീരാത്ത കഥകളായിരുന്നു.




No comments:
Post a Comment