Monday, 6 April 2020

മദീനയിലെ പരുന്ത്

നിങ്ങള്‍ പരുന്തിനെ ശ്രദ്ധിച്ചിട്ടുണ്ടോ. മറ്റു പക്ഷികളിൽ നിന്നും അനേകം വ്യതിരിക്തതകൾ കാത്തുസൂക്ഷിക്കുന്ന ഒരു ജീവിയാണ് പരുന്ത്. ജീവശാസ്ത്രപരമായ സവിശേഷതകൾക്കപ്പുറം തോല്‍വികളിൽ നിന്ന് തോല്‍വികളിലേക്ക് കുതിക്കുന്ന മനുഷ്യര്‍ക്കനേകം പാഠങ്ങൾ പരുന്തിൽ നിന്നും പഠിക്കാനുണ്ട്. അതിനെ കുറിച്ചുള്ള വിശദമായ ഒരു വിവരണമല്ല ഞാനീ എഴുത്തു കൊണ്ടുദ്ദേശിക്കുന്നത്. മറിച്ച്, അവയുടെ ചില സവിശേഷതകള്‍ മാത്രം താഴെ കുറിക്കുന്നു.

പരുന്തെപ്പോഴും ഉയര്‍ന്ന വിഹായസ്സിലൂടെ മാത്രമേ പാറിപ്പറക്കാറുള്ളൂ. താഴ്ന്ന ആകാശത്തിലൂടെ പറക്കുന്ന അനേകം പക്ഷികളെ പിന്നിലാക്കി പരുന്ത് ആകാശത്തിലെ വിരിമാറ് പിളര്‍ത്തി മുകളിലേക്കു കുതിക്കുന്നത് കാണാൻ കഴിയും. കൂടാതെ, കൊടുങ്കാറ്റിനെ ഇഷ്ടപ്പെടുന്ന ഏക പക്ഷിയാണു പരുന്ത്. കൊടുങ്കാറ്റുണ്ടാകുമ്പോള്‍ മറ്റു പക്ഷികള്‍ പേടിച്ചരണ്ടു മാളങ്ങളിലൊളിക്കുമ്പോൾ ആ വെല്ലുവിളിയെ ഒരവസരമായികണ്ട് പരുന്ത് കൊടുങ്കാറ്റിനൊപ്പം ഉയര്‍ന്നു പറക്കും. എന്നിട്ട് തന്‍റെ ചിറകുകള്‍ വിടര്‍ത്തി ആകാശത്തതങ്ങനെ വെറുതെ നിൽക്കുന്നത് കാണാം. അങ്ങനെ, പരുന്തുകൾ കാറ്റിന്‍റെ ശക്തിയാല്‍ ചിറകടിക്കാതെ കിലോമീറ്ററുകളോളം തെന്നി നീങ്ങുന്നത് കൗതുകം തോന്നുന്ന കാഴ്ചയാണ്. ഒടുവില്‍, മുട്ടയിടുവാന്‍ സമയമാകുമ്പോള്‍ ആണ്‍പരുന്തും പെണ്‍പരുന്തുംകൂടി സുരക്ഷിതമായ ഒരു സ്ഥലം കണ്ടുപിടിക്കും. ശത്രുക്കള്‍ക്ക് ഒരിക്കലും കടന്നുവരാന്‍ സാധിക്കാത്ത തരത്തില്‍ ഏതെങ്കിലും ഉയര്‍ന്ന മരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ശിഖരത്തിലായിരിക്കും അവരാ കൂടുകൂട്ടുന്നത്.

ഇനി വിഷയത്തിലേക്ക് വരാം...

മദീനയിലെത്തിയതിന്റെ പിറ്റേ ദിവസം ഭക്ഷണ ശേഷം രാത്രി 8 മണിയോടെ വീണ്ടും ഞങ്ങളെല്ലാവരും ഹറമിലേക്ക് നടന്നു. രാത്രിയുടെ വൈദ്യുതി പ്രകാശത്തില്‍ തിളങ്ങുകയായിരുന്നു മദീന നഗരം. കച്ചവടക്കാരും യാത്രക്കാരുമായി ഒരു തിരക്കിന്റെ ലോകമാണവിടെ. ഹോട്ടലിൽ നിന്നുമൽപ്പം വലതു മാറി ഫൂട്ട്പാത്തിലൂടെ കുറച്ച് ദൂരം മുന്നോട്ട് നടന്ന് റോഡ് മുറിച്ചുകടന്നാലാണ് പ്രവാചകന്റെ വെള്ളകൊട്ടാരത്തിലെത്തി ചേരുക. ഞങ്ങളെല്ലാവരും റോഡിലേക്ക് പ്രവേശിച്ചു. പ്രവാചകന്റെ പള്ളിയിലേക്ക് കൂട്ടമായി നീങ്ങുന്ന ഞങ്ങൾക്കായി റോഡിന്റെ ഇരുവശത്തുമുള്ള വാഹനങ്ങള്‍ ക്ഷമയോടെ കാത്തു നില്‍ക്കുന്നത് കണ്ടപ്പോൾ എനിക്കവരോട് ആദരവും കൂടെ അത്ഭുദവും തോന്നി. ഒരുപക്ഷേ, ഇതവരുടെ ദൈനംദിന ജീവിത്തിന്റെ ഭാഗമായിരിക്കാം. പോലീസിന്റെ കണ്ണുകൾ പതിയുമോ എന്ന ജാഗ്രതക്കപ്പുറം അവരുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന സംസ്കാരത്തിന്റെ അടയാളം. തങ്ങളുടെ യാത്ര മാര്‍ഗ്ഗത്തിൽ തടസ്സം വരുത്തി നീങ്ങുന്ന ഒരു സംഘം എന്നതിനപ്പുറം പ്രവാചകന്റെ ഹള്റത്തിലേക്ക്, അവിടുത്തെ അതിഥികളായി നീങ്ങുന്ന ഓരോരുത്തർക്കും വഴി നല്‍കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണന്ന ഉത്തമ ബോധ്യം അവര്‍ക്കുണ്ടായിരിക്കാമെന്നെനിക്ക് തോന്നി.

വന്ദ്യ നേതാക്കളായ റസൂലും അബൂബക്കർ സിദ്ദീഖ്, ഉമര്‍ ഖത്താബുമൊക്കെ വിശന്ന് വലഞ്ഞ് നടന്ന തെരുവാണിത്. അവർ ഒരു തരി ഭക്ഷണത്തിന്നായി നടന്ന ആ പാതയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു. ഒരുകാലത്ത് ഈ നാടിനെ ഗ്രസിച്ച ക്ഷാമം കാരണം ആ മഹാന്മാരായ നേതാക്കൾക്ക് ഭക്ഷണം മുളപ്പിച്ചു നൽകാൻ കഴിയാതെ പോയ മണ്ണ്. ഇസ്ലാമിന്റെ മനോഹരവും സമ്പൂർണ്ണവുമായ ജീവിത വ്യവസ്ഥ മാത്രമല്ല. അതിന്റെ കിതപ്പും കുതിപ്പും പിന്നെ വിശപ്പും കണ്ട നാടാണിത്. റോഡ് മുറിച്ച് നേരെ നടന്നാൽ ഹറമിന്റെ മുന്നിലേക്ക് നീളുന്ന ഇടനാഴിയിൽ എത്തിചേരും. അവിടെയാണ് അബൂഹുറൈറ പള്ളിയുടെ മനോഹരമായ എടുപ്പുള്ളത്. ഓട്ടോമൻ രീതിയില്‍ നിർമ്മിച്ച ആധുനികമായൊരു പള്ളിയാണത്. അവിടെ നിന്നും നേരെ നോക്കിയാല്‍ കെട്ടിട ഭീമന്‍മാർക്കിടയിലൂടെയുള്ള ഇടവഴിക്കപ്പുറം നിഴല്‍പോലെ തോന്നുന്ന വലിയൊരു ഒറ്റ മിനാരം കാണാം. അതാണ് പുണ്യപ്രവാചകന്റെ കൊട്ടാരമായ... മുസ്ലിങ്ങളുടെ രണ്ടാമത്തെ തീര്‍ത്ഥാടന സ്ഥലമായ മസ്ജിദു നബവി. ആദ്യമെനിക്കത് കണ്ടപ്പോൾ അതു തന്നെയാണ് പ്രവാചകപള്ളി എന്ന് വിശ്വസിക്കാൻ കഴിഞ്ഞതേയില്ല. ഇവിടെ നിന്നും ഇനിയുമനേകം ദൂരം നടന്നാൽ മാത്രമേ മദീന പള്ളിയിലെത്തിച്ചേരാൻ കഴിയുകയുള്ളൂ എന്ന് ഞാന്‍ മനസ്സിൽ വെറുതേ ചിന്തിച്ചതോർക്കുന്നു. എന്നാൽ, കടലില്‍ പാറി കിടക്കുന്ന വലിയൊരു ഐസ് മലയുടെ തുമ്പ് പോലുള്ള കാഴ്ചയാണതെന്ന് അല്‍പ്പം കൂടി മുന്നോട്ട് നടന്നപ്പോഴാണ് എനിക്ക് മനസ്സിലായത്.

ഞാനത്ഭുദത്തോടെ അവിടെ അനേകം 'ഒറ്റമിനാരങ്ങൾ' കണ്ടു.

ചരിത്രം നെഞ്ച് വിരിച്ച് താഴ്മയായി കടന്ന് പോയ ആ ഇടവഴിയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു. അനേകം പുണ്യ മഹാത്മാക്കള്‍ നടന്ന് നീങ്ങിയ വഴിത്താര... റസൂല്‍, അവിടുത്തെ അനുയായികള്‍, ഭാര്യമാര്‍, മക്കള്‍, മദീന രാഷ്ട്രത്തിന്റെ ഭരണാധികാരികൾ, ഖലീഫമാര്‍, ഇമാമുമാർ... അങ്ങനെ അനേകം അനേകം പേര്‍ നടന്ന വഴി. ആ ഇടവഴി അവസാനിക്കുന്നിടത്തെ ഭീമാകാരമായ ഇരുമ്പ് കവാടത്തിനപ്പുറം വിശാലമായൊരു തുറസ്സ് കാണാം. അവിടെയാണ് വെളുത്ത മാർബിൾ വിരിച്ച് മനോഹരമാക്കിയ മുറ്റത്തിനു നടുവില്‍ മദീന പള്ളി സ്ഥിതിചെയ്യുന്നത്.

ഞങ്ങളവിടെ എത്തുമ്പോൾ മുറ്റം സജീവമായിരുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ തുടക്കം കുറിക്കാനിരിക്കുന്ന ഇശാ നമസ്കാരത്തിനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. അവർ തങ്ങൾക്ക് സ്വകാര്യ പ്രഥമായ സ്ഥലത്ത് മുസല്ലകൾ വിരിച്ച് ശരിപ്പെടുത്തുന്നു. ചിലര്‍ തങ്ങളുടെ ഇരിപ്പിടത്തിലിരുന്ന് ചെറിയ ശരീര താളത്തിന്റെ അകമ്പടിയിൽ ദൈവത്തെ സ്മരിക്കുന്നു. ചിലരാണങ്കിലോ അക്ഷമയോടെ വെറുതെ ഇരിപ്പാണ്. അവര്‍ക്കൊക്കെ ഇടയിലാണ് ഞാൻ മേലെ പറഞ്ഞു വെച്ച ചിറകുകളടക്കി വെച്ചുറങ്ങുന്ന പരുന്തുകൾ വസിക്കുന്ന ഒറ്റ തൂണുകളുടെ നിരയുള്ളത്. അതങ്ങ് ദൂരെ പള്ളിയെ ചുറ്റി നീങ്ങുന്നതിവിടെ നിന്നാൽ കാണാൻ കഴിയും. പകല്‍ സമയത്ത്‌ വെയിലുദിക്കുമ്പോൾ മാത്രമാണവ ചിറകുകള്‍ വിടര്‍ത്തുക. അത് കാണേണ്ടൊരു കാഴ്ച്ച തന്നെയാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. പകലില്‍ പള്ളി മുറ്റത്ത് ചുറ്റുമുള്ള വിശ്വാസികള്‍ക്കത് തണലേകുന്നു. രാത്രിയിലാണങ്കിലോ വിളക്കു കാലുകളുമായത് പ്രവര്‍ത്തിക്കുന്നു. അതിന്നായി ശക്തമായ പ്രകാശ സംവിധാനങ്ങളാണതിൽ ഘടിപ്പിച്ചു വച്ചിരിക്കുന്നത്.

ഉയരമുള്ള മരത്തിനു മുകളിലെ വാസസ്ഥലങ്ങളില്‍ ചിറകുകളൊതുക്കി വെച്ചുറങ്ങുന്ന പരുന്തിന്റെ രൂപഭാവമുള്ള ആ കുടകള്‍ രാവിലെ ചിറക് വിടര്‍ത്തുന്നത് കാണാൻ തന്നെ വലിയ കൗതുകമാണ്. പതിയെ പതിയെ തുറന്ന് തുറന്ന് ഒരു വിരിപോലെയത് ആകാശത്ത് വിരിഞ്ഞു നില്‍ക്കുന്നു. ചൂടുകാലാവസ്ഥ, അപ്രതീക്ഷിതമായ മഴ, പൊടിക്കാറ്റ് തുടങ്ങിയവയിൽ നിന്നും പള്ളി മുറ്റത്തെ സം‌രക്ഷിക്കുക എന്ന അതിന്റെ പ്രധാന ദൗത്യത്തിന് ശക്തി പകര്‍ന്നു കൊണ്ട്‌ ഏത് കൊടുങ്കാറ്റിലും തകർന്ന് വീഴാത്ത എഞ്ചിനീയറിംഗ് വൈദഗ്‌ദ്ധ്യത്തിലാണത് നിര്‍മ്മിച്ചിരിക്കുന്നത്. 40 മീറ്റർ ഉയരവും 18 മീറ്റർ ഇരുവശ വീതിയുമുള്ള ഈ തണൽ കുടകൾ മണിക്കൂറിൽ 97 കിമീ വേഗത്തിൽ കാറ്റു വീശിയാലും ഒന്നും സംഭവിക്കില്ലത്രെ. 26 ഡയാമീറ്റെർ വിസ്താരമുള്ള ഓരോ കുടക്കീഴിലും 800ഓളം തീർത്ഥാടകർക്കു നമസ്കാരിക്കാൻ കഴിയും. ഏതു കാലാവസ്ഥയേയും പ്രതിരോധിക്കാൻ ശേഷിയുള്ള ഈ ഇലക്ട്രോണിക് ഫ്ലോൺ കുട മഴവെള്ളത്തെ കുടക്കുള്ളിലേക്കൊഴുക്കി പ്രത്യേകം തയ്യാറാക്കിയ ഡ്രൈനേജ് പൈപ്പുകൾ വഴി പുറത്തേക്കൊഴുക്കി മാറ്റുന്നു.

ഇങ്ങനെ ഒരു പരുന്തിന്റേതായ അനേകം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന മദീന പള്ളി മുറ്റത്തെ ഈ തണൽ കടകളുടെ പരുന്തുമായുള്ള ഏറ്റവും വലിയ സമാനത അതിന്റെ ചിറകുകളിലെ വര്‍ണ്ണം തന്നെയാണ്‌. വെള്ള പരുന്തിന്റെ തൂവലുകള്‍ പോലെയത് കാണാൻ കഴിയും. ഒരുപക്ഷേ, കുട നിര്‍മാണത്തിന്‌ പിന്നില്‍ പ്രവർത്തിച്ചവർ മനപ്പൂര്‍വ്വമായിരിക്കുമോ അതിലങ്ങനെയൊരു അടയാളം വരച്ചു ചേര്‍ത്തത്. കുറഞ്ഞത് ഒരു പക്ഷിയുടെ ചിറകുകളെയെങ്കിലുമവർ മനസ്സിൽ കണ്ടിട്ടുണ്ടായിരുന്നിരിക്കാം.

അല്ലാഹു അഅലം...
ഞങ്ങൾ മുന്നോട്ട് നടന്നു.

No comments:

Post a Comment