Monday, 6 April 2020

അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്

അനേകം ദൂരം താണ്ടി മക്കയിൽ നിന്നും മദീനയിലെത്തിചേർന്നിരിക്കുകയാണ് ഞങ്ങൾ. ഞങ്ങളുടെ സംഘത്തിൽ അനേകമാളുകളുണ്ട്. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ, വൃദ്ധർ തുടങ്ങി നിരവധി യാത്രക്കാര്‍. കൃത്യമായി പറഞ്ഞാൽ ഒരു ബസ്സ് നിറയെ മനുഷ്യര്‍. അവരെല്ലാവരും ദീര്‍ഘ യാത്രയുടെ പരിക്ഷീണത്തിലായിരുന്നെങ്കിലും മദീനയിലാണ് തങ്ങൾ എത്തിച്ചേര്‍ന്നിരിക്കുന്നത് എന്നാകയാൽ എല്ലാവരും വളരെ വലിയ ആവേശത്തിലായിരുന്നു. വായിച്ചറിഞ്ഞ, അനേകം കഥകളിലൂടെ കേട്ടറിഞ്ഞ, കവിത, പാട്ട് തുടങ്ങി നിരവധിയനവധി മാധ്യമങ്ങളിലൂടെ കേട്ട് കേട്ട് തഴമ്പിച്ച മദീനയിലാണ് ഞാനും എത്തിച്ചേര്‍ന്നിരിക്കുന്നത് എന്ന ചിന്ത എന്റെ മനസ്സിനേയും ഏറെ പുളകം കൊള്ളിച്ചു.

ചരിത്രത്തിൽ യസ്രിബ് എന്ന പേരിലറിയപ്പെടുന്ന പ്രവാചക നഗരം പകലിന് വഴിമാറി രാത്രിയെ പുല്‍കാൻ കാത്തിരിക്കുകയായിരുന്നു അപ്പോൾ. അന്തരീക്ഷത്തിലെ പുക പടർന്നത് മാതിരിയുള്ള നിറവും... തെരുവോരത്തെ മഞ്ഞ വെളിച്ചം കത്തുന്ന വിളക്ക് കാലുകളും... പിന്നെ, നിരനിരയായി നില്‍ക്കുന്ന കടകളുടെ എറേത്തേക്ക് തൂങ്ങി നില്‍ക്കുന്ന അത്യാധുനിക ബള്‍ബുകളിലെ വെള്ള പ്രകാശവുമൊക്കെ കൂടി മദീനയെ ഒരു മാന്ത്രിക ലോകത്തിലെന്ന പോലെ തോന്നിപ്പിക്കുന്നു.1500 കൊല്ലങ്ങള്‍ക്ക് മുമ്പ് മദീന നിവാസികളായ അന്‍സാറുകൾ പ്രവാചകനെ ദഫ് മുട്ടി സ്വീകരിച്ച തെരുവാണിത്. അന്ന് ദേശന്തര ഗമനങ്ങൾ നടത്തി നീങ്ങിയ ഒരു വലിയ യാത്ര സംഘത്തിലെ ഒരു സഞ്ചാരിയായിരുന്നില്ല അവിടുന്ന്. മറിച്ച്, അക്രമണവും പീഡനവും സഹിക്കാൻ കഴിയാതെ സ്വദേശം ഉപേക്ഷിച്ച് പോന്ന ഒരഭയാര്‍ത്ഥിയായിരുന്നു അദ്ദേഹം.

അസ്താഫിറുള്ളാഹ്... അദ്ദേഹത്തെ ഉപദ്രവിച്ച ആ മനുഷ്യര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ...

പ്രവാചകരെ 'ത്വലാഅൽ ബാദ്റു' ചൊല്ലി വരവേറ്റ ആ രംഗത്തെ മനസ്സിലേക്കാവാഹിച്ച് ബസ്സില്‍ നിന്നും ഞങ്ങൾ പുറത്തിറങ്ങുമ്പോൾ ഞങ്ങളെ സ്വീകരിക്കാൻ അന്‍സാറുകളോ മദീന നിവാസികളോ അവിടെ ഉണ്ടായിരുന്നില്ല. മറിച്ച്, തെരുവിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുമിറങ്ങി വന്ന വ്യാപാരികള്‍ മാത്രമാണവിടെ ഉണ്ടായിരുന്നത്. അവരാ സ്വാഗത ഗാനശകലത്തിന് പകരം തങ്ങളുടെ ഉൽപന്നങ്ങളുടെ മേന്മകളും വിലയും ഉറക്കെയുറക്കെ വിളിച്ച് പറയുന്നത് മാത്രമാണവിടെയപ്പോൾ കേൾക്കാനുണ്ടായിരുന്നത്.

"ഹംസ റിയാൽ... അശറ റിയാൽ"
അങ്ങനെ നീളുന്നു ആ കോലാഹലങ്ങൾ.

ആ ശബ്ദ മലിനീകരണം കേട്ടിട്ടാണോ എന്തോ റസൂലിന്റെ വീടും പള്ളിയും സ്ഥിതിചെയ്യുന്നിടമായ ഇവിടെ ശബ്ദം തീരെ താഴ്ത്തി വേണം ഓരോ വാക്കും ഉരുവിടനെന്ന് ഉസ്താദ് ആദ്യമെ ഞങ്ങളോട് പ്രത്യേകമായി ഉണര്‍ത്തി. പ്രവാചകനോട് അത്യധികം ബഹുമാനം കാത്തുസൂക്ഷിച്ചിരുന്ന അവിടുത്തെ അനുയായികള്‍ അങ്ങനെയായിരിക്കാം ഒരുപക്ഷേ ഇവിടെ കഴിഞ്ഞ് വന്നിരുന്നത്. അവിടുത്തേക്കൊരു ചെറിയ ശബ്ദം കൊണ്ട് പോലും ശല്യമാകാതിരിക്കാൻ അവരേറെ ശ്രദ്ധിച്ചിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.

ഹിജാസ് റെയില്‍വേ മദീന സ്റ്റേഷൻ
ഓട്ടോമൻ ഭരണകാലത്ത്‌ സിറിയയിലെ ഡമാസ്കസിൽ നിന്ന് മദീനയിലേക്ക് പണിത റെയിൽവേ സംവിധാനത്തിന്റെ പേരാണ് ഹിജാസ് റെയിൽവേ. അന്ന് മദീനയിലെ സ്റ്റേഷന്റെ മരാമത്ത് പണികള്‍ പുരോഗമിക്കുമ്പോൾ ചുറ്റികകൾ കമ്പിളി കൊണ്ട്‌ മൂടിയാണ് ഉപയോഗിച്ചിരുന്നത് എന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. കൂടാതെ, വലിയ ശബ്ദം പുറപ്പെടുവിച്ചിരുന്ന ആവി വണ്ടികളുടെ ചക്രങ്ങളിൽ പോലും ശബ്ദ മലിനീകരണം കുറക്കാനുള്ള സംവിധാനം ഘടിപ്പിച്ചിരുന്നു എന്നും ഞാന്‍ കേട്ടിരിക്കുന്നു. പ്രവാചകരോടുള്ള ബഹുമാനത്തിന്റെ ഭാഗമായി അവിടുത്തെ ചാരത്ത് ശബ്ദം തീരെ താഴ്ത്തി വേണം സംസാരിക്കാൻ പോകുമെന്ന സന്ദേശമാണിതുകൊണ്ടൊക്കെ സൂചിപ്പിക്കുന്നത്.

പിറ്റേ ദിവസം അതിരാവിലെ മദീന പള്ളിയിലെ വെള്ള മാർബിൾ വിരിച്ച തിരുമുറ്റത്ത് ഞങ്ങൾ വലിയൊരു കൂട്ടമായി എത്തിച്ചേര്‍ന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള അനേകം കൊത്തുപണികൾ നിറഞ്ഞ മദീന പള്ളിയുടെ ഉയരത്തിലുള്ള ചുമരുകളും അതിലവിടവിടെയായി കാണുന്ന കിളി വാതിലുകളും ലോഹ ചിത്രപ്പണികളും ആകര്‍ഷണീയമാണ്. അതിനു താഴെ സ്വര്‍ഗ്ഗീയ കവാടങ്ങളെ അനുസ്മരിപ്പിക്കുന്ന പോലത്തെ സ്വര്‍ണ്ണ വര്‍ണ്ണം പൂശിയ പള്ളി വാതായനങ്ങള്‍ ഞങ്ങൾക്ക് സ്വാഗതമോതികൊണ്ട് തുറന്ന് കിടക്കുന്നു.

മുഹമ്മദ് നബി മക്കയിൽ നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയ ശേഷം ആദ്യമായി ചെയ്ത പ്രവൃത്തികളിലൊന്നാണ് മസ്ജിദുന്നബവിയുടെ നിർമ്മാണം. എഡി 622ൽ നിർമ്മിച്ച ഈ പള്ളി തുടക്കത്തിൽ ഒരു ചെറിയ കുടിൽ പോലെയായിരുന്നു. മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടികകൊണ്ട് പടുത്തതുമായ ചെറിയൊരു ഭവനം. ഈത്തപ്പനത്തടികളായിരുന്നു തൂണുകൾ. നമസ്കാരമോ വെറും മണലിലുമായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. പള്ളിയോട് ചേർന്ന് കിഴക്കു വശത്തായിരുന്നു നബി തന്റെ പത്‌നിമാർക്കു വേണ്ടി പണിത കുടിലുകളുടെ നിര. കുടിലുകളെന്നാൽ തീരെ ദരിദ്രമായ ഒറ്റമുറി വീടുകളെന്നർത്ഥം. ഹുജ്റകൾ എന്നറിയപ്പെട്ടിരുന്ന അവിടെയായിരുന്നു നബി തിരുമേനി താമസിച്ചു വന്നിരുന്നതെത്രെ. ലോകത്തിന്റെ പ്രകാശമായ പ്രവാചക പുങ്കവന്റെ 'കൊട്ടാരം'. സമീപത്തു തന്നെ വീട്ടുകാർക്കെല്ലാവർക്കുമായി ഒരു പൊതു അടുക്കളയും അവിടെ സംവിധാനിച്ചിരുന്നു.

മദീന പള്ളിയുടെ ജന്നത്തുൽ ബഖീയ ഭാഗത്തെ വാതായനം കടന്ന് പള്ളിയുടെ തിരുമുറ്റത്താണ് ഞങ്ങളിപ്പോള്‍ നില്‍ക്കുന്നത്. അവിടെ നിന്നും ഇടത്തോട്ട് നോക്കിയാൽ അൽപ്പമകലെ പുരാതനമായൊരു കെട്ടിടത്തിന് മുകളില്‍ പച്ച ഖുബ്ബയുടെ മനോഹാരിത കാണാം. സമീപത്ത് ഉയർന്ന് നില്‍ക്കുന്ന മിനിരവും

"അസ്സലാമു അലൈക്ക യാ റസൂലുള്ളാഹ്" ആ ഭാഗത്തേക്ക് കൈ ഉയർത്തി എല്ലാവരും സലാം ചൊല്ലി.

റൗളയിലേക്കുള്ള കവാടം
എത്ര എത്ര സലാമുകൾ, എത്ര എത്ര മനുഷ്യരിവിടെ കൈ വീശി മറഞ്ഞിരിക്കുന്നു. നീണ്ട 14 നൂറ്റാണ്ടുകളിലായി നമ്മെ കടന്ന് പോയ മനുഷ്യരാണവർ. അവരുടെ സമാധാനാഹ്വാനങ്ങളിവിടെ അര്‍പ്പിക്കപ്പെടാതെ അവരിതിലൂടെ കടന്ന് പോയിട്ടുണ്ടാകില്ല. എന്തായിരിക്കാം ആ മനുഷ്യരുടെ മനസ്സിലപ്പോൾ തോന്നിയ വികാരങ്ങൾ. തങ്ങളുടെ സലാം മടക്കുന്ന പ്രവാചകരെ അവർ അവരുടെ മനസ്സിനുള്ളില്‍ കണ്ടുകാണുമോ. എന്നിരുന്നാലും, ഞാനും അവരോടൊപ്പം ചേര്‍ന്ന് റസൂലിനൊരു സലാം ചൊല്ലി. ഒന്നല്ല അനേകം തവണ. ആ പച്ച ഖുബ്ബയുടെ നേരെ താഴെയാണ് റസൂല്‍ തിരുമേനിയുടെ അന്ത്യവിശ്രമ സ്ഥലം ഉള്‍ക്കൊള്ളുന്ന റൗള ശരീഫ് സ്ഥിതിചെയ്യുന്നത്. കാലത്തിന്റെ നിലക്കാത്ത കുതിപ്പിനിടയിൽ ഞാനുമതാ അവിടെ എത്തിചേർന്നിരിക്കുന്നു. അത്ഭുദം തോന്നുന്നു. എനിക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ളത് പോലെ. ഒരു അന്യവികാര വിചാരങ്ങളും മനസ്സിൽ തോന്നാത്ത അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളിലൊന്ന് ഞാനപ്പോൾ അനുഭവിക്കുന്നു.

അതിനിടയിൽ, കഅബയെ മുന്‍നിർത്തി... മദീന പള്ളിയും തിരുദൂതരുടെ പരിശുദ്ധ ഖബറിടവും പിന്‍വശത്താക്കികൊണ്ട് ഉസ്താദ് ഞങ്ങൾക്കായൊരു ക്ലാസെടുത്തു. അദ്ദേഹം ഒരുപാട്‌ കാര്യങ്ങൾ പറഞ്ഞു. ഈ പ്രദേശത്തിന്റെ ചരിത്രം, റസൂല്‍ തിരുമേനി, അവിടുത്തെ കുടുംബ ബന്ധങ്ങൾ, അനുയായികള്‍, സന്ദേശം, മരണം അങ്ങനെ അല്‍പ്പം വാക്കുകളില്‍ അനേകം കാര്യങ്ങൾ. അക്കൂട്ടത്തിലദ്ദേഹം ഞങ്ങളോടായി പതുക്കെ പറഞ്ഞു.

"ഇവിടെ പ്രവാചകന്റെ ഖബറിനഭിമുഖമായി നിന്നൊരിക്കലും പ്രാർത്ഥിക്കരുത്" എന്ന്.

സ്ത്രീകളുടെ റൗള ശരീഫ് സന്ദര്‍ശനം മറ്റൊരു സമയമാകയാല്‍ ഞങ്ങളുടെ കൂട്ടത്തിലെ പുരുഷന്മാർക്ക് മാത്രമാണ് റൗള ശരീഫീനകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചതൊള്ളൂ. തെക്ക് വശത്തെ കവാടം കടന്നകത്തേക്ക് പ്രവേശിച്ച ഞങ്ങളെ അദ്യം സ്വാഗതം ചെയതത് അതിമനോഹരമായി പ്രകാശിക്കുന്ന അനേകം പുരാതന തൂക്ക് വിളക്കുകളുടെ നിരയാണ്. അതിനാല്‍ തന്നെ, ഒരു കൊട്ടാരത്തിലെന്ന പോലെ പ്രൗഢമായിരുന്ന അതിനകത്ത് നിറയെ കൊത്തുപണികളാലും കടും വര്‍ണ്ണങ്ങളാലും മനോഹരമാക്കിയിരിക്കുന്ന തൂണുകൾ ചുമരുകള്‍ തുടങ്ങിയവ കാണാം. സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള അലമാരകൾ പ്രത്യേകം ആകര്‍ഷണീയമായിരുന്നു. ഓട്ടോമൻ തുര്‍ക്കികളുടെ കരവിരുതിൽ വിരിഞ്ഞതാണതൊക്കെയുമെന്ന് നിസംശയം പറയാം. ഒരു നീണ്ട ഇടനാഴിയാണത്. അവിടെ ഇടത് വശത്തായി ചുവന്ന പരവതാനി വിരിച്ച നമസ്കാര സ്ഥലവും ഇടതു ഭാഗത്ത് ചുമരുമാണുള്ളത്. ഇടനാഴിയുടെ ഒത്ത മധ്യത്തിലെത്തുമ്പോഴാണ് മുഹമ്മദ് നബിയുടെ മിമ്പറുള്ള ഭാഗത്തെത്തുന്നത്. മിമ്പറിന്റെയും പ്രവാചക ഗൃഹത്തിന്റേയും ഇടക്ക് സ്ഥിതിചെയ്യുന്ന ആ ഭാഗത്തേയാണ് റൗള ശരീഫ് എന്ന് വിളിക്കുന്നത്. മിമ്പറു മുതൽ ഭിത്തിവരെയുള്ള ഇരുപത്തി രണ്ടു മീറ്റർ നീളവും പതിനഞ്ചു മീറ്റർ വീതിയുമുള്ള ആ സ്ഥലം ഇളം പച്ച കാർപ്പറ്റ് വിരിച്ചു പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്നത് കാണാം.

സ്വര്‍ഗ്ഗത്തിലെയൊരു തോപ്പാണത്.

റൗളയും പരിസരവും മാത്രമായിരുന്നു നബിയുടെ കാലത്തെ മസ്ജിദുന്നബവിയുടെ വിസ്തൃതി. റൗളക്കടുത്ത് നബി നമസ്കാരത്തിന് നേതൃത്വം നൽകിയ സ്ഥലത്ത് മനോഹരമായൊരു മിഹ്‌റാബ് കാണാം. ഉമറുബ്‌നു അബ്ദിൽ അസീസാണ് ആ സ്ഥലത്ത് മിഹ്‌റാബ് നിർമിച്ചതെന്ന് ചരിത്രത്തിൽ കാണാം. ഓട്ടോമൻ രീതിയില്‍ അനേകം പടികളുള്ള അത് വലിയൊരു ഗോപുരം പോലെയവിടെ സ്ഥിതിചെയ്യുന്നു.

പച്ച വര്‍ണ്ണാങ്കിതമായ റൗളയെന്ന ആ മഹാവിസ്മയത്തിനൊരു വശത്ത് സ്വര്‍ണ്ണ കമ്പി വേലിയാൽ വേര്‍തിരിച്ചൊരു ഭാഗമാണുള്ളത്. അതിനുള്ളിലാണ് ഉമ്മുല്‍ മുഅമിനീൻ ആയിശയുടെ വീട് സ്ഥിതിചെയ്യുന്നത്. റസൂലിനേയും അവിടുത്തെ സന്തതസഹചാരിയായിരുന്ന ഉമര്‍, അബൂബക്കര്‍ എന്നിവരെയും അടക്കം ചെയ്തിരിക്കുന്നത് അതിനുള്ളിൽ തന്നെയാണ്. എന്തായാലും, അതാർക്കും കാണാൻ സാധിക്കാത്ത വിധം മൂന്ന്‌ ഭിത്തികൾക്കുള്ളിലാണിന്ന് സ്ഥിതിചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍, പള്ളിയോട് തൊട്ട് തൊട്ടായിയാരുന്നു ആ വീടുൾപ്പെടെയുള്ള ഈ പ്രദേശത്തെ മിക്ക കെട്ടിടങ്ങളും ഒരുകാലത്തുണ്ടായിരുന്നത്. പിന്നീടോരോ കാലഘട്ടത്തും പള്ളി വിപുലീകരിച്ചപ്പോൾ അവയൊക്കെയും പള്ളിക്കുള്ളിലാവുകയായിരുന്നു.

റൗള
ഞങ്ങളൊരു കൂട്ടമായി റസൂലിന്റെ ചാരത്തെത്തി. ഒരിക്കല്‍കൂടി ഞങ്ങളെല്ലാവരും കൈ ഉയർത്തി അവിടുത്തേക്ക് സലാം ചൊല്ലി. പിന്നെ, നിശബ്ദമായി അങ്ങോട്ടേക്ക് നോക്കി അൽപ്പ നേരം നിന്നു... ഞങ്ങള്‍ക്ക് ചുറ്റും ഈ ഭൂമിയും പ്രപഞ്ചം മുഴുക്കയും മൂകമായി നില്‍ക്കുന്നു. ലോകത്തിന്റെ വെളിച്ചത്തിനു മുന്നിലാണ് ഞങ്ങൾ നില്‍ക്കുന്നത് എന്ന ചിന്ത ഞങ്ങളെ ആവേശം കൊള്ളിക്കുന്നു. തൊട്ട് തൊട്ടെന്ന പോലെ അരികില്‍. ഒരു മുസ്ലിം അനിവാര്യമായി അറിഞ്ഞിരിക്കേണ്ട ചരിത്രത്തിനു മുന്നില്‍, അതിന്റെ കേന്ദ്ര ബിന്ദുവിന്റെ ചാരത്ത്. ചുരുങ്ങിയത് അഞ്ച് നേരമെങ്കിലുമവർ സ്മരിക്കുന്ന ആ മാന്യദേഹത്തിനു മുന്നില്‍ എത്രയോ മനുഷ്യരിങ്ങനെ നിശബ്ദമായി നിന്നിട്ടുണ്ടാകണം. ചക്രവര്‍ത്തിമാർ, ഖലീഫമാർ, ഇമാമുകൾ, യോദ്ധാക്കൾ, പ്രഭാഷകർ, പണ്ഡിതര്‍ തുടങ്ങി വീരശൂര പരാക്രമികൾ വരെ. കാരണം, മദീനയിലെ റസൂലിന്റെ സവിധത്തെത്തിയാൽ ഏത് മനുഷ്യനും വിനീതനാണ്. പരമ നിസ്വൻ. 1500ൽ പരം കൊല്ലങ്ങളായി ആ വിധേയത്വമവരിവിടെയവർ സമർപ്പിച്ചുവരുന്നു. മഹാന്മാരായ നാല് ഖലീഫമാർ, അവര്‍ക്ക് ശേഷം അറേബ്യയുടെ വെത്ത്യസ്ഥ നഗരങ്ങൾ കേന്ദ്രീകരിച്ച് ഭരണം നടത്തിയ രാജക്കന്മാർ, വലിയൊരു ഭൂഭാഗം കൈവശം വെച്ചടക്കിവാണ ഓട്ടോമൻ സുല്‍ത്താന്മാർ തുടങ്ങിയവർ ഇതുപോലെ ഇവിടെ നിന്നിട്ടുണ്ടാകണം... റസൂലിന് സലാം ചൊല്ലിയിട്ടുണ്ടാകണം.

"അസ്സലാമു അലൈക്ക യാ റസൂലുല്ലാഹ്"

ഞങ്ങൾ പതിയെ മുന്നോട്ട് നീങ്ങി റൗളക്കു പുറത്തേക്ക്‌ നടന്നു.

No comments:

Post a Comment