Saturday, 11 April 2020

മരണത്തെ അറിയുമോ

1989ലെ ഒരു നവംബർ മാസം പതിനേഴാം തിയ്യതി. സൂര്യൻ കാത്തിജ്വലിച്ചു നിൽക്കുന്ന ഒരുച്ചവെയിൽ നേരമാണ് ഞാനീ ഭൂമിയിലേക്ക് പിറന്നു വീഴുന്നത്. കൃത്യമായി പറഞ്ഞാൽ ഒരു വെള്ളിയാഴ്‌ച്ച ദിവസം. അന്ന് ആണുങ്ങളായ ആണുങ്ങളൊക്കെയും ജുമുഅ നമസ്കാരത്തിന്നായി പള്ളിയിലേക്ക് പോയ തക്കം നോക്കി സുന്ദരിയായ ഒരു മിഡ് വൈഫിന്റെ സഹായത്തോടെ ഉമ്മ എന്നെ പ്രസവിച്ചീ ഭൂമിയിലേക്കിട്ടു... സുഖപ്രസവമായിരുന്നു. ദൈവത്തിന് നന്ദി. എന്റെ പ്രിയങ്കരനായ പിതാവാ സമയം പള്ളിയിലായിരുന്നിരിക്കാം. വൈകിയ വേളയില്‍ എന്റെ ഉപ്പപ്പ പള്ളിയിലേക്ക് തിരക്കിട്ടിറങ്ങുമ്പോൾ ഒരു ബക്കറ്റും പിടിച്ച് കുളപ്പുരയിലേക്ക് കയറുന്ന എന്റെ മാതാവിനെ കണ്ടിരുന്നു എന്ന് പറയുന്നത് കേള്‍ക്കുന്നു. ജുമുഅയൊക്കെ കഴിഞ്ഞദ്ദേഹം മടങ്ങി വന്നപ്പോഴതാ മരുമകളുടെ സമീപത്തൊരു കുഞ്ഞങ്ങനെ കരഞ്ഞ് കിടക്കുന്നു. അതേ... ഈ ഞാനായിരുന്നു അത്. ഒരുപക്ഷേ, അന്നെന്നെ കണ്ടപ്പോൾ അദ്ദേഹം തന്റെ മോണ കാട്ടി പുഞ്ചിരിക്കും.

അന്ന് ജുമുഅ എന്ന പരിശുദ്ധമാക്കപ്പെട്ട ആ അനുശ്ഠാനത്തിന്റെ ഏത് സന്ധിയിലാകാം ഞാൻ ജനിച്ചിട്ടുണ്ടായിരിക്കുക. ഖത്തീബ് മിമ്പറിൽ കയറുന്നതിന് മുമ്പോ... അതോ, സലാം പറഞ്ഞ ശേഷമോ... അല്ലെങ്കിൽ, രണ്ടാം ഖുത്തുബക്കിടയിലെ ഇരുത്തത്തിനിടയിലോ... ശേഷമുള്ള ഹ്രസ്വഭാഷണ സമയമോ. അതുമല്ലെങ്കിൽ, പ്രാർത്ഥന വേളയിലായിരിക്കാം അത് സംഭവിച്ചിട്ടുണ്ടായിരിക്കുക. അല്ലെങ്കിൽ, നമസ്കാരത്തിനിടയിൽ... ആര്‍ക്കറിയാം. എന്നിരുന്നാലും, കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന ഈ സൂര്യന് ചുറ്റും ലക്കും ലഗാനുമില്ലാതെ പരിക്രമണം ചെയത് കൊണ്ടിരിക്കുന്ന ഭൂമിയുടെ ഭ്രമണ സഞ്ചാരത്തിടയിലെ ഏതോ ഒരു മുഹൂര്‍ത്തത്തിൽ ഈയുള്ളവനും ഈ മണ്ണിലേക്ക് പൂജാതനായി. ഇന്ന്... ഞാനിതെഴുതി കൊണ്ടിരിക്കുന്ന ഈ വേളയിൽ എന്റെ വയസ്സ് മുപ്പത്തി ഒന്ന്. അത്ഭുദം... നീണ്ട മുപ്പതു വർഷങ്ങളെന്നെ കടന്ന് പോയിരിക്കുന്നു.

യഥാർത്ഥത്തിൽ, നമ്മുടെയൊക്കെ പ്രായം എത്രയായിരിക്കും. ആയിരങ്ങളോ ലക്ഷങ്ങളോ കോടികളോ വയസ്സുണ്ടാകാം നമുക്കൊക്കെ എന്ന് പറഞ്ഞാൽ അത് തീര്‍ത്തും തള്ളിക്കളയാനൊക്കുമോ. കാരണം, നമ്മെ ദൈവം സൃഷ്ടിച്ചത് എന്നാണന്ന് ആര്‍ക്കാണ് പറയാൻ കഴിയുക. ആത്മാവിനെ അഥവാ റൂഹിനെ അവനെന്നോ പടച്ച് കാണുമല്ലോ. അതിന്റെ ഏതോ ഒരു അവസ്ഥയില്‍ നിന്ന് അല്ലെങ്കിൽ ഏതോ ഒരു ഘട്ടത്തിൽ അവനത് ഗർഭപാത്രത്തിന്റെ ഇരുട്ടിലേക്കയച്ചതോടെ അതൊരു മാംസപിണ്ഡമായി മാറുന്നു. അതോടുകൂടി ശരീരമെന്ന പുതിയ ചാലകത്തിലേക്ക് ലയിച്ച റൂഹ് തന്റെ ഭൂവാസത്തിനവിടെ ഔദ്യോഗികമായി തുടക്കം കുറിച്ചു. ആത്മാവിനെ വഹിച്ച ആ ശരീരം ഈ ഭൂമിക്ക് മുകളിലൂടെ സഞ്ചരിക്കുന്നു... കിടക്കുന്നു... ഉറങ്ങുന്നു... ഇരിക്കുന്നു... തല്ല് കൂടുന്നു... ചെളി വാരിയെറിയുന്നു... അഹങ്കരിക്കുന്നു... പാപം ചെയ്യുന്നു... മഹാപാപങ്ങൾ ചെയ്യുന്നു. റൂഹിനെ വഹിച്ച ആ ശരീരങ്ങൾക്ക് നിശ്ചിത കാലയളവുണ്ടന്നറിയാതെ ആര്‍ത്തിയോടെ സമ്പാദിക്കുന്നു... അന്യന്റെ മുതലപഹരിക്കുന്നു... കൊല്ലുന്നു... അങ്ങനെ സകലമാന തെറ്റുകളും ചെയത് കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ദിവസം ആ റൂഹ് ശരീരം ഉപേക്ഷിച്ച് തന്റെ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുന്നു. അഥവാ, എന്തെങ്കിലും കാരണം കൊണ്ട്‌ രോഗാതുരമായി മാറുന്ന ആ ശരീരത്തില്‍ റൂഹിന് നിലനില്‍ക്കാന്‍ കഴിയാതെ വരികയും അത് തന്റെ പൂര്‍വ്വാവസ്ഥയിലേക്കു തന്നെ മടങ്ങുകയും ചെയ്യുമ്പോൾ ശരീരമെന്ന ആ മാംസപിണ്ഡം മരണത്തെ വരിക്കുന്നു.

മരണം...

നിങ്ങള്‍ മരിച്ചു പോയ ആ മനുഷ്യരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ...

എവിടെ ആയിരിക്കും അവരെന്ന്, അവിടെ എന്ത് ചെയ്യുകയായിരിക്കും അവർ. നമ്മുടെ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ഒരു ലോകത്ത് സര്‍വ്വ സൗകര്യങ്ങളോടേയും കൂടെ ജീവിച്ച് വരികയായിരിക്കുമോ അവർ. ഏതെങ്കിലുമൊരു ഗ്രഹത്തിൽ... ക്ഷീരപഥത്തിൽ. അല്ലെങ്കിൽ, കണ്ണെത്താ ദൂരത്തെവിടെയെങ്കിലും. അനേകം തട്ടുകളായി വിഭജിച്ച് കിടക്കുന്ന ഏതെങ്കിലും ആകാശ മേല്‍ക്കൂരക്കും തറക്കും മദ്ധ്യേ സുന്ദരമായി ഉപജീവിച്ച് വരികയായിരിക്കുമോ അവർ. ഈ ഭൂമിയും സൂര്യനും ഉള്‍പ്പെട്ട സൗരയൂഥത്തെ പോലെ അനേകം ആകാശവീഥികളുണ്ടത്രേ ഈ പ്രപഞ്ചത്തിൽ. ആയിരവും ലക്ഷവും വർഷങ്ങളെടുത്ത് സഞ്ചരിച്ചാൽ പോലും എത്തിപ്പെടാൻ കഴിയാത്തത്ര ദൂരത്തില്‍. അതെല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവമെത്ര പരിശുദ്ധൻ. അത്തരം ഏതെങ്കിലുമൊരു നക്ഷത്ര മണ്ഡലത്തിലായിരിക്കുമോ അവരുള്ളത്‌. അതോ, ആത്മാവെന്ന മനുഷ്യ സങ്കല്‍പ്പങ്ങൾക്കുള്ളിൽ നിന്ന് ചിന്തിക്കാൻ കഴിയാത്ത എന്തോ അവസ്ഥയിലവർ എവിടെയോ അടിഞ്ഞു കൂടി നില്‍ക്കുകയായിരിക്കുമോ. അറിയില്ല. ആർക്കറിയാൻ. മരിച്ചവരൊന്നും തിരിച്ച് വന്നിട്ടില്ലല്ലോ.

എല്ലാം അറിയുന്നവൻ സര്‍വ്വേശ്വരൻ മാത്രം.

ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് മരണപ്പെട്ട വാർത്തയറിഞ്ഞ് വിഷമത്തോടെ ഞാനവന്റെ വീട്ടിലേക്ക് പോയതോർക്കുന്നു. മരണ വാര്‍ത്ത അറിഞ്ഞ ഉടനെ ഇടവും വലവും നോക്കാതെയുള്ള യാത്രയാണ്. അതുകൊണ്ട്‌ തന്നെ ആ വാര്‍ത്ത സ്ഥിരീകരിക്കാനോ അന്വേഷിച്ചറിയാനോ ഞാൻ മിനക്കെട്ടില്ല. തകർന്ന ഹൃദയവുമായി ഒരുതരം നിർവികാരമായ അവസ്ഥയില്‍ വിശാലമായ പാതയിലൂടെ ഞാനവന്റെ വീട് ലക്ഷ്യമാക്കി സഞ്ചരിച്ചു. പൊതുവെ ഒരു തമാശക്കാരനാണവൻ. പൊട്ടി പൊട്ടി ചിരിക്കും. കഴിഞ്ഞ് പോയ ഏതെങ്കിലും സന്ദര്‍ഭങ്ങളില്‍ ഉണ്ടായ തമാശ നിമിഷങ്ങളെ ഞങ്ങളുമായി പങ്കു വെച്ച് പിന്നേയും ചിരിക്കാനുള്ള വക തേടി നടക്കും. വീണ്ടും ചിരി. ചിരിയുടെ മാലപ്പടക്കം.

റോഡിനോരം ചേര്‍ന്നുള്ള അവന്റെ വീടിന് അല്‍പ്പം അകലത്തിൽ വാഹനം നിർത്തി അവന്റെ വീട്ടിലേക്ക് നടന്നു പോകാനാണ് ഞാൻ തീരുമാനിച്ചത്‌. കാരണം, ഇതും അവന്റെയൊരു തമാശ ആയിരിക്കുമെന്നെന്റെ മനസ്സെന്നോട് പറയുന്നുണ്ടായിരുന്നു... താന്‍ മരിച്ചു എന്ന വാര്‍ത്ത കേട്ട് വിഷമത്തോടെ വരുന്ന എന്നേയും പ്രതീക്ഷിച്ച് അവനും സംഘവും ആ വീട്ടുപടിക്കൽ തന്നെ ചിരിക്കുന്ന മുഖവുമായി കാത്തു കെട്ടി കിടപ്പുണ്ടാകുമെന്ന് ഞാൻ ചിന്തിച്ചു. അവരെന്നെ കളിയാക്കി കൊന്നെങ്കിലോ. അല്ലെങ്കിൽ, മറ്റുള്ളവരുമായി ചിരിച്ച് രസിക്കാൻ ഞാനൊരു കാരണമായിത്തീർന്നെങ്കിലോ... കാലങ്ങളായി ആ തമാശയങ്ങനെ ഞങ്ങൾക്കിടയിൽ നിലനില്‍ക്കും. എന്നെ ചൂണ്ടി എല്ലാവരും ആചന്ദ്രതാരം പൊട്ടിചിരിക്കും. 

"അയ്യേ... നിന്നെ അവർ സുന്ദരമായി പറ്റിച്ചേ..." അവർ പറയും.

ഹോ, തൊലി ഉരിയുന്ന തമാശ തന്നെ ആയിരിക്കുമത്. അതുകൊണ്ടാണ്... നേരെ അവന്റെ വീട്ടിലേക്ക് കയറി ചെല്ലുന്നതിന് പകരം അല്‍പ്പമകലത്തിൽ വാഹനം നിർത്തി നടന്ന് പോകാൻ ഞാൻ തീരുമാനിച്ചത്‌. എന്നാലും, മരണം പറഞ്ഞാണോ മനുഷ്യരെ പറ്റിക്കുന്നത്. ലോകത്ത് വേറെ എന്തെല്ലാം തമാശകള്‍ കിടക്കുന്നു... അവനെ കാണുമ്പോള്‍ നാല് വർത്തമാനം പറയണമെന്നും ഞാൻ ചിന്തിച്ചു.

റോഡരികിൽ ധാരാള കണക്കിന്‌ വാഹനങ്ങള്‍ നിരന്ന് കിടപ്പുണ്ട്. തെരുവില്‍ അസ്വാഭാവികമായ നിശബ്ദത. എതിരെ വരുന്ന ആളുകളുടെ മുഖത്ത് ദുഖം ഘനീഭവിച്ച് നില്‍ക്കുന്നത് എന്നില്‍ ചെറിയ നടുക്കമുണ്ടാക്കുന്നു. അങ്ങകലത്തിൽ കാണുന്ന അവന്റെ വീട്ടുപേരെഴുതിയ പലക തൂങ്ങിയാടുന്ന പഠിപ്പുരയിൽ നിന്നും അപരിചിതരായ കുറേ ആളുകൾ മുഖം താഴ്ത്തി പുറത്ത്‌ വരുന്നുണ്ട്. ചിലരതിലൂടെ അകത്തേക്ക് കയറി പോകുന്നു. എന്റെ മനസ്സ് പടപടാന്ന് സ്തംഭിച്ചുകൊണ്ടിരുന്നു. ഇനി കേട്ട വാര്‍ത്തയില്‍ വാസ്തവമുണ്ടായിരിക്കുമോ... അവനെങ്ങാൻ... ഏയ് ഒരിക്കലുമില്ല. ഞങ്ങളേക്കാളൊക്കെ ആരോഗ്യവും, തടിനോട്ടവുമുള്ള ആൾ. രോഗങ്ങളില്ലാത്ത ശരീരം, എപ്പോഴും ചിരിച്ച് നടക്കുന്നതിനാല്‍ ആരോഗ്യമുള്ള മനസ്സ്, ദൈവാർപ്പിതമായ ജീവിതം, സൂക്ഷ്മത... അവൻ ഞങ്ങളേക്കാളൊക്കെ മുന്നേ എങ്ങനെ മരിക്കാനാണ്... പിന്നെ, സല്‍ക്കാരം, കല്യാണം, ജനന വാര്‍ഷികം, വിവാഹ വാര്‍ഷികം, കല്ല്യാണ നിശ്ചയം തുടങ്ങി ആളുകൾ കൂടുന്ന എന്തെല്ലാമെന്തെല്ലാം പരിപാടികൾ ലോകത്ത് കിടക്കുന്നു. ഒരുപക്ഷേ, കടന്ന് വരുന്ന ആ മനുഷ്യര്‍ അതിൽ സംബന്ധിക്കാൻ വന്നവരുമാകമല്ലോ. വാഹനങ്ങള്‍ അവരുടേതുമാകാം. ഞാൻ മനസ്സിനെ സമാധാനിപ്പിച്ച് വേഗത്തിൽ അവിടേക്ക് നടന്നു.

പഠിപ്പുര കടന്നകത്ത് പ്രവേശിക്കുമ്പോൾ ആദ്യം കണ്ടത് മുറ്റത്തവിടവിടെയായി നില്‍ക്കുന്ന കുറേ മനുഷ്യരെയാണ്. അവര്‍ക്കിരിക്കാനുള്ള കസേരകളും അവിടെ കാണാം. ക്രമാതീതമായി മിടിക്കുന്ന ഹൃദയവുമായി ഞാനവര്‍ക്കരികിലേക്ക് വലിഞ്ഞ് നടന്നു. എന്റെ വലതു ഭാഗത്ത് പുഷ്പങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്ന ചെറിയൊരു പൂന്തോട്ടമാണുള്ളത്. അവന്‍ നട്ട ചെടികളായിരിക്കാം... ഇടത് ഭാഗത്ത് വിശാലമായ റബ്ബർ തോട്ടം. ജില്ലി വിരിച്ച മുറ്റത്തിന്റെ തലക്കൽ എന്റെ നേരെ മുന്നിലായി തൂവെള്ള നിറമാർന്ന മനോഹരമായ ആ ഇരുനില വീട്. ഒരായുസ്സ് മുഴുവന്‍... നിന്നും ഇരുന്നും കൂട്ടിയും കിഴിച്ചും അവന്‍ വിയര്‍പ്പൊഴുക്കി നിര്‍മ്മിച്ച വീട്. ചില രാത്രികളിൽ ഈ വഴി കടന്ന് പോകുമ്പോൾ നീലയും ചുവപ്പും പ്രകാശം വിതറുന്ന ചെറിയ ബൾബുകളീ വീടിന്റെ ചുമരുകളീൽ മിന്നുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു കല്യാണ വീടുപോലെ... എന്നാൽ, ഇന്ന്‌ ഉച്ച വെയിലേറ്റാ ചുമരുകള്‍ തിളങ്ങി നില്‍ക്കുകയാണ്.

വീടിന്റെ സമീപത്തേക്കെത്തും തോറും സാമ്പ്രാണി തിരിയുടെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നു. 'മരണത്തിന്റെ ഗന്ധം'. എന്റെ മാതാവാണ് സാമ്പ്രാണി തിരിയെ അപ്രകാരം വിശേഷിപ്പിക്കുന്നത് ഞാൻ കേട്ടിട്ടുള്ളത്. വീട്ടിലെവിടെയെങ്കിലും എന്തെങ്കിലും ദുര്‍ഗന്ധം വമിച്ചാൽ ഞാനത് തരം നോക്കി പുകക്കാറുണ്ട്. മണമുയർന്നാൽ അടുക്കളയില്‍ നിന്നും ഉമ്മയുടെ ശബ്ദവുമുയരും...

"മകനെ... നീ എന്തിനീ മരണമണം പുകക്കുന്നു..." അവരുച്ചത്തില്‍ ചോദിക്കും.

മരണ ഗന്ധം...

വീടിന്റെ സ്വീകരണ മുറിയിൽ നിന്നും കണ്ണീരാൽ നനഞ്ഞ കണ്ണുകളുമായിറങ്ങുന്നവരെ ഞാനവിടെ കണ്ടു. അവരുടെ നെടുവീര്‍പ്പുകള്‍ കേള്‍ക്കുന്നു. ചിലർ ആരും കാണാതെ അത് തുടക്കാൻ ശ്രമിക്കുന്നു. ഇടക്ക് എവിടെ നിന്നോ ഉച്ചത്തില്‍ കരച്ചില്‍ ശബ്ദം കേൾക്കാം. ആരോ അടക്കി നിര്‍ത്തുമ്പോളത് താഴുന്നു. ചിലര്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ട് എന്തെല്ലാമോ ചെയ്യുന്നു. സങ്കടം ഉള്ളിലൊതുക്കാൻ പ്രയാസപ്പെടുന്നു. എന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു.

ഞാനുറപ്പിച്ചു...

എന്റെ പ്രിയ സുഹൃത്തും യാത്രയായിരിക്കുന്നു. മരണമെന്ന അനന്ദ മഹാവിസ്‌മൃതിയിലേക്ക്. അവനും മരണത്തെ കണ്ടിരിക്കുന്നു. അവന്റെ വലിയ കണ്ണുകൾ മരണം കടന്ന് വരുന്നതെങ്ങനെയെന്ന് അനുഭവിച്ചിരിക്കുന്നു. അതിന്റെ തീക്ഷ്ണത. അവനിപ്പോൾ സംസാരിക്കാൻ കഴിയുമെങ്കിൽ മരണാനുഭവം എങ്ങനെയാണെന്നവനും പറയാൻ കഴിയുമായിരിക്കും. കടുത്ത വേദനയായിരിക്കും മരണത്തിനെന്ന് ഞാൻ പറഞ്ഞ്‌ കേട്ടിട്ടുണ്ട്. റൂഹിനെ വിട്ടുതരാൻ മടിക്കുന്ന ശരീരത്തിൽ നിന്നും അതിനെ പിടിച്ച് വലിച്ചെടുക്കുന്നതുകൊണ്ടാവാം അങ്ങനെ. അല്ലെങ്കിൽ, നന്മയുള്ള ശരീരം വിട്ടിറങ്ങാൻ മടിക്കുന്ന റൂഹിനാലുമാകാം. ഇനി സുന്ദരമായ ഒന്നായിരിക്കുമോ അത്... ഒരു തൂവല്‍ സ്പര്‍ശം പോലെ... ഇക്കിളിയോ സന്തോഷമോ നല്‍കുന്ന ഒന്ന്. യാത്രകള്‍ നമുക്ക് വലിയ ആനന്ദം നല്‍കുന്ന ഒന്നാണല്ലോ. ദൈവത്തിലേക്ക് ലയിച്ചു ചേരാനുള്ള മരണമെന്ന ആ യാത്ര പിന്നെ സുന്ദരമാകാതിരിക്കുന്നതെങ്ങനെ.

ഞാൻ അന്ധാളിച്ചെന്നോണം അകത്തെ തിരക്കൊഴിയുന്നതും കാത്ത് അല്‍പ്പ നേരം പുറത്ത്‌ തന്നെ നിന്നു. തൊണ്ടയിലെ വെള്ളം വറ്റിയിരിക്കുന്നു. ഹൃദയം ശക്തിയായി മിടിച്ചുകൊണ്ടേ ഇരിക്കുന്നു. ഞാൻ നേരത്തെ ചിന്തിച്ചത് പോലെ... എപ്പോഴും ചിരിക്കാനുള്ള വക തേടിയിറങ്ങുന്ന... ഞങ്ങളെ ധാരാളം ചിരിപ്പിച്ചിട്ടുളള ആ തമാശക്കാരൻ സുഹൃത്തിന്റെ ഒരു പുതിയ തമാശ ആയിരുന്നില്ല അതെന്ന് ഞാനുറപ്പിച്ചു. അറിഞ്ഞ വാര്‍ത്തയത്രയും സത്യമാണ്. നഗ്ന സത്യം... അവന്‍ മരണപ്പെട്ടിരിക്കുന്നു.

ഞാൻ വീടിനകത്ത് കയറി അവനെയൊരു നോട്ടം കണ്ടു. കഴുത്ത് വരെ വെള്ള പുതപ്പ് പുതച്ച് നീണ്ടു നിവര്‍ന്ന് നല്ല ഉറക്കമാണ്. ഉണരാത്ത ഉറക്കം. അടുത്ത ദിവസം മുഖക്ഷൗരം ചെയതതിനാലാവാം മുഖത്ത് നല്ല തെളിച്ചമുണ്ട്. കണ്ടാല്‍ മരണപ്പെട്ട് കിടക്കുകയാണന്ന് തോന്നുന്നേയില്ല. സമീപത്ത് വിശുദ്ധ ഗ്രന്ഥം പാരായണം ചെയതിരിക്കുന്ന മക്കളെ കാണാം. അവർ ഇടക്കിടെ സന്ദര്‍ശകരെ നിഷ്കളങ്കമായി തല ഉയർത്തി നോക്കുന്നു. അവര്‍ക്കരികിലായി മൂത്ത സഹോദരൻ. അദ്ദേഹം ദുഖം ഉള്ളിലൊതുക്കിയ മുഖവുമായി എന്നെയൊന്ന് പതുക്കെ നോക്കി പുഞ്ചിരിച്ചു. ഞാൻ തിരിച്ചും. എനിക്ക് നേരത്തെ പരിചയമുള്ള വ്യക്തിയാണ്. എങ്ങനെ കഴിയുന്നു ആവോ അദ്ദേഹത്തിനിങ്ങനെ പുഞ്ചിരിക്കാന്‍. ഞാൻ വെറുതെ ചിന്തിച്ചു. പിന്നെ, ചേതനയറ്റ് കിടക്കുന്ന ആ സുഹൃത്തിനെ ഒരിക്കല്‍കൂടി നോക്കി വേഗത്തിൽ പുറത്തേക്കിറങ്ങി.

ഇനി ആ മുഖം എന്നാണ്‌ കാണാന്‍ കഴിയുക. അനേകമനേകം വർഷങ്ങൾക്ക് ശേഷം. ലോകാവസാനവും തുടര്‍ന്നുള്ള അനന്തമായ കാത്തിരിപ്പിനും ശേഷം. പ്രവാചകന്റെ അഭ്യര്‍ഥനയെ മാനിച്ച് വിചാരണക്ക് തുടക്കം കുറിച്ച് ഓരോരുത്തർക്കായി തങ്ങളുടെ പ്രവർത്തന റിക്കാർഡാകൾ ലഭിക്കുമ്പോൾ... ഒടുവില്‍, സ്വര്‍ഗ്ഗ, നരക കവാടത്തിനരികിൽ... സ്വര്‍ഗ്ഗത്തില്‍. അപ്പോൾ ആരുടെയൊക്കെ മുഖങ്ങളാകാം സന്തോഷം കൊണ്ട്‌ പ്രസന്നമായിരിപ്പുണ്ടാവുക...

ആർക്കറിയാം.

ദൈവമേ... സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും നരകത്തില്‍ കണ്ടുമുട്ടുന്ന നിര്‍ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ഞങ്ങളെ നീ ഉള്‍പ്പെടുത്തല്ലേ.

മരണമെന്ന ആ യാഥാർത്ഥ്യത്തെ പ്രതീക്ഷാഭാരിതമാക്കുന്നത് ആ കണ്ടു മുട്ടലുകളെ കുറിച്ചോര്‍ക്കുമ്പോൾ കൂടിയാണ്‌. ആരൊക്കെയാവാം നമുക്കന്നവിടെ കാണാൻ സാധിക്കുക. എന്നോ മരിച്ച് മണ്ണടിഞ്ഞ നമ്മുടെ പൂര്‍വികന്മാരെ ആരെയെങ്കിലും നമുക്കവിടെ കാണാൻ സാധിക്കുമോ. നമുക്കെന്താണ്‌ അവരോട് പറയാനുണ്ടായിരിക്കുക. ഞാനും അവരെ കുറിച്ചോര്‍ക്കാറുണ്ട്... അവർ ജീവിച്ചിരുന്ന കാലത്തെ ഭൂമിയിലെ സമൂഹിക ചുറ്റുപാട് കാരണം കുമ്പിളില്‍ കഞ്ഞി കുടിക്കേണ്ടി വന്നവരായിരിക്കുമോ അവർ. മേല്‍ജാതിക്കാർ നടക്കുന്ന വഴികളില്‍ നിന്നും ഒളിച്ചും പത്തും നടക്കേണ്ടി വന്ന് പീഢന പര്‍വ്വങ്ങൾ താണ്ടിയ ഏതെങ്കിലും മലബാര്‍ കീഴാളനായിരിക്കാം ഒരുപക്ഷേ എന്റെ പൂര്‍വ്വികൻ... ചണ്ഡാളൻ. പ്രതീക്ഷ നിര്‍ഭരമായ ഇസ്ലാമിനെ അയാൾ പുൽകുമ്പോൾ എന്തായിരിക്കാം അയാളുടെ മനസ്സിലൂടെ അന്ന് കടന്ന് പോയിട്ടുണ്ടായിരിക്കുക. സമൂഹികമായ ഉന്നമനമോ... അതോ, സാമ്പത്തിക പുരോഗതിയോ. അങ്ങനെ അനേകം കാര്യങ്ങല്‍ നമുക്ക് ചോദിക്കാനും... നിര്‍ഭയമായി കുറേ കഥകൾ അവര്‍ക്ക് നമ്മോട് പറയാനുമുണ്ടായിരിക്കും. ആശാഭരിതമായ കുറേ കണ്ടുമുട്ടലുകൾ വിടരുന്ന മനോഹര തീരമായിരിക്കാം മരണത്തിനപ്പുറമുള്ള ആ ലോകം. അവിടെ മഹാന്മാരെ കാണാം. സുബാഷ് ചന്ദ്ര ബോസ്, ആലി മുസ്ലിയാര്‍ തുടങ്ങിയവരോട് നിങ്ങളെങ്ങനെയാണ് മരണപ്പെട്ടതെന്ന് ചോദിക്കാം... ഗോഡ്സേ താങ്കളുടെ നേരെ തോക്ക് ചൂണ്ടി നിന്നപ്പോള്‍ ആ ഒരു നിമിഷം എന്താണ്‌ താങ്കളുടെ മനസ്സിലുയർന്ന് വന്നതെന്ന്‌ ഗാന്ധിജിയോട് ചോദിച്ചറിയാൻ കഴിയുമായിരിക്കും... എന്റെ കണ്ണുകൾ മൂടാതെ വേണം എന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കേണ്ടതെന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തോടുറക്കെ വിളിച്ചു പറഞ്ഞ വാരിയംകുന്നനെ കാണുമ്പോള്‍ എന്തായിരിക്കാം നമുക്കദ്ദേഹത്തോട് ചോദിക്കാനുണ്ടായിരിക്കുക.

പുറത്ത് നല്ല വെയില്‍ ചൂട് പരന്ന് തുടങ്ങിയിരിക്കുന്നു. ആളുകൾ കൂട്ടമായും അല്ലാതെയും വന്നു കൊണ്ടിരിക്കുകയാണ്. ചിലര്‍ നിര്‍വ്വികാരമായി അവനെ സന്ദര്‍ശിച്ച് പുറത്തിറങ്ങി മൂകമായി എന്തോ ആലോചിച്ചു നിൽക്കുന്നു... അവനുമായുണ്ടായ കഴിഞ്ഞകാല മുഹൂര്‍ത്തങ്ങളെ ഓര്‍ത്തെടുത്ത് ചിന്തിക്കുകയാവാം. ചിലര്‍ അടക്കി വെക്കാന്‍ കഴിയാത്ത തേങ്ങലുകളുമായി ഞങ്ങൾക്ക് മുന്നിലൂടെ വീടിനകത്തേക്ക് കടന്ന് പോകുന്നത് കാണാം. പിന്നെ, നിശ്ചലമായി കിടക്കുന്ന അവനെ കാണുമ്പോഴുള്ള അവരുടെ കരച്ചില്‍ കേൾക്കുകയായി.... സ്വയമതിനെ അടക്കി പിടിച്ചുകൊണ്ടുള്ളൊരു തേങ്ങലും.

അവന്‍ മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വെട്ടിയിട്ട ഇലചാർത്തുക്കൾ തൊടിയില്‍ കാണാം. ഞാന്‍ പറഞ്ഞല്ലോ ഒരു വശത്ത് ചെറിയൊരു പൂന്തോട്ടമാണുള്ളതെന്ന്. പൊതുവെ ചെടി കമ്പക്കാരനായ സുഹൃത്തിന്റെ കൈ തലോടലുകളേറ്റ് വളര്‍ന്ന പൂച്ചെടികള്‍. മണ്ണ് മാന്തിയും, വളം നല്‍കിയും, വെള്ളം നനച്ചും, കളച്ചും, കള നീക്കിയും ജീവിതത്തിലെ എത്രയോ സമയം അവന്‍ ചിലവഴിച്ചയിടം. ആ അധ്വാനം ചെടിയായി, മരമായി, കായായി, മനോഹരമായ ഇലകളായി, പൂക്കളായി അവിടെ നിറഞ്ഞു നില്‍ക്കുന്നു. അവകൾക്കറിയില്ലല്ലോ തങ്ങളെ ശുശ്രൂഷിക്കാനാ മനുഷ്യൻ ഇനിയീ വഴിയിലൂടെ വരില്ലെന്ന്. എതാനും നിമിഷങ്ങള്‍ക്ക് മുമ്പ് വരെ ഈ മണ്ണില്‍ കൂടി നടന്നു നീങ്ങിയ ഒരു മനുഷ്യനതാ അല്‍പ്പമകലത്തായി നിശ്ചലമായുറങ്ങുന്നു. അതോടു കൂടി ഭൂപ്രതലത്തിലെ അവന്റെ പൗരത്വം നഷ്ടമായിരിക്കുന്നു. ഇനി അവന്‍ മണ്ണിന്റെ പൗരനാണ്. മണ്ണിന്റെ അവകാശം. തന്നെ എത്രയും പെട്ടന്നു തന്നെ തന്റെ 'വാഗ്ദത്ത' ഭൂമിയിലേക്കയക്കാൻ അവനും ധൃതി കൂട്ടുന്നുണ്ടായിരിക്കുമോ.

അറിയില്ല...

ഓരോ മരണങ്ങളും ബാക്കിയാക്കുന്നത് ഇങ്ങനെയുള്ള അനേകം ഓര്‍മ്മകളാണ്. മരിക്കുന്നയാൾ നിന്ന സ്ഥലം, ഇറങ്ങിയ സ്ഥലം, ഉണ്ട സ്ഥലം, ഉപയോഗിച്ച വസ്ത്രങ്ങൾ, ഉപകരണങ്ങൾ അങ്ങനെയങ്ങനെ എത്രയോ ഓര്‍മ്മകള്‍. അയാളുമായി ഏറ്റവും അടുത്ത് നിന്ന് പെരുമാറിയവർക്കെ അതിന്റെ ആഴം ഏറ്റവും തീക്ഷ്ണമായി അനുഭവപ്പെടുകയുള്ളൂ. ഒരുപക്ഷേ, മാതാപിതാക്കളേക്കാളും സുഹൃത്തുക്കളേക്കാളും കൂടുതൽ ഭാര്യമാർക്കാകാം ആ ഓര്‍മ്മകളെ ഏറ്റവും രൂക്ഷമായി അനുഭവപ്പെടുക. മുസ്ലീം സ്ത്രീകൾ അനുഷ്ഠിക്കുന്ന ഇദ്ദ എന്ന കര്‍മ്മത്തിന്റെ പ്രാധാന്യം അവിടെയാണ്. നാല് മാസവും പത്ത് ദിവസവുമാണ് അവരത് അനുഷ്ഠിക്കുന്നത്. ആഘാതമായി തന്നിലാണ്ടിറങ്ങി നില്‍ക്കുന്ന ആ സ്മരണകളെ പിടിച്ചു കെട്ടാൻ അവര്‍ക്ക് ദൈവം നല്‍കിയിരിക്കുന്ന സമയമാണത്.

എനിക്കിപ്പോൾ ഒരു വാചകമാണോര്‍മ്മ വരുന്നത്... ഞാൻ അത്യധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എന്റെ ഒരു ബന്ധുവിന്റെ വാക്കുകളാണത്. അദ്ദേഹം ഇന്ന്‌ ജീവിച്ചിരിപ്പില്ല. അകാലത്തിൽ മരിച്ചു പോയിരിക്കുന്നു... അദ്ദേഹത്തിന്റെ ആത്മാവിന് ദൈവം സമാധാനം നല്‍കട്ടെ. ക്യാൻസറെന്ന മഹാവ്യാധിയാൽ പ്രയാസപ്പെട്ട ഒരു ദിവസം അദ്ദേഹം തന്റെ ഭാര്യയോട് പറഞ്ഞുവത്രേ...

"പെണ്ണേ... നീ അല്ലാഹുവിന്റെ ഖദ്റിലെപ്പോഴും വിശ്വസിക്കണം..." എന്ന്.

നമ്മിലേക്ക് വരുന്ന നന്മതിന്മകൾ എത്ര തീക്ഷ്ണവും ആനന്ദകരവുമാവട്ടെ അതെല്ലാം അല്ലാഹുവിന്റെ പരീക്ഷണം മാത്രമാണെന്നുള്ളതിനെയാണത്രെ ഖദ്ർ എന്നതുകൊണ്ടുള്ള സൂചന. ആ വാക്കുകളാണ് തന്നെ ഇപ്പോഴും മുന്നിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം മരിച്ചനേകം വർഷങ്ങൾ കഴിഞ്ഞാ വീട് സന്ദര്‍ശിച്ചപ്പോള്‍ ആ ഭാര്യ എന്നോട് പറഞ്ഞു.

വീടിനകത്തെ മുറിയില്‍ കിടന്ന് തേങ്ങുന്ന എന്റെയാ പ്രിയകൂട്ടുകാരന്റെ ഭാര്യക്കും ഖദ്റിൽ വിശ്വസിച്ച് ഇശ്വാസം നേടാൻ സാധിക്കട്ടെ എന്ന് ഞാന്‍ മനസ്സാൽ പ്രാര്‍ത്ഥിക്കുന്നു.

മരണപ്പെടുന്നവരുടെ ഓര്‍മ്മകള്‍ വിടാതെ നമ്മെ പിന്തുടരുന്ന അനേക കാര്യങ്ങളുണ്ട്. അതിലൊന്നാണ് മൊബൈൽ ഫോൺ. അവനുമായെടുത്ത ചിത്രങ്ങൾ. ആനന്ദ നിമിഷങ്ങൾ, വീഡിയോകൾ, വാട്സാപ്പ് സന്ദേശങ്ങള്‍, ശബ്ദ സന്ദേശങ്ങൾ തുടങ്ങി എല്ലാ ഓര്‍മ്മകളുമതിലങ്ങനെ കാലാകാലം നിലനില്‍ക്കും. പഴയ തലമുറകള്‍ക്ക് അത്രയൊന്നും പരിചയമില്ലാത്ത ഒരനുഭവമാണത്. അവർ താലോലിച്ചു കൊണ്ട്‌ നടന്ന അവരുടെയാ ഫോൺ നമ്പര്‍ നമ്മുടെ ഫോണുകളിലെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ചിരിച്ചു നിൽക്കുന്നുണ്ടായിരിക്കാം. അവസാനമായി അവനുമായി സല്ലപിച്ച ദിവസം, സമയം തുടങ്ങിയവ അതിൽ വ്യക്തമായി കാണാൻ സാധിക്കും. കൂടാതെ, അവനുമായി ചേര്‍ന്നെടുത്ത അവസാന ചിത്രമാകാൻ വിധിക്കപ്പെട്ടൊരു ഇമേജ് ഫോൺ ഗ്യാലറിയുടെ ഏതെങ്കിലുമൊരു മൂലക്കലുമുണ്ടാകാം. ഫോണിലേക്ക് വന്ന അവന്റെ അവസാന സന്ദേശം. ശബ്ദസന്ദേശത്തിലെ അവസാനത്തെ ഒരു വാക്ക്. എന്തായിരിക്കാം ആ വാക്ക്? മനുഷ്യന്‍ മനുഷ്യനോടവസാനമായി ഉച്ചരിക്കേണ്ടി വരുന്ന എത്ര എത്ര വാക്കുകളാണ് നാം ദിനവും ഉപയോഗിച്ചു വരുന്നത്. അസ്സലാം, ഓക്കെ, പിന്നെ കാണാം, എന്നാ ശരി, നന്ദി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ തുടങ്ങി എത്ര എത്ര വാക്കുകളാണത്. ഒരുപക്ഷേ, ആ അവസാന സന്ദേശം ഒരു നല്ല രീതിയിലല്ല അവസാനിച്ചിരുന്നതെങ്കിൽ എന്താകുമായിരുന്നു കഥ. ജീവിത കാലം മുഴുവന്‍ ഓര്‍ത്തെടുത്ത് സങ്കടപ്പെടാൻ അതിൽപരം നമുക്ക് മറ്റെന്ത് വേണം.

മരണം അങ്ങനെയാണ്. ലോകത്ത് സര്‍വ്വ കാര്യങ്ങൾക്കും രണ്ടഭിപ്രായങ്ങൾ കാണും. സംവാദങ്ങൾ... ചർച്ചകൾ... കൂട്ടി കിഴിക്കലുകൾ... നിഗമനങ്ങള്‍. എന്നാൽ, മരണം. മരണത്തെ സംബന്ധിച്ച് ഒരൊറ്റ നിലപാട്‌ മാത്രം. അത് കടന്ന് വരും. ഏത് കൂരിരുട്ടത്ത് ഒളിച്ച് നിന്നാലും ആർക്കുമറിയാത്ത ഒരു ദിവസം അത് നമ്മെ തേടി വരും.

ഈ കോവിഡ് കാലത്ത് എത്ര എത്ര മനുഷ്യരാണ് മരണപ്പെട്ടിട്ടുള്ളത്. കോവിഡില്ല ലോകമായിരുന്നെങ്കിലും യാഥാസമയം മരണങ്ങള്‍ സംഭവിക്കുമായിരുന്നു. പക്ഷേ, കോവിഡ് മരണങ്ങള്‍ വല്ലാത്ത തേങ്ങലുകളാണ് നമ്മുടെ മനസ്സകങ്ങളിൽ ഉണ്ടാക്കുന്നതെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഞാനാലോചിക്കുകയായിരുന്നു... ഈ പ്രതിസന്ധി കാലത്ത് മരണപ്പെട്ട് പോകുന്ന ആ മനുഷ്യരെ കുറിച്ച്. വിശ്വാസികള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന മയ്യത്ത് നമസ്കാരങ്ങളില്ലാതെ... ഉറ്റവരുടെ... സുഹൃത്തുക്കളുടെ... കുടുംബങ്ങളുടെ അന്ത്യചുംബനങ്ങളില്ലാതെ അവർ യാത്രയാവുന്നു. തിങ്ങി നിറഞ്ഞ ആൾ കൂട്ടങ്ങളുടെ നിശബ്ദ പ്രാർത്ഥനകളിലൂടെ അവരെ പള്ളിയിലേക്ക് കൊണ്ട് പോകാൻ പോലും സാധിക്കുമോ... തന്റെ അവസാന പൊരുത്തം ചോദിക്കാൻ കഴിയാതെ... കടങ്ങള്‍, ബാധ്യതകളേറ്റെടുക്കാന്‍ ആളില്ലാതെ... മൂന്ന്‌ പിടി പച്ചമണ്ണ് അവസാനമായി ഖബറിലേക്ക് എടുത്തെറിയാൻ പോലും ആളു തികയാതെ... കോവിഡ് കാല മരണങ്ങള്‍ നമ്മെ കടന്ന് പോകുന്നു.

നബി തിരുമേനിയുടെ ഒരു വചനമാണെനിക്കോർമ്മ വരുന്നത്.

"ഒരു കാലം വരും... അന്ന് ഖബറുകൾക്കരികിലൂടെ നടന്ന് പോകുന്ന ഒരാൾ വല്ലാതെ ആഗ്രഹിക്കും... ആ ഖബറിൽ താനായിരുന്നെങ്കിലെന്ന്. കാരണം, അത്രമേൽ ദുൻയാവിനു മുകളില്‍ പ്രയാസങ്ങള്‍ക്കു മേല്‍ പ്രയാസങ്ങള്‍ മൂടിയിട്ടുണ്ടാകും..."

ഒരുപക്ഷേ, ആ കാലഘട്ടത്തിലായിരിക്കുമോ നാമിന്നുള്ളത്.

അറിയില്ല...

No comments:

Post a Comment