മദീന സന്ദേശത്തിന്റെ മൂന്നാം നാൾ... ഉച്ച തിരിഞ്ഞ സമയമല്‍പ്പം ഉറങ്ങാം എന്ന് കരുതി വെറുതെ ഓരോന്ന് ചിന്തിച്ച് കട്ടിലില്‍ നീണ്ടു നിവര്‍ന്ന് കിടക്കുമ്പോഴാണ് മുറിയിലൊരു അതിഥി ഞങ്ങളെ തേടി വന്നിരിക്കുന്നത്. എന്റെ നാട്ടുകാരനായ സുഹൃത്താണ് കക്ഷി. അവന് മദീനയിൽ കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ജോലി ചെയത് വരികയാണ്. സ്നേഹ ഭാഷണങ്ങളുമായി അല്‍പ്പനേരം ഞങ്ങൾ അവിടെതന്നെയിരുന്ന് സംസാരിച്ചു. പിന്നെ, പുറത്തേക്കിറങ്ങി. മദീനയുടെ ഉൾവഴിലൂടെയൊക്കെ ഒന്ന് കാൽനടയായി കറങ്ങാനാണ് ഞങ്ങളുടെ പരുപാടി. മദീനയിലെ മെയ്ൻ റോഡിന്റെ ഇരു വശത്തുമുള്ള കെട്ടിടങ്ങള്‍ക്കിടയിലുള്ള ആ ടാറിട്ട വഴികള്‍ സജീവമാണ്. നിറയെ ഇടുങ്ങിയ ഖല്ലികളതിരിടുന്ന അവിടെ വെത്ത്യസ്ഥമായൊരു ജീവിതമാണത്രെ പുലരുന്നത്. അന്യദേശക്കാരും തനി അറബികളുമായ അനേകം മനുഷ്യരെയവിടെ കാണാൻ കഴിയും. അവർ മദീന നഗരത്തിലെ വലിയ അധ്വാനികളാണ്. ഒരുപക്ഷേ, വിശുദ്ധ മദീന പള്ളിയോ, അവിടെയുള്ള പരമ പവിത്രമായ റൗളയോ ആയിരുന്നിരുന്നിരിക്കില്ല അവരുടെ ചിന്താ വിഷയങ്ങൾ. ജീവിതമെങ്ങനെ അല്ലലില്ലാതെ മുന്നോട്ട് കൊണ്ടുപോകാം എന്ന് മാത്രം ചിന്തിക്കുന്ന പരമപാവങ്ങൾ.
എന്റെ ആ സുഹൃത്ത് മദീനയിലെ ഒരു വലിയ ടിവി ചാനലിലാണ് ജോലി ചെയത് വരുന്നത്. നടത്തത്തിനിടയിൽ ആ ചാനലിനെ കുറിച്ചുളള ചില വിവരങ്ങൾ അവനെന്നോട് പങ്കുവെച്ചു. ഇടയിലവൻ പതിയെ പറഞ്ഞു...
"യാഥാര്‍ത്ഥത്തിൽ ഞാന്‍ ജോലി ചെയ്യുന്ന ഈ ചാനൽ ഷിയാക്കൾക്കെതിരെയുള്ളൊരു ഭയങ്കരൻ ജിഹ്വയാണ്" എന്ന്.
അതിന് വേണ്ടി മാത്രമാണ് ഇത് തുടക്കം കുറിച്ചതെങ്കിലും സര്‍ക്കാരിന്റെ കണ്ണില്‍ പൊടിയിടുക ലാക്കാക്കി പലജാതി പരിപാടികൾ തങ്ങൾ സംപ്രേഷണം ചെയ്ത് വരുന്നുണ്ടന്നവന് കൂട്ടിചേര്‍ത്തു. അതുകൊണ്ട് തന്നെ പല കോണില്‍ നിന്നും തങ്ങൾ ഭീഷണികള്‍ നേരിടുന്നുണ്ടന്നും അവന് പറഞ്ഞു നിർത്തി. സലഫി രാജ്യമായ സൗദിയിൽ അതിന്റെ നേർവിപരീത വിചാരധാരയായ ഷിയാ വിശ്വസത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമായിരിക്കും എന്നത് യാദൃച്ഛികമല്ല. പക്ഷേ, ആ കാരണം കൊണ്ട് ആരാണിവരെ ഇത്രത്തോളം വേട്ടയാടുന്നതെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ഞാനതവനോട് ചോദിക്കാനും വിട്ടുപോയി. എന്നിരുന്നാലും, മദീനയുടെ ഉള്തെരുവിന്റെ കാഴ്ച്ചകളും അവിടെ പുലരുന്ന ജീവിതവും കണ്ട് ഏറെ ദൂരം ഞങ്ങളപ്പോഴേക്കും നടന്ന് കഴിഞ്ഞിരുന്നു. മദീനയെ സംബന്ധിച്ച അവന്റെ അറിവുകൾ അവനെന്നോട് പങ്കുവെക്കുമ്പോൾ ഈ നാടിന്റെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ വെറുതെ ആശിച്ചു പോകുന്നു. സംസാരിച്ചും പറഞ്ഞും ഞങ്ങളങ്ങനെ മുന്നോട്ട് നടക്കുമ്പോഴാണ് വഴിയിൽ കണ്ടൊരു സൂചന ബോർഡ് ഞങ്ങളുടെ ശ്രദ്ധയിൽപ്പടുന്നത്.
"മദീന മീഡിയ മ്യൂസിയം"
യാഥാര്‍ത്ഥത്തിൽ, ഇങ്ങനെയൊരു സംഭവമവിടെ പ്രവൃത്തിക്കുന്നുണ്ടന്ന് അവനുപോലും അന്നാദ്യമായാണ് അറിയുന്നത്. റോഡിന്റെ ഓരത്ത് നിന്നും അല്‍പ്പം ഉള്ളിലേക്ക് നീങ്ങാനായിരുന്നു ഞങ്ങളുടെ ആദ്യ പരുപാടി. എന്നാൽ, ആ ബോർഡവിടെ കണ്ടതോടെ മ്യൂസിയം കാണാനുറച്ച് അതിന്റെ ദിശയിലൂടെ നടക്കാൻ ഞങ്ങൾ തീരുമാനിച്ചു. അവിടെ പാതയോരങ്ങളിൽ നിറയെ മദീനയുടെ യുവതയെ കാണാം. അന്‍സാരി യുവാക്കള്‍... ഒരുപക്ഷേ, അവർ അന്സാരികളൊന്നും ആയിരിക്കുകയില്ല. എങ്കിലും, അവരെ അങ്ങനെ അഭിസംബോധന ചെയ്യാനാണ് ഞാനിഷ്ടപ്പെട്ടത്. വെടിവട്ടവുമായി കൂട്ടം ചേര്‍ന്നിരിക്കുന്ന അവരോട് ഞങ്ങൾ മ്യൂസിയത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു.
"മാലൂ മത്ത്ഹഫ്?"
ചോദിച്ചത് ഞാനായിരുന്നു. കാരണം, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മക്കയിൽ വച്ച് അവിടുയുള്ളൊരു പ്രശസ്ത മ്യൂസിയം അന്വേഷിച്ച് ഞാന്‍ കുറേ അലഞ്ഞിരുന്നു. അന്നവിടെ വച്ചാണ് മ്യൂസിയം എന്ന വാക്കിന്റെ അറബി പദമെനിക്ക് മനസ്സിലാകുന്നത്... മത്ത്ഹഫ്
എന്റെ ചോദ്യം കേട്ട അവർ മ്യൂസിയത്തിന്റെ സ്ഥാനം അറബിയിൽ ഞങ്ങൾക്ക് വിവരിച്ച് നല്‍കിയെങ്കിലും, അത് ഞങ്ങള്‍ക്ക് തീരെ മനസ്സിലാകുന്നില്ല എന്ന് ബോധ്യമായതിനാൽ പിന്നീട് ആങ്ങ്യ ഭാഷയിലത് വിവരിച്ച് നൽകാൻ തുടങ്ങി. ആർക്കും മനസ്സിലാക്കാൻ കഴിയുന്ന ഒരു ലോക ഭാഷതന്നെയാണീ ആങ്ങ്യ ഭാഷ എന്ന് അപ്പോഴാണെനിക്ക് ബോധ്യമായത്. ആ ഭാഷയെ അറിയുന്നവവരെയാണ് 'മിണ്ടാപ്രാണികൾ, പൊട്ടൻ' എന്നൊക്കെ നമ്മൾ അഭിസംബോധന ചെയ്യാറ് എന്നോർത്തപ്പോൾ ലജ്ജ തോന്നുന്നു. ഇത്തരം അനുഭവങ്ങൾ നമ്മളാണോ അതോ അവർതന്നെയാണോ മേല്‍ വിശേഷങ്ങൾക്കർഹർ എന്ന് നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു.
അവിടെനിന്നും തിരിഞ്ഞ് അല്‍പ്പം കൂടി മുന്നോട്ട് നടന്നാലെത്തുന്ന സുൽത്താൻ റോഡിന്റെ ഒടുവിലായാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. അവിടെയുള്ള അന്തലൂസ് മാളിലാണത് പ്രവർത്തിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഞങ്ങൾ അന്തലൂസ് മാളന്വേഷിച്ച് നടത്തം തുടർന്നു. അവിടെ കണ്ട ഇടുങ്ങിയ വഴിയിലൂടെ കച്ചവടമവസാനിപ്പിച്ച് മടങ്ങുന്ന മൂടുപടം അണിഞ്ഞ സ്ത്രീകൾ ഞങ്ങളെ കടന്നുപോകുന്നു. ഇന്ത്യയടക്കമുള്ള വെത്ത്യസ്ഥ രാജ്യങ്ങളിലെ വൈവിധ്യമിർന്ന രുചി വിളമ്പുന്ന ഭോജന ശാലകളവിടെ ധാരാളകണക്കിനുണ്ട്. അവിടേയും രംഗം സജീവമാണ്. ഓരോ ഉൾവഴി കാണുമ്പോഴും അതിന് സമീപത്ത് നിന്ന് അതിന്റെ തലക്കലേക്ക് പ്രതീക്ഷയോടെ ഞങ്ങൾ നോക്കും. അവിടെയെങ്ങാനും അന്തലൂസ് മാൾ കാണുന്നുണ്ടോ എന്ന്.
ഒടുക്കം ഞങ്ങളത് കണ്ടത്തുകതന്നെ ചെയ്തു. 'അൽ അന്തലൂസ് മാൾ' എന്ന ബോര്‍ഡ് തൂങ്ങി കിടക്കുന്നൊരു വലിയൊരു കെട്ടിടം. അതിന്റെ താഴെ ഒരു കോണില്‍ 'മത്ത്ഹഫല് മദീന' എന്ന് കാലിഗ്രഫിയിലെഴുതിയ ചെറിയൊരു ബോർഡും. അത് കണ്ടപ്പോൾ തന്നെ എന്റെ മനസ്സ് ആകാംക്ഷ കൊണ്ട് പെരുമ്പറ കൊട്ടി. നിറയെ കാഴ്ചകൾ ഉള്ളിലൊതുക്കികൊണ്ട് അവനങ്ങനെ സഞ്ചാരികളെ കാത്തുകെട്ടി കിടക്കുകയാണ്. എന്തൊക്കെ ആയിരിക്കും അതിനുള്ളില്‍ ഉണ്ടായിരിക്കുക എന്നതിനെ ചൊല്ലി എന്റെ മനസ്സ് ആവേശഭരിതമായിരുന്നു. ഉച്ച മയങ്ങുന്ന വെയിലിനെ വകവെക്കാതെ വേഗം തന്നെ ഞങ്ങൾ മ്യൂസിയത്തിനുള്ളിലേക്ക് കയറി ചെന്നു.
അന്തലൂസ് മാളിന്റെ അകത്തെ ഒരു തരം ബങ്കറുപോലെ തോന്നിപ്പിക്കുന്ന സ്ഥലത്താണ് മ്യൂസിയം പ്രവർത്തിക്കുന്നത്. അവിടേക്കുള്ള കോണിപ്പടിയിലൂടെ താഴെ നിലയിലേക്ക് ഞങ്ങൾ പ്രവേശിക്കുമ്പോൾ അവിടെ പ്രതീക്ഷിച്ചതുമാതിരി ടിക്കറ്റ് കൗണ്ടറോ മറ്റോ ഞാന്‍ കണ്ടില്ല. പകരം, വിശാലമായൊരു സുവനീര്‍ കടയാണ് അവിടെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. പൊതുവില്‍ മ്യൂസിയങ്ങളിൽ കാഴ്ച്ചകൾക്കൊടുവിലാണ് ഇത്തരം വിപണന ശാലകളുണ്ടാകാറ്. ചരിത്രം തഴുകി നീങ്ങിയ അനേകം വസ്തുക്കളുടെ വിശദമായ കാഴ്ച്ചകൾക്ക് ശേഷം അതുമായി ബന്ധപ്പെട്ട... ആ കാഴ്ച്ചകളുടെ ഓര്‍മ്മകളെ ഉണർത്തുന്ന വസ്തുക്കളെ പ്രദര്‍ശിപ്പിച്ച സുവനീര്‍ കോർണറുകളുടെ സ്ഥാനം എന്തുകൊണ്ടും മ്യൂസിയങ്ങൾക്കൊടുവിൽ തന്നെയാണ് വേണ്ടിയിരുന്നത്. എന്നാൽ, ഇവിടെ എന്തുകൊണ്ടിങ്ങനെയെന്ന് മനസ്സിലായില്ല. സുവനീര്‍ കടയുടെ അപ്പുറം വിശാലമായ ഹാളില്‍ മദീനയുടെ ചരിത്രം നിശബ്ദമായി നില്ക്കുന്ന കാഴ്ച്ച എന്നെ അങ്ങോട്ടേക്ക് ശക്തമായി ആനയിച്ചു. അവിടെ കാഴ്ചകളുടെ വസന്തമാണ്. ചില്ലുകൂട്ടിലും ചുമരിലുമായി അനേകം വസ്തുവഹകള്‍. ചിലത് യാഥാർത്ഥ വസ്തുക്കള്‍ തന്നെ. ചിലതാണങ്കിലോ നിര്‍മ്മിത രൂപവും. പിന്നെ വൈവിധ്യമാര്‍ന്ന ചിത്രങ്ങൾ തൂക്കിയിട്ട വിശാലമായ ചുമർ.
മദീന സന്ദര്‍ശിച്ച ഏതോ പടിഞ്ഞാറന്‍ സഞ്ചാരിയുടെ ക്യാമറയിൽ വിരിഞ്ഞ മക്ക മദീന നഗരങ്ങളുടേയും അവിടെ ഒഴുകി നീങ്ങുന്ന ജനസഞ്ചയത്തിന്റേയും ചിത്രങ്ങൾ ആകര്‍ഷകമായിരുന്നു. പണ്ട് കാലങ്ങളില്‍ അമുസ്ലീം സഞ്ചാരികള്‍ ഇത്തരത്തില്‍ വേഷ പ്രച്ഛന്നരായി ഹറമുകൾ സന്ദര്‍ശിച്ചിരുന്നതായി ഏതൊക്കെയോ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ടന്ന കാര്യമാണ് എനിക്കപ്പോളോർമ്മ വന്നത്. ആ ചിത്രങ്ങളില്‍ കണ്ട ആ മനുഷ്യർ പരിമിതമായ സൗകര്യങ്ങളുപയോഗിച്ച് ഇവിടെ വന്ന് കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് സംതൃപ്തിയോടെ മടങ്ങിയിരിക്കുന്നല്ലോ എന്നോര്‍ത്തപ്പോൾ അത്ഭുദവും അഭിമാനവും തോന്നി. ആ പഴയകാല ചിത്രങ്ങൾക്കപ്പുറം മദീനയിലെ അന്ത്യനിദ്രാ സ്ഥലമായ ജന്നത്തുൽ ബഖീയുടെ രൂപമാണ്. അതൊരു വലിയ ചില്ല് കൂട്ടില്‍ വിശദമായി തന്നെ നിര്‍മ്മിച്ച് വച്ചിരിക്കുന്നു. പ്രധാനപ്പെട്ട പ്രവാചക അനുയായിമാരുടെ ഖബറുകൾ വളരെ കൃത്യമായി അതിൽ സൂചിപ്പിച്ചു വച്ചിരിക്കുന്നു. അതിനപ്പുറം മദീന പള്ളിയുടെ പഴയ കാല ചിത്രങ്ങളുടെ ശേഖരണമാണ്. ലോകത്തിന്റെ കുതിപ്പിനൊപ്പം സഞ്ചരിച്ച പാരമ്പര്യമാണ് ഈ നഗരങ്ങൾക്കുള്ളതെന്ന് ആ ചിത്രങ്ങളിലൂടെ കണ്ണോടിച്ചാൽ നമുക്ക് ബോധ്യമാകും. ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ എന്തെങ്കിലും ഒന്ന് കണ്ടുപിടിക്കപ്പെട്ടാൽ അതെങ്ങനെ ഹറമിനും അതിന്റെ അതിഥികൾക്കും ഉപയോഗപ്പെടുത്താം എന്ന ചിന്തയുടെ പ്രതിഫലനമാണ് ആ ചിത്രങ്ങൾ നമുക്ക് പകരുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ അടയാളമാണ് മദീനയിൽ തുടക്കം കുറിക്കാന്‍ പോകുന്ന 'ഇ-പാസ്സ്' സംവിധാനമെന്നെനിക്ക് തോന്നി.
മദീന മ്യൂസിയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാഴ്ച്ചയിലേക്കാണ് പിന്നീട് ഞങ്ങൾ നീങ്ങിയത്. കഅബയുടെ അകത്തളത്തെ നിര്‍മ്മിച്ച് വച്ചിരിക്കുന്ന ആ രൂപം വിവരണാതീതമായ സന്തോഷമാണ് നമുക്ക് നല്‍കുന്നത്. കൂടാതെ, മദീന പള്ളിയില്‍ നബി തങ്ങളും അബൂബക്കര്‍ സിദ്ദീഖ്, ഉമര്‍ എന്നിവരും അന്ത്യവിശ്രമം കൊള്ളുന്ന റൗള ഷെരീഫിനകത്തെ വസ്തുക്കളുടെ ക്രമീകരണങ്ങളും അവിടെ കാണാന്‍ കഴിഞ്ഞു. തെറ്റിദ്ധരിക്കപ്പെട്ട അതിപ്രധാനമായൊരു വിഷയത്തിലേക്കാണ് റൗളയുടെ ആ രൂപം വെളിച്ചം വീശുന്നതെന്നെനിക്ക് തോന്നി. പ്രവാചകന്റേയും അവിടുത്തെ സ്നേഹിതരുടേയും അന്ത്യവിശ്രമ സ്ഥലങ്ങള്‍ ശവകുടീരംപോലെ കെട്ടിപ്പൊക്കപ്പെട്ടതല്ല എന്ന് ആ രൂപങ്ങള്‍ നമുക്ക് ബോധ്യമാക്കിത്തരുന്നു. അതിൽ പ്രവാചകനെ മറമാടിയ കേവലം മണല്‍ പരപ്പും അതിന് ചുറ്റും യഥാക്രമം ചതുരാകൃതിയിലും പിന്നെ ഷഡ്ഭുജാകൃതിയിലുമുള്ള ചുമരുകളും ഒടുവില്‍, അവയെ സംരക്ഷിച്ച് ഭൂനിരപ്പിന് താഴെയുള്ള ലോഹ ആവരണവുമൊക്കെ വ്യക്തമായി കാണാൻ കഴിയുന്നു. കൂടാതെ, റൗള ഷെരീഫിലെ കൃത്യം എണ്ണം തൂണുകളും പച്ചയിൽ സ്വര്‍ണ്ണ വര്‍ണ്ണം പൂശിയ അവിടുത്തെ ഇരുമ്പ് കവാടവുമൊക്കെ അതിൽ കാണാൻ കഴിയും.
പ്രവാചകനും അനുയായികളും പങ്കെടുത്ത യുദ്ധങ്ങളുടെ വിശദാംശങ്ങളും അവിടെ സൈനികര്‍ നിലയുറപ്പിച്ച മേഖലകളുമൊക്കെ വിശദമാക്കുന്ന ഭാഗത്തേക്ക് പിന്നീട് നടന്നെത്തുക. അതിനപ്പുറം, ചരിത്രം തളം കെട്ടി നില്ക്കുന്ന മദീനയിലെ വിവിധ പള്ളികളുടെ രൂപങ്ങളാണ്. അതൊക്കെ കുമ്മായത്തിലോ പ്ലാസ്റ്റർ ഓഫ് പാരീസിലോ ആണ് നിർമ്മിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അക്കൂട്ടത്തിലാണ് മദീന പള്ളിയുടെ ആദ്യകാല രൂപം പ്രദര്‍ശിപ്പിച്ചു വച്ചിരിക്കുന്ന ഭാഗമുള്ളത്.
അനേകം മൊട്ട കുന്നുകള്‍ അതിരിടുന്ന മദീന പട്ടണം... അതിനുള്ളിൽ അല്‍പ്പാൽപ്പമായി മാത്രം പച്ചപ്പുള്ള നിരപ്പിൽ വളരുന്ന സവിശേഷമായ മദീന തമൂർ കുലച്ച വിശാലമായി ഈത്തപ്പന തോട്ടങ്ങള്‍ക്കിടയില്‍ അന്‍സാരികളും മുഹാജിറുകളുമായ മദീന പൗരന്മാരുടെ കര്‍ഷക ഭവനങ്ങൾ. അവിടെ ആയിരുന്നു വിശാലമായി ഒരു കെട്ടിനുള്ളില്‍ ഏതാനും മരത്തൂണുകളിൽ ഉയർന്ന് നില്ക്കുന്ന മദീനയുടെ മഹാമന്ദിരം സ്ഥിതിചെയ്തിരുന്നത്. ആ കെട്ടിന്റെ പകുതിയും തുറന്ന സ്ഥലമായിരുന്നു. അവിടെ പഞ്ചാര മണല്‍ വിരിച്ച് മനോഹരമാക്കിയ സ്വഫുകൾ കാണാം. ഈത്തപ്പഴ മടലുകൾകൊണ്ട് മെഴുകിയ നിലവും മേല്‍ക്കൂരയുമായിരുന്നു പള്ളിക്കുണ്ടായിരുന്നത്. പള്ളിയുടെ ഇടത്തും വലത്തുമായി പ്രവാചക ഭവനങ്ങളുടെ നിരകളാണ്.
നബിതിരുമേനി എല്ലാ സൗകര്യങ്ങളുമുളള കൊട്ടാരങ്ങളിലല്ല, മറിച്ച് അങ്ങേയറ്റം അസൗകര്യങ്ങളുളള കുടിലുകളിലാണ് താമസിച്ചിരുന്നതെന്ന് ആ രൂപങ്ങള്‍ നമുക്ക് ബോധ്യപ്പെടുത്തി നല്കുന്നു. അന്ന് മദീന പളളിയുടെ പണി പൂര്‍ത്തിയായപ്പോള്‍ അതിന്റെ വടക്ക് ഭാഗത്തായി ആയിശ, സൗദ എന്നീ പത്നിമാര്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മിക്കുകയും അവിടേക്ക് താമസം മാറ്റുകയും ചെയ്തു. പ്രസ്തുത ഭവനങ്ങൾ അന്നത്തെയാ പള്ളിയുടെ രൂപാകൃതിയില്‍ തന്നെയാണ് നിര്‍മ്മിക്കപ്പെട്ടത്. അഥവ, ഇഷ്ടികയുടെ ചുമരും ഈത്തപ്പനമടലുകളുടെ മേല്കൂരയുമായിരുന്നു അവക്കുണ്ടായിരുന്നതെന്ന് ചുരുക്കം. പിന്നീട്, തിരുമേനി വിവാഹം ചെയ്ത ഓരോ ഭാര്യമാര്‍ക്കും അതാതു സമയങ്ങളില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്കി. ഹുജറകൾ അഥവാ റൂമുകള്‍ എന്നാണവക്ക് ഖുര്‍ആനില്‍ വിശേഷിപ്പിച്ചു കാണുന്നത്. കാരണം, അധികം വിശാലമായതോ കൂടുതല്‍ റൂമുകളോ സൗകര്യങ്ങളോ ഉള്ളതായിരുന്നില്ല അവകള്‍. മിക്ക വീടുകള്‍ക്കും ഉറങ്ങാനുള്ള ഒരു റൂം മാത്രമാണുണ്ടായിരുന്നത്. ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള വീടിന്റെ പുറത്ത് ഒരു പൊതു അടുക്കള മാതിരിയാണുണ്ടായിരുന്നത്. പ്രവാചകന്റെ വീടുകളില്‍ ചിലതിന്റെ ചുമര് ഇഷ്ടികയാണെങ്കില്‍ മറ്റ് ചിലതിന്റെ ഭിത്തികള്‍ കല്ലുകള്‍ അടുക്കി വെച്ചതായിരുന്നു. മേല്ക്കൂരയാണെങ്കില് പലതിലും ഈത്തപ്പനയോല മാത്രവും. ചിലതില്‍ ചില മരക്കഷണങ്ങള്‍ക്ക് മേലെ ഓലയും മണ്ണും പാകിയതായിരുന്നതായും ചരിത്രത്തിൽ കാണാൻ സാധിക്കും.
ഇത്തരം നിര്‍മ്മാണ രീതികള്‍ പുരാതനകാലത്തെ അറബ് വസ്തു വിദ്യ ശൈലി മാത്രമാണ് എന്ന് സാമാന്യ വൽക്കരിന്നതിൽ അര്‍ത്ഥമില്ല എന്ന് തോന്നുന്നു. കാരണം, അക്കാലത്തും അവര്‍ വീടുകളുടെ വലിപ്പവും ഉയരവും അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളമായിയാണ് ഗണിച്ചിരുന്നത്. വീടുകളുടെ വലിപ്പവും ഉയരവും ഭംഗിയുമൊക്കെ എടുത്ത് പറയുന്ന ജാഹിലിയ്യ അഥവ പ്രവാചക പൂര്‍വ്വ കവിതകൾ ധാരാള കണക്കിന് അന്നുണ്ടായിരുന്നു എന്നുള്ളത് പ്രത്യേകം പ്രസ്ത്യാവമാണ്. എന്നാല്‍, തിരുനബിയുടെ ഗേഹങ്ങള്‍ അതിന്റെ ലാളിത്യം കൊണ്ട് വേറിട്ടു തന്നെ നിന്നു എന്ന് വേണം പറയാൻ.
വീട്ടിലെ ഗൃഹോപകരണങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ അക്കാര്യത്തിലും തിരുമേനി അതീവ ലാളിത്യം പുലര്‍ത്തിയിരുന്നതായി കാണാം. ഈത്തപ്പനയോലകള്‍ കൊണ്ട് നെയ്ത പായയിലാണ് അദ്ദേഹവും കുടുംബവും അന്തിയുറങ്ങിയിരുന്നത്. പലപ്പോഴും അതിന്റെ പാടുകള്‍ ദൈവദൂതന്റെ ശരീരത്തില്‍ പതിഞ്ഞു കാണാമായിരുന്നുവത്രെ. ഉണക്കിയ മൃഗതോലിനുളളില് പനയോല നിറച്ച് നിര്‍മിച്ച കനം കുറഞ്ഞ ഒരു തലയണ മാത്രമാണ് അവിടുന്ന് ഉപയോഗിച്ചിരുന്നത്. അതിഥികള്‍ക്കിരിക്കാന്‍ പറ്റിയ ഒരു ഇരിപ്പിടം പോലും തിരുഭവനത്തിലുണ്ടായിരുന്നില്ല. പാകം ചെയ്ത് കഴിക്കേണ്ട ഭക്ഷണം പലപ്പോഴും ഇല്ലാത്തതുകൊണ്ടുകൂടിയായിരുന്നു ഗൃഹോപകരണങ്ങളുടെ പഞ്ഞം. ഗോതമ്പ് പൊടിച്ചതിന് ശേഷം അതിലെ ഉമി നീക്കാന്‍ ആവശ്യമായ ഒരു തരിപ്പ പോലും പ്രവാചകന്റെ വീട്ടിലന്ന് ഉണ്ടായിരുന്നില്ല എന്ന് പറയുമ്പോൾ അതിന്റെ വ്യാപ്തി എത്രയെന്ന് ബോധ്യമാകും. ബാര്‍ലിയുടെ ഉപയോഗത്തെക്കുറിച്ചുള്ള ഭാര്യമാരിലൊരാളുടെ മറുപടി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ പറയുന്നു.
"ബാര്‍ലി ഞങ്ങള്‍ കുത്തും. എന്നിട്ട് അതൊരു മുറത്തിലിട്ട് അതിലെ ഉമി പാറ്റിക്കളയും. ഇനിയും വല്ലതും അതിലവശേഷിക്കുന്നുവെങ്കില് അത് റൊട്ടിയില്‍ ഉള്പെടുകയും ചെയ്യും"
ധാന്യപ്പൊടിയിലെ ഉമി നീക്കാന്‍ ഒരു അരിപ്പ വാങ്ങാന്‍ മാത്രം എല്ലാ ദിവസവും റസൂലിന്റെ വീട്ടില്‍ ബാര്‍ലി റൊട്ടി ഉണ്ടാക്കിയിരുന്നില്ല എന്ന് സാരം. ഇനി പാത്രങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ വക്ക് പൊട്ടിയതും, കമ്പിയിട്ട് മുറുക്കിയതുമായ മരപ്പാത്രങ്ങളിലായിരുന്നു തിരുമേനി പാലും തേനും ഈത്തപ്പഴം കുതിര്‍ത്ത വെള്ളവും മറ്റുമൊക്കെ കുടിച്ചിരുന്നത്. അക്കാലത്തെ റോമ, പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാര്‍ സ്വര്‍ണ്ണ പാത്രങ്ങളിലും വെള്ളി കൂജകളിലും മറ്റുമൊക്കെ ആയിരുന്നു ഭക്ഷണം കഴിച്ചിരുന്നത് എന്നകാര്യം ഇതോടൊപ്പം ഓര്‍ക്കുക.
ഒടുവില്‍, സന്ധ്യ മയങ്ങാൻ തുടങ്ങുമ്പോഴാണ് ഞങ്ങൾ മ്യൂസിയം വിട്ടത്. ജോലി സംബന്ധമായ ചില തിരക്കുകൾ കാരണം ഹോട്ടലിനു മുന്നില്‍ നിന്നു തന്നെ അവനെന്നോട് യാത്ര പറഞ്ഞിറങ്ങി.

എന്തിനാണ് അഞ്ചു മൂല ആകൃതിയിൽ ചുമരുകൾ അതിന് മേലെ പച്ച പട്ട് അതിന് മുകളിൽ പച്ച കുബ്ബ
ReplyDeleteവരുന്ന കാലം കഅബക്കു സമാനമായ രീതിയിലുള്ള സ്ഥാനം പ്രവാചക ഖബറിടത്തിന് ജനങ്ങൾ നല്കിപ്പോകുമോ എന്ന ഭയം കാരണമാണ് കഅബയെ പോലെ നാല് മൂല നല്‍കാതെ അഞ്ച് മൂല അതിന് നല്‍കിയത്.
Deleteപിൽക്കാലത്ത് വന്ന രാജാക്കന്മാരാണ് മണലില്‍ സാധാരണ മാതിരി ഇരുന്ന പ്രവാചക ഖബറിസ്ഥാനിന് മുകളില്‍ പച്ച പട്ടും പച്ച ഖുബ്ബയുമൊക്കെ സ്ഥാപിക്കുന്നത്. പ്രവാചകർക്ക് ഇഷ്ടമുള്ള ഒരു വര്‍ണ്ണമായിരുന്നു പച്ച എന്നതിൽ കവിഞ്ഞ് ഇസ്ലാമികമിയൊരു മാനവും ആ തിരിഞ്ഞെടുപ്പുകൾക്കില്ല...
മാനം മുഴുവന്‍... അവിടുത്തെ തിരുചര്യകൾക്കും വിശുദ്ധ ഗ്രന്ഥത്തിനും മാത്രം.