തിരഞ്ഞെടുക്കപ്പെട്ട ജനകീയ ഭരണാധികാരിയിൽ നിന്നും സായുധ വിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുത്ത ശേഷം കെയ്റോ നഗരമദ്ധ്യത്തിലെ റാബിയ അദബിയ്യ ചത്വരത്തിൽ പട്ടാളം നിലക്കാത്ത വെടിവെപ്പ് നടത്തി കൊണ്ടിരിക്കുന്നതിനിടയിലൊരു ദിവസമാണ് ഞാൻ ഷാർജയിൽ വന്നിറങ്ങുന്നത്. അഥവാ, അന്നു മുതലാണ് ഞാനെന്റെ പ്രവാസത്തിന് തുടക്കം കുറിക്കുന്നതെന്ന് സാരം. ഷാർജയിലെ എന്റെ ആദ്യ നാളുകളെ റാബിയ ചത്വരം കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയിരുന്നതെന്ന് ഞാനിപ്പോൾ ദുഃഖത്തോടെയോർക്കുന്നു. അവിടെ അനേകം മനുഷ്യരന്ന് വെടിയേറ്റ് കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമുണ്ടതിൽ... കുട്ടികൾ... എന്തിനു വേണ്ടിയായിരുന്നു അവരുടെയാ രക്തസാക്ഷിത്വം? ഒരു വശത്ത് ജനാതിപത്യ സംവിധാനങ്ങളെ നിലനിര്‍ത്തുവാനുള്ള ആഗ്രഹവുമായി പ്രതിരോധത്തിനിറങ്ങിയ കുറേ കുഞ്ഞു മനുഷ്യർ... മറുവശത്ത് സ്വന്തം താല്‍പര്യങ്ങളെ മാത്രം മുന്നില്‍ കണ്ടതിനെ അടിച്ചമര്‍ത്താനിറങ്ങിയ മര്‍ദ്ദന പ്രഭുക്കളും. അന്നാ ധീര വിപ്ലവകാരികളുടെ ആര്‍ത്തനാദങ്ങൾ കേട്ട് ദുഃഖം വമിക്കുന്ന മനസ്സുമായാണ് ഞാൻ നാട്ടില്‍ നിന്നും വിമാനം കയറുന്നത്. നാട്ടിലെ ഓരോ ബിന്ദുവിലും റാബിയ അദബിയ്യ അനുഭവേദ്യമായിരുന്നു. എല്ലാവരും അതിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. വായന ശാലകള്‍, പാർട്ടി ഓഫീസുകൾ, വീടുകൾ തുടങ്ങിയ അനേകം സ്ഥലങ്ങളിൽ.
ഇതുപോലെയൊക്കെ തന്നെയാണ് സിറിയയിലേയും പലസ്തീനിലേയും അവസ്ഥകളും. പലസ്തീനിൽ അധിനിവേശകരായ ജൂതന്മാരാലാണ് അവിടുത്തെ ജനത വേട്ടയാടപ്പെടുന്നെങ്കിൽ സിറിയയിൽ മറ്റൊന്നാണ് കാരണം. സിറിയ ലോകവന്‍ശക്തികളുടെ ആയുധ പരീക്ഷണ സ്ഥലവും... പരസ്പരം പോരടിക്കാനുള്ള വിളനിലവുമായി മാറിയിരിക്കുന്നു. സ്വന്തമായി ഒരു സംസ്കാരത്തെ മൊട്ടിട്ട് വളര്‍ത്തിയ ഒരു രാജ്യം... ഗൾഫ് രാജ്യങ്ങളിലെ പ്രത്യേകിച്ച് ജിസിസി രാഷ്ട്രങ്ങളിലെ മ്യൂസിയങ്ങൾ സന്ദര്‍ശിച്ചാൽ അവിടെ നൂറോ ഇരുനൂറോ കൊല്ലങ്ങള്‍ പഴക്കമുള്ള അവരുടെ ചരിത്രമേ നമുക്ക് വായിച്ചെടുക്കാൻ സാധിക്കുകയുള്ളൂ... എന്നാൽ, സിറിയയിലെ മ്യൂസിയങ്ങളിൽ ആയിരമോ രണ്ടായിരമോ കൊല്ലങ്ങള്‍ പഴക്കമുള്ള പുരാവസ്തുവഹകളെയാണ് നമുക്ക് കാണാന്‍ കഴിയുക. കാരണം, അത്രത്തോളം സമ്പന്നമായിരുന്നു ആ പ്രദേശത്തിന്റെ ഇന്നലകള്‍. ആ സുവര്‍ണ്ണ ഭൂമികയേയാണ് നിഷ്ഠൂരരായ സാമ്രാജ്യത്വ ശക്തികള്‍ തങ്ങളുടെ ബലപരീക്ഷണ സ്ഥലമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഈയിടെ അവിടെ നിന്നും വരുന്ന ഏറ്റവും പുതിയ വാര്‍ത്തകളില്‍ ആ രാജ്യം കൊടും ദാരിദ്രമാണനുഭവിച്ച് വരുന്നത് എന്നറിയാൻ കഴിയുന്നു. തണുപ്പ് കാലത്ത് കൊടും തണുപ്പും, ചൂട് കാലത്ത് ശരീരമുരുകുന്ന കൊടും ചൂടും. കൂടാതെ, കുടിവെള്ള ദൗര്‍ലഭ്യം, ഭക്ഷണമില്ലായ്മ തുടങ്ങി ഏത് നിമിഷവും തലക്ക് മുകളില്‍ പതിക്കാവുന്ന ഒരു ബോംബിനേയും പ്രതീക്ഷിച്ചാണവരുടെ ദൈനംദിന ജീവിതം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നതത്രെ. ഒന്നാലോചിച്ചു നോക്കൂ... എത്ര ദുരിതപൂർണ്ണമായിരിക്കുമത്. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഒരിറ്റ് വെള്ളം കൊടുക്കാനാകാതെ... അവരെ ഒരു വറ്റൂട്ടാനാകാതെ... ആ മരുഭൂമിയില്‍ എത്രയോ ഉമ്മമാർ, ഉപ്പമാർ അലയുന്നുണ്ടായിരിക്കാം.
സ്വതവേ... തീരെ വരണ്ട ഭൂഭാഗങ്ങളാണാ പ്രദേശങ്ങൾ. അവിടവിടെയായി ഈത്തപ്പന, ഒലീവ് തുടങ്ങിയ മരുഭൂസസ്യങ്ങളൊക്കെ കാണാൻ കഴിയുമെങ്കിലും... കുടിവെള്ള അപര്യാപ്തത രൂക്ഷമായിരിക്കുമവിടങ്ങളിലെന്ന് നിസ്സംശയം പറയാൻ കഴിയും. അത് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയില്‍ ലഭ്യമാക്കാൻ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമുണ്ടാകാൻ വഴിയുമുണ്ടാകില്ല. കേവലം പോരാട്ടങ്ങൾ മാത്രം നടക്കുന്ന സര്‍ക്കാറെന്ന സ്ഥാപനം തന്നെ കിട്ടാക്കനിയായ ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളനുഭവിക്കുന്ന പ്രയാസങ്ങളുടെ ഭീകര വാര്‍ത്തകൾ കേട്ട് മനസ്സങ്ങനെ മരവിച്ച് നില്‍ക്കുമ്പോഴാണ് ഞാന്‍ നടത്തിയ മക്ക യാത്രയിലെ ഒരു സവിശേഷാനുഭവം എനിക്കോര്‍മ്മ വന്നത്.
അന്നായാത്ര സംഘത്തിൽ ഞങ്ങൾ അനേകം ആളുകളുണ്ടായിരുന്നു. മക്കയിലെത്തിയ അന്ന് തന്നെ ഞങ്ങൾ ഹറം പള്ളിയിലേക്ക് നീങ്ങി. അവിടെ ആദ്യം എത്തിയാല്‍ ചെയ്യേണ്ട പ്രവര്‍ത്തനം കഅബയെ ത്വവാഫ് ചെയ്യല്‍ അഥവാ പ്രദക്ഷിണം ചെയ്യുക എന്നതാണ്. പ്രദക്ഷിണം അവസാനിച്ചതിന് ശേഷം തുടർന്ന് വരുന്ന മറ്റു കര്‍മ്മങ്ങളിലേക്ക് ഞങ്ങൾ സമയം കളയാതെ പ്രവേശിച്ചു. അടുത്തത് സഫ മർവ്വ മലകള്‍ക്കിടയിലെ നടത്തമാണ്. അതിനായി അവിടേക്ക് പോകും വഴിയില്‍ വിശുദ്ധ പാനീയമായ സംസം പാനം ചെയ്യുവാനുള്ള അതിവിശാലമായ സംവിധാനങ്ങളുണ്ടായിരുന്നു. കടുത്ത ചൂടില്‍ നിന്നും കയറിവന്ന ഞങ്ങള്‍ക്ക് അവിടെയുണ്ടായിരുന്ന ആ തണുത്ത സംസം വലിയ ആശ്വാസമാണ് നല്‍കിയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... യഥേഷ്ടം കുടിച്ചു. ശേഷം സഫയിലേക്ക് നീങ്ങി.
സുമാര്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ സ്ഥിതിചെയ്യുന്ന വലിയ രണ്ട് പാറകുന്നുകളാണ് സഫയും മർവ്വയും. ആദ്യ കാലങ്ങളില്‍ അതൊരു വലിയ മലയായിരുന്നിരിക്കണം. പിന്നീട്, ചെറുതായി ഇന്നത്തെ രൂപത്തിൽ രൂപമാറ്റം സംഭവിച്ചതായിരുന്നിരിക്കാം. എന്നിരുന്നാലും, പണ്ട് വെറും മണല്‍ പരപ്പായിരുന്ന ആ ഇരു മലകൾക്കും നടുവിലിന്ന് തീര്‍ത്ഥാടകരുടെ ആധിക്യം പരിഗണിച്ച് അഞ്ചോ ആറോ നിലകളിലുള്ള വലിയ സംവിധാനങ്ങളാണ് പണിതു വെച്ചിട്ടുള്ളത്. ചിലര്‍ കുന്നിന്റെ മരട് കാണുമ്പോൾ ചിലരതിന്റെ നടുഭാഗമോ... മുകൾ ഭാഗമോ കാണുന്നു. ഞങ്ങളതിന്റെ ഏറ്റവും മുകൾ ഭാഗത്തേക്കാണ് പോയത്. ആ ഇരു മലകളുടേയും ശിഖരത്തെ തൊട്ട് താലോടാമല്ലോ എന്നായിരുന്നു ഞങ്ങളുടെ മനസ്സിലെ ചിന്ത. വളരെ നന്നായി പ്രകാശ സംവിധാനങ്ങളൊക്കെ ചെയത് വച്ചിട്ടുള്ള അതിവിശാലമായൊരു ശീതീകരിച്ച ഭാഗമാണിന്നതൊക്കെ.
ഞങ്ങൾ സഫ മർവ്വ പർവ്വത പ്രദക്ഷിണം തുടങ്ങി. സഫയിൽ നിന്നും തുടങ്ങി മർവ്വ വരെ ഒരു വട്ടം പൂര്‍ത്തീകരിച്ചാൽ ഒരു സഅയ് പൂര്‍ത്തിയായി. അപ്പോഴാണ് ഉംറ കര്‍മ്മത്തിന്റെ അഭിവാജ്യ ഘടകമായ സഅയ് ഒന്ന് പൂര്‍ത്തീകരിക്കപ്പെടുന്നത്. അങ്ങനെ മൊത്തം ഏഴ് പ്രാവശ്യമത് തുടരണം. സഅയ് പാതയിലൊരിടത്ത് പച്ച വര്‍ണ്ണത്തിൽ പ്രകാശിക്കുന്ന ട്യൂബുകൾ പ്രകാശിക്കുന്നൊരു ഭാഗമുണ്ട്. അവിടെ എത്തുമ്പോള്‍ നടത്തത്തിന്റെ വേഗതയല്‍പ്പം വർദ്ധിപ്പിക്കേണ്ടതുണ്ട്. പ്രവാചകൻ ഇബ്രാഹീം തന്റെ ഭാര്യ ഹാജറയേയും മകന്‍ ഇസ്മായിലിനേയും വിജനമായ മക്ക മരുഭൂമിയില്‍ ഉപേക്ഷിച്ച് പോകേണ്ടി വന്നതിൽ നിന്നാണ് ഈ ചടങ്ങിന്റെ തുടക്കമെന്ന് ചരിത്രത്തിൽ കാണാൻ കഴിയും. അന്ന് വിശന്ന് വലഞ്ഞ് വാവിട്ട് കരഞ്ഞു കൊണ്ടിരുന്ന തന്റെ അരുമ സന്താനത്തിന് ഒരിറ്റ് വെള്ളത്തിന്നായി ആ യുവതി ഈ പർവ്വതങ്ങൾക്കിടയിൽ അന്തമില്ലാതെ അലഞ്ഞിരുന്നുവത്രെ. ആദ്യം സഫയിലേക്കും പിന്നെ മർവ്വയിലേക്കും... അവിടെ കയറി നിന്ന് ദൂരെ എവിടെയെങ്കിലുമൽപ്പം മരുപ്പച്ച കാണുന്നുണ്ടോ എന്നവർ പ്രതീക്ഷയോടെ നോക്കും. ഇടയില്‍ വേഗത്തിൽ ഇറങ്ങി വന്ന് സമീപത്തെ അടുത്ത കുന്നിലേക്ക് കയറി അതാവര്‍ത്തിക്കും... തന്റെ കുഞ്ഞ് ദാഹിച്ചു നിലവിളിക്കുന്ന ശബ്ദം ചെവിയില്‍ അലയടിക്കുമ്പോൾ വീണ്ടുമവർ താഴെയിറങ്ങി ജലാന്വേഷണം തുടരും. ഇന്ന് പച്ച ട്യൂബുകൾ പ്രകാശിക്കുന്ന സഫ മർവ്വ കുന്നുകൾക്കിടയിലെ ആ സ്ഥലത്തെത്തുമ്പോൾ വേദനയോടെ ആ യുവതി കുറച്ച് വേഗതയിലോടിയിരുന്നു എന്നാണ് ചരിത്രം. ആ ചരിത്രത്തെ അനുസ്മരിച്ചുകൊണ്ട് മക്കയിലെത്തുന്ന ഓരോ മനുഷ്യനുമത് ആവര്‍ത്തിക്കുന്നു.
ഒരു യുവതി അനുഭവിച്ച അവളുടെ ഏറ്റവും വലിയ ദുഃഖം. സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞ് ദാഹിച്ചു വലഞ്ഞൊരിറ്റ് വെള്ളത്തിനു വേണ്ടി ആർത്താർത്ത് കരയുമ്പോള്‍ അതവന് കൊടുക്കാൻ കഴിയാതെ വരുന്നതിന്റെ ആ വേദനയെ സ്മരണയായി നാമിന്നും അനുഭവിക്കുന്നു...
പ്രാണവേദനയേക്കാൾ വലിയ വേദന...
സഅയിനു ശേഷം അടുത്ത ചടങ്ങ് മുടി മുറിക്കലാണ്. ചടങ്ങിന്റെ ഭാഗമായി തലയില്‍ നിന്നും ഒരല്‍പ്പം മുറിയെടുത്ത് മുറിച്ചാലും മതിയാകും. അത്തരത്തില്‍ മുറിച്ച് കളഞ്ഞ കുറേയധികം രോമങ്ങളവിടെ ചിന്നിച്ചിതറി കിടക്കുന്നത് കാണാം. ഞങ്ങൾ അല്‍പ്പം മുടി മുറിച്ച് ചടങ്ങുകൾ കഴിഞ്ഞതിന്റെ ആശ്വാസത്തിൽ മർവ്വയിൽ വിശ്രമിച്ചു. ഒരുതരം പശകൊണ്ട് മൂടപെട്ടിരിക്കുകയാണ് മർവ്വ. പാറ കഷ്ണങ്ങൾക്കു മേല്‍ ഒരു കട്ടിയായ ആവരണം പോലത് വ്യാപിച്ച് കിടക്കുന്നു. അതിന്റെ കാരണം അന്വേഷിച്ച ഞങ്ങൾക്ക് രസകരമായ ഒരു വിവരമാണ് ലഭിച്ചത്. അല്ലാഹുവിന്റെ അടയാളങ്ങളായി ഖുര്‍ആനിൽ പ്രതിപാദിച്ച സഫ, മർവ്വ മലകളിൽ നിന്നും കല്ലുകൾ അടർത്തി മാറ്റി വീടുകളില്‍ കൊണ്ട് പോകുന്ന ഒരു രീതി ചിലര്‍ക്കിടയില്‍ പണ്ടുണ്ടായിരുന്നവത്രെ. ഇത് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് അത്തരം ഒരു ആവരണംകൊണ്ട് മലയെ മറച്ചത്. താഴെ ഭാഗങ്ങളും ഇത്തരത്തിൽ ആർക്കും സ്പര്‍ശിക്കാനാകാതെ ചില്ല്കൂട്ടിനുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നതായും ഞാന്‍ പിന്നീട് കണ്ടു. ഞാനോർത്തത് അത്തരമാളുകളുടെ മാനസികാവസ്ഥയെക്കുറിച്ചാണ്. എന്താണ് അവരത് കൊണ്ട് ചെയ്തിരുന്നത് എന്നതിനെ ചൊല്ലി എന്റെ മനസ്സത്ഭുദം കൂറി. ചിലര്‍ക്കത് മരുന്നായി ഉപയോഗിക്കാനായിരിക്കാം, ചിലര്‍ക്കോ... വീടിന്റേയും ജോലി സ്ഥലത്തിന്റെയോ 'ഐശ്വര്യത്തിന്നായി' കവാടങ്ങളിൽ സ്ഥാപിക്കാനായിരിക്കാം. എന്നാൽ, ചിലരത് മ്യൂസിയത്തിലെന്നപോലെ വീട്ടിലെ ചില്ലു കൂടാരത്തിൽ സൂക്ഷിക്കുമായിരിക്കും.
എന്തായാലും, ബുദ്ധിശൂന്യമാണാ പരുപാടി എന്ന് പറയാതിരിക്കാന്‍ കഴിയില്ല.
ഞങ്ങൾ സഫയുടെ നെറുകയിലിരുന്നു. നെറുകയിലെന്ന് പറയുമ്പോൾ ഒരു മുറിയുടെ മൂലയിലിരിക്കുന്ന പോലെയേ തോന്നുകയുള്ളൂ. കാരണം മലയുടെ ഉച്ചിയുടെ സമാന്തരമായാണ് ഞങ്ങളിരിക്കുന്ന തട്ട് പണിതു വെച്ചിട്ടുള്ളത്. അഥവാ, ഒരു വലിയ കെട്ടിടത്തിനകത്ത് തളച്ചിട്ട വലിയൊരു മലയുടെ മുകളിലാണ് ഞങ്ങളുടെ ഇരുത്തമെന്ന് ചുരുക്കം. ഇതിന്റെ മറ്റു ഭാഗങ്ങൾ താഴ നിലകളില്‍ കാണാൻ കഴിയും. ഏറ്റവും ഒടുക്കമായി മല തുടക്കം കുറിക്കുന്ന ഭാഗവും. സഫക്ക് മുകളിലങ്ങനെ വിശ്രമിച്ചിരിക്കുമ്പോൾ താഴെ സഫ മർവ്വക്കിടയിലെ നീണ്ട പാതയിലൂടെ സഅയ് പൂര്‍ത്തീകരിക്കാൻ നടക്കുന്ന മനുഷ്യരെ കാണാം. ഇടയില്‍ പച്ച വര്‍ണ്ണം പ്രകാശിക്കുന്ന ഭാഗത്തെത്തുമ്പോൾ നെട്ടോട്ടമോടും പോലെ അവരോടുന്നു. മൂവായിരത്തോളം വര്‍ഷങ്ങളായി തുടരുന്ന കീഴ്‌വഴക്കം. എന്തിനു വേണ്ടിയായിരിക്കാം ദൈവം മനുഷ്യനോടത് ആവശ്യപ്പെട്ടിട്ടുണ്ടായിരിക്കുക... അനേകം നാളുകള്‍ക്ക് മുമ്പ് നടന്ന വളരെ നിസ്സാരമെന്ന് നമുക്ക് തോന്നിപ്പോയേക്കാവുന്ന ആ സംഭവത്തെ വീണ്ടും വീണ്ടും നമ്മോടവൻ സ്മരിക്കാൻ പറയുന്നതിന്റെ പൊരുളെന്തായിരിക്കാം...
സൂര്യൻ കത്തി ജ്വലിക്കുന്ന മരുഭൂമിയില്‍ ഒറ്റപ്പെട്ട ഹാജറ ബീവി ഒരിറ്റ് വെള്ളത്തിന്നായി നെട്ടോട്ടമോടിയ ഭാഗങ്ങളാണിതൊക്കെ. ഇന്നതിലൂടെ അതിന്റെ ഓര്‍മ്മയെ പുതുക്കിയെന്നോണം ഞാന്‍ നീങ്ങുമ്പോള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ പീഢനം അനുഭവിക്കുന്ന അനേകായിരം മനുഷ്യരുടെ... പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും മുഖങ്ങൾ മനസ്സിൽ തെളിഞ്ഞ് വരേണ്ടതുണ്ട്. ഈ ചടങ്ങുകളെല്ലാം കഴിഞ്ഞ് വിശുദ്ധരായി നാം നമ്മുടെ സ്വകാര്യതയിലേക്ക് മടങ്ങുമ്പോൾ അവര്‍ക്കായി നിലകൊള്ളേണ്ടതിന്റെ ആസൂത്രണങ്ങളായിരിക്കണം നമ്മുടെ മനസ്സകങ്ങളില്‍ തെളിഞ്ഞു വരേണ്ടത്. കഴിഞ്ഞ കാലങ്ങളിലെ നാമമാത്രമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഇവിടെ വന്ന് മടങ്ങിയ നമ്മുടെ പൂര്‍വ്വികർ നമുക്ക് കാണിച്ചു തന്ന വഴികളായിരുന്നതൊക്കെ. അവരുടെ അന്നത്തെ ത്യാഗത്തിന്റെ ഫലം കൂടി ആയിരുന്നിരിക്കാം നമ്മളിന്നീ അനുഭവിക്കുന്ന സ്വതന്ത്രത്തിന്റെ ശീതളിമ.
ഞങ്ങൾ കര്‍മ്മങ്ങളവസാനിപ്പിച്ച് മടങ്ങുമ്പോൾ ഉപയോഗ വസ്തുക്കളുടെ വിപുലമായ ശേഖരവുമായി അറബി പെണ്ണുങ്ങളുടെ കച്ചവടം ഹറമിനു മുന്നില്‍ തകൃതിയായി നടക്കുന്നത് കാണാൻ കഴിയുന്നു. ഏത് സമയത്ത് പോലീസ് വന്നാലും എല്ലാം പെട്ടന്നുതന്നെ അടുക്കിപെറുക്കി കൊണ്ട് പോകാൻ കഴിയുന്ന രൂപത്തിലൊരു നീളൻ ശീലയിലാണ് അവരതെല്ലാം നിരത്തി വച്ചിരിക്കുന്നത്. അതിലെ ഓരോ സാമാനങ്ങളും എടുത്തുയർത്തി അതിന്റെ വില ഉച്ചത്തിലവർ പറയുന്നത് ഞാന്‍ കേട്ടു. അത് കാണാനൊന്നോണം വലിയ ജനക്കൂട്ടവും അവിടെ തടിച്ച് കൂടിയിട്ടുണ്ട്. അവരാ കാഴ്ച്ചയുടെ കൗതുകത്തിലവിടെ മുഴുകി ഇരിക്കുന്നതല്ലാതെ അത് വാങ്ങിക്കുന്നതൊന്നും ഞാൻ കണ്ടില്ല. റോഡിന്റെ അറ്റത്തുനിന്നും ഇടക്കിടെ ഉയരുന്ന പോലീസ് വാഹനത്തിന്റെ സൈറൺ ആ കച്ചവടക്കാരികളെ ഏറെ അലോസരപ്പെടുത്തുന്നുണ്ടന്നെനിക്ക് തോന്നി. അവരുടെ ആ മുഖാവരണത്തിനുള്ളിലവർ സ്വപ്നങ്ങൾ നെയ്ത് കൂട്ടുന്നു...




No comments:
Post a Comment