മനുഷ്യന്റെ മണ്ണിനോടുള്ള താല്‍പര്യം വിശ്വലോക പ്രസക്തമാണല്ലോ. അവന്‍ സകലതും വെട്ടിപിടിക്കുന്നത് മണ്ണിനു വേണ്ടി മാത്രമാണ്. ഒന്നും രണ്ടും ലോക മഹാ ക്രൂര യുദ്ധങ്ങൾ, അതിനു മുമ്പത്തെ നീണ്ട അധിനിവേശ ചരിത്രം. കണ്ടെത്തലുകള്‍. കണ്ടെത്തലുകളെപ്പറ്റി ഒരു കാര്യം പറയാം... അമേരിക്ക കണ്ടെത്തിയത് കൊളംബസ്സാണെന്നാണ് വെപ്പ്. അപ്പൊ പിന്നെ അതിന് മുമ്പവിടെ അമേരിക്ക ഉണ്ടായിരുന്നില്ലേ? അവിടെ മനുഷ്യരുണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നു. പക്ഷേ, ഈ മണ്ണിൽ കാലൂന്നി നടക്കുന്നവർക്കുമുണ്ട് ചില സംവരണാത്മകത. ചിലര്‍ കീഴടക്കുന്നവരും കണ്ടെത്തുന്നവരും ചിലര്‍ കീഴടക്കപ്പെടുന്നവരും പീഡിതരും.
കീഴടക്കലുകളുടെ ചരിത്രമാണ് മണ്ണിന്റെ ചരിത്രം. ഇന്നുമത് ഒരു ലാഘവുമില്ലാതെ തുടർന്ന് കൊണ്ടേയിരിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങൾ തൊട്ട് അയല്‍ക്കാരുമായുള്ള സ്വത്ത് തര്‍ക്കം വരെയുള്ള കാര്യങ്ങളില്‍ മണ്ണൊരു പ്രധാന തര്‍ക്ക വിഷയമാണ്. മണ്ണിനോടുള്ള ആര്‍ത്തിയവനെ മനുഷ്യനല്ലാതാക്കുന്നു. എത്ര എത്ര യുദ്ധങ്ങള്‍, എത്ര എത്ര അതിർത്തി തര്‍ക്കങ്ങള്‍... ഞാനിത് എഴുതി കൊണ്ടിരിക്കുമ്പോൾ അങ്ങകലെ പാലസ്തീന്‍ മണ്ണില്‍ യുദ്ധം നടന്നുകൊണ്ടിരിക്കയാണ്. അതും മണ്ണിന് വേണ്ടി തന്നെ.
തങ്ങളുടെ ദൈവം ആയിരകണക്കിന് വർഷങ്ങൾക്ക് മുമ്പ് തങ്ങൾക്ക് വാഗ്ദാനം ചെയത മണ്ണാണ് പാലസ്തീനെന്നാണ് അവിടെ യുദ്ധം നടത്തുന്ന ഇസ്രായേലിന്റെ വാദം. ചരിത്രത്തിന്റേതായ യാതൊരു പിന്‍ബലവുമില്ലാതെ കേവലം ഇതിഹാസ കഥകളാണ് അതിനായി അവരെ മുന്നോട്ട് നയിക്കുന്നത് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഇനി അതിൽ വല്ല ചരിത്രവസ്തുതകളുണ്ട് എന്ന് തന്നെ ഇരിക്കട്ടെ. എങ്കിൽ, ആ പ്രദേശമവര്‍ക്ക് സ്വന്തമാക്കാൻ ബലപ്രയോഗത്തിന്റേതല്ലാത്ത മറ്റെന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ട്. ഭൂസ്വത്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകള്‍ ധാരാള കണക്കിനുണ്ടല്ലോ. എന്നാൽ, സമകാലിക ലോകത്തെ സകല സ്വത്തവകാശ നിയമങ്ങളേയും കാറ്റില്‍ പറത്തികൊണ്ടാണ് അവരാ മണ്ണില്‍ അധിനിവേശം നയിക്കുന്നത്.
ഇനി വിഷയത്തിലേക്ക് വരാം...
മദീന സന്ദര്‍ശന ദിനത്തിന്റെ നാളുകളില്‍ ചരിത്രമുറങ്ങി കിടക്കുന്ന മദീനയുടെ ഒരു പ്രാന്തത്തിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് ഞങ്ങൾ. ഞങ്ങളെന്നു പറഞ്ഞാൽ ഒരു ബസ്സ് നിറയെ ആളുകൾ. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള അനേകം ഗ്രാമ നഗരങ്ങളിൽ നിന്നുള്ള മനുഷ്യര്‍. അവരെല്ലാവരും ഒരു ചെറിയ മനുഷ്യന്റെ നേതൃത്വത്തിലാണ് ഉഹ്ദ് മലയിലേക്കുള്ള യാത്രക്കായി ഇറങ്ങിയിരിക്കുന്നത്. സ്നേഹത്തോടെ ഞങ്ങളദ്ദേഹത്തെ 'ഉസ്താദ്' എന്നാണ് വിളിക്കാറ്. ആദ്യംതന്നെ... പോകുന്ന സ്ഥലത്തെ കുറിച്ചുള്ള ഒരാമുഖമദ്ദേഹം പറഞ്ഞു വെച്ചു.
ഉഹ്ദ്...
ഇസ്ലാമിക ചരിത്ര താളുകളിൽ സ്വര്‍ണ്ണ മഷികൊണ്ട് രേഖപ്പെടുത്തി വച്ചിരിക്കുന്ന... സകലകാല മനുഷ്യർക്കുമുള്ള വലിയ പാഠങ്ങൾ മറഞ്ഞു കിടക്കുന്ന ഉഹുദ് യുദ്ധം നടന്ന സ്ഥലം. അതിലെ രക്തസാക്ഷികളായ വീരസമര സഖാക്കളുടെ മഖ്ബറയുണ്ടവിടെ. ധീര ഹംസത്തായവരുടെ... പിന്നെ, പേരറിയാത്ത അനേകം സ്വര്‍ഗ്ഗാവകാശികളുടെ.
ഞങ്ങൾ താമസിക്കുന്ന പ്രദേശത്തു നിന്നും ഏകദേശം 7 കിമി ദൂരമാണ് ഉഹ്ദ് താഴ്-വരയിലേക്കുള്ളത്. അരമണിക്കൂര്‍ യാത്രദൂരം. വിശാലമായ മദീന വീഥികളിലൂടെ ഉഹുദ് ലക്ഷ്യമാക്കി ഞങ്ങളുടെ ബസ്സ് കുതിച്ച് കൊണ്ടിരിക്കുമ്പോള്‍ പാതക്കിരുവശത്തും ആളൊഴിഞ്ഞ വിശാലമായ മരുഭൂപാതകളും, മലകളും, കുന്നുകളും കാണാം. ഇതുവരെ ഞാന്‍ കണ്ട മദീനയുടെ ചിത്രങ്ങൾക്ക് വിപരീതമായൊരു കാഴ്ചയായിരുന്നത്. വരണ്ടുണങ്ങിയ മണല്‍ മൈതാനം. പച്ചപ്പ് കാണാത്ത മൊട്ട താഴ്‌വരകള്‍. അവിടെ അങ്ങിങ്ങ് മേഞ്ഞു നടക്കുന്ന ഒട്ടകം... മരുഭൂമിയിലെ കപ്പല്‍. അത്ഭുദപ്പെടുത്തുന്നൊരു ദൈവ സൃഷ്ടിയാണീ ഒട്ടകമെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഈ കൊടും ഉച്ചവെയിലില്‍ ചുട്ടു പൊള്ളുന്ന മണല്‍ കാട്ടിലവകളങ്ങനെ യഥേഷ്ടം മേഞ്ഞു നടക്കുന്നു. എത്ര എത്ര കാലമായി തുടരുന്നതാണീ മേച്ചിലിന്റെ ചരിത്രമെന്ന് വല്ല പിടിയുമുണ്ടോ... നൂറ്റാണ്ടുകൾ... ആയിര കണക്കിന് വർഷങ്ങളായത് തുടർന്ന് കൊണ്ടേയിരിക്കുന്നു. അറബികളുടെ തണുപ്പ് കാലത്തും വേനല്‍ കാലത്തുമുളള കച്ചവട യാത്രകളെ കുറിച്ച് വിശുദ്ധ ഖുര്‍ആൻ ഏറെ വാചാലമാകുന്നുണ്ട്.
"രിഹ്ലത്തശിത്തായി വസ്സൊയ്ഫ്"
ഒട്ടകങ്ങളുടെ മനുഷ്യരേയും അവന്റെ സാധന സാമഗ്രികളേയും വഹിച്ചു കൊണ്ടുള്ള ആ യാത്രകളിലൂടെ അറബികൾക്ക് ആഹാരം ലഭ്യമായി വിശപ്പകലുകയും... മനശാന്തി ലഭിച്ച് ഭയമകലുകയും ചെയ്തെന്നാണ് ഖുര്‍ആൻ പറഞ്ഞു തുടരുന്നത്.
എഡി 625 മാർച്ച് 19ന് പ്രവാചകന്റെ നേതൃത്വത്തിലുള്ള മദീനയിലെ മുസ്ലീം രാഷ്ട്രവും അബുസുഫിയാന്റെ നേതൃത്വത്തിൽ മക്കയിലെ ഖുറൈഷികളും തമ്മിൽ നടന്ന യുദ്ധം കൊണ്ട് പ്രശസ്തമായ പ്രദേശമാണ് ഉഹ്ദ് താഴ്‌വാര. ചരിത്രത്തിലാ സംഭവത്തെ... നടന്ന പ്രദേശവുമായി ബന്ധപ്പെടുത്തി ഉഹ്ദ് യുദ്ധമെന്നാണ് വിളിക്കുന്നത്. റസൂല്‍ മക്കയിൽ ഇസ്ലാമിക പ്രബോധനവുമയി രംഗത്തിറങ്ങിയതു മുതൽ അദ്ദേഹത്തെ ശത്രുവായി പ്രഖ്യാപിച്ച മക്ക മുശ്രിക്കുകൾ പലവിധത്തിലുമവരെ ഉപദ്രവിച്ചു പോന്നിരുന്നു. അക്കാലത്ത് മക്കയിൽ വളരേകുറച്ച് അനുയായികളെ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നൊള്ളൂ. അക്രമം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോഴാണ് യസ്രിബിന്റെ അഥവാ മദീന നിവാസികളുടെ ക്ഷണപ്രകാരം അദ്ദേഹവും അനുയായികളും മദീനയിലേക്കെത്തുന്നത്. മദീനയിൽ പ്രവാചകൻ അച്ചടക്കമുള്ള ഒരു ഇസ്ലാമിക സമൂഹത്തെ പടുത്തുയർത്തി. ഇതിൽ പ്രകോപിതരായ മക്കക്കാർ മദീനയെ നശിപ്പിക്കാൻ വൻ ആയുധ സന്നാഹവുമായി അവരെ എഡി 624ൽ ബദ്റിൽ വച്ച് നേരിട്ടു. എന്നാൽ, നാമമാത്ര മുസ്ലിം പടയാളികള്‍ക്ക് മുന്നില്‍ പരാജിതരായാണ് മക്കകാരവിടം വിട്ടത്. ഇതിനു പ്രതികാരമായെന്നോണം അടുത്തവർഷം അവർ നടത്തിയ നീക്കമാണ് ഉഹ്ദ് യുദ്ധത്തിൽ കലാശിച്ചത്.
ഞങ്ങളവിടെ ഇറങ്ങുമ്പോള്‍ അനേകം യാത്ര സംഘങ്ങളെകൊണ്ട് സജീവമായിരുന്നു അവിടെ. വലിയ വിസ്താരത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബസ്സുകൾ. അവക്കിടയില്‍ ഒരു പൂരപറമ്പിലെന്നപോലെ തിങ്ങി നിറഞ്ഞ ജനക്കൂട്ടം. പിന്നെ, കച്ചവടക്കാർ, ഗൈഡുകൾ സുരക്ഷ ജീവനക്കാർ. 1388 വർഷങ്ങൾക്ക് മുമ്പ് ഇതുപോലുള്ളൊരു പ്രഭാതത്തിൽ രക്തരൂക്ഷിതമായൊരു യുദ്ധം കണ്ടനുഭവിച്ച മണ്ണിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു. പിന്നെ, അവിടെ കണ്ട ഒരു കുന്നിലേക്ക് കയറാൻ ഉസ്താദ് ഞങ്ങളോടാവശ്യപ്പെട്ടു. കുന്നിന്റെ മുകളില്‍ നിന്നും നോക്കിയാല്‍ താഴ്‌വരയുടെ ഒരു ചെറിയ വീക്ഷണം കിട്ടും. അവിടെ അന്നത്തെ ആ സായുധ അശ്വരൂഢ സേനയേയും അവര്‍ക്കെതിരിൽ പാഞ്ഞടുക്കുന്ന മദീന സൈന്യത്തെയും മനസ്സിലേക്കാവാഹിക്കാൻ ഞാന്‍ ശ്രമിച്ചു.
അബൂസുഫ്യാന്റെ നേതൃത്വത്തിൽ 3000 കാലാൾപടയും 200 അശ്വഭടന്മാരുമടങ്ങുന്ന സംഘമായിരുന്നു ഒരു വശത്ത്. എന്നാൽ, 1000 കലാൾപ്പട മാത്രമുണ്ടായിരുന്ന പ്രവാചകാനുയായികൾക്ക് ആത്മദൈര്യം മാത്രമായിരുന്നു കൈമുതൽ. ഏത് ശത്രുവിനേയും നിഗ്രഹിക്കാൻ കഴിയുന്ന ഈമാന്റെ കരുത്ത്... മലയുടെ എതിർ വശത്ത് നിന്നുള്ള ആക്രമണം തടയാനായി കുറച്ചു അമ്പെയ്ത്തുകാരെ ഉഹ്ദ് മലയുടെ മുകളിൽ... ഞങ്ങളീ നില്‍ക്കുന്ന സ്ഥലത്ത് പ്രവാചകൻ വിന്യസിച്ചിരുന്നു. എന്തു സംഭവിച്ചാലും താഴേക്കിറങ്ങരുതെന്ന് അവരോടദ്ദേഹം കൽപ്പിക്കുകയും ചെയതു. മലയുടെ താഴെയുള്ള തങ്ങളുടെ സഹോദരന്മാരുടെ ആയുധപ്രയോഗം സൂക്ഷ്മതയോടെ നിരീക്ഷിച്ചും... പിന്നില്‍ നിന്ന് വന്നേക്കാവുന്ന ഏതൊരാക്രമത്തേയും പ്രതീക്ഷിച്ചുകൊണ്ടുമാണവർ അവിടെ നിലയുറപ്പിച്ചിരുന്നത്.
തുടക്കത്തിൽ മുസ്ലിംകൾക്കായിരുന്നു വിജയം. മക്കക്കാർ പിൻവാങ്ങിത്തുടങ്ങി. ഇതുകണ്ട മലമുകളിൽ നിലയുറപ്പിച്ച അമ്പെയ്ത്തുകാരിൽ ഭൂരിഭാഗവും യുദ്ധമുതൽ സംഭരിക്കാനായി പ്രവാചക കല്‍പ്പന ധിക്കരിച്ച് താഴേക്കിരച്ചിറങ്ങി. എന്നാൽ, അതിനവർ വലിയ വിലതന്നെ നല്‍കേണ്ടി വന്നു. ഉഹ്ദ് മലയില്‍ നിലയുറപ്പിച്ചിരുന്ന മദീന സൈന്യത്തിലെ ഭൂരിപക്ഷം പേരും കുന്നിറങ്ങിയെന്ന് ബോധ്യപ്പെട്ട മക്ക സൈന്യത്തിന്റെ പടനായകൻ ഖാലിദ്ബ്നു വലീദ് മക്കക്കാരേയും കൂട്ടി മലയുടെ പിന്നിലൂടെ കറങ്ങി വന്ന് മുസ്ലിംകളെ പിറകില്‍ ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ മുസ്ലിം സൈന്യം ഛിന്നഭിന്നമായി. 70ഓളം മുസ്ലിംകൾ തൽക്ഷണം കൊല്ലപ്പെട്ടു. നേതൃത്വം പറയുന്നത് അനുസരിക്കാൻ വിസമ്മതിച്ച ഒരു ജനതയെ എങ്ങനെയാണ് ദുരിതം ബാധിക്കുന്നത് എന്നതിനുള്ള എന്നെന്നും ജീവിക്കുന്ന ഉദാഹരണമായിരുന്നു ആ സംഭവം.
യുദ്ധ മുതൽ സംഭാദനത്തിന്നായി മലയിറങ്ങി നീങ്ങുന്ന ആ പടയാളികളുടെ കാഴ്ച്ച പോലെ കുറേയാളുകളപ്പോൾ കുന്നിറങ്ങുന്നുണ്ടായിരുന്നു. അവരില്‍ കുറേ പേർ താഴെ ഉഹ്ദ് രണഭൂമിയില്‍ എന്തോ പെറുക്കി നടക്കുന്നത് കാണാം. ചിലരത് തങ്ങളുടെ കൈവശമുള്ള കുപ്പിയിൽ നിറക്കുന്നു. ചിലർ കടലാസിൽ പൊതിഞ്ഞ് ബാഗിലെടുത്ത് വെക്കുന്നു. ചിലരോ എന്തോ തിരഞ്ഞു നടക്കുന്നതും കാണാൻ കഴിയുന്നു. എന്തായിരിക്കാമതെന്ന് ഞാന്‍ ചിന്തിച്ചു. ഇനി ചരിത്രത്തിന്റെ വല്ല തിരു ശേഷിപ്പുകളുമായിരിക്കുമോ... ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നെടുത്ത മുത്തും പവിഴവുമെന്നൊക്കെ പറയുന്നത് മാതിരി. ഞാനവരെ കൂടുതൽ നിരീക്ഷിച്ചു. അപ്പോഴാണൊരു കാര്യമെനിക്ക് പിടികിട്ടിയത്... മണൽ തരികളാണവർ പെറുക്കി കൂട്ടുന്നത്. നല്ല ചൂടുള്ള മരുഭൂമണല്‍. എന്തിനായിരിക്കാം അവര്‍ക്കത്. ഞാൻ ഉസ്താദിനോട് ചോദിച്ചു. ഉഹ്ദ് യുദ്ധം നടന്ന ഈ പ്രദേശത്തിന്റെ പുണ്യം ലാക്കാക്കിയാണത്രെ അവരത് പെറുക്കി കൂട്ടുന്നത്.
തങ്ങളുടെ പ്രവര്‍ത്തകരും അനുചരന്മാരും തോളോട് തോൾ നിന്ന് പോരാടിയ മണ്ണ്. വിശുദ്ധ ഖുര്‍ആനിൽ... തിരു പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയ ഹദീസ് ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കപ്പെട്ടൊരു മഹത്തായ സംഭവം നടന്ന മണല്‍ തരികൾ ശേഖരിച്ച് വീട്ടില്‍ കൊണ്ടു പോയി വെക്കുന്നതില്‍ അവരെന്തോ മാനസിക സംതൃപ്തി നേടുന്നുണ്ടായിരിക്കാം. അല്ലെങ്കിൽ, ചരിത്ര കുതുകികളായിരിക്കാം അവർ. ചരിത്രം തഴുകി നീങ്ങിയ ആ മണ്ണിനെ അഭിമാനത്തോടെ ചില്ലലമാരയിൽ സൂക്ഷിക്കാനായിരിക്കാമത്. എന്നാല്‍, ഇതൊന്നും കൂടാതെ മറ്റെന്തെങ്കിലും ഗൂഢാലക്ഷ്യമായിരിക്കുമോ അതിനു പിന്നിലെന്ന സന്ദേഹം ഞങ്ങളില്‍ പലർക്കുമുണ്ടായി. വിശ്വസം ചിലപ്പോഴൊക്കെ അങ്ങനെയാണല്ലോ. വിവേകത്തോടെ ഉപയോഗിച്ചില്ലങ്കിൽ അബദ്ധങ്ങൾ കലരും. ഈ അടുത്ത കാലത്തൊരിക്കൽ ബദർ യുദ്ധം നടന്ന പ്രദേശത്തിന് അങ്ങനെയൊരു അപഖ്യാതി നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെ സന്ദര്‍ശനം നടത്തിയ ചില വിശ്വാസികള്‍ അവിടെയുള്ള മണല്‍ ശേഖരിച്ച് നാട്ടില്‍ കൊണ്ടുപോയി വില്‍പന നടത്തുക, രോഗശമനത്തിന് മരുന്നായി ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾക്കത് ഉപയോഗിച്ചുവത്രേ. അത് ശ്രദ്ധയിൽ പെട്ടതിനെ തുടര്‍ന്ന് സൗദി സര്‍ക്കാര്‍ വിഷയത്തിൽ ഇടപെടുകയും മേല്‍ പ്രദേശത്തിന് ചുറ്റിലുമൊരു വലിയ മതില്‍ കെട്ടി പ്രദേശം അടിക്കുകയും ചെയ്തെന്നാണ് കഥ.
ഒരുപക്ഷേ, ഉഹ്ദ് പെയ്ത ഈ മണ്ണിലും നാളെ അങ്ങനെ ഒരു മതില്‍ ഉയർന്നേക്കാം. ആ ജനതയവിടെ പെറുക്കി കൊണ്ടിരിക്കുന്നത് ഉയരാൻ നില്‍ക്കുന്ന ആ വലിയ മതിലിനുള്ള കല്ലുകളാണന്ന് തോന്നിപ്പോകുന്നു.
പ്രവാചകന്റെ നിര്‍ദേശം കാറ്റില്‍ പറത്തി നീങ്ങിയതിനാൽ ഒരു സമൂഹത്തിന് നേരിടേണ്ടി വന്ന വേദനയുടെ ചരിത്രം പേറി നില്‍ക്കുന്ന സ്ഥലത്ത് തന്നെ ആ പ്രവാചകന്റേയും പണ്ഡിതന്മാരുടേയും നിര്‍ദ്ദേശങ്ങളെ വീണ്ടും കണ്ടില്ലെന്ന് നടിക്കുന്ന പുതിയ തലമുറ ആ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് കാണുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു.
ഉഹ്ദ് യുദ്ധത്തിലന്ന് ഇസ്ലാമിന് നഷ്ടമായത് സ്വഹാബി വര്യനായിരുന്ന ഹംസ ബിൻ താലിബിനെ പോലെയുള്ള പ്രാഗൽപ്പരെയായിരുന്നു. അബൂ സുഫിയാന്റെ ഭാര്യ ഹിന്ദിന്റെ ആക്രമണത്തിനിരയായി കരള്‍ അല്ലാഹുവിന് നല്‍കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ആദ്യം അല്‍പ്പമകലെയുള്ള മലയുടെ തൊട്ട് താഴെയാണ് മറമാടിയിരുന്നത്. എന്നാൽ, അറേബ്യയിൽ അപൂര്‍വ്വമായി മാത്രം പെയ്യുന്ന ഒരു പെരുമഴയത്ത് ആ ഖബർ കുത്തിയൊലിച്ച് പോവുകയും... പിന്നീടവിടെ നിന്നും ഉഹ്ദ് രക്തസാക്ഷികളുടെ മഖ്ബറയിലേക്കത് മാറ്റി സ്ഥാപിക്കുകയുമാണുണ്ടായത്.
ഞങ്ങൾ നില്‍ക്കുന്ന കുന്നിന്റെ നേരെ എതിർവശത്തുള്ള മലയുടെ മുകളിലേക്ക് കുറച്ചാളുകൾ ശ്രമകരമായി കയറി പോകുന്നത് കാണാം. അതിന് മുകളില്‍ സവിശേഷമായൊരു കാഴ്ചയുണ്ടന്നാണ് ഉസ്താദ് പറയുന്നത്. അതിപ്രകാരമാണ്. ഉഹ്ദ് യുദ്ധത്തിൽ പ്രവാചകന് സാരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ പല്ല് പൊട്ടി ചോരയൊലിച്ചതിനാൽ ആ കുന്നിന്റെ മുകളിലുള്ള ഒരു പൊത്തിൽ കിടത്തിയാണ് അദ്ദേഹത്തെ സ്വഹാബത്ത് ശുശ്രൂഷിച്ചതത്രെ. ആ മലമടക്കിലുള്ള ആ പൊത്ത് കാണാനാണ് ആ സംഘങ്ങളങ്ങോട്ട് പോകുന്നത് എന്നദ്ദേഹം പറഞ്ഞു വെച്ചു. യുദ്ധത്തിനൊടുക്കം മക്കക്കാർ നിശേഷം പരാജയപ്പെട്ടെങ്കിലും മുസ്ലിംകൾക്ക് കനത്ത നാശനഷ്ടങ്ങളാണുണ്ടായത് എന്ന് ചരിത്രത്തിൽ നിന്നും വായിച്ചെടുക്കാൻ കഴിയും.
ഞങ്ങൾ കുന്നിറങ്ങുമ്പോൾ താഴെ കച്ചവടക്കാരുടെ തിരക്ക് കാണാം. പിന്നെ, മണല്‍ തരികൾ പെറുക്കി കൂട്ടുന്ന ആ അവിവേകികളേയും... അവര്‍ ദിനവും ഇവിടെ വന്ന് മടങ്ങുന്ന നൂറു കണക്കിനാളുകളുടെ ചെരുപ്പിൽ നിന്നും വീണ മാലിന്യങ്ങള്‍, തുപ്പൽ, കഫം, മൂത്രം തുടങ്ങിയ സകലമാന വൃത്തികേടുകളും കൂടിക്കലര്‍ന്ന ആ മണല്‍ തരികൾ ഗമയോടെ... അത്യധികം 'ഭയഭക്തി ബഹുമാനത്തോടെ' പെറുക്കിയെടുത്ത് കൊണ്ടേയിരിക്കുന്നത് കാണുമ്പോള്‍ എനിക്കോർമ്മ വന്നത് ഉഹ്ദ യുദ്ധമായിരുന്നു. പ്രവാചകന്റെ വാക്കിനെ ധിക്കരിച്ച് യുദ്ധാർജിത മുതൽ ശേഖരിക്കാനിറങ്ങിയ ആ പുരുഷാരത്തെ ആയിരുന്നു.
ശുഭം...
No comments:
Post a Comment