Saturday, 11 April 2020

മക്കത്തേക്ക് തുറക്കുന്ന കവാടം

യാത്രകള്‍ ചെയ്യാൻ മനുഷ്യന് വലിയ ആവേശമാണല്ലോ. അത് അപൂര്‍വതകളിലൂടെ ആവുമ്പോൾ ആവേശം ഇരട്ടിക്കും. പണ്ട്‌... ഞാൻ ചെറിയ കുഞ്ഞായിരുന്ന കാലത്ത് വിമാനത്താവളങ്ങളുടെ ചില്ലു ജാലകങ്ങൾക്കപ്പുറമാണ് വിശാല സുന്ദരമായ ഗൾഫ് നാടെന്ന് ചിന്തിച്ച് വച്ചിരുന്നു. ഇപ്പുറം പച്ചപ്പ് തുളുമ്പുന്ന കേരളം. അപ്പുറമാണങ്കിലോ ഈത്തപ്പഴം വിളയുന്ന അറേബ്യൻ മണലാരണ്യം. അവിടെ പണം കായ്ക്കുന്ന മരമുണ്ട്. കൂടാതെ, ബദാം... പിസ്ത... വിവിധ വര്‍ണ്ണത്തിലും രുചിയിലുമുള്ള മിഠായികളും. അവിടത്തുകാർ ചറപറയെന്നോണമാണ് അതെല്ലാം കഴിച്ചു നടക്കുന്നത്. സമൃദ്ധിയുടെ ഭൂമികയിലെ മഹാഭാഗ്യവാന്‍മാർ. "എന്റെ ഉപ്പ മക്കത്താ..." എന്ന് പറയുമ്പോള്‍ ആ ചിത്രങ്ങൾ ഓരോന്നോരോന്ന് മനസ്സിൽ തെളിയും. പ്ലാസ്റ്റിക് കയറുകൊണ്ട്‌ വരിഞ്ഞ് മുറുക്കിയ വലിയൊരു കടലാസു പെട്ടി. കൂടെ ഒരു സ്യൂട്ട് കേസ്, പിന്നെ സുന്ദര സുരഭിലമായ പരിമളം.

ഗൾഫ് മണം...

'മക്കത്ത്' നിന്നും വന്ന ശേഷം അല്‍പ്പം ദിവസങ്ങൾ കഴിഞ്ഞാൽ ഉമ്മയെ കരയിപ്പിച്ചുകൊണ്ട് ഉപ്പ വീണ്ടുമാ പെട്ടികൾ നിറക്കും. ഇത്തവണ കടലാസു പെട്ടികളിലല്ല. പകരം, ആ ഒറ്റ സ്യൂട്ട് കെയ്സ് മാത്രം. അതിൽ വസ്ത്രങ്ങൾ, ഭക്ഷണ പൊതികൾ, മസാല പൊടികൾ നിറച്ച കവറുകൾ തുടങ്ങി അനേകം വസ്തുവഹകൾ നിക്ഷേപിക്കും. ഉപ്പാ മക്കത്തേക്കു തന്നെ തിരിച്ച് പോവുകയാണ്. ഈത്തപ്പഴം, ബദാം, പിസ്ത, മിഠായി തുടങ്ങിയവ വാങ്ങി വരാൻ.

വീട്ടിലെ മുതിർന്നവരെ ഗാഢമായി പുണർന്ന്. യാത്ര ചൊല്ലും... അപ്പോൾ, അടക്കി പിടിച്ച കരച്ചിലുകൾ കേൾക്കാം.

വിശാലമായ പാതയിലൂടെ അനേകം ദൂരം യാത്ര ചെയത് വേണം മക്കത്തേക്ക് തുറക്കുന്ന വാതില്‍പ്പടിക്കലെത്തിച്ചേരാൻ. അവിടെയാണ് വിമാനമെന്ന അത്യാത്ഭുദവാഹനം സ്ഥിതിചെയ്യുന്നത്. അതുമായി ചേര്‍ത്ത് കൊണ്ട്‌ വിമാനതാവളമെന്നാണ് ആ കെട്ടിടത്തിന്റെ നാമം. പൂന്തോട്ടം അതിരിടുന്ന വെള്ള വരകള്‍ വരഞ്ഞിട്ട കറുത്ത പാതകളാണ് അവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. അടുക്കും ചിട്ടയോടേയും നിരന്ന് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളതിൽ കാണാം. അകലെ 'മക്കത്തിന്റെ' അതിർത്തികളായ വലിയ ഉയരമുള്ള മതിലുകള്‍. ആ മതിലുകളിൽ നിറയെ കമ്പി വേലികളാണ്. ഈത്തപ്പഴം മോഷണക്കാർ മതിലെടുത്ത് ചാടാതിരിക്കാൻ വേണ്ടി ആയിരിക്കാമത്.

വാഹനം നിർത്തിയിട്ട ശേഷം വിമാനത്താവള കെട്ടിടത്തിന്റെ വരാന്ത പോലുള്ള ഭാഗത്തേക്ക് നടക്കുമ്പോൾ ഞങ്ങളെ പോലെയുള്ള അനേകം മനുഷ്യരെ അവിടെ കാണാൻ കഴിയും. പലപല വേഷങ്ങൾ, സംസാര ശൈലികള്‍, വിലപിടിപ്പുള്ള മിഠായികൾ കഴിക്കുന്നവർ അങ്ങനെ അങ്ങനെ. അവിടെ ജനങ്ങൾ കൂട്ടമായി നില്‍ക്കുന്ന നില്‍ക്കുന്ന ഒരിടത്ത്‌ ആ കെട്ടിടത്തിന്റെ ഉള്ളിലേക്ക് തുറക്കുന്ന ഒരു നീണ്ട വഴിത്താരയുണ്ട്. അതിന്റെ അങ്ങേ തലക്കലാണ് 'മക്കത്തേക്ക് തുറക്കുന്ന' ചില്ലു വാതില്‍ സ്ഥിതിചെയ്യുന്നത്. അതിലൂടെ ഉപ്പ തന്റെ പെട്ടി കയറ്റി വെച്ച ഉന്ത് വണ്ടിയുമായി നീങ്ങും. കറുത്ത വര്‍ണ്ണത്തിലുള്ള ഒരു ചെറിയ ബുക്ക് കൈവശമുള്ളവർക്ക് മാത്രമേ അതിലൂടെ പ്രവേശനമുള്ളൂ. ഒടുവിലതാ.. ഉപ്പ മക്കയുടെ ആ കവാടത്തിങ്കൽ വീണ്ടും എത്തി ചേര്‍ന്നിരിക്കുന്നു. അവിടെ കാവല്‍ നില്‍ക്കുന്ന തോക്ക് പിടിച്ച അജാനബാഹുക്കളായ പോലീസുകാരെ കാണാം. അയാൾ ഉപ്പയിൽ നിന്നും ആ ബുക്കൊന്ന് തുറന്ന് വായിച്ച ശേഷം അത് തിരികെ കൊടുക്കും. ഉപ്പ ഒരിക്കല്‍ കൂടി ഞങ്ങൾക്കായി കൈവീശി അകത്തേക്ക് നീങ്ങും...

നീണ്ട കാലങ്ങൾക്ക് ശേഷം ആ കവാടത്തിനപ്പുറം തന്നെയാണോ മക്കം എന്ന 'അന്വേഷണവുമായി' ഞാനവിടേക്ക് നടത്തിയ എന്റെ യാത്രാനുഭവം എനിക്കത്രമേൽ പ്രിയതമാണ്.

മക്കയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട നീണ്ട തിരക്കുകളിലായിരുന്നു ഞാന്‍. കുടുംബ സന്ദര്‍ശനങ്ങൾ, അവശ്യ സാധനങ്ങളുടെ വാങ്ങൽ, വിജയകരമായി എങ്ങനെ മക്കയിലെ കര്‍മ്മങ്ങൾ പൂര്‍ത്തീകരിക്കാം എന്നതിനെ ചൊല്ലിയുള്ള പ്രഭാഷണങ്ങള്‍ കേൾക്കൽ... അങ്ങനെ കുറെയേറെ പണികള്‍. ഒരു ഏകാന്ത യാത്രയാണ് ഞാനുദ്ദേശിച്ചിരുന്നതെങ്കിലും ഇടയിൽ കുറെ ആളുകൾ എന്നോടൊപ്പം ചേര്‍ന്നു. എങ്കിലും, ഞാന്‍ മാത്രമായിരുന്നു അക്കൂട്ടത്തിലെ ആൺതരി. എന്നെ കൂടാതെ, മാതാവ്, മാതാവിന്റെ മാതാവ്, അവരുടെ ജ്യേഷ്ഠ സഹോദരി. പിന്നെ, എന്റെ അനിയൻ തുടങ്ങിയവരൊക്കെയാണവർ. അങ്ങനെ അനേക ദിവസത്തെ ആ തിരക്കുകളൊക്കെ കഴിഞ്ഞ് യാത്രയുടെ തലേന്നാൾ എന്ന സുന്ദരമോഹന ദിവസത്തിലേക്ക് ഞങ്ങളെത്തി ചേര്‍ന്നു. എന്റെ ക്ഷീണം മുഴുവന്‍ കിടക്കയിലമർത്തി ഞാനന്നുറങ്ങാൻ കിടക്കുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.

പിറ്റേന്ന്‌, ഒരു രാഷ്ട്രനായകൻ തന്റെ വിദേശ പര്യടനത്തിന് തൊട്ടുമുമ്പ് നിരന്നു നില്‍കുന്ന ഉദ്യോഗസ്ഥരേയും അനുയായികളേയും അഭിവാദ്യം ചെയ്യുന്നപോലെ കുടുംബങ്ങൾക്കും അയല്‍വാസികള്‍ക്കും കൈകൊടുത്ത് ഞങ്ങളിറങ്ങി. തിരികെ വരുമെന്ന് ഉറപ്പില്ലാത്ത യാത്രയാണ്. പണ്ട്‌ അടിയന്തിരം പോലുള്ള മരണാനന്ദര ക്രിയകള്‍ വരെ ചെയതായിരുന്നത്രെ മനുഷ്യരീ യാത്രക്കിറങ്ങി പുറപ്പെട്ടിരുന്നത്. ദിവസങ്ങളോളം നീളുന്ന ജലയാത്രകൾക്ക് ശേഷം ഭാഗ്യമുണ്ടങ്കിൽ മാത്രമവർ മക്കയിലെത്തും... ഉരുവെന്ന ആ ജല വാഹനത്തിന്റെ സാങ്കേതികമായ പരിമിതകളോ, കടലിലെ പ്രക്ഷുബ്ധ സാഹചര്യങ്ങളോ മാത്രമായിരുന്നില്ല അതിന്റെ കാരണം. അന്നത്തെ സ്ഫോടനാത്മകമായ രാഷ്ട്രീയ സാഹചര്യങ്ങളും ഹജ്ജ് യാത്രയുടെ വിജയത്തിന് വിഘാതമായി നിലനിന്നിരുന്നു. എത്രയെത്ര പായ കപ്പലുകളാണ് അറബിക്കടലിന്റെ ആഴങ്ങളിലേക്കവർ തള്ളി മറിച്ചിരിക്കുന്നത്. പീരങ്കി ഗര്‍ജ്ജനങ്ങളേറ്റു വാങ്ങിയ ഹജ്ജ് കപ്പലുകളും ചരിത്രത്തിൽ കാണാം. പുതിയ കണ്ടുപിടിത്തങ്ങളുടെ വരവോടെയാണ് മക്ക യാത്ര കൂടുതൽ അപായ മുക്തമായതെന്ന് വേണമെങ്കിൽ പറയാം. എന്നിരുന്നാലും, ഹജ്ജ് യാത്രയെ സംബന്ധിച്ച് ആ പഴയ കാലത്തിന്റേതായ അപായ സൂചനകളിപ്പോഴും മനുഷ്യ മനസ്സുകളിൽ നിന്നും വിട്ട് മാറിയിട്ടില്ല എന്ന് തോന്നുന്നു.

നാല് മ‌ണിയോടെയാണ് വിമാനത്താവളത്തിലെത്തിയത്. സുമാര്‍ ഒരു മണിക്കൂറിലധിധികം ഞങ്ങളവിടെ ഞങ്ങളുടെ യാത്രസംഘത്തിലെ സഹയാത്രികരെ കാത്തു കെട്ടി കിടന്നു. ഒരുപക്ഷേ, അനേകം, മാമൂലുകളുമായി നടക്കുന്നവരാകാം അവര്‍. വിട്ടു പോയേക്കാവുന്ന അത്തരം കര്‍മ്മങ്ങളെ ചൊല്ലി പിന്നീടൊരു മാനസിക സംഘർഷം വേണ്ട എന്നുകരുതി അവസാന നിമിഷം വരെ അതിനായി ഓടിനടക്കുന്നവർ. അല്ലെങ്കിൽ, കുടുംബങ്ങള്‍ എത്രയോ കൂടുതലുള്ളവരുമാകാം അവർ. എന്നിരുന്നാലും, ഞങ്ങൾ ക്ഷമയോടെ അവര്‍ക്കായി കാത്തിരുന്നു. അതിനിടയില്‍ സ്ത്രീകള്‍ക്കിടയിൽ യാത്ര ഗ്രൂപ്പിന്റെ പേര്‌ ആലേഖനം ചെയ്ത ഒരു ചുവന്ന ശിരോവസ്ത്രവും, ഓരോരുത്തരുടേയും പേര്‌ വിവരങ്ങളടങ്ങിയ കഴുത്തിലും കൈയിലും അണിയുവാനുള്ള ടാഗും വിതരണം ചെയ്യപ്പെട്ടു. പാസ്സ്പോര്‍ട്ട്, ടിക്കറ്റ് തുടങ്ങിയവ എല്ലാവരുമെത്തിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ഞങ്ങളുടെ കൈയിൽ തന്നത്. ഒടുവില്‍, ഒരൊറ്റ വലിയ കുടുംബമായി ഞങ്ങൾ 83 യാത്രികര്‍ ഗ്രൂപ്പ് മേധാവിയുടെ പ്രതിനിധികളുടെ അകമ്പടിയോടെ വിമാനതാവളത്തിനുള്ളിലേക്ക് വരിവരിയായി നീങ്ങി.

മക്കത്തേക്ക് തുറക്കുന്ന കവാടം...

എന്റെ ചെറുപ്പം മഹാത്ഭുദത്തോട് നോക്കിയിരുന്ന വാതില്‍. ഇപ്പുറം കേരളമാകുന്ന പച്ചപ്പ്... അപ്പുറം തനി മണലിരണ്യം.. ബദാം, പിസ്ത, ഈത്തപ്പഴം, പലതരം മിഠായികൾ തുടങ്ങിയവ പൂക്കുന്ന സുന്ദര ലോകം. ഇന്ന്‌ ഞാനാ കവാടം കടന്നിരിക്കുന്നു.

അതിവിശാലമായ ഒരു വലിയ ഹാളാണത്. അനേകം മനുഷ്യർ അങ്ങോട്ടുമിങ്ങോട്ടും നടന്ന് നീങ്ങുന്ന തിരക്കിന്റേതായൊരു ലോകം. അവര്‍ക്കിടയില്‍ അവിടവിടെയായി ഇരിപ്പിടങ്ങള്‍, ഉന്തുവണ്ടി, ശക്തമായ വെളിച്ചം വീശുന്ന ബൾബുകൾ, ചുമരില്‍ കേരള സാംസ്കാരവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, രൂപങ്ങള്‍, ശില്‍പങ്ങള്‍, മനോഹരമായ പൂക്കുടങ്ങളിൽ വിരിഞ്ഞ് നില്‍കുന്ന പ്ലാസ്റ്റിക് ചെടികളുടെ നിര ആകര്‍ഷകമായ സംഗതിയാണ്. ചിത്രവേലകള്‍ കൊത്തിയ ചില ചുമർഭാഗങ്ങൾ കണ്ടാല്‍ ഏതോ പഴയ ഇല്ലങ്ങളെ അനുസ്മരിപ്പിക്കുന്നു. ഹാളിന്റെ അങ്ങേ തലക്കൽ ഒരു കാലത്തെ യാത്രികരുടെ മഹാസ്വപ്നങ്ങളെ ഓളങ്ങള്‍ക്കപ്പുറത്തേക്ക് നയിച്ചിരുന്ന ഉരുവിന്റെ മാതൃക കാണാം. അതെന്തുകൊണ്ടും സന്ദര്‍ഭോചിതമായൊരു സംഗതിയാണന്നെനിക്ക് തോന്നി.

അവിടെ ആദ്യമായി ഞങ്ങളെ വരവേറ്റത് പാസ്സ്പ്പോര്‍ട്ട്, ടിക്കറ്റ് പരിശോധനകയായ ഒരു പൊലീസ് യുവതിയാണ്. അവർ ഓരോരുത്തരുടേയും പാസ്സ്പോര്‍ട്ട് വളരെ ശ്രദ്ധയോടെ തന്നെ പരിശോധിക്കുന്നുണ്ടായിരുന്നു. അതിനു ശേഷമാണ് ലഗേജ് പരിശോധന. ഒടുവില്‍, കൈപ്പറ്റിയ വിമാന ഇരിപ്പിട നമ്പർ രേഖപ്പെടുത്തിയ ബോര്‍ഡിംഗ് പാസ്സുമായി ഞങ്ങൾ രണ്ടാം നിലയിലേക്ക് നടന്നു. അവിടെയാണ് ഏറ്റവും ഒടുവിലത്തെ നടപടി ക്രമങ്ങള്‍. ചെക്കിന്‍ നടപടികളുമായി ബന്ധപ്പെട്ട എമിഗ്രേഷൻ ഓഫീസറുടെ വിസ/പാസ്സ്പോർട്ട് പരിശോധനയും, ശരീര പരിശോധനയും. അതും കഴിഞ്ഞതിനൊടുക്കം ഞങ്ങൾ അതിവിശാലമായ കാത്തിരിപ്പ് കേന്ദ്രത്തിലേക്കെത്തി ചേര്‍ന്നു. നിറയെ സുവനീര്‍ കടകളും ഇരിപ്പിടങ്ങളും നിറഞ്ഞ വലിയൊരു ലോബിയാണത്. മുന്നിലെ വലിയ ചില്ലിനപ്പുറം അതിവിശാലമായ റൺവേയുടെ പശ്ചാത്തലത്തിൽ നിരന്ന് നിന്ന് വിശ്രമിക്കുന്ന ആകാശ വാഹനങ്ങൾ കാണാം... വിമാനങ്ങള്‍.

ഹാളിനകത്ത് പരന്നൊഴുകുന്ന കാപ്പിയുടെ ഗന്ധം  മൂക്കില്‍ വല്ലാതെ ഇക്കിളി പടര്‍ത്തുന്നുണ്ട്. അത് വലിയ 'ഉന്മേഷമാണ്' ഞങ്ങൾ യാത്രക്കാര്‍ക്ക് നല്‍കി വരുന്നതെന്നെനിക്ക് തോന്നി.

ഉംറ ചെയ്യുന്നതിനു മുന്നോടിയായി 'ഇഹ്റാം കെട്ടാല്‍' എന്നൊരു ലളിതമായ ചടങ്ങുണ്ട്. കര തുന്നാത്ത, അലങ്കാര രഹിതമായ കട്ടിയുള്ള രണ്ട് തൂവെള്ള മുണ്ടുകൾ കൊണ്ട്‌ ശരീരം മറക്കുന്നൊരു പരുപാടിയാണത്. ഒന്ന് ഉടുക്കും. മറ്റൊന്ന് ഇടത് കക്ഷം വഴി നെഞ്ചിലൂടെ വലത് കൈകുഴക്ക് മുകളിലേക്ക് ഞാഞിടും. തലയില്‍ തൊപ്പിയോ ആടയാഭരണങ്ങളോ ധരിക്കാതെ തീര്‍ത്തും ലളിതമായൊരു വസ്ത്ര രീതിയാണത്. അത് ധരിക്കുന്നതോടെ വേട്ടയാടൽ, ശരീര രോമം നീക്കൽ, നഖം മുറിക്കല്‍ തുടങ്ങി ഒരുപാട്‌ പ്രവര്‍ത്തികൾക്ക് കര്‍മ്മശാസ്ത്രപരമായ പരിമിതികളുണ്ട്. ഞങ്ങൾ യാത്രികരെല്ലാം തന്നെ വുളുയെടുത്ത് രണ്ട് റക്അത്ത് സുന്നത്തും നമസ്കരിച്ച് ഇഹ്റാമിൽ പ്രവേശിച്ചു.

ഒടുവില്‍, വിമാനത്തില്‍ കയറുവാനുള്ള അറിയിപ്പ് വന്നതിനെ തുടർന്നെല്ലാവരും റൺവേയിലേക്കിറങ്ങി. അവിടെയൊരു മൂലയിലുണ്ടായിരുന്ന ബസ്സില്‍ അങ്ങകലെ വിശ്രമിക്കുന്ന വിമാനത്തിനടുത്തേക്ക് ഞങ്ങൾ നീങ്ങുമ്പോൾ മനസ്സ് ആവേശ ഭാരത്താൽ തുടിക്കുകയായിരുന്നു.

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാൽ...

ഇളകിയാടുന്ന ഇരുമ്പ് കോണിയിലൂടെ ആ വലിയ യന്ത്രപക്ഷിയുടെ വയറിനുള്ളിലേക്ക് കയറിചെല്ലുമ്പോൾ അതിന്റെ വാതില്‍ക്കല്‍ ഇരുകൈകളും കൂപ്പിയുള്ള വിമാനപാരിചാരകരാണ് ഞങ്ങൾക്കാദ്യം അഭിവാദ്യമർപ്പിച്ചത്. അങ്ങനെ... ജീവിത്തിലാദ്യമായി ഞാനൊരു വിമാനത്തിനുള്ളില്‍ കയറി പറ്റിയിരിക്കുന്നു. സിനിമകളിലൂടേയും ചിത്രങ്ങളിലൂടേയും മാത്രം കണ്ടു പരിചയിച്ച ഒരു മഹാവാഹനം... ചെറുപ്പം മുതലേ മറ്റു പലരെയും പോലെ വിമാനം എനിക്കൊരു അത്ഭുതമായിരുന്നു. കഴിയുന്നിടത്തോളം അതിനെ സംബന്ധിക്കുന്ന വാർത്തകൾ, ചിത്രങ്ങൾ, സിനിമകള്‍ എല്ലാം ഞാൻ അന്വേഷിച്ച് കണ്ടത്തുമായിരുന്നു. സിനിമകളിൽ വിമാനവുമായി ബന്ധപ്പെട്ട സീനുകൾ വീണ്ടും വീണ്ടും കണ്ടാലും തൃപ്തി വരാത്ത ഒരു കാലമെന്നെ കടന്ന് പോയിരിക്കുന്നു. ഇന്നിതാ അതിന്റെയൊക്കെ ഒടുക്കം, ഞാനാ വാഹനത്തിൽ എത്തിപെട്ടിരിക്കുന്നു. തുടർന്നുള്ള എതാനും മണിക്കൂറുകൾ ഞാനിതിനകത്തുതന്നെ ആയിരിക്കുമെന്ന് വിശ്വസിക്കാനെനിക്ക് പ്രയാസമുള്ളത് പോലെ തോന്നി.

ഉംറ യാത്രക്കാരുടെ ആധിക്യം കൊണ്ടുതന്നെയാകാം, വിമാനത്തിനുള്ളില്‍ സീറ്റ് വ്യവസ്ഥ കര്‍ശനമായിരുന്നില്ല. ആർക്കും എവിടെ പോയി വേണമെങ്കിലും ഇരിക്കാം. അതുകൊണ്ട്‌ തന്നെ വിമാനത്തിന്റെ ചെറിയ ജാലകത്തിന്നരികിലാണ് ഞാനിരിപ്പിടം കണ്ടെത്തിയത്‌. അതുവഴി വിശാലമായ റൺവേയിൽ വിമാനവുമായി ബന്ധപ്പെട്ട അനേകം ജോലികളിൽ മുഴുകിയിരിക്കുന്നവരെ നിരീക്ഷിച്ചിരിക്കാൻ ബഹുരസമാണ്. വിമാനത്തിലേക്ക് ഇന്ധനം നിറക്കുന്നവര്‍, കുറെ പേപ്പറുകള്‍ അടുക്കി വെച്ച ചട്ടയും ഒക്കത്ത് വെച്ച് കാര്യസ്ഥൻമാരെപ്പോലെ തലങ്ങും വിലങ്ങും പായുന്നവർ, പിന്നെ, മറ്റെന്തൊക്കെയോ പണികള്‍ ചെയ്യുന്നവർ. വിമാനത്തിന്റെ താഴെ ഭാഗത്തെ വിള്ളലിനകത്തേക്ക് ചലിച്ച് കൊണ്ടിരിക്കുന്നൊരു യന്ത്രത്തിലൂടെ സാധന-സാമഗ്രികള്‍ കയറി പോകുന്ന കാഴ്ച ആകര്‍ഷകമായിരുന്നു. അതിൽ ഞങ്ങളുടെ പെട്ടികൾ കാണുന്നുണ്ടോ എന്നായിരുന്നു ഞാനും അനിയനും നിരീക്ഷിച്ച് കൊണ്ടിരുന്നത്.

ഒടുവില്‍, വിമാനത്തിനുളളിൽ സീറ്റ് ബെല്‍റ്റുമായി ബന്ധപ്പെട്ട അറിയിപ്പുവന്നു. എല്ലാവരും അത് ധരിച്ച് യാത്രക്ക് തയ്യാറായി 'പിടിച്ചിരുന്നു'. വിമാനം പതുക്കെ റൺവേയിലൂടെ അതിന്റെ ഒരറ്റത്തേക്ക് നീങ്ങുമ്പോള്‍ മനസ്സിൽ മുഴുവന്‍ പറഞ്ഞുകേട്ട ടൈക് ഓഫ് സമയത്തെ ഭീതിയേറിയ ചിത്രങ്ങളായിരുന്നു. വിമാനം അവിടെയൊന്ന് വട്ടം കറങ്ങി. പിന്നെ, ഒന്ന് നിന്നു. എല്ലാം ശാന്തം. പിന്നെ, വളരെ പതുക്കെ... പതുക്കെ... വേഗത കൂടി കൂടി വന്ന് വളരെ വേഗത്തിലത് നീങ്ങി... പറക്കാനുള്ള ശക്തി സമ്പാദനത്തിനുള്ള കുതിപ്പിന് ശേഷം ഭയങ്കരമായ അലര്‍ച്ചയോടെ ആകാശ നീലിമയിലേക്കത് ഞങ്ങളുമായി ലയിച്ചുചേർന്നു. താഴെ, എയർപ്പോര്‍ട്ട് കണ്ടു. ഒരു കളി വീടുപോലെ. പിന്നെ, പച്ചക്കാട്. അതിൽ വെള്ളിയരഞ്ഞാണം പോൽ നീണ്ടുനിവര്‍ന്ന് പോകുന്നൊരു പുഴ. ചാലിയാറോ കടലുണ്ടിയോ ആയിരിക്കാം. പിന്നെ, മുടിനാരുപോലെത്തെ റോഡുകൾ, അതിനിരുവശത്തും തീപ്പെട്ടികൂടുപോലുള്ള ചെറിയ വീടുകൾ... ആ കാഴ്ചകളൊക്കെ നീല വർണ്ണത്തിലുള്ള മൊട്ടപറമ്പുപോലത്തെ ആകാശത്തിനു മുന്നില്‍ അലിഞ്ഞലിഞ്ഞ് തീരെ ഇല്ലാതായികൊണ്ടിരിക്കുന്നു. ഇപ്പൊൾ കാഴ്ച്ച പഞ്ഞികെട്ടുപോലെ ഒഴുകി നടക്കുന്ന മേഘങ്ങളുടേത് മാത്രമാണ്.

വിമാനത്തിനുള്ളില്‍ എല്ലാവരും പരമ നിശബ്ദരാണ്. ചിലര്‍ എന്തോ ആലോചിച്ചിരിക്കുന്നു. ചിലരുടെ ചുണ്ടുകള്‍ സ്ഥിരം ധ്യാനത്തിലാണ്. അവരുടെ കൈയിൽ തസ്ബീഹ് ചലിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ചിലര്‍ വിമാനത്തിന്റെ കിളിവാതിലിലേക്ക്  മുഖം പൂഴ്ത്തി പുറത്തെ കാഴ്ച്ചകളിൽ അഭിരമിക്കുന്നു. അതിനിടയില്‍ എന്തൊക്കെയോ അറിയിപ്പുകൾ സമയാസമയങ്ങളില്‍ മുഴങ്ങുന്നുണ്ടൈങ്കിലും ആർക്കെങ്കിലുമത് മനസ്സിലാകുന്നുണ്ടന്ന് തോന്നുന്നില്ല. വിമാനത്തിനുള്ളിലെ മേല്‍ക്കൂരയുടെ അര്‍ധഗോളരൂപം അതിന്റെ ആകൃതി എടുത്ത് കാണിക്കുന്നു. ഇടക്ക് വലിയതരം പഞ്ഞി കെട്ടുകളെ വകഞ്ഞു മാറ്റി വിമാനം മുന്നോട്ട് കുതിക്കുമ്പോള്‍ ഞങ്ങൾ തെന്നിയാടുന്നത് പോലെ തോന്നും. അൽപ്പം ഭീതിപ്പെടുത്തുന്നൊരനുഭവമാണത്. അപ്പോൾ ഊഞ്ഞാലിലെന്നപോലെ വിമാനം ഞങ്ങളുമായി താഴേക്ക് നീങ്ങും. പിന്നെ, മുകളിലോട്ടൊരു കുതിപ്പാണ്. ചിലപ്പോൾ ഇടത്തോട്ടും അല്ലെങ്കിൽ വലത്തോട്ടും... അപ്പോഴേക്കും, സീറ്റ് ബെല്‍റ്റ് ധരിക്കുവാനുള്ള അറിയിപ്പ് വരികയായി. എന്നാൽ, മനസ്സിനെ ഭയവിഹ്വലമാക്കുന്നത് മറ്റൊരു കാര്യമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ വിമാനത്തിന്റെ ഏതെങ്കിലുമൊരു മൂലയില്‍ നിന്നുയരുന്ന പ്രാർത്ഥന ഗീതങ്ങൾ എന്തുകൊണ്ടോ എനിക്ക് വല്ലാത്ത പേടി സമ്മാനിച്ചിരുന്നതായി ഞാനോര്‍ക്കുന്നു. ഞങ്ങളെ സര്‍വ്വാപത്തുകളിൽ നിന്നും രക്ഷിക്കണമേ എന്ന അപേക്ഷയാണതെങ്കിലും... അതുയരുന്നതോടെ കാര്യങ്ങളേകദേശം തീരുമാനമായിരിക്കുന്നു ഇനി ദൈവം മാത്രമാണ്‌ രക്ഷ എന്നുള്ളൊരു ആകസ്മികതയതിൽ ഒളിഞ്ഞിരിക്കുന്നു എന്ന് തോന്നിപ്പോകുന്നു.

ഇങ്ങേ കരയില്‍ കുറെ സ്വപ്നങ്ങളുമായി ഏതാനും മനുഷ്യര്‍. നാളെ ദൈവത്തിങ്കൽ അര്‍പ്പിക്കേണ്ട കര്‍മ്മങ്ങളെക്കുറിച്ചും പ്രാര്‍ത്ഥനകളെക്കുറിച്ചുമൊക്കെ ചിന്തിക്കുന്നവർ. അങ്ങേകരയില്‍ വിശാലമായ ആകാശം, പഞ്ഞി കെട്ടുകള്‍... പിന്നെ ഇടക്കിടെ പുതു മണവാട്ടിയെപ്പോലെ എത്തിനോക്കി പോകുന്ന പൂര്‍ണ്ണചന്ദ്രൻ. ഒരു പക്ഷേ, ഇവിടെ എവിടെയെങ്കിലുമാകാം ദൈവത്തിന്റെ പരിശുദ്ധമാക്കപ്പെട്ട ഇരിപ്പിടം. പ്രപഞ്ചമായ പ്രപഞ്ചം മുഴുവന്‍ പരന്നൊഴുകുന്ന ആ ദിവ്യപ്രകാശത്തിന്റെ ഒരു പൊട്ടെങ്കിലുമവിടെ കാണാന്‍ കഴിയുമോ. അറിയില്ല. ഞാനിമവെട്ടാതെ പുറത്തേക്ക്‌ തന്നെ നോക്കിയിരുന്നു. യഥാർത്ഥത്തിൽ, ജീവിതത്തിന്റെയും മരണത്തിന്റേയുമിടയിലെ ഒരു നേര്‍ത്ത ഇരുമ്പ് പ്രതലം മാത്രമാണ് ഈ വിമാന ഭിത്തി. ഒരു ഭാഗത്ത് ജീവൻ തുടിക്കുന്ന കുറെ മനുഷ്യര്‍. മറ്റൊരു വശത്ത് അന്ധകാരത്തിൽ ലയിച്ച് ചേര്‍ന്ന നിഗൂഢവും അഗാതവുമായ വിശാലത. എങ്കിലും, ഈ ആകാശ ഭാഗങ്ങൾ തീര്‍ത്തും വിജനമാണെന്നാരും തെറ്റുധരിച്ച് പോകരുത്. തലങ്ങും വിലങ്ങും പായുന്ന അനേകം ആകാശ വാഹനങ്ങളുടെ നീണ്ടനിരതന്നെയുണ്ടിവിടെ. 'എയർ ട്രാഫിക് കൺട്രോൾ' എന്ന ആ പരുപാടി വലിയ കൗതുകമുള്ള കാര്യമാണ്. ഓരോ വിമാനതാവളത്തിലേയും കൺട്രോൾ ടെക്കുകളില്‍ ഇരുന്ന് കുറെ മനുഷ്യര്‍ ഇക്കണ്ട വിമാനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നു. അവര്‍കൊക്കെ കൃത്രിമമായ പാത നിശ്ചയിച്ച് കൊടുക്കുന്നു, കര്‍ശനമായ സമയം നല്‍കുന്നു. അതിനാൽ, തമ്മിലൊന്ന് ഉരസുകയോ കാണുകയോ ചെയ്യാതെ ഈ ആകാശം നീലിമയില്‍ അവകളങ്ങനെ സുഗമമായി നീന്തികൊണ്ടിരിക്കുന്നു. ഭൂമിയില്‍ നിന്നും മുകളിലേക്ക് നോക്കുമ്പോൾ വിശാലമായ ഈ ആകാശത്ത് ഏതാനും പക്ഷികളും, എപ്പോഴെങ്കിലും കാണുന്ന കളിപ്പാട്ടംപോലുള്ള ചെറുവിമാനവും മാത്രമാണങ്കിലും, സസൂക്ഷ്മം നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന വലിയൊരു ട്രാഫിക്‌ ശൃംഖലയിലെ പാതകളാണെതൊക്കെ എന്ന കാര്യം കുറച്ചൊന്നുമല്ല എന്നെ അത്ഭുദപ്പെടുത്തുന്നത്.

നിരന്തര യാത്രകളുടേയും കഴിഞ്ഞുപോയ മുൾമുനയിലെ നിമിഷങ്ങളുടേയുമൊക്കെ കാരണം കൊണ്ടാകാം വയര്‍ വല്ലാതെ വിശക്കുന്നതായി തോന്നി തുടങ്ങിയിരുന്നു. എങ്കിലും, കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല. അല്‍പം കഴിഞ്ഞപ്പോഴേക്കും ഭക്ഷണമെത്തി. ചക്രങ്ങളുള്ള ഒരു വലിയ ഇരുമ്പുപ്പെട്ടിയിൽ കൊണ്ടുവന്ന ഭക്ഷണ പൊതികൾ ഞങ്ങളോരോരുത്തർക്കുമവർ വിതരണം ചെയ്തു. വിമാനത്തിന്റെ അന്താരാഷ്ട്ര രീതികളെ പരിഗണിച്ചാൽ സംഗതി വല്ല ചൈനീസോ, സാന്‍ഡവിച്ച് മാതിരിയുള്ള പടിഞ്ഞാറന്‍ ഭക്ഷണമോ, ഉത്തരേന്ത്യൻ ഭക്ഷണവൈവിധ്യമോ ആകാമെന്നാണ്‌ ഞങ്ങളാദ്യം കരുതിയത്. എന്നാൽ, പൊതി തുറന്നപ്പോള്‍ അതിൽ നല്ല ചൂടുള്ള നാടൻ ബിരിയാണി ആയിരുന്നു. കൂട്ടിന് നല്ല മധുരമുള്ള പായസവും പച്ചക്കറി സാലഡും. ഭക്ഷണം സുഭിക്ഷമായിരുന്നെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഞാനും പാപ്പനും നല്ല വിശാലമായി തന്നെ കഴിച്ചു. വിശപ്പ് മാറിയതിന്റെ സന്തോഷത്തില്‍ വിമാന ജോലിക്കാർക്ക് നല്ലൊരു നന്ദിയും അറിയിച്ച് അല്‍പം 'ഇരുന്നുറങ്ങാൻ' ഞാൻ തീരുമാനിച്ചു. എന്റെ നേരെ മുന്‍ സീറ്റിന്റെ പിറകു വശത്തെ ടിവി സ്ക്രീനില്‍ വിമാന പാതയുടെ എല്ലാ വിവരങ്ങളുമുണ്ട്. കോഴിക്കോട്ട് നിന്നും ജിദ്ദ ലക്ഷ്യമാക്കി നീങ്ങുന്ന വിമാനമിപ്പൊൾ ഏകദേശം പകുതി ദൂരം താണ്ടി കഴിഞ്ഞിരിക്കുന്നു. 4052 കിലോമീറ്റര്‍. ഇനി 2000 കിലോമീറ്റര്‍ കൂടി ഞങ്ങൾക്ക് മുന്നില്‍ ബാക്കിയുണ്ട്.

വിമാനത്തിന്റെ ചെറിയ ചില്ലു ജാലകം വഴി താഴേക്ക് നോക്കിയാല്‍ വിശാലമായ അറബിക്കടലാണ് കാഴ്ച്ച. പണ്ട്‌ പത്തേമാരികളിൽ അറബികളും യവനരും പിന്നെ ചീനരുമൊക്കെ കടന്ന് പോയ വഴിത്താര. അന്ന് കടലില്‍ അടിക്കുന്ന കാറ്റിന് പോലുമറിയാമിയിരുന്നു ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ദക്ഷിണഭാഗത്തെ പടിഞ്ഞാറേ കരയില്‍ മലബാറെന്നൊരു ദേശമുണ്ടന്ന്. അവിടെ സ്നേഹം മാത്രം വില്‍പനക്ക് വെച്ച കുറെ മനുഷ്യരുണ്ടന്ന്... അന്നവർ വന്നും പോയിമിരുന്ന കടൽപാതക്ക് തൊട്ടുമുകളിലൂടെ ആയിരിക്കാം ഒരുപക്ഷേ ഞങ്ങളീ നീങ്ങി കൊണ്ടിരിക്കുന്നത്. ഇനി ഒമാന്‍ ഭൂമികയുടെ മുകളിലൂടെ പറന്ന് ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ സൗദി അറേബ്യയുടെ മണ്ണിലിറങ്ങണം.

അല്‍പം ഉറങ്ങി എണീറ്റെപ്പോഴേക്കും വിമാനം ഒമാന്റെ ഹജര്‍ പർവ്വതനിരകളുടെ മുകളിലൂടെ പറക്കുകയായിരുന്നു. ചില്ലു ജാലകത്തിലൂടെ നോക്കിയാല്‍ താഴെ മലക്കുമുകളിലെ ചുളിവുകളും പരപ്പുകളും ഇടയിൽ മണൽപരപ്പും കാണാം. ചളിപിടിച്ച് വികൃതമായൊരു സിറാമിക് ടൈല്‍സ് പോലെയാണത് കണ്ടാല്‍ തോന്നുക. ഒരു നിരപ്പായ പറമ്പ്. എന്നാൽ, അനേകം നാഴിക ഉയരമുള്ള മഹാപര്‍വ്വതങ്ങളാണതൊക്കെ എന്നുള്ളതാണ് സത്യം. അതിന്റെ താഴ്‌വാരത്ത് ചിലയിടങ്ങളില്‍ ചെറിയ നദികളൊഴുകുന്ന വാദികളും, അതിനുചുറ്റും രൂപപ്പെട്ട ജനജീവിതങ്ങളുടെ അടയാളമൊക്കെ കൗതുകം തോന്നുന്ന കാഴ്ചയാണ്. ഒരു നദിക്ക് ചുറ്റും എപ്രകാരമാണ് ജനപഥങ്ങൾ രൂപപ്പെടുക എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണതൊക്കെ. അവിടേയും മനുഷ്യര്‍ ജീവിക്കുന്നു. അവരുടെ വ്യായത്തിനുള്ള വക തേടുന്നു.

ഒടുവില്‍, ജിദ്ദ പട്ടണത്തിന്റെ ഉറങ്ങാത്ത കാഴ്ചകള്‍ കൺ മുന്നിലേക്ക് വരുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു. സുവര്‍ണ്ണ അരഞ്ഞാണം പോലെ നീണ്ടു നിവര്‍ന്ന് കണ്ണത്താദൂരത്തോളമുള്ള പാത. അതിന്റെ ഇരുവശത്തും ഒരു സമാന്തര രേഖപോലെ നിയോൺ ബൾബുകൾ പ്രകാശിക്കുന്നു. നടുവില്‍ മിന്നാമിനുങ്ങുകളെപ്പോലെ കുതിച്ച് പായുന്ന വാഹനങ്ങളുടെ മഞ്ഞയും ചുവപ്പും നിറത്തിലുള്ള വെട്ടം. വിമാനം താഴ്ന്ന് പറന്ന് പറന്ന് പതുക്കെ പതുക്കെ താഴേക്ക് നീങ്ങി നിലം തപ്പിപിടിച്ചെന്നോണം ഒരൊറ്റ പതിക്കല്‍. അറിവായറ്റിൽ ഒരു മേളം അനുഭവപ്പെട്ടു. പിന്നെ റൺവേയിലൂടെ കുലുങ്ങി നീങ്ങി കുറേ ദൂരം സഞ്ചരിച്ച് അതിന്റെ ഒരരികില്‍ സാവധാനം നിന്നു. ഒരു വിമാനത്തെ സംബന്ധിച്ചെടുത്തോളം രണ്ട് പ്രധാന അപകട സാധ്യതകളാണ് അതിന് മുന്നിലുള്ളത്. ഒന്ന്, പറക്കാന്‍ ഉയരുമ്പോഴും മറ്റൊന്ന്, പറന്നിറങ്ങുമ്പോഴും. ആ ഘട്ടങ്ങള്‍ വളരെ വിജയകരമായി പൂര്‍ത്തീകരിച്ച സന്തോഷത്തിലാണന്ന് തോന്നുന്നു എല്ലാവരും നിറമനസ്സോടെ കൈ അടിക്കുന്നത് കേട്ടു. ഞാനും അവരോടൊപ്പം ചേര്‍ന്നു. തുടർന്ന്, അതുവരെ അക്ഷമരായി ഇരുന്നിരുന്ന യാത്രക്കാരെല്ലാവരും വേഗത്തിൽ പെട്ടികൾ എടുക്കുന്ന തിരക്കിലേര്‍പ്പെടാൻ തുടങ്ങി. എല്ലാവരും വരിയായി പുറത്തേക്ക്‌ നീങ്ങുമ്പോൾ തങ്ങളുടെ സേവനത്തിന്റെ ഒടുവിലത്തെ ഘട്ടം കണക്കെ വിമാന ജോലിക്കാർ വീണ്ടും ഇരു കയ്യും കൂപ്പി ഞങ്ങളോട് നന്ദി അറിയിക്കുന്നുണ്ടായിരുന്നു.

നീണ്ട യാത്രക്കൊടുവിൽ ജിദ്ദ അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിച്ചേർന്നിരിക്കുകയാണ് ഞങ്ങൾ. ഇന്നലെ രാത്രി കരിപ്പൂരിൽ നിന്നും പുറപ്പെട്ട് ഇവിടെ എത്തിച്ചേർന്നപ്പോഴേക്കും യാത്ര സമയമായ 4 മണിക്കൂർ കൂടാതെ അധികമായി 2.30 മണിക്കൂറും ഞങ്ങളെ കടന്ന് പോയിരിക്കുന്നു. ഗ്രീനിച്ച് രേഖയുടെ കണക്കില്‍ പെടുന്ന ആ 2.30 മണിക്കൂര്‍ ഇനി ഇവിടുന്ന് മടങ്ങുന്ന വേളയില്‍ മാത്രമാണ്‌ തിരികെ ലഭിക്കുക.

വിമാനത്താവളം രാത്രിയുടെ ചെറിയ കുളിരിലും നിലാവിലും കുളിച്ച് കിടക്കുകയാണ്. ശക്തമായ പ്രകാശ സംവിധാനത്തിൽ കെട്ടി ഉയർത്തിയ വിമാനത്താവള എടുപ്പുകൾ മനോഹരമായ കാഴ്ച്ച തന്നെയാണ്. പ്രവാചക പരമ്പരയെ കണ്ട നാടാണിത്. പ്രവാചകൻ ഇബ്രാഹീമിനേയും മുഹമ്മദിനേയും തുടങ്ങി ഒട്ടനവധി മഹത്തുക്കള്‍ ആ സരണിയിലുണ്ട്. അവര്‍ക്ക് വലിയ തണലായി പടർന്നു പന്തലിച്ചു നിന്ന ആകാശകീറ്. അതിനു താഴെ, അവരെ തഴുകിയും അനുഭവിച്ചും കടന്നുപോയ ചെറിയ കുളിരുള്ള അന്തരീക്ഷം. പിന്നെ, അവർ നടന്ന് നീങ്ങിയ മണല്‍ പരന്ന ഭൂമികയുടെ ഒരു പൊട്ട്. ഇന്നിതാ ഞാനും അവിടേക്കെന്റെ കാൽ എടുത്തുവച്ചിരിക്കുന്നു. ഇനി കുറച്ചു ദിവസങ്ങൾ ഇവിടെയാണ്‌ ഞങ്ങൾ. ഉറക്കചടവോടെ വിമാനത്താവള കെട്ടിടത്തിലേക്ക് ഞങ്ങൾ ഒരു കൂട്ടമായി നീങ്ങി. എസിയുടെ ശക്തമായ സാന്നിധ്യംകൊണ്ട്‌ നല്ല തണുപ്പും സുഗന്ധവുമാണ് വിമാനത്താവള കെട്ടിടത്തിനകത്ത്. എന്നാൽ, ഞങ്ങളിലെ പലരും വളരെ അസഹ്യമായാണത് അനുഭവിച്ചത് എന്ന് പിന്നീട് ഞാന്‍ കേട്ടു.

എങ്ങും പ്രൗഢവും മനോഹരമായ കാഴ്ചകള്‍ മാത്രം. ലോകോത്തര സംവിധാനങ്ങൾ. വിശാലമായ കാത്തിരുപ്പ് കേന്ദ്രങ്ങൾ. പിന്നെ, അവരവരുടെ ജോലികളിൽ മുഴുകിയിരിക്കുന്ന ജീവനക്കാർ. നിലവില്‍ സൗദി ഭരിക്കുന്ന രാജാവിന്റെ പിതാവും സൗദി അറേബ്യയുടെ സ്ഥാപകനേതാവുമായ വ്യക്തിയുടെ നാമധേയത്തിലാണ് ഈ വിമാനത്താവളം അറിയപ്പെടുന്നത്. കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരിലുള്ള ഇത് സൗദിയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളമാണ്. വര്‍ഷംതോറും ഇവിടേക്കെത്തിച്ചേരുന്ന ഹറം തീര്‍ത്ഥാടകർക്കായി വിപുലമായ സംവിധാനങ്ങളാണിവിടെ ഒരുക്കിവച്ചിരിക്കുന്നത്. അവര്‍ക്കായി ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന ടെര്‍മിനല്‍ തന്നെ ഇവിടെ പ്രത്യേകമായി നിര്‍മ്മിച്ചിരിക്കുന്നു. ഒരേ സമയം ഏകദേശം 80000ത്തോളം യാത്രക്കാരെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള അതിവിപുലമാണത്.

യാത്രരേഖകളുടെ പരിശോധനയിടത്തേക്ക് നീങ്ങുമ്പോള്‍ 'യാ ശൈഖ് തആൽ' എന്ന് ഉച്ചത്തില്‍ കഠിനമായി ആവശ്യപ്പെടുന്ന അറബ് യുവത്വത്തെ കാണാം. മഹാന്മാരെ കടന്ന് വരൂ എന്നാണ്‌ ആ വാക്കുകൾ കൊണ്ട്‌ അര്‍ത്ഥമാക്കുന്നതെങ്കിലും അവർ അക്ഷമരായാണ് അങ്ങനെ വിളിക്കുന്നത് എന്നുള്ളതാണ് സത്യം. ഇനി ഞങ്ങളുടെ സമസ്ത കാര്യങ്ങളും അവരുടെ ഭരണത്തിലാണല്ലോ. അറബികളുടെ സര്‍വ്വാധിപത്യം... വിമാനം കയറുമ്പോള്‍ ഞങ്ങൾക്ക് പരസ്പരം പറയാന്‍ കഴിയുമായിരുന്ന പലതിലും ഇനി അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയില്ല. അഥവാ, ചിന്തിക്കുന്ന തലച്ചോറും ചൂണ്ടപ്പെടുന്ന വിരലുകളും മുറിച്ചുമാറ്റപ്പെട്ട രീതിയിലാണ് ഞങ്ങളവിടെ ഇറങ്ങിയിരിക്കുന്നത്. സധൈര്യം ചെയ്യാൻ കഴിയുമായിരുന്ന പലതും ഇനി നിശബ്ദമായി കണ്ടിരിക്കാം. മനുഷ്യൻ തികച്ചും ഷണ്ഡീകരിക്കപ്പെട്ട ഒരവസ്ഥ. ഇവിടെ രാജഭരണമാണ്... രാജശാസനയിലമർന്ന വ്യവസ്ഥിതി.

എന്റെ വാച്ചിലെ സമയം അപ്പോഴും ഇന്ത്യൻ സമയമായിരുന്നു. അതിനാല്‍, രണ്ടര മണിക്കൂര്‍ മുന്നിലേക്ക് സമയം മാറ്റിവെച്ചു. അതോടെ ഞാൻ പെട്ടന്ന് അര്‍ദ്ധരാത്രിയുടെ കൂരിരുട്ടിൽ എത്തിപ്പെട്ടു. ഇപ്പോൾ സമയം രാത്രി പന്ത്രണ്ട് മണി ആയിരിക്കുന്നു.

വിമാനത്താവളത്തിലെ യാത്രരേഖ പരിശോധനക്കായി പതിയെ നീങ്ങുന്ന ക്യൂവിൽ ഞങ്ങൾ കാത്തിരുന്നു. രാത്രിയുടെ ആലസ്യത്തിലമർന്ന ജീവനക്കാർ വളരെ മന്ദഗതിയിലാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നത്. കഴിഞ്ഞവർ കഴിഞ്ഞവർ ഹാളിന്റെ അങ്ങേ തലക്കലേക്ക് പോയി അവിടെ മറ്റുള്ളവരെ കാത്തിരിക്കുന്നത് കാണാം. ഈ സമയത്തെന്റെ മനസ്സിലേക്ക് കടന്നു വന്നത് ചരിത്രത്തിൽ നമ്മെ കടന്ന് പോയ ചില കുപ്രസിദ്ധ മുഹൂർത്തങ്ങളാണ്‌. രക്തരൂക്ഷിതമായിരുന്ന രണ്ടാം ലോകമഹായുദ്ധ കാലം ഹിറ്റ്‌ലറുടെ കോൺസൻട്രേഷൻ ക്യാമ്പിലേക്ക് പോകാൻ വിധിക്കപ്പെട്ട ഹതഭാഗ്യരുടെ കാളരാത്രികളെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു അത്. കുട്ടികളും സ്ത്രീകളും വൃദ്ധന്മാരുമടങ്ങിയ ആ ജനകൂട്ടത്തെ അന്ന് ഇതുപോലെ വരിയായി നിർത്തി ഏതൊക്കെയോ വെത്ത്യസ്ഥ നാടുകളിൽ സ്ഥിതിചെയ്തിരുന്ന കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് നയിച്ചിരുന്നു. രാത്രിയുടെ നിഗൂഢതയിൽ ചിന്നിചിതറിയ ആ പാവം മനുഷ്യരെ അവിടെ കാത്തിരുന്നിരുന്നത് നരകയാതനകളായിരുന്നെന്ന് ചരിത്രത്തിൽ വായിച്ചെടുക്കാൻ കഴിയും.

ഒടുവില്‍, എല്ലാം അവസാനിച്ചപ്പോഴേക്ക് രാത്രി ഏറെ വൈകിയിരുന്നു. അവിടെ നിന്നും ലഗേജെടുക്കാൻ കൺവെയർ ബെല്‍ട്ടിനരികിൽ ചെന്നു. അവിടുത്തെ കാഴ്ച കുറച്ചധികം കോൺസൻട്രേഷൻ ഭാവമുള്ളതാണന്നെനിക്ക് തോന്നി. യാത്രയുടെയും ഉറക്ക ചടവിന്റെയും ക്ഷീണത്താൽ തളര്‍ന്ന യാത്രക്കാരെ ഒരു ദാക്ഷിണ്യവുമില്ലാതെ 'സൂറ... സൂറ' എന്ന ആക്രോശമാണ് അവിടെ വരവേൽക്കുന്നത്. 'വേഗം... വേഗം' എന്നാണാവാക്കുകൊണ്ടവർ അര്‍ത്ഥമാക്കുന്നത്. അറബി പോലീസുകാരുടെ ആ നടപടികള്‍ക്കിടയിൽ അന്ധാളിച്ചെന്നോണം തങ്ങളുടെ ബാഗുകൾക്കായി നെട്ടോട്ടമോടുന്ന സ്ത്രീകളുൾപ്പെടെയുളളവരുടെ ദയനീയമായ രംഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. കൂട്ടത്തിലെ പുരുഷന്മാരാണ് അതിനവരെ കുറേയേറെ സഹായിച്ചത്. അപ്പോഴും "സൂറ... സൂറ" എന്ന വാക്കവിടെ ഉയർന്ന് കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.

ഒടുക്കം, ലഗേജെല്ലാം വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്ന ബസ്സിനുള്ളില്‍ കുത്തി നിറച്ച് വിശാലമായ ഹൈവേയിലൂടെ മക്കയിലേക്ക് നീങ്ങുമ്പോള്‍ എല്ലാവരും നന്നേ പരിക്ഷീണത്തിലായിരുന്നു. നേരെത്തെ ഉണ്ടായ അനുഭവങ്ങൾ എല്ലാവരെയും വല്ലാതെ തളര്‍ത്തിയിരുന്നതായെനിക്ക് തോന്നി. ബസ്സില്‍ കയറിയതോടെ പലരും നല്ല ഉറക്കമായി. ഞാൻ ഉറങ്ങിയും ഉണര്‍ന്നും യാത്രയെ അസ്വസ്ഥമായി അനുഭവിച്ചു. രാത്രിയുടെ ഇരുട്ടില്‍ റോഡിലെ പല ഭാഗങ്ങളും കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒരുപക്ഷേ, വിശാലമായ മരുഭൂമികളായിരിക്കാമത്. ഇടക്കിടെ വരുന്ന നിയോൺ ബൾബിന്റെ പ്രകാശം വീഥികളെ സ്വര്‍ണ്ണം പോലെ തിളക്കമുള്ളതാക്കുന്നു. ഏകദേശം 2 മണിക്കൂറിനു ശേഷമാണ് ഞങ്ങൾ മക്ക പട്ടണത്തിലേക്ക് ചെന്നിറങ്ങുന്നത്. ആധുനിക സൗദി അറേബ്യയിലെ മക്ക പ്രവിശ്യയുടെ തലസ്ഥാന നഗരം കൂടിയാണ് മക്ക നഗരം. ചെങ്കടൽ തീരത്തുള്ള തുറമുഖ നഗരമായ ജിദ്ദയിൽ നിന്ന് 73 കിലോമീറ്റർ ഉള്ളിലോട്ടുമാറി തീര പ്രദേശത്തിന്റെതായ തിരക്കുകളോ ഭീഷണികളോ ഇല്ലാതെ ചുറ്റുപാടും ഉയർന്ന് നില്‍ക്കുന്ന ഗിരിനിരകളുടെ സുരക്ഷക്കുള്ളിലാണീ നഗരം സ്ഥിതിചെയ്യുന്നത്.

No comments:

Post a Comment