മുസ്ലീങ്ങൾ മക്കയിൽ നിന്നും കഠിന കഠോരമായ ഉപദ്രവങ്ങൾ അനുഭവിച്ചിരുന്ന കാലം... പ്രവാചകരും അനുയായികളും മക്കയില്‍നിന്നും മദീന ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ടെന്ന വിവരം മദീനാനിവാസികള്‍ നേരത്തെത്തന്നെ അറിഞ്ഞിരുന്നു. ദിവസവും പ്രഭാതം മുതല്‍ തന്നെ അദ്ദേഹത്തെ സ്വീകരിക്കാനവർ പുറത്തിറങ്ങി കാത്തിരുന്നു. ഒരു ദിവസം ഏറെ നേരത്തെ കാത്തുനില്‍പ്പിനൊടുവില്‍ എല്ലാവരും വീട്ടിലേക്കു മടങ്ങാൻ തുടങ്ങിയ സമയത്തായിരുന്നു അങ്ങകലെയായി ഒരു സംഘം മദീനയിലേക്കു കടന്നുവരുന്നതൊരു ജൂതൻ കാണാനിടയായത്. അയാളുടെ അട്ടഹാസം കേട്ട് ജനങ്ങള്‍ക്ക് കാര്യം മനസ്സിലായി. തിരിഞ്ഞു നടന്നവരെല്ലാവരും പ്രവാചകരെ സ്വീകരിക്കാന്‍ മുന്നോട്ടുവന്നു. അവർ ഉറക്കെ തക്ബീറുകള്‍ മുഴക്കി അവിടുത്തേക്ക് സ്വാഗതമരുളി. കുട്ടികള്‍ ഈണത്തില്‍ പാട്ടുപാടി. എല്ലാ മുഖങ്ങളിലും ആശ്വാസത്തിന്റെ പുഞ്ചിരി വിടര്‍ന്നു. അവരെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം കൈവന്ന ഒരു ദിവസമായിരുന്നു അന്ന്.
മദീനയിലെത്തിയ പ്രവാചകന്‍ ഖുബാഅ് എന്ന പ്രദേശത്താണ് ആദ്യമിറങ്ങിയത്. ബനൂ അംറ് ബിന്‍ ഔഫിന്റെ വീട്ടിൽ. നാലു ദിവസത്തോളമാണ് അവിടെ തങ്ങിയത്. അതിനിടയില്‍ അവിടെയൊരു പള്ളി നിര്‍മ്മിച്ച് ആരാധനകള്‍ നടത്തി. ഇതാണ് പിന്നീട് മസ്ജിദ് ഖുബാഅ് എന്ന പേരില്‍ പ്രസിദ്ധി നേടിയ പള്ളി. ഒരു തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയായിരുന്നു പ്രവാചകരുടെ ഖുബാ വാസം. വെള്ളിയാഴ്ച ദിവസം രാവിലെ പ്രവാചകന്‍ അവിടെ നിന്നും പുറപ്പെട്ടു. ജുമ നമസ്കാര ശേഷം പ്രവാചകരും അനുയായികളും മുന്നോട്ടു നീങ്ങി. വഴിയിലുടനീളം തടിച്ചുകൂടിയ ജനങ്ങളാ സംഘത്തെ സ്വീകരിക്കുകയും തങ്ങളുടെ വീടുകളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചിലരതിനിടയിൽ പ്രവാചകരുടെ ഒട്ടകത്തെ തങ്ങളുടെ വീട്ടിലേക്ക് തെളിക്കാനും ശ്രമിച്ചു. ഒടുവില്‍, അബൂ അയ്യൂബുല്‍ അന്‍സ്വാരിയുടെ വീടിനു മുമ്പില്‍ ഒട്ടകം മുട്ടുകുത്തുകയും പ്രവാചകരിറങ്ങുകയും ചെയതോടെ തിരുമേനിയുടെ മദീന വാസത്തിനവിടെ ഔദ്യോഗികമായി തുടക്കം കുറിച്ചു.
മദീനയിലെത്തിയ മുസ്‌ലിംകള്‍ക്ക് അവിടത്തെ കാലാവസ്ഥ പെട്ടന്നങ്ങോട്ട് പിടിച്ചില്ല. എത്തിയപാടെത്തന്നെ പലര്‍ക്കും നല്ല പനി പിടിപെട്ടു. സിദ്ദീഖ് (റ) അടക്കം പലരും കിടപ്പിലായി. പ്രവാചകന്‍ അവരുടെ രോഗശമനത്തിനായി പ്രാര്‍ത്ഥിച്ച് അരികില്‍ തന്നെ സജീവമായി നിലകൊണ്ടു. ഏകദേശം, 10 ദിവസത്തോളമത് നീണ്ടു നിന്നെന്നാണ് ചരിത്രം.
അപ്പോൾ ഞാൻ പറഞ്ഞ് വരുന്നത് പനിയെ കുറിച്ചാണ്. സുപ്രസിദ്ധമായ മദീന പനിയെ കുറിച്ച്. മദീനയിലെ പ്രത്യേക കാലാവസ്ഥാ കാരണം അൽപ്പ ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ചെറിയ ചില ശാരീരിക അസ്വസ്ഥതകൾ അവിടേക്ക് പുതുതായി കടന്ന് വരുന്ന ആളുകളെ ബാധിക്കുക പതിവാണത്രെ. ഒരുപക്ഷേ, ഈ കാലാവസ്ഥയോടൊട്ടി നില്‍ക്കുന്ന ഇവിടുത്തെ സ്വദേശികൾക്ക് അത്തരത്തിലുള്ള പ്രയാസങ്ങളൊന്നും തന്നെ ഉണ്ടാകുമായിരിക്കില്ല. എന്നാല്‍, അത് പോലെയല്ലല്ലോ സന്ദര്‍ശകരുടെ അവസ്ഥ. എന്തായാലും, സഹസ്രാബ്ദങ്ങളായി മദീന വഴി കടന്ന് പോയ എത്ര എത്രയോ മനുഷ്യര്‍ക്ക് വന്നതുപോലെ... അന്ന് മദീനയിലേക്ക് വന്ന പ്രവാചകനും അനുയായികള്‍ക്കും വന്നതു പോലെ എനിക്കുമിതാ നല്ല സ്വയമ്പൻ പനി വന്നിരിക്കുന്നു.
മദീനയിൽ വന്ന രണ്ടാം നാളായിരുന്നു അന്ന്. തലേ ദിവസത്തെ ചില കഠിന പ്രയത്നങ്ങൾ കാരണം ഏറെ വൈകിയാണ് ഞാനന്നുറക്കമുണരുന്നത്. ഉണരുമ്പോള്‍ ശരീരത്തിൽ ചെറിയൊരു മേല്‍ കുളിരുണ്ടായിരുന്നു. ഒരു ചെറിയ ക്ഷീണവും. കിടക്കയിൽ നിന്നും തല പൊങ്ങുന്നേയില്ല. ശരീരത്തെ പുതച്ച പുതപ്പ് നീക്കാൻ മനസ്സനുവദിക്കുന്നുമില്ല. ഒരുപക്ഷേ, ഞങ്ങടെ സംഘത്തിലെ മിക്ക ആളുകളുടേയുമവസ്ഥ ഇങ്ങനെയൊക്കെ തന്നെ ആയിരിക്കാം എന്ന് ഞാനാ കിടന്ന കിടപ്പിൽ ചിന്തിച്ചു. ഞങ്ങളുടെ യാത്ര സംഘത്തിന്റെ നേതാവായ ഉസ്താദിന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ...
"ആർക്കെങ്കിലും മദീനയിലെത്തിയ ശേഷം പ്രത്യേകമായി ഒരസുഖവും പിടിപെട്ടില്ല എങ്കിൽ അയാള്‍ക്ക് ശാരീരികമായി എന്തോ കുഴപ്പമുണ്ടെന്നാണ് അതിനര്‍ത്ഥം" എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
എന്നിരുന്നാലും, ഉറക്കമുണരുമ്പോള്‍ ഞാനാകെ പരവേഷത്തിലായിരുന്നു. എന്റെ പാദങ്ങളൊക്കെയും വിണ്ട് കീറിയിരിക്കുന്നു. ചുണ്ട് മുറിഞ്ഞിട്ടുണ്ട്. കഫകെട്ടും തുമ്മലും മൂക്കൊലിപ്പും വേണ്ടുവോളവും... ഇപ്പോളിതാ നേരം പരപരാ വെളുക്കുന്ന ഈ നേരം മഹത്തായ ആ പനിയും എന്നെ പിടികൂടിയിരിക്കുന്നു. എങ്കിലും, ഒരു രോഗിയെ പോലെ തളര്‍ന്ന് കിടന്നുറങ്ങാൻ ഞാന്‍ സന്നദ്ധനായിരുന്നില്ല. എണീറ്റ് കൃത്രിമമായി ആശ്വാസം അഭിനയിച്ച് കണ്ണാടിക്കു മുന്നില്‍ ചെന്ന് പറഞ്ഞു...
"നവീന്‍... താങ്കള്‍ക്ക് പനിയോ മറ്റൊരു കുഴപ്പവും ഇല്ല... ധൈര്യമായി പുറത്തിറങ്ങി കൊൾക" എന്ന്.
ഞാനാദ്യം തന്നെ ഹോട്ടലിനുള്ളിലെ ഭക്ഷണ ശാലയിൽ ചെന്ന് ഒരു പാത്രം നിറയെ നല്ല ചൂട് കഞ്ഞി അകത്താക്കി. പിന്നെ സ്ഥിരം മരുന്നുകളുടെ കൂട്ടത്തിൽ ഒരു പാരാസെറ്റാമോളും കഴിച്ച് ഹറമിലേക്ക് നീട്ടി നടന്നു. ആ പതിവ് വഴിയിലൂടെ. കെട്ടിട ഭീമന്മാർക്കിടയിലെ അബൂ ഹുറൈറ പള്ളിയും കടന്ന് മലർത്തി തുറന്ന് വച്ചിരിക്കുന്ന ആ വലിയ ഇരുമ്പ് കവാടത്തെ പിന്നിലാക്കി മദീന പള്ളിയുടെ തിരുമുറ്റത്തേക്ക്. വെയില്‍ പരന്ന് തുടങ്ങുന്ന വേളയായതിനാൽ പള്ളി മുറ്റത്തെ കാറ്റാടി യന്ത്രം പോൽ നിരന്ന് നില്‍ക്കുന്ന ഭീമന്‍ കുടകൾ പ്രവര്‍ത്തിച്ച് തുടങ്ങുന്ന വേളയിലാണ് ഞാനവിടെ എത്തുന്നത്. പറക്കാന്‍ തയ്യാറായി നില്‍കുന്ന പരുന്തിന്റെ ചിറക് പോലെ തോന്നുന്ന ആ കുടയുടെ വിടർത്തല്‍ ഒരു നല്ല കാഴ്ച്ച വിരുന്ന് തന്നെയായിരുന്നു. കുടകള്‍ പൂര്‍ണ്ണമായും വിടരുന്നത് വരെ ഞാനത് നോക്കി നിന്നു. പിന്നെ, പള്ളിക്കകത്തേക്ക് നടന്നു. ഹറമിനകം സജീവമായിരുന്നു. എല്ലാവരും വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നതിലും നമസ്കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് തങ്ങളുടേതായ ലോകത്ത് മുഴുകിയിരിക്കുന്നു. പ്രത്യേക രൂപത്തിൽ മരനിര്‍മ്മിതമായ സ്റ്റാന്‍ഡിൽ തുറന്നു വച്ച ഖുറാനിലേക്ക് മുഖം താഴ്ത്തി ചമ്രപ്പടിയായി ഞാനുമവരിലൊരാളായി അവിടെ ഇരുന്നു.
എന്നാൽ, അല്‍പ്പനേരം കഴിഞ്ഞപ്പോഴാണ് എന്റെ ശരീരം എസിയുടെ കുളിരുകൊണ്ട് വിറക്കാൻ തുടങ്ങിയത്. തണുപ്പിന്റെ കാഠിന്യം സഹിക്കാതെ വന്നപ്പോൾ ഞാനെണീറ്റ് പുറത്തിറങ്ങി. ഒരു പരിധി വരെയുള്ള ചൂട് ക്ഷമയോടെ ഞാൻ സഹിക്കുമെങ്കിലും, ശരീരം പെട്ടന്ന് വിറകൊള്ളുമെന്നതിനാൽ ഒരു ചെറിയ തണുപ്പ് പോലുമെനിക്ക് താങ്ങാന്‍ വലിയ പ്രയാസമാണ്.
പുറത്ത് നല്ല വെയിലുണ്ടായിരുന്നു. നല്ല സുഖമുള്ള ഇളം ചൂടിന്റെ ശീതളിമ... എങ്കിലും, എന്തൊക്കെയോ ശാരീരിക അസ്വസ്ഥതകളെന്നെ ബാധിക്കുന്നത് പോലെയെനിക്ക് തോന്നി. ശരീരത്തെ ചൂട് പിടിപ്പിക്കാൻ ഇളം വെയിലില്‍ നിന്നും കഠിന വെയിലന്വേഷിച്ച് പള്ളിമുറ്റത്തെങ്ങോട്ടെന്നില്ലാതെ ഞാനലഞ്ഞു. കുടകളെല്ലാം ആകാശത്ത് വിരിഞ്ഞ് നില്‍ക്കുന്നതിനാൽ അവയുടെ തണലെനിക്ക് വല്ലാത്ത അസ്വസ്ഥമായി അനുഭവപ്പെട്ടു. ആ ചെറിയ തണൽ പോലും ആയിരം വാട്സുള്ള എസി പോലെ കുളിരുന്നു. വിരിഞ്ഞു നില്‍ക്കുന്ന പള്ളി മുറ്റത്തെ ആകാശ കുടകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന വെയില്‍ തീര്‍ത്ത ഭാഗത്തേക്കെത്തുമ്പോൾ വല്ലാത്ത ആശ്വാസമാണെനിക്ക് അനുഭവപ്പെട്ടത്. അവിടെ നിന്നും വീണ്ടും മുന്നോട്ട് നടക്കുമ്പോൾ ഒരു കര കവിഞ്ഞൊഴുകുന്ന പുഴ നീന്തി കടക്കുന്ന പോലെയെനിക്ക് തോന്നി.
ഒടുവിൽ, റൗള ശരീഫിന്റെ ചാരത്തു കണ്ട വെയില്‍ ചൂടിലൽപ്പനേരം വിശ്രമിക്കാൻ ഞാൻ തീരുമാനിച്ചു. കാരണം, പ്രവാചക സ്നേഹത്തിന്റെ അടയാളം പോൽ നൂറ്റാണ്ടുകളായി മുസ്ലീം സമൂഹം ആദരിച്ചു വരുന്ന പ്രവാചക ഖബറിന്റെ പച്ച വര്‍ണ്ണ താഴികക്കുടത്തിന്റെ ആ സമീപത്ത് ആകാശ കുടകള്‍ അധികമില്ലാത്തതിനാൽ അവിടെ നല്ല ചൂടുണ്ടായിരുന്നു. അതിനാൽ, റൗള ശരീഫീനെ പിന്‍ വശത്താക്കി ഇരുകാലുകളും നീട്ടി വെച്ച് ഞാനവിടെ വെറും നിലത്തിരുന്നു.
ഹാവൂ... നല്ല ആശ്വാസം.
നിലത്ത് വെയിൽ ചൂടില്‍ പൊള്ളുന്ന മാര്‍ബിള്‍. മുകളില്‍ കത്തുന്ന സൂര്യൻ.
എന്നാൽ, അധിക നേരം ആ ഇരുത്തമവിടെ എനിക്ക് സാധ്യമായില്ല. ക്ഷീണം കൂടി കൂടി വരുന്നു. കാലുകള്‍ക്കൊരു തരം തരിപ്പനുഭവപ്പെടുന്നത് മാതിരി. എന്താണ് സംഭവിക്കുന്നതെന്ന് ഒരുപിടിയുമില്ല. ഇതുവരെ ഞാനനുഭവിച്ചിട്ടില്ലാത്ത കുറേ പുതിയ അനുഭവങ്ങൾ. നടക്കാൻ വയ്യാ... ഇരിക്കാനും വയ്യാ. ഇത്തവണയൊന്ന് മലര്‍ന്ന് കിടന്നലോ എന്ന് ഞാന്‍ ചിന്തിച്ചു. എന്നാൽ, ഇരുന്ന ആ ഇരുപ്പിലവിടെ മലര്‍ന്നു കിടക്കാൻ അഭിമാനമെന്നെ സമ്മതിച്ചില്ല. അതിനാല്‍, പള്ളി മുറ്റത്ത് നിന്നും പുറത്തിറങ്ങാൻ ഞാൻ തീരുമാനിച്ചു. പതിയെ എണീറ്റ് നടപ്പ് തുടർന്നു. എന്റെ സമീപത്ത് നേരെ മുന്നില്‍ കാണുന്ന കവാടം കടന്നാൽ ജന്നത്തുൽ ബഖീയ ഭാഗത്തേക്കാണ് എത്തിച്ചേരുക. അവിടെ നിന്നും റൂമിലെത്തിച്ചേരണമെങ്കിൽ പരിചയമില്ലാത്ത പാതയിലൂടെ കുറെ ദൂരം നടക്കണം. അതിനാല്‍, അല്‍പ്പമകലത്തായി സ്ഥിതിചെയ്യുന്ന മറ്റൊരു ഇരുമ്പ് കവാടത്തിന് സമീപത്തേക്കാണ് ഞാൻ നടക്കാൻ തീരുമാനിച്ചത്.
നടക്കുമ്പോൾ കാലുകൾ തളരുന്ന പോലെയെനിക്ക് തോന്നി. നടക്കാൻ വയ്യാത്ത രോഗികള്‍, കിടപ്പിലായവർ, കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടവർ... ഇവരുടേയൊക്കെ മുഖങ്ങളെന്റെ മനസ്സിൽ മിന്നി മറയുന്നു. ഒരുപക്ഷേ, കിടക്കയിൽ നിന്നും ശക്തമായങ്ങോട്ടെണീറ്റ് നടക്കാനവര്‍ക്ക് കഴിയാതെ പോകുന്നത് അവരുടെ കാലിലനുഭവപ്പെടുന്ന ഈ തരിപ്പു കാരണമായിരിക്കാം. കാലിന്റെ സ്വാധീനം പതിയെ പതിയെ കുറഞ്ഞ് വരുന്ന ഈ അനുഭവം. ഞാൻ വെറുതെ ചിന്തിച്ചു. അതിനിടയില്‍, ഞാനിപ്പോൾ വീഴുമോ എന്നും എനിക്ക് തോന്നിത്തുടങ്ങി. അതിനാല്‍, പതുക്കെ... വളരെ പതുക്കെ... സൂക്ഷിച്ച്, ശാന്തമായി ഞാന്‍ പള്ളി മുറ്റത്ത് നിന്നും പുറത്തേക്കിറങ്ങാന്‍ കവാടത്തിലേക്ക് നടന്നു. ആ വലിയ കവാടത്തിലേക്കുള്ള എതാനും പടികള്‍ കടന്ന ശേഷം എന്റെ ഇടത് കാൽ മുന്നോട്ട് വച്ചത് മാത്രമാണ് പിന്നെ എന്റെ ഓര്‍മ്മ. തുടർന്ന്, ശരീരത്തിന്റെ പിറക് വശത്തെ നട്ടെല്ല് ഭാഗത്തെന്തോ അമർന്നത് മാതിരി ഒന്നനുഭവപ്പെട്ടു. പിന്നെ, സുഖകരമായ ഉറക്കം...
ഒരു നിമിഷം കൊണ്ട് വിസ്മയ സുന്ദരമായ ഈ ലോകം മുഴുവനുമെനിക്ക് മുന്നില്‍ അപ്രത്യക്ഷമായിരിക്കുന്നു. ചിന്തയോ, സ്വപ്നങ്ങളോ ഇല്ലാത്ത സുഖകരമായ ഉറക്കം.
അല്‍പം കഴിഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഞാനെണീക്കുമ്പോൾ എനിക്ക് ചുറ്റും ഏതാനും പൊലീസുകാരുണ്ടായിരുന്നു. അവരെന്നെ എവിടെയാണ് കിടത്തിയിരിക്കുന്നതെന്നോ, എന്താണവരെന്നെ ചെയതതെന്നോ എനിക്കോര്‍മ്മയില്ല. അവരുടെ കൈകളിലൂന്നി ഞാൻ പതിയെ എണീറ്റു നിൽക്കാൻ ശ്രമിച്ചു. മനുഷ്യര്‍, അവരുടെ തിരക്ക്, കച്ചവടക്കാർ, മദീന പള്ളി... ലോകം എന്റെ മുന്നില്‍ മന്ദസ്മിതം തൂകിയിതാ വീണ്ടും നില്‍ക്കുന്നു. നട്ടെല്ല് ഭാഗത്ത് പതിച്ച ആ സ്പര്‍ശനം വീഴ്ചയുടെ ആഘാതത്തിൽ സംഭവിച്ചതാണോ അതോ ആരോ താങ്ങി നിര്‍ത്തിയതാണോ?... അറിയില്ല. പ്രയാസപ്പെട്ടെണീക്കാൻ ശ്രമിക്കുന്ന എന്നെ വീഴാതെ പിടിക്കാനവർ നോക്കുന്നുണ്ടങ്കിലും ഞാനതിന് വിസമ്മതിക്കുന്നത് മാതിരി കൈക്കൊണ്ടവരെ തടയുന്നുണ്ട്. ഇപ്പോൾ കുഴപ്പമൊന്നുമില്ല എന്ന് ഞാനവരോട് ഏതോ ഭാഷയിൽ പറയുന്നുണ്ട്. അവര്‍ക്കത് മനസ്സിലായി കാണുമോ എന്തോ. പിന്നെ, വേഗത്തിൽ തന്നെ മുറിയിലേക്ക് ഞാൻ നടന്നു. മദീന പള്ളിയുടെ കാവല്‍ക്കാരായ ആ പൊലീസുകാരുടെ മുന്നില്‍ കൂടുതൽ നേരം നിൽക്കാൻ എന്റെ അഭിമാനമെന്നെ അനുവദിച്ചില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കാരണം, ഒന്നിനാത്രം പോന്നൊരു യുവാവായ ഞാനിതാ അവരുടെ മുന്നില്‍ ലക്കും ലഗാനുമില്ലാതെ തലകറങ്ങി വീണിരിക്കുന്നു.
അയ്യേ മോശം...
അതിനാല്‍, ക്ഷീണം മറന്ന്... കാലിലെ തരിപ്പ് മറന്ന് മുറിയിലേക്ക് നീട്ടി ഞാന്‍ നടന്നു. ഇടയില്‍ പിന്നിലേക്ക് നോക്കുമ്പോൾ അവരവിടെ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്. എന്റെ ഇനിയുമൊരു വീഴ്ച്ച കൂടിയവർ പ്രതീക്ഷിക്കുന്നുണ്ടാകാം. പള്ളിയിലേക്ക് വരുന്ന വിശ്വാസികളെ വകഞ്ഞ് മാറ്റി അവര്‍ക്കെതിർ ദിശയില്‍ ഞാൻ മുറിയിലേക്ക് നടന്നു. പതിവ് പോലെ പാതയിലെ വാഹനങ്ങള്‍ പള്ളിയിലേക്ക് പോകുന്ന വിശ്വസികൾക്കായി ഇരുവശത്തും നിരനിരയായി നില്‍ക്കുന്നു...


No comments:
Post a Comment