Monday, 6 April 2020

റൗളയെന്ന മഹാമ്യൂസിയം

കഴിഞ്ഞ കാല മനുഷ്യന്റെ കഥ പറയുന്നിടങ്ങളാണ് മ്യൂസിയങ്ങൾ. അവർ നടന്ന് നീങ്ങിയ വഴിദൂരം, അതിന് ഇരുവശത്തുമുള്ള കാഴ്ചകള്‍, അനുഭവങ്ങൾ, വിജയ പരാജയങ്ങള്‍, കയറ്റിറക്കങ്ങൾ തുടങ്ങി ജീവിതത്തിലെ ഓരോ ഘട്ടങ്ങളും മ്യൂസിയങ്ങളിൽ നമുക്ക് വായിച്ചെടുക്കാൻ സാധിക്കുന്നു. ക്രമത്തില്‍ ചില്ലു കൂട്ടിലടച്ചുവച്ച മ്യൂസിയം കാഴ്ചകള്‍ പ്രതിനിധീകരിക്കുന്നത് സംരക്ഷിച്ചു നിർത്തേണ്ടതായ ചരിത്രത്തിന്റെ പ്രാധാന്യം കൂടിയാണ്‌. ചരിത്രവക്രീകരണം അതിന്റെ ഉന്നതിയിൽ നില്‍ക്കുന്ന ഇക്കാലത്ത് ചരിത്രത്തെ സ്നേഹിക്കുന്ന നമ്മളോരോരുത്തരും ഓരോ ചില്ലു കൂടാരങ്ങളാവേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ലോകത്തിലെ ആദ്യത്തെ പൊതു മ്യൂസിയം പിറവി കൊള്ളുന്നത് 1471ൽ നവോത്ഥാന കാലത്ത് റോമിലാണ്. അന്നുമുതലിങ്ങോട്ട് തുടക്കം കുറിക്കുകയാണ് മ്യൂസിയങ്ങളുടെ ചരിത്രം. ലോകത്തിന്റെ വിവിധ ദിക്കുകളിലായി എത്രയത്ര മ്യൂസിയങ്ങളാണതിനെ തുടർന്നുയർന്ന് കഴിഞ്ഞത്. എത്ര എത്ര കഥകൾ, ചരിത്രങ്ങള്‍, സംഭവങ്ങൾ. ഒരുകാലത്ത് നമ്മുടെ നാടുകളില്‍ നിലവിലുണ്ടായിരുന്ന ഉഛനീചത്വങ്ങൾക്കെതിരെ നിലനിന്ന പടവാളുകൂടിയാണീ മ്യൂസിയങ്ങളെന്ന് കാണാൻ കഴിയും. കാരണം, മ്യൂസിയങ്ങളുടെ വരവോടെ പൊതു ജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന കോട്ടകളിലും കൊട്ടാരങ്ങളിലും വരെ അവന് പ്രവേശിക്കാമെന്നായി. അവന്‍ പേടിയോടെ കണ്ടിരുന്ന തടവറകള്‍, പീഢന മുറികള്‍ തുടങ്ങി അവന് കേൾക്കാൻ കഴിയാതിരുന്ന, സ്പര്‍ശിക്കാൻ പോലും സാധ്യമാകാതിരുന്ന സകലതിലുമവന് എല്ലാം സാധ്യമാകുമെന്നായി.

ആധുനിക കാലത്ത് മ്യൂസിയങ്ങളിലും കൂടുതൽ കൂടുതൽ പുരോഗമനപരമായ മാറ്റങ്ങൾ സാധ്യമായിരിക്കുന്നു. നിശ്ചല മ്യൂസിയങ്ങൾ എന്ന അവസ്ഥയില്‍ നിന്നും ജീവിക്കുന്ന മ്യൂസിയങ്ങളായി പലതും പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നത് മനുഷ്യന്റെ അടങ്ങാത്ത ഭൂതകാല സ്മരണകൾ കാരണമാകാം. ഒബ്ജക്റ്റുകൾക്ക് പുറമെ അക്കാലത്തെ അതേ ജീവിത ചുറ്റുപാടുകൾ ക്രമീകരിച്ചും, കഴിഞ്ഞ കാലത്തെ ശബ്ദ വര്‍ണ്ണങ്ങളുണ്ടാക്കിയും, ഭക്ഷണ വൈവിധ്യങ്ങള്‍ തയ്യാറാക്കിയും, ഭാഷയിലും വേഷത്തിലും വരെ സമാനതകളില്ലാത്ത അനുകരണം സാധ്യമാക്കിയുമവർ കാഴ്ചക്കാരെ അത്ഭുദ സ്തബ്ദരാക്കി. ഇത്തരം ലിവിംഗ് മ്യൂസിയങ്ങൾ ലോകത്തിന്റെ വിവിധ ദിക്കുകളിൽ നമുക്ക് കാണാൻ സാധിക്കുമെങ്കിലും അതിലെ ഏറ്റവും പ്രമുഖവും പഴക്കം കൊണ്ട്‌ പ്രധാന്യമർഹിക്കുന്നതുമായ 'മ്യൂസിയങ്ങൾ' മക്കയിലും മദീനയിലുമുള്ള പള്ളികളാണെന്ന് നിസ്സംശയം പറയാൻ കഴിയും. മ്യൂസിയം എന്ന പദത്തിനപ്പുറം ദൈവഭവനങ്ങൾ എന്ന വാക്കാണവയെ സൂചിപ്പിക്കാനേറ്റവും അനുയോജ്യമായ പദം എന്ന് അംഗീകരിക്കുമ്പോൾ തന്നെ ഇന്നും തനതായി പുലരുന്നൊരന്തരീക്ഷമവിടെ നിലനില്‍ക്കുന്നു എന്ന കാരണത്താൽ അവയൊരു ലീവിംങ്ങ് മ്യൂസിയമാണെന്ന് പറയാൻ ഞാൻ നിര്‍ബന്ധിക്കപ്പെടുന്നു.

1500 വർഷങ്ങൾക്കപ്പുറത്തെ പാരമ്പര്യം. ഇടയില്‍ കടന്ന് പോയ ഓരോരോ രാജവംശങ്ങൾ സ്ഥാപിച്ച തിരുത്തലുകൾ, കൂട്ടിച്ചേര്‍ക്കലുകൾ... അന്ന് മുതൽ തുടങ്ങി ഇന്നും നിലനിന്നു പോരുന്ന അതേ കര്‍മ്മങ്ങള്‍, അനുഷ്ഠാനങ്ങൾ... മദീന പള്ളി സന്ദര്‍ശിച്ച ആ ദിവസം ഇന്നും മനസ്സിൽ മായാതെ നിലനില്‍ക്കുന്നത് അതിനുള്ളിലെ ആ ലിവിംഗ്‌ മ്യൂസിയത്തിലെന്ന പോലത്തെ അന്തരീക്ഷമാകാം...

അന്ന് മദീന പള്ളിക്കുളളിലെ പ്രവാചക ഖബർ സ്ഥിതിചെയ്യുന്ന റൗളയിലേക്ക് ഞാൻ ചെല്ലുമ്പോൾ അവിടെ തിരക്ക് നന്നേ കുറവായിരുന്നു. അതിനാല്‍ വേഗത്തിൽ തന്നെ അകത്തേക്ക് പ്രവേശിക്കാനെനിക്ക് സാധിച്ചു. പ്രവാചകന്റെ കാല്‍പാദം പതിഞ്ഞ ഭൂഭാഗം. അവിടുത്തെ കണ്ണുകൾ സ്പര്‍ശിച്ച ചുമരുകള്‍. അതുകൊണ്ടു തന്നെ ചിന്തയിൽ ലയിച്ചെന്റെ കൂടെ അനുഗമിക്കുന്ന എന്റെ പിതാവെന്നോട് പറഞ്ഞു.

"പ്രവിശാലമായ മക്കയേക്കാൾ നബി തിരുമേനി പെരുമാറിയ സ്ഥലമാണിത്. അവിടുത്തെ നോട്ടം പതിഞ്ഞയിടം. കിടന്നയിടം, നടന്നയിടം, തന്റെ ജനതയെ ഓർത്ത് ദുഃഖിതനായയിടം, സന്തോഷിച്ച് പുഞ്ചിരിച്ചയിടം"

അതിനാല്‍ തന്നെ ഇവിടെ അദ്ദേഹത്തിന്റെ സാന്നിധ്യം ഇപ്പോഴുമുണ്ടെന്ന് തോന്നിപ്പോകുന്നു.

പുരാതന തൂക്കു വിളക്കുകള്‍ തൂങ്ങിയാടുന്ന പൗരസ്ത്യ ചിത്ര പണികളാൽ സമ്പന്നമാണ് റൗളയിലെ മേല്‍ക്കൂര. പള്ളിയിലെ അത്യാധുനികമായ കെട്ടിട കാടുകള്‍ക്കിടയിൽ തീര്‍ത്തും വിഭിന്നമായ രൂപഭാവങ്ങളാണീ ഭാഗത്തിനെന്ന് തോന്നിപ്പോകുന്നു. ഇതിന്റെ മുകൾ ഭാഗത്തുയർന്ന് നില്‍ക്കുന്ന താഴികക്കുടങ്ങളുടെ ഉൾവശത്താണ് ഓട്ടോമൻ ചിത്രകലയുടെ മകുടോദാഹരണങ്ങളായ ആ ചിത്രപ്പണികളുള്ളത്. അവിടെ ഉയർന്ന് നില്‍ക്കുന്ന സ്വര്‍ണ്ണ വര്‍ണ്ണം പൂശിയ തൂണുകൾക്കിടയിൽ നിന്നും കുറച്ച് കൂടി മുന്നോട്ട് നടന്നാൽ പ്രവാചക ഖബർ സ്ഥിതി ചെയ്യുന്ന ഭാഗത്തെത്താം. അവിടെ വിശ്വാസികള്‍ പ്രാർത്ഥന നിരധരാണ്. അവരെ നിയന്ത്രിച്ചു ഉപദേശിച്ചും ഉദ്യോഗസ്ഥരവിടെ സജീവമായി നടക്കുന്നു. അവിടെയാണ് പ്രവാചക ഖബർ സ്ഥിതിചെയ്യുന്ന 'സ്വര്‍ഗ്ഗത്തിലെ തോപ്പ്' സ്ഥിതിചെയ്യുന്നത്.

പ്രവാചക ഖബറിടം സന്ദര്‍ശിക്കാനെത്തുന്ന ചില വിരുതന്‍മാര്‍ കഅബക്കഭിമുഖമായിയുള്ള ഇരിപ്പിൽ നിന്നും അൽപ്പം ഇടത്തോട്ട് മാറി പ്രവാചക ഖബറിനു നേരെ ഇരുന്ന് കൈകളുമുയർത്തി പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് ഇടക്കിടെ അവിടെ കാണാൻ കഴിയും. അത് കാണുമ്പോൾ ഹറം ഉദ്യോഗസ്ഥരവരെ ശരിയാംവണ്ണം ഇരുത്താനായി കൈകൾ കൊണ്ടാങ്ങ്യം കാണിക്കുന്നതും അപ്പോൾ കാണാം. ഒരുപക്ഷേ, ഇതിവിടുത്തെ ഒരു പതിവ് കാഴ്ചയായിരിക്കാം. അത് സംബന്ധിച്ച ഒരു ബോർഡും ഞാന്‍ പോരുന്ന വഴിയില്‍ കണ്ടിരുന്നു. അതിൽ അറബി, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷയിൽ വ്യക്തമായി ഇങ്ങനെ എഴുതിയിട്ടുണ്ട്...

"ഖബറിനു നേരെയല്ല കഅബക്ക് നേരെയായാണ് പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കപ്പെടേണ്ടത്" എന്ന്.

എന്നാൽ, പലരുമത്  ചെവി കൊള്ളുന്നേ ഉണ്ടായിരുന്നില്ല. ഈ വിഷയത്തിലുള്ള പ്രവാചകന്റെ വാക്കുകളോ വിലക്കുകളോ പോലും അത്തരക്കാരെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. എത്ര കഷ്ടമാണത്. ഞാന്‍ ചിന്തിച്ചു. അവരെ ഇത്തരം അനിസ്ലാമികമായ പ്രവര്‍ത്തനങ്ങളിൽ നിന്നും വിലക്കാന്‍ നില്‍ക്കുന്ന ആ പൊലീസുകാരുടെ ചിത്രം മുസ്ലിങ്ങളുടെ വിശ്വാസ വൈകൃതത്തിന്റെ അടയാളം പോലെയാണെനിക്ക് തോന്നിയത്. ദൈവത്തിന്റെ പ്രവാചകന്‍ വിലക്കിയ കാര്യം നടപ്പിൽ വരുത്താൻ മനുഷ്യന്‍ അവന്റെ അധികാരം ഉപയോഗിക്കേണ്ടി വരുന്ന ഖേദകരമായ കാഴ്ച്ച.

പ്രവാചകന്മാരെയോ അവർ മറമാടപ്പെട്ട സ്ഥലങ്ങളേയോ ആരാധന കേന്ദ്രമാക്കുന്നത് കൊടും പാപമാണെന്ന മുന്നറിയിപ്പ് മത ഗ്രന്ഥങ്ങളിൽ ധാരാള കണക്കിനുണ്ട്. തങ്ങളുടെ പ്രവാചകന്മാരെ ഇത്തരത്തിൽ ആരാധന പത്രമാക്കിയതിനാലാണ് ക്രൈസ്തവ ജൂത മതക്കാർ സത്യവിശ്വാസത്തിൽ നിന്നും വഴി തെറ്റി നീങ്ങിയത് എന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളും നമ്മളിന്ന് കാണുന്നു. യഥാര്‍ത്ഥത്തില്‍, മനുഷ്യമനസ്സിന്റെ ഒരു ചാഞ്ചല്യ ഫലമാണങ്ങനെ സംഭവിക്കുന്നതെന്ന് നിസ്സംശയം പറയാൻ കഴിയും. ശൂന്യതയിലേക്ക് നോക്കി കൈകളുയർത്തി പ്രാര്‍ത്ഥിക്കുന്നതിലെന്തോ ഒരു വിമുഖത അവനില്‍ അതിപുരാതന കാലം തൊട്ടേ കാണുന്ന ഒരു സവിശേഷതയാണ്. അതിനാൽ, അവനെപ്പോഴും പ്രാര്‍ത്ഥിക്കാനൊരു ഒബ്ജക്ട് വേണം. അതിനാലാണ്... സത്യവിശ്വസം പകര്‍ന്ന് നല്‍കി നീങ്ങിയ ഇബ്രാഹീം പ്രവാചകന്റെ രൂപത്തെ തന്നെ മക്കക്കാർ പിൻകാലത്ത്‌ ആരാധിക്കാൻ തുടങ്ങിയത്‌. അതും ഏകദൈവ വിശ്വാസം വിളംബരം ചെയ്ത കഅബാലയത്തിനകത്തു വെച്ച് തന്നെ. സീന പാര്‍വ്വതത്തിലേക്കേടിനായി നീങ്ങിയ മൂസ പ്രവാചകന്റെ അനുയായികള്‍ മുക്രയിടുന്ന കാളകുട്ടിയെ ആരാധിക്കാൻ തുടങ്ങിയതും ആ കാരണം കൊണ്ടാണ്‌. ക്രൈസ്തവർ കുരിശിനോടും ഈസ പ്രവാചകന്റെ ചിത്രത്തോടും ബിംബത്തോടും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതും അതിനാല്‍ തന്നെ. അതുകൊണ്ട്‌ വളരെ സൂക്ഷ്മതയോടേയും ജാഗ്രതയോടേയുമാണ് ഇസ്ലാമതിനെ നോക്കി കണ്ടിട്ടുള്ളത്. അത്തരം വഴി തെറ്റിയ വിശ്വാസത്തിലേക്ക് നീങ്ങുന്ന ഒരു ചെറിയ നടപടി പോലും ഇസ്ലാം വളരെ ഗൗരവത്തോടെ വിലക്കുന്നു.

റൗളയിലെ പച്ചപരവതാനി വിരിച്ച് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്തെ പ്രാർത്ഥനക്കു ശേഷം പുറത്ത്‌ കാത്തിരിക്കുന്ന മറ്റ് വിശ്വാസികള്‍ക്ക് കൂടിയതിന് അവസരമുണ്ടാവട്ടെ എന്ന് കരുതി ഞാനവിടെ നിന്നും മാറിയിരുന്നു. പച്ച പരവതാനിക്ക് പിന്‍ ഭാഗത്തുളള ചുവപ്പ് പരവതാനി വിരിച്ച ഭാഗത്ത് അധികം തിരക്കില്ല. തണുപ്പുള്ളതും ഇല്ലാത്തതുമായ സംസം വെള്ളം നിറച്ച കന്നാസുകളവിടെ ധാരാള കണക്കിനുണ്ടായിരുന്നു. കൂടാതെ, റൗള ഷെരീഫിന്റെ ഒരു വിഹക വീക്ഷണം അവിടെയിരുന്നാല്‍ ലഭിക്കുകയും ചെയ്യും. അവിടുത്തെ മനോഹരമായ ചിത്രപ്പണികളുള്ള തൂണുകളും അതിനിടയിലെ ഹരിത വര്‍ണ്ണം പുതച്ച പുൽതകിടിയെപ്പോലെയുള്ള പരവതാനിയും വല്ലാത്ത കാഴ്ച്ചതന്നെയാണ്. അവക്ക് മുകളില്‍ ആയിരം നക്ഷത്രങ്ങള്‍ ഒന്നിച്ചുദിച്ചതുമാതിരിയുള്ള പുരാതന തൂക്ക് വിളക്കുകള്‍ സദാപ്രകാശിച്ച് കൊണ്ടിരിക്കുന്നു.

ഈ ഭാഗത്തിന്റെ ഏറ്റവും അറ്റത്താണ് റസൂലിന്റെ മിമ്പർ സ്ഥിതി ചെയ്യുന്നയിടം. ആദ്യ കാലഘട്ടത്തിൽ നബി ഒരു ഈത്തപ്പന തടിയിലേക്ക്‌ ചാരി നിന്നു കൊണ്ടായിരുന്നു ഖുതുബ നടത്തിയിരുന്നതത്രേ. പള്ളിയിൽ ജനങ്ങൾ വർദ്ധിച്ചപ്പോൾ പിന്നിലുള്ളവർക്ക്‌ തിരുമേനിയുടെ പ്രസംഗങ്ങളും നിർദ്ദശങ്ങളും കേൾക്കാൻ പ്രയാസം അനുഭവപ്പെട്ടു. അങ്ങനെയാണ്‌ മൂന്ന്‌ സ്റ്റെപ്പുകളുള്ള മരനിര്‍മ്മിതമായൊരു മിമ്പർ റസൂലിനായി ഉണ്ടാക്കപ്പെട്ടത്‌. പുതിയ മിമ്പർ തിരുമേനിയുടെ കാലത്തും ശേഷം ഖുലഫാഉ റാശിദുകളുടെ ഭരണ നാളുകളിലും നിലനിന്നു വന്നു. പക്ഷേ, അബൂബക്കർ സിദ്ധീഖ് റസൂലിനോടുള്ള ആദരവ് മൂ‍ലം രണ്ടാമത്തെ സ്റ്റെപ്പിൽ നിന്ന് കൊണ്ടായിരുന്നു ഖുതുബ നിർവഹിച്ചിരുന്നത്. ഉമർ ഇവർ രണ്ട് പേരോടുമുള്ള ആദരവിനാൽ ആദ്യത്തെ പടിയിൽ നിന്നും ഖുതുബ നിർവഹിച്ചു. എന്നാൽ, മഹാനായ ഉസ്മാൻ എല്ലാ സ്റ്റെപ്പിന്റേയും താഴെ... നിലത്ത് നിന്നു കൊണ്ടായിരുന്നു ആറു വർഷം ഖുതുബ നിർവഹിച്ചത് എന്ന് ചരിത്രത്തിൽ പറയുന്നു. പിന്നീട്, നബി നിന്നിരുന്ന അതേ സ്റ്റെപ്പിലേക്കദ്ദേഹം മാറി. ഒടുവില്‍, മുആവിയയുടെ കാലത്താണതിനെ വലുതാക്കി മൊത്തം ഒമ്പത് സ്റ്റെപ്പുകളാക്കിയത്. പിന്നീട്, പല രാജാക്കന്മാർ പല മാറ്റങ്ങൾക്കും ഈ മിമ്പർ വിധേയമാക്കി. അവസാനം, ഓട്ടോമൻ സുൽത്താൻ മുറാദ് ഖാൻ മേത്തരം മാർബിൾ കൊണ്ടുള്ള അതിമനോഹരമായ 12 സ്റ്റെപ്പുകളുള്ളൊരു മിമ്പറുണ്ടാക്കുകയും ഇവിടെ സ്ഥാപിക്കുകയും ചെയ്തു. ആ മിമ്പറാണ് ഇന്നും ഇവിടെ നിലവിലുള്ളത്.

മിമ്പറിന്റെ അപ്പുറം റസൂൽ നമസ്കാരത്തിന് നേതൃത്വം നല്‍കിയിരുന്ന മിഹ്റാബ് കാണാം. അതിനെ ഇന്ന് കാണുന്ന രൂപത്തിൽ അർദ്ധ വൃത്താകൃതിയിലാക്കിയത് മഹാനായ ഉമറുബ്നു അബ്ദുൽ അസീസാണ്. നബിക്ക് പുറമെ മൂ‍ന്ന് ഖുലഫാഉ റാശിദുകളും നിസ്കാരത്തിന് നേതൃത്വം നൽകിയതവിടെ നിന്നുതന്നെയാണ്. ഇത് കൂടാതെ മറ്റ് രണ്ട് മിഹ്‌റാബുകൾ കൂടിയവിടെ കാണാം. റൗളയുടെ അപ്പുറമുള്ള നീണ്ട ഇടനാഴിയുടെ തലക്കലാണതുള്ളത്. അതിൽ ഒന്ന് 1439ൽ സുൽത്താൻ സലീം ഖാനുണ്ടാക്കിയ മിഹ്‌റാബും, രണ്ടാമത്തേത് ഇന്ന് ഇമാം നിസ്കാരത്തിന് നേതൃത്വം കൊടുത്തു വരുന്ന മിഹ്‌റാബുമാണ്. ഇവിടെയായിരുന്നു മൂന്നാം ഖലീഫ ഉസ്മാൻ ഇമാമായി നമസ്കരിച്ചിരുന്നത്.

റൗള എന്നാലത് തൂണുകളുടെ ലോകം കൂടിയാണ്‌. ചരിത്രം തലോടി നീങ്ങിയ അനേകം തൂണുകളുണ്ടവിടെ. നബിയുടെ കാലത്ത് ഈ തൂണുകളൊക്കെയും ഈത്തപ്പന തടികൊണ്ട് ഉണ്ടാക്കിയതായിരുന്നു. പിന്നീട് ഉമറിന്റെ കാലത്ത് ഇഷ്ടിക കൊണ്ടുള്ളതാക്കി. കഴിഞ്ഞ നൂറ്റാണ്ടുകൾക്കിടയിൽ പള്ളിയിൽ അനേകം വിപുലീകരണങ്ങൾ നടന്നെങ്കിലും ഈ തൂണുകളുടെ സ്ഥാനം ആരും മാറ്റിയിട്ടില്ലെന്നതാണ് ചരിത്രം. അത് മൂലം പല ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ആ തൂണുകൾ കാണാ‍നും അവിടങ്ങളിൽ നമസ്കരിച്ച് പുണ്യം നേടാനും ഇന്നും മുസ്‌ലിങ്ങൾക്ക് സാധിക്കുന്നു. ഈ ഓരോ തൂണുകളും നബിയുടെ കാലത്തുള്ള പല ചരിത്രങ്ങളോടും ബന്ധപ്പെട്ടുകിടക്കുന്നതാണ്. മഹാന്മാരായ പല സഹാബത്തും ഈ തൂണുകളുടെ പിന്നിൽ നിസ്കരിക്കാൻ ത്യാഗം സഹിച്ചതായി ചരിത്രങ്ങളിൽ കാണാം.

1- ഉസ്‌തുവാനത്തു അൽ മുഖല്ലഖ
ഇത് റസൂലുല്ലാഹിയുടെ മിഹ്‌റാബിനോട് ചേർന്നുള്ളതാണ്. ഇവിടെ പല അവസരങ്ങളിലും നബി നിസ്കരിച്ചിട്ടുണ്ട്.

2- ഉസ്തുവാനത്തുൽ വുഫൂദ്
ഇത് നബി ചാരിയിരുന്നിരുന്ന തൂണാണ്. ഇവിടെ വെച്ചാണ് തന്നെ കാണാൻ വരുന്നവരെ അവിടുന്ന് സ്വീകരിച്ചിരുന്നത്. ഇത് റസൂലുല്ലാഹിയുടെ ഖബറിന്റെ ചുറ്റുമുള്ള ഗ്രില്ലിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.

3- ഉസ്തുവാനത്തു തൗബ
അബൂ ലുബാബ എന്ന സ്വഹാബി തന്റെ പക്കൽ വന്ന ഒരു തെറ്റിൽ മനം നൊന്ത് ഈ തൂണിൽ സ്വയം ബന്ധിതനാവുകയും... പിന്നീട്, അദ്ദേഹത്തിന്റെ തൗബ അല്ലാഹു സ്വീകരിച്ചപ്പോൾ നബി തങ്ങൾ ആ കെട്ടഴിച്ചു കൊടുക്കുകയും ചെയ്ത സംഭവുമായി ബന്ധപ്പെട്ടതിനാലാണ് ഈ തൂ‍ണിന് ആ പേര് വരാൻ കാരണം. 'അബൂ ലുബാബ തൂൺ' എന്നും ഇതിന്‌ പേരുണ്ട്.

4- ഉസ്തുവാനത്തു ആ‌ഇശ
ഇത് റൗളയുടെ മധ്യത്തിലായിയാണ് സ്ഥിതി ചെയ്യുന്നത്. മുമ്പ് പരിചയപ്പെടുത്തിയ ‘ഉസ്തുവാനത്തു അൽ മുഖല്ലഖ' എന്ന തൂണിന്റെ പിന്നില്‍ ഇടതുഭാഗത്തായിട്ടാണ് ഇതുള്ളത്. ഇവിടെ മൂന്ന് മാസത്തോളം നബി ഇമാമായി നിസ്കരിച്ചിട്ടുണ്ടന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും.

5- ഇസ്തുവാനത്തുസ്സരീർ
ഇവിടെയായിരുന്നു നബി തങ്ങൾ ഇ‌ഹ്തികാഫ് ഇരുന്നിരുന്നത്. അവിടെ അതിന്നായൊരു കട്ടിലും ഇട്ടിരുന്നു. ഇതാണ് സരീർ എന്ന പേര് വരാൻ കാരണം എന്ന് അനുമാനിക്കാം. ഇതും വിശുദ്ധ ഖബറിന്റെ ഗ്രില്ലിനോട് ചേർന്നാണുള്ളത്.

6- ഉസ്തുവാനത്തുൽ ഹറസ്
ഇതിന് അലിയ്യുബ്നു അബീതാലിബ് തൂൺ എന്നും പേരുണ്ട്. ആദ്യ കാലത്ത് നബിക്ക് അംഗരക്ഷകനായി ഇവിടെ അലിയ്യുബ്നു അബീതാലിബ് നിൽകാറുണ്ടായിരുന്നുവത്രെ. അതാണ് ഈ പേരു വരാനുള്ള കാരണം. ഇതും ഗ്രില്ലിനോട് ചേർന്നാണുള്ളത്.

ഞാനിതുവരെ പറഞ്ഞ്‌ കൊണ്ടിരുന്ന ചരിത്രം ഏതാനും വര്‍ഷങ്ങളോ നൂറ്റാണ്ടുകളോ പഴക്കം ചെന്ന കഥകളല്ല. 1500 വർഷങ്ങൾ... അത്രത്തോളം പഴക്കം ചെന്ന സ്മരണകളും സ്മാരകങ്ങളുമാണ് മദീന പള്ളിക്കുള്ളിലെ പല കാഴ്ച്ചകളും. നബി തിരുമേനി ഇരുന്ന സ്ഥലം, കിടന്ന സ്ഥലം തുടങ്ങി അവിടുന്ന് നമസ്കരിച്ച ഇടം, പ്രാർത്ഥിച്ചയിടം, അത് നിര്‍വ്വഹിച്ച രീതി. അതിന്റെ ഓരോ നിമിഷത്തിലും പറഞ്ഞ വാക്കുകൾ തുടങ്ങി എല്ലാം എല്ലാം അവിടെ ഇന്നും അതുപോലെ തന്നെ തുടർന്ന് വരുന്നു. ഒരുപക്ഷേ, മതകീയമായൊരു നിര്‍ബന്ധം അതിലുണ്ടെന്ന വസ്തുത അംഗീകരിക്കുമ്പോൾ തന്നെ ഒരു ലിവിംഗ്‌ മ്യൂസിയത്തിനപ്പുറത്തെ സൂക്ഷ്മതയാണതിൽ നമുക്ക് കാണാൻ സാധിക്കുക. പ്രവാചകരെ... അവിടുത്തെ അനുയായികളെ നമുക്കിവിടെ അനുഭവിക്കാന്‍ കഴിയുന്നു. അവരുടെ സ്നേഹ ഭാഷണങ്ങൾ നമുക്കിവിടെ കേൾക്കാൻ സാധിക്കുന്നു. വാക്കുകള്‍ക്ക് കൊണ്ട്‌ വെളിവാക്കാൻ കഴിയാത്ത സമാനതകളില്ലാത്ത തുടർച്ച.

എന്റെ മനസ്സ് റൗളയിലെ കാഴ്ച്ചയില്‍ കൂടുതൽ ശാന്തമാകുന്ന പോലെനിക്ക് തോന്നി. ജീവിത വിശുദ്ധിയോടേയും ആത്മീയ വിശുദ്ധിയോടേയും ജീവിക്കേണ്ടതിന്റെ പ്രാധാന്യം അവിടുത്തെ ഒരോ മിനിട്ടുമെന്നെ ബോധ്യപ്പെടുത്തുന്നു. ഞങ്ങളവിടെ നിന്നും മടങ്ങാന്‍ തീരുമാനിച്ചു. ഒരിക്കല്‍കൂടി ഞാന്‍ പ്രവാചക സന്നിധിയിലേക്ക് തിരിഞ്ഞവിടുത്തേക്ക് സലാം ചൊല്ലി.

"അസ്സലാമു അലൈക്ക യാ റസൂലുള്ളാഹ്"

ഞാൻ പറഞ്ഞില്ലേ... ഇതും 1000 വർഷങ്ങൾക്കപ്പുറത്തെ സമ്പ്രദായമാണ്. എത്ര എത്ര തലമുറകള്‍, അവരുടെ എത്ര എത്ര സലാമുകൾ. ഞാൻ റൗളയുടെ പിന്‍ഭാഗത്തുള്ള പുറത്തേക്ക്‌ തുറക്കുന്ന വാതിലിലേക്ക് നടന്നു. അവിടെ കാൽ മുട്ടോളം ഉയരത്തിൽ നിര്‍മിച്ചു വെച്ചൊരു തറയില്‍ എതാനും മനുഷ്യർ ഇരിക്കുന്നു. അവരും പ്രാർത്ഥന മഗ്നരാണ്. അവരുടെ നേരെ മുന്നിലായാണ് നബി തിരുമേനിയുടെ ഖബർ ഉള്‍പ്പെട്ട ആയിഷ ബീവിയുടെ വീട് സ്ഥിതിചെയ്യുന്നത്. ചരിത്രത്തിൽ അസ്ഹാബുൽ സ്വഫുകൾ എന്നറിയപ്പെടുന്ന നിഷ്കളങ്ക ഭക്തന്മാരുടെ ഇരിപ്പിടമായിരുന്നു ആ തറ. അവർ പ്രാർത്ഥനയില്‍ മുഴുകിയിരുന്ന സ്ഥലം. അവർ നമസ്കാരം നിര്‍വ്വഹിച്ചിരിക്കുന്നതവിടെ ആയിരുന്നു. അതിനുമുണ്ട് നബിയുടെ കാലത്തോളം പഴക്കം. അനിവാര്യമായൊരു ചരിത്ര സന്ധിയില്‍ അസ്ഹാബുൽ സ്വഫുകൾ ഇല്ലാതായെങ്കിലും അവരുടെ ഓര്‍മ്മകളുറങ്ങുന്ന അതേ സ്ഥലത്ത് ആ ചരിത്രത്തെ സ്മരിച്ചു കൊണ്ടും പ്രാർത്ഥനയില്‍ മുഴുകി കൊണ്ടും ഇന്നും ആളുകളെ കാണാം. 

പള്ളിയില്‍ നിന്നും പുറത്തിറങ്ങുമ്പോൾ ആകാശത്ത് സൂര്യൻ കത്തിജ്വലിച്ചിരിക്കുകയാണ്. ഒരു മഹാമ്യൂസിയം കണ്ട സംതൃപ്തിയിൽ ഞങ്ങൾ മുറിയിലേക്ക് നടന്നു.

No comments:

Post a Comment